കേരളത്തില്‍ വോട്ടര്‍പട്ടികയുടെ തീവ്രപരിഷ്‌കരണത്തിന് (Special Intensive Revision- SIR) തീരുമാനമായിരിക്കുന്നു. എസ്‌ഐആറിനെക്കുറിച്ചും അതു സംബന്ധിച്ച ആശങ്കകളെയും തയ്യാറെടുപ്പുകളെയും കുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ സംസാരിക്കുന്നു. 

To advertise here,

എസ്ഐആറിന്റെ ലക്ഷ്യം

യോഗ്യരായ ആള്‍ക്കാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പെടുത്തുകയും അയോഗ്യരെ ഒഴിവാക്കുകയും മാത്രമാണ് എസ്ഐആറിന്റെ ഉദ്ദേശ്യം. എല്ലാ വോട്ടര്‍മാരുടെയും വീടുകളില്‍ പോയി വെരിഫിക്കേഷന്‍ നടത്തി പരമാവധി വ്യക്തതയുള്ള ഒരു വോട്ടര്‍ പട്ടിക ഉണ്ടാക്കുകയാണ് ലക്ഷ്യം. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ആളുകളെ വോട്ടര്‍പട്ടികയില്‍നിന്ന് വ്യാപകമായി ഒഴിവാക്കി എന്ന രീതിയിലെ പരാതിക്ക് സാധ്യത ഇല്ലെന്നാണ് തോന്നുന്നത്. ബിഹാറിലെ അനുഭവം നോക്കുകയാണെങ്കില്‍ 2003-ല്‍ ഉണ്ടായിരുന്ന 80 ശതമാനം ആള്‍ക്കാരും 25-ലെ പട്ടികയില്‍ ഉണ്ട്. നമ്മള്‍ പാലക്കാട്ടെ രണ്ട് ബൂത്തില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലെ ഫലം സമാനമായിരുന്നു. ബാക്കി 20 ശതമാനം പേര്‍ വേറെ ബൂത്തുകളിലായിരിക്കാം. 2005-ലാണ് മണ്ഡല പുനര്‍നിര്‍ണയം വന്നത്. കുറെ പേര്‍ മരിച്ചിട്ടുണ്ടാകാം. കുറച്ചുപേര്‍ സ്വമേധയാ വിട്ടുനില്‍ക്കുന്നുണ്ടാവാം.

വോട്ടര്‍പട്ടിക സംബന്ധിച്ച കാര്യത്തില്‍ എല്ലാവരും ബോധവാന്മാരാണ്. എന്താണ് ചെയ്യേണ്ടത്, ചെയ്യാന്‍ പാടില്ലാത്തത് എന്നതിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ വോട്ടര്‍ പട്ടിക 100 ശതമാനം പെര്‍ഫെക്റ്റ് ആകാനുള്ള സാധ്യതയുണ്ട്. സ്വന്തമായി ആരെങ്കിലും മാറി നിന്നെങ്കിലേയുള്ളൂ. എല്ലാവരെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ നടപടികള്‍ ഇലക്ഷന്‍ കമ്മീഷന്‍ കൈക്കൊണ്ടിട്ടുണ്ട്. ശാരീരിക അവശതകള്‍ ഉള്ളവരെയും അവരെ സംരക്ഷിക്കുന്നവരുടെയും കാര്യങ്ങള്‍ കൂടി കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്. കേരളത്തില്‍ നിലവിലുള്ള അവബോധത്തിന്റെ പശ്ചാത്തലത്തില്‍ ആരെങ്കിലും മാറിനില്‍ക്കുന്നുണ്ടെങ്കില്‍ അവരും കൂടി പങ്കുചേരാനാണ് സാധ്യത.

പ്രവാസി വോട്ടര്‍മാരും അതിഥിത്തൊഴിലാളികളും

പ്രവാസി മലയാളികളുടെ നിലവിലെ ലിസ്റ്റില്‍ 90,051 പേരാണ് ഉള്ളത്. 15 ലക്ഷത്തോളം പേര്‍ ഇതിന് പുറത്താണ്. ഇതില്‍ വിദേശങ്ങളില്‍ പൗരത്വം എടുത്തവരും ഉണ്ടാകാം. നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ഓണ്‍ലൈനായി രേഖകള്‍ അപ്‌ലോഡ്‌ ചെയ്യാം. ഒരു ബിഎല്‍ഒ നിര്‍ബന്ധമായും അവരുടെ വീട്ടില്‍ പോയി പരിശോധിച്ച് അവര്‍ അവിടത്തുകാരാണെന്നും മറ്റും ഉറപ്പുവരുത്തണം. വീട്ടില്‍ ആളില്ലെങ്കില്‍ വാട്സാപ്പിലോ മറ്റോ വീഡിയോ കോള്‍ ചെയ്യുന്നതും പ്രദേശത്തെ അറിയപ്പെടുന്നവരുമായി സംസാരിക്കുന്നതും പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

വരുന്ന 19-ന് നോര്‍ക്ക മുഖാന്തരം ഇതുമായി ബന്ധപ്പെട്ട എല്ലാ മലയാളി സംഘടനകളുടെയും യോഗം വിളിച്ചിട്ടുണ്ട്. അവര്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്നു കേള്‍ക്കാനും പ്രയാസങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് അറിയാനുമാണത്. പേരു ചേര്‍ക്കാന്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നോര്‍ക്ക മുഖാന്തരവും നേരിട്ടും ചെയ്യും. പ്രവാസികളില്‍ പലര്‍ക്കും വോട്ട് ചേര്‍ക്കാന്‍ താല്പര്യമുണ്ടെങ്കിലും നാട്ടില്‍ വന്നു വോട്ട് ചെയ്യണം എന്നതാണ് അവരെ അലട്ടുന്നത്.

placeholder
ഡോ. രത്തന്‍ കേല്‍ക്കര്‍

വോട്ടര്‍പട്ടിക പരിഷ്‌കരിക്കുമ്പോള്‍ കേരളത്തിലെ മൊത്തം അതിഥിത്തൊഴിലാളികള്‍ പട്ടികയില്‍ ഉണ്ടാവണമെന്നില്ല നമ്മുടെ നാട്ടില്‍ സ്ഥിരതാമസക്കാരന്‍ ആണ് എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അയാളെ വോട്ടര്‍ പട്ടികയില്‍ പെടുത്തേണ്ടിവരും. ബീഹാറിലെ എസ്ഐആര്‍ നടക്കുന്ന സമയത്ത് അവിടുത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു കത്ത് കൊടുത്തിരുന്നു. ആവശ്യം വന്നാല്‍ സഹായിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ബിഹാറില്‍നിന്നു വലിയതോതില്‍ ആള്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിലിനായി കുടിയേറിയിട്ടുണ്ട്. ബിഹാറിലെ എസ്ഐആറില്‍ ഏതാണ്ട് മുഴുവന്‍ ആള്‍ക്കാരും എന്യൂമറേഷന്‍ ഫോം ഒപ്പിട്ട് തിരിച്ചു കൊടുത്തു എന്നാണ് മനസ്സിലാവുന്നത്. അതിനര്‍ത്ഥം, ഇവിടത്തെ ബിഹാറി തൊഴിലാളികള്‍ ബഹുഭൂരിപക്ഷം പേരും അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ തന്നെ ഇവിടത്തെ പട്ടികയില്‍ പേരുള്ളവരാണെങ്കില്‍ അവര്‍ക്ക് ഇരട്ടവോട്ടില്ലെന്ന് ഉറപ്പു വരുത്തണം. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ആരുടെയെങ്കിലും പേരില്‍ എതിര്‍പ്പ് വന്നാല്‍ പരിശോധിക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. ഇന്ന് എല്ലാവര്‍ക്കും ജാഗ്രതയുണ്ട്, തൊട്ടടുത്തുള്ള ആള്‍ക്കാര്‍ ആരാണ്, എന്താണ് എന്ന് എല്ലാവരും അറിയുന്നതാണ്. വെരിഫിക്കേഷന്‍ സമയത്ത് ഇരട്ടവോട്ട് കണ്ടെത്തിയാല്‍ സ്വന്തമായും ആ നിയമസഭ മണ്ഡലത്തിലെ മറ്റൊരു വോട്ടര്‍ക്കും പരാതി കൊടുക്കാം. പോരാത്തതിന്, ഇരട്ടവോട്ട് ചെയ്താല്‍ കുറഞ്ഞത് ഒരു വര്‍ഷം തടവിനും വകുപ്പുണ്ട്.

നമുക്ക് ഏറ്റവും ക്ലീന്‍ ആയ ഒരു വോട്ടര്‍പട്ടിക ഉണ്ടാക്കാനുള്ള സുവര്‍ണ്ണാവസരമാണത്. പരിശുദ്ധമായ ഒരു വോട്ടര്‍ പട്ടിക എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങളുടെയും ഇലക്ഷന്‍ കമ്മീഷന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ഒക്കെ ആവശ്യം എസ്ഐആര്‍ ആണെന്നാണ് തോന്നുന്നത്.

ഈ പരിശുദ്ധിയാണ് പ്രശ്നം. പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത് എസ്ഐആറില്‍ നടക്കുന്നത് ഒരു ശുദ്ധീകരണം ആണെന്നാണ്- ഇഷ്ടമില്ലാത്തവരെ ഒഴിവാക്കല്‍?

തന്നിഷ്ടപ്രകാരം ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. 1960-ലെ രജിസ്ട്രേഷന്‍ ഓഫ് ഇലക്ടറല്‍ റൂള്‍സ് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. ഇതൊന്നും പുതുതായി ഉണ്ടായതല്ല. പരാതിക്കാരന്റെ സത്യവാങ്മൂലം എടുക്കുന്നതും ചട്ടപ്രകാരമാണ്. ഫോം സെവനില്‍ അത് എഴുതിയിട്ടുണ്ട്, ഞാനീ പരാതി കൊടുക്കുന്നത് എന്റെ ഇഷ്ടപ്രകാരമാണെന്നും തെറ്റാണെങ്കില്‍ ശിക്ഷാനടപടിക്ക് വിധേയനാകാമെന്നും.

പ്രതിപക്ഷപാര്‍ട്ടികളുടെ വോട്ടുകൊള്ള ആരോപണം?

'വോട്ടുചോരി' എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. നമ്മള്‍ എല്ലാം ചെയ്യുന്നത് ചട്ടപ്രകാരമാണ്. നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നു എന്നേയുള്ളൂ. അതുണ്ടാക്കിയത് പാര്‍ലമെന്റാണ്. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് തന്നെ രാഷ്ട്രീയപാര്‍ട്ടികളുടെ സഹായത്തോടുകൂടിയാണ്. പോളിംഗ് സ്റ്റേഷന്‍ നിശ്ചയിക്കുന്നത് അവരുടെ ഒപ്പോടു കൂടിയാണ്. എല്ലാ പ്രക്രിയയിലും അവരുടെ പങ്കാളിത്തമുണ്ട്, വളരെ സുതാര്യമാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇവിഎം തുറക്കുന്നത് മുതലുള്ള എല്ലാ നടപടികളും അവരുടെ സാന്നിധ്യത്തിലാണ്. അങ്ങേയറ്റം സുതാര്യമായ ഒരു സംവിധാനമാണിത് എന്നാണ് എനിക്ക് പറയാനുള്ളത്. അത് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. എന്തെങ്കിലും സംശയമോ പരാതിയോ ഉണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്താനും പരിഹരിക്കാനും വേണ്ടത്ര സമയം കൊടുക്കുന്നുണ്ട്. നമ്മള്‍ പറയുന്നതാണ് അവസാനവാക്ക് എന്ന സാഹചര്യമില്ല. പരാതിയുള്ളവര്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയില്‍ പോകാനും അവസരമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ അത്തരം ഒരു ആശങ്കയ്ക്ക് കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്.

വോട്ടിരട്ടിപ്പ് പരാതികളും തടയാനുള്ള മാര്‍ഗവും?

നിലവിലെ എന്യൂമറേഷന്‍ ഫോം വന്നശേഷം നാലഞ്ച് മാനദണ്ഡങ്ങള്‍ വെച്ചിട്ട് വോട്ടിരട്ടിപ്പ് അനായാസം കണ്ടെത്താം. കേരളത്തിലെ 70 ശതമാനത്തോളം പേര്‍ രേഖയായി ആധാര്‍ കൊടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ ആധാര്‍ കൊടുക്കുമെന്ന് കരുതാനുള്ള സാഹചര്യമുണ്ട്. ഐടി സംവിധാനങ്ങളൊക്കെ വളരെ സെന്‍ട്രലൈസ്ഡ് ആണ്, വിവിധ സംസ്ഥാനങ്ങളുടെ ഡേറ്റാബേസുകള്‍ ഒക്കെ പരസ്പരബന്ധിതമാണ്. അതിനാല്‍ വോട്ടിരട്ടിപ്പ് അതിവേഗം കണ്ടെത്താന്‍ സാധിക്കും. വോട്ടര്‍ പട്ടികകള്‍ക്ക് മേല്‍നോട്ടത്തിനായി എന്റെ ഓഫീസും പ്രത്യേക നിരീക്ഷകരുമടക്കം നിരവധി ക്രമീകരണങ്ങള്‍ ഉണ്ട്. ഒരിക്കല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തയാള്‍ വീണ്ടും അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ തന്നെ ഓഫീസില്‍ സൂചന കിട്ടും. നിര്‍മ്മിതബുദ്ധി അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ പരിശോധന കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ആക്കും. അതിനാല്‍ അത്തരം പ്രശ്നങ്ങള്‍ കാര്യമായും ഉണ്ടാവാനിടയില്ലെന്നാണ് തോന്നുന്നത്.

ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് മണ്ഡലത്തിലെ ഇരട്ട വോട്ടുകളെ കുറിച്ച് മുമ്പ് പരാതിപ്പെട്ടിരുന്നു?

അടൂര്‍ പ്രകാശ് എംപി ഇന്നലെ എന്നെ കണ്ടിരുന്നു അദ്ദേഹം റവന്യൂമന്ത്രി ആയിരിക്കുമ്പോള്‍ ഞാന്‍ കണ്ണൂര്‍ ജില്ലാ കളക്ടറായി കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒട്ടേറെ ഇരട്ടവോട്ടുകള്‍ ഉണ്ട്, അത് ഒഴിവാക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പരാതി പരിശോധിക്കും. അങ്ങനെ ഒരു ആക്ഷേപം വരുന്നുണ്ടെങ്കില്‍ അതിനുള്ള ഉത്തരവും എസ്ഐആര്‍ തന്നെയാണ്. അങ്ങനെ പാര്‍ട്ടികള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഇതിനെ നല്ലൊരു അവസരമായി കാണണം. എസ്ഐആറിനെ സ്വാഗതം ചെയ്യുകയും എല്ലാ പിന്തുണ നല്‍കുകയും വേണം. ഇത്തരം പരാതികള്‍ ഒഴിവാക്കാനുള്ള സുവര്‍ണാവസരമാണ് എസ്ഐആര്‍. ചട്ടപ്രകാരമേ കാര്യങ്ങള്‍ ചെയ്യുന്നുള്ളൂ. എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടി ഉണ്ടാകും. എല്ലാം 100 ശതമാനം കൃത്യമായിരിക്കണം എന്ന നിര്‍ദ്ദേശമാണ് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിട്ടുള്ളത്. നിലവിലെ വോട്ടര്‍ പട്ടിക ശരിയല്ല, അത് ശരിയാക്കേണ്ടതുണ്ട് എന്ന ആര്‍ക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അതിന്റെ വഴി എസ്ഐആര്‍ തന്നെയാണ്. എന്തെങ്കിലും പരാതികള്‍ ഉള്ളവര്‍ അവ പരിഹരിക്കാനുള്ള നിയമാനുസൃതമായ അവസരങ്ങള്‍ ഉപയോഗിക്കണം.

തൃശ്ശൂരിലെ കാര്യമാണോ ഉദ്ദേശിച്ചത്?

ഞാന്‍ പരാതി ഒപ്പിട്ടു തരില്ല, നിങ്ങള്‍ നടപടിയെടുക്കണം എന്ന് പറഞ്ഞാല്‍ പറ്റില്ല. എനിക്ക് ചട്ടപ്രകാരമേ മുന്നോട്ടു പോകാന്‍ സാധിക്കൂ. ഞാന്‍ സത്യവാങ്മൂലം കൊടുക്കുകയില്ല, പക്ഷേ, നിങ്ങള്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാല്‍ എനിക്ക് ഒന്നും ചെയ്യാനാവില്ല, അതാണ് ചട്ടം.

ആധാര്‍ മാത്രം രേഖയായുള്ള ആള്‍ക്ക് വോട്ടര്‍പട്ടികയില്‍ സ്ഥാനം കിട്ടുമോ?

ആധാറിനെ രേഖയായി പരിഗണിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പക്ഷേ, അതിനൊപ്പം തന്നെ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍- ഉദ്യോഗസ്ഥര്‍ക്കോ പാര്‍ട്ടികള്‍ക്കോ നാട്ടുകാര്‍ക്കോ രേഖ വ്യാജമാണെന്ന് സംശയം ഉണ്ടെങ്കില്‍- മറ്റു രേഖകള്‍ വിളിച്ചുവരുത്താം. അവ കൂടി പരിശോധിക്കണമെന്ന നിര്‍ദ്ദേശം ഇപ്പോള്‍ തന്നെ നിലവിലുണ്ട്.

പട്ടികയില്‍ നിന്ന് ഒഴിവാകുമെന്ന ആശങ്ക?

അവസാനമായി വീടുകളില്‍ പോയി എന്യൂമറേഷന്‍ നടത്തി വോട്ടര്‍ പട്ടികയുണ്ടാക്കിയത് 2002-ല്‍ ആയിരുന്നു എന്നതാണ് കാരണം. കേരളത്തില്‍ നേരത്തെ തന്നെ വീടുവീടാന്തരം കയറിയിറങ്ങി വെരിഫിക്കേഷന്‍ നടത്താന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരോട് നിഷ്‌കര്‍ഷിച്ചിരുന്നു. കേരളത്തില്‍ മുമ്പും ഇത്തരം എന്യൂമറേഷന്‍ നടത്തിയിട്ടുള്ളതിനാല്‍ നമ്മുടെ വോട്ടര്‍ പട്ടിക കൂടുതല്‍ മെച്ചപ്പെട്ടതാവുമെന്നു കരുതുന്നു. ആളുകൾ ഒഴിവായി പോകുമോ എന്നുള്ളതാണല്ലോ പ്രധാന ആശങ്ക. 2002-ല്‍ രണ്ടുകോടി 24 ലക്ഷം ആയിരുന്നു വോട്ടര്‍മാര്‍. 2025-ല്‍ രണ്ടു കോടി 78 ലക്ഷമായി. പട്ടികയില്‍ പേരുള്ള എല്ലാവര്‍ക്കും ഫോം കൊടുക്കും. 12 രേഖകള്‍ സമര്‍പ്പിക്കാം. രേഖകളില്ലാത്തവര്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് കേരളത്തില്‍ സാധ്യത ഇല്ലെന്ന് തോന്നുന്നു. എല്ലാവരുടെ കയ്യിലും രേഖകള്‍ ഉണ്ട് ആധാര്‍ 100 ശതമാനമാണ്. ഡിജിറ്റല്‍ സാക്ഷരത വളരെ കൂടുതലാണ്, ഇ- ഗവേര്‍ണന്‍സ് നടപ്പാക്കിയ സംസ്ഥാനമാണ്. ജനങ്ങള്‍ക്ക് പ്രയാസമില്ലാതെ എസ്ഐആര്‍ നടപ്പാക്കുമെന്ന് നമ്മള്‍ ഉറപ്പു കൊടുക്കുക കൂടി ചെയ്യുമ്പോള്‍ ആശങ്കയ്ക്ക് കാര്യമില്ല.

കള്ളവോട്ടിനുള്ള പഴുതുകള്‍?

എല്ലാ വോട്ടും ചെയ്യുന്നത് വോട്ടര്‍ പട്ടിക അനുസരിച്ച് മാത്രമായിരിക്കും. അതായത് ഒരാള്‍ക്ക് ഒരു വോട്ട് മാത്രം. ഒരാള്‍ രണ്ടിടത്ത് വോട്ട് ചെയ്യാന്‍ പാടില്ല. പറ്റുകയുമില്ല. എസ്ഐആര്‍ വരുമ്പോള്‍ ഒരാള്‍ക്ക് ഒരിടത്ത് മാത്രം വോട്ട് എന്നത് 100 ശതമാനം ഉറപ്പുവരുത്താന്‍ പറ്റും.

ബിഹാറിലും ബെംഗളുരുവിലും ഒക്കെ കേട്ടിരുന്നു, ഒരേ അഡ്രസ്സില്‍, പൂജ്യം വീട്ടു നമ്പറില്‍ നിരവധി വോട്ടര്‍മാരെന്ന്. സ്വന്തമായി വീടില്ലാത്തവര്‍ക്കും വീട്ടുനമ്പറില്ലാത്തവര്‍ക്കും ഒക്കെയാണ് ഇങ്ങനെ ചെയ്തതെന്ന് വിശദീകരണവുമുണ്ടായി?

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് എല്ലാവര്‍ക്കും വീട്ടുനമ്പര്‍ ഉണ്ടാവണം. നമ്പര്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ എന്ത് ചെയ്യണം എന്ന ചോദ്യം വരുമ്പോള്‍ അവിടെയുള്ള ബിഎല്‍ഒ ആണ് തീരുമാനിക്കേണ്ടത്. ഒരാള്‍ താമസിക്കുന്ന പ്രദേശത്ത് അയാള്‍ താമസിക്കുന്ന ഇടത്തെ കൃത്യമായി ഐഡന്റിഫൈ ചെയ്യുന്ന ഒരു നമ്പര്‍ രേഖപ്പെടുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപേക്ഷകരും അപേക്ഷകള്‍ പരിശോധിക്കുന്ന ബില്‍ഒമാരും ഇത് കൃത്യമായി നോക്കേണ്ടതുണ്ട്. കേരളത്തില്‍ ഇതു വലിയൊരു പ്രശ്നമാകാന്‍ സാധ്യതയില്ല. ഇവിടെ ബില്‍ഡിംഗ് നമ്പര്‍ അടക്കം എല്ലാം ഓണ്‍ലൈന്‍ ആണല്ലോ. അപേക്ഷ പൂരിപ്പിക്കുമ്പോള്‍ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്. വീട്ടുനമ്പറുടെ സ്ഥാനത്ത് ഒന്നും എഴുതിയിട്ടില്ലെങ്കില്‍ അവിടെ പൂജ്യം കാണിക്കും. അതുപോലെ വീട്ടുനമ്പര്‍ ആകാത്തവര്‍ക്കും പൂജ്യം കാണിച്ചേക്കാം.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കം ചെയ്യാനും ഒക്കെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കാറുണ്ടോ, അവര്‍ക്ക് അതിന് കഴിയുമോ?
 
ആര്‍ക്കും അങ്ങനെ ചെയ്യാന്‍ കഴിയില്ല. വോട്ട് ചേര്‍ക്കുന്നതും നീക്കം ചെയ്യുന്നതും ഇആര്‍ഒ (ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍) ആണ് ചെയ്യുന്നത്. ഒരാളെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ ഹിയറിങ് അടക്കമുള്ള നിരവധി നടപടികള്‍ ഉണ്ട്. അങ്ങനെ തിരിമറികള്‍ ചെയ്യാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല. ചട്ടപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ പറ്റൂ.

വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികള്‍ കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കില്ലേ?

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്. അത് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പഠിച്ചാല്‍ വ്യക്തമാകും, അവിടെ എന്താണ് നടക്കുന്നതെന്ന്. ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കും ഉണ്ട്.. അത് പാലിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.