
വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ പാര്‍ലമെന്റിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ രാജി പ്രഖ്യാപനം. ജൂലൈ 21 തിങ്കളാഴ്ച വൈകുന്നേരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു രാത്രി സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം രാജി പ്രഖ്യാപിച്ചത്. എന്നാല്‍ അപ്രതീക്ഷിത രാജി അഭ്യൂഹങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും ഇതിനുപിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിത രാജി പാര്‍ലമെന്റിനെ ഭരണഘടനാ പ്രതിസന്ധിയിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു. 2027ല്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെക്കുമെന്ന് നേരത്തെ തന്നെ ധന്‍കര്‍ സൂചന നല്‍കിയിരുന്നെങ്കിലും പെട്ടെന്നുള്ള തീരുമാനം എന്ത് കാരണത്തിലാവുമെന്നാണ് രാജ്യവും രാഷ്ട്രീയപാര്‍ട്ടികളും ഉറ്റുനോക്കുന്നത്. ഏകദേശം മൂന്ന് വര്‍ഷത്തോളമായി ധന്‍കര്‍ ഈ പദവിയിലേറിയിട്ട്, കാലവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാജിവെക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതികൂടിയാണ് ധന്‍കര്‍. ആര്‍. വെങ്കിട്ടരാമനും വി.വി. ഗിരിയുമാണ് ഇതിനുമുന്‍പ് രാജിവെച്ചവര്‍. എന്നാല്‍ ഇവരിലാരും പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ പദവിയില്‍ നിന്നിറങ്ങിപ്പോയവരല്ല. ധന്‍കറിന്റെ രാജിയോടെ ഇനി എന്ത് എന്ന ചോദ്യമുയരുന്നു. ആരാകും അടുത്ത ഉപരാഷ്ട്രപതിയെന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നുകഴിഞ്ഞു.
ആരാണ് ജഗ്ദീപ് ധന്‍കര്‍?
1951-ല്‍ രാജസ്ഥാനിലെ കിതാനയിലെ ജാട്ട് കര്‍ഷക കുടുംബത്തിലാണ് ധന്‍കര്‍ ജനിച്ചത്. ഗോകല്‍ ചന്ദും കേസരി ദേവിയുമാണ് മാതാപിതാക്കള്‍. കിതാന സര്‍ക്കാര്‍ സ്‌കൂള്‍, ഘര്‍ധാന സര്‍ക്കാര്‍ സ്‌കൂള്‍ ചിറ്റോര്‍ഗഢിലെ സൈനിക സ്‌കൂളില്‍ നിന്ന് എന്നിവിടങ്ങളില്‍ നിന്നായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശേഷം ജയ്പൂരിലെ രാജസ്ഥാന്‍ സര്‍വകലാശാല ക്യാംപസില്‍ നിന്ന് നിയമത്തില്‍ ബിരുദപഠനവും നടത്തി. 1979ലാണ് ബാര്‍ കൗണ്‍സിലില്‍ അംഗത്വം നേടിയത്. രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഏറെക്കാലം അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഭിഭാഷകനായിരിക്കെത്തന്നെ ധന്‍കര്‍ ജനതാദളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിരുന്നു. ഹരിയാണയിലെ കര്‍ഷകനേതാവായ ചൗധരി ദേവിലാലിന്റെ സ്വാധീനത്തിലാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്.1989-ല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍നിന്ന് ആദ്യമായി ലോക്സഭയിലെത്തി. 1990-ലെ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയുമായി. പിന്നീട് ജനതാദള്‍ വിട്ട് കോണ്‍ഗ്രസിലെത്തി. 1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അജ്‌മേറില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കിഷന്‍ഗഢില്‍നിന്ന് ജയിച്ച് പാര്‍ലമെന്റിലെത്തി. 1998-ല്‍ ജുന്‍ജുനുവില്‍ മത്സരിച്ച് തോറ്റു.
2003-ലാണ് ബിജെപിയില്‍ ചേരുന്നത്. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ക്യാംപയിന്‍ ചുമതലയുള്ള കമ്മിറ്റിയില്‍ ധന്‍കറുമുണ്ടായിരുന്നു. 2016ല്‍ ബിജെപിയുടെ ലോ ആന്റ് ലീഗല്‍ അഫയര്‍ വകുപ്പിന്റെ ചുമതല ലഭിച്ചു. 2019 ജൂലൈയില്‍ ജഗ്ദീപ് ധന്‍കറെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പശ്തിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ഇക്കാലത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തേൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരുമായുള്ള തുറന്ന പോരാട്ടത്തിലായിരുന്നു അദ്ദേഹം. അഭിപ്രായ വ്യത്യാസങ്ങളും ആശയസംഘര്‍ഷങ്ങളും പലപ്പോഴും പരസ്യമായ വാക്കുതര്‍ക്കത്തിലേക്ക് വരെ എത്തിയിരുന്നു. സര്‍ക്കാരിന്റെ യഥാര്‍ഥ പ്രതിപക്ഷം ഗവര്‍ണര്‍ ആണെന്നായിരുന്നു അന്ന് അദ്ദേഹത്തെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും സര്‍ക്കാരിനെതിരേയുള്ള അഭിപ്രായങ്ങളും ട്വിറ്ററിലൂടേയും സോഷ്യല്‍ മീഡിയകളിലൂടേയും അദ്ദേഹം നിരന്തരം പ്രകടിപ്പിച്ചിരുന്നു. ഒരുഘട്ടത്തില്‍ ധന്‍കറെ മമത ബാനര്‍ജി ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുക പോലമുണ്ടായി. വാസ്തവമല്ലാത്ത, അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകളില്‍ നിത്യവും പരാമര്‍ശിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.
2022 ജൂലൈയില്‍ ധന്‍കര്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഡല്‍ഹി സന്ദര്‍ശിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 17-ന് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു.2022-ഓഗസ്റ്റില്‍ മാര്‍ഗരറ്റ് ആല്‍വയെ തോല്‍പ്പിച്ചാണ് ഉപരാഷ്ട്രപതിയായത്.
കര്‍ഷകന്റെ മകന്‍ എന്ന വിശേഷണത്തോടെയാണ് ധന്‍കറിനെ എന്‍ഡിഎ അവതരിപ്പിച്ചത്. യുപിഎ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയോടായിരുന്നു മത്സരം. 2022 ഓഗസ്ത് ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ 710ല്‍ 528 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊണ്ട് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടുകള്‍ മാത്രമാണ് നേടാനായത്. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. 1992ന് ശേഷം ആദ്യമായി ഒരു സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വോട്ട് ശതമാനമായിരുന്നു ധന്‍കറിന്റേത്.

2024 ഡിസംബര്‍ 10-ന് പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്ക് ധന്‍കറിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. രാജ്യസഭാധ്യക്ഷനായ ധന്‍കര്‍ പക്ഷാപാതപരമായി പെരുമാറുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സഭാധ്യക്ഷനെന്ന നിലയില്‍ ഭരണപക്ഷത്തിന് അനുകൂലമായി രാജ്യസഭാ നടപടികളെ കൊണ്ടുപോകുന്നു, പ്രതിപക്ഷ അംഗങ്ങളെ പ്രശ്‌നാവതരണത്തില്‍ നിന്ന് തടയുകയും ബിജെപി അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്തുവെന്ന് അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ 14 ദിവസത്തെ നിര്‍ബന്ധിത നോട്ടീസ് കാലയളവിനുള്ളില്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിനാല്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടില്ല.
മുന്‍ അഭിഭാഷകന്‍ കൂടിയായ ധന്‍കര്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ, വിശേഷിച്ച് സുപ്രീം കോടതിയുടെ സ്വാതന്ത്ര്യത്തെ രൂക്ഷമായി വിമര്‍ശിക്കുന്നയാളാണ്. ജുഡീഷ്യല്‍ നിയമനങ്ങള്‍ നിയന്ത്രിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ സുപ്രീം കോടതി റദ്ദാക്കിയ തീരുമാനത്തെ ധന്‍കര്‍ തന്റെ രാജ്യസഭാ കന്നിപ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. കോടതിയുടെ നടപടികള്‍ നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങളിലേക്കുള്ള ഒരു ജുഡീഷ്യല്‍ കടന്നുകയറ്റമാണെന്നായിരുന്നു വിമര്‍ശനം. അധികാര വിഭജനമെന്ന തത്വത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗുസ്തി താരങ്ങളുടെ സമരത്തിനിടെയും രാജ്യത്തെ പിടിച്ചുകുലുക്കിയ കര്‍ഷകസമരകാലത്തും ബിജെപി മന്ത്രിയെ ചോദ്യമുനയില്‍ നിര്‍ത്തിക്കൊണ്ട് ധന്‍കര്‍ രംഗത്തുവന്നിരുന്നു.കര്‍ഷകര്‍ക്ക് എന്തെങ്കിലും വാഗ്ദാനം നല്‍കിയിരുന്നോ എന്നും എന്തുകൊണ്ടാണ് അത് പാലിക്കപ്പെടാത്തതെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് പരസ്യമായാണ് ധന്‍കര്‍ ചോദിച്ചത്. കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണെന്നും നമ്മള്‍ ഒന്നും ചെയ്യുന്നില്ലെന്നുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം എല്ലാവരേയും അത്ഭുതപ്പെടുത്തി.
അപ്രതീക്ഷിതം രാജി, ലക്ഷ്യമെന്ത്?
2027ല്‍ താന്‍ വിരമിക്കുമെന്നാണ് കഴിഞ്ഞയാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പറഞ്ഞത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് തിങ്കളാഴ്ച ധന്‍കര്‍ രാജി പ്രഖ്യാപിച്ചു. ആരോഗ്യ കാരണങ്ങളാലാണ് താന്‍ രാജിവെയ്ക്കുന്നതെന്നാണ് ധന്‍കര്‍ വിശദീകരിക്കുന്നതെങ്കിലും ശക്തമായ രാഷ്ട്രീയ കാരണങ്ങള്‍ ഇതിനുപിന്നിലുണ്ടെന്നാണ് പ്രതിപക്ഷം കണക്കാക്കുന്നത്. പ്രതിപക്ഷത്തെ മാത്രമല്ല, ബിജെപിയെ പോലും ധന്‍കറിന്റെ രാജി ഞെട്ടിച്ചുവെന്നാണ് സൂചനകള്‍. ധന്‍കറിന്റെ രാജിയില്‍ പ്രധാനമന്തിയും കേന്ദ്രമന്ത്രിമാരും വളരെ വൈകിയാണ് പ്രതികരണം നടത്തിയത് പോലും.
രാഷ്ട്രപതി അംഗീകരിക്കുന്നതോടെയാണ് രാജി പ്രാബല്യത്തിലാവേണ്ടത്.രാജി സംബന്ധിച്ച് രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ ആരോഗ്യപ്രശ്‌നങ്ങളാണ് തുടക്കത്തില്‍ തന്നെ ധന്‍കര്‍ പ്രതിപാദിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളാലുള്ള രാജിക്ക് ഉടനടി പ്രാബല്യമെന്ന് കത്തിന്റെ ആദ്യവരിയില്‍ തന്നെ അദ്ദേഹം സൂചിപ്പിച്ചിട്ടുമുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് അദ്ദേഹം. ഇന്നലെ വൈകുന്നേരം വരെ സഭ നിയന്ത്രിച്ച, തൊട്ടടുത്ത ദിവസം നടത്തേണ്ട പ്രഖ്യാപനങ്ങളെ കുറിച്ച് സൂചന നൽകിയ ധൻകർ വെറും അഞ്ച് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് രാജി പ്രഖ്യാപിച്ചത്. നിരവധി ചര്‍ച്ചകളാണ് ധന്‍കറിന്റെ രാജിക്ക് പിന്നാലെ ഉയരുന്നത്. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ടതാണ് അതില്‍ പ്രധാനം. യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്റില്‍ ബിജെപി നേതാക്കളില്‍ നിന്ന് നേരിട്ട അവഗണനയില്‍ മനംനൊന്താണ് ധന്‍കര്‍ രാജിവച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ട്. 68 പ്രതിപക്ഷ എംപിമാര്‍ ചേര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന് നല്‍കിയിരുന്നു. അത് അംഗീകരിച്ചതായി ധന്‍കര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ വിഷയത്തില്‍ ഭരണപക്ഷം ലോക്സഭയില്‍ ഒരു പ്രമേയം കൊണ്ടുവരാനൊരുങ്ങുന്നതിനിടെയായിരുന്നുപ്രതിപക്ഷത്തിന്റെ നോട്ടീസില്‍ ഉപരാഷ്ട്രപതി ധൃതിയില്‍ നടപടിയെടുത്തത്. അത് കേന്ദ്രത്തിന് ഇഷ്ടപ്പെട്ടില്ലെന്നും ബിജെപി നേതാക്കളുടെ വിമര്‍ശനത്തിനിത് ഇടയാക്കിയെന്നുമാണ് പിന്നാമ്പുറക്കഥകള്‍. പ്രതിപക്ഷത്തിന്റെ നോട്ടീസാണ് രാജ്യസഭയില്‍ ലഭിച്ചത്. എന്നാല്‍ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഒപ്പോടുകൂടിയുള്ളതായിരുന്നു ലോക്‌സഭയിലെ പ്രമേയ നോട്ടീസ്. എന്നാല്‍ രാജ്യസഭയിലെ നോട്ടീസില്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു രാജ്യസഭാ അധ്യക്ഷന്‍. ഇതിനായി ഇരുസഭകളിലും നോട്ടീസ് ലഭിച്ചാലുള്ള ചട്ടങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നടപടിയിലാണ് ഭരണനേതൃത്വത്തിന് അതൃപ്തി ശക്തമായതെന്നാണ് സൂചനകള്‍.
രാജ്യസഭാ നടപടിക്രമങ്ങള്‍ നിശ്ചയിക്കാന്‍ ധന്‍കര്‍ വിളിച്ചുചേര്‍ത്ത ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ യോഗത്തില്‍ ബിജെപി രാജ്യസഭാ കക്ഷി നേതാവ് ജെപി നഡ്ഡ പങ്കെടുത്തിരുന്നില്ല. മാത്രമല്ല പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജുവും യോഗത്തിനെത്തിയില്ല. ഇത് രാജ്യസഭാ ചെയര്‍മാനെ അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് മുമ്പ് ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ധന്‍കറിനെതിരെ വിരല്‍ ചൂണ്ടി നഡ്ഡ
സംസാരിച്ചതും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ധന്‍കറിനോടുള്ള ബിജെപി നേതൃത്വത്തിന്റെ അതൃപ്തി സാധൂകരിക്കുന്നവയായിരുന്നു അടുത്തിടെ നടന്ന സംഭവങ്ങളെല്ലാം.
ബിഹാര്‍ തിരഞ്ഞെടുപ്പാണ് മറ്റൊന്ന്. ജെഡി(യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു കൊണ്ടുവന്നാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. നിതീഷിനെ ഉപരാഷ്ട്രപതിയാക്കുകയും ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വിജയിക്കുകയും ചെയ്താല്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാവും. ബിഹാറില്‍ ബിജെപിയാണ് സീറ്റില്‍ മുന്നിലെങ്കിലും മുഖ്യമന്ത്രിസ്ഥാനം നിതീഷ് വിട്ടുകൊടുത്തിരുന്നില്ല. ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ വിജയിച്ച് ബിഹാറില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവരികയാണ് ബിജെപിയുടെ ഉദ്ദേശം. ഈ ലക്ഷ്യത്തിലേക്ക് സുഗമമായി എത്തണമെങ്കില്‍ സമുന്നതമായ മറ്റൊരു സ്ഥാനം നല്‍കി നിതീഷിനെ ബിഹാറില്‍ നിന്ന് മാറ്റേണ്ടതുണ്ട്.
നിയമസംവിധാനങ്ങളുമായി നിരന്തരം ഏറ്റുമുട്ടുന്ന ധന്‍കറിന്റെ ചില പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് അലോസരമുണ്ടാക്കിയിരുന്നുവെന്നാണ് മറ്റൊരു അഭ്യൂഹം. ജുഡീഷ്യറിയുടെ അമിതാധികാര പ്രയോഗത്തിനെതിരെ ഉപരാഷ്ട്രപതിയായതു മുതല്‍ പലതവണ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. ഇതില്‍ പ്രധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയന്റ്‌മെന്റ് കമ്മീഷന്‍ ആക്ട് സുപ്രീംകോടതി റദ്ദാക്കിയതിനെതിരെ ആണ്. ജുഡീഷ്യറി അതിരുകടക്കുന്നുവെന്നാണ് അന്ന് ധന്‍കര്‍ പറഞ്ഞത്. ഇതുള്‍പ്പടെ അടുത്തിടെയും അദ്ദേഹം ജുഡീഷ്യറിക്കെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ രീതിയോട് കേന്ദ്രത്തിന് താത്പര്യമില്ലായിരുന്നുവെന്നാണ് സൂചനകള്‍.
ധന്‍കറിന്റെ രാജി പെട്ടന്നുണ്ടായ തീരുമാനമായിരുന്നുവെന്നത് സ്ഥിരീകരിക്കുന്ന പ്രതികരണമാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നടത്തിയത്. തിങ്കളാഴ്ച ദിവസം മുഴുവന്‍ സഭയില്‍ വെച്ച് ഉപരാഷ്ട്രപതിയുമായി താന്‍ നടത്തിയ സംഭാഷണങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബിസിനസ്സ് അഡൈ്വസറി ബോര്‍ഡിന്റെ യോഗം നിശ്ചയിച്ചിരുന്നുവെന്നും നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് എങ്ങനെ? യോഗ്യത എന്താണ്
ധന്‍കറിന്റെ രാജിയോടെ ആരാകും അടുത്ത ഉപരാഷ്ട്രപതിയെന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഉപരാഷ്ട്രപതി പദവിയില്‍ ഒഴിവ് വന്നാല്‍ ആര് ആ ചുമതലകള്‍ നിര്‍വഹിക്കണമെന്ന് ഭരണഘടനയില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, രാജ്യസഭാ അധ്യക്ഷനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതനുസരിച്ച് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണോ അല്ലെങ്കില്‍ രാഷ്ട്രപതി ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും രാജ്യസഭാംഗമോ ആയിരിക്കും ആ ചുമതല നിര്‍വഹിക്കുക.
ഭരണഘടനയുടെ 66-ാം അനുച്ഛേദമനുസരിച്ച്, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുണ്ടായിരിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ ഏതെങ്കിലും പദവി വഹിക്കാന്‍ പാടില്ല. ഉപരാഷ്ട്രപതി പാര്‍ലമെന്റിന്റെയോ ഏതെങ്കിലും സംസ്ഥാന നിയമസഭയിലെയോ അംഗമാകാന്‍ പാടില്ല. പാര്‍ലമെന്റ് അംഗമോ സംസ്ഥാന നിയമസഭ അംഗമോ ആയിട്ടുള്ള വ്യക്തി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കുന്ന തീയതിയില്‍ മറ്റു സഭകളിലെ സ്ഥാനം ഒഴിഞ്ഞതായി കണക്കാക്കും.
ശശി തരൂര്‍, നിതീഷ് കുമാര്‍..സാധ്യത പട്ടികയില്‍ ആരൊക്കെ?
ധന്‍കറിന്റെ രാജിക്ക് പിന്നാലെ മറ്റൊരു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച സാധ്യതാ പട്ടികകള്‍ പുറത്തുവരും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഇതിനോടകം ചര്‍ച്ചയായിരിക്കുന്നത്. നിതീഷ് കുമാര്‍ അടുത്ത ഉപരാഷ്ട്രപതിയായേക്കുമെന്ന് വലിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നിതീഷിന്റെ മകന്‍ നിഷാന്തിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനുള്ള സാധ്യത വരെയാണ് ഉയരുന്നത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പേരും പ്രചരിക്കുന്നുണ്ട്. ധന്‍കറിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ ഉപരാഷ്ട്രപതി പദവിയിലേക്ക് അദ്ദേഹം എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങളിലൊന്ന്. 2022-ല്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നപ്പോഴും സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി രാജ്‌നാഥിന്റെ
പേരും ഉയർന്നുകേട്ടിട്ടുണ്ട്.
ഊഹാപോഹങ്ങളില്‍ മുന്‍പന്തിയിലുള്ള മറ്റൊരു പേരാണ് ഹരിവംശ് നാരായണ്‍ സിങ്ങിന്റേത്. നിലവില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയതിനാല്‍, ജെഡിയു എംപി ഹരിവംശ് നാരായണ്‍ സിംഗ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഭരണഘടനയനുസരിച്ച് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് വരെ രാജ്യസഭാ ചെയര്‍മാന്റെ (ഉപരാഷ്ട്രപതി) ചുമതലകള്‍ ഹരിവംശ് സിങ്ങാണ് ഏറ്റെടുക്കുക. നിതീഷ് കുമാറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമാണുള്ളത്. അതിനാല്‍ എന്‍ഡിഎ അദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയേക്കാം.
ശശി തരൂരിന്റെ പേരും ചര്‍ച്ചകളില്‍ സജീവമാണ്. എന്‍ഡിഎയിലെ രണ്ട് പ്രമുഖ കേന്ദ്രമന്ത്രിമാരും ശശി തരൂരും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളവരാണെന്ന് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എക്സില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറിയത്. കോണ്‍ഗ്രസുമായുള്ള തരൂരിന്റെ അഭിപ്രായവ്യത്യാസങ്ങളും മോദി സര്‍ക്കാരുമായുള്ള അടുപ്പവും ശശി തരൂരിന് അനുകൂലമാണ്. ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് നിരവധി വിശകലനങ്ങള്‍ നടത്തിക്കൊണ്ട് സര്‍ക്കാര്‍ ശശി തരൂര്‍ പ്രചാരണ പരിപാടിയുടെ ഭാഗമായിരുന്നു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ പേരിലും ചര്‍ച്ചകള്‍ ശക്തമാണ്. മുതിര്‍ന്ന ബിജെപി നേതാവായ നഡ്ഡ പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുപ്പമുള്ളയാളുമാണ്. ബിജെപി അധ്യക്ഷനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി അവസാനിരിക്കെ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചേക്കാമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പ്രചരിക്കുന്ന മറ്റ് പേരുകളില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടേതും ഉള്‍പ്പെടുന്നു. എങ്കിലും ആരായിരിക്കും സ്ഥാനാര്‍ഥിയായി എത്തുക എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരേയും പുറത്തുവന്നിട്ടില്ല. അടുത്ത 60 ദിവസത്തിനുള്ളിലാണ് പുതിയ ഉപരാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
Content Highlights: jagdeep-dhankhar-resignation-india-vice-president
Published: 22 Jul 2025, 07:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented