ലക്ഷദ്വീപിനെക്കുറിച്ചെഴുതുമ്പോൾ ഇവിടുത്തെ ഭരണവ്യവസ്ഥയെക്കുറിച്ച്  പ്രതിപാദിക്കാതെ മുന്നോട്ട് പോകാനാവില്ല. ഇന്ത്യൻ വൻകരയിലെ ലിബറലുകൾ ജനാധിപത്യത്തിന്റെയും ജനാധിപത്യ സംവിധാനങ്ങളുടെയും മൂല്യച്യുതികളെകുറിച്ച്‌ ചർച്ച ചെയ്യുമ്പോൾ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഒരിക്കൽപോലും ജനാധിപത്യ ഭരണ സംവിധാനം നിലവിൽ വരാത്ത ഒരു പ്രദേശമാണ് ലക്ഷദ്വീപ് എന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. 

To advertise here,

ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽ അല്ലെങ്കിൽ വൈസ്രോയി മോഡലിൽ ഇന്ത്യൻ പ്രസിഡന്റ് എല്ലാവിധ അധികാരങ്ങളും നൽകി ഒരു വ്യക്തിയെ അനിശ്ചിതകാലത്തേക്ക് ഭരണത്തിനയക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഭരണഘടനയുടെ പിൻബലത്തോടെ ഒരു വർഷത്തിൽ 365 ദിവസവും 'അടിയന്തരാവസ്ഥ' നിലനിൽക്കുന്ന പ്രദേശം! ഏകാധിപത്യ പ്രവണതകൾക്ക് നേരിയ ആശ്വാസമായിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മൂന്നു വർഷമായി നടന്നിട്ടില്ല. ചുരുക്കത്തിൽ ഒരു വ്യക്തിയുടെ നിയന്ത്രണത്തിൽ പോലീസും റവന്യുവും ഗതാഗതവും തുടങ്ങി  മുഴുവൻ ഭരണ സംവിധാനങ്ങളും പ്രവർത്തിക്കുന്ന പ്രദേശം. ഇതിനു പുറമെ കലാപം പോലുള്ള സംഭവങ്ങൾ  നടക്കുന്ന സ്ഥലങ്ങളിൽ അടിയന്തരഘട്ടത്തിൽ മാത്രം നടപ്പിലാക്കുന്ന ഇന്ത്യൻ പോലീസ് ആക്ട് സെക്ഷൻ 30 എല്ലാ 90 ദിവസവും പുതുക്കി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശം കൂടിയാണ് ലക്ഷദ്വീപ്. ഒരു പ്രതിഷേധമോ ഒരു പരിപാടിയോ നടത്തണമെങ്കിന് 48 മണിക്കൂർ മുൻപ് അനുമതി വാങ്ങണം. മിക്കവാറും എട്ട് കർശന നിബന്ധനകളോടെയായിരിക്കും  പോലീസ് സൂപ്രണ്ടന്റ് അനുമതി നൽകുക,  അതിൽ എട്ടാമത്തേത് അഡ്മിനിസ്ട്രേറ്ററെ വ്യക്തിപരമായി വിമർശിക്കാൻ പാടില്ല എന്നതായിരിക്കും. 

പ്രഫുൽ പട്ടേലിന്റെ വികസന സ്വപ്‌നങ്ങൾ 

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് ഏറ്റവും പ്രിയപ്പെട്ടത്‌ നിർമാണം ആണെന്ന് വേണം കരുതാൻ. അദ്ദേഹം പ്രഖ്യാപിക്കുന്ന ഏതു പദ്ധതിക്ക് പിന്നിലും കോടികളുടെ നിർമാണ പദ്ധതിയുണ്ടാവും. എന്നാൽ സാധാരണ പോലെ ജനങ്ങൾക്ക്  പണം കൊടുത്തു  ഭൂമി വാങ്ങി നിർമാണ പ്രവർത്തനം നടത്താൻ അദ്ദേഹത്തിന് താല്പര്യമില്ല. സർക്കാർ ഭൂമിയിലെ കെട്ടിടങ്ങൾ  പൊളിച്ചു പുതുക്കിപ്പണിയുക, സർക്കാർ വേറെ ഏതെങ്കിലും ആവശ്യത്തിന് നീക്കിവെച്ച ഭൂമി കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുക എന്നതൊക്കെയാണ് പൊതുവെയുള്ള രീതി. ഈ ഒരു കാരണം കൊണ്ടുതന്നെ സർക്കാർ ജനങ്ങളുടെ ഭൂമി കയ്യേറുന്നതിനുള്ള ശക്തമായ ശ്രമങ്ങൾ ലക്ഷദ്വീപിൽ നടന്നു കൊണ്ടിരിക്കുകയാണ്.

പണ്ടാരം ലാൻഡ് എന്ന് വിളിക്കുന്ന ലക്ഷദ്വീപുകാർ നൂറ്റാണ്ടുകളായി കൈവശം വെച്ച് ക്രയവിക്രയങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന 2021-ൽ NDA സർക്കാർ ജനങ്ങളുടേതാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിറക്കിയിരിക്കുകയാണ് ഭരണകൂടം. പ്രസ്തുത ഉത്തരവ് പ്രകാരം അഞ്ച് ദ്വീപുകളിലായി ഏകദേശം അറുപത് ശതമാനത്തോളം ആളുകൾക്ക് കിടപ്പാടം നഷ്ടമാവും. നൂറോളം കേസുകളിലായി നാലായിരത്തോളം പേർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ താത്കാലികമായി ഈ ഉത്തരവ്  സ്റ്റേ ചെയ്തിരിക്കുകയാണ് ഹൈക്കോടതി. ഒരു തടസ്സവുമില്ലാതെ വലിയ നിർമാണ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് പ്രഫുൽ പട്ടേൽ വിഭാവനം ചെയ്യുന്ന ലക്ഷദ്വീപ് വികസനത്തിന്റെ കാതൽ. 

പട്ടേലിന്റെ ടൂറിസം വികസനം 

പട്ടേലിന്റെ വികസന മാതൃകകൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ തത്വങ്ങളെ  അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രഫുൽ പട്ടേൽ ചുമതലയേറ്റെടുത്തതിന് ശേഷം നടപ്പാക്കാൻ പോകുന്ന വലിയ പദ്ധതി പ്രവേഗ് ഇന്ത്യ ലിമിറ്റഡിന്റെ ബംഗാരത്തിലും തിണ്ണകരയിലും നിർമിക്കുന്ന ടെന്റ് സിറ്റികളാണ്. പട്ടേൽ അഡ്മിനിസ്ട്രേറ്റർ ആയിട്ടുള്ള ദമൻ ആൻഡ് ഡിയു വിൽ പ്രവേഗ്  ലിമിറ്റഡ് ടെന്റ് സിറ്റി നിർമിച്ചിട്ടുണ്ട്. നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള നിർമാണ സാമഗ്രികൾ ഉപയോഗിച്ചു ശീതീകരിച്ച ആഡംബര ടെന്റുകളാണ് നിർമിക്കുന്നത്. നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നു. ഡിസംബർ അവസാനം അല്ലെങ്കിൽ ജനുവരി ആദ്യവാരം ഉദ്ഘാടനം നടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ഈ നിർമാണ പ്രവർത്തനങ്ങൾക്കെതിരെ  ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. സർക്കാർ ഈ നിർമ്മിതിക്ക് അനുമതി കൊടുത്തിരിക്കുന്നത് അക്രീറ്റഡ് ലാൻഡിലാണ്. മണലുകളും കല്ലുകളും അടിഞ്ഞു കൂടി ദ്വീപിന്റെ ഒരു ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന പുതിയ ഭൂപ്രദേശമാണ് അക്രീറ്റഡ് ലാൻഡ്. പുതുതായുണ്ടാകുന്ന ഭൂപ്രദേശം സർക്കാരിന്റേതാണെന്നാണ് ഭരണകൂടത്തിന്റെ വാദം. രണ്ടു കാര്യങ്ങളാണ് മുഖ്യമായും ഇവിടെ പ്രശ്നമായി വരുന്നത് ഒന്നാമത്തേത് ഇങ്ങനെയുള്ള ഭൂപ്രദേശം സർക്കാർ ഏറ്റെടുത്ത് ഇത്തരം പദ്ധതികൾക്ക് വേണ്ടി നൽകുമ്പോൾ ഉൾപ്രദേശങ്ങളിൽ ഭൂമിയുള്ള ആളുകൾക്ക് വഴിയില്ലാതെ ആ ഭൂമി ഉപയോഗശൂന്യമായി മാറും. രണ്ടാമത്തെ കാര്യം പുതുതായി രൂപപ്പെടുന്ന ഈ ഭൂപ്രദേശം അതെ ദ്വീപിന്റെ തന്നെ മറ്റൊരു ഭാഗത്തു മണ്ണൊലിപ്പ് മൂലമോ മറ്റു കാരണങ്ങൾ മൂലമോ ഒലിച്ചു പോകുന്ന ഭൂപ്രദേശമാണ് എന്നുള്ളതാണ് യാഥാർഥ്യം.

ഐ ഐ ടി ഗാന്ധി നഗറിലെ വിദ്യാർത്ഥികൾ സാറ്റെലൈറ്റ് ഡാറ്റ  ഉപയോഗിച്ച നടത്തിയ  പഠനത്തിൽ തിണ്ണകര, ബംഗാരം പോലുള്ള ദ്വീപുകളുടെ തെക്കു  ഭാഗത്തുനിന്നു നഷ്ടപ്പെടുന്ന ഭൂപ്രദേശമാണ് വടക്കു ഭാഗത്തു അടിഞ്ഞു കൂടി പുതിയ ഭൂപ്രദേശമായി മാറുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഡെക്കഡെൽ ടൈം സ്കെയിൽ എവൊല്യൂഷൻ ഓഫ് കോറൽ ഐലന്റ്സ്: ഇൻസൈറ്റ്‌സ് ഫ്രം ലക്ഷദ്വീപ് ആർച്ചിപ്പെലാഗോ എന്ന ഫ്രോണ്ടിയ‍‍‍ർ മാസികയിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ അവർ ഈ കാര്യം എടുത്തുപറയുന്നുണ്ട്. അതായത് തെക്കു ഭാഗത്തുനിന്ന് നഷ്ട‌പ്പെടുന്ന ജനങ്ങളുടെ ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്ത സർക്കാർ അതെ ഭൂപ്രദേശം വടക്കു ഭാഗത്തു അടിഞ്ഞു കൂടുമ്പോൾ അതേറ്റെടുത്ത് കോർപറേറ്റുകൾക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് നൽകുന്നു.

ടെന്റ് സിറ്റിയുടെ നിർമാണം പൂർത്തിയാവുമ്പോഴത്തേക്കും ലക്ഷദ്വീപ് സ്വദേശികൾ നടത്തിക്കൊണ്ടിരുന്ന എല്ലാ ടൂറിസം സാധ്യതകളും അടച്ചു പൂട്ടി ലക്ഷദ്വീപ് ടെന്റ് സിറ്റിയിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്ക് മാത്രമായി തുറന്നു കൊടുക്കുകയാണ്. അതായത് സർക്കാർ അനുമതി നൽകിയ നാല്‌ വിമാനങ്ങളിലായി ഒരു ദിവസം  200 പേർക്കാണ് വ്യോമമാർഗം ലക്ഷദ്വീപിൽ എത്തിച്ചേരാൻ സാധിക്കുക. ഇനി വ്യോമമാർഗം ഒരു വിനോദ സഞ്ചാരി ലക്ഷദ്വീപിൽ വന്നിറങ്ങണമെങ്കിൽ അയാൾ സർക്കാർ നേരിട്ട് നടത്തുന്ന റിസോർട്ടിൽ റൂം ബുക്ക് ചെയ്ത സർക്കാരിന്റെ അതിഥിയായിരിക്കണം. അല്ലെങ്കിൽ പ്രവേഗ് ലിമിറ്റഡിന്റെ ടെന്റ് സിറ്റിയിൽ റൂം ബുക്ക് ചെയ്ത ഒരാളായിരിക്കണം.

ലക്ഷദ്വീപുകാർക്ക് അയിത്തം കല്പിക്കുന്ന ടൂറിസം 

THE LACCADIVE MINICOY & AMINDIVI ISLANDS (RESTRICTIONS ON ENTRY AND RESIDENCE), RULES 1967  പ്രകാരം ലക്ഷദ്വീപിലേക്ക് ഒരു ഇന്ത്യൻ പൗരന് സന്ദർശനം നടത്തണമെങ്കിൽ എൻട്രി പെർമിറ്റ് ആവശ്യമാണ്. ഒരു ലക്ഷദ്വീപ് സ്വദേശിക്ക് അയാളുടെ പേരിൽ ലക്ഷദ്വീപിലേക്ക് പരമാവധി ഒരു മാസം നീണ്ടു നിൽക്കുന്ന പെർമിറ്റിൽ പുറത്തുനിന്നും ആളുകളെ കൊണ്ട് വരാനാകും. പെർമിറ്റ് അപ്ലൈ ചെയ്യാനുള്ള ലക്ഷദ്വീപ് സർക്കാരിന്റെ വെബ്സൈറ്റിൽ ഫ്രണ്ട്‌സ് ആൻഡ് ഫാമിലി എന്ന സെക്ഷനിലാണ് ഈ പെർമിറ്റിന് വേണ്ടി അപ്ലൈ ചെയ്യുന്നത്‌. നരേന്ദ്ര മോദി സന്ദർശിച്ചതിന് ശേഷവും അതിനു മുൻപും ലക്ഷദ്വീപിലേക്ക് വന്നിരുന്ന 99%  വിനോദസഞ്ചാരികളും ഈ പെർമിറ്റിലാണ്  വന്നുകൊണ്ടിരുന്നത്. കേരളത്തിൽ നിന്നുള്ളതടക്കമുള്ള ഇന്ത്യയിലെ മുഴുവൻ ട്രാവൽ ഏജന്റുകളും  സർക്കാർ നടത്തുന്ന ബംഗാരം റിസോർട്ടിലെ ചുരുക്കം ബുക്കിങ്ങുകൾ ഒഴിച്ചാൽ ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികളെ അയച്ചിരുന്നത് ഈ പെർമിറ്റിലാണ്.

ഈയൊരു രീതിയിലുള്ള ടൂറിസം ലക്ഷദ്വീപുകാരിൽ വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ ഒരു പാട് ആളുകൾ ചെറുകിട ഇൻവെസ്റ്റ്മെന്റുകൾ നടത്തുകയും ടൂറിസം മേഖലയിൽ ജോലി ചെയ്യാൻ തുടങ്ങുകയും സ്വയം തൊഴിൽ കണ്ടെത്തുകയും ചെയ്തു. ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വെബ്സൈറ്റിൽ അഗത്തിയിലേക്ക് ഇനി മുതൽ പെർമിറ്റ് അപേക്ഷിക്കാൻ സാധിക്കില്ല. കാരണം ആ ദ്വീപിൽ ഉൾക്കൊള്ളിക്കാവുന്ന ആളുകളുടെ പരിധി കഴിഞ്ഞിരിക്കുന്നു എന്ന് കാണിക്കുന്നു. ലക്ഷദ്വീപിലെ ആകെയുള്ള ഒരു വിമാനത്താവളം അഗത്തിയിലാണ് അത് കൊണ്ട് തന്നെ അഗത്തിയിലേക്കുള്ള പെർമിറ്റ് നിഷേധിച്ചതോടെ ടൂറിസത്തിന്റെ വലിയൊരു സാധ്യതയാണ് ഇല്ലാതായത്. 

ഈ പ്രതിസന്ധി ഘട്ടത്തിൽ ഫ്ലൈറ്റിൽ വന്ന് അതേ ദിവസം തന്നെ എത്തിച്ചേരാവുന്ന കവരത്തി ദ്വീപിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ സാധിച്ചിരുന്നത് കൊണ്ട്  ലക്ഷദ്വീപിലെ ട്രാവൽ ഏജന്റുമാ‍ർക്ക്  ചെറിയ രീതിയിൽ പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നു. എന്നാൽ അതും കൂടുതൽ കാലം നീണ്ടു നിന്നില്ല. അഗത്തിയിലിറങ്ങി വേറെ ദ്വീപിലേക്ക് പോകാൻ വരുന്ന വിനോദ സഞ്ചാരികളെ ഫ്ലൈറ്റിൽ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കരുതെന്ന് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിമാനക്കമ്പനികൾക്ക് കർശന നിർദേശം നൽകിയത് പ്രകാരം കവരത്തിയിലേക്കും വിനോദ സഞ്ചാരികളെ കൊണ്ട് വരാൻ പറ്റാതെയായി. ലക്ഷദ്വീപ് ലക്ഷ്യമാക്കി  മാത്രം ബിസിനസ് ചെയ്തിരുന്ന, പ്രത്യേകിച്ചും ലക്ഷദ്വീപിലെ കമ്പനികൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇപ്പോൾ ഒക്ടോബർ 31 -ന് മുൻപ് എടുത്ത ഫ്ലൈറ്റ് റ്റിക്കറ്റുണ്ടെങ്കിൽ മാത്രമേ പെർമിറ്റ് കൊടുക്കുന്നുള്ളു. അതായത് പുതിയൊരു കച്ചവടവും ഇനി നടത്താൻ പാടുള്ളതല്ല എന്ന അലിഖിത നിയമം നിലവിൽ വന്നു കഴിഞ്ഞു.  

പ്രഫുൽ പട്ടേൽ അധികാരമേറ്റ ശേഷം ഏകദേശം മൂവായിരത്തോളം ആളുകളെയാണ് സർക്കാർ ജോലിയിൽനിന്നു പിരിച്ചുവിട്ടത് ഇവരിൽ മിക്ക ആളുകളും ഒന്നുകിൽ പുറത്തേക്ക് പോകുകയോ അല്ലെങ്കിൽ ടൂറിസം മേഖലയിൽ അഭയം പ്രാപിക്കുകയോ ആണ് ഉണ്ടായത്.

ലക്ഷദ്വീപിലെ ഹൈ എൻഡ് മോഡൽ വികസനത്തിലെ അപകടങ്ങൾ 

പ്രഫുൽ പട്ടേൽ വരുന്നതിന് മുൻപ് ലക്ഷദ്വീപ് സർക്കാർ ഔദ്യോഗികമായി ചെയ്തുവരുന്നതും പട്ടേൽ തുടരുന്നതും ഹൈ എൻഡ് മോഡൽ ടൂറിസം വികസനമാണ്. അതായത് പത്തു പേർ  വന്ന്  ഒരു ലക്ഷം രൂപ കിട്ടുന്നതിന് പകരം ഒരു ലക്ഷം രൂപയ്ക്ക് വരാൻ പറ്റിയ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ്. കുറച്ചാളുകളിൽ നിന്നും കൂടുതൽ വരുമാനം. 

ടൂറിസത്തിൽ പ്രധാനമായും  രണ്ടു തരത്തിൽ വരുമാനമുണ്ടാകും. ഒന്ന് നേരിട്ടുള്ള വരുമാനം. അതായത് ടൂറിസ്റ്റുകൾ വരുമ്പോൾ ഹോട്ടൽ ബുക്കിംഗ്, വണ്ടി ബുക്കിംഗ് മുതലായവയിലൂടെ ഉണ്ടാകുന്ന വരുമാനം. രണ്ടാമതേത് നേരിട്ടല്ലാതെ വിനോദ സഞ്ചാരികൾ ഏതെങ്കിലും കടയിൽ കയറി ചായ കുടിച്ചാൽ പോലും അതൊരു വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട വരുമാനമായി കാണക്കാക്കാം. ലക്ഷദ്വീപിലെ ആൾതാമസമില്ലാതെ ദ്വീപുകളിലും ലഗൂൺ വില്ലയിലും നടക്കുന്ന വിനോദ സഞ്ചാരത്തിന്റെ ഗുണഭോക്താക്കൾ പ്രൈവറ്റ് കമ്പനികളും പിന്നെ അതിൽനിന്നു നാമമാത്രമായി കമ്മീഷൻ കിട്ടുന്ന സർക്കാരും മാത്രമാണ്.

എന്നാൽ, ഇവർ ഉപയോഗിക്കുന്നവയെല്ലാം  ലക്ഷദ്വീപുകാർക്കവകാശപ്പെട്ട, പരിമിതമായ പ്രകൃതി വിഭവങ്ങളാണ്. ഇത്തരം പദ്ധതികളിൽ നിന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരിക ലക്ഷദ്വീപിലെ ജനങ്ങളാണ്. ഇന്ത്യൻ വൻകരയിൽ നടക്കുന്ന ഖനനം പോലെത്തന്നെ ലാഭം കോർപ്പറേറ്റുകൾക്കും പ്രശ്നങ്ങൾ പ്രദേശത്തു താമസിക്കുന്നവർക്കും വീതിച്ചു കൊടുക്കുന്ന മറ്റൊരു പതിപ്പാണ്  ഹൈ എൻഡ് ടൂറിസം  മോഡൽ. 

ടെന്റ് സിറ്റി പോലുള്ള ടൂറിസം കൊണ്ട് ദ്വീപുകാർക്ക്‌ നേരിട്ടല്ലെങ്കിലും ഗുണങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നവരാണ് മിക്കവരും എന്നാൽ അതങ്ങനെയല്ല സംഭവിക്കുക എന്നതിന്  ലക്ഷദ്വീപിൽ ഒരുദാഹരണമുണ്ട്. ഇതിനു മുൻപ് കാസിനോ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഏകദേശം 20 വർഷത്തോളം ബംഗാരം  ദ്വീപിൽ  റിസോർട്ടുകൾ നടത്തി. എന്നാൽ ലക്ഷദ്വീപുകാരുടെ വരുമാന സ്രോതസ്സുകളിലൊന്നായി ടൂറിസം മാറിയില്ല. അതായത് കാസിനോ ഗ്രൂപ്പിന്റെ ഒരു വൻ പദ്ധതി ലക്ഷദ്വീപിൽ നനടപ്പായത്‌ കൊണ്ട് ലക്ഷദ്വീപുകാർക്കുള്ള ടൂറിസം സാധ്യതകൾക്കോ ലക്ഷദ്വീപുകാർക്കോ പറയത്തക്ക ഗുണമൊന്നും ഉണ്ടായില്ല. 

മത്സ്യ ബന്ധന മേഖല നേരിടുന്ന വെല്ലുവിളികൾ 

ലക്ഷദ്വീപിലെ ഏകദേശം മുപ്പത് ശതമാനത്തോളം വരുന്ന ജനത മത്സ്യബന്ധന മേഖലയെ ആശ്രയിച്ചാണ്  ജീവിക്കുന്നത്. വീഡിയോകളിൽ കാണുന്ന വെളുത്ത ബീച്ചും നീലകടലുമൊക്കെ വിനോദ സഞ്ചാരികൾക്ക് വളരെ നല്ലൊരു അനുഭവമാണ് ഒരുക്കുന്നത്.  യഥാർത്ഥത്തിൽ നൂറ്റാണ്ടുകളായി ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങളാണ് ഇവ.

സ്‌പൈസ് ജെറ്റിന്റെ സീപ്ലെയിൻ അഗത്തിയിൽ വന്നിറങ്ങിയതിനോടനുബന്ധിച്ചു നടത്തിയ മീറ്റിങിൽ തങ്ങൾക്ക് ഇരുപത് മീറ്റർ നീളത്തിലും  അറുപത് മീറ്റർ വീതിയിലും ഒരു കിലോമീറ്റർ ലഗൂൺ ആവശ്യമുണ്ടെന്നാണ് അവർ പറഞ്ഞത്. ലോകത്തിലെ ഏറ്റവും പ്രകൃതി സൗഹൃദ മത്സ്യബന്ധന രീതിയായ പോൾ ആൻഡ് ലൈൻ ഫിഷിങ്ങിൽ  ലഗൂണിൽ നിന്നും അതിരാവിലെ ബെയ്റ്റ്ഫിഷുകൾ (പലതരത്തിലുള്ള ഇര മത്സ്യങ്ങൾ ) ശേഖരിക്കുകയും അതുപയോഗിച്ചു ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയുമാണ് ചെയ്യുന്നത്. സീ പ്ലൈനിൽ 30 പേരാണ് പരമാവധി വന്നു പോകുക, എന്നാൽ അതിനു വേണ്ടി മത്ത്യത്തൊഴിലാളികൾ ബലി  കൊടുക്കേണ്ടത് സ്വന്തം തൊഴിലിടങ്ങളും ഉപജീവനമാർഗങ്ങളുമാണ്. സീപ്ലെയിനിൽ വരുന്നത് ടെന്റ്  സിറ്റി പോലെയുള്ള ആൾതാമസമില്ലാത്ത ദ്വീപുകളിലെ ടൂറിസ്റ്റ് റിസോർട്ടികളിലേക്കാണെന്നുള്ളത് കൊണ്ട് തന്നെ ലക്ഷദ്വീപുകാർക്ക് സാമ്പത്തികമായി എന്തെങ്കിലും ഗുണം ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. തങ്ങളുടെ തൊഴിലിടങ്ങളിൽനിന്നു കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾ തൊഴിൽ തേടി മാലിദ്വീപിലേക്കും മറ്റും പോകേണ്ട  അവസ്ഥയാണ്,  അവർക്കറിയാവുന്ന പോൾ  ആൻഡ് ലൈൻ രീതിയിൽ മത്സ്യബന്ധനം നടക്കുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് മാലിദ്വീപ്. 

വിഘടിച്ചു നിൽക്കുന്ന ജനങ്ങൾ 

ലക്ഷദ്വീപ് ജനതയുടെ  പ്രതികരണമില്ലായ്മ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും ഒരു ജനകീയ മുന്നേറ്റം പോലും നടന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിൽ എല്ലാ ആഭ്യന്തര കാര്യങ്ങളും ഉദ്യോഗസ്ഥ മേധാവികളും അവരുടെ സ്തുതിപാഠകരും കൈകാര്യം ചെയ്തപ്പോൾ ഒരു സീറ്റിലേക്കുള്ള പാർലമെന്റ് തിരഞ്ഞെടുപ്പ് ജനങ്ങളെ  കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ രണ്ടായി വിഭജിച്ചു. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിൽ പോലും ഐക്യപ്പെടാൻ ദ്വീപിലെ ജനങ്ങൾക്ക് സാധിച്ചിട്ടില്ല. 

ലക്ഷദ്വീപിന്റെ ഏറ്റവും വലിയ വരുമാന മാർഗം  അയ്യായിരത്തോളം സ്ഥിരം സർക്കാർ ജീവനക്കാരുടെ ശമ്പളമാണെന്നതും പ്രതിഷേധങ്ങൾ നടക്കാത്തതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ലക്ഷദ്വീപിൽ ജനാതിപത്യ ഭരണ സംവിധാനങ്ങൾ  നിലവിൽവരുക എന്നതാണ് ഏക പരിഹാര മാർഗം എന്നിരിക്കെ ഈ കാര്യത്തിൽ ഒരു പൊതു ധാരണയിലെത്താൻ  പോലും ലക്ഷദ്വീപിലെ രാഷ്ട്രീയ പാർട്ടികൾക്കോ സംഘടനകൾക്കോ കഴിഞ്ഞിട്ടില്ല. സേവ് ലക്ഷദ്വീപ് കാലത്ത് മലയാളം ചാനൽ ചർച്ചകളിൽ വന്ന്  ഞങ്ങൾക്ക് കുറച്ചുകൂടി ദയയുള്ള ഒരു അഡ്മിനിസ്ട്രേറ്ററെ തന്നാൽ മതി  എന്നാവശ്യപ്പെടുന്ന ലക്ഷദ്വീപിലെ ജന നേതാക്കൾ ദയനീയ കാഴ്ചയായിരുന്നു . 

ഇപ്പോഴത്തെ ലക്ഷദ്വീപ് എം പി ഹംദുള്ളാ സയീദ് അണികളോടൊപ്പം ചെന്ന്  രാഹുൽ ഗാന്ധിയോട് പരാതി പറയുന്ന വീഡിയോ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. എന്നാൽ ജയിച്ച ശേഷം ലക്ഷദ്വീപിൽ വന്ന അദ്ദേഹം ആദ്യം ചെയ്തത് പ്രഫുൽ പട്ടേലിന്റെ ചേംബറിൽ കേറി അദ്ദേഹത്തെ പൊന്നാടയണിയിക്കുക എന്നതായിരുന്നു. ദ്വീപ് മലയാളി, ദ്വീപ് ഡയറി പോലുള്ള ഓൺലൈൻ പോർട്ടലുകൾ ലക്ഷദ്വീപിലെ വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്നവയാണെങ്കിലും ഒന്നോ രണ്ടോ ദിവസം കൂടിയാലുണ്ടാകുന്ന നിരുപദ്രവകരമായ ഇവെന്റ്  റിപ്പോർട്ടിങ്ങിനപ്പുറം കൃത്യമായി ജനങ്ങളെ ബോധവാന്മാരാക്കാൻ ഉതകുന്ന ഒരു പത്ര പ്രവർത്തനം ഇവിടെ നടക്കുന്നില്ല.

ഏകദേശം 160 വർഷങ്ങൾക്ക് ശേഷം ലക്ഷദ്വീപ് സമൂഹം ഒരൊറ്റ പൊളിറ്റിക്കൽ യൂണിറ്റ് ആയി ഭരിക്കപ്പെടുന്നത് 1947-ന് ശേഷമാണ്. ബ്രിട്ടീഷുകാരുടെ കാലത്തുപോലും പകുതി ദ്വീപുകൾ സൗത്ത് കാനറാ ഡിസ്ട്രിക്ടിന്റെ കീഴിലും ബാക്കി പകുതി മലബാർ ഡിസ്ട്രിക്ടിന്റെ കീഴിലുമായാണ് ഭരിക്കപ്പെട്ടത്. അറുപതോളം വർഷത്തിന്റെ ഭരണത്തിൽ ലക്ഷദ്വീപ് ഒന്നായെങ്കിലും ജനങ്ങൾ ഐക്യപ്പെട്ടില്ല.