രു മാപ്പ് പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമല്ലേ ഉള്ളൂ, അത് അങ്ങ് പറയൂ എന്ന് പലപ്പോഴും വ്യക്തിസംഭാഷണങ്ങളില്‍ പറയുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ മാപ്പ് പറയാന്‍ കൂട്ടാക്കാത്തതിന് ഒരു രാജ്യത്തെ രാജാവിന്, മറ്റൊരു രാജ്യത്തെ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതിനെ കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചു. ഈയടുത്ത് മെക്‌സിക്കോയില്‍. 

To advertise here,

മെക്‌സിക്കോയുടെ പ്രഥമ വനിതാ പ്രസിഡന്റായി മൊറേന പാര്‍ട്ടിയുടെ ക്ലോഡിയ ഷീന്‍ബോം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സ്‌പെയിനെ പ്രതിനിധീകരിച്ച് ആ ചടങ്ങില്‍ ആരുമുണ്ടായിരുന്നില്ല. 503 കൊല്ലം മുന്‍പ് സ്‌പെയിന്‍, മെക്‌സിക്കോയില്‍ നടത്തിയ അധിനിവേശത്തിന് മാപ്പ് പറയണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന്റെ പരിണിതഫലമായിരുന്നു ആ ക്ഷണംനിരസിക്കലും അതേത്തുടര്‍ന്നുണ്ടായ സ്‌പെയിന്റെ അസാന്നിധ്യവും. പരസ്യമായി മാപ്പ് പറയണമെന്ന മെക്‌സിക്കോയുടെ ആവശ്യം അംഗീകരിക്കാതെ വന്നതോടെ സ്പാനിഷ് രാജാവായ ഫെലിപേ ആറാമന്, തന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ലോഡിയ ക്ഷണം നിരസിക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ ഒരു പ്രതിനിധിയെ പോലും ചടങ്ങിലേക്ക് അയക്കില്ലെന്ന് സ്പാനിഷ് സര്‍ക്കാരും വ്യക്തമാക്കി. 

placeholder
സ്‌പെയിന്‍ രാജാവ് ഫെലിപേ ആറാമന്‍ | Photo:AFP

മെക്‌സിക്കോയുടെ ചരിത്രത്തിലെ നാഴികക്കല്ല്. അങ്ങനെ വിശേഷിപ്പിക്കാം ക്ലാഡിയ ഷീന്‍ബോമിന്റെ സത്യപ്രതിജ്ഞയെ. ഒക്ടോബര്‍ ഒന്നിനായിരുന്നു ചടങ്ങ്. സ്വാതന്ത്ര്യം ലഭിച്ച് ഇരുന്നൂറ് കൊല്ലത്തിനു ശേഷം ഇതാദ്യമായാണ് മെക്‌സിക്കോയ്ക്ക് ഒരു വനിതയെ പ്രസിഡന്റായി ലഭിക്കുന്നത്. അത് തന്നെയാണ് ക്ലോഡിയയുടെയും ആ ചടങ്ങിന്റെയും സവിശേഷതയും. പതിനാറ് രാജ്യങ്ങളുടെ തലവന്മാരും നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികളും ക്ലോഡിയയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ഡിയാസ് കനേല്‍, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂലാ ഡിസെല്‍വ തുടങ്ങി വിവിധ രാജ്യങ്ങളുടെ തലവന്മാര്‍ ക്ലോഡിയയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തി. അമേരിക്കയുടെ പ്രഥമ വനിത ജില്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘവും ക്ലോഡിയയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തു. 

മാപ്പ് പറയൂ രാജാവേ...

2019-ല്‍ അന്ന് മെക്‌സിക്കോ പ്രസിഡന്റ് ആയിരുന്ന ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ് ഓബ്രഡോര്‍, സ്പാനിഷ് രാജാവിന് ഒരു കത്തയച്ചു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്‌പെയിന്‍, മെക്‌സിക്കോയില്‍ നടത്തിയ അധിനിവേശത്തിനും ആ സമയത്തുണ്ടായ അതിക്രമങ്ങള്‍ക്കും പരസ്യമായി മാപ്പ് പറയണം എന്നായിരുന്നു കത്തിലെ ആവശ്യം. കത്തിനെ വിശദീകരിച്ചുകൊണ്ട് നടത്തിയ വീഡിയോ അഭിസംബോധനയില്‍ ഓബ്രഡോര്‍ പറഞ്ഞത് ഇങ്ങനെ: ആയിരക്കണക്കിനാളുകള്‍ കൊല ചെയ്യപ്പെട്ടു. ഒരു സംസ്‌കാരം അടിച്ചേല്‍പ്പിച്ചു. പ്രീ ഹിസ്പാനിക് ജനങ്ങളുടെ ക്ഷേത്രങ്ങള്‍ക്ക് മേല്‍ കത്തോലിക്കാ ചര്‍ച്ചുകള്‍ നിര്‍മിക്കുന്നിടംവരെ ഒരു സംസ്‌കാരത്തിന് മേല്‍ മറ്റൊരു സംസ്‌കാരത്തെ സ്ഥാപിച്ചു. എന്നാല്‍ ഓബ്രോഡറിന്റെ മാപ്പ് അപേക്ഷ ആവശ്യത്തെ സ്‌പെയിന്‍, നിരാകരിക്കുകയാണ് ചെയ്തത്. മുന്‍ഗാമികളുടെ ചെയ്തികള്‍ക്ക് നിലവിലെ നേതാക്കന്മാര്‍ ഉത്തരവാദികള്‍ അല്ലെന്നായിരുന്നു അവരുടെ നിലപാട്. ഇക്കാര്യം മാധ്യമങ്ങളോടു പറയുകയും ചെയ്തു. 

മെക്‌സിക്കോയ്ക്കു നേരെ സ്‌പെയിന്‍ നടത്തിയ അധിനിവേശം : 1529-നും 1521-നും ഇടയിലായിരുന്നു അന്നത്തെ മെക്‌സിക്കോ ഭരിച്ചിരുന്ന ആസ്‌ടെക് സാമ്രാജ്യത്തെ സ്പാനിഷ് അധിനിവേശക്കാര്‍ കീഴ്‌പ്പെടുത്തുന്നത്. ഹെര്‍നാന്‍ കോര്‍ടെസ് എന്ന സ്പാനിഷ് അധിനിവേശക്കാരനും യൂറോപ്യന്‍ പട്ടാളക്കാര്‍ ഉള്‍പ്പെട്ട അദ്ദേഹത്തിന്റെ ചെറുസംഘവും പ്രാദേശിക സഖ്യകക്ഷികളും ചേര്‍ന്ന് മിസോ അമേരിക്കയിലെ അതിശക്തരായ സാമ്രാജ്യങ്ങളില്‍ ഒന്നിനെ കടപുഴക്കുകയായിരുന്നു.1519-ലാണ് കോര്‍ടെസ് മെക്‌സിക്കോ പര്യടനം ആരംഭിച്ചത്. പിന്നീട് ആസ്‌ടെക് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ടെനോചിറ്റ്‌ലാന്‍ കീഴടക്കപ്പെടുന്നതോടെ പ്രദേശത്ത് സ്‌പെയിന്‍ ആധിപത്യത്തിന് തുടക്കം കുറിക്കപ്പെട്ടു. ഏകദശം രണ്ടുകൊല്ലത്തിനിപ്പുറം 1521-ഓടെ ആസ്‌ടെക് സാമ്രാജ്യം സമ്പൂര്‍ണമായി നിലംപതിച്ചു. ഒട്ടുമിക്ക അധിനിവേശ ശക്തികളും ചെയ്യുന്നതുപോലെ പുതിയ തലസ്ഥാനം രൂപവത്കരിച്ചു. ടെറ്റോചിറ്റ്‌ലാന്റെ അവശിഷ്ടങ്ങളില്‍നിന്ന് സ്പാനിഷ് അധിനിവേശക്കാര്‍ പുതിയ തലസ്ഥാനം- മെക്‌സിക്കോ സിറ്റി സ്ഥാപിച്ചു. 1821-ലാണ് സ്പാനിഷ് സാമ്രാജ്യത്തില്‍നിന്ന് മെക്‌സിക്കന്‍ സ്വാതന്ത്ര്യസമരത്തിലൂടെ മെക്‌സിക്കോ സ്വാതന്ത്ര്യം നേടുന്നത്. 1810 മുതല്‍ 1821 വരെ വിവിധയിടങ്ങളില്‍ പ്രദേശികമായും അല്ലാതെയും നടന്ന ഒരുകൂട്ടം പോരാട്ടങ്ങളുടെ ഫലമായിരുന്നു ഈ സ്വാതന്ത്ര്യലബ്ധി. 

ക്ലോഡിയയുടെ നിലപാട്

ഓബ്രഡോറിന്റെ 2019-ലെ കത്ത് തള്ളിക്കളഞ്ഞ സ്‌പെയിനെ അങ്ങനെ അങ്ങ് വിടാന്‍ ക്ലോഡിയക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഓബ്രഡോറിന്റെ അഭ്യര്‍ഥനയ്ക്ക് മറുപടി നല്‍കാത്തതിനാല്‍ തന്റെ പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് സ്പാനിഷ് രാജാവ് ഫെലിപേ ആറാമനെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി ക്ലോഡിയ, പ്രസ്താവനയിലൂടെ വ്യക്തമാക്കുകയായിരുന്നു. സ്‌പെയിന്റെ പ്രധാനമന്ത്രി പെഡ്രോ സാന്‍ഷേസിന് സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജൂലൈ മാസത്തില്‍ അയച്ചിരുന്നു. എന്നാല്‍ രാജാവിന് ചടങ്ങില്‍ ക്ഷണം ലഭിക്കാത്തതിനാല്‍ ചടങ്ങില്‍ ആരും പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്‌പെയിന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. ക്ലോഡിയയുടെ നിലപാടിനെ പിന്തുണച്ച് ഓബ്രഡോറും രംഗത്തെത്തി. സ്പാനിഷ് അധികാരികളുടെ പ്രതികരണം ധാര്‍ഷ്ട്യം നിറഞ്ഞതായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. ഓബ്രോഡറിന്റെ അടുത്ത അനുയായി ആണ് ക്ലോഡിയ എന്നതും ശ്രദ്ധേയമാണ്. 

placeholder
ക്ലോഡിയ ഷീന്‍ബോമിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍നിന്ന് | Photo: AFP 

ആരാണ് ക്ലോഡിയ ഷീന്‍ബോം

മെക്‌സിക്കോയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 200 കൊല്ലത്തിനു ശേഷം പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിത. എനര്‍ജി എന്‍ജിനീയറിങ്ങില്‍ പി.എച്ച്.ഡി. പ്രസിഡന്റ് പദത്തിലെത്തുന്നതിന് മുന്‍പ് മെക്‌സിക്കോ സിറ്റിയുടെ മേയര്‍. കോവിഡ് കാലത്ത് അന്നത്തെ പ്രസിഡന്റ് ലോപസ് ഒബ്രഡോര്‍ രാജ്യത്ത് സ്വീകരിച്ച സമീപനത്തില്‍നിന്ന് വ്യത്യസ്ത സമീപനമാണ് 90 ലക്ഷംപേരുള്‍പ്പെടുന്ന മെക്‌സിക്കോ സിറ്റിക്കു വേണ്ടി കൈക്കൊണ്ടത്. പ്രസിഡന്റ് പദത്തിലെത്തിയതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തില്‍- ഇത് പരിവര്‍ത്തനത്തിനുള്ള സമയമാണ്. സ്ത്രീകള്‍ക്കു വേണ്ടിയുള്ള സമയമാണ്. ഞാനൊരു അമ്മയാണ്. മുത്തശ്ശിയാണ്. ശാസ്ത്രജ്ഞയും ദൈവവിശ്വാസിയുമാണ്. എന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. മെക്‌സിക്കോയെ മുന്നോട്ടു നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഇതിലൂടെ ഈ അറുപത്തിരണ്ടുകാരി വ്യക്തമാക്കിയത്. യൂണിവേഴ്‌സിറ്റി പഠനകാലയളവില്‍ ക്ലോഡിയ, നിരവധി ഇടതുപക്ഷ യുവസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. മെക്‌സിക്കോയില്‍ 1968-കളില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ക്ലോഡിയയുടെ മാതാപിതാക്കള്‍ പങ്കെടുത്തിരുന്നു. 

കൂടുതൽ പ്രീമിയം വാർത്തകളും വിശകലനങ്ങളും വായിക്കാൻ വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുക.

ക്ലോഡിയക്ക് മുന്നിലെ വെല്ലുവിളികള്‍

മെക്‌സിക്കോയുടെ ഭാവി നിശ്ചയിക്കുന്നതില്‍ ക്ലോഡിയയുടെ ഭരണകാലം ഏറെ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ മെക്‌സിക്കോയിലെ 32 സംസ്ഥാനങ്ങളില്‍ 24 സംസ്ഥാനങ്ങളിലും ഭരിക്കുന്നത് ക്ലോഡിയയുടെ പാര്‍ട്ടിയായ മൊറേനയാണ്. ദേശീയതലത്തില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഭരണഘടനാ ഭേദഗതികളും സാധ്യമാണ്. 2024-ല്‍ മെക്‌സിക്കോയ്ക്ക് 1.4 ശതമാനം സാമ്പത്തികവളര്‍ച്ചാ നിരക്കാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒ.ഇ.സി.ഡി.) വിലയിരുത്തുന്നത്. 2025-ല്‍ 1.2 ശതമാനവും. വിദേശനിക്ഷേപത്തിലൂടെ (എഫ്.ഡി.ഐ.) രാജ്യത്തിന്റെ സമ്പദ്ഘടനയെ സജീവമാക്കാനാണ് ക്ലോഡിയ ശ്രമിക്കുക. ജര്‍മനിയുമായി മികച്ച വ്യാപാരബന്ധമാണ് മെക്‌സിക്കോ പുലര്‍ത്തുന്നത്. ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ള ജര്‍മന്‍ കമ്പനികള്‍ മെക്‌സിക്കോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 46 രാജ്യങ്ങളുമായി 12 സ്വതന്ത്ര വ്യാപാര കരാറുകളാണ് മെക്‌സിക്കോയ്ക്ക് ഉള്ളത്. മുപ്പതില്‍ അധികം നിക്ഷേപ പ്രോത്സാഹന കരാറുകളുമുണ്ട്. ആസൂത്രിത കുറ്റകൃത്യങ്ങളുടെ നിരക്കും ഉയര്‍ന്ന കടബാധ്യതകളും ക്ലോഡിയ ഭരണകൂടത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. മാത്രമല്ല, വിവാദ ജുഡീഷ്യല്‍ പരിഷ്‌കരണവും ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. ലോപ്പസ് സര്‍ക്കാരാണ് ഈ പരിഷ്‌കരണം കൊണ്ടുവന്നത്. 2030-വരെയാണ് പ്രസിഡന്റ് പദത്തില്‍ ക്ലോഡിയയുടെ ഭരണകാലാവധി.