
ജോലി തേടി, പുതിയ ജീവിതം തേടി നാടുവിട്ട മലയാളി യുവതി, അവിടെ അവള്‍ക്ക് വിധിക്കപ്പെട്ട വധശിക്ഷ. നിമിഷപ്രിയയെന്ന പേര് രാജ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരിക്കുന്നു. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് രാജ്യം. അതിനിടെയാണ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ഇനി യെമന്‍ രാഷ്ട്രപതിക്ക് മാത്രമേ ഇത് സംബന്ധിച്ച് അനുകൂല തീരുമാനം കൈക്കൊള്ളാന്‍ കഴിയുകയുള്ളൂ. അതിനിടെ മോചനചര്‍ച്ചകള്‍ക്കായി യെമന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന നിമിഷപ്രിയയുടെ അമ്മയുടെ അഭ്യര്‍ഥനയും കേന്ദ്രസര്‍ക്കാരിന് മുന്നിലാണുള്ളത്. ആരാണ് നിമിഷപ്രിയ? എന്താണ് നിമിഷപ്രിയയുടെ വധശിക്ഷയിലേക്ക് വഴിതുറന്ന കേസ്? നിമിഷപ്രിയയ്ക്ക് മോചനത്തിന് സാധ്യതയുണ്ടോ?
ആരാണ് നിമിഷപ്രിയ?
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരേയുള്ള കേസ്. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.
ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. പാസ്‌പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണമെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.
മരുന്ന് കുത്തിവെച്ച് കൊലപാതകം
യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളില്‍ തുടങ്ങിയ തര്‍ക്കങ്ങളും മര്‍ദനവും അകല്‍ച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.
മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. അറബിയില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയില്‍ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല, മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും യെമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യെമന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല. തുടര്‍ന്ന് നിമിഷപ്രിയ യെമനിലെ സുപ്രീം കോടതിയെ സമീപിച്ചു.
കെട്ടിച്ചമച്ച കുറ്റമെന്ന് കുടുംബം
നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം മുട്ടാത്ത വാതിലുകളില്ല. തൊഴില്‍ സ്ഥലത്തെ ശാരീരികവും മാനസികവുമായ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു നിമിഷപ്രിയ ശ്രമിച്ചത്. എന്നാല്‍ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തുന്നതടക്കമുള്ള ക്രൂരതകളാണ് യെമന്‍ പൗരന്റെ ഭാഗത്തുനിന്നുണ്ടായത്. രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി അനസ്‌തേഷ്യ മരുന്ന് കുത്തിവെക്കുകയാണുണ്ടായത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തിയില്‍വെച്ച് നിമിഷപ്രിയ പിടിക്കപ്പെട്ടു. പിന്നീട് യുവാവിന്റെ മൃതദേഹം പല തുണ്ടുകളായാണ് കണ്ടെത്തിയത്. കുറ്റകൃത്യം നിമിഷപ്രിയ ചെയ്തിട്ടില്ലെന്നും അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നുമാണ് കുടുംബം പറയുന്നത്. നിമിഷപ്രിയ ജയിലിലായതോടെ കേസിനും മറ്റുമായി വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഇവര്‍ വിറ്റിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച വാര്‍ത്ത കേട്ടതുമുതല്‍ അമ്മയും ഭര്‍ത്താവും മകളും മാനസികമായി തകര്‍ന്നുപോയി. ശിക്ഷയിളവ് ലഭിക്കുന്നതിനായി അപ്പീല്‍ നല്‍കാന്‍ കുടുംബസ്വത്തടക്കം വിറ്റാണ് ബന്ധുക്കള്‍ കോടതിയില്‍ പണം കെട്ടിവെച്ചിരുന്നത്.

'അവള്‍ വരും' തീ തിന്ന് പ്രേമകുമാരി
നിമിഷപ്രിയയ്ക്ക് വിധിച്ച വധശിക്ഷയില്‍ എങ്ങനെയെങ്കിലും ഇളവു മേടിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രേമകുമാരിയെന്ന അമ്മ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ പ്രേമകുമാരി കിഴക്കമ്പലം താമരച്ചാലിലെ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയാണ്. ഇതിനിടയിലും നിമിഷപ്രിയയുടെ മോചനത്തിനുള്ള നിയമ പോരാട്ടത്തിന്റെ വഴിയിലാണ് അവര്‍. മകളുടെ മോചനത്തിനുള്ള വാതിലുകള്‍ അടയാതിരിക്കാനാണ് അവര്‍ ഒടുവില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അങ്ങനെയാണ് നിമിഷപ്രിയയുടെ ദയാഹര്‍ജി യെമന്‍ സുപ്രീംകോടതി തള്ളിയ വിവരം പ്രേമകുമാരി അറിഞ്ഞത്. ഇക്കാര്യം മകള്‍ അറിഞ്ഞിട്ടുണ്ടോയെന്നുപോലും അറിയില്ലെന്നാണ് അമ്മ പറയുന്നത്.
''എന്റെ മകളവിടെ തീ തിന്നുകയാണ്, മോളെ കാണണം. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് മാപ്പിരക്കണം. മാപ്പപേക്ഷിച്ചാല്‍ അവര്‍ പൊറുക്കുമെന്നാണ് അപ്പീല്‍ തള്ളിയ വാര്‍ത്തയറിഞ്ഞപ്പോള്‍ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'കേസ് ഉണ്ടായ ഉടന്‍ ഒരു അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ 50,000 ഇന്ത്യന്‍ രൂപ മകള്‍ ആവശ്യപ്പെട്ടിരുന്നു. അന്നത് കൊടുക്കാന്‍ നിവൃത്തിയില്ലായിരുന്നു. അതിന്റെ വിഷമം എന്നെ മരണംവരെ വേട്ടയാടും. മകള്‍ ജയിലിലായതിനു ശേഷം കിടപ്പാടം വരെ വില്‍ക്കേണ്ടിവന്നു. രണ്ടുമാസം മുന്‍പാണ് അവള്‍ അവസാനമായി വിളിച്ചത്. ജയില്‍ ഉദ്യോഗസ്ഥയുടെ ഫോണില്‍ നിന്നായിരുന്നു വിളി. നാട്ടിലെ നടപടികള്‍ എവിടെ വരെയെത്തിയെന്ന് ചോദിച്ചു. പിന്നീട് വിളിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു.

സേവ് നിമിഷപ്രിയ ഇന്റര്നാഷണല് ആക്ഷൻ കൗണ്‍സില്‍
യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യയില്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃതത്തിലുള്ള ഇന്റര്നാഷണല് ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതിന് ശേഷം രാജ്യാന്തരതലത്തിലെ തന്നെ അറിയപ്പെടുന്ന മധ്യസ്ഥനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. അഭിഭാഷകര്‍, മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, വിദേശത്തുള്ള ഇന്ത്യന്‍ പ്രതിനിധികളടക്കമുള്ളവരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ - സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, അന്താരാഷ്ട എജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ മോചനദൗത്യം ഏകോപിപ്പിക്കലാണ് സംഘത്തിന്റെ ദൗത്യം.
യെമനിലെ മേല്‍ക്കോടതികള്‍ വിചാരണ തുടങ്ങിയപ്പോള്‍ തന്നെ ആക്ഷൻ കൗണ്‍സില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തിലും എംബസി തലത്തിലും കോടതി തലത്തിലും ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യെമനിലെ തന്നെ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം നിമിഷപ്രിയയ്ക്കായി ലഭ്യമാക്കി. ദിയാധനം നല്‍കി കേസ് അവസാനിപ്പിക്കാനായി തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കും ആക്ഷന്‍ കൗണ്‍സിലാണ് നേതൃത്വം നല്‍കുക.
നിമിഷപ്രിയ ഇന്റര്നാഷണല് ആക്ഷൻ കൗണ്‍സിലിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. നിമിഷപ്രിയയുടെ കേസില്‍ നേരിട്ട് ഇടപെടാനാവില്ലെന്നും എന്നാല്‍ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കാന്‍ സന്നദ്ധമാണെന്നുമായിരുന്നു അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാ ഇടപെടലുകളും നടത്തുമെന്ന് സംസ്ഥാനസര്‍ക്കാര്‍ കുടുംബത്തിന് ഉറപ്പുനല്‍കിയിരുന്നു. നിമിഷയുടെ മോചനത്തിനായി നയതന്ത്ര ഇടപെടലടക്കം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള നിരവധി നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ദിയാധനം നല്‍കിയാല്‍ മോചനം സാധ്യമാണെങ്കില്‍ അത് നല്‍കാന്‍ സന്നദ്ധനാണെന്ന് മലയാളി വ്യവസായി യൂസഫലിയും വാക്ക് നല്‍കിയിരുന്നു.
ശിക്ഷ ശരിവച്ച് യെമന്‍ സുപ്രീം കോടതി
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയ്‌ക്കെതിരേ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതായി അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. വധശിക്ഷ ഒഴിവാക്കാന്‍ ഇനി യെമന്‍ രാഷ്ട്രപതിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇതുപ്രകാരം നിമിഷപ്രിയയുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി യെമന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന അമ്മ പ്രേമകുമാരിയുടെ ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി യെമന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം വധശിക്ഷ ശരിവച്ച കാര്യം അറിയിച്ചത്. നവംബര്‍ 13-ന് യമനിലെ സുപ്രീംകോടതി വധശിക്ഷയ്‌ക്കെതിരേ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ തള്ളിയെന്നാണ് തങ്ങള്‍ക്കു ലഭിച്ച വിവരമെന്ന് കേന്ദ്രം വാക്കാല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ അപ്പീലാണ് യെമന്‍ സുപ്രീം കോടതി ഇപ്പോള്‍ തള്ളിയത്.
വധശിക്ഷ ഒഴിവാക്കാന്‍ ദിയാധനം
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബാംഗങ്ങള്‍ക്ക് പണം നല്‍കി നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുക്കാനാവും. ബ്ലഡ് മണി (ദിയാധനം) എന്നാണ് ഈ തുക അറിയപ്പെടുന്നത്. പണം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വധശിക്ഷ മാറി മോചനത്തിന് വഴിതെളിയും. നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക പോംവഴി 'ബ്ലഡ് മണി'യാണെന്ന് അഭിഭാഷകരും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യെമനിലേക്ക് പോകാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരമൊരുക്കാമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിമിഷപ്രിയയുടെ കുടുംബത്തെയും കോടതിയേയും നേരത്തെ അറിയിച്ചിരുന്നു. 2016 മുതല്‍ യെമനില്‍ പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. യെമനിലേക്ക് ഇന്ത്യയില്‍ നിന്ന് പണമയക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെ പണം സ്വീകരിക്കാന്‍ യെമന്‍ പൗരന്റെ കുടുംബം അറിയിച്ചാലും അത് കൈമാറാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. യെമനിലേക്ക് പോകാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യം.
യെമനിലേക്ക് പോകാന്‍ വഴിതുറന്നാല്‍ നിമിഷയുടെ അമ്മ പ്രേമകുമാരി, മകള്‍ മിഷേല്‍ തുടങ്ങിയവരടങ്ങിയ സംഘം യെമന്‍ സന്ദര്‍ശിച്ച് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബത്തെ കണ്ട് ചര്‍ച്ചകള്‍ നടത്തി നിമിഷക്ക് മാപ്പു നല്‍കണമെന്ന് അപേക്ഷിക്കും. യാത്ര അനുമതിക്കായി ഇവര്‍ നിരവധി തവണ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചതോടെ മരിച്ചയാളുടെ കുടുംബവുമായി ചര്‍ച്ച നടത്തി ശരിയത്ത് നിയമ പ്രകാരം ബ്ലഡ് മണി സംബന്ധിച്ച് ധാരണയിലെത്തിയാലേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂ. ഇതിനായി അവരുടെ അമ്മയ്ക്ക് യെമന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Kerala nurse Nimisha Priya facing death penalty in Yemen, who is Nimisha priya?
Published: 25 Nov 2023, 04:46 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented