
അന്താരാഷ്ട്ര സമൂഹം ഒരകലമിട്ട് മാറ്റി നിര്‍ത്തുന്ന ഭീകരസംഘടനയായ താലിബാനെതിരായ നിലപാട് റഷ്യ മയപ്പെടുത്തുകയാണോ? അല്ലെന്ന് പറയാന്‍ പ്രയാസമാണ്. കാരണം കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്. താലിബാന് 2003-ല്‍ നല്‍കിയ ഭീകരസംഘടനയെന്ന പേര് റഷ്യ ഔദ്യോഗികമായി നീക്കം ചെയ്തു. അഫ്ഗാനിസ്താനില്‍ ഭരണം കൈയാളുന്ന താലിബാന്റെ മേലുള്ള നിരോധനം റഷ്യന്‍ സുപ്രീംകോടതിയാണ് നീക്കിയത്. ഭീകരസംഘടനയെന്ന പദവി കോടതിക്ക് താല്‍ക്കാലികമായി റദ്ദാക്കാന്‍ കഴിയുമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം റഷ്യ കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. റഷ്യന്‍ കോടതിയുടെ ഈ നീക്കം താലിബാനെ സംബന്ധിച്ച് ഒരു നയതന്ത്ര വിജയമാണ്. അവരുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലര്‍ത്തുന്നത് റഷ്യന്‍ നിയമപ്രകാരം ശിക്ഷാര്‍ഹമായിരുന്നു. സമീപ വര്‍ഷങ്ങളില്‍, മധ്യേഷ്യന്‍ രാജ്യങ്ങളായ കസാഖ്‌സ്താനും കിര്‍ഗിസ്താനും താലിബാനെ തങ്ങളുടെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് റഷ്യയുടെ നടപടി.
2021 ഓഗസ്റ്റില്‍, രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക നടപടികള്‍ക്ക് ശേഷം യുഎസ്, നാറ്റോ സൈനികര്‍ രാജ്യം വിടുന്നതിന്റെ അവസാന ആഴ്ചകളിലാണ് താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തത്. 2001 സെപ്റ്റംബര്‍ 11-ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ഖയിദ ഭീകരര്‍ തകര്‍ത്തതു മുതല്‍ തുടങ്ങിയതാണ് അഫ്ഗാന്‍ യുദ്ധത്തിന്റെ ചരിത്രം. ആക്രമണത്തിന്റെ സൂത്രധാരനയ അല്‍ഖയിദ തലവന്‍ ഒസാമ ബിന്‍ ലാദനെ പിടികൂടി വധിക്കുകയായിരുന്നു അധിനിവേശത്തിന്റെ ലക്ഷ്യം. 2001 സെപ്റ്റംബര്‍ 26-ന് പഞ്ചശിര്‍വാലിയില്‍ ബോംബിട്ടുകൊണ്ട് തുടങ്ങിയ യുദ്ധം പക്ഷേ എത്തിനിന്നത് അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിന്റെ സമ്പൂര്‍ണ പതനത്തിലാണ്. അല്‍ ഖായിദയ്ക്കും ലാദനും സംരക്ഷണം നല്‍കിയ താലിബാനെ ഭരണത്തില്‍നിന്ന് പുറത്താക്കാനായെങ്കിലും അധിനിവേശാനന്തരം അവര്‍ ശക്തരായി തിരിച്ചെത്തി. 1996 മുതല്‍ 2001 വരെയുള്ള അവരുടെ ആദ്യ ഭരണകാലത്തേക്കാള്‍ മികച്ച ഭരണം താലിബാന്‍ തുടക്കത്തില്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതെല്ലാം വെള്ളത്തില്‍വരച്ച വരപോലെയായി. ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഒറ്റപ്പെടല്‍ നേരിടുന്നതിനിടയിലാണ് താലിബാന് അനുകൂലമായി റഷ്യയുടെ നടപടി.

റഷ്യ- താലിബാന്‍ ബന്ധത്തിന്റെ ചരിത്രം
അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ താല്പര്യങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സോവിയറ്റ് അധിനിവേശത്തിന്റെ അവസാനകാലത്തും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെയും തുടര്‍ന്നുമാണ് റഷ്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലെത്തുന്നത്. പക്ഷേ സാഹചര്യം മെച്ചപ്പെടുത്താന്‍ റഷ്യ കഠിനമായി പരിശ്രമിച്ചിരുന്നു. ബോറിസ് യെല്‍സിന്റെ ഭരണകാലത്ത് 1992-ല്‍ റഷ്യ, അഫ്ഗാന്‍ പ്രസിഡന്റ് നജീബുള്ളയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനുള്ള പിന്തുണ പിന്‍വലിക്കുകയും മുജാഹിദീനുകളുമായി ബന്ധം സ്ഥാപിക്കാന്‍ തുടങ്ങുകയും ചെയ്തു. നജീബുള്ളയുടെ പതനത്തിന് ശേഷം, അഫ്ഗാന്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ അഫ്ഗാനിലെ താജിക് വംശീയവിഭാഗം ആധിപത്യം പുലര്‍ത്തുന്ന മുജാഹിദീന്‍ പ്രസ്ഥാനമായ നോര്‍ത്തേണ്‍ അലയന്‍സിന് (ഉത്തര സഖ്യത്തിന്) റഷ്യ സൈനിക പിന്തുണ നല്‍കി. 1996-ല്‍ താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷവും റഷ്യ നോര്‍ത്തേണ്‍ അലയന്‍സിന് പിന്തുണ നല്‍കുന്നത് തുടര്‍ന്നു.
മറുവശത്ത് റഷ്യയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങളാണ് താലിബാനും നടത്തിയത്. ചെചന്‍ വിമതര്‍ക്ക് താലിബാന്‍ പിന്തുണ നല്‍കി. ഇത് റഷ്യക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നതായിരുന്നു. റഷ്യയിലും മധ്യേഷ്യയിലും സജീവമായിരുന്ന ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബെക്കിസ്താൻ പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് താലിബാന്‍ സുരക്ഷിത താവളമൊരുക്കിയതും അവരുടെ ആശങ്ക വര്‍ധിപ്പിച്ചു. ഇതിനിടെ 1999 മുതല്‍ 2009 വരെ നീണ്ടുനിന്ന രണ്ടാം ചെചെന്‍ യുദ്ധകാലത്ത്, താലിബാന്‍ റഷ്യയ്‌ക്കെതിരേ ചെചെന്‍ പോരാളികളെ സാമ്പത്തികമായും ആയുധങ്ങള്‍ നല്‍കിയും പിന്തുണച്ചു. അസ്ലാന്‍ മസ്ഖാദോവിന്റെ ചെച്‌നിയന്‍ സര്‍ക്കാരുമായി അവര്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചു. 2000 ജനുവരിയില്‍ ചെച്നിയയുടെ ഏകപക്ഷീയമായ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ താലിബാന്‍ അംഗീകരിച്ചതും കാബൂളില്‍ ഒരു ചെചന്‍ എംബസി സ്ഥാപിക്കാന്‍ അനുമതി നല്‍കിയതും റഷ്യയെ പ്രത്യേകിച്ച് പ്രകോപിപ്പിച്ചു.
2001 ഒക്ടോബറില്‍ യു.എസ്. നേതൃത്വത്തിലുള്ള സഖ്യം അഫ്ഗാനിസ്ഥാനില്‍ പ്രവേശിച്ചപ്പോള്‍, റഷ്യ വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും ദൗത്യത്തെ പൂര്‍ണമായി എതിര്‍ത്തില്ല. ഈ ഘട്ടത്തില്‍ പക്ഷേ റഷ്യയുടെ പിന്തുണ താലിബാന്‍ ആഗ്രഹിച്ചിരുന്നു. 2001-ല്‍ അഫ്ഗാനിസ്ഥാന്റെ ആത്മീയ നേതാവ് മുല്ല ഒമര്‍ അമേരിക്കന്‍ ആക്രമണത്തിനെതിരെ പോരാടാന്‍ റഷ്യയും താലിബാനും ഒന്നിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് പിന്നീട് ഒരു ബിബിസി അഭിമുഖത്തില്‍ അന്നത്തെ റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്റെ ചീഫ് ഓഫ് സ്റ്റാഫ് സെര്‍ജി ഇവാനോവ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ റഷ്യ അത് തള്ളിക്കളഞ്ഞു. 2001 നവംബറില്‍ താലിബാന് അധികാരം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെ റഷ്യ കാബൂളില്‍ ഒരു നയതന്ത്ര കാര്യാലയം തുറന്നു. കാബൂളിലെ ഇടക്കാല സര്‍ക്കാര്‍ യുഎസ് അനുകൂലമായിരുന്നെങ്കിലും റഷ്യയുമായുള്ള ബന്ധം സൗഹൃദപരമായിരുന്നു. അഫ്ഗാനിസ്ഥാന് റഷ്യയുടെ സൈനിക പിന്തുണയുമുണ്ടായിരുന്നു.
യു.എസ്. നേതൃത്വത്തിലുള്ള പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയോടെ അഫ്ഗാനില്‍ സര്‍ക്കാര്‍ വന്നിട്ടും റഷ്യ സഹകരണം തുടര്‍ന്നു. 2002-നും 2005-നും ഇടയില്‍ റഷ്യ അഫ്ഗാന്‍ സൈന്യത്തിന് പ്രതിവര്‍ഷം 30 ദശലക്ഷം യു.എസ്. ഡോളര്‍ മൂല്യമുള്ള സൈനികോപകരണങ്ങളും പരിശീലനവും ലോജിസ്റ്റിക് സേവനങ്ങളും നല്‍കി. ഇതിനിടെ 2003-ല്‍ റഷ്യ താലിബാനെ ഔദ്യോഗികമായി ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. യുക്രൈനിലെ ഓറഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് 2004-ല്‍ അഫ്ഗാന്‍-റഷ്യന്‍ ബന്ധവും മോശമായി. 2006-ല്‍, അപ്പോഴേക്കും ഉറച്ച പാശ്ചാത്യ അനുകൂലിയായ കര്‍സായി സര്‍ക്കാരിനുള്ള എല്ലാ സൈനിക സഹായവും റഷ്യ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

റഷ്യ- താലിബാന്‍ ബന്ധം മെച്ചപ്പെടുന്നു
2010-നോടടുത്ത് താലിബാനോടുള്ള റഷ്യയുടെ നിലപാടില്‍ കാര്യമായ മാറ്റം വന്നു. ഔദ്യോഗികമായി, റഷ്യ അവരെ നിരോധിത ഭീകര സംഘടനയായിട്ടാണ് കണക്കാക്കിയിരുന്നതെങ്കിലും അഫ്ഗാന്‍ സമാധാന പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷികളിലൊന്നായി താലിബാനെ അംഗീകരിക്കാന്‍ തുടങ്ങി. 2015-ല്‍ വ്‌ളാദിമിര്‍ പുതിന്‍ ഈ നിലപാടുകള്‍ വിപുലീകരിക്കുകയും താലിബാനുമായി ആശയവിനിമയത്തിനുള്ള വഴികള്‍ സ്ഥാപിക്കുകയും ചെയ്തു. ആ വര്‍ഷം ഡിസംബറില്‍, അഫ്ഗാനിസ്താനിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തെ പ്രതിരോധിക്കാന്‍ റഷ്യ താലിബാനുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനും സുരക്ഷാ നിയന്ത്രണം അഫ്ഗാന്‍ സേനയ്ക്ക് കൈമാറുന്നതിനുമുള്ള യുഎസ് നീക്കങ്ങളുമായി ഒത്തുചേര്‍ന്ന ഈ പ്രഖ്യാപനം ലോകത്തെ അത്ഭുതപ്പെടുത്തി. താലിബാന്‍ പ്രധാനപ്പെട്ട ശക്തിയായി മാറിയപ്പോള്‍ അഫ്ഗാനിസ്താനില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള റഷ്യയുടെ ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരുഘടകം. റഷ്യയും യുഎസും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അധികാര മത്സരവും ഒരു കാരണമായി.
2018 അവസാനത്തോടെ യുഎസും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍, റഷ്യ ഔദ്യോഗികമായി അവയെ പിന്തുണയ്ക്കുകയും അതേസമയം റഷ്യയെ ഉള്‍പ്പെടുത്താത്ത ഏതൊരു സമാധാന സംരംഭത്തെയും ചോദ്യം ചെയ്യുകയും ചെയ്തു. 2019 ഫെബ്രുവരിയില്‍, താലിബാനും യുഎസും തമ്മിലുള്ള ചര്‍ച്ചകള്‍ തുടര്‍ന്നപ്പോള്‍, റഷ്യ-താലിബാന്‍ ബന്ധത്തിലും ഒരു പുതിയ വഴിത്തിരിവുകളുണ്ടായി. പരിമിതമായ പങ്കാളിത്ത സമീപനത്തില്‍ നിന്ന് മാറി നേരിട്ടുള്ള ഇടപെടലിലേക്ക് റഷ്യ നീങ്ങിയതായിരുന്നു പ്രധാനമാറ്റം. 2019 മെയ് മാസത്തില്‍ റഷ്യ-അഫ്ഗാന്‍ നയതന്ത്ര ബന്ധത്തിന്റെ 100 വര്‍ഷം ആഘോഷിക്കാന്‍ മോസ്‌കോയില്‍ ചേര്‍ന്ന യോഗത്തില്‍ അഫ്ഗാന്‍ രാഷ്ട്രീയക്കാര്‍ക്കൊപ്പം താലിബാന്‍ പ്രതിനിധികള്‍ക്കും ക്ഷണമുണ്ടായിരുന്നു. യോഗത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അഫ്ഗാനില്‍ നിന്ന് വിദേശ സൈനികരെ വേഗത്തില്‍ പിന്‍വലിക്കാന്‍ ആഹ്വാനം ചെയ്തു.

2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം ഏറ്റെടുത്തതിനോടുള്ള റഷ്യയുടെ പ്രതികരണത്തിലും മാറ്റം പ്രകടമായിരുന്നു. മറ്റ് മിക്ക രാജ്യങ്ങളെയും പോലെ റഷ്യയും ആ ഘട്ടത്തില്‍ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുകയോ താലിബാനെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയോ ചെയ്തില്ല. പക്ഷേ കാബൂളിലെ റഷ്യന്‍ എംബസി പുതിയ അഫ്ഗാന്‍ ഭരണകൂടവുമായി സംവദിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. 2022 ഏപ്രില്‍ 9-ന്, റഷ്യന്‍ വിദേശകാര്യ മന്ത്രാലയം താലിബാന്‍ നിയമിച്ച ജമാല്‍ നാസിര്‍ ഘര്‍വാളിന് മോസ്‌കോയിലെ അഫ്ഗാന്‍ എംബസിയുടെ ചാര്‍ജ് ഡി അഫയേഴ്‌സ് ആയി അംഗീകാരം നല്‍കി. കാബൂളില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ചുരുക്കം എംബസികളില്‍ ഒന്നാണ് റഷ്യന്‍ എംബസി. 2022 സെപ്റ്റംബറില്‍ താലിബാന്‍ സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളും ഗോതമ്പും ഇറക്കുമതി ചെയ്യാന്‍ റഷ്യയുമായി ഒരു താല്‍ക്കാലിക കരാറില്‍ ഒപ്പുവച്ചു.
2024 ജൂണിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിലേക്ക് റഷ്യ താലിബാനെ ക്ഷണിച്ചു. അഫ്ഗാനിസ്താന്റെ താലിബാന്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘം സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ലോകസാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തപ്പോള്‍ അത് റഷ്യയില്‍ മാത്രമല്ല, ലോകമെമ്പാടും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. 2024 മെയ് 28-ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, റഷ്യ ഉടന്‍ തന്നെ താലിബാനെ തങ്ങളുടെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം, താലിബാനെ തീവ്രവാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം പുതിന്‍ സര്‍ക്കാര്‍ പാസാക്കുകയും ചെയ്തു. 2025 ഏപ്രില്‍ 17-ന്, റഷ്യന്‍ സുപ്രീം കോടതി താലിബാനെ അതിന്റെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്തു.

ഗുണം ആര്‍ക്ക് താലിബാനോ, റഷ്യയ്‌ക്കോ?
ഒരു രാജ്യവും അഫ്ഗാനിസ്താന്റെ നിയമാനുസൃതസര്‍ക്കാരായി താലിബാനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. 1996-നും 2001-നും ഇടയിലുള്ള അവരുടെ മുന്‍ ഭരണകാലത്ത് നിലവിലുണ്ടായിരുന്നതിന് സമാനമായ, കര്‍ശനവും അടിച്ചമര്‍ത്തുന്നതുമായ നിയമങ്ങള്‍ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്നതാണ് താലിബാനോടുള്ള അന്താരാഷ്ട്ര സമീപനത്തിന്റെ കാരണം. അവരുടെ വിവാദനയങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ നിലപാട് അന്താരാഷ്ട്ര സമൂഹം ചോദ്യം ചെയ്തു. 2021-ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ വേളയില്‍ നയങ്ങളില്‍ വലിയ മാറ്റം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതൊന്നും നടപ്പായിട്ടില്ല. അധികാരം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങി. ജോലികളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും സ്ത്രീകളെ വിലക്കി. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ചു. പുരുഷ രക്ഷാകര്‍ത്താക്കളുടെ ഒപ്പമല്ലാതെയുള്ള അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കുകയും ചെയ്തു. മനുഷ്യാവകാശങ്ങളോടുള്ള, പ്രത്യേകിച്ച് സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള സമീപനത്തില്‍ താലിബാന്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍, സമ്പൂര്‍ണ്ണ അന്താരാഷ്ട്ര അംഗീകാരം സാധ്യമായേക്കില്ല. നിരോധനങ്ങള്‍ പിന്‍വലിക്കാന്‍ താലിബാനോട് യുഎന്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഒരു രാജ്യവും ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും ചില രാജ്യങ്ങള്‍ കാബൂളില്‍ എംബസികള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കൂടാതെ ചില രാജ്യങ്ങളിലെ താലിബാന്‍ നിയമിച്ച നയതന്ത്രജ്ഞരെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി താലിബാന്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. മധ്യേഷ്യയിലെ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളായ കസാഖിസ്താനും കിര്‍ഗിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് താലിബാനെ നീക്കം ചെയ്തിരുന്നു. പക്ഷേ, അവര്‍ക്ക് ഇതുവരെ പരോക്ഷമായ അംഗീകാരം മാത്രമാണ് ലഭിച്ചിട്ടുള്ളത്. നയതന്ത്രബന്ധം വിപുലീകരിക്കാന്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ രാജ്യമാണ് റഷ്യ. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് റഷ്യ ഒഴിവാക്കി. താലിബാന് 2003-ല്‍ നല്‍കിയ ഭീകരസംഘടനയെന്ന പേര് റഷ്യ ഔദ്യോഗികമായി നീക്കം ചെയ്തു. താലിബാന്റെ മേലുള്ള നിരോധനം റഷ്യന്‍ സുപ്രീം കോടതിയാണ് നീക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെട്ടതിന് പിന്നാലെയാണ് നടപടി.

താലിബാന്റെ ഭീകരവാദപദവി റദ്ദാക്കാനുള്ള റഷ്യയുടെ നീക്കം അഫ്ഗാന്‍-റഷ്യന്‍ ബന്ധങ്ങളിലും പ്രാദേശിക ഭൗമരാഷ്ട്രീയത്തിലും ഒരു വഴിത്തിരിവാണ്. പാശ്ചാത്യരാജ്യങ്ങള്‍ 2021-ല്‍ രാജ്യത്ത് നിന്ന് പിന്‍വാങ്ങിയതിനേത്തുടര്‍ന്നുണ്ടായ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളെ നേരിടാനും താലിബാനെ ഒരു പാശ്ചാത്യ വിരുദ്ധ ചേരിയിലേക്ക് കൊണ്ടുവരാനുമുള്ള ചൈനയുടെയും റഷ്യയുടെയും വിദേശനയ ശ്രമത്തിന്റെ ഭാഗമായാണ് താലിബാന്‍ ഭരണകൂടവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതെന്നും വിലയിരുത്തലുണ്ട്. മെച്ചപ്പെട്ട ബന്ധങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക പരിഗണനകളുമുണ്ടെന്നതും വസ്തുതയാണ്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുകയും ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ മാത്രം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തന്ത്രപ്രധാനമായ ധാതുക്കളാല്‍ അഫ്ഗാന്‍ മണ്ണ് സമ്പന്നമാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസാന്‍ നടത്തിയ ക്രോക്കസ് സിറ്റി ഹാള്‍ ഭീകരാക്രമണവും പരിഗണിക്കേണ്ട മറ്റൊരു ഘടകമാണ്. ഭീഷണിയുയര്‍ത്തുന്ന മറ്റൊരു ഭീകര സംഘടനയുടെ താവളമായി അഫ്ഗാന്‍ വീണ്ടും മാറിയതും റഷ്യ തിരിച്ചറിഞ്ഞിരുന്നു. ഇതും അഫ്ഗാനിലെ നിലവിലെ ഭരണകൂടവുമായി ബന്ധം സ്ഥാപിക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചിരിക്കാം. എന്നാല്‍ ഭീകരവാദ ഭീഷണി കുറയ്ക്കാന്‍ താലിബാന്‍ എങ്ങനെ സഹായിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
റഷ്യയുടെ നീക്കം അന്താരാഷ്ട്ര അംഗീകാരം നേടാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ടെങ്കിലും അവര്‍ക്ക് മുന്നില്‍ കടമ്പകള്‍ ഏറെയാണ്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും തീവ്രവാദ വിരുദ്ധനീക്കങ്ങളുമുള്‍പ്പെടെ എല്ലാ വിഷയങ്ങളിലും അഫ്ഗാനിസ്താനുമായി യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് റഷ്യ വ്യക്തമാക്കിയത്. അഫ്ഗാനിസ്താന്റെ മധ്യേഷ്യയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പ്രയോജനപ്പെടുത്തി വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യ സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. പാശ്ചാത്യസ്വാധീനത്തെ ചെറുക്കാനും മധ്യ-ദക്ഷിണേഷ്യയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുമുള്ള റഷ്യയുടെ വിശാലമായ പ്രാദേശിക കാഴ്ചപ്പാടിനെയും പിന്തുണയ്ക്കുന്നതാണ് ഈ നടപടി. പക്ഷേ ഇത് റഷ്യയ്ക്കും അഫ്ഗാനിസ്താനും എത്രത്തോളം ഗുണകരമാകുമെന്ന് കാത്തിരുന്ന് കാണണം.
Content Highlights: Russia Removes Taliban from Terror List
Published: 22 Apr 2025, 02:38 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented