അരി ഉത്പാദനത്തിൽ ആഗോള ആധിപത്യം ഊട്ടിയുറപ്പിച്ച് ഇന്ത്യ. ഡിസംബറിൽ പുറത്തുവന്ന യുഎസ്ഡിഎ (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ) കണക്കുകളും വ്യക്തമാക്കുന്നത് ഇന്ത്യ അരി ഉത്പാദനത്തിൽ മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ആഗോള അരി ഉത്പാദനത്തിൽ 28 ശതമാനമാണ് ഇന്ത്യയുടെ ഓഹരി. ദശാബ്ദങ്ങളായി ചൈന ആധിപത്യം പുലർത്തിയിരുന്ന ഒന്നാം സ്ഥാനത്തെയാണ് പത്ത് മാസത്തോളമായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുന്നത്. വരും മാസങ്ങളിലും ഇത് മുന്നോട്ടുകുതിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2025 ഡിസംബറിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ അരി ഉത്പാദനം 152 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. 146 ദശലക്ഷം മെട്രിക് ടണ്ണാണ് ചൈനയുടെ ഉത്പാദനം. കയറ്റുമതിയിലും വലിയ നേട്ടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഇന്ത്യ ചൈനീസ് ആധിപത്യത്തെ മറികടന്നത്? ഈ നേട്ടം നിലനിർത്താൻ ഇന്ത്യയ്ക്ക് മുന്നിൽ വെല്ലുവിളികളുണ്ടോ?

To advertise here,

അരിയിലെ ചൈനീസ് ആധിപത്യം

1990കൾക്ക് മുൻപുതന്നെ ആഗോള അരി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു ചൈന. 1990 മുതൽ 2000 വരെ പ്രതിവർഷം ശരാശരി 140 ദശലക്ഷം മെട്രിക് ടൺ അരിയാണ് ചൈന ഉത്പാദിപ്പിച്ചിരുന്നത്. 2024 വരെ ഇത് തുടർന്നു. പതിനായിരം വർഷങ്ങൾക്ക് മുൻപുതന്നെ ചൈന വലിയ തോതിൽ അരി ഉത്പാദനം നടത്തിയിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്. യാങ്‌സെ നദിക്കരയ്ക്ക് സമീപത്തെ മേഖലകളിലായിരുന്നു കൃഷി കൂടുതലുണ്ടായിരുന്നത്. എന്നാൽ അരി ഉത്പാദനത്തിൽ ഇന്ന് കാണുന്ന വളർച്ചയിലേക്ക് രാജ്യം എത്തുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള കാർഷിക വളർച്ചയ്‌ക്കൊപ്പമാണ്. 2000ന് ശേഷം ഉത്പാദനം ഗണ്യമായി വർധിച്ചു. സങ്കരയിനം നെൽ വിത്തുകളുടെ വികസനം, രാസവളങ്ങൾക്കും ജലസേചനത്തിനും നൽകുന്ന സബ്‌സിഡികൾ, വിള വർധനവ് ലക്ഷ്യമിട്ടുള്ള കാർഷിക പരിപാടികൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു ചൈന നടപ്പിലാക്കിയ പദ്ധതികൾ.

1970 മുതൽ പ്രോത്സാഹിപ്പിക്കപ്പെട്ട സങ്കരയിനം നെൽ വിത്തുകൾ നെൽചെടികളിൽ കൂടുതൽ ധാന്യങ്ങൾ ഉത്പാദിപ്പിച്ച് വിളവ് 20-30 ശതമാനം വരെയാണ് വർധിപ്പിച്ചത്. യുവാൻ ലോങ്പിംഗിന്റെ വിത്തുകളായിരുന്നു ചൈന പ്രയോഗിച്ചത്. സർക്കാർ പിന്തുണയോടെയുള്ള പുതിയ സങ്കരയിനം വിത്തുകൾ പ്രപാരത്തിലെത്തിയതോടെ ഉത്പാദനം കാര്യമായി തന്നെ വർധിക്കുകയും ചെയ്തു. 2000-2018 വരെയുള്ള കാലഘട്ടത്തിലാണ് ഈ വർധനവ് കാര്യമായി പ്രകടമായത്. രാസവളങ്ങൾ, കീടനാശിനികൾ, വെള്ളം തുടങ്ങിയ കാർഷികസംബന്ധിയായ മറ്റ് ഉത്പന്നങ്ങൾക്കുള്ള സബ്‌സിഡി 15 ശതമാനത്തിലേറെ വർധിപ്പിച്ചിരുന്നു. ഇത് മൊത്തത്തിലുള്ള നെല്ല് ഉത്പാദനത്തെ സ്വാധീനിച്ചു. 2021-2030 ഭക്ഷ്യ സുരക്ഷാ പദ്ധതിയും പഞ്ചവത്സര കാർഷിക പദ്ധതികളും ഉയർന്ന വിളവ് നൽകുന്ന കാർഷിക മാതൃകകൾ, യന്ത്രങ്ങളുടെ സംയോജനം, യാങ്സി നദി തടം പോലുള്ള മേഖലകളിലെ കൃഷി എന്നിവയ്ക്കാണ് ഊന്നൽ നൽകിയത്. ഇത് 2024 വരെ മികച്ച ഉത്പാദനം നിലനിർത്താൻ രാജ്യത്തെ സഹായിച്ചു.

ഇന്ത്യയുടെ നേട്ടം

ആഗോള അരി ഉത്പാദനത്തിൽ ചൈനയെ മറികടന്നതാണ് ഇന്ത്യയുടെ ഈ വർഷത്തെ നേട്ടം. ചൈനയെ ഇന്ത്യ മറികടന്നതായുള്ള കണക്കുകൾ 2025 മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് പുറത്തുവന്നത്. ഇന്ത്യ ആകെ 353.2 ദശലക്ഷം ടൺ എന്ന റെക്കോർഡ് ഭക്ഷ്യധാന്യങ്ങളായിരുന്നു ഉത്പാദിപ്പിച്ചത്. അതിൽ 149.07 ദശലക്ഷം ടൺ അരിയാണ്. ചരിത്രത്തിൽ ആദ്യമായി ചൈനയെ മറികടക്കുന്ന നേട്ടമാണ് ഇതിലൂടെ ഇന്ത്യ നേടിയത്. ഈ മാറ്റം അരി ഉത്പാദനത്തിലെ ഇന്ത്യയുടെ ആഗോള പങ്കാളിത്തം 27-28% ആയി ഉയർത്തി. രാജ്യം കയറ്റുമതിയും വർധിപ്പിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പാദനക്ഷമതയാണ് ഇന്ത്യയ്ക്ക് ഈ സ്ഥിതിയിലേക്ക് എത്താനുള്ള ഊർജം നൽകിയത്.

ആധുനിക കൃഷിരീതികൾ, മെച്ചപ്പെട്ട ജലസേചന സംവിധാനങ്ങൾ, കർഷകരെ പിന്തുണയ്ക്കുന്ന സർക്കാർ പദ്ധതികൾ, സബ്‌സിഡികൾ എന്നിവയുടെ ഫലമായാണ് ഇന്ത്യയുടെ നേട്ടം. ഉത്പാദനം വർധിച്ചത് മാത്രമല്ല, അരിയുടെ ഗുണമേന്മ മെച്ചപ്പെടുകയും ഇതിലൂടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ അരിയെ കൂടുതൽ മത്സരശേഷിയുള്ളതായി മാറുകയും ചെയ്തുവെന്ന് യുഎസ്ഡിഎ റിപ്പോർട്ട് വിശദീകരിക്കുന്നു.

തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ ആകെ അരി ഉത്പാദനത്തിലേക്ക് കൂടുതലായി സംഭാവന ചെയ്യുന്നത്. തെലങ്കാനയാണ് ഇതിൽ മുന്നിൽ. ജലസേചന പദ്ധതികളുടെയും നെല്ല് സംഭരണത്തിനുള്ള സർക്കാർ മേൽനോട്ടത്തിലുള്ള പ്രവർത്തനങ്ങളുടേയും ഫലമായാണ് തെലങ്കാന ആകെ ഉത്പാദനത്തിൽ ഏറ്റവും കൂടുതൽ പങ്കുള്ള സംസ്ഥാനമായത്. പശ്ചിമ ബംഗാൾ പോലുള്ള പരമ്പരാഗതമായി നെൽകൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ഫലഭൂയിഷ്ഠമായ ഗംഗാ സമതലങ്ങളും മൺസൂണുമാണ് നല്ല വിളവിന് പ്രയോജനകരമായത്. പഞ്ചാബ് ആകട്ടെ ചെറിയ വിസ്തൃതിയുണ്ടായിട്ടും ആധുനിക രീതികൾ പ്രയോജനപ്പെടുത്തി ഉയർന്ന വിളവ് നേടി. ഒഡിഷ, ബീഹാർ തുടങ്ങിയ കിഴക്കൻ സംസ്ഥാനങ്ങളും ആകെ ഉത്പാദനത്തിലേക്ക് 65 ലക്ഷം ടണ്ണിലധികം സംഭാവന നൽകി.

കയറ്റുമതിയിലും റെക്കോർഡ്, മുന്നിൽ ബസ്മതിയും

കയറ്റുമതിയിലും വലിയ മുന്നേറ്റമാണ് ഇന്ത്യൻ അരിക്ക് ഉണ്ടായിരിക്കുന്നത്. 172 രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് 2024-25 കാലയളവിൽ 450,840 കോടി രൂപ മൂല്യമുള്ള കാർഷിക വസ്തുക്കൾ കയറ്റുമതി ചെയ്തു. ഇതിന്റെ 24 ശതമാനവും അരിയായിരുന്നു. ബസ്മതി അരിയും ബസ്മതി ഇതര അരിയും കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യ ഒരു വർഷം കൊണ്ട് 105,720 കോടി രൂപയുടെ വിദേശനാണ്യമാണ് സ്വന്തമാക്കിയത്. വർധിച്ചുവരുന്ന ആഗോള ആവശ്യങ്ങളെ നിറവേറ്റിക്കൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുകയാണ് ഇന്ത്യയുടെ കാർഷികോത്പന്നങ്ങൾ, അതിൽ പ്രധാനിയാണ് അരി.

ലോകത്തിലെ ഏറ്റവും കൂടുതൽ ബസ്മതി അരി ഉത്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്. ബസ്മതി അരിയുടെ കയറ്റുമതി 50,000 കോടി രൂപ കവിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ബസ്മതി ഇനങ്ങൾക്ക് വ്യത്യസ്തമായ ഒരു വിപണിതന്നെ ലോകത്ത് രൂപപ്പെട്ടുവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ അരി ഉൽപ്പാദിപ്പിക്കുന്നതിനുള്ള റെക്കോർഡും ഇന്ത്യയ്ക്കുണ്ട്. പുസ ബസ്മതി-1121 എന്ന ഇനമാണത്. വേവിക്കാത്ത അരിക്ക് 9 മില്ലി മീറ്റർ വരെയാണ് നീളമുണ്ടാവുക. വേവിക്കുമ്പോൾ ഇത് 15 മുതൽ 22 മി.മി വരെ നീളം കൂടും. ബസ്മതിയെ കൂടാതെ ഏതാണ്ട് പതിനഞ്ചോളം ഇന്ത്യൻ നെൽവിത്തുകൾക്ക് ഭൗമസൂചികാ പദവിയുണ്ട്.

ഇന്ത്യയുടെ നേട്ടത്തിൽ തായ്‌വാനും പങ്ക്

ഇന്ത്യയുടെ നേട്ടത്തിൽ തയ്വാന്റെ സംഭാവനയും അനിഷേധ്യമാണ്. സ്വാതന്ത്ര്യസമയത്ത് ഇന്ത്യ പ്രതിവർഷം ഉത്പാദിപ്പിച്ചിരുന്ന 20.58 ദശലക്ഷം മെട്രിക് ടൺ അരിയുടെ അളവ് 2025 ആയപ്പോഴേയ്ക്കും 152 ദശലക്ഷം മെട്രിക് ടണ്ണായി ഉയർന്നതിന് പിന്നിൽ ഇന്ത്യൻ കർഷകരുടെയും ശാസ്ത്രജ്ഞരുടെയും കഠിനാധ്വാനം മാത്രമായിരുന്നില്ല. തായ്‌വാനും അതിൽ പങ്കുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കാലത്ത് ഇന്ത്യയുടെ പ്രതിവർഷ അരി ഉത്പാദനം 20.58 ദശലക്ഷം മെട്രിക് ടൺ മാത്രമായിരുന്നു. 2025 ആകുമ്പോഴേക്കും ഈ കണക്ക് 152 ദശലക്ഷം മെട്രിക് ടൺ ആയി ഉയർന്നു. 1960-കളിൽ ഇന്ത്യ ധാന്യക്ഷാമത്താൽ വലഞ്ഞിരുന്നു. നീളമുള്ള നെല്ല് ഇനങ്ങളിൽ കൃഷി പരിമിതമായിരുന്നു അക്കാലത്ത്. വിളവാകട്ടെ ഹെക്ടറിന് ഏകദേശം 800 കിലോ മാത്രമായിരുന്നു.അപ്പോഴേക്കും യൂറിയ രാസവളമായി അവതരിപ്പിക്കപ്പെട്ടിരുന്നു. വളത്തിന്റെയും അധിക ജലത്തിന്റെയും ഉപയോഗം ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുമെങ്കിലും അത് ഫലവത്താവണമെങ്കിൽ നിശ്ചിത വിത്തിനങ്ങൾ തന്നെ വേണ്ടിയിരുന്നു. അത് ഇന്ത്യയിൽ ഉണ്ടായിരുന്നില്ല.

വെള്ളവും വളവും പ്രയോഗിക്കുമ്പോൾ ഇന്ത്യൻ ഇനങ്ങളുടെ നീളമുള്ള കാണ്ഡത്തിന് പരിക്കേൽക്കുകയും ചെടികൾ ചരിഞ്ഞുവീഴാൻ തുടങ്ങുകയും ചെയ്തു. കൃഷി പ്രതിസന്ധിയിലാവാതിരിക്കണമെങ്കിൽ കുള്ളൻ ഇനങ്ങൾ പരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് രാജ്യത്തെ എത്തിച്ചു. ഈ ഘട്ടത്തിലാണ് തയ്വാൻ തങ്ങളുടെ കുള്ളൻ നെല്ല് ഇനമായ ടൈഷുങ് നേറ്റീവ്-1 (TN-1) നൽകാൻ സന്നദ്ധരായത്. ഈ വിത്തിനങ്ങൾ ഇന്ത്യൻ കാർഷിക രംഗത്ത് വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. കൃഷി പരിപാലനം താരതമ്യേനെ എളുപ്പമായി. ഉത്പാദനം കുതിച്ചുയർന്നു. ടൈഷുങ് നേറ്റീവ്-1 ഹരിതവിപ്ലവത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ലോകത്തിലെ ആദ്യത്തെ സെമി-ഡ്വാർഫ് നെല്ല് ഇനമായാണ് ഇതിനെ കണക്കാക്കുന്നത്.

IR-8 വിപ്ലവം

മറ്റൊരു കുള്ളൻ നെല്ല് ഇനമായ IR-8, ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വഴി 1968ലാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. നെല്ല് ഉത്പാദനത്തിൽ ദ്രുതഗതിയിലുള്ള വർധനവിനാണ് ഇത് വഴിതുറന്നത്. ഈ നെല്ലിനത്തിന്റെ വിപ്ലവകരമായ ഉത്പാദനക്ഷമത കാരണം മിറക്കിൾ റൈസ് (അത്ഭുത അരി) എന്നാണ് IR-8 അറിയപ്പെട്ടത്. 1969 മുതൽ ഇന്ത്യൻ ഗവേഷകർ ഇതിനെ ക്രോസ് ബ്രീഡ് ചെയ്യാൻ ആരംഭിച്ചു. IR-8 ഒഡിഷയിൽ ടൈഷുങ് നേറ്റീവ്-1 മായി ക്രോസ്-ബ്രീഡ് ചെയ്ത് 'ജയ' വികസിപ്പിച്ചെടുത്തു. ഇതാണ് ഇന്ത്യ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച കുള്ളൻ നെല്ല് ഇനം. ജയ വികസിപ്പിച്ചതോടെ കാണ്ഡത്തിന്റെ നീളം 150 സെന്റീമീറ്ററിൽ നിന്ന് 90 സെന്റീമീറ്റർ ആയി കുറഞ്ഞു, ഇത് ഉത്പാദനത്തിൽ കുതിച്ചുചാട്ടത്തിന് കാരണമായി. പിന്നീടും ഈ നെല്ലിനങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടന്നിരുന്നു. പിന്നെയങ്ങോട്ട് ഇന്ത്യയ്ക്ക് നെൽകൃഷിയിൽ പിന്തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

മുന്നിലുണ്ട് വെല്ലുവിളികൾ

നെല്ല് ഉത്പാദനത്തിലും കയറ്റുമതിയിലും ഒന്നാം സ്ഥാനത്തെത്തിയിട്ടും ഒരു പ്രധാന മേഖലയിൽ ഇന്ത്യ പിന്നിലാണ്. ഇന്ത്യയിൽ നെല്ല് കൃഷി ചെയ്യുന്ന വിസ്തൃതി കൂടുതലാണെങ്കിലും ഹെക്ടർ വിളവ് ചൈനയെ അപേക്ഷിച്ച് ഗണ്യമായി കുറവാണ്.കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 1950-51 കാലഘട്ടത്തിൽ ഇന്ത്യ ഹെക്ടറിന് 668 കിലോഗ്രാം നെല്ല് മാത്രമാണ് ഉത്പാദിപ്പിച്ചത്.

കുള്ളൻ ഇനങ്ങൾ അവതരിപ്പിച്ചതിനും വളങ്ങളുടെ ഉപയോഗം വർധിപ്പിച്ചതിനും ശേഷം 1975-76 ആയപ്പോൾ ഇത് 1,235 കിലോഗ്രാം ആയി ഉയർന്നു. 2000-01 ൽ ഹെക്ടറിന് 1,901 കിലോഗ്രാമും 2021-22 ൽ 2,809 കിലോഗ്രാമും ആയി വിളവ് ഉയർന്നു. 2025-26 ൽ ഇന്ത്യയുടെ ശരാശരി നെല്ല് വിളവ് ഹെക്ടറിന് 4,390 കിലോഗ്രാം എത്തുമെന്ന് യുഎസ്ഡിഎ പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, ഇത് ആഗോള ശരാശരിയേക്കാൾ താഴെയാണ്. ഇത് ആശങ്കയുളവാക്കുന്ന കണക്കുകളാണ്. ചൈനയുടെ ഉത്പാദന ക്ഷമതയായ, ഹെക്ടറിന് ഏകദേശം 7,100 കിലോഗ്രാം വിളവിന് തുല്യമായ ഉത്പാദനം ഇന്ത്യയിലും നടത്താൻ സാധിച്ചാൽ അത് ഇന്ത്യയെ സംബന്ധിച്ച നിർണായകമായ മാറ്റമായിരിക്കും. എന്നാൽ കൃഷിക്ക് ആവശ്യമായ ജലസേചന രീതികൾ ഇതിനെ ചോദ്യം ചെയ്യുന്നു. വലിയ അളവിൽ വെള്ളം ആവശ്യമുള്ള കൃഷിയാണ് നെല്ല്. ഇന്ത്യയുടെ റൈസ് ബാസ്‌ക്കറ്റുകൾ എന്നറിയപ്പെടുന്ന ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഭൂഗർഭജല ലഭ്യത കുറഞ്ഞതായുള്ള പഠനങ്ങൾ പുറത്തുവന്നിരുന്നു. ഒരു ദശാബ്ദം മുൻപ് ഏകദേശം 30 അടി താഴ്ചയിൽ ഭൂഗർഭജലം ലഭ്യമായിരുന്നെങ്കിൽ ഇപ്പോൾ 50 അടി വരെ താഴ്ചയിൽ മാത്രമാണ് വെള്ളം കണ്ടെത്താനാവുന്നതെന്ന് കർഷകർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത് കർഷകർക്കുള്ള ചെലവ് വർധിപ്പിക്കും. സബ്‌സിഡികൾ നൽകിക്കൊണ്ട് സർക്കാർ ഇത് നികത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം നെൽകൃഷിയുമായി മുന്നോട്ടുപോവാൻ കർഷകർ മടിക്കും.

ഉത്പാദനത്തിൽ നേട്ടമുണ്ടെങ്കിലും ഈ വളർച്ച നിലനിർത്താൻ ചില കാര്യങ്ങളിൽ ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. നെൽകൃഷി മേഖലയിലെ സമഗ്ര ഗവേഷണം, കർഷകർക്കുള്ള പിന്തുണ, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, കർഷക വിദ്യാഭ്യാസം തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധയും നിക്ഷേപവും വേണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസ്സുകളുടെ മാനേജ്മെന്റ് തുടങ്ങിയ വെല്ലുവിളികളെയും ഫലപ്രദമായി നേരിടേണ്ടതുണ്ട്.