തിരുവനന്തപുരം: രാജ്യത്ത് നെല്ലുൽപാദനം വർധിക്കുന്നത് ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിൻ്റെ ന്യായം കർഷകരോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ധാന്യോൽപാദനം ആവശ്യത്തിലധികമാണെന്ന് ചൂണ്ടിക്കാട്ടി, കേരളം നെൽകർഷകർക്ക് നൽകിവരുന്ന അധിക പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ട നടപടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കോർപ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം എഴുതിത്തള്ളാൻ മടിക്കാത്ത കേന്ദ്ര സർക്കാരാണ് കർഷകർക്ക് നൽകുന്ന ചെറിയ തുകയെ വലിയ ബാധ്യതയായി ചിത്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഉൽപാദന വർധനവിനെ ഒരു ഭാരമായി വ്യാഖ്യാനിച്ച് ബോണസ് നയം മാറ്റാൻ സംസ്ഥാനത്തിനുമേൽ സമ്മർദം ചെലുത്തുന്നത് കർഷകരോടും നാടിനോടുമുള്ള ശത്രുതാ മനോഭാവമാണ്. കേന്ദ്ര നിർദേശം നടപ്പിലാക്കിയാൽ സംസ്ഥാനത്തെ നെൽകർഷകർക്ക് കിലോയ്ക്ക് ആറ് രൂപയിലേറെ വരുമാനം കുറയുമെന്നും ഇത് വലിയ പ്രതിസന്ധിക്ക് വഴിവെക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്തോ-യുഎസ് വ്യാപാര കരാറിൻ്റെ ഭാഗമായി അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുക്കുന്നതിൻ്റെ ആദ്യപടിയാണോ ഈ നീക്കമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നെൽകർഷകർക്ക് നൽകേണ്ട കേന്ദ്ര വിഹിതംപോലും കൃത്യസമയത്ത് നൽകാതെയാണ് കേരളം നൽകുന്ന അധിക സഹായം നിർത്തലാക്കാൻ കേന്ദ്രം ആവശ്യപ്പെടുന്നത്. കർഷകരെ സംരക്ഷിക്കുന്ന നിലപാടിൽനിന്ന് സംസ്ഥാനം പിന്നോട്ടില്ലെന്നും കേന്ദ്രത്തിൻ്റെ ഈ വിചിത്രമായ വാദങ്ങൾ കർഷക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ധാന്യോൽപാദനം നിലവിൽ ആവശ്യത്തിലധികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നെൽകർഷകർക്ക് നൽകിവരുന്ന നെല്ലുസംഭരണ പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയത്തിലെ ചെലവുവിഭാഗം സെക്രട്ടറി വുവൽനാം, സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലകന് ഔദ്യോഗികമായി കത്തയച്ചു. നെല്ലിനും ഗോതമ്പിനും പകരം പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ചെറുധാന്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നാണ് കേന്ദ്ര നിർദ്ദേശം.
നെല്ല്, ഗോതമ്പ് എന്നിവയുടെ ഉൽപാദനത്തിന് മറ്റ് വിളകളേക്കാൾ കൂടുതൽ വെള്ളവും വളവും ആവശ്യമാണെന്നും ഇത് ഭൂഗർഭ ജലശോഷണത്തിനും മണ്ണിന്റെ പോഷകക്കുറവിനും ജൈവവൈവിധ്യ നഷ്ടത്തിനും കാരണമാകുമെന്നുമാണ് കേന്ദ്രത്തിൻ്റെ വാദം. ഇത്തരം അമിത ഉൽപാദനം പൊതുജനാരോഗ്യത്തിനും കാലാവസ്ഥാ പ്രതിരോധത്തിനും ഗുരുതര ഭീഷണിയാണെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. എന്നാൽ, കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്ക് പുറമെ കിലോയ്ക്ക് 6.31 രൂപ അധിക ബോണസ് നൽകിയാണ് സംസ്ഥാന സർക്കാർ നെൽകർഷകരെ സഹായിക്കുന്നത്.
Content Highlights: Kerala CM Pinarayi Vijayan criticizes the Centre`s stance that increased rice production is a burden, calling it an insult to farmers. The Centre wants Kerala to stop its bonus for rice farmers.
Published: 08 Feb 2026, 02:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented