1973 ഓഗസ്റ്റ് 23. സ്ത്രീകളുടെ വിഗും സണ്‍ ഗ്ലാസും ധരിച്ച് മേക്കപ്പ് ചെയ്ത ഉയരമുള്ള ഒരു മനുഷ്യന്‍ സെന്‍ട്രല്‍ സ്റ്റോക്ക്‌ഹോമിലെ ഒരു ബാങ്കിലേക്ക് കടന്നുവന്നു. സബ് മെഷീന്‍ ഗണ്ണുമായി എത്തിയ അയാള്‍ സീലിംഗിലേക്ക് ഒരു റൗണ്ട് വെടിയുതിര്‍ത്തു. 'പാര്‍ട്ടി ഇവിടെ ആരംഭിക്കുന്നു', അയാള്‍ ആക്രോശിച്ചു. തുടര്‍ന്ന് അയാള്‍ ബാങ്കിലുള്ളവരെ ബന്ദികളാക്കുകയും തന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു; പണവും ഒരു ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ഒരു കാറുമായിരുന്നു ആവശ്യം. പഴയ സഹതടവുകാരനായിരുന്ന ക്ലാര്‍ക്ക് ഒലോഫ്സണെ ജയിലില്‍ നിന്ന് മോചിപ്പിച്ച് ബാങ്കിലേക്ക് കൊണ്ടുവരണമെന്നും അയാള്‍ ആവശ്യപ്പെട്ടു. ജാന്‍-എറിക് ഓള്‍സണ്‍ (Jan-Erik Olsson) എന്നായിരുന്നു അയാളുടെ പേര്. പോലീസുകാര്‍ ബാങ്കിന് പുറത്തുള്ള സ്‌ക്വയറിലേക്ക് ഒഴുകിയെത്തി. സംഭവമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ക്യാമറാമാന്മാര്‍ എന്നിങ്ങനെ ഒരു വലിയ ജനക്കൂട്ടം ബാങ്കിന് പുറത്ത് തടിച്ചുകൂടി. ആ സംഭവങ്ങള്‍ തത്സമയം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെട്ടു. 

To advertise here,

ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഒലോഫ്സണെ ബാങ്കിലേക്ക് കൊണ്ടുവന്ന് തോക്കുധാരിയായ ഓള്‍സണിന് കൈമാറി. 'സ്റ്റോക്‌ഹോം സിന്‍ഡ്രോം' എന്ന സിദ്ധാന്തത്തിന്റെ പിറവിക്ക് ഇടയാക്കിയ ബന്ദിനാടകത്തിനാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ അന്ന് നടന്ന ബാങ്ക് കവര്‍ച്ചാശ്രമത്തിന് പിന്നാലെ ബാങ്ക് ജീവനക്കാരായ മൂന്നു സ്ത്രീകളെയും പുരുഷനെയുമാണ് ഒലോഫ്‌സണും കൂട്ടാളി ജാന്‍ എറിക് ഓള്‍സണും ആറുദിവസം ബാങ്കിനുള്ളില്‍ ബന്ദികളാക്കിവെച്ചത്. അന്നത്തെ സംഭവത്തിലെ പ്രതികളിലൊരാളും സ്വീഡനിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയുമായ ക്ലാര്‍ക് ഒലോഫ്‌സണ്‍ (78) കഴിഞ്ഞ ദിവസം അന്തരിച്ചു. ദീര്‍ഘനാളത്തെ അസുഖബാധയെത്തുടര്‍ന്ന് സ്വീഡനിലെ അര്‍വികയിലെ ആശുപത്രിയില്‍ ജൂണ്‍ 24-ന് 78-ാം വയസിലായിരുന്നു ഒലോഫ്‌സന്റെ അന്ത്യം. എന്തായിരുന്നു അന്ന് സ്റ്റോക് ഹോമില്‍ സംഭവിച്ചത്? ആരാണ് ക്ലാര്‍ക്ക് ഒലോഫ്സണ്‍? എന്താണ് 'സ്റ്റോക്‌ഹോം സിന്‍ഡ്രോം'? 

ആരാണ് ക്ലാര്‍ക്ക് ഒലോഫ്സണ്‍ ?  

ഡാനിയേല്‍ ഡെമുയിങ്ക് (Daniel Demuynck) എന്നും അറിയപ്പെട്ടിരുന്ന സ്വീഡിഷ് കുറ്റവാളിയായിരുന്നു ക്ലാര്‍ക്ക് ഒലോഫ്സണ്‍ (Clark Olofsson). കൊലപാതകശ്രമം, ആക്രമണം, കവര്‍ച്ച, മയക്കുമരുന്ന് ഇടപാട് എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് തന്റെ ജീവിതത്തിന്റെ പകുതിയിലധികവും ഒലോഫ്സണ്‍ ജയിലില്‍ ചെലവഴിച്ചു. സ്വീഡനിലെ ആദ്യത്തെ സെലിബ്രിറ്റി കുറ്റവാളി എന്നാണ് ഒലോഫ്സണെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. മോഷണങ്ങളും കുറ്റകൃത്യങ്ങളും ജയില്‍വാസങ്ങളും നിറഞ്ഞതായിരുന്നു അയാളുടെ ജീവിതം. പലവട്ടം ജയില്‍ ശിക്ഷ അനുഭവിച്ച ഒലോഫ്‌സണ്‍ നിരവധി തവണ ജയില്‍ ചാടുകയും പോലീസിനെ കബളിപ്പിച്ച് രക്ഷപെടുകയും ചെയ്തിട്ടുണ്ട്. 

ഒരു നല്ല കുട്ടിക്കാലമായിരുന്നില്ല ഒലോഫ്സണിന്റേത്. മോശം കുടുംബാന്തരീക്ഷം മൂലം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു അയാളുടെ ബാല്യം. ഒലോഫ്സണിന് 11 വയസ്സുള്ളപ്പോള്‍, പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുപോയി. താമസിയാതെ മാതാവിനെ മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് ഒലോഫ്സണെയും രണ്ട് ഇളയ സഹോദരിമാരെയും താല്‍ക്കാലിക സംരക്ഷണത്തിനായി മറ്റൊരു കുടുംബത്തിനെ ഏല്‍പ്പിച്ചു. അവിടെയും സുഖകരമായിരുന്നില്ല കാര്യങ്ങള്‍. അതോടെ ആ വീട്ടില്‍നിന്ന് പുറത്തുകടക്കാനായി അമ്മയുടെ ഒപ്പ് വ്യാജമായി ഉണ്ടാക്കി ഒരു നാവികരുടെ സ്‌കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന് 14-ാം വയസില്‍ ബല്ലാഡ് എന്ന കപ്പലില്‍ ഒലോഫ്സണ്‍ ലോകം ചുറ്റി സഞ്ചരിച്ചു. 15 വയസ്സുള്ളപ്പോള്‍ ഒലോഫ്സണ്‍ നാട്ടില്‍ തിരിച്ചെത്തുകയും അമ്മയുടെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. അമ്മയുടെ സംരക്ഷണം ഏറ്റെടുത്ത അവന്‍ ഒരു കടയില്‍ ജോലിയില്‍ പ്രവേശിച്ചു. 

placeholder
Clark Olofsson| Photo: Bertil ERICSON / TT NEWS AGENCY / AFP
1991-ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ തന്റെ പുസ്തകത്തിന്റെ പ്രകാശന വേളയിൽ ക്ലാർക്ക് ഒലോഫ്സൺ | Photo: Bertil ERICSON / TT NEWS AGENCY / AFP

1960-കളില്‍ മോഷണം, ആക്രമണം എന്നിവയുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളിലേക്ക് ഒലോഫ്സണ്‍ തിരിഞ്ഞു. ഇടയില്‍ പിടിക്കപ്പെടുകയും 1963-ല്‍ കൗമാരക്കാരായ കുറ്റവാളികള്‍ക്കായുള്ള സ്ഥാപനത്തില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പിന്നീട് കവര്‍ച്ചയ്ക്കിടെ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതില്‍ ഒലോഫ്സണിന് പങ്കുണ്ടെന്ന് തെളിഞ്ഞു. 1966-ല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 1966 അവസാനത്തോടെ ജയിലില്‍ നിന്ന് രക്ഷപെട്ടു. അധികം വൈകാതെ അയാള്‍ സ്വീഡനില്‍ അറിയപ്പെടുന്ന കുറ്റവാളിയായി മാറി. 1973-ലെ നോര്‍മല്‍സ്റ്റോര്‍ഗ് കവര്‍ച്ച പോലുള്ള കുറ്റകൃത്യങ്ങളും ജയില്‍ ചാട്ടങ്ങളും അദ്ദേഹത്തിന്റെ ക്രിമിനല്‍ ജീവിതത്തിന്റെ സവിശേഷതയായിരുന്നു.

നോര്‍മല്‍സ്‌ട്രോമിലെ ബാങ്കില്‍ സംഭവിച്ചത്... 

1973 ഓഗസ്റ്റ് 23-നാണ് സ്റ്റോക്ക്‌ഹോമിലെ നോര്‍മല്‍സ്‌ട്രോമിലെ ബാങ്ക് കൊള്ള ശ്രമം നടക്കുന്നത്. അന്ന് 32 വയസുണ്ടായിരുന്ന ജാന്‍-എറിക് ഓള്‍സണ്‍ ജയിലില്‍ നിന്ന് അവധിയിലായിരിക്കെ ഒരു ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചു. തോക്കുമായി ബാങ്കില്‍ കടന്നുകയറിയ ഓള്‍സണ്‍ നാല് ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി. മൂന്ന് ദശലക്ഷം സ്വീഡിഷ് ക്രോണ, ബുള്ളറ്റ് പ്രൂഫ് വെസ്റ്റ്, രക്ഷപ്പെടാനായി ഒരു കാര്‍ എന്നിവ ആവശ്യപ്പെട്ടു. ജയില്‍ തന്റെ സഹതടവുകാരനായിരുന്ന ക്ലാര്‍ക്ക് ഒലോഫ്സണെ ജയിലില്‍ നിന്ന് മോചിപ്പിച്ച് ബാങ്കിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് സ്വീഡിഷ് അധികാരികള്‍ സമ്മതിച്ചു. കവര്‍ച്ചാ നാടകം സ്വീഡനില്‍ ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടു. പ്രധാനമന്ത്രി ഒലോഫ് പാം പോലും ചര്‍ച്ചകളില്‍ ഇടപെട്ടു.

ആറ് ദിവസത്തോളമാണ് കുറ്റവാളികള്‍ ബന്ദികളുമായി ബാങ്ക് കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ടില്‍ കഴിഞ്ഞത്. ഈ ദിവസങ്ങള്‍കൊണ്ട് ബന്ദികള്‍ക്ക് അവരോട് സഹാനുഭൂതിയും പോലീസിനോട് ദേഷ്യവും തോന്നി. ബന്ദികളിലൊരാളായ ക്രിസ്റ്റിന്‍ എന്‍മാര്‍ക്ക് സ്വീഡിഷ് പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിച്ചു. രക്ഷയ്ക്കുവേണ്ടിയുള്ള നിലവിളിയല്ല, മറിച്ച് ഓള്‍സണെയും ഒലോഫ്‌സണെയും ഉപദ്രവിക്കരുതെന്ന അപേക്ഷയായിരുന്നു അവരുടെ അഭ്യര്‍ത്ഥന. കുറ്റവാളികളെയല്ല, പോലീസിനെയാണ് താന്‍ ഭയപ്പെടുന്നതെന്ന് എന്‍മാര്‍ക്ക് പ്രധാനമന്ത്രിയോട് പറഞ്ഞു. അവരെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നാണ് അവര്‍ ഫോണില്‍ പറഞ്ഞത്. കുറ്റവാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണമെന്നും അവര്‍ അധികാരികളോട് അഭ്യര്‍ഥിച്ചു. ഒലോഫ്സണുമായി തനിക്ക് ഒരു ബന്ധം വളര്‍ന്നുവന്നിരുന്നുവെന്നും അയാള്‍ ഉപദ്രവിക്കില്ലെന്നും തോന്നിയതിനാലാണ് ഇതെന്നാണ് പിന്നീട് ക്രിസ്റ്റിന്‍ എന്‍മാര്‍ക്ക് പ്രതികരിച്ചത്. 

placeholder
സ്റ്റോക്ക്‌ഹോമിലെ നോര്‍മല്‍സ്‌ട്രോമിലെ ബാങ്ക് കൊള്ള ശ്രമത്തിനിടെ തടവിലാക്കപ്പെട്ട ബന്ദികൾ | Photo: gettyimages
സ്റ്റോക്ക്‌ഹോമിലെ നോര്‍മല്‍സ്‌ട്രോമിലെ ബാങ്ക് കൊള്ള ശ്രമത്തിനിടെ തടവിലാക്കപ്പെട്ട ബന്ദികൾ | Photo: gettyimages

ആറ് ദിവസത്തെ ചര്‍ച്ചകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ശേഷം ഓഗസ്റ്റ് 28-ന് പോലീസ് എല്ലാവരേയും മോചിപ്പിച്ചു. ബാങ്കിലേക്ക് കണ്ണീര്‍വാതകം പ്രയോഗിച്ചശേഷം ഓള്‍സണെയും ഒലോഫ്സണെയും അറസ്റ്റ് ചെയ്താണ് പോലീസ് ബന്ദികളെ മോചിപ്പിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു.  പക്ഷേ, എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ഇരകളുടെ പെരുമാറ്റമായിരുന്നു. ബന്ദിയാക്കിയവര്‍ക്കെതിരേ അവര്‍ ഒരു വാക്കുപോലും സംസാരിച്ചില്ല. പകരം കുറ്റവാളിക്ക് നേരെ തോക്ക് ചൂണ്ടിയ പോലീസിനെയും അന്നത്തെ ഭരണാധികാരികളെയുമാണ്  അവര്‍ കുറ്റപ്പെടുത്തിയത്. അവര്‍ക്കെതിരേ സാക്ഷി പറയാന്‍ വിസമ്മതിച്ചു. തങ്ങളെ ബന്ദിയാക്കിയവരോട് സ്‌നേഹവും സഹതാപവുമാണ് അവര്‍ പ്രകടിപ്പിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് പ്രതിസന്ധി ഘട്ടത്തില്‍ ഉയര്‍ന്നുവന്ന വൈകാരിക വിരോധാഭാസം വിശദീകരിക്കാനാണ് 'സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം' എന്ന പദം ഉപയോഗിച്ചത്. 

ഒലോഫ്സണെ ജില്ലാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കി. ഒലോഫ്സണിന്റെ കഥ ആ ബന്ദിയാക്കല്‍ സംഭവത്തില്‍ അവസാനിച്ചില്ല. 1980-കളില്‍ ഒലോഫ്‌സണ്‍ ഭാര്യയ്‌ക്കൊപ്പം ബെല്‍ജിയത്തിലേക്കു താമസം മാറി. കവര്‍ച്ചകള്‍ മുതല്‍ മയക്കുമരുന്ന് കടത്ത് വരെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഒന്നിലധികം തവണ ശിക്ഷിക്കപ്പെട്ട അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സ്വീഡന്‍, ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളിലെ  ജയിലുകളിൽ ചെലവഴിച്ചു. പലവട്ടം ജയില്‍ശിക്ഷ അനുഭവിച്ച ഒലോഫ്‌സണ്‍ 2018-ലാണ് അവസാനം ജയില്‍മോചിതനായത്. ഇതിനിടെ അയാള്‍ രോഗബാധിതനാകുകയും ചെയ്തു. 2022-ല്‍ നെറ്റ്ഫ്‌ളിക്‌സ് ഇയാളുടെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തിരുന്നു. 

എന്താണ് 'സ്റ്റോക്‌ഹോം സിന്‍ഡ്രോം'? 

തട്ടിക്കൊണ്ടുപോവുകയോ ബന്ദിയാക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്ത ആളോട് ഇരകള്‍ക്ക് ഉണ്ടാകുന്ന വൈകാരികമായ അടുപ്പത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'സ്റ്റോക്‌ഹോം സിന്‍ഡ്രോം'. തങ്ങളെ ദ്രോഹിച്ചവരോട്, പീഡിപ്പിച്ചവരോട്, ഇരയാക്കപ്പെടുന്നവര്‍ക്ക് തോന്നുന്ന ഈ മനോഭാവത്തെ നിൽസ് ജോഹാൻ ആർതർ ബെജെറോട്ട് (Nils Johan Artur Bejerot) എന്ന സൈക്യാട്രിസ്റ്റ് ആണ് 'സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം' എന്ന് വിളിച്ചത്. ബന്ദികളാക്കപ്പെടുന്ന എല്ലാവരിലും ഇത് പ്രകടമാവണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ കൂടുതലും സ്ത്രീകളിലാണ് ഇത് പ്രകടമാവുന്നതെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. നിരന്തരമായി പീഡിപ്പിക്കുന്ന ഭര്‍ത്താക്കന്മാരോടും മറ്റും സ്ത്രീകള്‍ക്ക് തോന്നുന്ന കീഴടങ്ങല്‍ മനോഭാവത്തെ ഈ ഒരു ഗണത്തില്‍ പെടുത്താം. ബലാത്സംഗത്തിനും മറ്റും ഇരയാകുന്ന ചില സ്ത്രീകളിലും ഇത്തരമൊരു മാനസികാവസ്ഥ രൂപപ്പെട്ടേക്കാം. എന്നാല്‍ എല്ലാവരിലും ഇത് ഉണ്ടാകണമെന്നുമില്ല. ബെജെറോട്ട് ഈ മാനസികാവസ്ഥയെപ്പറ്റി വിശദമായ പഠനങ്ങളും നടത്തി. 

തട്ടിക്കൊണ്ടുപോകുന്നയാള്‍ തടവുകാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് അയാളെ കൊല്ലാതിരിക്കാന്‍ തീരുമാനിക്കുമ്പോഴാണ് ഈ ബന്ധം ആദ്യം രൂപപ്പെടുന്നതെന്നാണ് ചില മനഃശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. മരണഭീഷണി ഒഴിയുന്നതിലൂടെ ലഭിക്കുന്ന ആശ്വാസം, തട്ടിക്കൊണ്ടുപോകുന്നയാളോടുള്ള നന്ദിയായി മാറുന്നു. സ്റ്റോക്ക്‌ഹോം ബാങ്ക് കവര്‍ച്ച സംഭവത്തില്‍ ഉണ്ടായതു പോലെ, ഈ ബന്ധം ഉടലെടുക്കാന്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ എടുക്കൂ. 'സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം' എന്ന പദം വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ അതിന്റെ ഡയഗ്‌നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്സില്‍ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം ഉള്‍പ്പെടുത്തിയിട്ടില്ല. അക്രമിയില്‍ നിന്ന് കരുണ പ്രതീക്ഷിച്ചുകൊണ്ടാണ് പലരും സമാനമായ മാനസികാവസ്ഥയില്‍ എത്തുന്നതെന്ന് മനശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. എന്നാല്‍ ഇത് ഒരു യഥാര്‍ത്ഥ അവസ്ഥയാണോ ആണോ അതോ ഒരു കോപിങ് (coping) മെക്കാനിസമാണോ എന്നും വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്നു.