രാജ്യത്തെ ആഭ്യന്തരമന്ത്രിയുടെ മകളെ തന്നെ തട്ടിക്കൊണ്ടുപോയത് അന്ന് രാഷ്ട്രീയ നേതൃത്വത്തെ ഒന്നാകെയാണ് മുള്മുനയിലാക്കിക്കളഞ്ഞത്.

കോടതയില്‍ ഹാജരാവാനെത്തിയ റുബയ സയീദ് |ഫോട്ടോ: പിടിഐ
1989-ലെ ഡിസംബര്‍ എട്ട്. തണുത്തുറഞ്ഞ കശ്മീര്‍ താഴ്വരയില് നിന്ന് രാജ്യത്താകെ ഒരു വാര്‍ത്ത പരന്നു. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകള്‍ 23-കാരി റുബയ സയീദിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നു. തീവ്രവാദത്തിന്റെ അലയൊലികള്‍ ജമ്മു കശ്മീരില്‍ സുപരിചിതമായിരുന്നുവെങ്കിലും രാജ്യത്തെ ആഭ്യന്തരമന്ത്രിയുടെ മകളെ തന്നെ തട്ടിക്കൊണ്ടുപോയത് അന്ന് രാഷ്ട്രീയ നേതൃത്വത്തെ ഒന്നാകെയാണ് മുള്മുനയിലാക്കിക്കളഞ്ഞത്. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) ആയിരുന്നു തട്ടിക്കൊണ്ടു പോകലിന് പിന്നില്‍. ഒറ്റ ആവശ്യം; ഇന്ത്യ ജയിലില്‍ അടച്ച അഞ്ചു തീവ്രവാദികളെ മോചിപ്പിക്കണം. അല്ലെങ്കില്‍ റൂബയ്യയുടെ മൃതദേഹം കശ്മീരിന്റെ ഏതെങ്കിലുമൊരു കോണില്‍ കാണാന്‍ കഴിയുമെന്ന ഭീഷണിയും.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മുസ്ലീം കേന്ദ്ര ആഭ്യന്തരമന്ത്രിയായി മുഫ്തി മുഹമ്മദ് സയീദ് ചുമതലയേറ്റെടുത്തതിന്റെ പ്രതികാരമെന്നോണമായിരുന്നു തട്ടിക്കൊണ്ടുപോകല്‍ ഒപ്പം ജെകെഎല്‍എഫിന് തങ്ങളുടെ ശക്തിതെളിയിക്കുകയും വേണമായിരുന്നു.
സംഭവം നടന്ന് 35 വര്‍ഷങ്ങള്‍ക്കിപ്പുറം തട്ടിക്കൊണ്ടുപോകലിന് ഗൂഢാലോചന നടത്തിയ ജെകെഎല്‍എഫ് തലവന്‍ ഷഫാദ് അഹമ്മദ് ഷംഗ്ലോയെക്കൂടെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തതോടെ ഒരിക്കല്‍ രാജ്യത്തേയും കശ്മീരിന്റെ ഭാവിയേയും മാറ്റിമറിച്ച തീവ്രവാദക്കേസിന് ഒടുവില്‍ അവസാനമാവുകയുമാണ്. ഷംഗ്ലോയെ ജമ്മു കശ്മീരിലെ ടാഡ കോടതിക്ക് മുമ്പാകെ ഉടന്‍ ഹാജരാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
കേന്ദ്രത്തെ മുള്‍മുനയില്‍ നിര്‍ത്തിയ തട്ടിക്കൊണ്ടുപോകല്‍
ശ്രീനഗറിലെ ലാല്‍ഡെഡ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു റൂബയ്യ സയീദ്. 1989 ഡിസംബര്‍ എട്ടിലെ ഒരു തണുത്ത വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ആ പെണ്‍കുട്ടി. പതിവ് ദിവസത്തെ ഷിഫ്റ്റ് കഴിഞ്ഞ് നൗഗാമിലെ വീട്ടിലേക്ക് മിനിബസ്സിലായിരുന്നു റൂബയ്യയുടെ യാത്ര. ബസ് നൗഗാമിന് അടുത്ത് എത്തിയപ്പോഴാണ് ആയുധധാരികളായ രണ്ടുപേര്‍ വാഹനം തടഞ്ഞ് റുബയ്യയെ അവരെത്തിയ നീല മാരുതിവാനിലേക്ക് കയറ്റുകയും അപ്രത്യക്ഷരാവുകയും ചെയ്തത്ത്.
വി.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയായിരുന്നു രാജ്യം തന്നെ ഞെട്ടിയ ഈ സംഭവം ഉണ്ടാവുന്നത്. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു മുഫ്തി മുഹമ്മദ് സയീദ്. വാര്‍ത്ത രാജ്യത്ത് കാട്ടുതീ പോലെ പടര്‍ന്നു. റുബയ്യ ജീവനോടെയില്ലെന്നടക്കമുള്ള വാര്‍ത്ത വന്നു. ആരാണ് തട്ടിക്കൊണ്ടുപോയതെന്നും എന്താണ് റുബയ്യയ്ക്ക് സംഭവിച്ചതെന്നും സംബന്ധിച്ച് ഒരു വിവരവും ലഭിക്കാതെ വന്നതോടെ അന്വേഷണവും തുടങ്ങി.
ഇതോടെയാണ് തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് രംഗത്തെത്തിയത്. ഇന്ത്യ ജയിലില്‍ അടച്ച ജെകെഎല്‍എഫ് തീവ്രവാദികളായ അബ്ദുള്‍ ഹാമിദ് ഷെയ്ഖ്, ഗുലാം നബി ഭട്ട്, നൂര്‍ മുഹമ്മദ് കല്‍വാല്‍, മുഹമ്മദ് അല്‍ത്താഫ്, ജാവേദ് അഹമ്മദ് സര്‍ഗര്‍ എന്നിവരെ വിട്ടു നല്‍കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.
ഫറൂഖ് അബ്ദുള്ളയായിരുന്നു അന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി. അദ്ദേഹം ലണ്ടനില്‍ ചികിത്സയിലുമായിരുന്നു. സംഭവം ഉണ്ടായതോടെ ലണ്ടന്‍ സന്ദര്‍ശനം മാറ്റിവെച്ച് മുഖ്യന്ത്രി രാജ്യത്തേക്ക് തിരിച്ചു. ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും ഐ.ബി ഉദ്യോഗസ്ഥരും ജെകെഎല്‍എഫുമായി ചര്‍ച്ച നടത്താനായി ശ്രീനഗറിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.
പ്രശ്ന പരിഹാരത്തിനായി പ്രത്യേക മന്ത്രിസഭാ സമിതിയേയും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മന്ത്രിമാരായ അരുണ്‍ നെഹ്റു, ആരിഫ് മുഹമ്മദ് ഖാന്, ഇന്ദര്‍ കുമാര്‍ ഗുജ്റാള്‍ എന്നിവരടങ്ങുന്നതായിരുന്നു മന്ത്രിസഭ ഉപസമിതി. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രീനഗറില്‍ ചീഫ് സെക്രട്ടറി മൂസ റാസ ഒരു പ്രത്യേക സംഘവും ഉണ്ടാക്കി.
അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് എം.എല്‍ ഭട് മധ്യസ്ഥനായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങി. ആദ്യ അന്ത്യശാസനം വന്നുപോയി; ചര്‍ച്ചകള്‍ തുടര്‍ന്നു. അതിനിടെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്ന അഞ്ചു തീവ്രവാദികളില്‍ നാലുപേരെ ശ്രീനഗറില്‍ എത്തിച്ചിരുന്നു.
വിദേശ സന്ദര്‍ശനം റദ്ദാക്കി മടങ്ങിയെത്തിയിരുന്ന മുഖ്യമന്ത്രിയെ ഫാറൂഖ് അബ്ദുള്ള കേന്ദ്രം തീവ്രവാദികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്തു. പക്ഷേ തീവ്രവാദികളെ മോചിപ്പിക്കാന്‍ അപ്പോഴേക്കും കേന്ദ്രം തത്വത്തില്‍ തീരുമാനിച്ചിരുന്നു.
ഡിസംബര്‍ 13-ന് അബ്ദുള്‍ ഹമീദ് ഷെയ്ഖ്, ഷെര്‍ ഖാന്, നൂര്‍ മുഹമ്മദ് കാല്‍വല്‍, അല്‍ത്താഫ് അഹമ്മദ്, ജാവേദ് അഹമ്മദ് ജര്ഗര് എന്നിവരെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ഉത്തരവുമായി ഗുജ്റാളും ആരിഫ് മുഹമ്മദ് ഖാനും ശ്രീനഗറിലെത്തി. തുടര്‍ന്ന് ശ്രീനഗറിലെ രജോറി കഡാലില് അവരെ മോചിപ്പിച്ചു. ഭീകരവാദികളെ മോചിപ്പിച്ചുള്ള നടപടി ശരിയല്ലെന്നും ഇത് പിന്നീട് കശ്മീരില്‍ ഒരു കീഴ്വഴക്കമായി മാറുമെന്നുമായിരുന്നു മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ നിലപാട്. പക്ഷെ ഇത് നടപ്പിലാവുകയായിരുന്നു.
അങ്ങനെ തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് ഭീകരവാദികളെ കൈമാറിയുള്ള അനുരഞ്ജന ചര്‍ച്ച രാജ്യത്തെ ആദ്യത്തെ സംഭവവുമായി മാറി. മാത്രമല്ല ഡല്‍ഹിയെ മുള്‍മുനയില്‍ നിര്‍ത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന വലിയ ആത്മവിശ്വാസവും കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് മനസ്സിലായതും ഈ സംഭവത്തിന് ശേഷമായിരുന്നു. ഇത്തരം തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങള്‍ പിന്നീട് പലപ്പോഴും കശ്മീരില്‍ ആവര്‍ത്തിക്കുകയും ചെയ്തു.
36 വര്‍ഷത്തോളമായുള്ള കേസന്വേഷണം
1990-ല്‍ ആണ് സിബിഐ റൂബിയ സെയ്ദ് തട്ടിക്കൊണ്ടുപോകല്‍ കേസ് ഏറ്റെടുക്കുന്നത്. സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് അറിയപ്പെട്ടിരുന്ന യാസിന് മാലക്കിനെയും സംഘത്തേയും കണ്ടെത്തുന്നതിന് പാരിതോഷികവും പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തീവ്രവാദികള്‍ അന്ന് ഉപയോഗിച്ച് നീല മാരുതി വാന്‍ കണ്ടെത്തുന്നത്. ഇതിന്റെ ഉടമയെ ചോദ്യം ചെയ്തതോടെ യാസിന്മാലിക്കിലേക്കും മറ്റും അന്വേഷണം എത്തുകയായിരുന്നു. പക്ഷെ വലിയ പ്രതിഷേധമായിരുന്നു അന്വേഷണസംഘത്തിനെതിരേ കശ്മീര്‍ താഴ്വരയില് നടന്നത്. ഇത് ഒരു ഘട്ടത്തില്‍ അന്വേഷണത്തെ തടസ്സപ്പെടുത്തുക പോലും ചെയ്തു. യാസിന് മാലിക്ക്, ജാവേദ് അഹമ്മദ് മീര്‍, അബ്ദുള്‍ അഹദ് വാസ, മുഹമ്മദ് സമാന് മിര്‍ എന്നിവരായിരുന്നു പ്രധാന പ്രതികള്‍. പക്ഷെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പല കാരണങ്ങളും തടസ്സമായി. ഇത് 2019 വരെ നീണ്ടു.
എന്നാല്‍ 2019-ല്‍ മോദി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് അനുകൂലമായി. അപ്പോഴേക്കും ജെകെഎല്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഭീകരസംഘനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് കണ്ടെത്തിയതിന്റെ പേരില്‍ യാസിര്‍ മാലിക്കിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രതികള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിബിഐ ജമ്മുവിലെ ടാഡ കോടതിയെ സമീപച്ചത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.
33 വര്‍ഷത്തിന് ശേഷം 2022-ല്‍ റൂബിയ വിദേശത്ത് നിന്നും നാട്ടില്‍ തിരിച്ചെത്തി കോടതിയില്‍ മൊഴി നല്കാന് എത്തുകയും ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി. റൂബിയയാണ് ജയിലില്‍ കഴിയുന്ന യാസിന് മാലിക്കിനെയും കൂടെയുള്ളവരേയും തിരിച്ചറിഞ്ഞത്. ഭീകരര്‍ ബന്ധിയാക്കിയ സമയത്ത് ഇവരെ കണ്ടിട്ടുണ്ടെന്നായിരുന്നു റൂബിയയുടെ മൊഴി. യാസിര്‍ മാലിക്കിനെ കോടതിയില്‍ ഹാജരാക്കിയതോടെ കേസില്‍ ആദ്യമായി ഇവര്‍ മുഖാമുഖം കാണുകയും ചെയ്തു. യാസിര്‍ മാലിക്ക് കുറ്റം നിഷേധിക്കുകയും രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നുവെങ്കിലും റൂബിയയുടെ മൊഴി പ്രധാന തെളിവായി കോടതി സ്വീകരിച്ചു. ശേഷം കേസുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകള്‍ നടന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റുചെയ്യപ്പെട്ട ഷഫാദ് അഹമ്മദ് ഷംഗ്ലോയുടേത്.
കശ്മീരില്‍ ഭീകരവാദികളുടെ ആദ്യ ജയം
റൂബിയ സയീദിന്റെ തട്ടിക്കൊണ്ടുപോവലും തുടര്‍ന്നുണ്ടായ സംഭവവികാസവുമെല്ലാം വിവാദങ്ങള്‍ക്കൊപ്പം കശ്മീര്‍ താഴ്വരെ അടിമുടി മാറ്റുന്നതിലേക്കും നയിച്ചു. കാരണം ഭീകരവാദികളെ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പ് നടപടി കശ്മീരില്‍ തന്നെ ആദ്യമായിട്ടായിരുന്നു. ഇതിനെ കേന്ദ്രസര്‍ക്കാരിനെതിരേ ഭീകരവാദികള്‍ നടത്തിയ ആദ്യ വിജയമായും കണക്കാക്കിപ്പോന്നു. വിട്ടയക്കപ്പെട്ട ഭീകരവാദികളെയും കൊണ്ട് ജനക്കൂട്ടം അന്ന് തെരുവില്‍ വലിയ ആഘോഷമാണ് നടത്തിയത്. തെരുവകളിലെല്ലാം ആഘോഷപ്രകടനങ്ങള്‍ നടന്നു. നോട്ടീസുകള്‍ വിതരണം ചെയ്യപ്പെട്ടു. ഈ സംഭവത്തിന് ശേഷം നിരവധി ചെറുപ്പക്കാര്‍ ഭീകര സംഘടനയില്‍ അംഗത്വമെടുത്തെന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം അത്രമാത്രം മാനസിക പിന്തുണയാണ് ഇവര്‍ക്ക് സംഘടനാ നേതാക്കളില്‍ നിന്ന് ലഭിച്ചത്.
കാശ്മീരില്‍ സായുധ കലാപത്തിന്റെ രൂപവും ഭാവവും മാറുന്ന തരത്തിലേക്ക് ഈ ഒത്തുതീര്‍പ്പ് നടപടി മാറുകയും ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും പോലീസ് സ്റ്റേഷനുകള്ക്കെതിരേയുമെല്ലാം ആക്രമണം ഉണ്ടായി. കശ്മീര്‍ അക്ഷരാര്‍ഥത്തില്‍ ഭീകര സംഘടനകളുടെ നിയന്ത്രണത്തിലായി മാറി എന്നുതന്നെ പറയാം. ഇതോടെ കശ്മീരില്‍ സൈനിക ശക്തി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി കേന്ദ്രം കാര്യമായ ചര്‍ച്ചകള്‍ നടത്തി.
സൈനികരുടെ അംഗബലം കശ്മീരില്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചു. 1990-ല്‍ ഗവര്‍ണര്‍ ഭരണവും നിലവല്‍ വന്നു. സൈന്യം ഭീകര കേന്ദ്രങ്ങള്‍ക്കെതിരേ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങി. ടാഡ പോലുള്ള ഭീകര വിരുദ്ധ നിയമങ്ങളും ശക്തമാക്കി. കശ്മീരുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലത്തില്‍ പോലും ആദ്യമായി വാര്‍ത്തയായത് റൂബിയ സയീദിന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടായിരുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് തന്നെ നാണം കെടേണ്ട അവസ്ഥയിലുമായി.
Content Highlights: Explore the 1989 Rubaiya Sayeed kidnapping case, where terrorists were freed to rescue the Home Minister`s daughter. Justice served after 33 years with recent arrests.
Published: 04 Dec 2025, 10:57 am IST
ABOUT THE AUTHOR

K P Nijeesh Kumar
nijeeshkuttiadi@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, രാഷ്ട്രീയം, വികസനം ഇഷ്ട വിഷയങ്ങൾ.
.
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented