ഗാസ സമാധാനക്കരാറും ലോകത്തിലെ വമ്പന്‍ ഗെയിമിങ് കമ്പനിയായ ഇലക്ട്രോണിക് ആര്‍ട്ടും(ഇഎ) തമ്മിലെന്താണ് ബന്ധം? ട്രംപിന്റെ മരുമകനായ ജരെഡ് കുഷ്‌നര്‍ ആണ് ആ ബന്ധം. കാരണം ഗാസയെ പുനര്‍നിര്‍മിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടേയും ഇഎ എന്ന വമ്പന്‍ കമ്പനിയെ കോടിക്കണക്കിന് ഡോളര്‍ നല്‍കി സ്വന്തമാക്കിയതിന് പിന്നിലേയും മാസ്റ്റര്‍ മൈന്‍ഡിലൊരാള്‍ ട്രംപിന്റെ മരുമകനായ ജരേഡ് കുഷ്‌നര്‍ ആണ്, ഇവാന്‍ക ട്രംപിന്റെ ഭര്‍ത്താവ് ജരേഡ് കുഷ്‌നര്‍ എന്ന 44 വയസ്സുകാരന്‍.

To advertise here,

വൈറ്റ് ഹൗസിലെ ഉപദേശകരിലൊരാളായിക്കൊണ്ട്, വിവാദ നടപടികളിലൂടെയാണ് കുഷ്‌നര്‍ നേരത്തെ വാര്‍ത്തകളിലിടം നേടിയിരുന്നതെങ്കില്‍ ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനികളിലൊന്നായ ഇഎയെ ഏറ്റെടുക്കാനൊരുങ്ങി ആഗോള ഗെയിമിങ് വ്യവസായത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ് കുഷ്‌നര്‍. അദ്ദേഹത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ അഫിനിറ്റി ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് ഇഎയെ 55 ബില്ല്യണ്‍ ഡോളറിന് സ്വന്തമാക്കുന്നത്. ഇതില്‍ സൗദിയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടും ഉള്‍പ്പെടുന്നുവെന്നതാണ് ശ്രദ്ധേയം. വൈറ്റ് ഹൗസ് ഉപദേശകനപ്പുറം ആരാണ് ജരേഡ് കുഷ്‌നര്‍? എന്താണ് അഫിനിറ്റി പാര്‍ട്ട്‌ണേഴ്‌സ്? ഇഎ സ്വന്തമാക്കാനുള്ള ഡീലിന് പിന്നില്‍ കുഷ്‌നറുടെ പങ്ക് എന്താണ്?

ട്രംപിന്റെ ഗാസ പ്ലാന്‍, കുഷ്‌നറുടേയും

ഗാസയില്‍ സമാധാനം പുലരണമെന്ന് ആഹ്വാനം ചെയ്ത് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാനക്കരാര്‍ അത്ര നിഷ്‌കളങ്കമല്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം  പുറത്തുവന്നിട്ടുണ്ട്. ഗാസയിലെ സമാധാനം ഉറപ്പാക്കുന്നതിനപ്പുറം ഈ പദ്ധതിക്ക് പിന്നില്‍ ഗാസ തീരത്ത് ട്രംപ് കാണുന്നത് വമ്പന്‍ നിക്ഷേപ സാധ്യതകളാണ്. ട്രംപ് എന്ന അമേരിക്കന്‍ പ്രസിഡന്റല്ല, ട്രംപ് എന്ന ബിസിനസ്സുകാരനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തന്റെ അധികാരപരിധിയില്‍ ഭൗമാതിര്‍ത്തികള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് ഇതിനകം തെളിയിച്ചിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡ് വാങ്ങുക, കാനഡ പിടിച്ചെടുക്കുക, പനാമ കനാല്‍ വീണ്ടെടുത്ത് ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റുക തുടങ്ങി ഏറ്റവും ഒടുവിലായി പശ്ചിമേഷ്യയിലെ യുദ്ധമേഖലയായ ഗാസയെ ഏറ്റെടുക്കുമെന്നുള്ള പ്രഖ്യാപനത്തില്‍ വരെ അതുകാണാം. ഗാസ സമാധാന പദ്ധതിക്ക് പിന്നില്‍ ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് മോഹങ്ങളുമുണ്ട്. ട്രംപിന്റെ ആശയത്തെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പോലും സംശയിച്ചതിന് പിന്നിലും കാരണം ഇതുതന്നെയാണ്.

രണ്ടാം വട്ടം ഭരണം ലക്ഷ്യമിട്ട് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കെ  പലതവണ ട്രംപ് ഗാസയുടെ കടല്‍ത്തീരത്തിന്റെ മൂല്യം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അവിടത്തെ റിയല്‍ എസ്റ്റേറ്റ് സാധ്യകളെ സംബന്ധിച്ചും അദ്ദേഹം സൂചനകള്‍ നല്‍കിയിരുന്നു. യുഎസ് സര്‍ക്കാരുകള്‍ വിദേശ രാഷ്ട്രനിര്‍മാണത്തിന് പണം ചെലവഴിക്കുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അതേ ട്രംപാണ് ഗാസയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്.

പലതരത്തിലുള്ള നിക്ഷേപ സാധ്യതകളാണ് 2020-ലെ സമാധാന പദ്ധതിയുടെ മറവിലുണ്ടായിരുന്നതെങ്കിലും അത് നടപ്പായില്ല. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ സമാധാനക്കരാറും. അതിന് പിന്നില്‍ ട്രംപിന്റെ ബിസിനസ്സ് മനസ്സാണെന്നതും കുഷ്‌നെറിന്റെ പങ്കും വ്യക്തം. ഒന്നാം ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗാസ പദ്ധതിയെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ മരുമകന്‍ ജരേഡ് പരാമര്‍ശിച്ചിരുന്നു. മിയാമിയെപ്പോലെ ഗാസയെ വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി മാറ്റിയെടുക്കാമെന്നായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. ട്രംപ് മുന്നോട്ടുവെച്ച 2020-ലെ പശ്ചിമേഷ്യയിലെ സമാധാന പദ്ധതിയുടെ ആസൂത്രകന്‍കൂടിയായിരുന്നു കുഷ്നെര്‍. കുഷ്‌നറിന്റെ സ്വകാര്യ സ്ഥാപനം പശ്ചിമേഷ്യ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതും ശ്രദ്ധേയം.

ജരേഡ് കുഷ്‌നര്‍; റിയല്‍ എസ്റ്റേറ്റ് ഭീമനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്ക്

1981-ല്‍ ന്യൂ ജേഴ്‌സിയിലെ സമ്പന്ന കുടുംബത്തിലാണ് ജരേഡ് കുഷ്‌നറിന്റെ ജനനം. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരായിരുന്നു മാതാപിതാക്കള്‍. കുഷ്‌നര്‍ കമ്പനീസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ പിതാവ് ചാള്‍സ് കുഷ്‌നറിനെ നികുതി വെട്ടിപ്പ്, വഞ്ചന ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഭാര്യാസഹോദരനെ കെണിയില്‍പ്പെടുത്താനായി ചാള്‍സ് കുഷ്‌നര്‍ ഒരു വേശ്യയെ വാടകയ്‌ക്കെടുക്കുകയും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്താനുള്ള ശ്രമം പുറത്തുവന്നതോടെയാണ് ചാള്‍സ് കുപ്രസിദ്ധി നേടിയത്. ഈ കേസില്‍ ഫെഡറല്‍ കോടതി അദ്ദേഹത്തിന് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

പിതാവിനെ തടവുശിക്ഷയ്ക്ക് വിധിച്ചതില്‍ പിന്നെയാണ് കുടുംബ ബിസിനസ്സ് നയിക്കാന്‍ ജരേഡ് എത്തുന്നത്. അന്ന് വെറും 24 വയസ്സായിരുന്നു കുഷ്‌നറുടെ പ്രായം. വലിയ കടബാധ്യതയുള്ള ഇടപാടുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഇത് പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും ജരേഡ് എന്ന റിയല്‍ എസ്‌റ്റേറ്റ് ഡീലര്‍ക്ക് പ്രശസ്തി നേടിക്കൊടുത്തത് ഇത്തരത്തില്‍ സങ്കീര്‍ണായ ഇടപാടുകള്‍ കൈകാര്യം ചെയ്തതിന്റെ പേരിലായിരുന്നു. 2009-ലാണ് ട്രംപിന്റെ മൂത്ത മകള്‍ ഇവാങ്ക ട്രംപിനെ ജരേഡ് വിവാഹം ചെയ്തത്. ട്രംപിന്റെ മരുമകനായതോടെ ജരേഡ് കുഷ്‌നര്‍ കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി മാറി.

2017-ല്‍ ഡൊണാള്‍ഡ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വൈറ്റ് ഹൗസിലെ ഉപദേഷ്ടകരിലൊരാളായി ജരേഡിനെ നിയമിച്ചു. ബന്ധുനിയമനത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതൊന്നും ട്രംപിനേയോ ജരേഡിനേയോ ബാധിച്ചില്ല. ക്രിമിനല്‍ നീതിന്യായ പരിഷ്‌കരണം, കോവിഡ് കാലത്തെ പ്രശ്‌നങ്ങള്‍, യുഎസ്.-മിഡില്‍ ഈസ്റ്റ് ബന്ധങ്ങള്‍ തുടങ്ങിയ സുപ്രധാനമായ വിഷയങ്ങളായിരുന്നു ജരേഡിന്റെ ചുമതലയിലുണ്ടായിരുന്നത്. ഇത്തരത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി കെട്ടിപ്പടുത്ത ബന്ധവും സൗഹൃദവുമാണ് ജരേഡിന്റെ ബിസിനസ് ശൃംഖല വളര്‍ത്തുന്നതില്‍ അടിത്തറ പാകിയത്. ഏറ്റവും ഒടുവില്‍ സൗദി സര്‍ക്കാരുമായി പങ്കാളിത്തം വളര്‍ത്തുന്നതിലേക്ക് അത് എത്തിക്കഴിഞ്ഞു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഫലമാണ് ഇഎയെ ഏറ്റെടുക്കുന്നതിലേക്കെത്തിയത്.

ഇഎ എന്ന ഗെയിമിങ് വമ്പന്‍

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനികളിലൊന്നാണ് ഇലക്ട്രോണിക് ആര്‍ട്‌സ്. കാലിഫോര്‍ണിയയിലെ റെഡ് വുഡ്‌ സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വീഡിയോ ഗെയിം ഡെലവപ്‌മെന്റിലും വില്‍പനയിലുമാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ററാക്ടീവ് വിനോദ രംഗത്തെ സ്വാധീനത്തിന്റെയും പേരിലാണ് കമ്പനി പ്രശസ്തമാണ്. 1982ല്‍ സ്ഥാപിച്ച കമ്പനി ഇലക്ട്രോണിക് ആര്‍ട്‌സ് കണ്‍സോളുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കായി ഗെയിമുകളും കണ്ടന്റുകളും ഓണ്‍ലൈന്‍ സര്‍വീസുകളും വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമായി പതിനായരത്തിലധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്. EA സ്‌പോര്‍ട്‌സ് എഇ (മുമ്പ് ഫിഫ), മാഡ്ഡന്‍ NFL, ബാറ്റില്‍ഫീല്‍ഡ്, അപെക്‌സ് ലെജന്‍ഡ്‌സ്, ദി സിംസ്, നീഡ് ഫോര്‍ സ്പീഡ്, പ്ലാന്റ്‌സ് വേഴ്‌സസ് സോംബീസ്, ടൈറ്റന്‍ഫാള്‍, മാസ്സ് എഫക്റ്റ് തുടങ്ങിയവയാണ് ഇഎയുടെ പ്രധാന വീഡിയോ ഗെയിമുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഗെയിമുകള്‍ ഇവരുടേതാണ്. 650 മില്ല്യണ്‍ ആളുകളാണ് വിവിധ ഇഎ ഉത്പന്നങ്ങളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാസത്തില്‍ 180 മില്ല്യണ്‍ വരേയും പ്രതിദിനം 85 മില്ല്യണ്‍ വരേയുമാണ് ആക്ടീവ് യൂസേര്‍സ്.

കുഷ്‌നറുടെ അഫിനിറ്റി പാര്‍ട്ട്‌ണേര്‍സ്

ജരേഡ് കുഷ്‌നറുടെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് അഫിനിറ്റി പാര്‍ട്ട്‌ണേര്‍സ്. 2021-ല്‍ ട്രംപ് ഭരണകൂടത്തിന്റെ ഉപദേഷ്ടക സ്ഥാനത്ത് നിന്ന് പുറത്തായതിന് ശേഷമാണ് കുഷ്‌നര്‍ മയാമി ആസ്ഥാനമായി അഫിനിറ്റി പാര്‍ട്‌ണേഴ്‌സ് സ്ഥാപിച്ചത്. കുഷ്‌നറിന് നിക്ഷേപ രംഗത്ത് പരിചയക്കുറവാണെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ശതകോടിക്കണക്കിന് ഡോളര്‍ നിക്ഷേപമാണ് അഫിനിറ്റി പാര്‍ട്ട്‌ണേര്‍സ് സമാഹരിച്ചത്. ഇതില്‍ സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫില്‍ (PIF) നിന്നുള്ള 2 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഏറ്റവും ശ്രദ്ധേയം. ട്രംപിനൊപ്പം അധികാരത്തിലിരിക്കെ കുഷ്‌നര്‍ മിഡില്‍ ഈസ്റ്റില്‍ കെട്ടിപ്പടുത്ത സ്വാധീനമാണ് ഈ നിക്ഷേപത്തിലേക്കെത്തിച്ചത്.

ഇനി എന്താണ് സോവറിന്‍ വെല്‍ത്ത് ഫണ്ട് എന്നുനോക്കാം, ഒരു രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ളതും സര്‍ക്കാര്‍ നിയന്ത്രിക്കുന്നതുമായ ഒരു നിക്ഷേപ ഫണ്ടാണ് സോവറിന്‍ വെല്‍ത്ത് ഫണ്ട്. ബജറ്റ് മിച്ചം, വിദേശനാണ്യ ശേഖരം, പ്രകൃതി വിഭവങ്ങളില്‍ നിന്നുള്ള വരുമാനം തുടങ്ങിയ രാജ്യത്തിന്റെ അധിക വരുമാനമാണിത്. ഇതുപയോഗിച്ച് ഓഹരികള്‍, ബോണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ രൂപങ്ങളിലേക്ക് രാജ്യങ്ങള്‍ നിക്ഷേപിക്കും. ഭാവി തലമുറയ്ക്കായി സമ്പത്ത് സംരക്ഷിക്കാനും സാമ്പത്തിക സ്ഥിരത നല്‍കാനും രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുമാണ് ഇത്തരത്തില്‍ ചെയ്യുന്നത്. സൗദിയുടെ പി.ഐ.എഫ് പോലെ എല്ലാ രാജ്യങ്ങള്‍ക്കും ഇത്തരത്തില്‍ ഫണ്ടുകളുണ്ട്. ചൈന ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഹോങ്കോങ് മോണിറ്ററി അതോറിറ്റി, സിംഗപ്പൂര്‍ ടെമാസെക്, നോര്‍വേ ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ തുടങ്ങിയവയാണ് സോവറിന്‍ ഫണ്ടുകള്‍ക്ക് ഉദാഹരണങ്ങള്‍. ഇന്ത്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ 49 ശതമാനം വഹിക്കുന്നത് നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ആണ്. ഏകദേശം 10 ബില്ല്യണ്‍ ഡോളറിലധികമാണ് ഇന്ത്യയുടെ ആസ്തി.

ഇത്തരത്തില്‍ ഗള്‍ഫ് മേഖലയിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ അഥവാ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫണ്ടുകളേയും അമേരിക്കയിലേയോ ഇസ്രായേലിലേയോ സംരഭങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായിട്ടാണ് അഫിനിറ്റി പാര്‍ട്ട്‌ണേര്‍സ് സ്വയം അവതരിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള, പ്രധാനമായും സൗദിയില്‍ നിന്നുള്ള മൂലധനം ഉപയോഗിച്ച് ഗ്രോത്ത് ഇക്വിറ്റി, ടെക്‌നോളജി, അമേരിക്കയ്ക്ക് പുറത്തുള്ള സാധ്യതകള്‍ എന്നിവയിലാണ് അഫിനിറ്റി ശ്രദ്ധയൂന്നുന്നത്. കുഷ്‌നറുടെ രാഷ്ട്രീയ ബന്ധങ്ങളുടെ ഒരു തുടര്‍ച്ചയായാണ് വിമര്‍ശകര്‍ അഫിനിറ്റിയെ കാണുന്നത്. അതേസമയം ഗള്‍ഫ് മൂലധനത്തിന് പാശ്ചാത്യ വിപണികളില്‍ നിക്ഷേപം ഒരുക്കാനുള്ള ഒരു പ്രൊഫഷണല്‍ മാര്‍ഗ്ഗമാണ് ഇതെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നുണ്ട്.

55 ബില്ല്യണ്‍ ഡോളര്‍ കരാറും കുഷ്‌നറുടെ സൗദി സ്വാധീനവും

കുഷ്‌നര്‍ ഇപ്പോള്‍ വാര്‍ത്തകളിലിടം നേടുന്നത് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനികളിലൊന്നായ ഇലക്ട്രോണിക് ആര്‍ട്‌സ് (ഇ.എ). 55 ബില്ല്യണ്‍ ഡോളറിന് ഏറ്റെടുത്തതിന് പിന്നാലെയാണ്. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയെ ഏറ്റെടുത്ത ഇടപാടില്‍ പ്രധാനമായും മൂന്ന് പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ പ്രധാനിയാണ് സൗദി അറേബ്യയുടെ പിഐഎഫ്(Public Investment Fund). ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടാണ് സൗദി അറേബ്യയുടേത്. ഏകദേശം 941 ബില്ല്യണ്‍ ഡോളറാണ് ആസ്തി. സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതിന്റെ നിയന്ത്രണം. രണ്ടാമത്തെ പങ്കാളി ടെക്‌നോളജി ഇടപാടുകളില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് ആണ്. മൂന്നാമത്തേത് ജേര്‍ഡ് കുഷ്‌നറുടെ നിക്ഷേപ സ്ഥാപനമായ അഫിനിറ്റി പാര്‍ട്ണേഴ്സ് ആണ്. മൂന്ന് പേരടങ്ങുന്ന കണ്‍സോര്‍ഷ്യത്തില്‍ കുഷ്‌നറുടേത് ചെറിയ പങ്ക് മാത്രമാണെന്ന വാദമുണ്ട്. എന്തായാലും അമേരിക്കന്‍ കമ്പനിയും സൗദിയുമായുള്ള ഇടപാട് സാധ്യമായതില്‍ കുഷ്‌നറുടെ പങ്ക് തള്ളിക്കളയാനാവില്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായിരിക്കെ കുഷ്‌നര്‍ വളര്‍ത്തിയെടുത്ത സൗദി ബന്ധം ഇതിന് സഹായിച്ചുവെന്നു വേണം കരുതാന്‍.

ഗള്‍ഫ് നേതൃത്വവുമായുള്ള കുഷ്‌നറുടെ ബന്ധമാണ് സൗദി സോവറിന്‍ ആസ്തിയും അമേരിക്കയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള യോജിപ്പ് സാധ്യമാക്കിയത്. കുഷ്‌നറിന്റെ അഫിനിറ്റി പാര്‍ട്ണേഴ്സിനെ സംബന്ധിച്ചിടത്തോളം ചെറിയ നിക്ഷേപങ്ങളില്‍ നിന്ന് ആഗോള ബിസിനസ് ചരിത്രത്തില്‍ ഇടം നേടിക്കൊടുത്ത വമ്പന്‍ ഡീലിനാണ് ഇപ്പോള്‍ അന്തിമ കരാറായിരിക്കുന്നത്. അടുത്തിടെ സൗദിയിലെ സല്‍മാന്‍ രാജാവുമായി കുഷ്‌നറും ട്രംപും കൂടിക്കാഴ്ച നടത്തിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സല്‍മാന്‍ രാജാവുമായുള്ള കുഷ്ണറുടെ വ്യക്തിപരമായ ബന്ധമാണ് അദ്ദേഹത്തെ സൗദി മൂലധന നിക്ഷേപത്തിന്റെ വിശ്വസ്ത പങ്കാളിയാക്കി മാറ്റിയത്. ആഗോള രാഷ്ട്രീയ ബന്ധങ്ങള്‍ക്ക് എങ്ങനെ സാമ്പത്തിക സ്വാധീനമായി മാറാന്‍ കഴിയുമെന്നതിന്റെ ശക്തമായ തെളിവാണ് ഇഎ ഗെയിംസ് വാങ്ങുന്നതിലുള്ള കുഷ്‌നറുടേയും അഫിനിറ്റി പാര്‍ട്ട്‌ണേര്‍സിന്റേയു പങ്കാളിത്തം.

55 ബില്ല്യണ്‍ ഡോളര്‍, സൗദി എന്തിനാണ് ഇ.എ ഏറ്റെടുക്കുന്നത്?

പ്രധാനമായും എണ്ണ വ്യവസായത്തെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയാണ് സൗദിയുടേത്. അതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളാണ് സൗദി ഇക്കാലമാത്രയും പ്രധാനമായും ചെയ്തുവന്നതും. എന്നാല്‍ ഇ.എ ഏറ്റെടുക്കുന്നത് ഗെയിമിംഗ് രംഗത്തേക്കും സൗദി അറേബ്യ ചുവടുറപ്പിക്കുന്നതിന്റെ ശക്തമായ സൂചനകളാണ് നല്‍കുന്നത്. സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള സൗദി പദ്ധതി വിഷന്‍ 2030-ന്റെ ഭാഗമാണ് ഈ മേഖലയിലെ സൗദിയുടെ നിക്ഷേപം. പിഐഎഫിലൂടെയും പിഐഎഫ് മേല്‍നോട്ടത്തിലുള്ള സാവി ഗെയിംസ് ഗ്രൂപ്പിലൂടെയും സൗദി അറേബ്യ ഇതിനകം തന്നെ നിന്റെന്‍ഡോ, ആക്ടിവിഷന്‍ ബ്ലിസാര്‍ഡ് തുടങ്ങിയ ആഗോള ഗെയിമിംഗ് സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് നിലവില്‍ ന്യൂകാസില്‍ യുണൈറ്റഡ്, എല്‍ഐവി ഗോള്‍ഫ് ഫ്രാഞ്ചൈസി, നിരവധി ബോക്‌സിംഗ് മത്സര കമ്പനികള്‍ എന്നിവയില്‍ പങ്കാളിത്തമുണ്ട്. ഗോള്‍ഫ് ഫ്രൈഞ്ചൈസിയില്‍ ഉളള നിക്ഷേപത്തിന്റെ 11 മടങ്ങും ന്യൂകാസിലിന്റെ വിലയുടെ 180 മടങ്ങുമാണ് ഇഎ ഇടപാട് എന്നാണ് റിപ്പോര്‍ട്ട്. ഈ വിവരങ്ങള്‍ പുറത്തുവരുമ്പോഴാണ് എന്തിനാണ് സൗദി ഇഎയെ ഏറ്റെടുത്തത് എന്ന ചോദ്യമുയരുന്നത്. അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് സൗദിയുമായി തന്ത്രപരമായ ബന്ധം വളര്‍ത്താനും നിക്ഷേപവൈവിധ്യത്തിനുമാണ് ഈ തീരുമാനമെന്നാണ് വിശദീകരണം. തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കണമെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ഇഎ ഒരു മികച്ച സാധ്യതയാണെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധരും പറയുന്നു. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി കായിക മത്സരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യുന്ന 'സ്‌പോര്‍ട്‌സ് വാഷിങ്ങായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം സൗദി ഏറെക്കാലമായി നേരിടുന്നുണ്ട്. അത്തരം ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് ആഗോള നിക്ഷേപ രംഗത്ത് സൗദിയുടെ പ്രതിച്ഛായ വളര്‍ത്താന്‍ ഈ ഏറ്റെടുക്കലിന് കഴിയുമെന്നും വിലയിരുത്തലുകളുണ്ട്.

ഇഎ കമ്പനിയെ സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ട് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സെപ്റ്റംബര്‍ 29-ന് ഇഎ-യുടെ ഓഹരി വില അഞ്ച് ശതമാനമാണ് ഉയര്‍ന്നത്. 55 ബില്യണ്‍ ഡോളറിന്റെ ഈ ഇടപാട് നിക്ഷേപകര്‍ക്ക് വന്‍ ലാഭമാണ് ഒറ്റയടിക്ക് നല്‍കുക. ഇഎ ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും 210 ഡോളര്‍ വീതം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപാട് പൂര്‍ത്തിയായ ശേഷം ഇലക്ട്രോണിക് ആര്‍ട്സിന്റെ (ഇഎ) സ്റ്റോക്ക് ഡീലിസ്റ്റ് ചെയ്യും. എഐ-അധിഷ്ഠിത ഗെയിമിംഗ്, ക്ലൗഡ് പ്ലാറ്റ്ഫോമുകള്‍, സ്പോര്‍ട്സ് ഐപി എന്നിവയില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് സ്വകാര്യമായി പ്രവര്‍ത്തിക്കും.

കുഷ്‌നറെ സംബന്ധിച്ച് നിര്‍ണായകമായ പങ്കാളിത്തമാണിത്. ആഗോള സാമ്പത്തിക രംഗത്ത് അഫിനിറ്റി പാര്‍ട്ണേഴ്സിന്റെ വിശ്വാസ്യത ഉറപ്പിക്കാന്‍ ഈ ഒരൊറ്റ ഇടപാടിലൂടെ സാധിക്കും. പക്ഷെ രാഷ്ട്രീയ സ്വാധീനവും സൗദിയുടെ പിന്തുണയും കൊണ്ടുമാത്രമാണ് സ്ഥാപനം നിലനില്‍ക്കുന്നതെന്ന വിമര്‍ശനം നേരിടേണ്ടി വന്നേക്കാം. റിയല്‍ എസ്റ്റേറ്റ് ഭീമനും വൈറ്റ് ഹൗസ് ഉപദേശകനുമെന്ന പദവികളില്‍ നിന്ന് അന്താരാഷ്ട്ര സംരഭകനിലേക്കുള്ള വളര്‍ച്ചയാണ് ഇപ്പോള്‍ ജരേഡ് കുഷ്‌നറിനുള്ളത്. ആഗോളഭീമന്മാരായ കമ്പനികളില്‍ പങ്കാളിത്തമുറപ്പാക്കാന്‍ കുഷ്‌നര്‍ തന്റെ രാഷ്ട്രീയശൃംഖലകളെ ഉപയോഗിക്കുകയാണ്, അതിന് ഇന്ധനം പകര്‍ന്നതാവട്ടെ, ട്രംപിന്, വൈറ്റ് ഹൗസിന്, അമേരിക്കയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള സ്വാധീനവും.