
അമേരിക്കയ്ക്ക് പിന്നാലെ വ്യാപാരക്കരാറില്‍ അംഗമാവാത്ത ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരേ അമ്പത് ശതമാനംവരെ തീരുവ ചുമത്താന്‍ മെക്സിക്കോയും രംഗത്ത് വരികയാണ്. പുതിയ തീരുമാന പ്രകാരമുള്ള താരിഫ് 2026 ജനുവരി ഒന്നുമുതല്‍ നിലവില്‍ വരികയും ചെയ്യും. ചൈനീസ് ഉല്‍പ്പന്നങ്ങളെ നിയന്ത്രിക്കുക എന്നതാണ് മെക്സിക്കോയുടെ പുതിയ താരിഫ് നയത്തിന്റെ ലക്ഷ്യമെങ്കിലും ഇത് ഇന്ത്യയേയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ആരാണ് മെക്സിക്കോ തീരുവയുടെ ഗുണഭോക്താക്കള്‍. ഇത് എങ്ങനെ ഇന്ത്യയെ ബാധിക്കും.
- എന്തുകൊണ്ട് മെക്സിക്കോയുടെ അധികതീരുവ പ്രഖ്യാപനം
സ്റ്റീല്‍, മെറ്റല്‍, വാഹനം, വാഹന ഘടകം, വസ്ത്രം, പ്ലാസ്റ്റിക്, പാദരക്ഷകള്‍ ഇവയാണ് മെക്സിക്കോ പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്.എന്നാല്‍ ചൈനീസ് വിപണിയില്‍ നിന്ന് വന്‍തോതില്‍ ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ രാജ്യത്തേക്ക് എത്തുന്നത് തടയുക എന്നതും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നതുമാണ് പുതിയ തീരുവകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് മെക്സിക്കോ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഇത്തരം സാധനങ്ങള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്ക് മെക്സിക്കോയില്‍ നിന്ന് ചൈനീസ് കമ്പനികള്‍ വീണ്ടും കയറ്റി അയക്കുകയാണെന്നും മെക്സിക്കന്‍ ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് സജ്യന്യവ്യാപാരക്കരാര് ഇല്ലാത്ത ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് 50 ശതമാനം വരെയുള്ള തീരുവ വര്‍ധനവുമായി മെക്സിക്കോ മുന്നോട്ടുപോവുന്നത്. ഇതിന് പുറമെ അമേരിക്കയുടെ സമ്മര്‍ദവുമുണ്ട്.
മെക്സിക്കോയും അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ തീരുന്നത് 2026-ല്‍ ആണ്. പഴയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും അതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നപ്പോഴും മെക്സിക്കോ ഇത്തരം ഗുണനിലവാരമില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിനുള്ള പിന്‍വാതില്‍ ആവരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് തുടര്‍ന്നാല്‍ ഉയര്‍ന്ന തീരുവ ചുമത്തുമെന്ന ഭീഷണിയുമുണ്ടായിരുന്നു. ഇതോടെയാണ് യു.എസിനൊപ്പം നില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി പുതിയ തീരുവ നയവുമായി മെക്സിക്കോ രംഗത്തെത്തിയത്. എന്നാല്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അത് വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാക്കുകയാണ് തങ്ങളുടെ പദ്ധതിയെന്നുമാണ് മെക്സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയിന്‍ബോം വ്യക്തമാക്കുന്നത്.
അമേരിക്കയുടെ താല്പര്യത്തിന് വഴങ്ങി ചൈനയെയാണ് ഉയര്ന്നതീരുവയിലൂടെ ലക്ഷ്യമിടുന്നതെങ്കിലും ഏഷ്യന്‍ രാജ്യങ്ങളെ പ്രധാനമായും ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുന്നതാണ് മെക്സിക്കോയുടെ അധിക തീരുവ നയം. ഇതിനകം തന്നെ ഏകപക്ഷീയമായി അമ്പത് ശതമാനം തീരുവ പ്രഖ്യാപിച്ച മെക്സിക്കോയ്ക്കെതിരേ ശക്തമായി തിരിച്ചടിക്കുമെന്ന് പറഞ്ഞ് ഇന്ത്യയും അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ സൂചിപ്പിക്കാതെയും കൂടിയാലോചനയുമില്ലാതെയാണ് മെക്സിക്കോ 50 ശതമാനം തീരുവ ചുമത്തിയതെന്നും പ്രതിഷേധമറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
- ഇന്ത്യയെ എങ്ങനെ ബാധിക്കും
കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ മാത്രം 570 കോടി ഡോളറിന്റെ കയറ്റുമതി ഇന്ത്യ മെക്സിക്കോയിലേക്ക് നടത്തിയിരുന്നു. വാഹനങ്ങള്‍ക്ക് പുറമെ,വാഹനഘടകങ്ങള്‍, മരുന്നുകള്‍, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, കെമിക്കലുകള്‍, ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവയാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. മാരുതി ഉള്‍പ്പെടെ ചില വാഹനങ്ങളുടെ പ്രധാന വിപണിയും മെക്സിക്കോ ആയിരുന്നു. നിലവില്‍ 20 ശതമാനമാണ് വാഹനങ്ങള്‍ക്ക് തീരുവയെങ്കിലും ഇത് 50 ശതമാനത്തിലേക്കാണ് ഉയരുന്നതോടെ വാഹനങ്ങളുടെ വില വര്‍ധിക്കാനും സാധ്യതയുണ്ട്.
അധിക തീരുവ വരുമ്പോള്‍ ചൈനയ്ക്ക് ശേഷം പ്രശ്നം ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രാജ്യവും ഇന്ത്യയാവും. മെക്സിക്കോയിലേക്ക് യാത്രാ വാഹനങ്ങള്‍ കയറ്റി അയക്കുന്നതില്‍ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയുമാണ് ഒന്നും രണ്ടു സ്ഥാനത്ത്.
186 കോടി ഡോളറിന്റെ വാഹനങ്ങള്‍, 61.24 കോടിന്റെ ഇലക്ട്രിക്കല്‍, ഇലക്ടോണിക് ഉപകരങ്ങള്‍, 56.08 ഡോളറിന്റെ യന്ത്രസാമഗ്രികള്‍, 30.8 കോടി ഡോളറിന്റെ ഓര്‍ഗാനിക് രാസ വസ്തുക്കള്‍, 38.6 കോടി ഡോളറിന്റെ അലൂമിനിയം, 21.12 കോടി ഡോളറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് കഴിഞ്ഞവര്‍ഷം ഇന്ത്യ പ്രധാനമായും കയറ്റി അയച്ചത്. ഫോക്സ് വാഗണ്‍, മാരുതി, ഹ്യുണ്ടായ്, നിസ്സാന്‍, സ്കോഡ തുടങ്ങിയ വാഹനങ്ങളും മെക്സിക്കോയിലെത്തുന്നത് ഇന്ത്യയില്‍ നിന്നാണ്.
ഏറെക്കാലമായി ചൈനയെ അടക്കി നിര്‍ത്തുക ലക്ഷ്യമിട്ട് മുന്നിട്ടിറങ്ങുന്ന അമേരിക്കയ്ക്ക് കിട്ടിയ പ്രധാന അവസരം കൂടിയാണ് മെക്സിക്കോയുടെ തീരുവ. പുതിയ തീരുവ പ്രബല്യത്തില്‍ വരുന്നതോടെ മെക്സിക്കോയുടെ ആഭ്യന്തര സ്റ്റീല്‍, ടെക്സ്റ്റെയില്‍, വാഹന ഘടക നിര്‍മാണം കുതിച്ചുയരുമെന്നും ഇതുവഴി ആഭ്യന്തര വരുമാനം വലിയ രീതിയില്‍ വര്ധിപ്പിക്കാനാവുമെന്നും മെക്സിക്കോ കണക്കുകൂട്ടുന്നു.
- ചര്‍ച്ച നടത്തി ഇന്ത്യ
തീരുവ ഏകപക്ഷീയമായി വര്‍ധിപ്പിക്കാനുള്ള മെക്സിക്കോയുടെ തീരുമാനത്തില്‍ പരസ്പര പ്രയോജനകരമായ പരിഹാരങ്ങള്‍ കണ്ടെത്താനായി ഇന്ത്യ മെക്സിക്കോയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ബില്‍ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ തന്നെ ഇന്ത്യ മെക്സിക്കോയുമായി ചര്‍ച്ച നടത്തിയിരുന്നു.
പുതിയ തീരുമാനത്തിന്റെ ഭാഗമായി, മെക്സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്ലന്ഡ്, ഇന്തോനേഷ്യ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് മെക്സിക്കോ താരിഫുകള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇനങ്ങളുടെ പട്ടിക ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
മെക്സിക്കോയുടെ തീരുമാനം ആശങ്കാജനകമാണെന്നാണ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അജയ് സാഹായി വ്യക്തമാക്കി. ഇത്തരം കടുത്ത ഡ്യൂട്ടികള്‍ രാജ്യത്തിന്റെ മത്സരക്ഷമതയെ ഇല്ലാതാക്കുകയും വര്‍ഷങ്ങളെടുത്ത് വികസിപ്പിച്ച വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും സാഹായ് പറയുന്നു.
മെക്സിക്കോ ഇന്ത്യന്‍ ഇറക്കുമതിക്ക് താരിഫ് വര്‍ധിപ്പിക്കുന്നതോടെ, ആഭ്യന്തര ഓട്ടോ ഘടക നിര്‍മാതാക്കള്‍ക്ക് വര്‍ധിച്ച ഉല്‍പ്പാദന ചെലവിനെ നേരിടേണ്ടി വരുമെന്നാണ് എസിഎംഎ ചൂണ്ടിക്കാട്ടുന്നത്. 2024-25 കാലയളവില്‍ മെക്സിക്കോയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 5.75 ബില്യണ്‍ ഡോളറായിരുന്നു, അതേസമയം ഇറക്കുമതി 2.9 ബില്യണ്‍ ഡോളറുമായിരുന്നു. പുതിയ താരിഫ് നയത്തിലൂടെ രാജ്യത്തെ വിവിധ മേഖലകളിലെ 350,000 തൊഴിലുകള്‍ സംരക്ഷിക്കുമെന്നാണ് മെക്സിക്കോ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
- വ്യാപാരക്കരാര്‍ ഉണ്ടാക്കുമോ ഇന്ത്യ
മെക്സിക്കോ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വ്യാപാര പങ്കാളിത്തമുള്ള രാജ്യമല്ലെങ്കിലും യുറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഗേറ്റ് വേ ആണ്. എങ്കിലും മെക്സിക്കോയുമായി ഒരു സ്വതന്ത്ര വ്യാപാരക്കരാര്‍ ഇന്ത്യ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. പക്ഷെ മെക്സിക്കോ വടക്കന്‍ അമേരിക്ക, യുറോപ്, ലാറ്റിന്‍ അമേരിക്ക എന്നിവരെല്ലാമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കിയിട്ടുമുണ്ട്. ഇതോടെ മെക്സിക്കോയിലേക്ക് സ്വതന്ത്ര വ്യാപാരക്കരാറുണ്ടാക്കിയ രാജ്യത്തില്‍ നിന്ന് വലിയ തോതില്‍ താരിഫ് ഇല്ലാതെ തന്നെ സാധനങ്ങളെത്തും.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് വലിയ തീരുവയും ചുമത്തപ്പെടും. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ തഴയപ്പെടാന്‍ സാധ്യതയുണ്ടെന്നും കണക്കാപ്പെടുന്നു. ഇത് സാധനങ്ങള്‍ ഓര്‍ഡര്‍ നല്കുന്നതില് പെട്ടെന്നുണ്ടാകുന്ന കുറവ് വലിയ നഷ്ടമുണ്ടാക്കും. ഉല്‍പ്പാദനം കുറയുന്നതോടെ മെക്സിക്കോയെ ആശ്രയിച്ച് കഴിയുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് കൃത്യമായി ജോലി നല്കാനുമാവില്ല. അടച്ചുപൂട്ടലും പിരിച്ചുവിടലും ഉണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു. ഇതോടെ മെക്സിക്കോയുമായി താല്‍ക്കാലിക വ്യാപാരക്കരാറിനുള്ള നീക്കവും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. പക്ഷെ വ്യാപാര നയതന്ത്രം വേഗം കുറഞ്ഞതും പുതിയ നികുതി തൊട്ടടുത്തുമാണുള്ളത്.
പക്ഷെ തീരുവ ഭീഷണി എല്ലാ കയറ്റുമതി മേഖലയിലും ഒരുപോലെയാവില്ല. പ്രത്യേകിച്ച് ചില ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് മെക്സിക്കോയിലേക്ക് കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങളില്‍, 10 ശതമാനം വരുന്നവയക്ക് പകരം സംവിധാനം കണ്ടെത്താന്‍ മെക്സിക്കോയ്ക്ക് പ്രയാസമാകും. ഉദാഹരണത്തിന്, മെക്സിക്കോയുടെ മൊത്തം അലുമിനിയം ഇറക്കുമതിയുടെ 53 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. സെറാമിക് ടൈലുകളുടെ കാര്യത്തിലും ഇന്ത്യ മെക്സിക്കന്‍ വിപണിയുടെ ഭൂരിഭാഗവും കയ്യടക്കി വെച്ചിട്ടുണ്ട്. ഇതിലെല്ലാം ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നത് എളുപ്പമാവില്ല.
Content Highlights: Mexico imposes new tariffs affecting Asian nations, including India. Understand how this impacts Indian exports, auto industry, and global trade dynamics
Published: 18 Dec 2025, 11:34 am IST
ABOUT THE AUTHOR

K P Nijeesh Kumar
nijeeshkuttiadi@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, രാഷ്ട്രീയം, വികസനം ഇഷ്ട വിഷയങ്ങൾ.
.
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented