ഭീകരമായ ആഭ്യന്തരയുദ്ധത്തിന്റെ മീതെ ഭയങ്കരമായ ഭൂകമ്പം കൂടിയെത്തിയതോടെ കൊടുംപട്ടിണിയും രോഗങ്ങളുമായി മല്ലിടുകയാണ് മ്യാൻമാറിലെ സാധാരണക്കാർ. 2021 ഫെബ്രുവരി 21-ന് ഒന്നിനാണ് ജനറൽ ആങ് സാൻ സ്യൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച ശേഷം അവർ സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല. അന്ന് തുടങ്ങിയ ആഭ്യന്തരയുദ്ധം ഓരോ ദിവസവും കൂടുതൽ രൂക്ഷമാവുകയാണ്- ഇതിനകം കൊല്ലപ്പെട്ടത് 75,000ത്തിലധികം പേർ. മനുഷ്യനും പ്രകൃതിയും മത്സരിച്ച് അടിച്ചുതകർത്തത് ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളാണ്.

To advertise here,

ഈ കൊടുംദുരിതത്തിന് ഇടയ്ക്കാണ് മാർച്ച് 28-ാം തീയതി റിക്ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂമികുലുക്കം രാജ്യത്തെ രണ്ടാമത്തെ വൻനഗരമായ മാണ്ഡലേയ്ക്ക് അടുത്ത് പൊട്ടിയത്. ചില കണക്കുകൾ പ്രകാരം 1,700 പേരാണ് തിങ്കളാഴ്ച ഉച്ച വരെ മരിച്ചത്, പക്ഷേ ആയിരങ്ങൾ ഇനിയും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് കരുതപ്പെടുന്നു. ഈ ദുരന്തത്തിനിടയിലും തോക്കുകൾ നിശബ്ദമായിട്ടില്ല. ഭൂകമ്പമുണ്ടായി മൂന്നു മണിക്കൂറിനകം പട്ടാളഭരണകൂടം വിമത കേന്ദ്രങ്ങളിൽ വ്യോമാക്രമണം പുനരാരംഭിച്ചു. സഹായത്തിനായി ജനം കേഴുമ്പോഴും അധികാരം തന്നെയാണ് ഏറ്റവും വലുത്!

placeholder
ഭൂകമ്പത്തിൽ തകർന്ന മ്യാന്മാറിൽ നിന്ന് | Photo: AFP

അനന്തമായി ആഭ്യന്തരയുദ്ധം, വെടിനിറുത്തലിന് വിസമ്മതിച്ച് സർക്കാർ
സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ കൗൺസിൽ എന്നറിയപ്പെടുന്ന സൈനിക ഭരണകൂടത്തെ എതിർക്കുന്നത് പ്രതിപക്ഷ കക്ഷികളുടെ ഒരു കൂട്ടായ്മയാണ്- പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ് (പിഡിഎഫ്). ഈ സംഘടനയുടെ പ്രവർത്തനം നാഷണൽ യൂണിറ്റ് ഗവൺമെന്റ് (എൻ.യു.ജി) എന്ന നിഴൽ സർക്കാരുമായി ബന്ധപ്പെട്ടാണ്. ഇൻഡിപെൻഡൻസ് ആർമി, അരാക്കാൻ ആർമി പോലുള്ള വംശീയ സായുധസംഘടനകളും ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ പലയിടങ്ങളിലും സമാന്തരഭരണം നടത്തുകയാണ്. സൈന്യമാകട്ടെ, ശത്രുരാജ്യങ്ങളെ ആക്രമിക്കുന്നത് പോലെയാണ് വംശീയമായ ഈ ചെറുത്തുനിൽപ്പുകളെ നേരിടുന്നത്. സിവിലിയനുകളുടെ ജീവനാശത്തെക്കുറിച്ച് ഒട്ടും ചിന്തിക്കാതെ സ്വന്തം രാജ്യത്തിനുള്ളിൽ തുടർച്ചയായി വ്യോമാക്രമണങ്ങൾ. 2024-ൽ മാത്രം 800 തവണയാണ് സൈനികഭരണകൂടം- ജണ്ട- സ്വന്തം നാട്ടിനുള്ളിൽ വ്യോമാക്രമണം നടത്തിയത്. പക്ഷേ, അതുകൊണ്ട് കാര്യമായ ഫലമൊന്നും ഉണ്ടാവുന്നില്ല. വിമതരുടെ ശക്തി വർധിക്കുന്ന കാഴ്ചയാണ് എവിടെയും.

മാർച്ച് 29-ന് നാഷണൽ യൂണിറ്റി ഗവൺമെന്റ് ദുരിതാശ്വാസപ്രവർത്തനത്തെ സഹായിക്കാനായി ഏകപക്ഷീയമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ജണ്ട ഈ വെടിനിർത്തൽ പ്രഖ്യാപനം കേട്ടതായി പോലും ഭാവിച്ചില്ല, ആക്രമണം വർദ്ധിപ്പിച്ചു. ആൾക്കാരെ ഏതുവിധേനയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു സർക്കാർ സ്വന്തം ജനതയുടെ മേൽ ബോംബാക്രമണം നടത്തുന്നത് സങ്കൽപ്പിക്കാനാകാത്തതാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്‌പെഷ്യൽ റിപ്പോര്‍ട്ടര്‍ ടോം ആൻഡ്രൂ പറഞ്ഞു. സാഗായിംഗ്. വിമതരുടെ ശക്തികേന്ദ്രമായ സാഗായിങിലെ നിരവധി ഗ്രാമങ്ങൾ ചുട്ടെരിക്കപ്പെടുകയും സിവിലിയൻസിനു നേരെ ബോംബാക്രമണം ഉണ്ടാവുകയും ചെയ്തു. അരാക്കാൻ ആർമിക്ക് വൻമേൽക്കൈയുള്ള രാഘൈൻ പ്രവിശ്യയിലും ബോംബാക്രമണം തുടരുന്നു.

കരയാൻ പോലുമാവാതെ സാധാരണക്കാർ
1912-ന് ശേഷം മ്യാൻമാർ കണ്ട ഏറ്റവും ഭയാനകമായ ഭൂമികുലുക്കമാണിത്. റോഡുകളും പാലങ്ങളും അണക്കെട്ടുകളും തകർന്നു. വിമാനത്താവളത്തിലെ കണ്ട്രോൾ ടവർ തകർന്നതു കാരണം വിമാനഗതാഗതം മുടങ്ങി. ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന അംബരചുംബി തകർന്ന് 18 പേർ കൊല്ലപ്പെട്ടു. എക്‌സിൽ വരുന്ന ചില പോസ്റ്റുകൾ കാണിക്കുന്നത് 2,700 പേർ മരിച്ചു എന്നാണ്. ശരിക്കുള്ള മരണസംഖ്യ 10,000 വരെയാകാം. ആയിരക്കണക്കിന് ആൾക്കാർക്ക് പരിക്കേറ്റിട്ടുണ്ട്, 150 ഓളം പേരെ കാണാതായി എന്നും നാഷണൽ യൂണിറ്റി ഗവൺമെന്റ് കണക്കാക്കുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ സാഗായിങ്ങിൽ ആശയവിനിമയ സംവിധാനങ്ങളൊക്കെ തകർന്നിരിക്കുന്നതു കാരണം ശരിക്കും എന്താണ് സംഭവിച്ചത് എന്നതിന്റെ പൂർണചിത്രം ലഭ്യമല്ല.

കിടപ്പാടം മാത്രമല്ല, ഗ്രാമങ്ങൾ തന്നെ തുടച്ചുനീക്കപ്പെട്ട മേഖലകളുണ്ട്. കുടുംബങ്ങൾ ബോട്ടുകളിലും മറ്റും കിടന്നുറങ്ങുന്ന അവസ്ഥ. മ്യാൻമാറിലെ ഒന്നരക്കോടി ജനങ്ങൾ പട്ടിണിയുടെ പിടിയിലാണ്. ആരോഗ്യസംവിധാനം തകർന്നടിഞ്ഞിരിക്കുന്നു. നേരത്തേ തന്നെ അടിസ്ഥാനസൗകര്യങ്ങളില്ലാതിരുന്ന ആശുപത്രികൾ ഭൂകമ്പത്തിൽ തകർന്നതോടെ തെരുവുകളിൽ ചികിത്സ നടത്തേണ്ട ഗതികേടിലാണ് ഡോക്ടർമാർ.

placeholder
ഭൂകമ്പത്തിൽ തകർന്ന മ്യാന്മാറിൽ നിന്ന് 

6,000 കോടി ഡോളർ വലിപ്പം ഉണ്ടായിരുന്ന മ്യാൻമാർ സമ്പദ്‌വ്യവസ്ഥ ഇന്ന് നിഴൽ മാത്രമായിരിക്കുന്നു. ജി.ഡി.പിയുടെ മൂന്നിലൊന്നും ചെലവാക്കുന്നത് ആയുധവും യുദ്ധസാമഗ്രികളും വാങ്ങാനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. തീരാത്ത യുദ്ധവും പാശ്ചാത്യ ഉപരോധവുമൊക്കെ സാമ്പത്തികദുരിതം ദുസ്സഹമാക്കിയ ഇടത്താണ് ഭൂകമ്പത്തിന്റെ ഉറഞ്ഞുതുള്ളൽ. മ്യാൻമാറിലെ പാവങ്ങളിൽ 80 ശതമാനവും ഗ്രാമങ്ങളിലാണ്. അവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. നിഷ്ഠൂരനായ ഭരണാധികാരിയെ ശിക്ഷിക്കാനുള്ള പ്രകൃതിയുടെ മാർഗ്ഗമാണ് ഭൂമികുലുക്കമെന്ന് കരുതുന്ന ഒരു വിഭാഗം ഗ്രാമീണർ.

സഹായത്തിലെ അജണ്ടകൾ
അടിയന്തിര സഹായം എത്തിച്ചവരിൽ ഇന്ത്യയും ചൈനയുമാണ് മുന്നിൽ. ഇരുരാജ്യങ്ങൾക്കും മ്യാൻമാറിന്റെ സ്ഥിരത രാജ്യതാൽപ്പര്യങ്ങൾക്ക് സുപ്രധാനമാണ്. ഇന്ത്യ, വ്യോമസേനാവിമാനങ്ങളെയും നാല് യുദ്ധക്കപ്പലുകളെയും 40 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി 118 പേരെയും അങ്ങോട്ടേക്ക് അയച്ചു. മിസോറാമിനെ മ്യാൻമാർ വഴി കൊൽക്കത്തയുമായി ബന്ധിപ്പിക്കുന്ന കലാദാൻ ഇടനാഴിയും സിത്ത്വെ തുറമുഖവും പോലുള്ള പദ്ധതികളിൽ ഇന്ത്യ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ മേധാവിത്വത്തിന് മ്യാൻമാറിന്റെ പടിഞ്ഞാൻ പ്രവിശ്യകൾ നിർണായകമാണ്. അതിനാൽ തന്ത്രപരമായ പ്രാധാന്യവുമുണ്ട് രാജ്യത്തിന്. ഇന്ത്യ വളരെ ഉദാരമതിയായ രാജ്യമാണ് എന്ന പ്രതിച്ഛായ ശക്തിപ്പെടുത്തുകയും നയതന്ത്രരംഗത്ത് അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യാൻ സഹായത്തിനാകും. കോവിഡ് കാലത്തെ വാക്‌സിൻ മൈത്രി പദ്ധതിയൊക്കെ രാജ്യാന്തര തലത്തിൽ രാജ്യത്തിന് എത്രമേൽ ഗുണകരമായി എന്ന് പിൽക്കാലത്ത് വ്യക്തമായിരുന്നല്ലോ.

ഭൂകമ്പം ഉണ്ടായി 18 മണിക്കൂറിനുള്ളിൽ ചൈന 37 അംഗ സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ചു ഏതാണ്ട് ഒന്നരക്കോടിയോളം ഡോളർ വില വരുന്ന സഹായം പ്രഖ്യാപിച്ചു. ഭൂകമ്പത്തിന്റെ പിറ്റേന്ന് ജണ്ടയുടെ തലവനുമായി ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് ഫോണിൽ സംസാരിക്കുകയും ചെയ്തു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലെ പ്രധാന ഭാഗമാണ് മ്യാൻമാർ. ചോക്ഫ്യൂ തുറമുഖത്തിൽ നിന്നുള്ള പെട്രോളിയം, പാചകവാതക കുഴലുകൾ യുന്നാൻ പ്രവിശ്യ വരെ നീളുന്നുണ്ട്. ഈ തുറമുഖത്തെ അരാക്കാൻ ആർമി വളഞ്ഞിരിക്കുന്ന സമയത്ത് ആയുധവും പണവും നൽകി ജണ്ടയെ നിലനിർത്തേണ്ടത് ചൈനയുടെ ആവശ്യമാണ്. ഒരു സാമന്തരാജ്യമായി നിലനിർത്താനാണ് ചൈന മ്യാൻമാറിനെ സഹായിക്കുന്നത്, ജനാധിപത്യത്തിലേക്ക് തുറന്നു വിടാനല്ല. ഒരേസമയം വിമതസേനകളെയും പട്ടാളഭരണകൂടത്തെയും സഹായിക്കുന്ന വ്യാളിബുദ്ധി ഇക്കുറി വിജയിക്കുമോ എന്നു കണ്ടറിയണം.

placeholder
മ്യാൻമറിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാ​ഗമാകാൻ പുറപ്പെടാൻ ഒരുങ്ങുന്ന ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സ് | Photo: PTI

മ്യാൻമാറിനെ കാത്തിരിക്കുന്നത്
മ്യാൻമാറിന്റെ 42 ശതമാനം വിമതസേനകളുടെ കൈയിലാണ്. അവിടങ്ങളിൽ ജനങ്ങൾക്ക് നേരിയ തോതിൽ സഹായം കിട്ടുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള സഹായമെത്തുന്നില്ല. ഹ്രസ്വകാലാടിസ്ഥാനത്തിൽ നോക്കിയാൽ അടുത്ത ചില മാസങ്ങൾ വളരെ ഭയാനകമാകാൻ സാധ്യതയുണ്ട്. ആഹാരം, കിടപ്പാടം, ചികിത്സ എന്നിവ കിട്ടാത്തവരുടെ എണ്ണം ദശലക്ഷക്കണക്കിനാവും. സഹായമെത്തിയാലും ജണ്ടയുടെ ഉപരോധം കാരണം അത് വിമത മേഖലകളിലെത്തിക്കുക എളുപ്പമല്ല. സിവിലിയൻ മേഖലകളിൽ ബോംബ് ഇടുന്നത് സമാധാനം അസംഭാവ്യമാക്കുന്നു. ഐക്യരാഷ്ട്രസഭയെ പോലുള്ളവയുടെ സമ്മർദ്ദം കൊണ്ട് കാര്യമില്ല, പക്ഷേ, ചൈന ഇടപെട്ടാൽ മാറ്റമുണ്ടായേക്കും.

രാജ്യത്തിന്റെ പുനർനിർമാണത്തിന് കോടിക്കണക്കിന് ഡോളറുകളുടെ ആവശ്യമുണ്ട്, കുറഞ്ഞത് 100 കോടി ഡോളർ എങ്കിലും വേണം. ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത് ആകട്ടെ 10 കോടി ഡോളറാണ്. വിദേശ സഹായത്താൽ വിമാനത്താവളങ്ങളും റോഡുകളും പുനർനിർമ്മിക്കാൻ ആകുമായിരിക്കും. പക്ഷേ ഗ്രാമങ്ങളിലെ ദരിദ്രർക്ക് അതിന്റെ കാര്യമായ ഗുണം കിട്ടണമെന്നില്ല. യുദ്ധം മുന്നോട്ട് പോകുന്നതെങ്ങനെ എന്നതും പ്രധാനമാണ്. പട്ടാളഭരണം തകർന്നു വീണാലും യുദ്ധം അവസാനിക്കണമെന്നില്ല. ഭൂചലനങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയും സാധാരണനില വീണ്ടടുക്കുന്നതിന് ഭീഷണിയാണ്.

ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ആഭ്യന്തരയുദ്ധത്തിന്റെ അവസാനമാണ് എല്ലാം തീരുമാനിക്കപ്പെടുക. ജണ്ട അധികാരം നിലനിർത്തിയാൽ നിലവിലെ ഭീകരഭരണം ശക്തിപ്പെടും. അത് ദാരിദ്ര്യം വർദ്ധിപ്പിക്കുകയും ചൈനയുടെ പിടി ശക്തമാക്കുകയും ചെയ്യും. പ്രതിരോധസേനകൾ വിജയിച്ചാൽ 2025-ൽ ജനാധിപത്യം തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ വിജയിച്ചേക്കാം. പക്ഷേ വിമതസേനകളുടെ സഖ്യത്തിന് ചില പ്രശ്‌നങ്ങളുണ്ട്. ഓരോ വംശീയസേനയും സ്വയംഭരണം ആഗ്രഹിക്കുന്നു. മേഖലയിൽ മേധാവിത്വം നേടാനുള്ള ഇന്ത്യയുടെയും ചൈനയുടെയും പരിശ്രമങ്ങൾ മ്യാൻമാറിനെ വ്യത്യസ്ത സ്വാധീനമേഖലകളായി വിഭജിക്കാനും സാധ്യതയുണ്ടെന്ന് കരുതുന്നവരുണ്ട്. സർക്കാർ സ്വാധീനമേഖലകളിൽ ചൈനീസ് സഹായം, വിമത മേഖലകളിൽ ഇന്ത്യൻ സഹായം എന്നിങ്ങനെ.

പ്രതീക്ഷയുടെ തരിമ്പു പോലും കാണാനില്ലെങ്കിലും പിടിച്ചു നിൽക്കുകയാണ് മ്യാൻമാറിലെ ജനങ്ങൾ. മാണ്ഡലേ നഗരത്തിൽ ആയുധങ്ങൾ ഒന്നുമില്ലാതെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ സന്നദ്ധപ്രവർത്തകർ അതിജീവിതരെ തിരയുന്നത്. വിമതമേഖലകളിൽ ജണ്ടയുടെ വിലക്കുകൾ മറികടന്ന് എൻ.യു.ജി പ്രവർത്തകർ അരിയും മറ്റു വസ്തുക്കളും എത്തിക്കുന്നു. ബുദ്ധപുരോഹിതർ സൈന്യം കൊടുക്കുന്ന സഹായം വേണ്ടെന്നു വെക്കുന്നു.  എന്തൊക്കെ ദുരന്തങ്ങളിലൂടെ കടന്നുപോയവരാണ് ഈ ജനത! 2008-ൽ കുറഞ്ഞത് 1,38,000 പേരുടെ ജീവനെടുത്ത നർഗീസ് ചുഴലിക്കാറ്റ് പോലുള്ള മഹാദുരന്തങ്ങൾ. അവർ വീണ്ടും ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും, ഇത്തവണ അത് വളരെ കഠിനമാണെങ്കിലും.