ടുവില്‍ അതു സംഭവിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലിന്റെ നൂറിലധികം പോര്‍വിമാനങ്ങള്‍ ഇറാനിലെ തിരഞ്ഞെടുത്ത ലക്ഷ്യങ്ങള്‍ ആക്രമിച്ചു. എണ്ണ ഉല്‍പ്പാദന, ശുദ്ധീകരണ കേന്ദ്രങ്ങളോ ആണവ കേന്ദ്രങ്ങളോ ബോംബിങ്ങിനിരയായിട്ടില്ല. പുറമേയ്ക്ക് തങ്ങളുടെ തിരിച്ചടി ആനുപാതികമാണെന്നും അമിതമല്ലെന്നും വരുത്താന്‍ ഇസ്രയേല്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും അവരുടെ ആദ്യഘട്ട പ്രതികരണങ്ങള്‍ കാണിക്കുന്നത് വന്‍തോതിലുള്ള മറ്റൊരു പ്രത്യാക്രമണത്തിന് അവര്‍ മുതിരാനിടയില്ലെന്നാണ്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിലേക്ക് ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തത്. ആള്‍നാശം നാമമാത്രമായിരുന്നെങ്കിലും ചില സൈനിക കേന്ദ്രങ്ങളില്‍ കുറച്ചു കേടുപാടുകള്‍ വരുത്താന്‍ ആ ആക്രമണത്തിനു കഴിഞ്ഞിരുന്നു. ഇറാന്റെ പ്രോക്‌സികളിലൊന്നായ ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസ്രള്ളയെ വധിച്ചതിനു പ്രതികാരമായിട്ടാണ് ഇസ്രയേലില്‍ അവര്‍ മിസൈല്‍ മഴ പെയ്യിച്ചത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഉത്തരവ് പ്രകാരമായിരുന്നു ആക്രമണമെന്ന് കരുതപ്പെടുന്നു. അതിനുള്ള മറുപടി എന്നുണ്ടാവുമെന്ന ഉല്‍ക്കണ്ഠയിലായിരുന്നു ഇറാനും പശ്ചിമേഷ്യയും. തങ്ങളെ ആക്രമിച്ചാല്‍ അതിശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു. പക്ഷേ, ഇസ്രയേല്‍ പതിവു പോലെ മറ്റാരുടെയും വാക്കുകള്‍ ചെവിക്കൊണ്ടില്ല. പ്രഖ്യാപിച്ചത് നടപ്പാക്കി.

'പശ്ചാത്താപത്തിന്റെ ദിനങ്ങള്‍'

ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഓപ്പറേഷന് 'പശ്ചാത്താപത്തിന്റെ ദിനങ്ങള്‍' എന്നായിരുന്നു പേര്.  ആദ്യത്തെ തരംഗം ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ ലക്ഷ്യം വച്ചപ്പോള്‍ രണ്ടും മൂന്നും തരംഗങ്ങള്‍ മിസൈല്‍, ഡ്രോണ്‍ താവളങ്ങളെയും ആയുധ നിര്‍മ്മാണശാലകളെയും ആണ് ആക്രമിച്ചത്. ഇരുപതോളം സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ആ സമയം തലസ്ഥാനമായ ടെല്‍ അവീവിലെ സൈനിക ആസ്ഥാനത്തുണ്ടായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാലന്റും. ഇറാന്റെ പടിഞ്ഞാറും വടക്ക് പടിഞ്ഞാറുമുള്ള  സൈനികതാവളങ്ങളാണ് ആക്രമിക്കപ്പെട്ടത്. തലസ്ഥാനമായ ടെഹറാനു ചുറ്റുമുള്ള ആറോളം കേന്ദ്രങ്ങളില്‍ വന്‍ സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

To advertise here,

ജോര്‍ദാനിലുടെയാണ് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ഇറാനില്‍ ആക്രമണത്തിനെത്തിയതെന്ന് അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ, ജോര്‍ദാന്‍ അത് നിഷേധിച്ചു. ഇസ്രയേലിന്റെ കൈവശമുള്ള ഗോലാന്‍ കുന്നുകളില്‍നിന്നും ലെബനീസ് മേഖലകളില്‍ നിന്നുമാണ് ആക്രമണം ഉണ്ടായതെന്നു കരുതുന്നു. ഇറാനില്‍ ആക്രമണം നടന്ന അതേസമയം തന്നെ ഇറാഖിലും സിറിയയിലുമുള്ള ചില സൈനികത്താവളങ്ങളിലും ഇസ്രയേലി പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തി.

ഇറാന്റെയും പ്രോക്‌സികളുടെയും നിരന്തരമായ ആക്രമണത്തിനുള്ള പ്രതികരണമാണ് ഈ വ്യോമാക്രമണം എന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാന്‍ ഭരണകൂടവും മധ്യപൂര്‍വ ഏഷ്യയിലെ അവരുടെ പ്രോക്‌സികളും ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്രയേലിനെ നിരന്തരമായി ആക്രമിച്ചുവരികയാണ്, ഏഴു യുദ്ധമുഖങ്ങളിലായി. ലോകത്തെ മറ്റേതൊരു പരമാധികാര രാജ്യത്തെയും പോലെ ഇസ്രയേല്‍ രാഷ്ട്രത്തിന് പ്രതികരിക്കാനുള്ള അവകാശവും കര്‍ത്തവ്യവും ഉണ്ട്... ഇസ്രയേല്‍ രാഷ്ട്രത്തെ പ്രതിരോധിക്കുവാനും ഇസ്രയേല്‍ ജനങ്ങളെ സംരക്ഷിക്കുവാനും വേണ്ടതെല്ലാം തങ്ങള്‍ ചെയ്യും- ഇസ്രയേലി പ്രതിരോധ സേന എക്‌സില്‍ കുറിച്ചു. തിരിച്ചടി പൂര്‍ണമായെന്നും തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

'ആക്രമിച്ചത് ഇറാനെ അറിയിച്ച ശേഷം'

മൂന്നാം കക്ഷികള്‍ മുഖേന അറിയിച്ച ശേഷമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തങ്ങള്‍ എന്തൊക്കെയാണ് ലക്ഷ്യം വെക്കുന്നതെന്നും എന്തൊക്കെ ലക്ഷ്യം വയ്ക്കില്ലെന്നും വ്യക്തമാക്കിയ ഇസ്രയേല്‍ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പും കൊടുത്തു. ഇറാനില്‍നിന്നു വീണ്ടും ആക്രമണം ഉണ്ടായാല്‍ അതിനേക്കാള്‍ വളരെ വലിയ പ്രതികരണം ഉണ്ടാവും, പ്രത്യേകിച്ച് ഇസ്രയേലി പൗരന്‍മാര്‍ക്ക് അപകടം പറ്റിയാല്‍- സൈന്യം വ്യക്തമാക്കി. ഈ വാര്‍ത്തയെക്കുറിച്ച് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിക്കാന്‍ വിസമ്മതിച്ചതായി ജെറുസലേം പോസ്റ്റ് അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തില്‍ സംഘര്‍ഷം കൂട്ടാനുള്ള ശ്രമം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇസ്രയേല്‍ നിര്‍ബന്ധമാകുമെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

ആക്രമണത്തിനു മുമ്പ് അമേരിക്കയെയും ഇസ്രയേല്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. പക്ഷേ, അമേരിക്ക ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന്‌ വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് അറിയിച്ചു. സൈനികലക്ഷ്യങ്ങളിലെ കൃത്യമായ ആക്രമണം ആത്മരക്ഷാര്‍ത്ഥമുള്ളതാണെന്നും ഒക്ടോബര്‍ ഒന്നിലെ ഇസ്രയേല്‍ ആക്രമണത്തിനുള്ള പ്രതികരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെ തിരിച്ചടി ആനുപാതികമാണെന്നും അതിനാല്‍ ഇതോടെ പ്രശ്‌നങ്ങള്‍ തീരേണ്ടതാണെന്നും അമേരിക്ക കരുതുന്നു. എങ്കിലും വളരെ നിയന്ത്രിതമായ രീതിയില്‍ ഇറാന്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ കരുതുന്നു. ഈ സംഘര്‍ഷ പരമ്പര കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇസ്രയേലിനു മേലുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഇറാനോട് അമേരിക്ക അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ലെബനോണിലെ ഇസ്രയേല്‍ ആക്രമണത്തിന് നയതന്ത്ര പരിഹാരമുണ്ടാക്കാന്‍ അടിയന്തര പരിശ്രമം നടത്തുമെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞതിന്റെ പിറ്റേന്നായിരുന്നു ഇറാനിലെ ആക്രമണം. നിര്‍ണായകമായ കാര്യം ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ലെബനീസ് പ്രധാനമന്ത്രി നജീബ് ലഖാതിയെ ലണ്ടനില്‍ വച്ച് കണ്ടതിനുശേഷം ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇറാന്റെ പ്രതികരണം

ഇസ്രയേലിന്റെ ആക്രമണത്തെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി ചെറുത്തുവെന്ന് ഇറാന്‍ അവകാശപ്പെട്ടു തിരിച്ചടിക്ക് രാജ്യം തയ്യാറാണെന്നും ആനുപാതികമായ തിരിച്ചടി ഉണ്ടാവുമെന്നും അവര്‍ സൂചിപ്പിച്ചു. പക്ഷേ, ശനിയാഴ്ച പുറത്തുവന്ന ചില റിപ്പോര്‍ട്ടുകളും ഇറാന്റെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് സംഘര്‍ഷം അയഞ്ഞേക്കുമെന്നാണ്. ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുവാന്‍ സൈന്യത്തോട് പരമോന്നത നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ ഇറാന്റെ പെട്രോളിയം, ഊര്‍ജ സംവിധാനങ്ങള്‍, ആണവകേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കുകയോ, മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കുകയോ ചെയ്താല്‍ മാത്രം തിരിച്ചടിച്ചാല്‍ മതി. മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കുന്ന സംഭരണശാലകളോ, കുറച്ച് സൈനികത്താവളങ്ങളോ മാത്രമാണ് ആക്രമിക്കുന്നതെങ്കില്‍ തിരിച്ചടിക്കേണ്ട എന്നായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചത് എന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത.

ഗാസയിലും ലെബനോണിലും തങ്ങളുടെ സഖ്യകക്ഷികള്‍ നിലംപരിശായ ശേഷം തങ്ങള്‍ വളരെ ദുര്‍ബലമായി എന്ന തോന്നല്‍ ലോകത്തിനുണ്ടാകാതെ നോക്കാന്‍ ഇറാന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രയേലിന്റെ ആക്രമണം അതിശക്തമായാല്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി) ആയിരത്തിലധികം ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച് ആഗോള ഊര്‍ജ്ജവിതരണ ശൃംഖലകള്‍ തടസപ്പെടുത്താനും പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെയും ഹോര്‍മുസ് കടലിടുക്കിലൂടെയും പോകുന്ന കപ്പല്‍ ഗതാഗതം തടസപ്പെടുത്താനും ആലോചിച്ചു കുടായ്കയില്ല. ഈ മേഖലയിലെ ഹിസ്ബുള്ള അടക്കമുള്ള ഇറാന്‍ പ്രോക്‌സികള്‍ ഇസ്രയേലിന്റെ മേലുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്‌തേനെ. എങ്കിലും അത്തരം നീക്കങ്ങള്‍ ഉപരോധം നീക്കാന്‍ പാശ്ചാത്യ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നതിനുള്ള ഇറാന്റെ പദ്ധതികളെ ബാധിക്കും. അതിനാല്‍ പ്രത്യാക്രമണം പ്രതീകാത്മകവും പരിമിതവും ആണെന്ന് അവര്‍ ഉറപ്പു വരുത്താനാണിട.