
ലോകത്തിന്റെ പോരാളിയെന്നായിരുന്നു ഹോസെ മുഹീകയെന്ന ഭരണാധികാരിയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒരുകാലത്ത് വിളിച്ചിരുന്നത്. അധികാരമെന്നതിന് ജനസേവനമെന്നത് മാത്രമാണ് അര്‍ഥമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന രാഷട്രീയക്കാരന്‍ യുറഗ്വായ്ക്കപ്പുറം അങ്ങനെ ലോക മാതൃകയായി. 89-ാം വയസ്സില്‍ പിന്നിട്ട യാത്രകളേയും രാഷ്ട്രീയവും ഉപേക്ഷിച്ച് യാത്രയായപ്പോള്‍ അദ്ദേഹം ബാക്കിയാക്കുന്നത് ലാളിത്യത്തിന്റെ സുഗന്ധവും, ലോകത്തിന്റെ പെപ്പെയെന്ന വിളിയുമാണ്. യുറഗ്വായുടെ പ്രസിഡന്റായിരിക്കുമ്പോഴും ആര്‍ഭാടമുപേക്ഷിച്ച്, പൂക്കള്‍ കൃഷി ചെയ്ത്, സൈക്കിളിലും പഴയ ഫോക്സ് വാഗണിലും യാത്രചെയ്ത് ജനസേവനത്തിനിറങ്ങിയിരുന്ന ഹോസെ മുഹീകയെ കറകളഞ്ഞ കമ്യൂണിസ്റ്റെന്ന് ലോകം വിളിച്ചു. തന്റെ ശമ്പളത്തില്‍ 90 ശതമാനവും പാവങ്ങള്‍ക്ക് സംഭാവന ചെയ്ത് മാതൃകയായി.
ഭ്രാന്തിന്റെ വക്കോളമെത്തിച്ച ജയില്‍വാസം
കുഞ്ഞുന്നാളിലെ അച്ഛനെ നഷ്ടപ്പെട്ടിരുന്ന മുഹീകയുടെ ചെറുപ്പം അതികഠിനമായിരുന്നു. പക്ഷേ, കൗമാരത്തിലെ ഇടതുപക്ഷത്തില്‍ ആകൃഷ്ടനായി. ജനസേവനത്തിനറങ്ങി. അച്ഛന്‍ ബാക്കിവെച്ച കാര്‍ഷിക ഉപകരണങ്ങള്‍ പിന്നെ മുഹീകയുടെ വയറുനിറയ്ക്കാനുള്ള ഉപാതിയായി. പക്ഷേ, ഇടതുപക്ഷ രാഷ്ട്രീയം മുഹീകയുടെ ജീവിതവീക്ഷണത്തെ അപ്പാടെ മാറ്റിക്കളയുകയായിരുന്നു. അങ്ങനെയാണ് യുറഗ്വായിലെ പട്ടാള ഭരണകൂടത്തിനെതിരേ പോരാടുന്ന ട്യുപ്പമറോസ് എന്ന ഗറില്ലാ ഗ്രൂപ്പില്‍ ചേരുന്നത്. ഇത് 1965 ല്‍ ആയിരുന്നു. പിന്നീടുള്ള ജീവിതം ഒളിവിലും ജയിലിലുമായി.
തട്ടിക്കൊണ്ടുപോകല്‍, മോഷണം എന്നിവയുള്‍പ്പെടെയുള്ള സായുധ പ്രവര്‍ത്തനങ്ങളായിരുന്നു ഈ ട്യുപ്പമറോസ് ഗ്രൂപ്പ് നടത്തിയിരുന്നത്. ഇതോടെ മുഹീക ഭരണകൂടത്തിന്റെ ഹിറ്റ്ലിസ്റ്റിലായി. നാല് തവണയാണ് ഇദ്ദേഹം പിടിയിലാവുന്നത്. പക്ഷേ, 1972-ല്‍ പിടിയിലായതോടെ അത് അദ്ദേഹത്തിന് നല്‍കിയത് 14 വര്‍ഷത്തിലേറെയുള്ള ജയില്‍ ജീവിതമാണ്. അവിടെ അതി കഠിനമായി പീഡിപ്പിക്കപ്പെടുകയും ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ കഴിയേണ്ടിവരികയും ചെയ്തു. പലപ്പോഴും ഭൂഗര്‍ഭ അറകളിലെ ചെറിയ സെല്ലുകളിലായിരുന്നു കഴിഞ്ഞിരുന്നത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റയ്ക്ക് കഴിയേണ്ടി വന്നതോടെ ആ ജീവിതം തന്നെ ഭ്രാന്തിന്റെ വക്കോളമെത്തിച്ചിരുന്നുവെന്നാണ് പിന്നീട് മുഹീക പറഞ്ഞിരുന്നത്. ഏകാന്തതയില്‍ നിന്ന് മുക്തമാവാന്‍ പലപ്പോഴും ഉറുമ്പുകളോട് പോലും സംസാരിച്ചിരുന്നു.

യുറഗ്വായില്‍ ജനാധിപത്യത്തിന്റേയും മുഹീകയുടേയും തിരിച്ചുവരല്‍
യുറഗ്വായ് ജനാധിപത്യത്തിലേക്ക് വന്നപ്പോള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം 1985 ല്‍ ആണ് അദ്ദേഹം മോചിതനാവുന്നത്. പിന്നീട് ഇടതുപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ബ്രോഡ് ഫ്രണ്ടില്‍ ചേരുകയായിരുന്നു. ശേഷം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് കൃഷിമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ലളിതമായ സംസാരവും ഗ്രാമീണ സമൂഹങ്ങളുമായുള്ള ബന്ധവും കാരണം യുറഗ്വായ് രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിയായും മാറി. 2009-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. നിരവധി വിപ്ലവകരമായ തീരുമാനമാണ് അദ്ദേഹം തന്റെ ഭരണകാലത്ത് കൊണ്ടുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു കഞ്ചാവ് നിയമവിധേയമാക്കല്‍. ഇത് 2010 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു. അങ്ങനെ കഞ്ചാവ് നിയമവിധേയമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുറഗ്വായ് മാറി. ലഹരിക്കടത്ത് തടയുക എന്നതായിരുന്നു ഇങ്ങനെയൊരു നിയമം കൊണ്ടുവരാൻ മുഹീകയെ പ്രരിപ്പിച്ചത്. കഞ്ചാവിന്റെ ഉല്‍പ്പാദനവും വി്ല്‍പ്പനയും ഉപയോഗവുമെല്ലാം നിയമവിധേയമാക്കിയ തീരുമാനം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. മയക്കുമരുന്ന് കള്ളക്കടത്തുകാരില്‍ നിന്ന് വിപണി പിടിച്ചെടുക്കുക എന്നതായിരുന്നു മുഹീകയുടെ ആശയം. നിയമവിരുദ്ധ മയക്കുമരുന്ന് വിപണികളുടെ വളര്‍ച്ച തടയുന്നതില്‍ നേരത്തെയുണ്ടായിരുന്ന നിരോധനം പരാജയപ്പെട്ടിരുന്നുവെന്നായിരുനനു മുഹിക്ക വാദിച്ചിരുനനത്. കഞ്ചാവ് നിയമവിധേയമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ സര്‍ക്കാരിന് കരിഞ്ചന്തയുടെ അടിത്തറ തകര്‍ക്കാനും, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും, ക്രിമിനല്‍ ശൃംഖലകളില്‍ നിന്ന് അധികാരം എടുത്തുമാറ്റാനും കഴിയുമെന്നും മുഹീക്ക ചൂണ്ടിക്കാട്ടി.
നിബന്ധനകളോടെ സ്വവര്‍ഗ വിവാഹത്തിനും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്ന നിയമങ്ങളും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പാസാക്കി. ഇതോടെ സ്വവര്‍ഗ വിവാഹം അനുവദിക്കുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കന്‍ രാജ്യമായി യുറഗ്വായ് മാറി. ജനാധിപത്യമെന്നാല്‍ എല്ലാ ആളുകളോടും തുല്യമായി പെരുമാറണം എന്നാണ്. സ്വവര്‍ഗ ദമ്പതിമാര്‍ക്ക് വിവാഹം ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് നിയമപരമായ വിവേചനത്തിന്റെ ഒരു രൂപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
''പല തരത്തിലുള്ള വിവാഹങ്ങളുണ്ട് - സ്‌നേഹത്തിനു വേണ്ടിയുള്ളത്, സൗകര്യത്തിനു വേണ്ടിയുള്ളത്, തെറ്റായിപ്പോകുന്നവ പോലും. എന്തുകൊണ്ട് സ്വവര്‍ഗക്കാര്‍ക്ക് ഇതേ അവകാശം ലഭിച്ചുകൂടാ?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
പ്രസിഡന്റായിരിക്കെ, മൂഹീക പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ താമസിക്കാന്‍ വിസമ്മതിച്ചിരുന്നു. പകരം പുറത്തുള്ള തന്റെ ഫാം ഹൗസില്‍ അദ്ദേഹത്തിന്റെ താമസം. ശമ്പളത്തിന്റെ 90 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി. മുന്‍ ഗറില്ലാ പോരാളിയും സെനറ്ററുമായ ലൂസിയ ടോപോളാന്‍സ്‌കിയെ വിവാഹം കഴിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ജീവിതശൈലി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ശ്രദ്ധ നേടി. 'ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്' എന്നറിയപ്പെട്ടു. പക്ഷേ, ആ വിശേഷണം അദ്ദേഹം നിരസിച്ചു. എന്നെ 'ഏറ്റവും ദരിദ്രനായ പ്രസിഡന്റ്' എന്ന് വിളിക്കുന്നു, പക്ഷേ, എനിക്ക് ദാരിദ്ര്യം തോന്നുന്നില്ല. ഉയര്‍ന്ന ജീവിതശൈലി നിലനിര്‍ത്താനും കൂടുതല്‍ നേടാനും വേണ്ടി മാത്രം ജോലി ചെയ്യുന്നവരാണ് യഥാര്‍ഥ ദരിദ്രര്‍-എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇത് അദ്ദേഹത്തിന് 'ലോകത്തിലെ ഏറ്റവും വിനയമുള്ള പ്രസിഡന്റ്' എന്ന പേരാണ് നേടിക്കൊടുത്തത്.

മുതലാളിത്തത്തെ പിന്തുണച്ച വിപ്ലവകാരി
ഒരിക്കല്‍ ഒരു വിപ്ലവകാരിയായിരുന്നെങ്കിലും, മുഹീക പിന്നീട് തന്റെ കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വരുത്തി. പൊതു സേവനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ മുതലാളിത്തം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂവെന്നും അദ്ദേഹം വാദിച്ചു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നുവെങ്കിലും യഥാര്‍ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യയശാസ്ത്രം തടസ്സമാകരുത് എന്ന മറുപടിയാണ് മുഹീക നല്‍കിയത്. ഇതദ്ദേഹം പ്രവര്‍ത്തനത്തിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലഘട്ടത്തില്‍ യുറഗ്വേയുടെ സമ്പദ്‌വ്യവസ്ഥ വികസിച്ചു, കയറ്റുമതികള്‍ വര്‍ധിച്ചു. ദാരിദ്ര്യം കുറയുകയും മിനിമം വേതനം വര്‍ധിക്കുകയും ചെയ്തു. പക്ഷേ, ഒരിക്കലും അഴിമതിക്കാരനെന്ന പേര് കേള്‍പ്പിച്ചില്ല. 2015-ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം, ക്യൂബയില്‍ വെച്ച് കൊളംബിയന്‍ സര്‍ക്കാരും ആ രാജ്യത്തെ ഫാര്‍ക്ക് ഗറില്ലകളും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ മുജിക്ക മധ്യസ്ഥത വഹിച്ചിരുന്നു. 2025 മെയ് മാസത്തില്‍ 89-ാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നതുവരെ അദ്ദേഹം രാഷ്ട്രീയ സംവാദങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് തുടര്‍ന്നു.
അദ്ദേഹം കൊണ്ടുവന്ന സാമൂഹിക പരിഷ്‌കാരങ്ങള്‍ക്ക് വളരെ പെട്ടെന്നാണ് ആഗോളശ്രദ്ധ ലഭിച്ചത്. എന്നാല്‍ യുറഗ്വായുടെ സാമ്പത്തിക മാതൃകയില്‍ വലിയ ഇടതുപക്ഷ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചില്ല. ഇത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ തീവ്ര നിലപാടുകാരനില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങി. 'നമുക്കുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നികുതി പിരിക്കേണ്ടതുണ്ട്, അതിനാല്‍ മുതലാളിത്തം പ്രവര്‍ത്തിക്കേണ്ടത് എആവശ്യമാണ്,' ഇങ്ങനെയായിരുന്നു ഒരഭിമുഖത്തില്‍ മുഹീക ദി ഗാര്‍ഡിയനോട് പറഞ്ഞത്.
മുഹീക്കയുടെ മിതമായ ശൈലി ജനാധിപത്യ സ്ഥാപനങ്ങളെയും മാന്യമായ രാഷ്ട്രീയ സംസ്‌കാരത്തെയും ശക്തിപ്പെടുത്തി. അത് യുറഗ്വായെ തെക്കേ അമേരിക്കയിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യവും ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാക്കിയും മാറ്റിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 'അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും നല്ല കാര്യം പ്രതിപക്ഷത്തോട് സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.
തന്റെ ശമ്പളത്തിന്റെ 80 ശതമാനവും മുഹീക സംഭാവന നല്‍കിയത് മിക്കവാറും യുറഗ്വായയിലെ ദരിദ്രര്‍ക്കായി വീടുകള്‍ നിര്‍മിക്കുന്നതിന് വേണ്ടിയായിരുന്നു. പതിറ്റാണ്ടുകളായി ഭാര്യ ലൂസിയാന ടോപോലാന്‍സ്‌കിയുമായി പങ്കിട്ട ഗ്രാമീണ എസ്റ്റേറ്റില്‍ നിരവധി കുടുംബങ്ങളെ താമസിപ്പിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നു. 'ഞാന്‍ ലോകത്തെ മാറ്റാന്‍ എന്നെത്തന്നെ സമര്‍പ്പിച്ചു, ഒന്നും മാറ്റിയെടുത്തില്ല!' അന്നനാളത്തില്‍ കാന്‍സര്‍ നിര്‍ണയിക്കപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം, 2024 നവംബറില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.
മരണം സ്വയം പ്രഖ്യാപിച്ച മുഹീക
ഒരു ത്രില്ലര്‍ പോലെ വായിക്കാന്‍ കഴിയുന്നതാണ് മുഹീകയുടെ ജീവിതകഥ. 2020 ല്‍ ആണ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയത്. അപ്പോഴും യുറഗ്വായുടെ നായകനായി നിലനിന്നു. പക്ഷേ, 2024 മെയ് മാസത്തില്‍ അന്നനാളത്തില്‍ കാന്‍സര്‍ കണ്ടെത്തുകയും കഠിനമായ റേഡിയേഷന്‍ തെറാപ്പിക്ക് വിധേയനാവുകയും ചെയ്യുകയായിരുന്നു. കാന്‍സര്‍ കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് താന്‍ മരിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം ജനുവരിയില്‍ തന്നെ പ്രഖ്യാപിച്ചു. അപ്പോഴും രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിന്ന് പിന്മാറാന്‍ മുഹീക തയ്യാറായിരുന്നില്ല.
Content Highlights: Learn about José Mujica Uruguay`s former president
Published: 16 May 2025, 03:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented