ഴിഞ്ഞ ദിവസം അമേരിക്കൻ സുപ്രീം കോടതി ആഗോളവ്യാപാരത്തിന്റെ നിയമങ്ങൾ മാറ്റിയെഴുതിയത് ഒറ്റയടിക്കാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്യരാജ്യങ്ങളുടെ മേൽ ചുമത്തിയ പിഴത്തീരുവകൾ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (IEEPA) ലംഘിക്കുന്നതാണെന്ന് കോടതി വിധിച്ചു. അതിനു പിന്നാലെ ട്രംപ് ആഗോളതലത്തിൽ 10 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഫലത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ പതിനെട്ടിൽനിന്നു 10 ശതമാനമായി കുറഞ്ഞു. പക്ഷേ, ഫെബ്രുവരി 24 മുതൽ പരമാവധി 150 ദിവസത്തേക്ക് മാത്രം പ്രാബല്യമുള്ള താൽക്കാലിക നടപടിയാണ് 1974-ലെ വ്യാപാരനിയമത്തിന്റെ 122-ാം വകുപ്പു പ്രകാരമുള്ള ഈ തീരുവ.

To advertise here,

കഴിഞ്ഞ ഫെബ്രുവരി ആറിലെ ഇടക്കാല ധാരണയിലാണ് 50 ശതമാനം അധികത്തീരുവ 18 ആയി കുറച്ചത്. ഇതിൽ 25 ശതമാനം പരസ്പരാടിസ്ഥാനത്തിലുള്ളതും 25 ശതമാനം റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയുമായിരുന്നു. ഇടക്കാല കരാറിൽ ഒപ്പുവെച്ചപ്പോൾ ചില നിബന്ധനകളുമുണ്ടായിരുന്നു. അതിൽ പ്രധാനം റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഗണ്യമായി കുറയ്ക്കണം എന്നതായിരുന്നു. രാജ്യതാൽപ്പര്യത്തിന് വേണ്ടതു ചെയ്യുമെന്നായിരുന്നു വിദേശമന്ത്രാലയത്തിന്റെ മറുപടി.

ഇന്ത്യയുമായുള്ള വ്യാപാരക്കരാറിൽ ഒരു മാറ്റവുമുണ്ടാവില്ലെന്നാണ് ട്രംപ് വിധിക്കു ശേഷം പറഞ്ഞത്. 'അവർ തീരുവ അടയ്ക്കും, ഞങ്ങളടയ്ക്കില്ല. അതാണ് ഡീൽ' എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പക്ഷേ, അമേരിക്കൻ സുപ്രീം കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ ഇനിയും ഒപ്പിട്ടിട്ടില്ലാത്ത ഇടക്കാല ഉടമ്പടിയിലെ വ്യവസ്ഥകൾ ഇന്ത്യ പിന്തുടരേണ്ടതുണ്ടോ എന്ന ചോദ്യമുയരുകയാണ്.

വിധിയിലെ മുൻകാല പ്രാബല്യം ഇന്ത്യൻ കയറ്റുമതിക്കാർക്ക് സന്തോഷം പകരുന്നതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ വൻതോതിൽ തീരുവയടച്ച് അമേരിക്കയിലേക്ക് ഉൽപ്പന്നങ്ങൾ അയച്ച സൂറത്തിലെ വജ്രവ്യാപാരികൾക്കും ഹൈദരാബാദിലെ മരുന്ന് നിർമ്മാതാക്കൾക്കും കോടിക്കണക്കിന് ഡോളർ തിരികെ ലഭിക്കാൻ ഇത് വഴിയൊരുക്കിയേക്കും. ഏകദേശം 150 ബില്യൺ ഡോളറിന്റെ റീഫണ്ട് ക്ലെയിമുകൾ അമേരിക്കൻ കോടതികളിൽ എത്തിയേക്കാം.

റഷ്യൻ എണ്ണയും ഇന്ത്യയുടെ നിവൃത്തികേടും

യുഎസുമായി ഉണ്ടാക്കിയ ഇടക്കാല ധാരണ ട്രംപിന്റെ സവിശേഷമായ ട്രാൻസാക്ഷണൽ (പകരത്തിനു പകരം) ഇടപാടിന് ഉദാഹരണമായിരുന്നു. പരസ്പര തീരുവ ഇരുപത്തഞ്ചിൽനിന്ന് 18 ശതമാനത്തിലേക്ക് കുറച്ചതിന് പകരമായി, ഇന്ത്യ നേരിട്ടോ അല്ലാതെയോ റഷ്യൻ ഓയിൽ ഇറക്കുമതി ചെയ്യുന്നതു നിർത്തുമെന്ന് ഉറപ്പു നൽകിയതായി അമേരിക്ക അവകാശപ്പെട്ടു. അങ്ങനെ ഒരു തീരുമാനമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയെങ്കിലും റഷ്യൻ എണ്ണ ഇറക്കുമതിയിൽ വലിയ കുറവുണ്ടായി.

2022 നവംബറിനു ശേഷം ഇന്ത്യ ഏറ്റവും കുറച്ച് റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങിയത് ഈ ജനുവരിയിലാണ്. ദിവസം 1.1 ദശലക്ഷം ബാരൽ. 2025 ഡിസംബറിനെക്കാൾ 23.5 ശതമാനം കുറവ്. അതിനും ഒരുവർഷം മുമ്പ് ഇതിന്റെ മൂന്നിരട്ടിയായിരുന്നു ഇറക്കുമതി. 2025-ൽ ദിവസം 1.7 മില്യൺ ബാരലുകളായിരുന്നു, ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 40 ശതമാനത്തോളം. ഫെബ്രുവരിയിൽ ഇറക്കുമതി ഇനിയും കുറയുമെന്നാണ് കരുതപ്പെടുന്നത്. ഈ വിടവ് നികത്താൻ ഇന്ത്യൻ കമ്പനികൾ മധ്യപൂർവേഷ്യ, തെക്കേ അമേരിക്ക, പാശ്ചാത്യലോകം എന്നിവിടങ്ങളിലെ ക്രൂഡിനെ ആശ്രയിക്കുന്നു.

അതിന്റെ മെച്ചം പ്രധാനമായും സൗദി അറേബ്യയ്ക്കും വെനസ്വേലയ്ക്കും അമേരിക്കയ്ക്കുമാണ്. ഇന്ത്യ കൂടിയ വിലയ്ക്ക് അവരിൽനിന്ന് ക്രൂഡ് വാങ്ങുമ്പോൾ ഇന്ത്യയിലേക്ക് ഒഴുകിക്കൊണ്ടിരുന്ന സൗജന്യനിരക്കിലെ റഷ്യൻ എണ്ണ ചൈന വാങ്ങിക്കൂട്ടുകയാണ്. ഡിസംബറിൽ ചൈനയുടെ റഷ്യൻ എണ്ണ ഇറക്കുമതി 15 ശതമാനം കൂടിയതായി റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വർധിക്കുന്നു. റഷ്യൻ ക്രൂഡിന്റെ വില ബ്രെന്റ് ക്രൂഡിനെക്കാൾ ഇരുപതു ശതമാനത്തോളം കുറവായിരുന്നു; ബാരലിന് അഞ്ചു ഡോളർ വെച്ച് ഇന്ത്യ അധികം കൊടുക്കുകയാണെങ്കിൽ പോലും ചെലവിലെ വാർഷിക വർധനവ് ഏകദേശം 10 ബില്യൺ ഡോളർ കൂടും. അധികച്ചെലവ് ഉപയോക്താക്കൾ വഹിക്കേണ്ടി വരും, അല്ലെങ്കിൽ പെട്രോളിയം ശുദ്ധീകരണക്കമ്പനികൾ. (ആരു വഹിക്കുമെന്ന് വ്യക്തമല്ലേ?)

യുഎസ്- ഇറാൻ സംഘർഷവും തീരുവ റദ്ദാക്കലും

തീരുവകളെ വിദേശനയം നടത്താനുള്ള ഉപകരണമായി പ്രയോഗിക്കാനുള്ള ട്രംപിന്റെ കഴിവിനെ സുപ്രീ ംകോടതി വിധി പരിമിതപ്പെടുത്തുന്നുണ്ട്. അതേസമയം, മൂന്നാം രാജ്യങ്ങൾ ഇറാനിയൻ എണ്ണ വാങ്ങുന്നതിനെതിരായ തീരുവകളെ ബാധിക്കാനിടയില്ല. ഇറാൻ നയം പ്രധാനമായും ഉപരോധങ്ങളെയും കയറ്റുമതി നിയന്ത്രണങ്ങളെയും മറ്റും ആശ്രയിച്ചാണ്. (ഇറാനിയൻ എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്.) അതിനാൽ ഇറാൻ-യുഎസ് സംഘർഷപാതയിൽ വലിയ വ്യതിയാനമുണ്ടാവില്ല; പരമാവധി സമ്മർദ്ദം തുടരും. ചൈനയ്ക്ക് കോടതിവിധി സമ്മിശ്രഫലമാണ് പ്രദാനം ചെയ്യുന്നത്. റഷ്യൻ ക്രൂഡോയിൽ അധികം കിട്ടുന്നെങ്കിലും പത്തു ശതമാനം ആഗോളതീരുവ നേരിടണം. ചൈനയുടെ കയറ്റുമതി ഇപ്പോൾതന്നെ 301-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണം നേരിടുകയാണ്, അവർ ട്രംപിന്റെ വ്യാപാരയുദ്ധത്തിലെ പ്രധാന ലക്ഷ്യമായി തുടരും.

ഇപ്പോഴത്തെ അവസ്ഥയിൽ ലോകത്തെ പ്രമുഖ രാജ്യങ്ങളോടും മികച്ച ബന്ധമുള്ള പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മോസ്‌കോയെ അകറ്റാതെ തന്നെ റഷ്യൻ എണ്ണയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ തയ്യാറായി. തർക്കങ്ങൾക്കിടെ തന്നെ യുഎസുമായുള്ള പ്രതിരോധ, ശാസ്ത്ര സാങ്കേതിക ബന്ധങ്ങൾ ശക്തിപ്പെടുത്തി. ചൈനയെ ഒതുക്കാനുണ്ടാക്കിയ ക്വാഡിലും ചൈന പങ്കാളിയായ ബ്രിക്സിലും ഒരേസമയം പ്രധാന പങ്കുവഹിക്കാൻ ഇന്ത്യയ്ക്കാവുന്നു. റഷ്യയും യുക്രൈനും സംസാരിക്കാൻ പറ്റുന്ന പ്രധാന രാജ്യവും ഇന്ത്യയാണ്. തന്ത്രപരമായി സ്വതന്ത്രമായ തീരുമാനമെടുക്കാൻ കഴിയുന്ന ലോകത്തെ അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആ പ്രതിച്ഛായയ്ക്ക് നേരിയ ഉടവു തട്ടിക്കുന്നതായി റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചെന്ന അമേരിക്കൻ അവകാശവാദം.

തീരുവകളുടെ അധികഭാരം ചുമക്കുന്നത് കമ്പനികളല്ല, അമേരിക്കൻ ഉപയോക്താക്കളാണ്. അതിനാൽ തീരുവയുദ്ധം തുടങ്ങിയ ശേഷം ട്രംപിന്റെ ജനപിന്തുണയിൽ ഇടിവുണ്ടായി. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം ട്രംപിന്റെ പൊതുജനാംഗീകാര നിരക്ക് 38 ശതമാനത്തിനും 42-നും ഇടയിലാണ്; അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവർ 60 ശതമാനത്തോളമാണ്.

പണപ്പെരുപ്പം ഇനിയും കൂടിയാൽ വിലനിലവാരം കൂടും, ജനപ്രീതി കുറയും. അത് മിഡ്ടേം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും അനുയായികളും ഭയപ്പെടുന്നുണ്ട്. സുപ്രീം കോടതി വിധിക്കു ശേഷം ട്രംപ് നടത്തിയ പ്രതികരണം ആ ഉൽക്കണ്ഠയ്ക്ക് തെളിവാണ്: താൻ തന്നെ നേരത്തേ നിയമിച്ച ജഡ്ജിമാരെ പരസ്യമായി ആക്രമിച്ചു, പുതിയ തീരുവ ചുമത്തുമെന്നും മറ്റ് ആയുധങ്ങൾ ഉപയോഗിക്കുമെന്നും ഭീഷണി മുഴക്കി.

ഇപ്പോൾ പ്രഖ്യാപിച്ച 10 ശതമാനം ആഗോളത്തീരുവ 150 ദിവസത്തിനു മേൽ ദീർഘിപ്പിക്കണമെങ്കിൽ യുഎസ് കോൺഗ്രസ് നിയമം പാസാക്കണം. ഇന്നത്തെ സാഹചര്യത്തിൽ അതിനു സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ കാലാവധിക്കു ശേഷം തീരുവ നിലനിർത്താൻ ട്രംപിന് മറ്റു മാർഗങ്ങൾ പ്രയോഗിക്കേണ്ടി വരും. വ്യാപാരനിയമത്തിലെ 301-ം വകുപ്പാണ് അതിലൊന്ന്. ബൗദ്ധികസ്വത്ത് മോഷണവും അന്യായ സബ്സിഡികളും പോലുള്ള നിയമവിരുദ്ധ നടപടികൾക്കെതിരെ അന്വേഷണം നടത്തി തീരുവ പ്രഖ്യാപിക്കാൻ അതനുവദിക്കുന്നു. ഈ വകുപ്പ് പ്രകാരം നിരവധി അന്വേഷണങ്ങൾ നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.

എലിയും പൂച്ചയും കളി

യുഎസുമായി ഇന്ത്യ സങ്കീർണ്ണമായ ഒരു എലിയും പൂച്ചയും കളി കളിക്കുകയാണ്. സെമികണ്ടക്ടർ, അപൂർവ ഭൗമമൂലകങ്ങൾ, നിർമിതബുദ്ധി, ഹാർഡ്വെയർ എന്നിവയിലെ ചൈനീസ് ആധിപത്യത്തെ തടയാനുദ്ദേശിച്ച് അമേരിക്ക രൂപം കൊടുത്ത പാക്സ് സിലിക്ക സംരംഭത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ പങ്കാളിയായി. അത്യാധുനിക സാങ്കേതികവിദ്യയുടെ ഒഴുക്കും നിക്ഷേപങ്ങളും വിതരണശൃംഖലയുടെ സുരക്ഷയും ഉറപ്പുവരുത്തുന്ന ഈ സഖ്യം ഇന്ത്യയെ അമേരിക്കയുടെ വിശ്വസ്തപങ്കാളിയാക്കുന്നു. അതേസമയം, അമേരിക്കയുമായി വ്യാപാരക്കരാർ ചർച്ച നടക്കുമ്പോൾ തന്നെ യൂറോപ്യൻ യൂണിയനും യുകെയും ഓസ്ട്രേലിയയും യുഎഇയും അടക്കമുള്ള നിരവധി രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരക്കരാർ ഒപ്പുവെക്കാൻ ഇന്ത്യയ്ക്കായി. വമ്പൻ ആഭ്യന്തര കമ്പോളത്തിന്റെ ശക്തി ഇന്ത്യ വിലപേശലിന് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

അതേസമയം, ഡോളറിന്റെ മേലുള്ള ആശ്രിതത്വം കുറയ്ക്കാനും പങ്കാളിത്തങ്ങൾ വൈവിധ്യവൽക്കരിക്കാനുമുള്ള നടപടികളും രാജ്യം സ്വീകരിക്കുന്നുണ്ട്. ഡോളറല്ലാത്ത കറൻസികൾ മുഖാന്തിരം (രൂപ-റൂബിൾ, രൂപ-ദിർഹം) ഇടപാടുകൾ നടത്താനും രാജ്യാന്തര സാമ്പത്തിക ഇടപാടുകൾക്ക് ബ്രിക്സിന്റെ ഡിജിറ്റൽ കറൻസി ഉപയോഗിക്കാനും ഇന്ത്യൻ റിസർവ് ബാങ്ക് (ആർബിഐ) ശ്രമിക്കുകയാണ്.

ബ്രിക്സ് ബാങ്കായ ന്യൂ ഡിവലപ്മെന്റ് ബാങ്ക് മാർച്ചിൽ റുപ്പീ ബോണ്ടുകൾ പുറത്തിറക്കുന്നതും ഡീ ഡോളറൈസേഷനിലേക്കുള്ള ചെറിയ ചുവടുവെപ്പാണ്. സാമ്പത്തികരംഗത്തെ അമേരിക്കൻ മേധാവിത്വത്തിന്റെ ആധാരശിലയായ പെട്രോഡോളർ മെല്ലെ ആക്രമിക്കപ്പടുകയാണ്. ട്രംപിന് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണിത്.

അമേരിക്കയെ നിശബ്ദമായി വെല്ലുവിളിക്കുന്ന മറ്റൊരു മേഖല പ്രതിരോധരംഗത്തെ വൈവിധ്യവൽക്കരണമാണ്. ഫ്രാൻസിൽനിന്ന് മൂന്നേകാൽ ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ പോർവിമാനങ്ങൾ വാങ്ങാനുള്ള (ഭൂരിഭാഗവും ഇന്ത്യയിൽ നിർമിക്കും) അനുമതിയും ബ്രസീലിലെ വിമാനക്കമ്പനി എംബ്രായർ ഇന്ത്യൻ കമ്പനികളായ മഹീന്ദ്ര, അദാനി എന്നിവയുമായി സഹകരിച്ച് സൈനിക ട്രാൻസ്പോർട്ടു വിമാനങ്ങൾ, കമേഴ്സ്യൽ വിമാനങ്ങൾ എന്നിവയുണ്ടാക്കാൻ ധാരണയിലെത്തിയതും അങ്കിൾ സാമിന് ദഹിക്കില്ലെന്നുറപ്പാണ്. പക്ഷേ, ഇത് മനപ്പൂർവമുള്ള ശത്രുതയല്ല, ബോധപൂർവമുണ്ടാക്കിയെടുക്കുന്ന സന്തുലനമാണ്.

രാജ്യത്തിന് ഗുണകരമായ മേഖലകളിൽ യുഎസ് മേന്മകൾ (ഉദാ: സാങ്കേതികവിദ്യ, സുരക്ഷ) സ്വീകരിക്കുകയും കാതലായ താൽപ്പര്യങ്ങളിൽ (കറൻസി സ്വാതന്ത്ര്യം, ആഭ്യന്തര ഉൽപ്പാദനം) ചെറുത്തുനിൽക്കുകയും കീഴ്പ്പെടൽ ഒഴിവാക്കുകയും ചെയ്യുക. അതിവേഗം ധ്രുവീകരിക്കപ്പെടുന്ന ഒരു ലോകത്ത് മെയ്വഴക്കത്തോടെ നീങ്ങി നേട്ടങ്ങൾ പരമാവധിയാക്കുകയും അതേസമയം, സ്വാതന്ത്ര്യം നിലനിർത്തുകയും ചെയ്യുക ഒട്ടും എളുപ്പമല്ല.

ഇന്ത്യയ്ക്ക് വരുന്ന ഒന്നുരണ്ടു മാസം നിർണായകമാണ്. അമേരിക്കയുമായുള്ള കഴിഞ്ഞ വർഷത്തെ വ്യാപാരം 130 ബില്യൺ ഡോളറിന്റേതായിരുന്നു. അത് ചെറിയൊരു തുകയല്ല. ഉഭയകക്ഷി വ്യാപാരം നിർണായകമാണ്. പക്ഷേ, സ്വന്തം നിലപാടുകളും അത്രതന്നെ പ്രധാനമാണ്. വരുംകാലത്ത് ഊർജസുരക്ഷയ്ക്ക് ഇന്ത്യ വിദേശ തുറമുഖങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരില്ല.

പുനരുപയോഗ ഊർജ്ജത്തിന്റെ മേഖലയിൽ ലോകത്തെ ശക്തികേന്ദ്രമായി ഭാരതം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഇന്ത്യയുടെ ആകെ ഊർജ്ജോൽപ്പാദനത്തിന്റെ 52 ശതമാനവും ഫോസിലേതര ഇന്ധനങ്ങളിൽ നിന്നാണ്. ഗ്രീൻ ഹൈഡ്രജൻ പിന്നാലെ വരുന്നുണ്ട്. ആൻഡമാൻ കടലിലെ 'വിജയപുരം 2' കിണറിൽ വൻകിട പ്രകൃതിവാതകം കണ്ടെത്തിയതും വലിയ മുന്നേറ്റമാണ്. അതിനാൽ ഇന്ത്യയ്ക്ക് ഒരുപാടു കാലം 'ഡിഫൻസ്' കളിക്കേണ്ടി വരില്ല. യുഎസ്സുമായുള്ള വ്യാപാരക്കരാർ മാറ്റിയെഴുതപ്പെടും എന്നുതന്നെ കരുതാം.