‘കെ.എസ്.ഇ.ബി. 2015-ൽ ഒപ്പിട്ട ദീർഘകാല വൈദ്യുതി വാങ്ങൽ കരാറിൽ അരുതാത്ത ചില കാര്യങ്ങൾ നടന്നെന്ന അഭിപ്രായമുള്ളയാളാണ് ഞാൻ’

എ.കെ ബാലന് | ഫോട്ടോ: മാതൃഭൂമി
യു.ഡി.എഫ്. സർക്കാർ ഒപ്പിട്ട ദീർഘകാല കരാർ 2015-ൽത്തന്നെ റദ്ദാക്കാതെ, 2023-ൽ റദ്ദാക്കാൻ തീരുമാനിച്ച റെഗുലേറ്ററി കമ്മിഷന്റെ നടപടി ദുരൂഹമാണ്. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലവിലുണ്ട്. പാചകവാതകപ്രശ്‌നം രൂക്ഷമാകുന്നത് മാർച്ച് അവസാനത്തോടെയാണ്. ഇത് വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് മനസ്സിലാക്കിയ ഉടൻതന്നെ, അടിയന്തരമായി 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതിതേടി ഏപ്രിൽ എട്ടിന് കെ.എസ്.ഇ.ബി. സംസ്ഥാന റെഗുലേറ്ററി കമ്മിഷന് മുന്നിൽ അപേക്ഷ നൽകി.
എന്നാൽ, അപേക്ഷയുടെ ഗൗരവം കണക്കിലെടുത്തുകൊണ്ടുള്ള സമീപനമല്ല റെഗുലേറ്ററി കമ്മിഷനിൽനിന്നുണ്ടായത്. അടിയന്തരസ്വഭാവത്തോടെ പരിഗണിക്കുന്നതിനു പകരം ഏപ്രിൽ 22-ന് പൊതുതെളിവെടുപ്പിന് വെക്കുകയാണ് കമ്മിഷൻ ചെയ്തത്. എന്നാൽ, ഇതിനിടയിൽത്തന്നെ പ്രതിസന്ധി രൂക്ഷമായി. പീക്ക് ലോഡ് തരണം ചെയ്യാൻ കഴിയാതെ വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾപോയി.
ഒടുവിൽ ഏപ്രിൽ 25-ന് രാത്രിയോടെ 250 മെഗാവാട്ട് ടേം എഹഡ് മാർക്കറ്റിൽനിന്ന് വൈദ്യുതിവാങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് കമ്മിഷനിൽനിന്ന് ഉണ്ടായിട്ടുണ്ട്. കമ്മിഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ടേം എഹഡ് മാർക്കറ്റിൽനിന്ന് വൈദ്യുതി കിട്ടുമെന്നതിന് ഉറപ്പൊന്നുമില്ല. ഒരുപക്ഷേ, പത്തുദിവസംമുൻപ് വൈദ്യുതി വാങ്ങാനുള്ള അനുമതി കിട്ടിയിരുന്നെങ്കിൽ കാര്യങ്ങൾ കുറെക്കൂടി പ്രായോഗികമായേനെ.
ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ഒഴിഞ്ഞുമാറാൻ കഴിയില്ല.
കെ.എസ്.ഇ.ബി. 2015-ൽ ഒപ്പിട്ട ദീർഘകാല വൈദ്യുതി വാങ്ങൽ കരാറിൽ അരുതാത്ത ചില കാര്യങ്ങൾ നടന്നെന്ന അഭിപ്രായമുള്ളയാളാണ് ഞാൻ. അന്നത്തെ റെഗുലേറ്ററി കമ്മിഷനും ആ നിലപാടായിരുന്നു. സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാണിച്ച് കരാറിന് അനുമതി നൽകാനാവില്ലെന്നാണ് അന്ന് കമ്മിഷൻ സ്വീകരിച്ച നിലപാട്. എന്നാൽ, കരാറുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ്. സർക്കാർ തീരുമാനിച്ചു.
ഇതനുസരിച്ച് ഒപ്പിട്ട കരാറിന് അനുമതിതേടി വീണ്ടും കമ്മിഷനുമുന്നിൽ അപേക്ഷവന്നു. സ്വാഭാവികമായും അന്നുതന്നെ കരാർ റദ്ദാക്കാൻ കമ്മിഷൻ തീരുമാനിക്കേണ്ടതായിരുന്നു. പക്ഷേ, തീരുമാനമെടുക്കാതെ 2023 വരെ നീട്ടിക്കൊണ്ടുപോയി. 2015-ൽത്തന്നെ കരാർ റദ്ദാക്കാതെ, 2023-ൽ റദ്ദാക്കാൻ തീരുമാനിച്ച റെഗുലേറ്ററി കമ്മിഷന്റെ നടപടി ഇതുകൊണ്ടുതന്നെ ദുരൂഹമാണ്.
2016-ൽ ഈ കരാർ റദ്ദുചെയ്തിരുന്നെങ്കിൽ കെ.എസ്.ഇ.ബി.ക്ക് മറ്റുസാധ്യതകൾ പരിശോധിക്കാൻ സൗകര്യമുണ്ടായിരുന്നു. അത്തരം സാധ്യതകൾ നഷ്ടമാക്കിയതിനുശേഷം തീരുമാനമെടുക്കുക വഴി കെ.എസ്.ഇ.ബി.യെ പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് കമ്മിഷൻ എടുത്തത്. കെ.എസ്.ഇ.ബി.യിൽ ഇടക്കാലത്ത് ചുമതലയുണ്ടായിരുന്ന ചില ഉന്നത ഉദ്യോഗസ്ഥൻമാരടക്കം പങ്കാളികളായി നടത്തിയ ഗൂഢാലോചന ഇത്തരമൊരു തീരുമാനത്തിന് കാരണമായിട്ടുണ്ടെന്ന് സംശയിക്കേണ്ടതുണ്ട്.
ദീർഘകാലകരാർ പ്രകാരം ലഭിക്കുമായിരുന്ന 465 മെഗാവാട്ട് വൈദ്യുതി ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നോ എന്നതിൽ സംശയമുണ്ട്.
ഇപ്പോഴത്തെ പ്രതിസന്ധി മുൻകൂട്ടിക്കാണാൻ കഴിയുന്നതായിരുന്നില്ല. അതിനാൽ റദ്ദാക്കപ്പെട്ട 465 മെഗാവാട്ട് ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധിവരുമായിരുന്നു. പക്ഷേ, കെ.എസ്.ഇ.ബി. ഏർപ്പെട്ട താത്കാലിക കരാറുകളുടെ അളവ് കുറയ്ക്കാനും ഇപ്പോൾ ഒരു ഫ്‌ളക്‌സിബിലിറ്റി നൽകാനും ഈ കരാർ സഹായിക്കുമായിരുന്നു.
മാത്രമല്ല, പീക്ക് സമയത്ത് ഈ കരാറിലൂടെ ലഭ്യമാകുമായിരുന്ന രണ്ട് മില്യൺ യൂണിറ്റോളം വൈദ്യുതിയിൽ നഷ്ടം കുറയ്ക്കാനും കഴിഞ്ഞേനേ. യൂണിറ്റിന് ശരാശരി അഞ്ചേമുക്കാൽ രൂപയുടെ നഷ്ടം കണക്കാക്കിയാൽ പ്രതിദിനം ഒരുകോടി രൂപയ്ക്ക് മുകളിൽ ഇത്തരത്തിൽ നഷ്ടംവരുന്നുണ്ട്. ഓഫ് പീക്ക് സമയത്ത് കരാർപ്രകാരം കിട്ടുന്ന വിലയും പുറത്തുനിന്ന് കിട്ടുന്ന വിലയും തമ്മിൽ കാര്യമായി വ്യത്യാസമുണ്ടാകില്ല.
അതുകൊണ്ടുതന്നെ ദീർഘകാല കരാർ ഇത്തരമൊരു പ്രതിസന്ധിക്കാലത്ത് റദ്ദുചെയ്യപ്പെട്ടത് കെ.എസ്.ഇ.ബി.യെ സാമ്പത്തികമായി ഞെരിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലും റെഗുലേറ്ററി കമ്മിഷൻ സംശയത്തിന്റെ നിഴലിലാണ്.
Content Highlights: Analysis of the 2015 long-term power purchase agreement controversy. Critical review of the State Electricity Regulatory Commission's delayed decision-making. Impact of power contract cancellations on current load shedding and financial losses. Investigation into potential collusion involving KSEB officials and regulatory bodies.
Published: 30 Apr 2026, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented