
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മിര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന്റെ വിയോഗം. മോദി സര്‍ക്കാര്‍ ഭരണഘടനയുടെ 370 ാം വകുപ്പ് നിര്‍വീര്യമാക്കിയതും സംസ്ഥാന പദവി എടുത്തുകളഞ്ഞുകൊണ്ട് ജമ്മു കാശ്മീരിനെ രണ്ടാക്കിയതും 2019 ല്‍ ഇതുപോലൊരു ഓഗസ്റ്റ് അഞ്ചിനായിരുന്നുവെന്നത് യാദൃച്ഛികമാവാം. ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ എന്ന നിലയില്‍ ആ നീക്കത്തിന്റെ ചാലകശക്തിയായി അന്ന് മുന്‍നിരയില്‍ മാലിക്കുമുണ്ടായിരുന്നു. പക്ഷേ, അവസാനകാലത്ത് മാലിക്കിന്റെ മനസ്സില്‍ ഒരാഗ്രഹം ബാക്കിയുണ്ടായിരുന്നെങ്കില്‍ അത് ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു കിട്ടണമെന്നതായിരുന്നു. രണ്ട് കൊല്ലം മുമ്പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തില്‍ ഈ ആഗ്രഹം മാലിക് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ജൂലായ് 14ന് ജമ്മു കശ്മീരില്‍ നിന്നുമുയര്‍ന്ന ദൃശ്യം മാലിക് കണ്ടിരുന്നോ എന്നറിയില്ല. കാരണം അപ്പോഴേക്കും അദ്ദേഹം ശാരീരിക ക്ലേശങ്ങളാല്‍ ശയ്യാവലംബിയായിക്കഴിഞ്ഞിരുന്നു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഒരു മതില്‍ ചാടിക്കടക്കുന്ന കാഴ്ചയായിരുന്നു അത്. 1931 ജൂലായ് 13ന് ശ്രീനഗറില്‍ രാജാവിന്റെ സൈന്യവുമായി ഏറ്റുമുട്ടി 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുള്ള പാര്‍ട്ടികള്‍ രക്തസാക്ഷി ദിനമായാണ് ഈ ദിവസം ആചരിക്കുന്നത്. ഇത്തവണ ജൂലായ് 13ന് രക്തസാക്ഷി സ്മാരകത്തിലേക്ക് പോകാനുള്ള ഒമറിന്റെ നീക്കം തടയപ്പെട്ടു. ലെഫ്റ്റനന്റ് ഗവര്‍ണ്ണറുടെ ഉത്തരവ് പ്രകാരം വീടിനു ചുറ്റും മുള്ളുകമ്പികൊണ്ടുള്ള വേലി ഉയര്‍ത്തി താന്‍ പുറത്തേക്ക് പോകുന്നത് പോലിസ് തടയുകയായിരുന്നുവെന്നാണ് ഒമര്‍ പറയുന്നത്. തൊട്ടടുത്ത ദിവസം തിങ്കളാഴ്ച പക്ഷേ, ഒമര്‍ പോലിസിനെ മറികടന്ന് രക്തസാക്ഷി സ്മാരകത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇതിന്റെ ഭാഗമായിരുന്നു ഒമറിന്റെ മതിൽ ചാട്ടം. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രി വീട്ടു തടങ്കലിലാവുന്നതും പോലീസുമായി മല്‍പ്പിടിത്തം നടത്തുന്നതും മാര്‍ക്വേസും ഹുവാന്‍ റുള്‍ഫൊയുമൊക്ക ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുന്ന മാജിക്കല്‍ റിയലിസത്തിന്റെ ജീവിക്കുന്ന ഏടുകളെന്നേ വിശേഷിപ്പിക്കാനാവൂ.
ഉലയുന്ന വിശ്വാസം
വികസനം, മുഖ്യധാരയുമായുള്ള ഉദ്ഗ്രഥനം , സമാധാനവും ശാന്തിയും നിറയുന്ന ഭാവി എന്നിങ്ങനെയുള്ള സമ്മോഹന വാഗ്ദാനങ്ങളായിരുന്നു ജമ്മു കാശ്മീരിന്റെ ജാതകം തിരുത്തിയെഴുതിയപ്പോള്‍ പ്രധാനമന്ത്രി മോദി മുന്നോട്ട് വെച്ചത് . ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഓഗസ്റ്റ് അഞ്ചിന് ചൊവ്വാഴ്ച ഒമര്‍ എക്‌സില്‍ ഇങ്ങനെ എഴുതി : ''നാളെ എന്തൊക്കെയോ സംഭവിക്കുമെന്ന ആഖ്യാനങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഭാഗ്യവശാല്‍ മോശമായതൊന്നും ഉണ്ടാവില്ല. നിര്‍ഭാഗ്യവശാല്‍ നല്ലതും സംഭവിക്കില്ല.'' ഒമറിന്റെ വാക്കുകളില്‍ ജമ്മു കശ്മീരിന്റെ വര്‍ത്തമാനവും ഭൂതവുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി വിധി പറഞ്ഞത് രണ്ട് കൊല്ലം മുമ്പാണ്. 2024 സെപ്റ്റംബര്‍ 30 നു മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി തിരിച്ചു നല്‍കണമെന്നും വിധിയില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. ആദ്യത്തെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റി. രണ്ടാമത്തെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നു.
ഒരു സംസ്ഥാനത്തിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ സംഭവം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. സ്വയം നിര്‍ണ്ണയാവകാശം നഷ്ടപ്പെടുന്ന ജനതയ്‌ക്കേ അതിന്റെ ദുഖമറിയൂ. പുതിയ കേന്ദ്ര ഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും സൃഷ്ടിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. പക്ഷേ, സംസ്ഥാന പദവി എടുത്തുകളഞ്ഞ് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറല്‍ കാഴ്ചപ്പാടിന്റെ നഗ്‌നമായ ലംഘനമാണെന്ന നിശിത വിമര്‍ശമുണ്ടായി. ഈ നിലയ്ക്കാണെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട ശേഷം നിയമസഭയുടെ അധികാരങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പാര്‍ലമെന്റിന് ഏത് സംസ്ഥാനവും കേന്ദ്ര ഭരണപ്രദേശമാക്കാനാവില്ലേ എന്ന ചോദ്യവുമുയര്‍ന്നു.
ജമ്മു കശ്മിര്‍ കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ചന്ദ്രചൂഡ് അടുത്തിടെ ഈ വിഷയവുമായി മുഖാമുഖം വന്നു. സംസ്ഥാന പദവി തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് സമയക്രമം നിശ്ചയിക്കാതിരുന്നത് എന്ന ചോദ്യമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് നേരിട്ടത്. ഇതിന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: '' ഭരണം എന്ന് പറയുന്നത് വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സൊളിസിറ്റര്‍ ജനറല്‍ പറഞ്ഞത്. ആ ഉറപ്പ് ഞങ്ങള്‍ വിശ്വസിച്ചു.'' രാജ്യത്തെ പരമോന്നത നീതിപീഠമാണ് സുപ്രീം കോടതി. ഭരണകൂടത്തിന്റെ പ്രതിനിധിയാണ് സൊളിസിറ്റര്‍ ജനറല്‍. എക്‌സിക്യൂട്ടിവിനും ജുഡീഷ്യറിക്കും ഇടയിലുള്ള വിശ്വാസമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അളവ്‌കോല്‍. അതിനിടര്‍ച്ചയുണ്ടാവുന്നത് ആത്യന്തികമായി ബാധിക്കുക ഇന്ത്യന്‍ റിപ്പബ്ലിക്കിനെത്തന്നെയാണ്.
സത്യവും അനുരഞ്ജനവും
ജമ്മു കശ്മീരിന്റെ മുറിവ് എല്ലാ അര്‍ത്ഥത്തിലും സങ്കീര്‍ണ്ണമാണ്. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട അതിക്രമങ്ങളും പലായനവും ഈ മുറിവിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം വിധിപറഞ്ഞ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടത്. വര്‍ണ്ണവിവേചനത്തിനെതിരെ കടുത്ത പോരാട്ടം നടത്തി ദക്ഷിണാഫ്രിക്കയില്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേല ഉയര്‍ത്തിപ്പിടിച്ച ദര്‍ശനമായിരുന്നു സത്യത്തിന്റെയും അനുരഞ്ജനത്തിന്റെയും കമ്മീഷന്‍. പ്രതികാരവും പകയുമല്ല സഹിഷ്ണുതയും പാരസ്പര്യവുമാണ് മനുഷ്യരാശിയെ മുന്നോട്ടുകൊണ്ടുപോവുന്നതെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നില്‍. ഈ വഴി ജമ്മു കശ്മീരിലും തുറക്കണമെന്നാണ് ജസ്റ്റിസ് കൗള്‍ ആവശ്യപ്പട്ടത്. ജമ്മു കാശ്മീരിന്റെ മുറിവുണക്കാന്‍ ഇതിലും മനോഹരവും ആഴമാര്‍ന്നതുമായ മറ്റൊരു മാര്‍ഗ്ഗമുണ്ടെന്ന് തോന്നുന്നില്ല. ജന്മം കൊണ്ട് കശ്മീരി പണ്ഡിറ്റാണ് ജസ്റ്റിസ് കൗള്‍ എന്നതും ഈ ആശയത്തിന്റെ മാറ്റ് കൂട്ടുന്നു.
കശ്മീരിലെ ജനതയെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ അത് ഇന്ത്യയെന്ന ആശയത്തിന്റെ ആത്മഹത്യയായിരിക്കും എന്ന് പറഞ്ഞത് ജയപ്രകാശ് നാരായണ്‍ ആണ്. ഇന്ത്യ കണ്ട രണ്ട് സുശക്തരായ പ്രധാനമന്ത്രിമാരോട് - നെഹ്രുവിനോടും ഇന്ദിരാ ഗാന്ധിയോടും- ഇക്കാര്യം തുറന്നു പറയാന്‍ ജെപിക്ക് മടിയുണ്ടായിരുന്നില്ല. പുതിയ സമവാക്യങ്ങള്‍ രചിക്കുമ്പോള്‍ നാഷനല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമൊക്രാറ്റിക് പാര്‍ട്ടിയും ദുര്‍ബ്ബലമാവുമെന്നും കോണ്‍ഗ്രസ് തിരസ്‌കരിക്കപ്പെടുമെന്നും ജമ്മു കശ്മീരില്‍ ബിജെപി പങ്കാളിത്തമുള്ള സര്‍ക്കാര്‍ നിലവില്‍ വരുമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു ബിജെപി. പക്ഷേ, 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഈ ഗണിതം തെറ്റിച്ചു. ഈ യാഥാര്‍ത്ഥ്യത്തിന്റെ മുന്നിലാണ് മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മറക്കുന്നതെന്ന ആരോപണമുണ്ട്.
ജമ്മു കശ്മീരില്‍ നിന്ന് പുറത്തേക്കുള്ള ചെറുപ്പക്കാരുടെ ഒഴുക്ക് ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
1.63 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് 2019 മുതല്‍ ഇതുവരെ ജമ്മു കശ്മീരിന് ലഭിച്ചത്. ശരിക്കും കിട്ടിയത് 10,561 കോടി രൂപയുടെ നിക്ഷേപമാണ്. അതായത് മൊത്തം നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികളുടെ 6.45 ശതമാനം. വിദേശ നിക്ഷേപം,ഐടി പാര്‍ക്കുകള്‍, ഫിലിം സിറ്റികള്‍ , കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍ മുന്നില്‍ കാണുന്നത് സുരക്ഷാ ബങ്കറുകള്‍ കൂടുതലായി നിര്‍മ്മിക്കപ്പെടുന്നതും നിരീക്ഷണ വലയം ഒന്നുകൂടി ശക്തമാവുന്നതുമാണെന്ന് ഈ ചെറുപ്പക്കാര്‍ പറയുന്നു. നിരാശാഭരിതമായ ഇന്ത്യന്‍ യുവത്വത്തെയാണ് പാകിസ്താന്‍ കാത്തിരിക്കുന്നത്. ജനാധിപത്യത്തിന്റെ പ്രകാശത്തില്‍ വികസനത്തിന്റെ പുതു വഴികള്‍ തുറക്കുന്ന ജമ്മു കശ്മീര്‍ പോലെ പാകിസ്താന് മറ്റെന്ത് മറുപടിയാണുള്ളത്! പുതിയ ഭൂപടങ്ങളും പുതിയ ഭരണക്രമങ്ങളും പുതിയ സംവിധാനങ്ങളും സൃഷ്ടിക്കാന്‍ അധികാരത്തിനാവും. പക്ഷേ, അതിന് ജനങ്ങളുടെ സമ്മതിയില്ലെങ്കില്‍ പിന്നെ എന്തര്‍ത്ഥമാണുള്ളത്? വിശ്വാസവും പ്രാതിനിധ്യവും പങ്കാളിത്തവും അസ്തിവാരമിടുന്ന ജനാധിപത്യവത്കരണമാണ് ജമ്മു കശ്മീരിന്റെ ഔഷധവും ലേപനവും.
Content Highlights: Examining the political landscape of Jammu & Kashmir six years after the revocation of Article 370
Published: 09 Aug 2025, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented