
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിനെതിരായ പ്രതിഷേധത്തില്‍ പുകയുകയാണ് അമേരിക്കയിലെ ലോസ് ആഞ്ജലീസ് (LA) നഗരം. സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ രണ്ടായിരത്തോളം വരുന്ന സംഘത്തെ നഗരത്തിലേക്ക് വിന്യസിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. വേണ്ടിവന്നാല്‍ സൈന്യത്തിലെ ഉന്നതവിഭാഗമായ മറീനുകളെ കൂടെ വിന്യസിക്കാനാണ് ട്രംപിന്റെ നീക്കമെന്നും വാര്‍ത്തകളുണ്ട്.
ശനിയാഴ്ച എല്‍.എയിലെ പാരാമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. കേള്‍ക്കുമ്പോള്‍ സ്വാഭാവിക നടപടിയായി തോന്നാമെങ്കിലും സ്വന്തം മണ്ണില്‍ സൈന്യത്തെ ഇറക്കുന്നത് അമേരിക്കയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. പ്രസിഡന്റിന് ഇതിനുള്ള അധികാരമുണ്ടെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെ മാത്രമേ ഇത് നടപ്പാക്കാൻ സാധിക്കുകയുള്ളു. ഭരണകൂടം നടപടികള്‍ കടുപ്പിക്കുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകാരികള്‍. ലോസ് ആഞ്ജലീസ് പോലെ അമേരിക്കയുടെ അഭിമാനസ്തംഭമായ വന്‍നഗരത്തില്‍ സൈന്യമിറങ്ങുമ്പോള്‍ ഇനിയെന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

സൈന്യമെത്തുന്നത് ഗവര്‍ണറുടെ എതിര്‍പ്പിനെ അവഗണിച്ച്
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിഷേധം. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായുള്ള റെയ്ഡുകളും അറസ്റ്റുകള്‍ക്കുമെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് പാരാമൗണ്ടിലെ പ്രതിഷേധം നടന്നത്. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നായിരുന്നു പ്രക്ഷോഭകാരികളുടെ ആവശ്യം. വാഹനങ്ങള്‍ക്ക് തീയിട്ടും ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചുമൊക്കെ പ്രതിഷേധം ആളിക്കത്തിയിരുന്നു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ തടയാനായുള്ള പ്രതിഷേധമായിരുന്നു സംഘര്‍ഷത്തിലേക്ക് പോയത്. ഉദ്യോഗസ്ഥരെ ആയിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ വളയുകയായിരുന്നുവെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ലോസ് ആഞ്ജലീസ് പോലീസ് ഇടപെടാന്‍ വൈകിയെന്നും ആരോപണമുണ്ട്. ഇതിനെ തുടര്‍ന്നാണ് ട്രംപ് വിഷയത്തില്‍ ഇടപെട്ടത്. സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളുടെയും ജനപ്രതിനിധികളുടെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ട്രംപ് നഗരത്തില്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയിരിക്കുന്നത്.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിനും ലോസ് ആഞ്ജലീസിലെ മേയര്‍ കാരെന്‍ ബാസിനും അവരുടെ ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഫെഡറല്‍ ഗവണ്‍മെന്റ് ചെയ്യാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍, നാഷണല്‍ ഗാര്‍ഡിനെ ഇറക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം കലാപം ആളിക്കത്തിക്കാന്‍ ട്രംപ് മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും ആരോപിച്ചു. പ്രാദേശിക പോലീസിന് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന പ്രശ്‌നങ്ങളേ നഗരത്തിലുള്ളുവെന്ന് ഗവര്‍ണറും മേയറും കാലിഫോര്‍ണിയ കോണ്‍ഗ്രസ് പ്രതിനിധിയും വ്യക്തമാക്കിയിരുന്നു.
നാഷണല്‍ ഗാര്‍ഡ് വിന്യാസത്തിന് അംഗീകാരം നല്‍കുന്ന പ്രസിഡന്‍ഷ്യല്‍ മെമ്മോറാണ്ടത്തില്‍ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് വ്യക്തമാക്കിയിരുന്നു. അനിയന്ത്രിതമായ സാഹചര്യങ്ങളില്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ഫെഡറല്‍ നിയമം ഉപയോഗിച്ചാണ് ട്രംപിന്റെ നീക്കം. അമേരിക്കയുടെ ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രമേ പ്രസിഡന്റുമാര്‍ ഈ നിയമം ഉപയോഗിച്ചിട്ടുള്ളു. സാധാരണഗതിയില്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ അഭ്യര്‍ഥിക്കുമ്പോഴാണ് പ്രസിഡന്റ് ഒരു സംസ്ഥാനത്തേക്ക് നാഷണല്‍ ഗാര്‍ഡിനെ അയക്കാറുള്ളത്. ഈ സാഹചര്യങ്ങളില്‍ സംസ്ഥാന ഭരണകൂടത്തോടും ഫെഡറല്‍ സര്‍ക്കാരിനോടും വിധേയമായിട്ടാണ് നാഷണല്‍ ഗാര്‍ഡ് പ്രവര്‍ത്തിക്കുക. എന്നാലിപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ട്രംപിന്റെ നീക്കം.

ചരിത്രത്തില്‍ അപൂര്‍വം
1965-ന് ശേഷം ആദ്യമായാണ് സംസ്ഥാന ഗവര്‍ണറുടെ അഭ്യര്‍ഥനയില്ലാതെ പ്രസിഡന്റ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നത്. അമേരിക്കന്‍ കോഡ് ഓഫ് ആംഡ് സര്‍വീസ് പ്രകാരം മൂന്ന് സാഹചര്യത്തിലാണ് പ്രസിഡന്റിന് നാഷണല്‍ ഗാര്‍ഡിനെ ഫെഡറലൈസ് ചെയ്യാന്‍ സാധിക്കുക. അമേരിക്കയ്ക്ക് നേരെ മറ്റൊരു രാജ്യം ആക്രമണം നടത്തുകയോ ഭീഷണിയുണ്ടാവുകയോ ചെയ്യുക, സര്‍ക്കാരിനെതിരെ കലാപമോ കലാപശ്രമമോ ഉണ്ടാവുക, സാധാരണ സേനയെ ഉപയോഗിച്ച് നിയമങ്ങള്‍ നടപ്പിലാക്കാന്‍ പ്രസിഡന്റിന് സാധിക്കാതെ വരുക എന്നീ സാഹചര്യങ്ങളാണവ. ലോസ് ആഞ്ജലീസിലെ പ്രക്ഷോഭം സര്‍ക്കാരിനെതിരായ കലാപമായി മാറിയിരിക്കുകയാണെന്നാണ് ഗാര്‍ഡിനെ ഇറക്കാനുള്ള ഉത്തരവിൽ ട്രംപ് പറയുന്നത്. ഫെഡറല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സാഹചര്യമൊരുക്കലാണ് ഇവിടെ നാഷണല്‍ ഗാര്‍ഡിന്റെ ഉത്തരവാദിത്വമെന്നും അതിനപ്പുറത്തേക്ക് നാഷണല്‍ ഗാര്‍ഡ് നേരിട്ട് കുടിയേറ്റ പരിശോധനകള്‍ നടത്തുകയോ ക്രമസമാധാന പാലനത്തില്‍ ഇടപെടുകയോ ചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
1992-ല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ റോഡ്‌നി കിങ്ങിനെ പോലീസ് ക്രൂരമര്‍ദനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് ലോസ് ആഞ്ജലീസ് നഗരത്തിലുണ്ടായ കലാപത്തില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചിരുന്നു. അന്ന് കാലിഫോര്‍ണിയ ഗവര്‍ണറുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രസിഡന്റ് ജോര്‍ജ് ബുഷ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയത്. 2020-ല്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് വധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിലും ചില അമേരിക്കന്‍ നഗരങ്ങളില്‍ സൈന്യമിറങ്ങിയിരുന്നു.

ലോസ് ആഞ്ജലീസ് എരിയുന്നതെന്തിന്?
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ലോസ് ആഞ്ജലീസ് നഗരത്തില്‍ ലാറ്റിനമേരിക്കന്‍ വംശജര്‍ പാര്‍ക്കുന്ന ഭാഗങ്ങളില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തിയത്. ഇതില്‍ 44 പേരെ അറസ്റ്റ് ചെയ്തതായാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപ്പിലാക്കാനുള്ള ട്രംപിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ പരിശോധനകള്‍ നടത്തുന്നത്.
രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ എല്‍എയില്‍ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ തന്നെ ട്രംപ് ഏറ്റവും കൂടുതല്‍ ലക്ഷ്യം വെക്കുന്നതും ഈ നഗരത്തെയാണ്. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഐസിഇ നടപടികള്‍ കര്‍ശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് 3000 പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്. ഇതിനായി നഗരപ്രദേശങ്ങളില്‍ നിരന്തരമെന്നോണം റെയ്ഡുകള്‍ നടത്തിയതാണ് കലാപത്തിന് തിരികൊളുത്തിയത്.
Content Highlights: los angeles protests what is the role of the us national guard
Published: 09 Jun 2025, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented