ലോകം ഞെട്ടിത്തരിച്ച സംഭവം നടന്നിട്ട് ഇരുപത്തിമൂന്നാണ്ട് കഴിഞ്ഞു. ആധുനിക ലോകക്രമത്തെ 9/11ന് മുന്‍പും പിന്‍പും എന്നാണ് വിളിച്ചു വരുന്നത്. 9/11 എന്നറിയപ്പെടുന്ന സെപ്റ്റംബര്‍ 11 അമേരിക്കന്‍ ജനതയ്ക്ക് നടുക്കുന്ന ഒരു ഓര്‍മദിവസമാണ്. 2001-ലെ ആ ശപിക്കപ്പെട്ട ദിവസം ലോകവ്യാപാര സംഘടനയുടെ ഇരട്ടഗോപുരം ഭീകരാക്രമണത്തില്‍ തകര്‍ത്ത ദിനത്തിന്റെ ഇരുപത്തിമൂന്നാം പതിവുപോലെ കടന്നുപോയി. 2001 സെപ്തംബര്‍ 11-നാണ് 19 അല്‍ഖായ്ദ ഭീകരര്‍ നാല് യാത്രാവിമാനങ്ങള്‍ റാഞ്ചി ന്യൂയോര്‍ക്കിലെയും വാഷിങ്ടണിലെയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇടിച്ചിറക്കിയത്. അമേരിക്കയുടെ അഭിമാനസ്തംഭങ്ങളായി കരുതിയ ലോകവ്യാപാരകേന്ദ്രത്തിന്റെ ഇരട്ടഗോപുരങ്ങള്‍ ആക്രമണത്തില്‍ നിലംപരിശായി. 2996 പേര്‍ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ച 9/11 ഭീകരാക്രമണം. 23 വര്‍ഷം കൊഴിഞ്ഞെങ്കിലും ഇന്നലെ എന്ന പോലെ ഞെട്ടലോടെ ഓര്‍ക്കുന്ന ദിവസംകൂടിയാണ്. നല്ല തെളിഞ്ഞ ആകാശമുള്ള ഒരു സാധാരണ ചൊവ്വാഴ്ച പതിവ് പ്രഭാത തിരക്കുകളില്‍ മുഴുകിയ ന്യൂയോര്‍ക്ക് നഗരത്തെ കാത്തിരുന്നത് തീര്‍ത്തും അസാധാരണമായ സംഭവങ്ങളായിരുന്നു. അതിന്റെ തുടര്‍ചലനങ്ങളാവട്ടെ, ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, മത സ്വഭാവങ്ങളെയും സമവാക്യങ്ങളെയും തീര്‍ത്തും മാറ്റിമറിച്ചവയും.

To advertise here,

നാല് കൊമേഴ്ഷ്യല്‍ വിമാനങ്ങളാണ് അല്‍ ഖ്വയ്​ദ ഭീകരര്‍ ഹൈജാക്ക് ചെയ്തത്. അതിലാദ്യത്തേത്, രാവിലെ 8.46-ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറില്‍ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ അമ്പരന്നുപോയ ആളുകള്‍ പരക്കം പായുമ്പോള്‍ പുകപടലങ്ങളുയര്‍ന്ന ഇരട്ട ടവറിന്റെ തെക്കന്‍ ടവറില്‍ രണ്ടാമത്തെ വിമാനവും വന്നിടിച്ചു കഴിഞ്ഞിരുന്നു. അപ്പോള്‍ സമയം രാവിലെ 9.03 മണി. ഇതേസമയം 370 കിലോമീറ്ററുകള്‍ അകലെയുള്ള, ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമെന്നു കരുതപ്പെടുന്ന പെന്റഗണിനെ ഉന്നംവെച്ച് മൂന്നാമത്തെ വിമാനങ്ങള്‍ പറത്തുകയായിരുന്ന ഭീകരര്‍ കൃത്യം 9.37-ന് ലക്ഷ്യം കാണുന്നു. നാലാമത്തേത് 10.03-ഓടെ പെന്‍iസിൽവാനിയക്കടുത്ത് ഒരു പാടത്ത് തകര്‍ന്നുവീഴുകയായിരുന്നു. സമയം 10.30 ആയപ്പോഴേക്കും അമേരിക്കയുടെ അഭിമാനസ്തംഭം ഡബ്ല്യു.ടി.സി ഇരട്ട ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീണു. തീയും പുകയും പൊടിപടലങ്ങളും കൊണ്ട് മൂടിയ കെട്ടിടത്തില്‍ നിന്നും സ്വരക്ഷ ഓര്‍ത്ത് എടുത്തു ചാടിയവരും അകത്തു പെട്ടുപോയവരുമായി മൂവ്വായിരത്തിനടുത്ത് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നാലു വിമാനങ്ങളിലും കയറിക്കൂടിയ ഭീകരര്‍ (മൊത്തം 19 പേര്‍) യാത്രയ്ക്കിടയില്‍ വിമാനങ്ങള്‍ റാഞ്ചുകയും അവയെ അമേരിക്കയെ ആക്രമിക്കാനുള്ള 'മിസൈലുക'ളായി ഉപയോഗിക്കുകയുമായിരുന്നു. വിദേശികളുടെ ആക്രമണത്തിന് അമേരിക്ക ഇരയാകുന്നത് ഇതാദ്യമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് 1941-ല്‍ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ നടത്തിയ വ്യോമാക്രമണം ഇതിന് സമാനമായിരുന്നു. എന്നാല്‍, പേള്‍ ഹാര്‍ബര്‍ സ്ഥിതിചെയ്യുന്നത് യു.എസ്. വന്‍കരയ്ക്കു പുറത്ത് ഹവായ് ദ്വീപിലാണെങ്കില്‍ ഈ ആക്രമണം യു.എസ്. വന്‍കരയ്ക്ക് അകത്തുവച്ചുതന്നെയായിരുന്നു.

placeholder
വേൾഡ് ട്രേഡ് സെൻ്റർ കെട്ടടത്തിന്റെ മുകൾ നിലകളിൽ നിന്ന് 2001 സെപ്‌റ്റംബർ 11-ന് തീജ്വാലകളും പുകയും ഉയർന്നപ്പോൾ (ഫയൽ ചിത്രം) | Photo: HUBERT MICHAEL BOESL

9/11-ന് ശേഷം ലോകത്ത് ചടുലമായ മാറ്റങ്ങളാണ് വന്നത്. 'വാര്‍ ഓണ്‍ ടെറര്‍' അഥവാ ഭീകരതക്കെതിരെയുള്ള യുദ്ധം എന്ന പേരില്‍ അമേരിക്ക ചെലവാക്കിയത് നാലര ട്രില്യണ്‍ ഡോളറോളണത്രേ. അന്നോളം കേട്ട് കേള്‍വിയില്ലാത്ത രീതിയിലുള്ള തീവ്രവാദ ആക്രമണത്തില്‍ പകച്ചുപോയ ലോകരാജ്യങ്ങളുടെ സമ്മതത്തോടെയും സഹായത്തോടെയും അഫ്ഗാനിസ്താനെയും ഇറാഖിനെയും കയറി ആക്രമിക്കുകയായിരുന്നു അമേരിക്കയും സഖ്യകക്ഷികളും. നിരപരാധികളായ രണ്ട് ദശലക്ഷം ആളുകളുടെയെങ്കിലും ജീവന്‍ അപഹരിച്ചു. അവരുടെ രാജ്യത്തെ കൊള്ളയടിച്ചു. നേതാക്കളെ വേട്ടയാടി കൊല ചെയ്തു.

ലോകത്ത് പല നഗരങ്ങളിലും തീവ്രവാദി ആക്രമണങ്ങള്‍ തുടര്‍ക്കഥയായി മാറി. ചുരുക്കിപ്പറഞ്ഞാല്‍, സ്റ്റാലിന്റെ സോവിയറ്റ് റഷ്യയെ തകര്‍ക്കാന്‍ അമേരിക്ക തന്നെ അഫ്ഗാനിസ്താനില്‍ വിത്തിട്ട് വെള്ളമൊഴിച്ചു വളര്‍ത്തിയത്, പിന്നീട് സ്റ്റാലിനുശേഷം ലോകത്തിനാകെ ഭീഷണിയായി വളരുകയായിരുന്നു എന്നത് ചരിത്രം. സോവിയറ്റ് റഷ്യക്കെതിരേ ബിന്‍ ലാദനെ അമേരിക്ക പൊക്കികൊണ്ടു വന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ലാദന്‍ അമേരിക്കക്കെതിരായി. പിന്നെ പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ ജനങ്ങളെ കൂട്ടുപിടിച്ച് അമേരിക്കക്കെതിരേ ജിഹാദ് തുടങ്ങി. അന്നത്തെ സോവിയറ്റ് യൂണിയനെ തകര്‍ക്കുക, എന്നതുതന്നെയായിരുന്നു അമേരിക്ക അവിടങ്ങളിലെ വിഘടനവാദത്തിനായി ബിന്‍ ലാദനെ പോലുള്ളവരെയും സദ്ദാമിനെ പോലുള്ളവരെയും വളര്‍ത്തിക്കൊണ്ടുവന്നതിന് പിറകിലെ ലക്ഷ്യം. പക്ഷേ, ഈ വളര്‍ന്നുവന്നവര്‍ക്ക് അവരുടേതായ ലക്ഷ്യങ്ങള്‍ ഉണ്ടാവുകയും അത് അമേരിക്കയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുകയും അതിലൂടെ അവര്‍ അമേരിക്കയ്ക്കും അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും കണ്ണിലെ കരടായി മാറുകയും ചെയ്യുകയായിരുന്നു. പാല് കൊടുത്ത കൈയ്ക്ക് തന്നെ കടിക്കുക എന്ന കലാപരിപാടി ബിന്‍ ലാദനും അതുപോലെ വളര്‍ന്നുവന്ന വിഘടനവാദികളും ചെയ്തു. സ്വാഭാവികമായും അവരെ ഇല്ലാതാക്കേണ്ടത് അമേരിക്കയുടെ ആവശ്യമായി മാറി. ലോകത്തെവിടെയും നടക്കുന്ന സായുധ വിഘടനവാദങ്ങളില്‍ മറ്റേതെങ്കിലും രാഷ്ട്രങ്ങളുടെ പിന്‍ബലം ഉണ്ടായിരിക്കും. ഒരിടത്ത് അമേരിക്ക ആണെങ്കില്‍ മറുവശത്ത് മറുചേരിയില്‍ ഉള്ളവരായിരിക്കും അത്രതന്നെ. ഇതില്‍ ആരാണ് കൂടുതല്‍ സാങ്കേതികതയിലും സമ്പന്നതയിലും മികച്ചു നില്‍ക്കുന്നത് അവര്‍ വിജയിക്കും. 9/11 ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭൂരിഭാഗവും പേരും സൗദി പൗരന്മാരാണെന്ന വസ്തുത പിന്നീട് വെളിപ്പെടുകയുണ്ടായി. ദുരന്തത്തിന്റെ തൊട്ടുപിന്നാലെ, സൗദി രാജകുടുംബങ്ങളില്‍ നിന്നും അമേരിക്കയില്‍ താമസമാക്കിയവരെയും ബിന്‍ ലാദന്‍ കുടുംബത്തിലെ ആളുകളെയും വേഗത്തില്‍ കുടിയൊഴിപ്പിക്കാന്‍ ബുഷ് ഭരണകൂടം സൗകര്യമൊരുക്കി.

placeholder
ഹൈജാക്ക് ചെയ്ത വിമാനങ്ങൾ  ഇടിച്ചതിനെ തുടർന്ന് വേൾഡ് ട്രേഡ് സെൻ്ററിൻ്റെ ഇരട്ട ഗോപുരങ്ങളിൽ പുക ഉയരുന്നു. (ഫയൽ ചിത്രം)  | Photo:  Henny Ray ABRAMS/ AFP PHOTO

അബു ഗരീബ്, ഗ്വണ്ടാനമോ എന്നിവടങ്ങളിലെ വിചാരണത്തടവുകാര്‍ നേരിടുന്ന പീഡനങ്ങള്‍ ഏറെ വിവാദമായിരുന്നു. സമാനതകളില്ലാത്ത പീഡനങ്ങളാണ് 2001 സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പേരില്‍ തടവുകാര്‍ നേരിട്ടത്. ബുഷ് സിദ്ധാന്തവും ഭീകരതക്കെതിരേയുള്ള യുദ്ധവും എംബെഡ്ഡ്ഡ് പത്രപ്രവര്‍ത്തനവും എല്ലാം 2001 സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ ബാക്കി പത്രങ്ങളാണ്. ബുഷ് ജൂനിയര്‍ പറഞ്ഞത് പോലെ ഒന്നെങ്കില്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ ഭീകരര്‍ക്കൊപ്പം എന്ന നിലപാടെടുക്കാന്‍ ലോകരാജ്യങ്ങള്‍ നിര്‍ബന്ധിതമായി. സാമുവേല്‍ ടി ഹണ്ടിങ്ടണിന്റെ സംസ്‌കാരങ്ങളുടെ സംഘടനവും ഫ്രാന്‍സിസ് ഫുകുയാമയുടെ ചരിത്രത്തിന്റെ അന്ത്യവും എന്ന വ്യാഖ്യാത പുസ്തകങ്ങള്‍ അമേരിക്കക്ക് ഈ യുദ്ധം നയിക്കാന്‍ ബൗദ്ധിക പിന്തുണയും നല്‍കി. പ്രത്യയ ശാസ്ത്രത്തിന്റയും ചരിത്രത്തിന്റയും അന്ത്യം ('End of Ideology' and 'End of History') കുറിക്കലിന്റെയും ഭാവിചരിത്രത്തെ നയിക്കുന്നത് 'സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടല്‍' ('Clashof Civilizations') ആണെന്ന പ്രഖ്യാപനത്തിന്റെയുമൊക്കെ പശ്ചാത്തലത്തിലാണ് ഇസ്ലാമിനെ മുഖ്യ ശത്രുവായി പ്രതിഷ്ഠിക്കുന്ന 'ഭീകരതാവിരുദ്ധ യുദ്ധവും' (Global War on Terror) ഇസ്ലാമോഫോബിയയും അമേരിക്ക ആവിഷ്‌കരിക്കുന്നത്.

അമേരിക്കയുടെ വാണിജ്യ തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തിന്റെ മുഖമുദ്ര കൂടിയായിരുന്നു ലോകവ്യാപാര ഇരട്ടഗോപുരങ്ങള്‍. 1973-ല്‍ പണികഴിക്കപ്പെട്ട ഇതിനു നേരെയും അമേരിക്കന്‍സേനയുടെയും രഹസ്യാന്വേഷണ സംഘടനയുടെയും ആസ്ഥാനമായ പെന്റഗണിലേക്കും വിമാനങ്ങള്‍ ഇടിച്ചിറങ്ങിയപ്പോള്‍ വഴിമാറിയത് ആധുനിക ലോകചരിത്രം തന്നെയാണ്. വിമാനങ്ങള്‍ ഭീകരാക്രമണങ്ങള്‍ക്ക് ഇത്തരത്തില്‍ ഉപയോഗിച്ചതും ലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്തു.

placeholder
ഒസാമ ബിന്‍ ലാദന്‍ | Photo: afp

തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിന് പകരം അവിടെ പുതിയ കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അതിലൊന്ന് അമേരിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. പഴയ ഇരട്ട ടവറിന്റെ സ്ഥാനത്ത് രണ്ട് കുളങ്ങള്‍ ഉള്‍പ്പെടുന്ന 'സെപ്റ്റംബര്‍ 11 മെമ്മോറിയല്‍ ആന്‍ഡ് മ്യൂസിയ'മാണ് സ്ഥിതി ചെയ്യുന്നത്. മാന്‍ഹാട്ടനിലെ 16 ഏക്കറിലായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍. ഇതിന്റെ പകുതിയോളം ഭാഗത്താണ് സ്മാരകം. തകര്‍ന്ന ഇരട്ടഗോപുരങ്ങള്‍ അതേപോലെ പുനര്‍നിര്‍മിക്കാനും താഴെ (ഗ്രൗണ്ട് സീറോ) ഉദ്യാനമാക്കാനുമായിരുന്നു പദ്ധതി. എന്നാല്‍, മരിച്ചവരുടെ ബന്ധുക്കളുടെയടക്കം സമ്മര്‍ദത്തിനൊടുവില്‍ സ്മാരകമടക്കമുള്ളവ ഉള്‍ക്കൊള്ളിച്ച് പദ്ധതി മാറ്റിയാണ് നിര്‍മാണം ആരംഭിച്ചത്. ആറു ഗോപുരം സ്മാരകവും മ്യൂസിയവും മാള്‍, ഗതാഗതകേന്ദ്രം, പാര്‍ക്ക്, പള്ളി, കലാകായിക കേന്ദ്രം, പാര്‍പ്പിട സമുച്ചയം എന്നിവയാണ് ലോക വ്യാപാര കേന്ദ്രത്തിലുള്ളത്. ആദ്യഗോപുരം 2014 നവംബര്‍ മൂന്നിന് തുറന്നു, എന്നാല്‍ കലാ കായികകേന്ദ്രം, പാര്‍പ്പിട സമുച്ചയം തുടങ്ങിയവ പൂര്‍ത്തിയായിട്ടില്ല

ന്യൂയോര്‍ക്കുകാര്‍ക്ക് മാത്രമല്ല ലോകത്തുള്ള എല്ലാവര്‍ക്കും ഒരു നടുക്കത്തോടെയുള്ള ഓര്‍മ സമ്മാനിക്കുന്നയിടം!. അഫ്ഗാനിസ്താനില്‍നിന്ന് തുടങ്ങി ഇറാഖിലും യമനിലും സോമാലിയയിലും പാകിസ്താനിലും മറ്റുമായി 10 ലക്ഷത്തോളം മനുഷ്യരെ നേരിട്ട് കൊലപ്പെടുത്തിയ ഈ 'ഭീകരതാവിരുദ്ധ യുദ്ധ'ത്തിന് മാത്രമായി ഏകദേശം എട്ടു ലക്ഷം കോടി ഡോളര്‍ (ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ  ഏകദേശം നാലിരട്ടിക്ക് തുല്യം) ചെലവായെന്ന് കണക്കാക്കിയിരിക്കുന്നു-ഇതെല്ലം 9 /11  ബാക്കിപത്രങ്ങളാണ്.

placeholder
ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെൻ്റർ ടവറുകളിൽ ഹൈജാക്ക് ചെയ്ത വിമാനങ്ങൾ ഇടിച്ചതിനെ തുടർന്ന് പരിഭ്രാന്തരായി ഓടുന്നവർ  (ഫയൽ ചിത്രം) | Photo:  Doug KANTER/ AFP PHOTO

ആക്രമണത്തിന്റെ നാള്‍വഴി

1) അമേരിക്കന്‍ എയര്‍ലൈന്‍സ് 11
അമേരിക്കന്‍ സമയം രാവിലെ 7.59ന് ബോസ്റ്റണിലെ ലോഗന്‍ വിമാനത്താവളത്തില്‍നിന്ന് 81 യാത്രക്കാരും 11 ജീവനക്കാരുമായി ലൊസ് ആഞ്ചലീസിലേക്ക് പുറപ്പെട്ടു.
8.14-ന്- മധ്യ മസാച്യുസെറ്റ്‌സിനു മുകളില്‍വച്ച് ഭീകരര്‍ റാഞ്ചി
8.46- ലോകവ്യാപാരകേന്ദ്രത്തിന്റെ വടക്കേ ഗോപുരത്തില്‍ ഇടിച്ചു. 93-99 നിലകളിലേക്കായിരുന്നു ആക്രമണം
10.28- ലോകവ്യാപാരകേന്ദ്രത്തിന്റെ വടക്കേ ഗോപുരം വിമാനം ഇടിച്ച് 1.42 മണിക്കൂറിനുശേഷം തകര്‍ന്നുവീണു. ഗോപുരങ്ങളുടെ താഴെ സ്ഥിതി ചെയ്തിരുന്ന മാരിയറ്റ് ഹോട്ടലും തകര്‍ന്നു

2) യുണൈറ്റഡ് എയര്‍ലൈന്‍സ് 175
8.14-ന് ലോഗനില്‍നിന്ന് ലൊസ് ആഞ്ചലസിലേക്ക് പുറപ്പെട്ടു. വിമാനത്തില്‍ 56 യാത്രക്കാരും ഒമ്പത് ജീവനക്കാരും.
8.42-നും 8.46-നും ഇടയില്‍ - വിമാനം 175 വടക്കുപടിഞ്ഞാറന്‍ ന്യൂജേഴ്‌സിക്കു മുകളില്‍വച്ച് റാഞ്ചി
9.03-ന്- ലോകവ്യാപാരകേന്ദ്രത്തിന്റെ തെക്കേ ഗോപുരത്തില്‍ ഇടിച്ചു. 77-85 നിലകളിലേക്കായിരുന്നു ആക്രമണം.
9.59-ന് വിമാനം ഇടിച്ചതിന്റെ ആഘാതത്തില്‍ 56 മിനിറ്റിനുശേഷം ലോകവ്യാപാരകേന്ദ്രത്തിന്റെ തെക്കേ ഗോപുരം തകര്‍ന്നുവീണു.

3) യുണൈറ്റഡ് എയര്‍ലൈന്‍സ് 77
8.20-ന് വാഷിങ്ടണ്‍ ഡള്ളസ് വിമാനത്താവളത്തില്‍നിന്ന് ലൊസ് ആഞ്ചലസിലേക്ക് 58 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ടു.
8.50-നും-8.54-നും ഇടയില്‍ തെക്കന്‍ ഒഹിയോക്കു മുകളില്‍വച്ച് റാഞ്ചി.
9. 37- പെന്റഗണില്‍ ഇടിച്ചിറക്കി. തുടര്‍ന്ന് കെട്ടിടത്തില്‍ തീ പടര്‍ന്നു.
10.50-ന്- പെന്റഗണിന്റെ ഒരു ഭാഗത്തിന്റെ അഞ്ച് നില തീപിടിത്തത്തില്‍ തകര്‍ന്നു.

4) യുണൈറ്റഡ് എയര്‍ലൈന്‍സ് 93
8.42-ന്- നെവാര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് 73 യാത്രക്കാരും ഏഴ് ജീവനക്കാരുമായി പുറപ്പെട്ടു.
9.28-ന്- വിമാനം 93 വടക്കന്‍ ഒഹിയോയുടെ മുകളില്‍വച്ച് ഭീകരര്‍ റാഞ്ചി.
9.57-ന് വിമാനം 93ല്‍ ഭീകരരും യാത്രക്കാരുമായി സംഘര്‍ഷം. 10.03- കോക്പിറ്റില്‍ നടന്ന സംഘര്‍ഷത്തെതുടര്‍ന്ന് പെന്‍സില്‍വാനിയയിലെ പിറ്റ്ട്‌സ്ബര്‍ഗില്‍ തകര്‍ന്നു.