യ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള ഒരു ചെറിയ പ്രദേശം മഹാദേവഗ്രാമം എന്നറിയപ്പെടുമ്പോള്‍ പുതിയ തലമുറയിലുള്ളവര്‍ക്ക് അതില്‍ ആശ്ചര്യമൊന്നും തോന്നേണ്ട കാര്യമില്ല. ക്ഷേത്രവും ഭക്തിയുമായി ബന്ധപ്പെട്ട ഒരു പേരാണെന്നേ അവര്‍ക്ക് തോന്നാനിടയുള്ളൂ. 

To advertise here,

പക്ഷേ, മുന്‍തലമുറയിലുള്ളവര്‍ക്ക് അത് ഒരു ഓര്‍മപ്പെടുത്തലാണ്. ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ആ പോരാട്ടത്തെ മുന്നില്‍ നിന്നു നയിച്ച കൃശഗാത്രനായ സൈന്യാധിപനെക്കുറിച്ചുമുള്ള ഓര്‍മപ്പെടുത്തല്‍. ഒരേസമയം രണധീരനും മുനിവര്യനുമായിരുന്ന ഗാന്ധിജിയെക്കുറിച്ചും അദ്ദേഹത്തെ നിഴല്‍പോലെ പിന്തുടര്‍ന്ന കര്‍മധീരനായ സേവകനെക്കുറിച്ചുമുള്ള വീരസ്മൃതികള്‍. 

ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പേറുന്ന തല നരച്ച തലമുറയ്ക്കാവട്ടെ, ഈ ഗ്രാമം സ്വാതന്ത്ര്യ സമരത്തിന്‍റെ തന്നെ സ്മാരകമാവുന്നു. പുത്തന്‍ തലമുറയില്‍ ആരുടെയും ഓര്‍മകളില്‍ ഇല്ലാത്ത, സ്വാതന്ത്ര്യസമരേതിഹാസത്തിന്‍റെ വികാരോജ്വലമായ ഒരധ്യായം. മഹത്വാകാംക്ഷകളില്ലാതെ, നിസ്വാര്‍ഥനായി, ഗാന്ധിജിയുടെ സേവകനും പടയാളിയുമായി നിന്ന് ചരിത്രത്തിനൊപ്പം സഞ്ചരിച്ച മഹാദേവ ദേശായിയെന്ന കര്‍മധീരനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍. 

വടക്കേ മലബാറില്‍ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് വലിയ പോരാട്ടങ്ങള്‍ നടന്ന സ്ഥലമാണ് പയ്യന്നൂര്‍. 1934ല്‍ ഗാന്ധിജി പയ്യന്നൂരിലെത്തുമ്പോള്‍ കൂടെ ദേശായിയുമുണ്ടായിരുന്നു. പക്ഷേ, ദേശായിയെ പയ്യന്നൂരുമായി വൈകാരികമായി അടയാളപ്പെടുത്തുന്ന സവിശേഷ സന്ദര്‍ഭങ്ങളെക്കുറിച്ചൊന്നും ചരിത്രത്തില്‍ പറയുന്നില്ല. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും പട്ടേലുമടക്കമുള്ള ഗോപുരസദൃശരായ നേതാക്കന്‍മാര്‍ ഉണ്ടായിട്ടും അത്രയൊന്നും ഉച്ചത്തില്‍ വിളിച്ച്  പറയപ്പെടാത്ത മഹാദേവ ദേശായിയുടെ പേരിടാന്‍ ഇടയായതെങ്ങനെ എന്ന കൗതുകവും ഈ പേരിനെച്ചൊല്ലി ഉയരുന്നുണ്ട്.

“ദേശീയപ്രസ്ഥാനം വളരെ ശക്തമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു പയ്യന്നൂര്‍. ഗാന്ധിജിയുടെ സന്ദര്‍ശനം ഇന്നും പയ്യന്നൂരുകാര്‍ക്ക് ആവേശമുണര്‍ത്തുന്ന ഒരു ചരിത്ര സംഭവമാണ്. ഗാന്ധിജി വന്നപ്പോള്‍, അദ്ദേഹത്തിന്‍റെ പര്യടന പരിപാടികളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളുടെയുമെല്ലാം മേല്‍നോട്ടം മഹാദേവ ദേശായിക്കായിരുന്നു. അന്ന് അത് അടുത്തു നിന്നു കണ്ട ദേശീയപ്രസ്ഥാനത്തിലെ നേതാക്കള്‍ക്ക് ഗാന്ധിജിയും ദേശായിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വലിയ മതിപ്പ് തോന്നിയിട്ടുണ്ടാവും"- മഹാദേവ ദേശായി സ്മാരക വായനശാലയുടെ മുൻ സെക്രട്ടറിയും ലൈബ്രറി കൗൺസിൽ പയ്യന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറിയുമായ കെ. ശിവകുമാര്‍ പറയുന്നു. 

“ദേശീയപ്രസ്ഥാനത്തില്‍ പങ്കെടുത്തവര്‍ ചേര്‍ന്ന് ‘സഹോദര സമാജം’ എന്ന പേരില്‍ ഒരു സംഘടന രൂപവല്‍ക്കരിച്ചിരുന്നു. 1944 ല്‍ ഈ സംഘടനയാണ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നു കിടക്കുന്ന പട്രാട്ട് കൊവ്വല്‍ എന്ന സ്ഥലത്ത് മഹാദേവ ദേശായിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി ഒരു വായനശാല തുടങ്ങുന്നത്"- മഹാദേവഗ്രാമത്തിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഗ്രാമം പ്രതിഭയുടെ പ്രസിഡന്‍റും പൊതുപ്രവര്‍ത്തകനുമായ പി.യു. രാജന്‍ പറയുന്നു. “വലിയ എഴുത്തുകാരനും പണ്ഡിതനുമായിരുന്നു ദേശായി. ഗുജറാത്തി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളില്‍ മനോഹരമായി എഴുതുമായിരുന്നു. ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത് അദ്ദേഹമാണ്. സഹോദര സമാജം പ്രവര്‍ത്തകര്‍ ഒരു ഗ്രന്ഥശാല തുടങ്ങുമ്പോള്‍ അത് മഹാദേവ ദേശായിയുടെ ഓര്‍മ നിലനിര്‍ത്തുന്നതാവണം എന്നു ചിന്തിക്കാന്‍ കാരണം ഇതു തന്നെയാവണം"- രാജന്‍ പറഞ്ഞു. 

placeholder
മഹാത്മാ ഗാന്ധിയും മഹാദേവ് ദേശായിയും

“സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് 1944ല്‍ പയ്യന്നൂരില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തോടു ചേര്‍ന്നുള്ള പട്രാട്ട് കൊവ്വലില്‍ മഹാദേവ ദേശായി വായനശാല ആരംഭിക്കുന്നത്. പട്ടന്‍മാര്‍ എന്നു വിളിക്കപ്പെടുന്ന തമിഴ് ബ്രാഹ്മണന്‍മാര്‍ കൂട്ടമായി താമസിച്ചിരുന്ന സ്ഥലമായതിനാലാണ് ഇവിടം പട്രാട്ട് കൊവ്വല്‍ എന്നു വിളിക്കപ്പെട്ടിരുന്നത്. പക്ഷേ, വായനശാല സ്ഥാപിതമായതിനു ശേഷം അധികം വൈകാതെ തന്നെ ഗ്രാമത്തിന്‍റെ പേര് മഹാദേവഗ്രാമം എന്നായി മാറി. ഇപ്പോള്‍ ഔദ്യോഗിക രേഖകളിലും മഹാദേവഗ്രാമം എന്നു തന്നെയാണ്"- രാജന്‍ പറഞ്ഞു. 

മഹാദേവ ഹരിഭായ് ദേശായിയുടെ (1892 ജനുവരി 1 - 1942 ഓഗസ്റ്റ് 15) പേര് ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ഗാന്ധിജിയുടെ പേഴ്സണല്‍ സെക്രട്ടറി എന്ന നിലയിലാണ്. ഭാഷയിലും ചരിത്രത്തിലും ആഴത്തിലുള്ള അറിവുകള്‍ നേടിയ ദേശായി ഏതാണ്ട് കാല്‍ നൂറ്റാണ്ട്, സ്വന്തം ജീവിതത്തിന്‍റെ പകുതിയോളം, മഹാത്മാ ഗാന്ധിയുടെ കൂടെയാണ് ജീവിച്ചു തീര്‍ത്തത്. 1917ല്‍ ഗാന്ധിജിയുടെ ഒപ്പം കൂടിയ ദേശായി പിന്നീട് 1942 ഓഗസ്റ്റ് 15ന് ആഗാ ഖാന്‍ കൊട്ടാരത്തില്‍ ബ്രിട്ടീഷുകാരുടെ തടവിലായിരിക്കുമ്പോള്‍ ഹൃദയാഘാതം വന്നു മരിക്കുന്നതുവരെ ഗാന്ധിജിയുടെ നിഴല്‍ പോലെയായിരുന്നു ജീവിച്ചത്. 

“ഗാന്ധിജി ഉണരുന്നതിനു വളരെ മുന്‍പ് തന്നെ എഴുന്നേറ്റ്, ഗാന്ധിജി ഉറങ്ങിക്കഴിഞ്ഞ് ആ ദിവസത്തെ സംഭവങ്ങള്‍ മുഴുവന്‍ ഡയറിയില്‍ പകര്‍ത്തിയിട്ടായിരുന്നു ദേശായി ഉറങ്ങിയിരുന്നത്. ഗാന്ധിജിയുടെ ജീവിതം അതിന്‍റെ മൂന്നിരട്ടിയില്‍ ജീവിച്ചു തീര്‍ക്കുകയായിരുന്നു ദേശായി"- ഗാന്ധിജിയുടെ പൗത്രനും ചരിത്രകാരനുമായ രാജ്മോഹന്‍ ഗാന്ധി ദേശായിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. 

1915ല്‍ ആണ് ദേശായി ആദ്യമായി ഗാന്ധിജിയെ കാണുന്നത്. പുരോഗമന ചിന്തകനായ ജോണ്‍ മോര്‍ലിയുടെ "ഓണ്‍ കോംപ്രമൈസ്" എന്ന പുസ്തകം ഗുജറാത്തിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാനായിരുന്നു അത്. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ അവര്‍ തുടര്‍ച്ചയായി കണ്ടുമുട്ടി. ഓരോ കൂടിക്കാഴ്ചയും ദേശായിയെ ഗാന്ധിജിയിലേക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു. ഒടുവില്‍ 1917ല്‍ ദേശായി ഗാന്ധിജിയുടെ കൂടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി ചേരുകയായിരുന്നു. 1917 നവംബര്‍ 13 മുതല്‍ 1942 ഓഗസ്റ്റ് 14 വരെ ഗാന്ധിജിയുടെ ദിനചര്യകളും പൊതുപ്രവര്‍ത്തനങ്ങളുമെല്ലാം കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു ഈ നിസ്വാര്‍ഥനായ സേവകന്‍. 

1919 ല്‍ ഗാന്ധിയെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹം ദേശായിയെ തന്‍റെ പിന്‍ഗാമിയാക്കി. പക്ഷേ, ദേശായി സ്നേഹപൂര്‍വം അതു നിരസിക്കുകയായിരുന്നു. നേതൃസ്ഥാനമോ പ്രാമാണ്യമോ ആഗ്രഹിക്കാതെ ഗാന്ധിസേവയിലും അതുവഴി രാഷ്ട്രസേവനത്തിലും സ്വയം സമര്‍പ്പിതനായിരുന്നു ദേശായി. മറ്റൊന്നും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. ഗാന്ധിജിയുടെ പേഴ്സണല്‍ സെക്രട്ടറിയായി 25 വര്‍ഷമാണ് ദേശായി പ്രവര്‍ത്തിച്ചത്. 

എഴുത്തുകാരനും നരവംശ ശാസ്ത്രജ്ഞനുമായ വെറിയര്‍ എല്‍വിന്‍ ഒരു ലേഖനത്തില്‍ ദേശായിയെക്കുറിച്ച് പറയുന്നത് ഒരേ സമയം ആഭ്യന്തരവും വിദേശവും കൈകാര്യം ചെയ്ത ഒരു മന്ത്രിയെപ്പോലെയായിരുന്നു അദ്ദേഹം എന്നാണ്. സന്ദര്‍ശകരെ നിയന്ത്രിച്ച് ഗാന്ധിജിയുടെ ജീവിതത്തിലെ ഒരു പത്തു വര്‍ഷമെങ്കിലും ദേശായി രക്ഷപ്പെടുത്തിയെടുത്തിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. 

1921ല്‍ ദേശായി ആദ്യമായി അറസ്റ്റ് വരിച്ചു. ഇന്‍ഡിപ്പെന്‍ഡന്‍റ് പത്രത്തില്‍ എഴുതിയ ലേഖനങ്ങളുടെ പേരിലായിരുന്നു ആദ്യ അറസ്റ്റ്. ജയിലില്‍ ഉദ്യോഗസ്ഥരുടെ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് യങ് ഇന്ത്യയിലും നവജീവനിലും ലേഖനങ്ങള്‍ എഴുതിയതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് അധികാരികള്‍ ജയില്‍ പരിഷ്കരണങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായി. 

പ്രശസ്തമായ ബര്‍ദോളി സത്യഗ്രഹത്തില്‍ ഗാന്ധിജിയുടെയും സര്‍ദാര്‍ പട്ടേലിന്‍റെ കൂടെ ദേശായിയും പങ്കെടുത്തു. ഗുജറാത്തി ഭാഷയില്‍ അതിനെക്കുറിച്ച് ലേഖനം എഴുതി. പിന്നീട് ഇംഗ്ളീഷില്‍ “ദ് സ്റ്റോറി ഓഫ് ബര്‍ദോളി” എഴുതി. ഉപ്പ് സത്യഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 

1932 ല്‍ നിസ്സഹകരണ പ്രസ്ഥാനം ശക്തമാക്കിയപ്പോള്‍ ഗാന്ധിജിക്കും പട്ടേലിനുമൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. 1933ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ബെല്‍ഗാം ജയിലില്‍. അവിടെ വച്ചാണ് “ഗീത അക്കോര്‍ഡിങ് ടു ഗാന്ധി”എഴുതിയത്. അത് ദേശായിയുടെ മരണശേഷം 1946ല്‍ പ്രസിദ്ധീകരിച്ചു.

ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലാവുമ്പോഴാണ് ദേശായിയുടെ മരണം സംഭവിക്കുന്നത്. 1942 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു ദേശായിയെ അറസ്റ്റ് ചെയ്യുന്നത്. ആറു ദിവസങ്ങള്‍ക്കു ശേഷം ഓഗസ്റ്റ് 15ന് ഹൃദയാഘാതം വന്നു മരിച്ചു. അദ്ദേഹം ഗാന്ധിജിയുടെ മടിയില്‍ കിടന്നായിരുന്നു മരിച്ചത് എന്ന് വെറിയര്‍ എല്‍വിന്‍ പറയുന്നു. ദേശായി അന്ത്യശ്വാസം വലിക്കുമ്പോള്‍ ഗാന്ധിജി “മഹാദേവ്, മഹാദേവ്” എന്ന് ഉറക്കെ വിളിച്ചു. മരിച്ചു എന്നറിഞ്ഞിട്ടും എന്തിനു വിളിച്ചു എന്ന് പിന്നീടാരോ ചോദിച്ചപ്പോള്‍ ഗാന്ധിജി പറഞ്ഞു, “മഹാദേവ് കണ്ണു തുറക്കുകയാണെങ്കില്‍ ഞാനവനോട് എഴുന്നേല്‍ക്കാന്‍ പറയുമായിരുന്നു. അയാള്‍ക്ക് എന്നെ അനുസരിക്കാതിരിക്കാന്‍ ആവില്ല. എനിക്കുറപ്പായിരുന്നു, ഞാന്‍ വിളിച്ചത് കേട്ടിരുന്നുവെങ്കില്‍ മഹാദേവ് മരണത്തെ ചെറുത്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നേനെ.” 

മഹാത്മാവും അദ്ദേഹത്തിന്‍റെ ഉപാധികളില്ലാത്ത സേവകനും തമ്മിലുള്ള അഗാധമായ ബന്ധത്തെ ചൂണ്ടിക്കാണിക്കുന്നു ഈ സംഭവം.

മറ്റൊരു സ്വാതന്ത്ര്യദിനം കൂടി വന്നണയുകയാണ്. ഈ സുദിനത്തോടൊപ്പം തന്നെയാണ് ദേശായിയുടെ ഓര്‍മദിനവും കടന്നുവരുന്നത്. അതും വിധിയുടെ കാവ്യനീതി തന്നെയെന്നു പറയാം. ഗുജറാത്തില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരെ, കേരളത്തില്‍ ദേശായിയുടെ സ്മരണകള്‍ പേറുന്നൊരു ഗ്രാമവും ഗ്രന്ഥാലയവും ഇപ്പോഴുമുണ്ട് എന്നത് ആ കര്‍മധീരനായ ദേശാഭിമാനിക്കുള്ള ആദരമാവുന്നു. ഒരു പക്ഷേ, ഗുജറാത്തിനു പുറത്ത് മറ്റൊരിടത്തും ദേശായിയെ അടയാളപ്പെടുത്തുന്ന മറ്റൊരു സ്മാരകം ഉണ്ടാവാനുമിടയില്ല.

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനൊപ്പം മഹാദേവ ദേശായിയുടെ സ്മൃതിദിനവും മഹാദേവ ഗ്രാമത്തില്‍ ആചരിക്കപ്പെടുന്നു. ഭാരത ചരിത്രത്തിലെ ആവേശോജ്വലമായ ഒരധ്യായത്തിന്‍റെ ഓര്‍മപ്പെടുത്തല്‍.