മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (Anwar Ibrahim) ഇന്ത്യയിലെത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ അധികാരത്തിലെത്തിയശേഷമുള്ള ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനം. 2018-ന് ശേഷമുള്ള ഒരു മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനവും. 2019-ല്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് (Mahathir Mohamad) കാശ്മീര്‍ വിഷയത്തില്‍ പരാമര്‍ശനം നടത്തിയതിന് ശേഷമുള്ള ഒരു മലേഷ്യന്‍ നേതാവിന്റെ ആദ്യ ഉന്നതതല സന്ദര്‍ശനവുമായിരുന്നു ഇത്. ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമാകാനുള്ള മലേഷ്യയുടെ നീക്കങ്ങള്‍ക്ക് പിന്തുണ തേടിയും ഉഭയകക്ഷി ബന്ധവും വ്യാപാരവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സന്ദര്‍ശനത്തിന്റെ ലക്ഷങ്ങളിലൊന്ന് പക്ഷേ, പാമോയിൽ വ്യാപാരമായിരുന്നു. മഹാതിര്‍ മുഹമ്മദിന്റെ കശ്മീര്‍ പരാമര്‍ശം പാമോയിൽ വ്യാപാരത്തില്‍ വലിയ തിരിച്ചടിയാണ് അവര്‍ക്ക് നല്‍കിയത്. മലേഷ്യയിൽനിന്നുള്ള ഇറക്കുമതി  ഇന്ത്യ വെട്ടിച്ചുരുക്കി. പിന്നീട് സാവധാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണവ്യാപാരം മെച്ചപ്പെട്ടത്. മലേഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ 28.4 ലക്ഷം ടണ്‍ പാമോയിലാണ് ഇന്ത്യ മലേഷ്യയില്‍ നിന്ന് വാങ്ങിയത്. മലേഷ്യയുടെ മൊത്തം പാമോയിൽ കയറ്റുമതിയുടെ ഏകദേശം 20 ശതമാനം വരുമിത്. 

To advertise here,

പാമോയിൽ വ്യാപാരത്തില്‍ സഹകരണം വിപുലീകരിക്കുക എന്നത് മനസിൽവെച്ചുകൊണ്ടാണ് മലേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയത്. ലോകത്തില്‍ ഏറ്റവുമധികം പാമോയിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മറുവശത്ത് ഇന്ത്യയാകട്ടെ പ്രധാന ഇറക്കുമതി രാഷ്ട്രവും. ഭക്ഷ്യ എണ്ണ എന്ന നിലയില്‍ പാമോയിലിനെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നു. നേരത്തെ ജൂലായ് മാസത്തില്‍ ഇന്ത്യയും മലേഷ്യയും ഭക്ഷ്യ എണ്ണ മേഖലയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രത്യേകിച്ച് എണ്ണപ്പന കൃഷിയിലും പാമോയിലിന്റെ ഉത്പാദനത്തിലും വ്യാപാരത്തിലും. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മലേഷ്യൻ പ്ലാന്റേഷന്‍സ് ആന്‍ഡ് കമ്മോഡിറ്റീസ് മന്ത്രി ജോഹാരി അബ്ദുള്‍ ഗനി (Johari Abdul Ghani)യുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മലേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. 

ലോകത്തിലെ രണ്ടാമത്തെ വലിയ പാമോയിൽ ഉത്പാദകര്‍

ഇംഗ്ലണ്ടിലെ ക്യൂവിലുള്ള റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സില്‍ നിന്ന് 1870-കളിലാണ് എണ്ണപ്പന ആദ്യമായി മലേഷ്യയില്‍ (അന്ന് മലയ) എത്തുന്നത്. അന്ന് ഇതൊരു അലങ്കാരസസ്യമായിരുന്നു. 1917-ല്‍, ഹെന്റി ഫൗക്കോണിയര്‍ എന്ന ഫ്രഞ്ചുകാരന്‍ തെന്നമരം എസ്റ്റേറ്റില്‍ കുറച്ച് എണ്ണപ്പന നട്ടുപിടിപ്പിച്ചു. ഇതായിരുന്നു ആദ്യത്തെ പ്രാദേശിക വാണിജ്യ എണ്ണപ്പനത്തോട്ടം. 1920-കളില്‍ ഗുത്രി ഗ്രൂപ്പും (ഇപ്പോള്‍ സൈം ഡാര്‍ബി ഗ്രൂപ്പിന്റെ ഭാഗമാണ്) യുണൈറ്റഡ് പ്ലാന്റേഷന്‍സ് ഗ്രൂപ്പും പോലുള്ള വ്യാപാര കമ്പനികള്‍ വലിയ തോതില്‍ എണ്ണപ്പനകൃഷി ആരംഭിച്ചു. 1936 ആയപ്പോഴേക്കും രാജ്യത്ത് 34 എണ്ണപ്പന എസ്റ്റേറ്റുകള്‍ ഉണ്ടായിരുന്നു. പിന്നീട് എണ്ണപ്പന തോട്ടങ്ങള്‍ കൂടുതലും നടത്തിവന്നിരുന്നത് ഇംഗ്ലീഷ് ഭൂവുടമകളായിരുന്നു. 1950-കളില്‍ റബ്ബറിന് മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാര്‍ഷിക വൈവിധ്യവല്‍ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ എണ്ണപ്പന കൃഷിയില്‍ വലിയ മുന്നേറ്റമുണ്ടായി. റബ്ബറിന് ഏറ്റവും നല്ല ബദലായി എണ്ണപ്പന തിരഞ്ഞെടുത്ത സര്‍ക്കാര്‍ 1960-കള്‍ മുതല്‍ ചെറുകിട കര്‍ഷകര്‍ക്കിടയില്‍ എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിച്ചു.

1960-ല്‍ രാജ്യത്ത് 55,000 ഹെക്ടര്‍ എണ്ണപ്പന കൃഷി ഉണ്ടായിരുന്നു. ഏകദേശം 92,000 ടണ്‍ പാമോയിലാണ് അക്കാലത്ത് പ്രതിവര്‍ഷം ഉത്പാദിപ്പിച്ചിരുന്നത്. ആറ് വര്‍ഷത്തിനുശേഷം ഇന്‍ഡൊനീഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളെ മറികടന്ന് മലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പാമോയില്‍ കയറ്റുമതിക്കാരായി. 1970-കളില്‍ എണ്ണപ്പന കൃഷി വീണ്ടും രാജ്യത്ത് വര്‍ധിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ പാമോയിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് മലേഷ്യ. പ്രതിവര്‍ഷം ഏകദേശം 1.8 കോടി ടണ്‍ പാമോയിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്നു. ആഗോള പാമോയിൽ ഉത്പാദനത്തിന്റെ ഏകദേശം 24 ശതമാനവും ലോകകയറ്റുമതിയുടെ 31 ശതമാനവും മലേഷ്യയുടെ സംഭാവനയാണ്. 2022-ല്‍ 56 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് മലേഷ്യ പാമോയിൽ കൃഷി ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.1 ശതമാനം കൃഷിയാണ് വര്‍ധിച്ചത്. 1.85 കോടി ടണ്‍ ക്രൂഡ്  പാമോയിലാണ് 2023-ല്‍ ഉത്പാദപ്പിച്ചത്. 1.5 കോടി ടണ്‍ പാമോയിൽ ഇക്കാലയളവില്‍ അവര്‍ കയറ്റുമതി ചെയ്തു. 40 ലക്ഷം ടണ്‍ പാമോയിൽ അവര്‍ ആഭ്യന്തരമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ (EU) എന്നിവരാണ് പാമോയിലിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍.

placeholder
മലേഷ്യയിലെ ഒരു പാമോയിൽ ഫാക്ടറിക്കുള്ളിലെ ദൃശ്യം | Photo : Mohd Samsul Mohd Said/Getty Images

കശ്മീരിന്റെ പേരിലുടക്കിയ കച്ചവടം 

ലോകത്ത് ഏറ്റവുമധികം ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതിയുടെ 57 ശതമാനവും പാമോയിലാണ്. ഇന്‍ഡോനീഷ്യയും മലേഷ്യയുമാണ് ഇന്ത്യയിലേക്കുള്ള ശുദ്ധീകരിച്ച പാമോയിൽ, ക്രൂഡ് പാമോയിൽ എന്നിവയുടെ പ്രാഥമിക വിതരണക്കാര്‍. കണക്കുകള്‍ പ്രകാരം 2023-ൽ ഇന്ത്യ 28 ലക്ഷം ടണ്‍ പാമോയിലാണ് ഇറക്കുമതി ചെയ്തത്. 2022-ൽ ഇത് 28.9 ലക്ഷമായിരുന്നു. ഇന്ത്യയിലേക്ക് സംസ്‌കരിച്ച പാമോയിലും അസംസ്കൃത പാമോയിലും കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്ന് മലേഷ്യയാണ്. 2019-ല്‍ മലേഷ്യന്‍ പാമോയിൽ ഏറ്റവും കൂടുതല്‍ വാങ്ങിയ രാജ്യം ഇന്ത്യയായിരുന്നു. മലേഷ്യയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 40 ലക്ഷം ടണ്ണിലധികം. പക്ഷേ, പിന്നാലെ ഇറക്കുമതി ഇടിഞ്ഞു. സെപ്റ്റംബറിലെ 310,648 ടണ്ണില്‍ നിന്ന് പാമോയിൽ ഇറക്കുമതി ഒക്ടോബറില്‍ 219,956 ടണ്ണായി കുറഞ്ഞു. നവംബറില്‍ ഇത് 142,696 ടണ്ണായി. സംസ്‌കരിച്ച പാമോയിലിന് ഇന്ത്യ ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഇക്കാര്യത്തില്‍ വലിയ ഇടിവുണ്ടായത്. മലേഷ്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടിയായിരുന്നു ഇത്. ജമ്മു കശ്മീര്‍, പൗരത്വനിയമം എന്നീ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടുകളെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു നിയന്ത്രണം. 

ഭരണഘടനയുടെ 370-ാം അനുച്ഛേദം പിന്‍വലിച്ചപ്പോള്‍, ഇന്ത്യ കശ്മീരിനെ കൈയടക്കിയെന്നും കീഴ്പ്പെടുത്തിയെന്നുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വിമര്‍ശിച്ചത്. പൗരത്വനിയമം ഇന്ത്യയുടെ മതേതരസ്വഭാവം തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ സ്വതന്ത്രമായ ഇറക്കുമതിയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പാമോയിലിനെ ഇന്ത്യ നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ, അസംസ്‌കൃത പാമോയിൽ ഇറക്കുമതിക്ക് മുന്‍ഗണന ലഭിച്ചു. ഇത് മലേഷ്യയ്ക്ക് തിരിച്ചടിയായി. ഏതെങ്കിലും രാജ്യത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള തീരുമാനമല്ല, പൊതുനയമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും പ്രത്യക്ഷത്തിൽ ഇത് ബാധിച്ചത് മലേഷ്യയെയാണ്. ഇതോടെ പാമോയിൽ ഇറക്കുമതിയില്‍ 2020-ന്റെ തുടക്കത്തിലെ ആദ്യത്തെ നാല് മാസങ്ങളില്‍ 2019-നെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറവുണ്ടായി. മലേഷ്യന്‍ പാമോയിൽ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലത്തിനിടയില്‍ നാല് ലക്ഷം ടണ്‍ പാമോയിലാണ് ഇന്ത്യ മലേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തത്. 2019-നെ അപേക്ഷിച്ച് ഏതാണ്ട് 85 ശതമാനത്തിന്റെ കുറവ്. 2019-ല്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ 26 ലക്ഷം ടണ്‍ പാംമോയിലാണ് ഇറക്കുമതി ചെയ്തത്. 

മലേഷ്യയെ വലച്ച് യൂറോപ്യന്‍ യൂണിയന്റെ കടുപിടുത്തം

ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ പുതിയ വനനശീകരണ ചട്ടവും മലേഷ്യയ്ക്ക് തിരിച്ചടിയായി. വനനശീകരണവുമായി ബന്ധപ്പെട്ട ചരക്കുകളുടെ ഇറക്കുമതി നിരോധനത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയതാണ് അവരെ പ്രശ്‌നത്തിലാക്കിയത്. കന്നുകാലി, കൊക്കോ, കാപ്പി, എണ്ണപ്പന, റബ്ബര്‍, സോയ, മരം എന്നിവയോ ഇതില്‍നിന്നുള്ള ഉത്പന്നങ്ങളോ 2020 ഡിസംബറിന് ശേഷം വനം നശിപ്പിച്ചുണ്ടാക്കിയ പ്ലാന്റേഷനുകളില്‍ നിന്നല്ലെന്ന് ഉല്‍പാദകര്‍ യൂറോപ്യന്‍ യൂണിയനെ ബോധ്യപ്പെടുത്തണമെന്നാണ് യൂറോപ്പ്യൻ യൂണിയന്റെ വനനശീകരണ ചട്ടം. യൂണിയനിലെ 27 രാജ്യങ്ങളില്‍ വില്‍ക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ കൃഷി ചെയ്യുന്നവർ അവയുടെ കൃത്യമായ ഉറവിടം വ്യക്തമാക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. ചരക്കുകള്‍ക്ക് വനനശീകരണവുമായി ബന്ധമില്ലെന്ന് തെളിയിക്കണം. വിതരണ ശൃംഖലയിലെ ഓരോ ഘട്ടത്തിലും നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ടത് കയറ്റുമതിക്കാരാണ്. ഇക്കാര്യം ഉത്പാദകര്‍ യൂറോപ്യന്‍ യൂണിയനെ ബോധ്യപ്പെടുത്താത്തപക്ഷം അവ യൂറോപ്പില്‍ ഇറക്കുമതി ചെയ്യാനാവില്ല. 2024 ഡിസംബര്‍ മുതല്‍ യൂറോപ്പ്യൻ യൂണിയൻ പുതിയ വനനശീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനിരിക്കുകയാണ്. യൂറോപ്പ്യൻ യൂണിയന്റെ നിയന്ത്രണങ്ങള്‍ ഇരുരാജ്യങ്ങളിലേയും പാമോയിൽ വ്യാപാരത്തെ ദോഷകരമായി ബാധിക്കും.

മലേഷ്യയുടെ കാര്യത്തിൽ നിലവിലുള്ള കൃഷിഭൂമി എണ്ണപ്പനത്തോട്ടങ്ങളാക്കി മാറ്റുക മാത്രമല്ല അവർ ചെയ്തത്. പകരം, മഴക്കാടുകള്‍ നശിപ്പിക്കുകയും തണ്ണീര്‍ത്തടങ്ങളും നികത്തുകയും ചെയ്തു. 2001-നും 2022-നും ഇടയില്‍ മലേഷ്യയ്ക്ക് അതിന്റെ ഉഷ്ണമേഖലാ വനത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായെന്ന് കണക്കുകൾ പറയുന്നു. ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകള്‍ നശിപ്പിക്കപ്പെട്ടു. ഇത് ചില മൃഗങ്ങളെ വംശനാശ ഭീഷണിയിലാക്കി. ഈ സാഹചര്യത്തിലാണ് യൂറോപ്പ്യൻ യൂണിയൻ നിയമം വരുന്നത്. 2020-ന് ശേഷം കൃഷി ഭൂമിയാക്കിയ വനഭൂമിയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അത് മലേഷ്യയെ ദോഷകരമായി ബാധിക്കും. നിര്‍ദേശം പാലിക്കല്‍ ചെറുകിട വിതരണക്കാരെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണവും ചെലവേറിയതുമാകും. ഗ്രാമീണമേഖലയില്‍ ദാരിദ്ര്യം കുറയ്ക്കാനും കയറ്റുമതി വഴി വിദേശനാണ്യം കണ്ടെത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പാമോയിൽ കൃഷി മലേഷ്യയെ കുറച്ചൊന്നുമല്ല സഹായിച്ചത്. മലേഷ്യയിലും ഇന്‍ഡൊനീഷ്യയിലും ഏകദേശം 4.5 ദശലക്ഷം ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ പുതിയ ആവശ്യക്കാരെ കണ്ടെത്തേണ്ടതും കച്ചവടം കുറയാതെ നോക്കേണ്ടതും അവരെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇതിന്റെ ഭാഗമായി പാമോയിൽ ഇറക്കുമതി ചെയ്താല്‍ ഒറാങ്ങുട്ടാനെ കൈമാറുന്നത് ഉൾപ്പടെയുള്ള വാഗ്ദാനങ്ങൾ അവർ നടത്തിയിരുന്നു.

placeholder
അന്‍വര്‍ ഇബ്രാഹിം നരേന്ദ്ര മോദിക്കൊപ്പം  | Photo: ANI 

ഉയരുമോ എണ്ണക്കച്ചവടം? 

ഭക്ഷ്യ എണ്ണ എന്ന നിലയിൽ ഇന്ത്യ പാമോയിലിനെ ആശ്രയിക്കുന്നത് കൂടുതലാണ്. എന്നിട്ടും രാഷ്ട്രീയ കാരണങ്ങളെത്തുടര്‍ന്നാണ് ഇന്ത്യ മലേഷ്യൻ പാമോയിലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഔപചാരികമായ ബഹിഷ്‌കരണം ഉണ്ടായിരുന്നില്ലെങ്കിലും ഇറക്കുമതി കുറ‍ഞ്ഞു. ബഹിഷ്‌കരണം മലേഷ്യയെ ബാധിക്കുമെന്ന് തന്നെയാണ് ഈ രംഗത്തെ നിരീക്ഷകര്‍ അന്ന തന്നെ ചൂണ്ടിക്കാണിച്ചത്. ഉയര്‍ന്ന അളവില്‍ പാമോയിൽ വാങ്ങാന്‍ ശേഷിയുള്ള മറ്റൊരു രാജ്യത്തെ കണ്ടെത്തുക എന്നതായിരുന്നു അവര്‍ നേരിട്ട വെല്ലുവിളി. ലക്ഷക്കണക്കിന് മലേഷ്യന്‍ കര്‍ഷകര്‍ അവരുടെ ഉപജീവനത്തിനായി പാമോയിൽ കയറ്റുമതിയെ ആശ്രയിക്കുന്നതിനാല്‍ തന്നെ ഇന്ത്യയുടെ നീക്കം അവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള കച്ചവടം മെച്ചപ്പെട്ടു. പക്ഷേ, പിന്നാലെ വന്ന കോവിഡ് വീണ്ടും വില്ലനായി. കോവിഡിനെത്തുടര്‍ന്ന് ലോകമെമ്പാടും അവശ്യവസ്തുക്കളുടെ ആവശ്യകതയില്‍ 20 ശതമാനത്തിന്റെ കുറവുണ്ടായി. ഇത് പാമോയിലിനേയും ബാധിച്ചു. പിന്നാലെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കടുത്ത നിയമങ്ങളും മലേഷ്യന്‍ പാമോയിൽ വിപണിയെ ബാധിച്ചു. കോവിഡ് കാലത്തിനുശേഷം പക്ഷേ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സാധാരണ നിലയിലായിരുന്നില്ല.

മറുവശത്ത് മലേഷ്യയിലേക്ക് ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഭക്ഷ്യോത്പന്നങ്ങൾക്കായി മലേഷ്യയുടെ ഇന്ത്യയെ ആശ്രയിക്കുന്നു. നീണ്ട വരള്‍ച്ച ആഭ്യന്തര ഉത്പാദം കുറയ്ക്കുകയും ധാന്യശേഖരം ചുരുങ്ങുകയും ചെയ്ത പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ 500,000 മെട്രിക് ടണ്‍ അരി അധികമായി നല്‍കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.  ഇതിനിടെ ഈ വര്‍ഷം മേയില്‍ ഇന്ത്യയുടെ പാമോയിൽ ഇറക്കുമതി മുന്‍ മാസത്തേക്കാള്‍ 12.4% ഉയര്‍ന്ന് നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. അടുത്തിടെ വിലയിലുണ്ടായ ഇടിവാണ് ഇറക്കുമതി ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്. പിന്നാലെ ഇരുരാജ്യങ്ങളും ജൂലായ് മാസത്തില്‍ ഭക്ഷ്യ എണ്ണ മേഖലയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രത്യേകിച്ച് എണ്ണപ്പന കൃഷിയിലും പാമാേയിലിന്റെ ഉല്‍പാദനത്തിലും വ്യാപാരത്തിലും സഹകരണം വര്‍ധിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര കൃഷി മന്ത്രിശിവരാജ് സിങ് ചൗഹാന്‍ മലേഷ്യയിലെ പ്ലാന്റേഷന്‍സ് ആന്‍ഡ് കമ്മോഡിറ്റീസ് മന്ത്രി ജോഹാരി അബ്ദുള്‍ ഗനിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.  ഇതുവഴി ഇന്ത്യയുമായുള്ള പാമോയിൽ വ്യാപാരം സാധാരണ നിലയിലാക്കാനാണ് മലേഷ്യ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയല്‍ കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ പോലെ ഒരു വലിയ രാജ്യത്തിന്റെ പിന്തുണ അവര്‍ക്ക് ആവശ്യമാണ് താനും.