
ഇന്‍ഡിഗോ പ്രതിസന്ധിക്കിടെ ഡല്‍ഹി വിമാനത്താവളത്തിലെ കാഴ്ച |ഫോട്ടോ:PTI
ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഫോണിലേക്ക് വാട്സാപ് സന്ദേശങ്ങളും വിളികളുമെത്തി. സുഹൃത്തുക്കള്‍, ബന്ധുക്കള്‍-എല്ലാവരുടെയും ആവലാതി ഒന്നായിരുന്നു. നാട്ടിലേക്കെത്താനാവാതെ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്താണൊരു പോംവഴി? ചിലര്‍ ട്രെയിന്‍ പിടിക്കാന്‍ നോക്കി. രക്ഷയില്ല, മിക്കവാറും എല്ലാ വണ്ടികളിലും ടിക്കറ്റ് നേരത്തെ വിറ്റു തിര്‍ന്നു. കുറെപ്പേര്‍ ഹോട്ടലിലേക്കും ഫ്ളാറ്റിലേക്കും തിരിച്ചു പോയി. പലരും വിമാനത്താവളത്തിലെ ലോഞ്ചില്‍ ഇരിപ്പ് തുടര്‍ന്നു, കൗണ്ടറുകളില്‍ ബഹളവും ആ്രേകാശവുമുണ്ടായി. പങ്കെടുക്കാന്‍ പറ്റാതെ പോയ കല്ല്യാണങ്ങള്‍, പരീക്ഷകള്‍, ശവസംസ്‌കാരങ്ങള്‍.രാജ്യത്തെ മുന്‍നിര വ്യോമയാന കമ്പനിയായ ഇന്‍ഡിഗോയുടെ പ്രതിസന്ധി സൃഷ്ടിച്ച കെടുതി നിസ്സാരമായിരുന്നില്ല. നിത്യേന 2,200 ഫ്ളൈറ്റുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. ഇതില്‍ പകുതിയോളം ഒറ്റ ദിവസം ഇല്ലാതായാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ഭീകരമായിരിക്കും.
കുത്തക എവിടെയായാലും പ്രശ്നമാണ്. തിരഞ്ഞെടുക്കാന്‍ ഒരൊറ്റ വഴിയേ ഉള്ളുവെങ്കില്‍ അതൊരു തിരഞ്ഞെടുപ്പല്ല. ഇന്ത്യന്‍ വ്യോമയാന മേഖലയിലെ അടിസ്ഥാന പ്രശ്നം കുത്തകയാണ്. വിപണിയുടെ 65 ശതമാനവും ഇന്‍ഡിഗൊയുടെ കൈയ്യിലാണ്. 417 വിമാനങ്ങളുമായി രാജ്യത്തിനുള്ളില്‍ 90 ഇടങ്ങളിലേക്കും രാജ്യത്തിന് പുറത്ത് 41 സ്ഥലങ്ങളിലേക്കും ഇന്‍ഡിഗൊ പറക്കുന്നു. 27 ശതമാനം വിപണി പങ്കാളിത്തമുള്ള എയര്‍ ഇന്ത്യയ്ക്ക് 302 വിമാനങ്ങളാണുള്ളത്. ആകാശ് എയറിന് 30 വിമാനങ്ങളും അഞ്ച് ശതമാനം വിപണി പങ്കാളിത്തവുമുണ്ട്. സ്പൈസ്ജെറ്റിന് 2.5 ശതാമനം പങ്കാളിത്തവും 19 വിമാനങ്ങളുമാണുള്ളത്. ഇന്ത്യയില്‍ വിവിധ ഇടങ്ങളിലേക്ക് പറക്കുന്ന മൂന്ന് പേരില്‍ രണ്ടു പേരും ഇന്‍ഡിഗോയുടെ വിമാനങ്ങളിലായിരിക്കും. അപ്പോള്‍ പിന്നെ ഇന്‍ഡിഗോയ്ക്ക് പനി പിടിച്ചാല്‍ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും കിടന്നുപോകും.
വിശ്രമവും സുരക്ഷയും
2024 ല്‍ ഇന്‍ഡിഗോയുടെ വരുമാനം 68,904 കോടി രൂപയായിരുന്നു. തലേ വര്‍ഷത്തേക്കാള്‍ 26 ശതമാനം വര്‍ദ്ധനവ്. ലാഭം 8,172 കോടി രൂപയും. എന്നിട്ടും ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ച നടപടി ക്രമങ്ങള്‍ പാലിക്കാന്‍ ഇന്‍ഡിഗോ തയ്യാറായില്ല എന്നാണ് പൊതുവെ ഉയരുന്ന ആരോപണം. യാത്രക്കാരുടെ സുരക്ഷയാണ് ഏത് യാത്രയിലും പരമ പ്രധാനം. ഡ്രൈവറായാലും പൈലറ്റായാലും ആവശ്യത്തിന് വിശ്രമം അനിവാര്യമാണ്. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന് 241 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പൈലറ്റ് സുമിത് സബര്‍വാളിന്റെ പിതാവ് വിരല്‍ ചൂണ്ടിയത് ഈ ഘടകത്തിലേക്കായിരുന്നു. 2011 ല്‍ മംഗളൂരിവില്‍ വിമാന അപകടത്തില്‍ 158 പേര്‍ കൊല്ലപ്പെട്ടപ്പോഴും പൈലറ്റുമാര്‍ക്ക് ആവശ്യത്തിന് വിശ്രമം കിട്ടുന്നുണ്ടോ എന്ന ചോദ്യമുയര്‍ന്നിരുന്നു. സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഡിജിസിഎ പൈലറ്റുമാരുടെ ജോലി ക്രമത്തില്‍ മാറ്റം വരുത്തിയത്. ഇതോടെ ആഴ്ചയില്‍ 36 മണിക്കൂര്‍ വിശ്രമം എന്നത് 48 മണിക്കൂറായി. രാത്രിയില്‍ വിമാനം ഇറക്കുന്നത് ആഴ്ചയില്‍ ആറായിരുന്നത് രണ്ടാക്കി കുറച്ചു. ഇതിനനുസരിച്ച് ജിവനക്കാരുടെ ജോലി സമയം ക്രമപ്പെടുത്തുന്നതില്‍ ഇന്‍ഡിഗോയ്ക്കുണ്ടായ വീഴ്ചയാണ് യാത്രക്കാരെ അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലാക്കിയത്.
എയര്‍ ഇന്ത്യയും ഇതര വിമാനക്കമ്പനികളും ഡിജിസിഎയുടെ പുതിയ നിയമങ്ങള്‍ കൃത്യമായി നടപ്പാക്കിയപ്പോള്‍ ഇന്‍ഡിഗോ അതിന് മുതിരാതിരുന്നത് അവരുടെ അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണെന്നാണ് എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപറ്റന്‍ ജി ആര്‍ ഗോപിനാഥും വിവിധ പൈലറ്റ് അസോസിയേഷന്‍ ഭാരവാഹികളും ആരോപിക്കുന്നത്. ഭരണകൂടത്തോടുള്ള അടുപ്പവും വിപണി തങ്ങളുടെ നിയന്ത്രണത്തിലാണെന്നുള്ള വിചാരവും നിയമം തങ്ങള്‍ വിചാരിക്കുന്നിടത്തേക്ക് വരുമെന്ന് കരുതാന്‍ ഇന്‍ഡിഗോ മാനേജ്മെന്റിന് ധൈര്യം പകര്‍ന്നിരിക്കാമെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ക്ര്യൂ റോസ്റ്ററിങ്ങിനുള്ള സോഫ്റ്റ്വെയര്‍ നവീകരണത്തില്‍ വന്ന പാളിച്ചയും പൈലറ്റുമാരുടെ എണ്ണത്തില്‍ വന്ന കുറവും ഇന്‍ഡെഗോ മാനേജ്മെന്റ് ഏറ്റുപറയുകയും ചെയ്തു.
2005നും 2025നുമിടയില്‍ വളര്‍ച്ചയുടെ വലിയ നാഴികക്കല്ലുകളാണ് ഇന്‍ഡിഗോ താണ്ടിയത്. രാഹുല്‍ ഭാട്ട്യയും രാകേഷ് ഗാങ്വാളും ചേര്‍ന്ന് സ്ഥാപിച്ച ഇന്റര്‍ഗ്ളോബ് ഏവിയേഷനാണ് ഇന്‍ഡിഗോയുടെ നടത്തിപ്പുകാര്‍. ക്യാപ്റ്റന്‍ ഗോപിനാഥ് 2003 ല്‍ തുടങ്ങിയ എയര്‍ ഡെക്കാന്‍ വിമാന യാത്ര സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിയെങ്കിലും 2007ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഏറ്റെടുക്കലിനെത്തുടര്‍ന്ന് ചരിത്രത്തിന്റെ ഭാഗമായി. ഇവിടെയാണ് ഇന്‍ഡിഗോ പുതിയ മുദ്രാവാക്യങ്ങളുമായി കളം പിടിച്ചത്. കമ്പനിയുടെ നിലവിലെ മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ഭാട്ട്യയാണ്. 36 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ഇന്റര്‍ഗ്ലോബ് വാങ്ങിയെന്നും ഇതില്‍ 31 കോടിയും ബിജെപിക്കാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഹുല്‍ ഭാട്ട്യ സ്വന്തം നിലയ്ക്ക് 20 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയിരുന്നു. മുന്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് നിലവില്‍ ഇന്റര്‍ഗ്ലോബ് പിഏവിയേഷന്‍ കമ്പനി ബോര്‍ഡില്‍ ഡയറക്ടറാണ് .
വിമാന യാത്ര എന്ന ആഡംബരം
ഫ്ളൈറ്റ് പരിശീലനത്തില്‍ മുന്‍ നിരയിലുള്ള ഫ്ളൈറ്റ് സിമുലേഷന്‍ ടെക്നിക് സെന്റര്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് അടുത്തിടെയാണ്. മുന്‍ വ്യോമയാന മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലിന്റെ മകന്‍ പ്രജയ് പട്ടേലിന്റെ ഉടമസ്ഥതയിലുള്ള പ്രൈം ഏറൊ സര്‍വ്വീസസുമായി ചേര്‍ന്നാണ് അദാനി ഗ്രൂപ്പ് 820 കോടി രൂപയുടെ ഈ ഏറ്റെടുക്കല്‍ നടത്തിയത്. അടുത്ത 15 കൊല്ലത്തിനുള്ളില്‍ രണ്ട് ലക്ഷം കോടി രൂപയുടെ ബിസിനസ്സാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. യോഗ്യത ഇല്ലാത്ത സിമുലേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയതിന് ഇന്‍ഡിഗോയ്ക്ക് ഡിജിസിഎ 40 ലക്ഷം രൂപയുടെ പിഴയിട്ടത് രണ്ട് മാസം മുമ്പാണ്. പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെ അദ്ദേഹത്തിന് കീഴില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന ആര്‍ കെ സിങ് ഇന്‍ഡിഗൊയുടെ സ്പെഷ്യല്‍ ഡയറക്ടറാണ് എന്നതും ഓര്‍ക്കണം.
140 കോടി ഇന്ത്യാക്കാരില്‍ വിമാന യാത്ര സാധ്യമാകുന്നത് നാല് ശതമാനത്തിന് മാത്രമാണെന്നിരിക്കെ വ്യോമയാന മേഖലയില്‍ ഇന്ത്യന്‍ വിപണിയുടെ സാദ്ധ്യതകള്‍ അനന്തമാണ്. പക്ഷേ, അത് സാധാരണക്കാര്‍ക്ക് കൂടി പ്രയോജനപ്പെടണമെങ്കില്‍ ഭരണകൂടത്തിന്റെ സാര്‍ത്ഥകമായ ഇടപെടല്‍ വേണ്ടിവരും. ബജറ്റ് എയര്‍ലൈനുകളുടെ മത്സരമാണ് യൂറോപ്പില്‍ വിമാന യാത്രകളുടെ ചെലവ് കുറയ്ക്കുന്നത്. റയന്‍എയര്‍, വിസ്എയര്‍, ഈസിജെറ്റ് എന്നിങ്ങനെയുള്ള ബജറ്റ് എയര്‍ലൈനുകള്‍ യൂറോപ്പിലങ്ങോളമിങ്ങോളം കുറഞ്ഞ ചെലവില്‍ വിമാന യാത്രകള്‍ സാദ്ധ്യമാക്കുന്നുണ്ട്. ജീവനക്കാരുടെ എണ്ണം ക്രമീകരിച്ചും കൂടുതല്‍ ഫ്ളൈറ്റുകള്‍ സാദ്ധ്യമാക്കിയുമൊക്കെയാണ് വിമാന യാത്ര ഒരു ആഡംബരമാവാതെ ഈ കമ്പനികള്‍ നിലനിര്‍ത്തുന്നത്. മത്സരം സൃഷ്ടിക്കുന്ന കാര്യക്ഷമതയാണ് ഇതിന്റെ അടിസ്ഥാനം. ഈ പ്രാഥമിക തത്വമാണ് കുത്തകകള്‍ തകര്‍ക്കുന്നത്. കിങ്ഫിഷറും ജെറ്റ് എയര്‍വെയ്സും തകര്‍ന്നതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ മത്സരമില്ലാതായി. യാത്രികരുടെ സുരക്ഷയ്ക്കായി പ്രഖ്യാപിച്ച ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് ഇന്‍ഡിഗോയ്ക്കായി അടുത്ത ഫെബ്രുവരി പത്ത് വരെ ഇളവ് ചെയ്യാന്‍ ഡിജിസിഎ നിര്‍ബ്ബന്ധിതമായത് ഇതിന്റെ ഉപോത്പന്നമാണ്.
ജനങ്ങള്‍ ഒരെത്തും പിടിയും കിട്ടാതെ വിമാനത്താവളങ്ങളില്‍ അരക്ഷിതരായപ്പോള്‍ ആ പ്രതിസന്ധിയില്‍ എങ്ങിനെ ലാഭം കൊയ്യാമെന്നാണ് ഇതര കമ്പനികള്‍ നോക്കിയത്. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നത് അങ്ങിനെയാണ്. ഇവിടെ അടിയന്തരമായി ഇടപെടുന്നതില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സമ്പൂര്‍ണ്ണ പരാജയമായി എന്ന് പറയാതെ വയ്യ. വിമാന നിരക്കില്‍ പിന്നീട് വരുത്തിയ നിയന്ത്രണം ഈ വീഴ്ചയെ ഇല്ലാതാക്കുന്നില്ല. വന്ദേമാതരവും നെഹ്രുവും ഈ പരാജയം മറികടക്കുന്നതിന് മതിയാവുകയുമില്ല. കുത്തകവത്കരണം തടയുക മാത്രമാണ് ഇതിനുള്ള പോംവഴി. ശൈത്യകാല ഷെഡ്യൂളില്‍ ഇന്‍ഡിഗൊയുടെ പത്ത് ശതമാനം സര്‍വ്വിസുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഈ വഴിക്കുള്ള യാത്രയുടെ തുടക്കമാവണം. കൂടുതല്‍ സംരംഭകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിന് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ആസൂത്രിത ശ്രമമുണ്ടാവണം. ഭരണകൂടത്തിന്റെ തണലില്‍ വളരുന്ന കുത്തകകള്‍ ആത്യന്തികമായി ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുക. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നവരൂപങ്ങള്‍ ഉടലെടുക്കുന്ന സാമൂഹ്യ രാഷ്ട്രീയ പരിസരത്തിനെതിരെയുള്ള ജാഗ്രത കൂടിയാണ് ഇന്‍ഡിഗൊ പ്രതിസന്ധി ആവശ്യപ്പെടുന്നത്.
Content Highlights: IndiGo crisis left thousands stranded. Explore India`s aviation monopoly, passenger safety issues,
Published: 11 Dec 2025, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented