'എൻ പുള്ളൈകളെ..എൻ പിറപ്പെ.. അന്ത മണ്ണുക്കു കീഴെ നാൻ പെറ്റ എൻ പുള്ളൈകൾ കണ്ടിപ്പാ ഇരുക്ക് സാർ, എപ്പടിയാവത് എനക്കവരെ തിരികെ കൊടുക്ക മുടിയുമാ'..
നാലു വർഷം മുമ്പ് ദുരിതമാരി തോരാക്കണ്ണീരൊഴുക്കിയ ഒരു വെള്ളിയാഴ്ച പെട്ടിമുടിയുടെ മാറുതുളച്ച് കറുപ്പായിയുടെ കരച്ചിലുയർന്നു. ഉരുളെടുത്ത പെട്ടിമുടിയിൽ അവശേഷിച്ച ചുരുക്കം ചില ജീവനുകളിലൊന്നായിരുന്നു കറുപ്പായിയുടേത്. 70 പേരുടെ ജീവൻ കവർന്ന പെട്ടിമുട്ടി ദുരന്തം നടന്ന ഓഗസ്റ്റ് ആറിന് നാല് വർഷമാകും. ഉള്ളുകലക്കിയ ആ ദുരന്തത്തിൻ്റെ മുറിവുണങ്ങും മുൻപാണ് മലനാടിൻ്റെ ചങ്കുകീറിയ മറ്റൊരു ദുരന്തവും. 

To advertise here,

വയനാടിനെ ഹൃദയത്തോട് ചേർത്തുവെയ്ക്കുകയാണ് പെട്ടിമുടിയിലുള്ളവർ. ആ മനുഷ്യർ അനുഭവിച്ച ദുരിതം തങ്ങളോളം ആർക്കാണ് മനസ്സിലാവുക എന്ന് ചോദിക്കുകയാണവർ. ഓർമകളുടെ കുത്തൊഴുക്കിലും അവർ വയനാടിനു വേണ്ടി കണ്ണീരൊഴുക്കുന്നു, പ്രാർഥനയിൽ ചേർത്തുനിർത്തുന്നു. നാലുവർഷങ്ങൾക്ക് മുൻപ് തങ്ങൾ വലിച്ചെറിയപ്പെട്ട കദനങ്ങളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു അവർക്കത്. ഉള്ളുരുക്കിയ ആ ദുരിതകാലം ഓർത്തെടുക്കുകയാണ് പെട്ടിമുടിയിലെ മനുഷ്യർ. 

ലയങ്ങളിൽ ഉറങ്ങിക്കിടന്ന 70 മനുഷ്യജീവനുകളെയാണ് അന്ന് ഉരുൾ കവർന്നത്. മരിച്ചവരിൽ പിഞ്ചുകുഞ്ഞുങ്ങളും പൂർണഗർഭിണിയുമുണ്ടെന്നത് സങ്കടം ഇരട്ടിപ്പിക്കുന്നു. മരിച്ചവരിൽ നാലു പേരെ ഇനിയും മണ്ണ് മടക്കിനൽകിയിട്ടില്ല, അവരിപ്പോഴും കാണാമറയത്താണ്. ദുരന്തം ബാക്കിയാക്കിയത് 12 പേരെ മാത്രം. ആറാം തീയതി രാത്രി 10.45-ഓടെയാണ് ഉരുൾപൊട്ടലുണ്ടാകുന്നത്. 

ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽ നിന്നും ഉരുൾപൊട്ടി വന്ന് കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളെ തകർത്ത് പെട്ടിമുടി പുഴയിൽ പതിക്കുകയായിരുന്നു. ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻക്കിടന്നിരുന്നു എല്ലാവരും. അതുകൊണ്ടു തന്നെ ഭൂരിഭാഗം പേർക്കും രക്ഷപ്പെടാനായില്ല. വ്യാഴാഴ്ച എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് കമ്പനി അവധി നൽകിയിരുന്നു. അതിനാൽ തന്നെ തൊഴിലാളികളെല്ലാവരും വീടുകളിൽ തന്നെയുണ്ടായിരുന്നു.

placeholder
പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിന്ന് | Photo: Mathrubhumi

ശബ്ദം കേട്ട് ഇറങ്ങിയോടിയ ചിലർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മണ്ണിൽ പുതഞ്ഞു പോയവരിൽ ജീവനുളളവരെയും തകർന്ന വീടുകൾക്കുള്ളിലായവരെയും രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. നീണ്ട 19 ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുക്കാനായത്. 

കമ്പിളി പുതച്ച നിലയിലും പരസ്പരം കെട്ടിപ്പുണർന്ന നിലയിലുമൊക്കെയായിരുന്നു കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം. 10.45-ന് നടന്ന അപകടം പുറത്തറിഞ്ഞത് പത്തു മണിക്കൂറിനു ശേഷമാണ്. ദുരന്തഭൂമിയിലേക്ക് ആദ്യം ഓടിയെത്തിയത് പെട്ടിമുടിയിൽ നിന്നും അരക്കിലോമീറ്റർ അകലെയുള്ള ലയങ്ങളിലെ തൊഴിലാളികളാണ്. മൊബൈൽ ഫോണിന് റേഞ്ചില്ലാത്തതിനാൽ അവർക്ക് പുറംലോകത്തെ വിവരം അറിയിക്കാൻ കഴിഞ്ഞില്ല. പുതഞ്ഞുപോകുന്ന മണ്ണിലേക്ക് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാനും അവർക്ക് കഴിഞ്ഞില്ല. പിന്നെയും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു.

കണ്ണൻദേവൻ കമ്പനിയിലെ ഫീൽഡ് ഓഫീസറായ സെന്തിൽ കുമാറിനെ തൊഴിലാളികൾ വിവരമറിയിച്ചു. 10.45 നു നടന്ന അപകടം ഒരുകിലോമീറ്റർ അകലെയുള്ള സെന്തിൽ അറിയുമ്പോൾ തന്നെ 11 മണിയായി. ഓടിയെത്തിയ സെന്തിൽ തൊഴിലാളികൾക്കൊപ്പം ചേർന്ന് കഴിയുന്നവരെയൊക്കെ രക്ഷിച്ചു. എന്നാൽ മഴയും ഇരുട്ടും തിരിച്ചടിയായി. വാർത്താവിനിമയ സംവിധാനങ്ങളെല്ലാം തടസ്സപ്പെട്ടതിനാൽ അധികൃതരെ വിവരം ധരിപ്പിക്കാൻ യാതൊരു നിർവാഹവുമില്ലായിരുന്നു. ഒടുവിൽ സെന്തിൽ ഇരുട്ടിൽ ഊടുവഴികളിലൂടെ 15 കിലോമീറ്ററോളം നടന്ന് മൂന്നാറിലെത്തി ഫോറസ്റ്റ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും സമയം രാവിലെ ആറുമണി കഴിഞ്ഞിരുന്നു.

പക്ഷേ, അപ്പോഴും പ്രതിബന്ധങ്ങൾ അവസാനിച്ചില്ല. മുതിരപ്പുഴയാറിനു കുറുകെയുള്ള പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ പുഴ കടന്ന് പെട്ടിമുടിയിലേക്കെത്താൻ അഗ്നിരക്ഷാസേനയ്ക്കും മറ്റും കഴിഞ്ഞില്ല. ആംബുലൻസിനും സംഭവസ്ഥലത്തേക്ക് എത്താനായില്ല. പിന്നീട് പുതുതായി പണിഞ്ഞുകൊണ്ടിരുന്ന പാലത്തിലൂടെ മറുകരയെത്തി അവിടെ നിന്നും പരിമിത സംവിധാനങ്ങളുമായാണ് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലെത്തിയത്. രക്ഷാപ്രവർത്തനം തുടങ്ങാൻ തന്നെ 12 മണിക്കൂറോളം വൈകി. പോലീസും റവന്യൂ ഉദ്യോഗസ്ഥരും മറ്റും സംഭവസ്ഥലത്ത് എത്തുമ്പോൾ രാവിലെ 10 മണി കഴിഞ്ഞിരുന്നു. ഉച്ചയോടെ മണ്ണുമാന്തി യന്ത്രങ്ങളും ആംബുലൻസുകളുമെത്തിയപ്പോഴാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ആംബുലൻസ് പാലത്തിനിപ്പുറത്ത് നിർത്തിയിട്ടു. പരിക്കേറ്റവരെ ജീപ്പിലെത്തിച്ച് പാലത്തിന്റെ മറുകരയിലേക്ക് ചുമന്ന് ആശുപത്രിയിലേക്ക് മാറ്റി. ഓഗസ്റ്റ് 7 മുതൽ തുടർച്ചയായി 19 ദിവസമാണ് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം നടന്നത്. അഗ്നിരക്ഷാസേന, പോലീസ്, എൻ.ഡി.ആർ.എഫ്., വിവിധ സന്നദ്ധസംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. 

ഓഗസ്റ്റ് നാലുമുതൽ ഏഴുവരെ 1594.7 മില്ലീമീറ്റർ മഴയാണ് പെട്ടിമുടിയിൽ പെയ്തത്. 30 മുതൽ 40 ഡിഗ്രിയോളം ചെരിവുള്ള ഭൂമിയിൽ 1.5 മുതൽ മൂന്നുമീറ്റർ മാത്രം കനമുള്ള കല്ലുകൾ നിറഞ്ഞ മേൽമണ്ണിന്റെ പാളിയെ മഴവെള്ളം ദുർബലമാക്കിയതാണ് ഉരുൾപൊട്ടലിന് പ്രധാനമായും കാരണമായത്. 

ഇന്നും ഭീതി വിട്ടുപോയിട്ടില്ല; വയനാട്ടിലെ ദുരന്തവാർത്തയറിഞ്ഞ് കരഞ്ഞുപോയി

വയനാടിനെ ഉരുളെടുക്കുന്നത് കണ്ട് കരഞ്ഞുപോയി എന്ന് പറയുകയാണ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട മുരുകേശനും ഭാര്യയും. ഉരുൾപൊട്ടലുണ്ടായപ്പോൾ മുരുകേശനും ഭാര്യയും മകൻ ഗണേശനും വീട്ടിലുണ്ടായിരുന്നു. തകർന്ന വീട്ടിൽ നിന്ന് ഒരുവിധം പുറത്തുകടന്നതുകൊണ്ട് മൂവരും രക്ഷപ്പെട്ടു. എസ്റ്റേറ്റിലെ ക്യാൻ്റീൻ ജീവനക്കാരനായിരുന്നു മുരുകേശൻ. 

'വയനാട്ടിലെ ദുരന്തം അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടമായി. മനസിനാകെ ഭാരമായിരുന്നു. പത്തര കഴിഞ്ഞപ്പോഴാണ്  സംഭവമുണ്ടാകുന്നത്. ഞങ്ങൾ ഉറങ്ങാൻക്കിടക്കുകയായിരുന്നു. എന്തോ ശബ്ദം  കേൾക്കുന്നു എന്ന് ഭാര്യയാണ് പറഞ്ഞത്. പൊടുന്നനെ മലവെള്ളം വന്ന് അടിച്ചു. മകൻ അടുക്കളിയിലായിരുന്നു കിടന്നിരുന്നത്. ഞങ്ങൾ മരിച്ചുപോകും നീ എങ്ങനെയെങ്കിലും രക്ഷപ്പെട്ടോയെന്ന് പറഞ്ഞു. ശ്വാസം കിട്ടുന്നില്ലെന്നും നെഞ്ചിൽ കല്ല് വീണ് കിടക്കുകയാണെന്നും അവനും തിരിച്ചു വിളിച്ചു പറഞ്ഞു. ഞങ്ങൾ കരുതിയത് ഞങ്ങൾക്ക് മാത്രമാണ് അപകടം പറ്റിയതെന്ന്. രക്ഷിക്കണേയെന്ന് വിളിച്ചു കരഞ്ഞു. 

കട്ടിലിനിടിയിൽ കിടന്ന ടോർച്ചിൽ എനിക്ക് പിടിത്തം കിട്ടി. അടുക്കളയിലേക്ക് ഒരു ചെറിയ ദ്വാരം കാണാമായിരുന്നു, അതുവഴി ടോർച്ച് മകനിട്ടു കൊടുത്തു. എങ്ങനെയൊക്കെയോ ഷീറ്റ് മാറ്റി അവൻ പുറത്തിറങ്ങി. കുറേനേരം കഴിഞ്ഞിട്ടും അവനെ കാണാനില്ല. എന്തെങ്കിലും ആപത്തു പറ്റിയോ എന്നൊന്നും അറിയില്ല. 20 മിനിറ്റ് കഴിഞ്ഞ് അവൻ തിരിച്ചുവന്നു. അവൻ തിരിച്ചുവന്നു പറയുമ്പോഴാണ് മുഴുവൻ ഉരുളെടുത്തെന്നും ഞങ്ങൾ മാത്രമാണ് ബാക്കിയായതെന്നും അറിയുന്നത്. നാലു മണിക്കൂറോളം ആ മണ്ണിൽ കിടന്നു. ഒടുവിൽ അടുക്കളയിലേക്കുണ്ടായിരുന്ന ദ്വാരം എങ്ങനെയോ വലുതാക്കി ഭാര്യയെ കടത്തിവിട്ടു. പിന്നാലെ ഞാനും നൂണ്ടിറങ്ങി. മകൻ പുറത്തിറങ്ങിയ വഴിയിലൂടെ ഞങ്ങളും പുറത്തുകടന്നു. ആദ്യം കരുതിയത് ഞങ്ങൾ മാത്രമാണ് അപകടത്തിൽപ്പെട്ടതെന്ന് കരുതി. പുറത്തെത്തിയപ്പോൾ എല്ലാവരും പറയുന്നു ബാക്കിയെല്ലാവരെയും ഉരുളെടുത്തു നിങ്ങൾ മാത്രമാണ് ബാക്കിയായത് എന്ന്. സംഭവം നടക്കുമ്പോൾ മകൾ തമിഴ്‌നാട്ടിൽ പഠിക്കുകയായിരുന്നു. കോവിഡ് സമയം ആയതുകൊണ്ട് അവൾക്ക് നാട്ടിൽ വരാനും കഴിഞ്ഞില്ല. അപകടം നടന്ന വിവരമറിയിക്കുമ്പോൾ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും മരിച്ചുപോയി എന്നായിരുന്നു മകളോട് പറഞ്ഞത്. പുലർച്ചെ ഞങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് ടിവിയിൽ കാണിച്ചത് കണ്ടാണ് ഞങ്ങൾ മരിച്ചില്ലെന്ന് അറിഞ്ഞത്. 

placeholder
മുരുകേശനും കുടുംബവും | Photo: Special Arrangement

28 ദിവസം ഹോസ്പിറ്റലിൽ കിടന്നു. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം പോയി. ഒരു ഉടുപ്പ് പോലും ബാക്കിയില്ലാതെ എല്ലാം പോയി. എന്റെ ഭാര്യയുടെ കഴുത്തിലുള്ള മാല മാത്രം ആയിരുന്നു ബാക്കി. അത് വിറ്റ് ജീപ്പ് വാങ്ങി. മകളുടെ വിവാഹം നടത്തി. അവൾ ബി.എ. ഇംഗ്ലീഷ് എടുത്തിരുന്നു. എം.എ.യും പഠിപ്പിച്ചു. അവളുടെ വിവാഹം നടത്തി. മകൻ എരമലക്കുടിയിൽ ജീപ്പോടിച്ചാണ് ചെലവ് കഴിക്കുന്നത്. ക്യാന്റീൻ വീണ്ടും തുടങ്ങി. പക്ഷേ അതിൽ നിന്ന് വലിയ വരുമാനമില്ല. കമ്പനി സർക്കാർ തന്ന 5 സെന്റ് സ്ഥലത്ത് വീടുവെച്ച് തന്നിരുന്നു അതിലാണ് താമസം.  പെട്ടിമുടിയിലുണ്ടായിരുന്നവരെല്ലാം മാട്ടുപെട്ടി, നയമക്കാട്, രാജമല അങ്ങനെ മറ്റ് എസ്റ്റേറ്റുകളിലേക്ക് മാറിപോയി. ഇവിടെ നിക്കാൻ ആർക്കും ധൈര്യം ഇല്ലായിരുന്നു. പെട്ടിമുടിയിൽ ഇപ്പോൾ നാല് തമിഴ് കുടുംബങ്ങൾ മാത്രമേയുള്ളൂ. ഇപ്പോൾ ആസാം, ജാർഖണ്ഡ് സ്വദേശികളാണ് എസ്റ്റേറ്റിലുള്ളത്. ബാക്കിയുള്ളവരെല്ലാം പെട്ടിമുടി വിട്ടു. മറ്റ് എസ്റ്റേറ്റുകളിൽ ക്യാൻ്റീൻ ഇല്ലാത്തതുകൊണ്ടുമാത്രം ഞാൻ ഇപ്പോഴും ഇവിടെ നിൽക്കുന്നു. പേടിയുണ്ട്, പക്ഷേ ജീവിക്കണ്ടേ.

ഞങ്ങളനുഭവിച്ചത് തന്നെയാണ് വയനാട്ടിലുള്ളവരും  അനുഭവിച്ചത്. അത് കണ്ടുനിൽക്കാനാവാതെ തമിഴ്‌നാട്ടിൽ വന്നു. മരണം മുന്നിൽ കണ്ടാണ് മണ്ണിനടിയിൽ കിടന്നത്. ഇനിയാർക്കും ഇങ്ങനെ ദുരന്തം ഉണ്ടാവരുത് എന്ന പ്രാർഥന മാത്രമാണ് ബാക്കി. ഇപ്പോഴും കണ്ണടച്ചാൽ അന്നത്തെ ഓർമകളാണ്. ഉറക്കമില്ല. ഗുളിക കഴിച്ചാണ് ഉറങ്ങുന്നത്.

ഇത് എന്റെ അനുഭവം തന്നെ; ഭക്ഷണം പോലുമിറങ്ങിയില്ല

വയനാട്ടിലെ വാർത്തകൾ കണ്ടപ്പോള്‍ പഴയതെല്ലാം ഓര്‍മ വന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയായിരുന്നു നെഞ്ചിനകത്ത്. അന്നനുഭവിച്ചതെല്ലാം ഓർമ വന്നു. 

ഉറക്കത്തിലായിരുന്നു ഞങ്ങള്‍. സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇങ്ങനെയൊരപകടം ഉണ്ടാകുമെന്ന്. ഒന്‍പതുമാസം ഗര്‍ഭിണിയായിരുന്നു ഭാര്യ മുത്തുലക്ഷ്മി. പിറ്റേന്ന് അടിമാലി മോണിങ്ങ് സ്റ്റാർ ആശുപത്രിയിൽ അഡ്മിറ്റാകാനിരിക്കുകയായിരുന്നു. രാവിലെ അഞ്ചുമണിക്ക് പോണം. അപ്പോഴാണ് ജീപ്പ്. അതുകൊണ്ട്  ആശുപത്രിയില്‍ കൊണ്ടുപോവാനുള്ള ബാഗ് ഒക്കെ റെഡിയാക്കി ഒന്‍പതരയോടെ ഭക്ഷണം കഴിച്ചു കിടന്നു. നാലു ദിവസമായി മഴയായിരുന്നു. മൊബൈലിന് ചാർജുമില്ല. രാവിലെ ഇറങ്ങുമ്പോള്‍ വണ്ടിയില്‍ വെച്ച് ചാര്‍ജ് ചെയ്യാനിരിക്കുകയായിരുന്നു. അവളുടെ വളകാപ്പിനായി ബന്ധുക്കളെല്ലാം വീട്ടിലെത്തിയിരുന്നു.

placeholder
ദീപൻ അന്ന് ആശുപത്രിയിൽ. ഫയൽ ചിത്രം | Photo: Mathrubhumi

ഉറക്കത്തിനിടയിൽ എന്തോ ഇടിക്കുന്ന ശബ്ദം കേട്ടു. കണ്ണുതുറക്കും മുൻപ് മലവെള്ളം അടിച്ചുകൊണ്ടുപോയി. ബോധം വരുമ്പോൾ കഴുത്തൊപ്പം മണ്ണാണ്. ഭാര്യ എൻ്റെ കൈയിൽ പിടിച്ചാണ് നിന്നത്. ബോധം വന്നപ്പോൾ ആദ്യം നോക്കിയത് അവളെയാണ്. മലവെള്ളം അവളെ എവിടെയോ അടിച്ചുതെറിപ്പിച്ചിരുന്നു. അമ്മയുടെ മുടി പുറത്തുകാണാം. എൻ്റെ വായിൽ വരെ ചെളി നിറഞ്ഞിരുന്നു. അനങ്ങാൻ പോലുമാവുന്നില്ല. 

ഭയങ്കര ഇരുട്ടായിരുന്നു. അടുത്ത ജങ്ഷനിലുള്ളവര്‍ക്ക് വരാനും കഴിഞ്ഞില്ല. മണ്ണില്‍ കിടക്കുന്ന എന്നെ പിറ്റേ ദിവസമാണ് പുറത്തെത്തിച്ചത്. ഏഴ് മണിയാകുമ്പോഴാണ് എന്നെ മണ്ണില്‍ നിന്ന് പുറത്തെടുത്തത്. ചെളിയെല്ലാം മാറ്റി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും 9 മണിയായി. കൈകാലിനും നടുവിനും പരിക്കേറ്റ് മൂന്നാറിലെ ടാറ്റാ ആശുപത്രിയില്‍ ഒരുമാസം കിടന്നു. അമ്മയേയും രക്ഷപ്പെടുത്താന്‍ പറ്റി. ഒന്നുറങ്ങിയെഴുന്നേറ്റപ്പോഴേക്കും എല്ലാവരും പോയി.  അച്ഛനും ഭാര്യയും അമ്മാവനും അമ്മായിയും അവരുടെ രണ്ടുമക്കളും എല്ലാവരും പോയി. 42 ബന്ധുക്കളെയാണ് നഷ്ടപ്പെട്ടത്. ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തക്കസമയത്ത് വിവരമറിയിക്കാൻ എങ്കിലും സാധിച്ചിരുന്നെങ്കിൽ കുറച്ചുപേരേ കൂടി രക്ഷപ്പെടുത്താമായിരുന്നു.

വയനാട്ടിലെ സംഭവം കണ്ട് രണ്ടുദിവസം ഭക്ഷണം കഴിച്ചില്ല. വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം. ഉറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോ പഴയതൊക്കെ ഓര്‍മ വരും. ഇപ്പോള്‍ രാജമലയില്‍ ഫോറസ്‌ററ്റിന്റെ വണ്ടി ഓടിക്കുകയാണ്. മാമന്‍ മരിച്ച ഒഴിവില്‍ കിട്ടിയ ജോലിയാണ്. മൂന്ന് മാസം മുന്‍പ് രണ്ടാമത് വിവാഹം കഴിച്ചു. ഇപ്പോള്‍ ഉത്തരേന്ത്യക്കാരാണ് കമ്പനിയില്‍ കൂടുതല്‍ പേരും. ബാക്കിയെല്ലാവരും മറ്റ് സ്ഥലത്തേക്ക് മാറി. ഞാനും ജോലിയുടെ ആവശ്യത്തിനായി മൂന്നാറിലാണിപ്പോൾ. എല്ലാവരെയും രാജമലയിലാണ് അവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്. ഇടയ്ക്ക് അവരെ കാണാൻ വേണ്ടി മാത്രം അങ്ങോട്ട് പോകും. ഒന്നും മറക്കാനാകില്ലല്ലോ- ദീപൻ്റെ തൊണ്ടയിടറി.