
പശ്ചിമേഷ്യയിൽ യുദ്ധം ചോരചിന്തുകയാണ്. ഇറാനും ഇസ്രയേലും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ലോകമാകെ അതിന്റെ ആഘാതങ്ങള്‍ നേരിടുകയാണ്. എണ്ണവില വര്‍ധിക്കുന്നത് വികസ്വര രാജ്യങ്ങളെയും അവികസിത രാജ്യങ്ങളെയുമെല്ലാം ഒരുപോലെ ബാധിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അനന്തരഫലം എന്തായിമാറുമെന്നതിലാണ് ലോകം ആശങ്കപ്പെടുന്നത്.
ഇരുപക്ഷത്തും നാശം വിതച്ച് പരസ്പരം മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചും നടത്തുന്ന ഇപ്പോഴത്തെ ആക്രമണം ഇറാനും ഇസ്രയേലും തമ്മില്‍ കാലങ്ങളായി തുടരുന്ന വൈരത്തിന്റെ തുടർച്ച മാത്രമാണ്. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നതിന്റെ അടുത്തെത്തിയെന്ന ഭയമാണ് ഇസ്രയേലിനെ കൊണ്ട് കടുംകൈ ചെയ്യിപ്പിച്ചതെന്ന് വാദിക്കുന്നവരുണ്ട്. പക്ഷെ ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാനാണോ ഇസ്രയേല്‍ ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാനെതിരേ സൈനിക നടപടി തുടങ്ങിയത്. ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നുമെങ്കിലും പതിറ്റാണ്ടുകളായുള്ള ഒരു ശത്രുവിനെ നിശേഷം തകര്‍ക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യമെന്ന് കരുതേണ്ടിവരും.
വീഴുമോ ഖമേനി?
ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് ഇസ്രയേല്‍ പറയുമ്പോഴും അതില്‍ ചില പൊരുത്തക്കേടുകളുണ്ട്. സൈനികമായി ആക്രമണം നടത്തി സൈനിക നേതൃത്വത്തെയും ആണവ ശാസ്ത്രജ്ഞരെയും വധിക്കുന്നതുകൊണ്ട് ഇറാന്‍ ആണവായുധ വികസനം നിര്‍ത്തിവെയ്ക്കുമെന്ന് കരുതാന്‍ മാത്രം മൂഢരല്ല ഇസ്രയേല്‍. ഇതിനുമുമ്പും ആണവ പദ്ധതികളുമായി ബന്ധപ്പെട്ട ഇറാന്റെ ശാസ്ത്രജ്ഞരും സൈനിക നേതാക്കളെയുമൊക്കെ പലപ്പോഴായി കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ ഇസ്രയേലാണെന്നത് പരസ്യമായ രഹസ്യവുമാണ്. ആണവ രാഷ്ട്രമാകാനുള്ള അഭിലാഷത്തിന്റെ പേരില്‍ യു.എസ് ഉപരോധം നേരിടുന്നതും ഇറാനെ സാമ്പത്തികമായി ഞെരുക്കുന്നുമുണ്ട്. എന്നിട്ടും അവര്‍ ആണവായുധം നിര്‍മിക്കാനുള്ളത്ര യുറേനിയം സമ്പുഷ്ടീകരണം പൂര്‍ത്തിയാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പ്രകോപനവും അവരുടെ ആണവ പദ്ധതികളുടെ വേഗം കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ. അങ്ങനെയുള്ളപ്പോള്‍ എന്താകും ഇസ്രയേല്‍ ലക്ഷ്യമിടുന്നത്? അതിന്റെ ഉത്തരം ഇറാനെ ആക്രമിച്ചതിനുശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയില്‍ ഒളിച്ചിരിപ്പുണ്ട്. ആക്രമണം ഇറാനിലെ മര്‍ദ്ദക ഭരണകൂടത്തില്‍ നിന്ന് ജനങ്ങളുടെ മോചനത്തിന് വഴിതെളിയിക്കുമെന്നാണ് നെതന്യാഹു പറഞ്ഞത്. ഇറാനിലെ ആയത്തൊള്ള ഖമേനിയുടെ കീഴിലുള്ള ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്നതാണ് ഇസ്രയേലിന്റെ ദീര്‍ഘകാല പദ്ധതിയെന്ന് സാരം.
ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന നിലവിലെ ഭരണകൂടം വരുന്നതിന് മുമ്പ് വരെ അടുത്ത സൗഹൃദ രാജ്യമായിരുന്നു ഇറാനും ഇസ്രയേലും. ഭരണമാറ്റം ഇരുവരെയും ശത്രുക്കളാക്കി മാറ്റി. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ പാവ സര്‍ക്കാരിനെ കൊണ്ടുവരേണ്ടത് ഇസ്രയേലിന്റെ മാത്രം ആവശ്യമല്ല. അതില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും താത്പര്യങ്ങളുണ്ടെന്ന് സാരം. നിരന്തരമായ ആക്രമണങ്ങളിലൂടെ ഇറാനിലെ ഭരണ നേതൃത്വത്തെയും സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിനെ ദുര്‍ബലമാക്കുകയുമാണ് ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്ന് വേണം കരുതാന്‍. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ ഒറ്റത്തവണത്തേക്കുള്ള ആക്രമണമല്ലെന്നും അതൊരു തുടര്‍ പ്രവര്‍ത്തനമാണെന്നും നെതന്യാഹു അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ഇടപെടലുണ്ടായില്ലെങ്കില്‍ സംഘര്‍ഷം ഇനിയും ദിവസങ്ങളോ മാസങ്ങളോ തുടര്‍ന്നേക്കും.
എന്നാല്‍, ഇറാനില്‍ ഒരു ഭരണമാറ്റമുണ്ടാകാനുള്ള സാധ്യത ഉരുത്തിരിഞ്ഞുവന്നുവെന്ന് കരുതുക. അതിന് ശേഷമെന്ത് എന്നുള്ളതൊരു ചോദ്യചിഹ്നമാണ്. ഇറാനിലെ പഴയ ഷാ കുടുംബത്തിലെ നിലവിലെ പിന്തുടര്‍ച്ചാവകാശി മൊഹമ്മദ് റേസാ പഹ്‌ലവിയെ തിരികെ കൊണ്ടുവരാമെന്ന് കരുതിയാലും ഇറാനില്‍ അദ്ദേഹത്തിന് എതിരെ നില്‍ക്കുന്നവരുമുണ്ട്. ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെയുള്ള ശബ്ദമൊക്കെ അടിച്ചമര്‍ത്തപ്പെട്ടുകഴിഞ്ഞു. ഒറ്റപ്പെട്ട വിമത ശബ്ദങ്ങള്‍ ഉയരുമ്പോള്‍ തന്നെ അത് ഇറാന്‍ ഭരണകൂടം മുളയിലെ നുള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ ഏകോപിതമായൊരു പ്രതിപക്ഷം ഇറാനിലില്ല. എങ്കിലും വിദേശത്തിരുന്നുകൊണ്ട് ഇറാനിലെ മതഭരണകൂടത്തിനെതിരന്ന റേസ പഹ്‌ലവി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്ത് രാജവാഴ്ച തിരികെ വരാന്‍ പ്രതിപക്ഷത്തിന് താത്പര്യമില്ല.
ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യം വിജയിച്ചാലും അതുകൊണ്ട് ഇസ്രയേല്‍ ഉദ്ദേശിച്ചതുപോലെയൊരു വിജയം ഉണ്ടാകാനിടയില്ല. പശ്ചിമേഷ്യയില്‍ മറ്റൊരു അസ്ഥിരമായ രാജ്യംകൂടി നിലവില്‍ വരുമെന്ന് മാത്രം. സിറിയ, ലിബിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ സംഭവിച്ചതുപോലെ അസ്ഥിരമായ ഭരണകൂടങ്ങളുടെ ഒരു തുടര്‍ച്ചയാകും ഇറാനെ കാത്തിരിക്കുക. അത് പശ്ചിമേഷ്യയില്‍ അസ്ഥിരത കൊണ്ടുവരുമെങ്കിലും യു.എസിനും ഇസ്രയേലിനും അതുകൊണ്ട് കാര്യമായ നേട്ടമുണ്ട് താനും.
എണ്ണവിലയില്‍ കുരുങ്ങി ലോകം
ഇറാനും ഇസ്രയേലും തമ്മിലുള്ള പോരാട്ടം കേവലം രണ്ടുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം മാത്രമായി ഒതുങ്ങുമെന്ന് കരുതേണ്ടതില്ല. ആക്രമണത്തിന് പിന്നാലെ രാജ്യാന്തര എണ്ണവില കുത്തനെ ഉയര്‍ന്നു. എന്നാല്‍ ഇതൊന്നുമല്ല ലോകത്തെ ഭയപ്പെടുത്തുന്നത്. ഇസ്രയേലിനെ കൊണ്ട് വെടിനിര്‍ത്തിക്കാന്‍ ലോകത്തെ തന്നെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കാന്‍ ഇറാന്‍ സാധിക്കും. ഇറാന്റെ നിഴല്‍ സേനയാണ് യെമനിലെ ഹൂതികള്‍. അവര്‍ ചെങ്കടല്‍ വഴിയുള്ള അന്താരാഷ്ട്ര കപ്പലുകളെ ആക്രമിക്കുന്നത് വിപുലമാക്കിയാല്‍ രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ നിര്‍ണായക ഭാഗമായ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചാല്‍ അതിലേറെ പ്രതിസന്ധിയാകും ലോകത്തെ കാത്തിരിക്കുന്നത്.
ലോകം മുഴുവന്‍ ഇപ്പോള്‍ തന്നെ എണ്ണവിലയിലെ വര്‍ധനവിന്റെ ആഘാതത്തിലാണ്. ഇറാന്‍ അസാധാരണ നീക്കത്തിലേക്ക് പോയാല്‍ ലോകഗതിയില്‍ പല മാറ്റങ്ങള്‍ക്കും ഇടയാക്കും. എണ്ണവിലയില്‍ വര്‍ധനവ് ഉണ്ടാകണമെന്ന് യു.എസ് ഒരിക്കലും ആഗ്രഹിക്കില്ല. കാരണം അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാകാന്‍ പോകുന്ന റഷ്യയാണ്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയുടെ സാമ്പത്തികരംഗം ഉപരോധങ്ങളുടെ നീരാളിപ്പിടിത്തത്തിലാണ്. എണ്ണ വില വര്‍ധിച്ചാല്‍ റഷ്യയുടെ ഖജനാവിലാകും പണം കിലുങ്ങുകയെന്ന് മറ്റാരും പറയാതെ തന്നെ യു.എസിന് അറിയാം. അപ്പോള്‍ യുദ്ധം അവസാനിപ്പിക്കേണ്ടത് യു.എസിന് അനിവാര്യമായി മാറും.

സംഘര്‍ഷത്തില്‍ യുഎസിന് ഉദാസീനതയോ?
എന്നാല്‍ ഇക്കാര്യത്തില്‍ യു.എസ് പുലര്‍ത്തുന്ന ഉദാസീനത സൂചിപ്പിക്കുന്നത് എല്ലാ പദ്ധതികള്‍ക്കും പിന്നില്‍ ചരട് വലിക്കുന്നത് യു.എസ് ആണ് എന്നതാണ്. സിറിയ പശ്ചിമേഷ്യയിലെ ഇറാന്റെ ശക്തികേന്ദ്രമായിരുന്നു. ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ വിമതര്‍ക്ക് ആളും അര്‍ഥവും ആയുധവും കൊടുത്തത് യു.എസും ഇസ്രയേലുമാണെന്നത് പരസ്യമായിക്കഴിഞ്ഞു. ഇതോടെ സിറിയ വഴിയുള്ള ഇറാന്റെ ലക്ഷ്യങ്ങള്‍ തടയിടപ്പെട്ടു. ഹിസ്ബുള്ളയുടെ പ്രധാന ശക്തികേന്ദ്രമായിരുന്നു സിറിയ. അത് നഷ്ടമായത് ഇറാന് വലിയ ക്ഷീണം തന്നെയാണ്. യെമനിലെ ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രയേലും യു.എസും ആക്രമണം നടത്തുന്നുണ്ട്. ഹുതികളെ ദുര്‍ബലമാക്കുകയാണ് ലക്ഷ്യം. ഹിസ്ബുള്ളയുടെ സംഘടനാ ശേഷിയെ തന്നെ ഇസ്രയേല്‍ തകര്‍ത്തുകളഞ്ഞു. ഗാസയില്‍ ഹമാസിനെതിരെ പോരാട്ടത്തിനിറങ്ങിയപ്പോള്‍ ഹിസ്ബള്ളയെയും ഹൂതികളെയും ഉപയോഗിച്ചാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത്.
ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണിയായിട്ടുള്ള പശ്ചിമേഷ്യയിലെ ഏക രാജ്യം ഇറാനാണ്. മറ്റ് സുന്നി രാജ്യങ്ങള്‍ക്കും ഇറാനും അവരുടെ പ്രോക്‌സികളും തലവേദന തന്നെയാണ്. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമ്പോള്‍ കടുത്ത പരസ്യ പ്രസ്താവനകളല്ലാതെ കാര്യമായ നടപടികള്‍ ആരുമെടുക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ആകെ ഇടപെടല്‍ നടത്തുന്നത് തുര്‍ക്കിയും. അതിന് തുര്‍ക്കിക്ക് അതിന്റേതായ കാരണങ്ങളുണ്ടുതാനും.
യുദ്ധം തുടരുകയും ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങളെ ആക്രമിക്കാനും ഇറാന് സാധിച്ചില്ലെങ്കില്‍ അവര്‍ യുദ്ധം അവസാനിപ്പിക്കാന്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കും. യു.എസിന് നേരിട്ട് ആക്രമിക്കുന്നതിന് പകരം ഗള്‍ഫ് രാജ്യങ്ങളിലേക്ക് തങ്ങളുടെ മിസൈലുകള്‍ അയയ്ക്കാന്‍ ഇറാന്‍ തയ്യാറായേക്കാം. ഇസ്രയേലിന് സഹായങ്ങള്‍ നല്‍കുന്നുവെന്ന് ഇറാന്‍ വിശ്വസിക്കുന്ന രാജ്യങ്ങളുടെ ചില കേന്ദ്രങ്ങള്‍ അവര്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പശ്ചിമേഷ്യയില്‍ എണ്ണയ്ക്ക് തീപിടിച്ചതുപോലെ സംഘര്‍ഷം കത്തിപ്പടരും.
യു.എസിന് സൈനിക താവളങ്ങളുള്ള രാജ്യങ്ങള്‍ ഗള്‍ഫ് മേഖലയിലുണ്ട്. ഇറാന്റെ ആക്രമണങ്ങള്‍ മേഖലയില്‍ ഇറാനെതിരെ യു.എസ് യുദ്ധവിമാനങ്ങള്‍ രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതമാക്കി മാറ്റും. അപ്പോഴും ഇറാന്‍ എന്ത് യുദ്ധതന്ത്രമാണ് പുറത്തെടുക്കുക എന്ന് പറയാറായിട്ടില്ല. ഇസ്രയേലിന്റെ യുദ്ധതന്ത്രം രണ്ടുതരത്തിലാണ് എന്ന് പറയാനാകും. കാരണം ഇറാന്‍ ആണവായുധം വികസിപ്പിക്കുന്ന തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആക്രമണം തുടങ്ങിയതെന്ന് ഇസ്രയേല്‍ പറയുന്നു.
അവരുടെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തത് അത് സൂചിപ്പിക്കാനാണ്. എന്നാല്‍ മിസൈലുകളെയും ബങ്കര്‍ ബസ്റ്റര്‍ ബോംബുകളെയും പ്രതിരോധിക്കുന്ന അടിയുറച്ച സംവിധാനത്തിലാണ് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഈ ആക്രമണങ്ങള്‍ ഒന്നും തന്നെ അവരെ ഏശുകയില്ല. വെടിനിര്‍ത്തല്‍ നിലവില്‍ വരുന്ന ആദ്യത്തെ ദിനം മുതല്‍ ഇറാന്‍ ആണവായുധത്തിലേക്കുള്ള നീക്കങ്ങള്‍ തുടരും. അത് തടയണമെങ്കില്‍ അവിടെ അട്ടിമറി എന്നതാകാം ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. ഇതെത്രമാത്രം വിജയിക്കുമെന്ന് പറയാനാകില്ല. കാരണം ഇസ്രയേല്‍ ഇപ്പോള്‍ ഒരു ചൂതുകളിക്കുകയാണ്. തോല്‍ക്കാനും വിജയിക്കാനും ഒരേപോലെ സാധ്യതയുള്ള അപകടകരമായ കളി.
Content Highlights: Israel-Iran Conflict: Rising Tensions & Global Impact
Published: 15 Jun 2025, 06:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented