ബ്രിക്‌സ് വീണ്ടും വലുതാകുന്നു! ഇത്തവണ അംഗമായത് തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായ ഇന്‍ഡോനീഷ്യ. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമായ ഇന്തോനേഷ്യ വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നുമാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക, രാഷ്ട്രീയ ശക്തി. കൂട്ടായ്മയിലെ പത്താമത്തെ അംഗരാജ്യമാണ് ഇന്‍ഡോനീഷ്യ. ബ്രിക്സ് കൂട്ടായ്മയില്‍ ഇന്‍ഡോനീഷ്യ പൂര്‍ണ അംഗമായെന്ന് 2025-ല്‍ ബ്രിക്സിന്റെ അധ്യക്ഷപദവി വഹിക്കുന്ന ബ്രസീല്‍ അറിയിച്ചു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച  കൂട്ടായ്മയില്‍ പിന്നീട് ദക്ഷിണാഫ്രിക്ക കൂടി അംഗമായി. 2024-ന്റെ തുടക്കത്തില്‍ ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, എത്യോപ്യ, ഈജിപ്ത് എന്നിവ ഉള്‍പ്പെടുത്തി ഈ കൂട്ടായ്മ വികസിച്ചു. സൗദി അറേബ്യയെയും അര്‍ജന്റീനയേയും പുതിയ അംഗമായി പ്രഖ്യാപിച്ചു. അര്‍ജന്റീന ക്ഷണം നിരസിച്ചപ്പോള്‍ കൂട്ടായ്മയില്‍ ചേരണോ വേണ്ടയോ എന്ന കാര്യത്തില്‍ സൗദി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.  

To advertise here,

2009-ല്‍ രൂപീകൃതമായ ബ്രിക്‌സ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആഗോളരാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്ന ശക്തിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും രാഷ്ട്രീയമായും സാമ്പത്തികമായും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി തന്ത്രപരമായ വികസനം ബ്രിക്‌സ് നടത്തിയത്. ഇതിനൊപ്പം ഇന്‍ഡോനീഷ്യ കൂടി ചേരുമ്പോള്‍ പതിനൊന്നംഗ സംഘടനയായ ബ്രിക്സ് പാശ്ചാത്യശക്തികളോട് കിടപിടിക്കാനുള്ള കരുത്ത് നേടും. അതേസമയം, ആളെക്കൂട്ടി ശക്തി വര്‍ധിപ്പിക്കാന്‍ കൂട്ടായ്മ ഒരുങ്ങുമ്പോഴും ബ്രിക്‌സ് അംഗങ്ങള്‍ക്കിടയിലുള്ള ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പോലും പരിഹാരമായിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തന്നെ ഉദാഹരണം. ഇതിന് പുറമനേ സമീപ വര്‍ഷങ്ങളില്‍ റഷ്യയും ചൈനയും യുഎസ് ഡോളറിന് പകരമുള്ള മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. കൂട്ടാമയ്ക്കുള്ളില്‍ നിന്ന് തന്നെ ഇതിന് എതിര്‍പ്പും നേരിടുന്നുണ്ട്. അതോടൊപ്പം യു.എസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയുമുണ്ട്. ഈ സാഹചര്യത്തിലാണ് കൂട്ടായ്മ വീണ്ടും ആള്‍ബലം വര്‍ധിപ്പിക്കുന്നത്. 

placeholder
ബ്രിക്സ് രാജ്യങ്ങളുടെ പതാകകൾ | Photo: Wu Hong/Pool Photo via AP
ബ്രിക്സ് രാജ്യങ്ങളുടെ പതാകകൾ | Photo: Wu Hong/Pool Photo via AP

എന്താണ് 'ബ്രിക്സ്'?

വിദേശ നിക്ഷേപതന്ത്രങ്ങളുടെ പശ്ചാത്തലത്തിലാണ് 'ബ്രിക്' (BRIC) എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ആഗോള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്സിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ ജിം ഒനീലാണ് ഈ പദം ആദ്യം ഉപയോഗിച്ചത്. 2001-ലെ ഒരു ഗവേഷണ പ്രബന്ധത്തില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന (BRIC) എന്നീ രാജ്യങ്ങളുടെ വളര്‍ച്ച ജി-7 രാജ്യങ്ങളുടെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ പര്യാപ്തമാണെന്ന് നീല്‍ ചൂണ്ടിക്കാണിച്ചു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ശക്തമായ സാമ്പത്തികചേരി കെട്ടിപ്പടുക്കുമെന്നും രണ്ട് ദശാബ്ദങ്ങള്‍ കൊണ്ട് അമേരിക്കുയുള്‍പ്പെടെയുള്ള ഏറ്റവും ശക്തമായ പാശ്ചാത്യരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളെ മറികടക്കുമെന്നുമായിരുന്നു ജിം ഒനീലിന്റെ പ്രവചനം. ബ്രിക് രാജ്യങ്ങളുടെ ഭാവിയേയും ശക്തിയേയും സാധ്യതകളേയും കുറിച്ച് 'ബില്‍ഡിങ് ബെറ്റര്‍ ഗ്ലോബല്‍ ഇക്കണോമിക് ബ്രിക്സ്' എന്ന പ്രബന്ധത്തില്‍ ഒനീല്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തുടര്‍ന്ന് റഷ്യയാണ് നാല് രാജ്യങ്ങളുടെ ഒരു സമ്മേളനം ആദ്യമായി വിളിച്ചുചേര്‍ത്തത്. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് എതിരായി ഒരു കൂട്ടായ്മ സൃഷ്ടിക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വര്‍ദ്ധിച്ചുവരുന്ന ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍. 

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനിടെ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ 2006 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നു. 2009-ല്‍ റഷ്യ ആദ്യത്തെ ഔദ്യോഗിക 'ബ്രിക്' ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. 2009 ജൂണ്‍ 16-ന് റഷ്യയിലെ യെക്കാറ്റെറിന്‍ബര്‍ഗില്‍ നടന്ന ഉച്ചകോടിയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ലുല ഡാ സില്‍വ, ദിമിത്രി മെദ്വദേവ്, മന്‍മോഹന്‍ സിങ്, ഹു ജിന്റാവോ എന്നിവര്‍ പങ്കെടുത്തു. ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതും ധനകാര്യ സ്ഥാപനങ്ങള്‍ പരിഷ്‌കരിക്കുന്നതുമായിരുന്നു ഉച്ചകോടിയുടെ പ്രധാന ചര്‍ച്ച. ഭാവിയില്‍ നാല് രാജ്യങ്ങളും എങ്ങനെ സഹകരണം കെട്ടിപ്പെടുക്കാമെന്നും യോഗം ചര്‍ച്ച ചെയ്തു. 2010 ഡിസംബര്‍ 24-ന് ദക്ഷിണാഫ്രിക്ക കൂട്ടായ്മയില്‍ ഔദ്യോഗികമായി അംഗരാജ്യമായി. ചൈന ദക്ഷിണാഫ്രിക്കയെ ഔപചാരികമായി ക്ഷണിക്കുകയും മറ്റ് അംഗരാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ഇതോടെ ഗ്രൂപ്പിനെ 'ബ്രിക്സ്' (BRICS) എന്ന് പുനര്‍നാമകരണം ചെയ്തു. 'എസ്' ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, 2011-ല്‍ ചൈനയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പൂര്‍ണ്ണ അംഗമായി പങ്കെടുത്തു.

placeholder
2024-ലെ ബ്രിക്സ് ഉച്ചകോടിയിൽ നേതാക്കൾ | Photo: ANI
2024-ലെ ബ്രിക്സ് ഉച്ചകോടിയിൽ നേതാക്കൾ | Photo: ANI 

ആളെക്കൂട്ടി ശക്തി വര്‍ധിപ്പിക്കാന്‍ ബ്രിക്‌സ്

പുതിയ സമ്പദ്വ്യവസ്ഥകളെ കൂട്ടായ്മയുടെ ഭാഗമാക്കുന്നത് ബ്രിക്‌സ് സഹകരണത്തിന് പുതിയ ഊര്‍ജം പകരുമെന്നും പ്രാതിനിധ്യവും സ്വാധീനവും വര്‍ദ്ധിപ്പിക്കുമെന്നും 2022-ല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ചു. 2023-ലെ ബ്രിക്സ് ഉച്ചകോടിയില്‍ അര്‍ജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ആറ് രാജ്യങ്ങളെ ബ്രിക്സിന്റെ ഭാഗമാകാന്‍ ഔദ്യോഗികമായി ക്ഷണിച്ചു. 2024 ജനുവരി 1-ന് സമ്പൂര്‍ണ അംഗത്വം എന്നായിരുന്നു പ്രഖ്യാപനം. പിന്നാലെ 2023 നവംബറില്‍ അര്‍ജന്റീനിയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയും ഭരണമാറ്റം ഉണ്ടാകുകയും ചെയ്തു. പുതിയതായി അധികാരത്തിലെത്തിയ പ്രസിഡന്റ് ഹാവിയര്‍ മിലേ രാജ്യത്തിന്റെ അംഗത്വ അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചു. 2023 നവംബര്‍ 30-ന്, അര്‍ജന്റീനയുടെ വിദേശകാര്യ മന്ത്രി ഡയാന മൊണ്ടിനോ, അര്‍ജന്റീന ബ്രിക്സില്‍ ചേരില്ലെന്ന് സ്ഥിരീകരിച്ചു. 2023 ഡിസംബര്‍ 29-ന് ബ്രിക്‌സില്‍ ചേരാനുള്ള ക്ഷണം ഔദ്യോഗികമായി നിരസിച്ചുകൊണ്ട് അര്‍ജന്റീന സര്‍ക്കാര്‍ എല്ലാ ബ്രിക്സ് നേതാക്കള്‍ക്കും കത്തയച്ചു. മുന്‍നിശ്ചയപ്രകാരം 2024-ന്റെ തുടക്കത്തില്‍ സൗദി അറേബ്യ കൂട്ടായ്മയുടെ ഭാഗമായില്ല. എന്നാല്‍ ആ വര്‍ഷം ജനുവരിയില്‍ അഗത്വത്തിന്റെ കാര്യം പരിഗണിക്കുന്നതായി അവര്‍ വ്യക്തമാക്കി. പിന്നാലെ 2024 ഏപ്രിലിലും വിഷയം ഇപ്പോഴും പരിഗണനയിലാണെന്നാണ് സൗദി വ്യക്തമാക്കിയത്. എന്നാല്‍ ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങള്‍ ബ്രിക്സിന്റെ ഭാഗമായി. പിന്നാലെ ബ്രിക്സ് എന്നത് 'ബ്രിക്സ് പ്ലസ്' (BRICS+) എന്ന് അറിയപ്പെടാന്‍ തുടങ്ങി. 

ചരിത്രനീക്കം എന്നാണ് വിപുലീകരണ തീരുമാനത്തെ ചൈന വിശേഷിപ്പിച്ചത്. ബ്രിക്സ് വിപുലീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ചൈനയാണെന്നത് കൊണ്ടുതന്നെ പുതിയതായി ചേര്‍ന്ന ആറ് രാജ്യങ്ങളും ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ് കരാറില്‍ ഒപ്പുവെച്ചിരുന്നു. അതേസമയം, ഇന്ത്യ ഈ കരാറില്‍ ഒപ്പുവെച്ചിട്ടില്ല. ചൈനയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയും റഷ്യയുമാണ് കൂട്ടായ്മയുടെ വിപുലീകരണത്തിനായി നിരന്തരം വാദിച്ചിരുന്നത്. തുടക്കത്തില്‍ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും കൂടുതല്‍ അംഗരാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള ശാക്തീകരണത്തിന് ഇന്ത്യ പിന്തുണ വാഗ്ദാനംചെയ്തു. ബ്രിക്സിന്റെ ശോഭനമായ ഭാവിക്ക് സമവായത്തിലൂന്നിയ വിപുലീകരണം ആവശ്യമാണെന്നും അതിന് ഇന്ത്യയുടെ പൂര്‍ണപിന്തുണയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആഫ്രിക്കന്‍ യൂണിയനെ ജി-20യിലെ സ്ഥിരാംഗമാക്കണമെന്ന നിര്‍ദേശവും മോദി മുന്നോട്ടുവെച്ചിരുന്നു. ഇതിനെ ബ്രിക്സ് അംഗരാജ്യങ്ങള്‍ അനുകൂലിച്ചു. 2025 ജനുവരി 6-ന് ഇന്‍ഡോനീഷ്യ ഔദ്യോഗികമായി ബ്രിക്സില്‍ അംഗമായി ചേര്‍ന്നു. 2023-ല്‍ തന്നെ ഇന്‍ഡോനീയുടെ അപേക്ഷ ബ്രിക്‌സ് അംഗീകരിച്ചിരുന്നു. എന്നാല്‍ 2024-ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം കൂട്ടായ്മയില്‍ അംഗമാകാമെന്ന് ഇന്‍ഡോനീഷ്യ അറിയിക്കുകയായിരുന്നു.

placeholder
ബ്രസീൽ പ്രസിഡൻ്റ് ലുല ഡ സിൽവയും ഇൻഡോനീഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്റോയും | Photo : Ricardo STUCKERT / BRAZILIAN PRESIDENCY / AFP
ബ്രസീൽ പ്രസിഡൻ്റ് ലുല ഡ സിൽവയും ഇൻഡോനീഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്റോയും | Photo : Ricardo STUCKERT / BRAZILIAN PRESIDENCY / AFP

ബ്രിക്‌സില്‍ ഇന്‍ഡോനീഷ്യ വരുമ്പോള്‍

പാശ്ചാത്യ ലോകത്തിന് പുറത്തുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ കൂട്ടായ്മയിലേക്കാണ് തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ശക്തരായ ഇന്‍ഡോനീഷ്യ വരുന്നത്. ഇന്‍ഡോനീയുടെ അപേക്ഷ 2023 ഓഗസ്റ്റില്‍ ബ്രിക്‌സ് അംഗീകരിച്ചെങ്കിലും ഭരണമാറ്റത്തിന് ശേഷമാണ് അവര്‍ കൂട്ടായ്മയില്‍ അംഗമാകുന്നത്. ഇന്‍ഡോനീഷ്യയുടെ മുന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ (Joko Widodo) 2023-ല്‍ ബ്രിക്സില്‍ അംഗമാകാന്‍ വിസമ്മതിച്ചിരുന്നു. ബ്രിക്സിന്റെ ഭാഗമാകുന്നതിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കുകയാണെന്നും തിരക്കുകൂട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ബ്രിക്‌സില്‍ ഔദ്യോഗികമായി ചേരാന്‍ തീരുമാനിച്ചു. 2025-ല്‍ കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ബ്രസീല്‍ ഇന്‍ഡോനീയുടെ പ്രവേശനത്തെ സ്വാഗതം ചെയ്തു. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രവും എന്ന നിലയില്‍, ആഗോള സംഘടനകളുടെ പരിഷ്‌കരണത്തിന് ഇന്‍ഡോനീഷ്യ പിന്തുണ നല്‍കുന്നു എന്നാണ് ബ്രസീലിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്. 

സാമ്പത്തിക സഹകരണം, സാങ്കേതിക സഹകരണം, പൊതുജനാരോഗ്യം എന്നിവ ഉള്‍പ്പെടുന്ന ബ്രിക്സ് അജണ്ടകളില്‍ സംഭാവന നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്‍ഡോനീഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് റോളാന്‍സ്യ സോമിറാത്തും പറഞ്ഞു. ദക്ഷിണ-ദക്ഷിണ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്‍ഡോനീഷ്യയുടെ പ്രധാനവേദിയാണ് ബ്രിക്‌സ്. ആഗോള വേദികളില്‍ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ശബ്ദം പ്രതിനിധീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്‍ഡോനീഷ്യയ്ക്ക് ഇതൊരു പ്രധാന വേദിയാണെന്നും സോമിറാത്ത് പറഞ്ഞു. എന്നാല്‍ ഇന്‍ഡോനീഷ്യയുടെ ബ്രകിസ് പ്രവേശനത്തിന് മറ്റൊരു രാഷ്ട്രീയ മാനവുമുണ്ട്. പാശ്ചാത്യ നേതൃത്വത്തിലുള്ള ആഗോളക്രമം രാഷ്ട്രീയമായി ദുര്‍ബലമാകുകയും സാമ്പത്തിക പ്രതിസന്ധികളും യുദ്ധവുംമൂലം രാജ്യങ്ങള്‍ പൊതുവേ ചൈനയോട് അടുക്കുന്ന സ്ഥിതിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് തായ്ലന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 30-ലധികം രാജ്യങ്ങള്‍ ഇപ്പോള്‍ ബ്രിക്സ് അംഗത്വത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുകയോ ഔദ്യോഗികമായി അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്.

placeholder
AFP
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ബ്രിക്‌സിന്റെ സാധ്യതകള്‍, വെല്ലുവിളികളും

ലോകജനസംഖ്യയുടെ ഏതാണ്ട് 48 ശതമാനം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ബ്രിക്‌സ് ആഗോളതലത്തില്‍ തന്നെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനശക്തിയാണ്. ആഗോള ജിഡിപിയുടെ 37.3 ശതമാനം അവര്‍ ഒരുമിച്ച് വഹിക്കുന്നു. ആഗോള വ്യാപാരം, ഊര്‍ജ ഉല്‍പ്പാദനം, നിര്‍ണായക ധാതു ശേഖരം എന്നിവയുടെ ഗണ്യമായ വിഹിതം ഈ രാജ്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. 2024-ല്‍, അന്താരാഷ്ട്ര നാണയ നിധി ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതലായി ബ്രിക്സ് ബ്ലോക്കിനെ ആശ്രയിക്കുമെന്ന് പ്രവചിച്ചു. ബ്രിക്‌സ്, 'ബ്രിക്‌സ് പ്ലസ്' ആയി വിപുലീകരിച്ചതോടെ ആഗോള എണ്ണ ഉല്‍പാദനത്തിന്റെ പകുതിയോളം ഈ കൂട്ടായ്മയിലുള്ള രാജ്യങ്ങളാണ്  നിയന്ത്രിക്കുന്നത്. ഇതിനൊപ്പം ലിഥിയം പോലുള്ള നിര്‍ണായക ധാതുക്കളുടെ വിപണിയിലും ബ്രിക്‌സ് രാജ്യങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നു. അന്താരാഷ്ട്ര ചരക്ക് വ്യാപാരത്തിന്റെ ഗണ്യമായ പങ്ക് വഹിക്കുന്നു. ഇതോടെയാണ് ഒരു പുത്തന്‍ കറന്‍സിയിലൂടെ ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളി ഉയര്‍ത്താന്‍ കൂട്ടായ്മ ശ്രമം തുടങ്ങിയത്.

ബ്രിക്‌സിലെ അംഗരാജ്യങ്ങള്‍ ആഗോളതലത്തില്‍ വലിയ സ്വാധീനശക്തിയാണെങ്കിലും വലിയ വെല്ലുവിളികളും കൂട്ടായ്മ നേരിടുന്നുണ്ട്. കൂട്ടായ്മയിലെ രാഷ്ട്രീയ വൈവിധ്യം ഒരു ശക്തിയും ബാധ്യതയുമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉലച്ചില്‍ ഏകീകൃത തീരുമാനങ്ങള്‍ എടുക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു.  മാത്രമല്ല, വ്യത്യസ്തമായ സാമ്പത്തിക മുന്‍ഗണനകളും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളും ഐക്യം നിലനിര്‍ത്താനുള്ള ബ്ലോക്കിന്റെ കഴിവിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ബ്രിക്സിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഒരു മള്‍ട്ടിപോളാര്‍ ലോകക്രമം പ്രോത്സാഹിപ്പിക്കാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നതെങ്കിലും, ഗ്രൂപ്പിനുള്ളില്‍ ചൈനയുടെ ആധിപത്യത്തോടെ ഇത് ഒരു  'പാശ്ചാത്യ വിരുദ്ധ' ചേരിയായാണ് പലപ്പോഴും വിലയിരുത്തപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പാശ്ചാത്യ രാജ്യങ്ങളിലെ തന്ത്രപരമായ താല്‍പ്പര്യങ്ങളും ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിനെക്കുറിച്ചുള്ള ആശങ്കകളും ബ്രിക്‌സ് നേതൃത്വപരമായ പങ്ക് സന്തുലിതമാക്കുന്നത് ഒരു വെല്ലുവിളിയാണ്.

ഇതിനിടെ, ഡോളറിന് പകരം വിനിമയത്തിന് മറ്റൊരു കറന്‍സി എന്ന ആശയം ബ്രിക്‌സ് മുന്നോട്ട് വെച്ചിരുന്നു. ഇക്കാര്യത്തില്‍ വലിയ ചര്‍ച്ചകളും നടക്കുകയാണ്. എന്നാല്‍ ഇതിനിടെ ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറന്‍സികളെ ആശ്രയിച്ചാല്‍ 100% നികുതിയെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തി. ബ്രിക്സ് രാഷ്ട്രങ്ങള്‍ പുതിയ കറന്‍സി നിര്‍മിക്കാനോ യു.എസ്. ഡോളറിന് പകരം മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാല്‍ 100% ചുങ്കം ചുമത്തുമെന്നാണ് സ്വന്തം ട്രംപ് വെല്ലുവിളിച്ചത്. ഇക്കാര്യത്തില്‍ ബ്രിക്സ് രാജ്യങ്ങളില്‍നിന്ന് ഉറപ്പ് വേണമെന്നും മറിച്ചൊരു ശ്രമമുണ്ടായാല്‍ അമേരിക്കന്‍ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് ഓര്‍മപ്പെടുത്തി. അന്താരാഷ്ട്ര വിനിമയത്തിന് ഡോളറിതര കറന്‍സികള്‍ ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഒക്ടോബറില്‍ ചേര്‍ന്ന ബ്രിക്സ് ഉച്ചകോടിയില്‍ തുടക്കമട്ടതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയാണ് ആളെക്കൂട്ടി ശക്തി വര്‍ധിപ്പിക്കാന്‍ ബ്രിക്‌സ് ശ്രമം തുടരുന്നത്.