മുമ്പ് തുർക്കിയെ മാത്രം ഉന്നമിടാതിരുന്ന ഇന്ത്യ ഇപ്പോൾ തങ്ങളുടെ യൂറേഷ്യൻ തന്ത്രങ്ങളിൽ തുർക്കി ഒരു എതിർകക്ഷി ആയി കണക്കാക്കിയാണ് മുന്നോട്ടുപോകുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം തുർക്കി ഒരുകാലം വരെ ശത്രുപക്ഷത്തായിരുന്നില്ല. എന്നാൽ ഇന്ന് കഥയും പരിസരങ്ങളും കഥാപാത്രങ്ങളും മാറിയിരിക്കുന്നു. ഇന്ത്യയുടെ താത്പര്യങ്ങൾ ഇൻഡൊ പസഫിക് മേഖലയിൽ മാത്രമൊതുങ്ങുന്ന ഒന്നല്ല. യൂറേഷ്യയിൽ തനതായ ഇടം സൃഷ്ടിക്കുന്ന ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ് തുർക്കി. മുമ്പ് പാകിസ്താനുമായി ഒളിഞ്ഞും തെളിഞ്ഞും നടന്നിരുന്ന കൂട്ടുകെട്ട് ഇന്ത്യയുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇപ്പോൾ പരസ്യമായി ഇന്ത്യയുടെ എതിർചേരിയിൽ നിൽക്കാൻ തുർക്കി തയ്യാറായതോടെ അവരുടെ കോട്ടയിൽ ചെന്ന് വെല്ലുവിളിക്കുകയാണ് ഇന്ത്യ. മെഡിറ്ററേനിയൻ മേഖലയിലും ദക്ഷിണ കോക്കസിലും തുർക്കിയുടെ താത്പര്യങ്ങളെ പൊളിച്ചടുക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്.
ഇന്ത്യയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ഔദ്യോഗികമായി 1948ലാണ് ആരംഭിക്കുന്നത്. ഇതിന് പിന്നാലെ 1951 ഡിസംബറിൽ ഒപ്പുവെച്ച സൗഹൃദ ഉടമ്പടിയിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ ശാശ്വതമായ സമാധാനവും സൗഹൃദവും പ്രഖ്യാപിച്ചിരുന്നു. എങ്കിലും ശീതയുദ്ധകാലത്തെ ആഗോള രാഷ്ട്രീയ സമവാക്യങ്ങൾ ഇരു രാജ്യങ്ങളെയും വ്യത്യസ്ത ചേരികളിലാക്കി. ഇന്ത്യ ചേരിചേരാ പ്രസ്ഥാനത്തിന്റെ വക്താവായപ്പോൾ തുർക്കി യു.എസ് നേതൃത്വത്തിലുള്ള നാറ്റോ (NATO), സെന്റോ (CENTO) തുടങ്ങിയ പാശ്ചാത്യ സൈനിക സഖ്യങ്ങളിൽ പങ്കാളിയായി. ശീതയുദ്ധാനന്തരം സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും ഉഭയകക്ഷി വ്യാപാര വർധനവിലൂടെയും ബന്ധം മെച്ചപ്പെടുത്താൻ ഇരുപക്ഷവും ശ്രമിച്ചെങ്കിലും പാകിസ്താനുമായി തുർക്കിക്കുള്ള പാരമ്പരാഗത നയതന്ത്ര-സൈനിക അടുപ്പം എപ്പോഴും ഒരു തടസ്സമായി നിന്നു. കശ്മീർ തർക്കത്തിൽ പാകിസ്താന്റെ നിലപാടുകളെ തുർക്കി തുടർച്ചയായി പിന്തുണച്ചതും 1991-ൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ (OIC) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ കശ്മീരിലെ ഇന്ത്യൻ നടപടികളെ അങ്കാറ അപലപിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കനത്ത നിഴൽ വീഴ്ത്തി.
കൂടാതെ ആണവ വിതരണ ഗ്രൂപ്പിൽ (NSG) ഇന്ത്യ അംഗമാകുന്നതിനെ ചൈനയെ കൂടാതെ എതിർത്ത ഏക രാജ്യം തുർക്കിയായിരുന്നു. തുർക്കിയുടെ ഈ ശത്രുതാപരമായ നിലപാടുകൾക്കിടയിലും സാമ്പത്തിക ഇടപാടുകൾ തുടരുകയും ഉഭയകക്ഷി വ്യാപാരം 2000-ൽ 505 മില്യൺ ഡോളറിൽ നിന്ന് 2018-ൽ 8.7 ബില്യൺ ഡോളറായും തുടർന്ന് 2022-23 കാലയളവിൽ 13.8 ബില്യൺ ഡോളറായും വർധിച്ചു. 2023 ഫെബ്രുവരിയിലെ തുർക്കി ഭൂകമ്പ സമയത്ത് ഇന്ത്യ 'ഓപ്പറേഷൻ ദോസ്ത്' വഴി നൽകിയ മാനുഷിക സഹായങ്ങൾ താത്കാലികമായ നയതന്ത്ര അയവുകൾക്ക് വഴിതുറന്നെങ്കിലും അടിസ്ഥാനപരമായ ഭൗമരാഷ്ട്രീയ വൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ അതിന് സാധിച്ചില്ല.
2025-ൽ ഇന്ത്യാ-തുർക്കി ബന്ധങ്ങളിൽ വലിയൊരു തകർച്ചയുണ്ടായി. 2025 ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 25 ഇന്ത്യൻ പൗരന്മാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ടതാണ് ഈ സംഘർഷത്തിന് വഴിമരുന്നിട്ടത്. ഇതിന് മറുപടിയായി മേയ് 7-ന് ഇന്ത്യ പാകിസ്താൻ അധീന കശ്മീരിലെയും പഞ്ചാബ് പ്രവിശ്യയിലെയും ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ താവളങ്ങളെ ലക്ഷ്യമിട്ട് വ്യോമ-മിസൈൽ ആക്രമണങ്ങൾ ഉൾപ്പെട്ട 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇസ്ലാമിക രാജ്യങ്ങളിൽ തുർക്കിയും അസർബൈജാനും മാത്രമാണ് ഇന്ത്യയുടെ സൈനിക നീക്കങ്ങളെ നേരിട്ട് അപലപിച്ചത്. ഭൗമരാഷ്ട്രീയ പ്രകോപനങ്ങൾ അതിന്റെ പരകോടിയിലെത്തിയത് ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് തുർക്കി പാകിസ്താന് നൽകിയ കനത്ത സൈനിക പിന്തുണയിലൂടെയാണ്. സംഘർഷത്തിനിടയിൽ തുർക്കി 350-ലധികം ഡ്രോണുകളും രണ്ട് സൈനിക വിദഗ്ദ്ധരെയും പാകിസ്താന് അനുകൂലമായി വിന്യസിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കൂടാതെ ഈ സംഘർഷ സമയത്ത് തുർക്കിയുടെ ടി.സി.ജി ബ്യൂക്കാഡ (TCG BÜYÜKADA) എന്ന യുദ്ധക്കപ്പൽ കറാച്ചി തുറമുഖത്ത് പ്രവേശിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സംഘർഷത്തിന്റെ ആഴം കൂട്ടി.
തുർക്കിയുടെ ഈ പരസ്യമായ ശത്രുത ഇന്ത്യയിൽ കനത്ത ജനരോഷത്തിന് കാരണമാവുകയും ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കി യാത്രകൾ പൂർണമായി ബഹിഷ്‌കരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഇതിന് പുറമെ ഇന്ത്യ തുർക്കിയുടെ ഔദ്യോഗിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. മുൻപ് തന്നെ 2023-ൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ നവീകരിക്കാൻ തുർക്കി പ്രതിരോധ കമ്പനിയുമായി ഉണ്ടാക്കിയിരുന്ന കരാർ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ തുർക്കി ബന്ധമുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നിയന്ത്രണങ്ങൾ വരികയും ചെയ്തു.
യൂറേഷ്യയിലെ ഇന്ത്യയുടെ തന്ത്രങ്ങൾ
മുമ്പ് തുർക്കിയെ മാത്രം ഉന്നമിടാതിരുന്ന ഇന്ത്യ ഇപ്പോൾ തങ്ങളുടെ യൂറേഷ്യൻ തന്ത്രങ്ങളിൽ തുർക്കി ഒരു എതിർകക്ഷി ആയി കണക്കാക്കിയാണ് മുന്നോട്ടുപോകുന്നത്. ആഗോള ശക്തിയായി ഉയർന്നുവരുന്ന ഇന്ത്യ യൂറേഷ്യൻ മേഖലയിൽ തങ്ങളുടെ തന്ത്രപരമായ സാന്നിധ്യം വർധിപ്പിക്കുന്നത് സുപ്രധാനമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്. പസഫിക് മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കാതെ ഇന്ത്യ തങ്ങളുടെ തന്ത്രപരമായ പ്രതിരോധ അതിരുകൾ സൂയസ് കനാലിന് പടിഞ്ഞാറുള്ള ചെങ്കടലിലേക്കും മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും വ്യാപിപ്പിക്കാൻ നിർബന്ധിതരായിരിക്കുന്നു. ഇതിന് പ്രധാന കാരണം ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) വഴിയുള്ള സാമ്പത്തിക മേധാവിത്വത്തെ പ്രതിരോധിക്കുക എന്നതും പശ്ചിമേഷ്യയിലും യൂറേഷ്യയിലുമുള്ള ഊർജ്ജ-വ്യാപാര ശൃംഖലകൾ സുരക്ഷിതമാക്കുക എന്നതുമാണ്. പാകിസ്താൻ തങ്ങളുടെ ആണവ-സൈനിക ശേഷികൾ തുർക്കിയുടെ സൈനിക ശേഷിയുമായി കൂട്ടിച്ചേർത്ത് ഇന്ത്യൻ മഹാസമുദ്രം മുതൽ പശ്ചിമേഷ്യ വരെ നീളുന്ന ഒരു പ്രതിരോധ സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്നത് തടയുക എന്നത് ഇന്ത്യയുടെ ജീവൽ പ്രധാനമായ സുരക്ഷാ ആവശ്യമാണ്. അതോടൊപ്പം ആഭ്യന്തര പ്രതിരോധ വ്യവസായത്തെ അന്താരാഷ്ട്രതലത്തിൽ ഒരു പ്രധാന കയറ്റുമതി ശക്തിയാക്കി മാറ്റാനുള്ള സാമ്പത്തിക ലക്ഷ്യവും ഈ മേഖലയിലെ സ്വാധീന വ്യാപനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു.
മെഡിറ്ററേനിയൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പുതിയ സൈനിക ബന്ധങ്ങൾ കേവലം ഉഭയകക്ഷി നയതന്ത്രത്തിനപ്പുറം ഒരു സമഗ്രമായ ഭൗമരാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമാണ്. ഇതിന്റെ എതിർവശത്താകട്ടെ സ്വാഭാവികമായും തുർക്കി പ്രതിഷ്ഠിക്കപ്പെട്ടു. ഗ്രീസ്, സൈപ്രസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യ രൂപീകരിക്കുന്ന ഈ പുതിയ തന്ത്രപരമായ നയത്തെ 'മെഡ് ക്വാഡ്' (Med Quad) എന്ന് വിശേഷിപ്പിക്കാം. ഈ സഖ്യം വഴി കിഴക്കൻ മെഡിറ്ററേനിയനിൽ ഒരു ശക്തമായ സൈനിക സാന്നിധ്യം ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നു. തുർക്കിയുടെ കടന്നുകയറ്റങ്ങൾ ഭീഷണി ഉയർത്തുന്ന ഗ്രീസിനും സൈപ്രസിനും ഇന്ത്യയുടെ വ്യോമ-നാവിക പങ്കാളിത്തം ഒരു മികച്ച പ്രതിരോധ കവചം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ ജെറ്റുകൾ മെഡിറ്ററേനിയൻ മേഖലയിൽ ഹെല്ലനിക് വ്യോമസേനയുമായി ചേർന്ന് സംയുക്ത പരിശീലനങ്ങളിൽ ഏർപ്പെടുന്നത് തുർക്കിയുടെ 'മാവി വതൻ' (ബ്ലൂ ഹോംലാൻഡ്) എന്ന സമുദ്ര മേധാവിത്വ തന്ത്രത്തിന് ശക്തമായ വെല്ലുവിളിയാണ്. സൈപ്രസ് തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ നിന്ന് ബ്രഹ്‌മോസ് മിസൈലുകളിലും നാഗാസ്ത്ര ഡ്രോണുകളിലും താല്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇത് കുറച്ചൊന്നുമല്ല തുർക്കിയെ അസ്വസ്ഥതപ്പെടുത്തുന്നത്. നിലവിൽ സാമ്പത്തികമായി ചില പ്രതിസന്ധികളിലൂടെയാണ് തുർക്കി കടന്നുപോകുന്നത്. ഇത് നിലവിൽ നിയന്ത്രണവിധേയമാക്കി നിർത്തുന്നുണ്ടെങ്കിലും മേഖലയിൽ സംഘർഷങ്ങൾ വർധിച്ചാൽ ആത്യന്തികമായി അത് തുർക്കിയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. ഈ പ്രതിസന്ധി ഒഴിവാക്കാൻ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം നിലനിർത്താനും പാകിസ്താനുമായുള്ള ബന്ധം ഇന്ത്യയുമായുള്ള ബന്ധത്തിന് വിലങ്ങുതടിയാകാതിരിക്കാനും ഇപ്പോൾ തുർക്കി ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (ഐ.എം.ഇ.സി) യിൽ സൈപ്രസിന് നിർണായക സ്ഥാനമാണുള്ളത്. സൈപ്രസ് തുറമുഖങ്ങളെ ഐ.എം.ഇ.സിയുമായി ബന്ധിപ്പിക്കുന്നതിലൂടെ പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കവാടമായി സൈപ്രസ് മാറും. ഗ്രീസ് തങ്ങൾക്കെതിരായ തുർക്കിയുടെ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ 'അക്കില്ലസ് ഷീൽഡ്' (Achilles Shield) എന്ന അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യ ഇതിന് തന്ത്രപരമായ സാങ്കേതിക പിന്തുണകൾ നൽകുന്നുണ്ട്. ഇതിനൊപ്പമാണ് അർമേനിയയിൽ ഇന്ത്യ ചുവടുറപ്പിക്കുന്നത്. ഇന്ത്യ- അർമേനിയ പ്രതിരോധ സഹകരണം ദക്ഷിണ കോക്കസിലെ തുർക്കി-പാകിസ്താൻ-അസർബൈജാൻ അച്ചുതണ്ടിനെതിരായ തന്ത്രപരമായ നീക്കമാണ്.
നാഗോർണോ-കറാബാക്ക് യുദ്ധത്തിൽ തുർക്കി തങ്ങളുടെ ബയ്‌റാക്തർ ഡ്രോണുകളും സിറിയൻ കൂലിപ്പട്ടാളത്തെയും ഉപയോഗിച്ച് അർമേനിയയെ തോൽപ്പിച്ചപ്പോൾ, അർമേനിയയ്ക്ക് തങ്ങളുടെ പ്രതിരോധ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യ സഹായഹസ്തം നീട്ടി. പരമ്പരാഗതമായി റഷ്യൻ ആയുധങ്ങളെ ആശ്രയിച്ചിരുന്ന അർമേനിയ, യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ആയുധ വിതരണം കുറഞ്ഞതോടെ ഇന്ത്യയെ തങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളിയായി തിരഞ്ഞെടുത്തു.
2020-ൽ ആരംഭിച്ച ഉഭയകക്ഷി പ്രതിരോധ കരാറുകളുടെ മൂല്യം 2024-ഓടെ 2 ബില്യൺ ഡോളറായും, തുടർന്ന് 2025 അവസാനത്തോടെ ഏകദേശം 3.5 മുതൽ 4 ബില്യൺ ഡോളർ വരെയായും കുതിച്ചുയർന്നു. അർമേനിയൻ വ്യോമസേന തങ്ങളുടെ സുഖോയ്-30 യുദ്ധവിമാനങ്ങൾ ഇന്ത്യൻ നിർമ്മിത ആയുധങ്ങളും മിസൈലുകളും ഉപയോഗിച്ച് നവീകരിക്കാനും ഇന്ത്യൻ പൈലറ്റുമാരുടെ കീഴിൽ പരിശീലനം നേടാനും താല്പര്യം കാണിച്ചിട്ടുണ്ട്. ഇതിന് പുറമെ ആകാശ് മിസൈൽ സിസ്റ്റം, പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ, സ്വാതി വെപ്പൺ ലൊക്കേറ്റിംഗ് റഡാർ, എ.ടി.എ.ജി.എസ് 155എംഎം പീരങ്കികൾ, എ.എ.ൽ.എസ്-50 ലോയിറ്ററിംഗ് മ്യൂണിഷനുകൾ എന്നിവ അർമേനിയ ഇന്ത്യയിൽ നിന്ന് വാങ്ങിയിട്ടുണ്ട്. അസർബൈജാനെതിരായ പോരാട്ടത്തിൽ അർമേനിയയെ പിടിച്ചുനിർത്തിയത് ഇന്ത്യൻ ആയുധങ്ങളാണ്. അർമേനിയയ്ക്ക് ഇന്ത്യ ആയുധങ്ങൾ നൽകുന്നത് അസർബൈജാനേ മാത്രമല്ല തുർക്കിയേയും അസ്വസ്ഥത പെടുത്തുന്നുണ്ട്. മേഖലയിലെ നിർണായക സ്വാധീന ശക്തിയാകാനുള്ള തുർക്കിയുടെ സ്വപ്‌നങ്ങൾക്കാണ് ഇന്ത്യ കടകോൽ വെച്ചിരിക്കുന്നത്.
ജിയോ-എക്കണോമിക് യുദ്ധം
യൂറേഷ്യൻ വ്യാപാര പാതകളുടെ ഭൗമരാഷ്ട്രീയ നിയന്ത്രണത്തിനായി ഇന്ത്യയും തുർക്കിയും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇന്ത്യ, യു.എസ്, സൗദി അറേബ്യ, യു.എ.ഇ, യൂറോപ്യൻ യൂണിയൻ എന്നിവരുടെ പങ്കാളിത്തത്തോടെ 2023-ൽ പ്രഖ്യാപിച്ച 4,800 കിലോമീറ്റർ നീളമുള്ള ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തുർക്കിയെ പൂർണ്ണമായും ഒഴിവാക്കുന്ന ഒന്നാണ്. തങ്ങളുടെ ഭൂമിശാസ്ത്രപരമായ തന്ത്രപരമായ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയത്താൽ തുർക്കി ഇതിനെതിരായി ചൈനയുടെയും മധ്യേഷ്യൻ രാജ്യങ്ങളുടെയും പിന്തുണയോടെ 'മിഡിൽ കോറിഡോർ' എന്ന ട്രാൻസ്-കാസ്പിയൻ പാതയും ഇറാഖിലൂടെയുള്ള 'ഡെവലപ്മെന്റ് റോഡ്' പദ്ധതിയും ഉയർത്തിക്കൊണ്ടുവരുന്നു.
ഇന്ത്യയുടെ മെഡിറ്ററേനിയൻ, യൂറേഷ്യൻ തന്ത്രങ്ങൾ തുർക്കിയുടെ ഭൗമരാഷ്ട്രീയ വ്യാപ്തിയെ പരിമിതപ്പെടുത്തുന്നതിൽ മികച്ച ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ടെന്നാണ് നിലവിലെ വിലയിരുത്തലുകൾ. സൈപ്രസിലെയും ഗ്രീസിലെയും തന്ത്രപരമായ സാന്നിധ്യവും അർമേനിയയുമായുള്ള പ്രതിരോധ സഹകരണവും വഴി ഇന്ത്യയുടെ അത്യാധുനിക സൈനിക സാമഗ്രികൾക്ക് ആഗോള ആയുധ വിപണിയിൽ വിശ്വാസ്യത വർധിപ്പിക്കുകയും റഷ്യൻ, ചൈനീസ് വിപണികൾക്ക് ബദലായി ഇന്ത്യൻ വ്യവസായത്തെ മാറ്റുകയും ചെയ്തു. എന്നാൽ ഈ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ നടക്കുന്ന സംഘർഷങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർഥ്യമാകുന്നതിന് വലിയ വെല്ലുവിളി ഈ സംഘർഷം ഉയർത്തുന്നുണ്ട്. ഇതിനെ മറികടക്കാൻ ഇന്ത്യ കേവലം ഒരു സാമ്പത്തിക ഇടനാഴിയെ മാത്രം ആശ്രയിക്കാതെ, മെഡിറ്ററേനിയനിലെ ഗ്രീസ് പോലുള്ള സുഹൃദ് രാജ്യങ്ങളുമായി ഉഭയകക്ഷി പ്രതിരോധ ശൃംഖലകൾ വ്യാപിപ്പിക്കുകയും ഗൾഫ് പങ്കാളികളായ സൗദി അറേബ്യയുമായും യു.എ.ഇയുമായും തന്ത്രപരമായ സുരക്ഷാ സഹകരണം ശക്തമാക്കുകയും വേണം. ഇന്ത്യയുടെ ഈ ബഹുതല നയതന്ത്രം വരും ദശകങ്ങളിൽ യൂറേഷ്യൻ ഭൗമരാഷ്ട്രീയത്തിലെ നിർണായക ശക്തിയായി ഇന്ത്യയെ പ്രതിഷ്ഠിക്കുമെന്നതിൽ തർക്കമില്ല.
Content Highlights: Escalation of India-Turkey tensions following 2025 regional conflicts., India's strategic pivot to the 'Med Quad' (Greece, Cyprus, Israel)., Expansion of defense exports to Armenia as a counter-axis strategy., Impact of the India-Middle East-Europe-East (IMEC) corridor on regional power dynamics., India's shift from neutral diplomacy to assertive Eurasian engagement.
Published: 06 Jun 2026, 08:29 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented