കണ്ണാടിയിൽ തന്റെ നിഴലിനെ നോക്കി നിൽക്കുക എന്നത് എന്തോ ഒരു മോശപ്പെട്ട കാര്യമായാണ് പലരും ഇന്നും വിചാരിക്കുന്നത്.. അറിയപ്പെടുന്ന ഒരു സാഹിത്യകാരൻ ഒരിക്കൽ പ്രസംഗിക്കുന്നത് കേട്ടു.. കണ്ണാടി നോക്കുന്ന അമ്മമാരുടെ മക്കൾ കണ്ണാടി നോക്കി അവരുടെ സമയവും കളയും എന്ന്.
എന്നെത്തന്നെ കാണിച്ചു തരുന്ന കണ്ണാടിയെ ഞാൻ വളരെ പ്രധാനപ്പെട്ടതായി കാണുന്നു.
കണ്ണാടിനോട്ടം അത്ര മോശപ്പെട്ട കാര്യമല്ല എന്ന് മാത്രമല്ല വളരെ ആവശ്യമുള്ളതുമാണ്
കുട്ടിക്കാലം മുതൽ കണ്ണാടി നോക്കാറുണ്ടായിരുന്നു.. അമ്മ കുളിപ്പിച്ചൊരുക്കി കവിളിൽ ഒരു ഉമ്മ തരുമ്പോൾ ഞാനും അമ്മയ്ക്ക് ഒരു ഉമ്മ കൊടുക്കും.. പിന്നീട് ഞാൻ കണ്ണാടിയിൽ പോയി നോക്കും.. കണ്ണ് എഴുതി പൊട്ടുതൊട്ട എന്നെ കാണാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു
ഈ കണ്ണാടി എന്താണെന്നൊന്നും ആ കാലത്ത് ആലോചിച്ചിട്ടില്ല
വളരുംതോറും എന്നെ എങ്ങനെയാണോ എനിക്ക് കാണാൻ ഇഷ്ടം അതുപോലെ കണ്ണാടി നോക്കി ഞാൻ എന്നിൽ മാറ്റങ്ങൾ വരുത്തി.
കൂടുതൽ ചിന്തിക്കാൻ തുടങ്ങിയപ്പോൾ മുതൽ കണ്ണാടി ഇല്ലാത്തപ്പോഴും മുന്നിലൊരു കണ്ണാടി ഉള്ളതുപോലെ തോന്നി..
ആ കണ്ണാടിയിൽ എന്റെ ശരീരവും മനസ്സും സദാ പ്രതിഫലിച്ചുകൊണ്ടിരുന്നു.
ഞാൻ നല്ലത് ചെയ്യുമ്പോഴും മോശം ചെയ്യുമ്പോഴും കണ്ണാടിയിൽ നിന്ന് അഭിനന്ദനങ്ങളും കുറ്റപ്പെടുത്തലുകളുമുണ്ടായി.
കണ്ണാടി നോക്കി ഞാൻ മുഖവും ശരീരവും മനസ്സും നവീകരിച്ചു കൊണ്ടിരുന്നു..
ഇടയ്ക്ക് എപ്പോഴൊക്കെയോ എഴുത്തുകാരൻ പറഞ്ഞതുപോലെ, കണ്ണാടിയിൽ നോക്കുന്നത് സമയം പോക്കാനുള്ള ഒരു കാര്യമാണെന്നും ഗൗരവപ്പെട്ടതൊന്നും ചെയ്യാനില്ലാത്തവർ മാത്രം ചെയ്യുന്ന കാര്യമാണെന്നും പലരും പറഞ്ഞു.
ഒരിക്കലും കണ്ണാടി നോക്കാതെ ജീവിക്കുന്നവരെയും ഞാൻ കണ്ടു.
എന്നിട്ടും കണ്ണാടി നോട്ടം ഞാൻ ഉപേക്ഷിച്ചതേയില്ല.
എന്നുമാത്രമല്ല ആറു പതിറ്റാണ്ടിന്റെ ജീവിതത്തിന് ശേഷം ഞാൻ വിശ്വസിക്കുന്നത്, എല്ലാവരും എല്ലാദിവസവും കണ്ണാടിയിൽ ഒരിക്കലെങ്കിലും തങ്ങളുടെ പ്രതിഫലനത്തിൽ തെളിയുന്ന കണ്ണിൽ നോക്കണം എന്നാണ്.
അന്നന്ന് ചെയ്ത ഓരോ കാര്യത്തെക്കുറിച്ചും അപ്പോൾ ഓർമ്മിക്കാൻ സാധിക്കും.സ്വന്തം കണ്ണുകൾ അവരോട് സംസാരിക്കും.
അപ്പോൾ കാഴ്ച ശക്തി ഇല്ലാത്തവരോ എന്നൊരു ചോദ്യമുണ്ട്.. കണ്ണില്ലാത്തവർ ശബ്ദം കൊണ്ട് കാണും.. സ്പർശം കൊണ്ട് കാണും. ഗന്ധങ്ങളിൽ കൂടി കാണും. രുചികളിൽ കൂടി കാണും.. ശരീരത്തിലെ ഓരോ കോശവും കണ്ണുകളാണ്.. പലതരം കാഴ്ചകളും അനുഭവങ്ങളും തരുന്ന കണ്ണുകൾ!
കണ്ണാടിയെ കുറിച്ച് ആത്മവിശ്വാസത്തോടെ ചിന്തിക്കാൻ തുടങ്ങിയത് എന്നോ ഒരിക്കൽ ശ്രീനാരായണ ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയെ കുറിച്ച് അറിഞ്ഞപ്പോഴാണ്.
വളരെ കുട്ടിയായിരുന്നപ്പോൾ മുതൽ ഗുരുവിനെ കുറിച്ച് കേട്ടിരുന്നു.
എന്റെ അമ്മയുടെ അമ്മ ചെറിയ കുട്ടിയായിരുന്നപ്പോൾ ഗുരുവിനെ കാണാൻ പോയ കഥ വളരെ പ്രസിദ്ധമാണ്.
സുഹൃത്തായ ശ്രീനാരായണ ഗുരുവിനെ കാണാൻ അച്ഛൻ പോയപ്പോൾ കുട്ടിയും കൂടെ പോയതാണ്.
പച്ചക്കിളികളെ പിടിക്കാൻ ഓടിനടന്ന പെൺകുട്ടിയോട്
( ലളിതാംബിക അന്തർജ്ജനം ) അന്ന് ഗുരു ചോദിച്ചു "കിളിയെ പിടിച്ചോ?"
'ഇല്ല കിളിയെ പിടിച്ചില്ല "
വാത്സല്യത്തോടെ ഗുരു വീണ്ടും ചോദിച്ചു.
"എന്താ പിടിക്കാത്തെ?"
" കിളി പറന്നുപോയി"
കുട്ടി പറഞ്ഞു.
അപ്പോൾ ഗുരു ചോദിച്ചു "എന്താ കൂടെ പറക്കാഞ്ഞേ?"
അപ്പോൾ കുട്ടി ആലോചിച്ച് പറഞ്ഞു "കൂടെ പറക്കാൻ എനിക്ക് ചിറകുകൾ ഇല്ലല്ലോ!"
അപ്പോൾ ഗുരു ഇങ്ങനെ പറഞ്ഞു "ചിറകുകൾ ഉണ്ടാകണം. അതാണ് മിടുക്ക്"
അന്ന് ആ കുട്ടിക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല. വളർന്നപ്പോൾ ആ കുട്ടി തന്നെ അതിന്റെ അർത്ഥത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്വപ്നത്തെക്കുറിച്ചും എഴുതി.
"നന്നായി വരും.." എന്നു പറഞ്ഞുകൊണ്ട് ആ യുഗപുരുഷൻ തന്റെ വിരലുകൾ ആ കുട്ടിയുടെ നെറുകയിൽ വച്ച് അനുഗ്രഹിച്ചു.
ഒരു തലോടലിന്റെ അരുവി, തുള്ളികളായി താഴേക്ക് തട്ടിത്തെറിച്ചു വരുന്നതുപോലെ എന്റെ നെറുകയിലും പതിയുന്നു.. ഭൂമിയിലെ മനുഷ്യരുടെ സാഹോദര്യത്തിന്റെ ഈർപ്പം അതിൽ അടങ്ങിയിരുന്നു.
ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ വളരെ പ്രശസ്തമാണ്.
അതറിയാൻ ഞാൻ ശ്രമിച്ചു.
ആ കണ്ണാടിക്കകത്തേക്ക് ഞാൻ വീണു പോയി. ഇപ്പുറത്തുള്ളത് എല്ലാം കണ്ണാടിക്കുള്ളിലും ഉണ്ടായിരുന്നു..
കരച്ചിൽ, സന്തോഷം, സ്നേഹം, കാറ്റ്, വെളിച്ചം, ഇരുട്ട്, വിചാരങ്ങൾ,വികാരങ്ങൾ, എല്ലാമെല്ലാം! എന്റെ പ്രപഞ്ചമാകെ കണ്ണാടിക്കുള്ളിലും ഉണ്ടായിരുന്നു.
കണ്ണാടി വെറും കണ്ണാടി അല്ല എന്ന് ആദ്യമായി എനിക്ക് തോന്നി,. വസ്ത്രം ധരിച്ചോ ധരിക്കാതെയോ, വിവിധതരം വസ്ത്രം മാറിമാറി ധരിച്ചോ, മുഖം ഒരുങ്ങിയോ ഒരുങ്ങാതെയോ, എന്നെത്തന്നെ കണ്ടു വിലയിരുത്താനുള്ള ഒരു ഉപാധിയല്ല കണ്ണാടിനോട്ടം എന്നെനിക്ക് തോന്നി
കണ്ണാടി എനിക്ക് ഓർമ്മയാണ് ജീവിതമാണ്. ഓർമ്മയില്ലെങ്കിൽ ഒന്നും അനുഭവിച്ച് ജീവിക്കാൻ സാധ്യമാകാത്ത പോലെ, കണ്ണാടി ഇല്ലെങ്കിൽ ഒന്നും തിരിച്ചറിയാൻ സാധിക്കുന്നില്ല.
ഞാൻ അന്വേഷിക്കുന്ന എന്തും കിട്ടുന്ന ഒരേയൊരു സ്ഥലം കണ്ണാടിയാണെന്ന് എനിക്ക് തോന്നി.
ഗുരു ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണാടിയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ഗുരു സംസാരിക്കുന്നുണ്ടായിരുന്നു.. ഗുരു പരമ്പരകളെ തന്നെ ഗുരു കാണിച്ചു തന്നു.
സംഭവിക്കുന്നത് എന്തും ഒരു പുഞ്ചിരിയോടെ നേരിടാൻ, എന്തിനോടും, ആരോടും ക്ഷമിക്കാൻ നിരന്തരം കണ്ണാടി പഠിപ്പിച്ചു കൊണ്ടിരുന്നു. ആരെയും സ്നേഹിക്കാനും!
എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഞാനായിരുന്നു..
കണ്ണാടിയിൽ എന്നെ വേദനിപ്പിക്കുന്നതെന്തും ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു..
വിഷാദാവസ്ഥയിൽ എന്നെ കാണാൻ എനിക്കിഷ്ടമല്ലായിരുന്നു, എനിക്കുവേണ്ടി തന്നെ ഞാൻ എന്നെ പരിഷ്കരിച്ചുകൊണ്ടിരുന്നു..
അതുകൊണ്ട് എന്റെ ചുറ്റിലും നിന്നവർ കൂടുതൽ സന്തോഷമുള്ളവരായിതീർന്നു. എന്റെ സന്തോഷം സ്വീകരിക്കുന്നവരെ കണ്ട് എനിക്ക് മതിയാകുന്നില്ല.
കണ്ണാടിയിൽ നോക്കിയപ്പോൾ ഒരിക്കൽ ഗുരു പറഞ്ഞു.
"എല്ലാത്തിനെയും കണ്ണു കാണുന്നുണ്ട്.. പക്ഷെ കണ്ണിനെ കണ്ണ് കാണുന്നില്ലല്ലോ.എന്നാൽ നീ ഒരു കണ്ണാടിക്ക് മുന്നിൽ നിൽക്കൂ.. അപ്പോൾ നിന്റെ കണ്ണ് ആ കണ്ണാടിയിൽ നിഴലിക്കുന്നു. നോക്കൂ... കണ്ണ് കണ്ണാടിയെയും നിന്റെ നിഴലിനെയും കാണുന്നു. നിഴലിനു ജീവൻ ഇല്ലല്ലോ! അതിന് കണ്ണിനെ കാണാൻ പറ്റില്ലല്ലോ! കണ്ണും കണ്ണിന്റെ നിഴലും, കണ്ണിൽ കാണാതെയിരിക്കുമ്പോൾ കണ്ണിനെ കാണുന്നത് നാം ആകുന്നു. കണ്ണാടിയുടെ മുമ്പിൽ നിൽക്കുമ്പോൾ നാം അതിൽ നിഴലിക്കുന്നു. ഒരു കണ്ണാടിയെ സങ്കൽപ്പിക്കുമ്പോൾ പോലും നാം ആ കണ്ണാടിയിൽ നിഴലിക്കുന്നു.
പ്രപഞ്ചം എന്ന കണ്ണാടി,അതിനുള്ളിൽ നിൽക്കുന്ന നമ്മുടെ നിഴൽ, കണ്ണ്, കൈയിലിരിക്കുന്ന ഒരു കണ്ണാടി,ആ കണ്ണാടിയുടെ ഉള്ളിൽ നിൽക്കുന്ന കണ്ണിന്റെ നിഴൽ! ഇവയെല്ലാം നമുക്ക് കീഴടങ്ങി നിൽക്കുന്നു.
ഇതൊക്കെ കാണുന്ന കണ്ണ് നാമാകുന്നു. കാഴ്ചകൾ തേടുന്ന, കാഴ്ചകൊണ്ട് അറിവുകൾ നേടുന്ന, കാഴ്ചവഴിയുള്ള അനുഭവങ്ങൾ കൊണ്ട് സ്ഫുടം ചെയ്തെടുക്കുന്ന, നമ്മുടെ കണ്ണ് തന്നെയാണ് ദൈവം!ആ കണ്ണിനെ നിഴലുപോലെ കാട്ടിത്തരുന്ന കണ്ണാടി, അതൊരിക്കലും ഉപേക്ഷിക്കരുത്.. പക്ഷെ..."
ഗുരു പറഞ്ഞു നിർത്തി" ഈ പ്രപഞ്ചം മഷിനോട്ടക്കാരന്റെ മഷിയിൽ തെളിയുന്ന ദേവത പോലെയാണ്, വെറും നിഴൽ!"
ഞാൻ അല്പം പരിഭ്രാന്തയായി!
കണ്ണാടിയിൽ കാണുന്ന നിഴൽ സത്യമോ മിഥ്യയോ?ഞാൻ സത്യമെങ്കിൽ,കണ്ണാടി സത്യമെങ്കിൽ,നിഴലും സത്യം തന്നെ! സദാ ചലനം സംഭവിക്കുന്ന സത്യം എന്നെനിക്ക് തോന്നി
ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ ന്യൂറോ സംബന്ധമായ അസുഖം വരുന്നവരുടെ റിഹാബിലിറ്റേഷൻ കണ്ണാടി ഉപയോഗിച്ച് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആക്സിഡന്റായി വരുന്നവരെ വീണ്ടും നടത്തിപ്പിക്കുമ്പോൾ ഫിസിയോതെറാപ്പിസ്റ്റുകൾ മുഴുനീള കണ്ണാടി ഉപയോഗിക്കുന്നത്, അതിൽ നോക്കി രോഗികളോട് നടക്കാൻ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.. അപ്പോഴൊക്കെ ഞാൻ കണ്ണാടിയെ മനസാ തൊഴുതിയിട്ടുണ്ട്.. രോഗികളായ മനുഷ്യർ അവരുടെ ദൈവത്തെ കണ്ണാടിക്കുള്ളിൽ പെട്ടെന്ന് തിരിച്ചറിയുന്നു.
ഞാൻ കുഞ്ഞിലെ അറിഞ്ഞ കഥകളിലെ ദൈവങ്ങളെ ഒന്നും നേരിട്ട് കണ്ടിട്ടില്ല. കൃഷ്ണനായാലും, വിഷ്ണു ആയാലും ശിവനായാലും, മറ്റു മുപ്പത്തിമുക്കോടി ദൈവങ്ങളായാലും, ഒരാളെയും ഞാൻ നേരിൽ കണ്ടിട്ടില്ല.. യേശുവിനെയോ അല്ലാഹുവിനെയോ ഞാൻ നേരിൽ കണ്ടിട്ടില്ല.. എന്നാൽ മനുഷ്യരിൽ കൂടി ഞാൻ ഇവരുടെയെല്ലാം പ്രതിഫലനങ്ങൾ കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്..
ഞാൻ നോക്കുമ്പോൾ എന്നെ കാണിച്ചു തരുന്ന കണ്ണാടി, കണ്ണാടി കാണിച്ചു തരുന്ന മറ്റൊരു കാഴ്ച പോലെയാണത്.
പ്രപഞ്ചത്തിലെ പ്രേമ ശക്തികളെയും ഈശ്വരന്മാരെയും ആറ്റികുറുക്കി എടുത്തത് പോലെയുള്ള ഒരു രൂപം കണ്ണാടിയിൽ നോക്കുമ്പോൾ അഗാധതയിൽ എവിടെയോ ഞാൻ കാണാറുണ്ട്..
മറ്റാരു നോക്കിയാലും ആ രൂപത്തെ കാണില്ല.. ആർക്കും വെളിപ്പെടാത്ത ഒരു ദിവ്യ രഹസ്യം!
പക്ഷേ കണ്ണാടിയിൽ നോക്കുന്ന ഓരോരുത്തർക്കും ഓരോരോ രൂപമായി അത് തെളിയും..
ഞാൻ കാണുന്ന രൂപം എന്റെ എല്ലാമാണ്. അവിടെനിന്നാണ് ഞാൻ സ്നേഹിക്കുന്നവർക്ക് വേണ്ടതെല്ലാമെടുത്ത് ചൊരിയുന്നത്..
കണ്ണാടിനോട്ടം വേണ്ടെന്ന് ലോകത്തെ ഏത് ശക്തി പറഞ്ഞാലും ഞാനത് അനുസരിക്കില്ല.
അല്ലെങ്കിൽ ഞാൻ നോക്കുന്ന കണ്ണാടി പൊട്ടണം.. അത് പൊട്ടാൻ ഞാൻ ഇല്ലാതെയാകണം. പിന്നെ എന്നോടൊപ്പം എന്റെ എല്ലാം നശിക്കും.
1927 ജൂൺ 14 അതിരാവിലെ നാലുമണിക്ക് കളവംകോടം ക്ഷേത്രത്തിൽ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തി. അത് ഒരു ആത്മ പ്രതിഷ്ഠയായിരുന്നു..
നോക്കുന്ന ആളെ കാണിച്ചു തരുന്ന പ്രതിഷ്ഠ! കുറ്റവും തെറ്റുമുള്ള മനുഷ്യനെ സ്വയം തിരുത്താൻ ശക്തിയുള്ള ദൈവം!
ഓരോ മനുഷ്യന്റെ ഉള്ളിലും, മുന്നിലും ഉയർന്നുവരുന്നു കണ്ണാടി..!
തിരുത്താനും കൂടെ ചേർക്കാനും കൂട്ടുകൂടാനും പരിഷ്കരിക്കപ്പെടാനും മുന്നോട്ടുപോകാനും വഴി കാണിച്ചു തരുന്ന, അവശ്യം വേണ്ട കണ്ണാടി!
അത്ഭുതക്കണ്ണാടി!
ഇന്നും ഞാൻ നോക്കി.. നന്നായി വരും എന്നു പറഞ്ഞു നെറ്റിയിൽ തടവിയ ആ വിരലുകൾക്കൊപ്പം സമഭാവനയുടെ ഊഷ്മളത നിറഞ്ഞ കണ്ണുകൾ കണ്ണാടിയിൽ നിന്ന് എന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു .
Content Highlights: Explore the profound meaning of mirrors for self-reflection, personal growth, and spiritual connection, inspired by Sree Narayana Guru`s philosophy.
Published: 04 Oct 2025, 09:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented