ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ നെഞ്ചേറ്റിയ ഒരു ചിത്രമുണ്ടായിരുന്നു അങ്ങ് ഇന്ദ്രപ്രസ്ഥത്തിലെ സൈനിക മേധാവിയുടെ ഓഫീസിൽ. 93,000 പാക് സൈനികരേയും അടിയറവ് പറയിപ്പിച്ചുകൊണ്ട് കീഴടങ്ങൽ രേഖയിൽ ഒപ്പുവയ്ക്കുന്ന പാക് സൈനികത്തലവന്‍ ലെഫ്. ജനറല്‍ നിയാസി. തൊട്ടടുത്ത് സൗമ്യനായിരിക്കുന്ന ലെഫ്. ജനറൽ ജഗജീത് സിങ് അറോറ. സ്വാതന്ത്യം ലഭിച്ച് 24 വർഷത്തിനിപ്പുറം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു രാജ്യം പിറവിയെടുക്കുകയായിരുന്നു അന്ന്. 

To advertise here,

എന്നാൽ, ഇപ്പോൾ ആ ചിത്രം അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. ഇന്ന് അവിടെ ജനറൽ അറോറയില്ല. അഭിമാനത്തോടെ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന സൈനികരില്ല. പകരം, സൈനികരുടെ കർമഭൂമിയെ പ്രതിപാദിക്കുന്ന പൈതൃകവും ഭൂതകാലവും നിറഞ്ഞ ഒരു ചിത്രമാണിപ്പോൾ ആ സ്ഥാനത്ത്. ശ്രീകൃഷ്ണന്റെ രഥവും ചാണക്യനുമുണ്ട് അവിടെ. കുതിച്ചുപായുന്ന കുതിരകളും പറക്കുന്ന ​ഗരുഡനും ഇന്ന് അവിടം അലങ്കരിക്കുന്നു. 

ഇന്ത്യൻ സൈന്യത്തിന്റെ പുത്തൻ അടയാളമോ?

ദിവസങ്ങൾക്ക് മുമ്പ് സൈന്യം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ 1971-ലെ ഫോട്ടോയ്ക്ക് പകരം പുതിയ ചിത്രം കണ്ടതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ മഹാവിജയത്തിന്റെ പ്രതീകം എവിടെപ്പോയെന്ന് സാമൂഹികമാധ്യമങ്ങളിൽ നിരവധി പേർ ചോദിച്ചു. 'കർമക്ഷേത്ര - ഫീൽഡ് ഓഫ് ഡീഡ്സ്' എന്നാണ് ഇപ്പോൾ സൈനിക മേധാവിയുടെ ഓഫീസിലെ ചിത്രത്തിന്റെ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുരാണ സാങ്കേതികതയും സന്തുലിതമായ ചിത്രം. ശ്രീകൃഷ്ണന്റെ രഥത്തേയും ​ഗരുഡനേയും ചിത്രത്തിൽ കാണാം. ജ്ഞാനത്തെ പ്രതിനിധീകരിക്കുന്ന ചാണക്യനും ചിത്രത്തിലുണ്ട്. മഞ്ഞുമൂടിയ ഹിമാലയൻ മലനിരകളും ലഡാക്കിലെ പാങ്കോങ് തടാകവുമാണ് പശ്ചാത്തലം. ഇവയ്ക്കു പുറമെ ഇന്ത്യൻ സേനയുടെ ബലമായ ലൈറ്റ് കോമ്പാറ്റ്, അപ്പാഷെ  ഹെലിക്കോപ്റ്ററുകളും ടാങ്കറുകളും ചിത്രത്തിലുണ്ട്. 

placeholder
സൈനികമേധാവിയുടെ ഓഫീസിലെ ഇപ്പോഴത്തെ ചിത്രം | X:@BahadurManmohan

മലയാളിയായ ലെഫ്റ്റനന്റ് കേണൽ തോമസ് ജേക്കബ് ആണ് ഈ ചിത്രത്തിന്റെ സൃഷ്ടാവ്. ഇന്ത്യൻ സാംസ്കാരിക പൈതൃകത്തേയും പുത്തൻ സാങ്കേതികതയും സമന്വയിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ചിത്രം. ചിത്രത്തിന്റെ ആശയത്തെയോ നിലവാരത്തെയോ ആരും വിമർശിക്കുന്നില്ല. മറിച്ച്, ചിത്രം ഇരിക്കുന്ന സ്ഥാനമാണ് വിഷയം. ഇന്ത്യയെ സംബന്ധിച്ച് വെറുമൊരു കീഴടങ്ങൽ ഫോട്ടോ അല്ലായിരുന്നു അത്. ഇന്ത്യയും പാകിസ്താനും ബം​ഗ്ലാദേശുമടങ്ങുന്ന പ്രദേശത്ത് രാജ്യത്തിന്റെ സ്വാധീനം വെളിവാക്കുന്ന ചരിത്രനിമിഷമായിരുന്നു ആ ഫോട്ടോയിലുണ്ടായിരുന്നത്. രാജ്യത്തിന്റെ അഭിമാനനിമിഷം.

1971-ലെ ആ ചിത്രം ഇപ്പോൾ എവിടെയാണ് എന്നതിനെക്കുറിച്ച് ഒരു വ്യക്തതയും കുറേ ദിവസം വരെ ഉണ്ടായിരുന്നില്ല. എന്നാൽ, വിജയ് ദിവാസ് ദിനംതന്നെ ഇക്കാര്യത്തിൽ സൈന്യം വ്യക്തതവരുത്തിയിട്ടുണ്ട്. പാക് കീഴടങ്ങലിന്റെ ചിത്രം ഡൽഹിയിലെ മനേക് ഷാ സെന്ററിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് സൈന്യം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. 

പാവക്കുട്ടിയിൽ നിന്ന് ദുർ​ഗയിലേക്ക് 

1971 ഡിസംബർ മൂന്നിന് പാകിസ്താൻ ഇന്ത്യക്കെതിരേ നടത്തിയ വ്യോമാക്രമണത്തോടെ ബം​ഗ്ലാദേശ് വിമോചനത്തിന് കാരണമായ യുദ്ധത്തിന് ഇന്ത്യ തുടക്കമിട്ടു. കിഴക്കൻ പാക് മണ്ണിലെ അസ്വാരസ്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യ യുദ്ധത്തിന് കോപ്പുകൂട്ടുന്നതിനിടെയായിരുന്നു പാകിസ്താന്റെ പ്രകോപനം. ലോകത്തിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ യുദ്ധങ്ങളിൽ ഒന്നായിരുന്നു 1971-ലേത്. വെറും 13 ദിവസം മാത്രം നീണ്ടുനിന്ന യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വിജയംകൊയ്തു. കിഴക്കൻ പാകിസ്താനിൽ ഇന്ത്യൻ പതാക പാറിപ്പറന്നു. പാക് ജനറൽ അമീര്‍ അബ്ദുള്ള ഖാന്‍ നിയാസിയുടെ നേതൃത്വത്തിലുള്ള 93,000 പാക് സൈനികരാണ് അന്ന് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്. ഈ കീഴടങ്ങലിന്റെ ചിത്രമാണ് ഇപ്പോൾ‌ സൈനിക മേധാവിയുടെ ഓഫീസിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകംകണ്ട എണ്ണംപറഞ്ഞ യുദ്ധത്തിനൊടുവിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധി ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. ഇതോടെ, കിഴക്കൻ പാകിസ്താൻ ബം​ഗ്ലാദേശായി. പഴുതടച്ച നയതന്ത്രനീക്കങ്ങളിലൂടെ ബം​ഗ്ലാദേശ് വിമോചനത്തിന് വഴിതെളിച്ച ഇന്ദിരയെ അന്ന് ലോകം അഭിനന്ദിച്ചു. യു.എസ്സടക്കമുള്ള ലോകരാഷ്ട്രങ്ങൾ കണ്ണടച്ച് നോക്കിനിന്ന ചോരക്കളിക്ക് കൂടിയായിരുന്നു ഇന്ദിര അന്ന് അന്ത്യംകുറിച്ചത്. കരയിലും ആകാശത്തും കടലിലുമായി യുദ്ധം വ്യാപിച്ചു. പാക് സൈന്യത്തെക്കൊണ്ട് അടിയറവ് പറയിപ്പിക്കാൻ ഇന്ത്യൻ സേനയ്ക്ക് വേണ്ടി വന്നതാകട്ടെ വെറും 13 ദിവസവും. കക്ഷിരാഷ്ട്രീയഭേദമെന്യേ ഇന്ത്യൻ ജനത ഇന്ദിരയ്ക്ക് കൈയ്യടിച്ചു. ഇന്ത്യയുടെ 'ദുര്‍ഗ'യെന്നാണ് അന്നത്തെ പ്രതിപക്ഷനേതാവ് അടല്‍ ബിഹാരി വാജ്പേയി ഇന്ദിരയെ വിശേഷിപ്പിച്ചത്. മിണ്ടാത്ത പാവക്കുട്ടിയെന്ന് പരിഹസിച്ചവർക്ക് മുന്നിലേക്കാണ് കാലം ഇന്ദിരയെ ഈ രീതിയിൽ അവതരിപ്പിച്ചത്. 

placeholder
ഇന്ദിരാഗാന്ധി | Photo:AFP

മറച്ചുവെയ്ക്കുന്നത് മഹാവിജയം
സ്വാതന്ത്യേതര ഇന്ത്യൻ ചരിത്രത്തിന്റെ അടയാളമായിരുന്ന ചിത്രം നീക്കിയതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തി. വിഷയത്തിൽ, മോദി സർക്കാരിനെ നേരിട്ട് കടന്നാക്രമിക്കുകയാണ് കോൺ​ഗ്രസ് നേതാക്കൾ. ചരിത്രം തിരുത്തിയെഴുതാനും മുൻകാല കോൺ​ഗ്രസ് ഭരണനേട്ടങ്ങളെ കുറച്ചുകാണാനുമാണ് സർക്കാർ ശ്രമമെന്ന് പ്രിയങ്കാ ​ഗാന്ധി തുറന്നടിച്ചു. ഇന്ദിരാ ​ഗാന്ധിയുടെ ഭരണത്തിൽ രാജ്യം കൈവരിച്ച നേട്ടത്തെ മറന്നുകളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ശക്തമായ ആക്ഷേപവുമുണ്ട്. ചില പ്രത്യേക വിവരണങ്ങളോടും ആഖ്യാനങ്ങളോടും പൊരുത്തപ്പെടാത്ത സംഭവങ്ങൾ ബി.ജെ.പി. സർക്കാർ നീക്കംചെയ്യുന്നുവെന്ന് കോൺ​ഗ്രസ് എം.പി. മാണിക്കം ടാ​ഗോറും രം​ഗത്തെത്തി. 

എന്നാൽ, ഈ വിഷയത്തിൽ പ്രതിഷേധമറിച്ച് ആദ്യം രം​ഗത്തെത്തിയത് രാജ്യത്തെ കോൺ​ഗ്രസുകാരല്ലായിരുന്നു. അത് ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിൽപ്പെട്ടവരുമല്ലായിരുന്നു. സർക്കാരിനേയും സൈനിക മേധാവികളേയും നഖശിഖാന്തം എതിർത്തുകൊണ്ട് ആദ്യം വിഷയത്തെ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത് രാജ്യത്തിന്റെ വിമുക്തഭടന്മാരായിരുന്നു. സൈനിക ചരിത്രത്തിനെതിരായ നീക്കങ്ങൾ വീരമൃത്യു വരിച്ചവരോടുള്ള അവഹേളനമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിജയത്തെ നീക്കംചെയ്യുന്നതിലെ ആപത്തിനെയാണ് ഇവരെല്ലാം ചൂണ്ടിക്കാണിക്കുന്നത്. 

വിദേശത്ത് നിന്നുള്ള വിശിഷ്ട വ്യക്തികളും സൈനിക മേധാവികളും രാജ്യത്തെത്തുമ്പോൾ കണ്ടിരുന്ന ചിത്രമാണത്.  ഈ ചിത്രമാണ് പുരാണവും ഭൂതകാലവും കൊണ്ട് വച്ചുമാറിയത്. 1971-ലെ വിജയത്തിന്റെ അനുസ്മരണദിനമാണ് ഡിസംബർ 16. ഈ ദിവസത്തോടനുബന്ധിച്ച് തന്നെ ഇങ്ങനെയാരു അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത് ദൗർഭാഗ്യകരമായിപ്പോയി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

മാറിയ ബം​ഗ്ലാദേശ്

ഭീകരത സഹിക്കവയ്യാതെ രാജ്യംവിട്ടതിന്റെ ചരിത്രം ബം​ഗ്ലാദേശുകാർക്കുണ്ട്. അതേ ചരിത്രം വീണ്ടും ആവർത്തിക്കുമോ എന്ന ഭീതിയിലാണ് ലോകവും അതിലേറെ ഇന്ത്യയും. രാജ്യത്താകെ കത്തിപ്പടർന്ന ജനരോഷത്തിന് മുന്നിൽ ഒന്നുംചെയ്യാനാകാതെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെയാണ് മറ്റൊരു പ്രതിസന്ധി കൂടി ബം​ഗ്ലാദേശിന് മുന്നിൽ അനാവൃതമായത്. ഭരണശിലാകേന്ദ്രങ്ങളിലേക്കും ഉന്നതരുടെ വസതിയിലേക്കും പ്രതിഷേധക്കാർ ഇരച്ചെത്തി. അന്നോളം ഇന്ത്യയുമായി അടുപ്പമുണ്ടായിരുന്ന അവാമി ലീ​ഗ് ഭരണം കൈവിട്ടു. വിശ്വസിക്കാനാകുന്ന ഒരു സഖ്യരാഷ്ട്രത്തിൽ നിന്ന് കടുത്ത ഇന്ത്യാവിരുദ്ധരായ ഒരുകൂട്ടം അവിടെ ഭരണത്തിലേറി. 

വിമോചനയുദ്ധത്തിൽ ഇന്ത്യൻ സേനയുടെ പങ്ക് അവ​ഗണിച്ച് കളയാൻ ആ​ഗ്രഹിക്കുന്നവരാണ് ഇന്ന് ബം​ഗ്ലാദേശിന്റെ തലപ്പത്ത്. ഇതേ പാതയിലാണോ ഇന്ത്യയുടെ സഞ്ചാരം എന്നാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ആശങ്ക. 3000 ധീരസൈനികരെയാണ് അന്ന് രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചത്. ആഭ്യന്തരപ്രശ്നങ്ങൾ കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് നിന്നാണ് അവർക്ക് മുന്നിലേക്ക് സമാധാനപരമായ ഒരു രാഷ്ട്രത്തെ ഇന്ത്യ വച്ചുനീട്ടിയത്. പാക് സൈന്യം നടത്തിയ കൂട്ടക്കൊലകളിലും അരാചകത്വത്തിലും മനംമടുത്ത് ഇന്ത്യയിലേക്കുള്ള അഭയാർഥികളായി എത്തുന്നവരിൽ ക്രമാതീതമായ വർധനവ് ഉണ്ടായതോടെയാണ് സർക്കാർ വിഷയത്തിൽ ഇടപെടേണ്ടത് അനിവാര്യമാണെന്ന് തീരുമാനിക്കുന്നത്. 

വർഷങ്ങൾക്കിപ്പുറം ബം​ഗ്ലാദേശിൽ സ്ഥിതി മറ്റൊന്നാണ്. വിമോചനത്തിന്റെ സ്മരണയ്ക്കായി അന്നാട്ടിലെ പ്രതിമ ഇന്ത്യാവിരുദ്ധരായ ആളുകൾ നശിപ്പിച്ചിട്ട് മാസങ്ങളേ ആകുന്നുള്ളൂ. ബംഗ്ലാദേശ് വിമോചനത്തിന്‍റെ സ്മരണകൾ മാത്രമല്ല, ഇന്ത്യൻ സാംസ്കാരിതയുമായി ബന്ധപ്പെട്ട എന്തിനോടും ആക്രമണമനോഭാവത്തോടെ പെരുമാറുന്നവർ ആ നാട് ഭരിക്കുമ്പോൾ നാം കരുത്തുകാട്ടിയ ദിവസങ്ങളെ ഇന്ത്യ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.

placeholder

ലോഞ്ചിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തിക്കളയാം എന്ന് വിചാരിച്ച് ഈ ചിത്രം മാറ്റിയെന്ന് നിസ്സാരവത്ക്കരിക്കാൻ പറ്റുന്ന വിഷയമാണോ എന്നാണ് ഉയരുന്ന ഒരു ചോദ്യം. അങ്ങിനെയെങ്കിൽ രാജ്യത്തെ ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട ധാർമിക ഉത്തരവാദിത്വം ഭരണകൂടത്തിനും ഉന്നത ഉദ്യോ​ഗസ്ഥർക്കില്ലേ എന്നതും പ്രസക്തമായ ചോദ്യമാണ്. ഈ പശ്ചാത്തലത്തിലാണ് പൗരാണിക ജ്ഞാനവും ആധുനിക സാങ്കേതികവിദ്യയും സംയോജിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ ചിത്രം വ്യക്തമായ സന്ദേശവും രാഷ്ട്രീയവും ചർച്ചയാവുന്നത്.