പ്രില്‍ 22ന്, ജമ്മു-കാശ്മീരിലെ പഹല്‍ഗാമില്‍ 25 ഇന്ത്യക്കാര്‍ ഭീകരരുടെ വെടിയേറ്റ് മരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യന്‍ തുറമുഖപട്ടണമായ ജിദ്ദയിലായിരുന്നു. രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ മോദി പരിപാടി വെട്ടിച്ചുരുക്കി ഉടന്‍ ഡല്‍ഹിയിലേക്ക് പറന്നു. പഹല്‍ഗാം ദുരന്തത്തില്‍ ഇന്ത്യക്ക് ആദ്യത്തെ പിന്തുണ സൗദിയില്‍ നിന്നായത് അപ്പോള്‍ സ്വാഭാവികം. ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യയോട് സൗദി ഭരണകൂടം പുലര്‍ത്തിപ്പോന്ന വലിയ അടുപ്പവും പിന്തുണപ്രഖ്യാപിക്കലിന് കാരണമായി പറയാം. എന്നാല്‍ അതിന് മുമ്പുള്ള സൗദിയുടെ രാഷ്ട്രീയകാലാവസ്ഥ ഓര്‍ത്താല്‍ സൗദിയുടെ പിന്തുണയെ അത്ര ചെറിയൊരു പിന്തുണയായി നമുക്ക് നിസ്സാരവല്‍ക്കരിക്കാനാവില്ല. ഇനി മേയ് ഏഴിന് ശേഷമുള്ള ദിവസങ്ങളിലേക്ക് വരാം. പഹല്‍ഗാം ആക്രമണത്തിന് പാകിസ്താന് ഇന്ത്യ തിരിച്ചടി നല്‍കിയ ദിവസമാണ് മേയ് 7. മേയ് 8ന് ഡല്‍ഹിയില്‍ മുന്നറിയിപ്പില്ലാതെ ഒരു വിദേശ അതിഥി പറന്നെത്തി. അന്താരാഷ്ട്ര നയതന്ത്രതലത്തില്‍ മുന്‍കൂട്ടി പരിപാടികളൊന്നും ക്രമീകരിക്കാതെ ഡല്‍ഹിയിലെത്തിയത് സൗദി അറേബ്യയുടെ വിദേശകാര്യസഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആണ്. അദ്ദേഹം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി നേരേ പറന്നു, ഇസ്ലാമബാദിലേക്ക്. അവിടെ പാകിസ്താന്‍ വിദേശകാര്യമന്ത്രി ഇഷ്ഹാക് ദാറുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ പാകിസ്താനിലെ ഭീകരതാവളങ്ങള്‍ തകര്‍ത്ത ശേഷം ദക്ഷിണേഷ്യയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ ശമിപ്പിക്കാനുള്ള ഇടപെടലായിരുന്നു സൗദിയുടേതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. മന്ത്രി അല്‍ജുബൈറില്‍ സൗദിയുടെ ഇടപെടല്‍ ഒതുങ്ങിയില്ല. മേയ് 9നും 10നുമായി സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യയുടെയും പാക്കിസ്താന്റെയും വിദേശകാര്യമന്ത്രിമാരെ ഫോണില്‍ വിളിച്ച് സംസാരിച്ചു.

To advertise here,

മുന്‍കാലങ്ങളിലെ പോലെ സമീപകാലത്തും പാകിസ്താന് കടുത്ത സാമ്പത്തികവെല്ലുവിളികളില്‍ സൗദി അറേബ്യയുടെ തുണയുണ്ടായിട്ടുണ്ട്. ആ സൗദിയോട് പാകിസ്താന് കടപ്പാടുണ്ട്. എന്നുവച്ച് 20ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലും 21ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും സൗദി പുലര്‍ത്തിപ്പോന്ന പ്രതിപത്തി അതേപടി ഇപ്പോഴും പാകിസ്താനോട്‌ തുടരുന്നുണ്ട് എന്നാണോ അര്‍ഥമാക്കേണ്ടത്. അല്ല. സൗദി അറേബ്യ മാറിയിരിക്കുന്നു. സൗദിയുടെ മാറ്റം പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയത്തില്‍ വരുത്തിയ ചലനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പ്രതിധ്വനിക്കുന്നു. ഇന്ത്യാ- പാക് സംഘര്‍ഷത്തിന്റെ ഗതിവിഗതികളിലും അതുളവാക്കുന്ന സ്വാധീനം പ്രകടമാണ്. പ്രത്യേകിച്ച് തുര്‍ക്കി പാകിസ്താന് സര്‍വ്വവിധ ഒത്താശയും പിന്തുണയും നല്‍കിക്കൊണ്ട് നില്‍ക്കുമ്പോള്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്താന് പരസ്യപിന്തുണ നല്‍കിയ ഒരേയൊരു രാജ്യമാണ് തുര്‍ക്കി. ഇന്ത്യയും പാകിസ്താനും പോര് അവസാനിപ്പിച്ചത് അമേരിക്കന്‍ ഇടപെടല്‍ കൊണ്ടാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദം മുഴക്കിയപ്പോള്‍ സൗദി ഭരണകൂടം അത്തരം വീരവാദങ്ങളിലേക്കൊന്നും പോയില്ല. എന്നാല്‍ സൗദിയുടെ ഇടപെടലിന് അമേരിക്കയുടേതിനേക്കാളും ഗൗരവം ഇന്ത്യ കല്‍പ്പിക്കുന്നുണ്ടെന്നതിന് സംശയമില്ല. ഏപ്രില്‍ 22ന് രാത്രി, ജിദ്ദയില്‍ നിന്ന് മടങ്ങും മുമ്പ് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ഊര്‍ജം, പ്രതിരോധം, വ്യാപാരം മേഖലകളില്‍ വന്‍സഹകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ധാരണയുണ്ടാക്കിയിരുന്നു. ഇതിലെടുത്തു പറയേണ്ടത് പ്രതിരോധ സഹകരണമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ പോരാട്ടത്തിനെതിരെ ഇരുവരുടെയും സംയുക്ത ആഹ്വാനത്തിന് മുഴക്കമേറെയാണ്. 2010വരെ സൗദി അറേബ്യ പാകിസ്താനുമായി പുലര്‍ത്തിപ്പോന്നിരുന്ന ഗാഢസൗഹൃദം വച്ചുനോക്കുമ്പോള്‍.

70കളില്‍ തുടങ്ങിയ ബന്ധം 

1970കളില്‍ തുടങ്ങിയതാണ് പാകിസ്താന്‍-സൗദി അറേബ്യ സൗഹൃദം. ഇസ്ലാമിക് ബ്രദര്‍ഹുഡിന്റെ പേരില്‍ പാക്കിസ്താന്‍ സൗദിക്ക് സൈനിക, പൊലീസ് സേവനങ്ങള്‍ നല്‍കിത്തുടങ്ങിയത് അക്കാലത്ത്. 1970കളിലും 80കളിലും 15000 വരെ പാക് സേനാംഗങ്ങളാണ് സൗദിയില്‍ തമ്പടിച്ചിരുന്നത്. സൗദി പട്ടാളത്തിന് പാക്സേന വന്‍തോതില്‍ പരിശീലനം നല്‍കിപ്പോന്നു. ചെറിയതോതില്‍ ആയുധവില്‍പ്പനയും. പകരം പാകിസ്താന് കിട്ടിയതോ, ശതകോടിക്കണക്കിന് ഡോളര്‍. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെതിരെ അഫ്ഗാന്‍ ജിഹാദ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പാകിസ്താന് സൗദി കൈയയച്ച് പണം നല്‍കിക്കൊണ്ടിരുന്നു. പാകിസ്താന്‍ സൗദിയെ ഭംഗിയായി ഉപയോഗപ്പെടുത്തുകയായിരുന്നു. ആഘാതം സൗദി ആദ്യം തിരിച്ചറിഞ്ഞില്ല. ക്രമേണ സൗദി തിരിച്ചറിഞ്ഞുതുടങ്ങി. ഭീകരവാദം തളിര്‍ത്തപ്പോള്‍ സൗദി ഉണര്‍ന്നു. അറേബ്യന്‍ ചക്രവാളത്തില്‍ അല്‍ക്വയ്ദ വളര്‍ന്നതും ഇത് പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ആയി രൂപാന്തരപ്പെട്ടതും സൗദിക്കും ഭീഷണിയായി. പാകിസ്താന്റെ നീക്കങ്ങള്‍ സൗദി മനസ്സിലാക്കിയതോടെ കൂട്ടുകെട്ടില്‍ നിന്നൊരു വിടുതലിനുള്ള വഴി തേടലായി അവര്‍. പാകിസ്താനെ കണ്ണടച്ച് വിശ്വസിച്ചാലത് ദോഷമാകുമെന്ന തിരിച്ചറിവ് സൗദിയെ ഇരുത്തിച്ചിന്തിപ്പിച്ചു. ഗള്‍ഫ് സാമ്രാജ്യങ്ങള്‍ക്കാകെ വെല്ലുവിളിയുയര്‍ത്തി അറബ് വസന്തം പൊട്ടിപ്പുറപ്പെട്ടതും ഇക്കാലത്താണ്. അമേരിക്ക ഗള്‍ഫ് രാജ്യങ്ങളെ കൈവിട്ട് അറബ് വസന്തത്തെ പിന്തുണച്ചു. അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായ ആക്രമണത്തോടെ, സൗദി അറേബ്യയെ അടക്കം നിരീക്ഷണവലയത്തിലാക്കി അമേരിക്കന്‍ സാമ്രാജ്യം. ഇതോടെ വിദേശനയത്തില്‍ അഴിച്ചുപണി വേണമെന്ന ചിന്തയിലേക്ക് സൗദി സാമ്രാജ്യം ക്രമേണ മാറി.

ഇന്ത്യ തക്കസമയത്ത് ഇടപെടാതിരുന്നില്ല. 2010ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ സൗദി സന്ദര്‍ശനം വഴിത്തിരിവായി. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് മാറാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കി. സൗദി മാറ്റമാഗ്രഹിച്ചിരുന്നു. പരസ്പരം കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടിയില്‍ ഇന്ത്യയും സൗദിയും ഒപ്പുവച്ചു. 2012ല്‍ സൗദി അറേബ്യ സന്ദര്‍ശിച്ച പ്രതിരോധമന്ത്രി എ.കെ. ആന്റണി, അതിലൂടെ ആ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രതിരോധമന്ത്രിയായി. മതതീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സന്ധിയില്ലാ പോരാട്ടത്തിന് ആഹ്വാനം ചെയ്താണ് ആ സന്ദര്‍ശനപരിപാടി പര്യവസാനിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ആശങ്കകള്‍ക്കൊപ്പം നിലകൊള്ളുമെന്ന് ആദ്യമായി സൗദി പ്രഖ്യാപിച്ചു. കൊടും കുറ്റവാളിയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് അബു ജുന്‍ഡാലിനെ ഇന്ത്യക്ക് 2012ല്‍ സൗദി വിട്ടുനല്‍കി. ഇന്ത്യയില്‍ 10,000 കോടി ഡോളറിനുള്ള നിക്ഷേപപദ്ധതികളിലാണ് സൗദി അക്കുറി ഒപ്പുവച്ചത്. പ്രതിരോധരംഗത്ത് സംയുക്ത ഉല്‍പ്പാദനത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. നാല്‍പ്പതിലധികം ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ ആസ്ഥാനം കണ്ടെത്തി.

2015ലെ യമന്‍ കലാപത്തില്‍ സൗദിക്ക് വേണ്ടി ഇടപെടാന്‍ പാകിസ്താന്‍ വിസമ്മതിച്ചത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അകലം ഒന്നുകൂടി വര്‍ധിപ്പിച്ചു. പക്ഷേ, പാകിസ്താന് അങ്ങനെ സൗദിയെ അത്രയെളുപ്പത്തില്‍ കൈവിടാനാകുമോ? സൗദിയില്‍ നിന്ന് കിട്ടുന്ന സഹായം പാകിസ്താനെ പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. അത് സൗദി ഭരണകൂടത്തിനറിയാം. പാകിസ്താനെ മെക്കിട്ടുകയറാനനുവദിക്കാതെ, എന്നാല്‍ ആ രാജ്യത്തിന് മേലുള്ള സ്വാധീനം കുറയ്ക്കാതെ കൊണ്ടുപോകാനുള്ള കൗശലം സൗദി ഭരണാധികാരികള്‍ വിദഗ്ദ്ധമായി പുലര്‍ത്തിപ്പോന്നു. പാകിസ്താന്റെ ദാരിദ്ര്യവും അത് മൂലമുള്ള നിസ്സഹായതയും നല്ലപോലെ തിരിച്ചറിയുന്നവരാണ് സൗദിക്കാര്‍. അതുകൊണ്ടാണ് പാകിസ്താന് സൗദി ഇപ്പോഴും സഹായധനമനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷം 300 കോടി ഡോളര്‍ നല്‍കി. കഴിഞ്ഞ ഒക്ടോബറിലാണ് 280 കോടി ഡോളര്‍ സഹായമനുവദിക്കുന്നതിനുള്ള 34 കരാറുകളില്‍ ഒപ്പുവച്ചത്. എണ്ണ ഇറക്കുമതി ചെയ്തതിന് പാകിസ്താന്‍ നല്‍കാനുള്ള 120 കോടി ഡോളര്‍ കുടിശ്ശിക ഒരു വര്‍ഷത്തേക്ക് ഇളവ് ചെയ്തുനല്‍കി. പക്ഷേ, ഇന്ത്യാ- പാക് സംഘര്‍ഷമുണ്ടായപ്പോള്‍ തുര്‍ക്കി ചെയ്തതുപോലെ പാകിസ്താന് സൗദി പിന്തുണ പ്രഖ്യാപിച്ചില്ല. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ നല്‍കി. ഇതാണ് മാറുന്ന സൗദി.

placeholder
പ്രധാനമന്ത്രി നരേന്ദ്ര മോദി രജബ് തയ്യിപ് ഉർദുഗാന് ഒപ്പം | Photo: PTI

തുര്‍ക്കിയുടെ മനസ്സ്

ഇനി തുര്‍ക്കിയിലേക്ക് വരാം. ചൈന കഴിഞ്ഞാല്‍ പാകിസ്താന്റെ ലോകത്തെ രണ്ടാമത്തെ വലിയ ആയുധവിതരണക്കാരാണ് തുര്‍ക്കി. പാകിസ്താന്റെ ഏറ്റവും അടുത്ത സഖ്യകക്ഷി. കാശ്മീര്‍വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് വിരുദ്ധമായി പാകിസ്താന് കണ്ണടച്ച് പിന്തുണ പ്രഖ്യാപിക്കുന്നവര്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ട 300ലധികം പാക് ഡ്രോണുകളിലേറെയും തുര്‍ക്കിനിര്‍മിതങ്ങള്‍. ഫോറന്‍സിക് പരിശോധനയില്‍ തകര്‍ക്കപ്പെട്ട ഡ്രോണുകള്‍ തുര്‍ക്കിനിര്‍മിത അസിസ്ഗാര്‍ഡ് സോങ്കര്‍ മോഡലുകളാണെന്ന് ഇന്ത്യന്‍ കരസേന തന്നെ വെളിപ്പെടുത്തിയതാണ്. പഹല്‍ഗാം ഭീകരാക്രമണശേഷം പാകിസ്താന് മേല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലെ സംഘര്‍ഷസ്ഥിതിയെ കനപ്പിച്ചുനിര്‍ത്തിയിരുന്നു. ഈ ഘട്ടത്തിലാണ് മേയ് 2ന് തുര്‍ക്കിഷ് അഡക്ലാസ് ആന്റി സബ്മറൈന്‍ യുദ്ധക്കപ്പല്‍ കറാച്ചി തുറമുഖത്തെത്തിയത്. ഏപ്രില്‍ 27ന് ടര്‍ക്കിഷ് സി-130 ഹെര്‍ക്കുലിസ് സൈനിക എയര്‍ക്രാഫ്റ്റ് വന്‍ ആയുധശേഖരവുമായി കറാച്ചി വിമാനത്താവളത്തിലെത്തി. എന്നാലിത് ആയുധവുമായി എത്തിയതല്ലെന്നും മറ്റൊരിടത്തേക്ക് പറക്കുന്നതിന് മുമ്പ് താല്‍ക്കാലികതാവളമായി കറാച്ചിയിലെത്തിയതാണെന്നും തുര്‍ക്കി വാദിച്ചു. ഈ വാദം അംഗീകരിച്ചാലും ഇല്ലെങ്കിലും പാക്കിസ്താനും തുര്‍ക്കിയുമായുള്ള പ്രണയബന്ധം ആര്‍ക്കും നിഷേധിക്കാനാവാത്തതാണ്. പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ അപലപിച്ച ഒരേയൊരു രാജ്യമാണ് തുര്‍ക്കി.

ശീതയുദ്ധകാലം മുതല്‍ തുര്‍ക്കിയും പാകിസ്താനും ഒരുമിച്ചാണ്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അവര്‍ പരസ്പരം കൈകോര്‍ത്തു. ഗ്രീസിലെ സൈപ്രസിനായുള്ള തുര്‍ക്കിയുടെ അവകാശവാദത്തെ പരസ്യമായി പിന്തുണച്ച രാഷ്ട്രമാണ് പാക്കിസ്താന്‍. സൈപ്രസ് പിടിക്കാനുള്ള അങ്കാരയുടെ (തുര്‍ക്കി ആസ്ഥാനം) നീക്കത്തിന് 1964ലും 71ലും പാക്കിസ്താന്‍ സൈനികസഹായം നല്‍കിയിട്ടുണ്ട്. സൈപ്രസ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ 'ടര്‍ക്കിഷ് സൈപ്രസി'നെ ആദ്യം അംഗീകരിക്കുക പാകിസ്താനാണെന്ന് പ്രഖ്യാപിച്ചത് 1983ല്‍ പാക് സൈനിക സ്വേച്ഛാധിപതി ജനറല്‍ സിയ ഉള്‍ ഹഖ് ആണ്. തുര്‍ക്കിയില്‍ ആദ്യം പ്രധാനമന്ത്രിയായും പിന്നീട് പ്രസിഡന്റായും തയ്യിപ് എര്‍ദോഗാന്‍ എത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലെ പ്രത്യയശാസ്ത്ര അടിത്തറയും ദൃഢപ്പെട്ടു. 2003 മുതല്‍ എര്‍ദോഗാന്‍ തുര്‍ക്കി പ്രധാനമന്ത്രിയായ ശേഷം പത്ത് തവണയെങ്കിലും പാകിസ്താനിലെത്തിയിട്ടുണ്ട്. പ്രസിഡന്റായ ശേഷം ഏറ്റവുമൊടുവില്‍ പാകിസ്താനിലെത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍.

ഇനി, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയം ചികഞ്ഞാല്‍ തുര്‍ക്കി അവിടെ മത്സരിക്കുന്നത് സാക്ഷാല്‍ സൗദി അറേബ്യയോടും യുഎഇയോടുമാണ്. അതും ഖത്തറുമായി ചേര്‍ന്ന്. ഇക്കാര്യത്തില്‍ അവര്‍ക്ക് കൂട്ട് പാകിസ്താനെയും മലേഷ്യയെയും പോലുള്ള ഗള്‍ഫിതര മുസ്ലിം രാജ്യങ്ങളാണ്. 2019ലെ ക്വാലാലംപൂര്‍ ഉച്ചകോടിയില്‍ പാക്കിസ്താന്‍, മലേഷ്യ, തുര്‍ക്കി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കൈകോര്‍ത്തത് സൗദിക്ക് വെല്ലുവിളിയായാണ് വിലയിരുത്തപ്പെട്ടത്. ഉച്ചകോടിയില്‍ പങ്കെടുക്കരുതെന്ന് പാക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ഖാനോട് അന്ന് സൗദി അഭ്യര്‍ഥിച്ചു. ഇതിന് സൗദിയെ എര്‍ദോഗാന്‍ കുറ്റപ്പെടുത്തി. പാകിസ്താനെ വിരട്ടുന്നു എന്ന്. 2000 മുതല്‍ തുര്‍ക്കിഷ് നാവികസേന പാക് നാവികസേനയുമായി നിരവധി തവണ സംയുക്ത സൈനികാഭ്യാസപ്രകടനം നടത്തി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍. ഇന്ത്യയുമായി ഒരിക്കല്‍പോലും പങ്കാളിയായതുമില്ല. പാകിസ്താനിലെത്തി കാശ്മീരി സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമെന്ന് പ്രഖ്യാപിച്ച എര്‍ദോഗാനോടുള്ള പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തിയത്, ന്യൂഡല്‍ഹിയിലെ തുര്‍ക്കി അംബാസഡറെ നേരിട്ട് വിളിച്ചുവരുത്തിയാണ്. തുര്‍ക്കിയുടെ ആയുധ കയറ്റുമതി ആഗോളതലത്തില്‍ 2015-19നെ അപേക്ഷിച്ച്‌ 2020-24കാലത്ത് 103 ശതമാനമായാണ് ഉയര്‍ന്നത്. ഈ കയറ്റുമതിയില്‍ ഏറ്റവുമധികം പാകിസ്താനിലേക്ക് തന്നെ. തുര്‍ക്കിയുടെ ബേയ് രക്താര്‍ ഡ്രോണുകളും കെമാന്‍കെസ് ക്രൂയിസ് മിസൈലുകളുമടക്കം പാകിസ്താന്‍ അടുത്തിടെ വാങ്ങി. പാക് നാവികസേനയെ ആധുനികവല്‍ക്കരിക്കുന്നതില്‍ തുര്‍ക്കിക്ക് നിര്‍ണായക പങ്കുണ്ട്. 2018ല്‍ തുര്‍ക്കിയുടെ എസ്ടിഎം ഡിഫന്‍സ് ടെക്നോളജിയുമായി ബന്ധപ്പെട്ട് 100 കോടി ഡോളറിന്റെ ഇടപാടിനാണ് പാകിസ്താനുമായി ധാരണയിലെത്തിയത്. പാക് നാവികസേനയ്ക്ക് നാല് അത്യന്താധുനിക യുദ്ധക്കപ്പല്‍ തുര്‍ക്കി കൈമാറി. പാക്കിസ്താനുള്ള തുര്‍ക്കിയുടെ പിന്തുണ ഇന്ത്യയുടെ ചെലവില്‍ വേണ്ടെന്ന് 2013ല്‍ അന്നത്തെ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് പ്രഖ്യാപിച്ചത്.

placeholder

പാക്കിസ്താന്‍ - തുര്‍ക്കി ബന്ധത്തെ ചെറുക്കാനാണ് ഇന്ത്യ പുതിയ ഭൗമരാഷ്ട്രീയസഖ്യത്തിന് നീക്കമാരംഭിച്ചത്. കിഴക്കന്‍ യൂറോപ്പില്‍ ഗ്രീക്ക് പിന്തുണയോടെയുള്ള റിപ്പബ്ലിക് ഓഫ് സൈപ്രസിനെ ഇന്ത്യ പിന്തുണയ്ക്കുന്നത് അങ്ങനെ. നഗോര്‍നോ- കരബാഖിന് മേല്‍ അസര്‍ബൈജാനുമായി തര്‍ക്കത്തിലുള്ള അര്‍മീനിയയെ ഇന്ത്യ പിന്തുണയ്ക്കുന്നു. കാരണം ചൈനയ്ക്കും തുര്‍ക്കിക്കുമൊപ്പം പാകിസ്താനെ പിന്തുണയ്ക്കുന്നവരാണ് അസര്‍ബൈജാന്‍. അര്‍മീനയയുടെ ഏറ്റവും വലിയ ആയുധവിതരണക്കാര്‍ ഇന്ന് ഇന്ത്യയാണ്. മുമ്പ് റഷ്യയായിരുന്നു. അതേസമയം അസര്‍ബൈജാന് പാകിസ്താന്‍ ആയുധങ്ങള്‍ കൈമാറുന്നു. 160 കോടി ഡോളറിനുള്ള കരാറില്‍ അടുത്തിടെ ഏര്‍പ്പെട്ടു. ഇതനുസരിച്ച് ജെഎഫ്- 17, തണ്ടര്‍ബ്ലോക്ക്-3 ഫൈറ്റര്‍ ജെറ്റുകള്‍ നല്‍കും. പാകിസ്താനും തുര്‍ക്കിയും അസര്‍ബൈജാനും ചേര്‍ന്നുള്ള ത്രികക്ഷി ഉച്ചകോടി 2024 ജൂലായിലാണ് നടന്നത്.
    
തുര്‍ക്കിക്ക് ഇന്ത്യ ചില മറുപടികള്‍ നല്‍കാറുണ്ട്. ഇന്ത്യയും പശ്ചിമേഷ്യയും യൂറോപ്പും ചേര്‍ന്നുള്ള സാമ്പത്തിക ഇടനാഴിയില്‍ തുര്‍ക്കിയെ ഒഴിവാക്കിയത് ഉദാഹരണം. ഏഷ്യക്കും യൂറോപ്പിനുമിടയിലെ പാലമാണ് തുര്‍ക്കി. ഇതിനെതിരെ എര്‍ദോഗാന്‍ എതിര്‍പ്പുമായെത്തി. സ്വന്തം നിലയ്ക്ക് ഏഷ്യ- യൂറോപ്പ് ഇടനാഴിക്കായി ശ്രമമാരംഭിച്ചു. 2023ലെ തുര്‍ക്കി ഭൂകമ്പത്തില്‍ ഇന്ത്യ മനുഷ്യത്വപരമായ സഹായം ആ രാജ്യത്തിന് നല്‍കിയതാണ്. പക്ഷേ, അതുകൊണ്ടെന്ത് കാര്യം. തുര്‍ക്കിയും ഇന്ത്യയും തമ്മിലുള്ള സമവാക്യം അടുത്തൊന്നും മാറില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ ഇക്കാര്യം അടിവരയിടുന്നുണ്ട്.  അപ്പോഴെന്താണ് ഇന്ത്യക്ക് വഴി. തുര്‍ക്കിയോട് അസ്വസ്ഥത ഉള്ളിലുള്ള സൗദിയോട് പരമാവധി അടുപ്പമുണ്ടാക്കുക. ഇന്ത്യ അത് നല്ലതുപോലെ ചെയ്യുന്നുണ്ട്.