മധ്യേഷ്യയുടെ ഹൃദയഭാഗത്താണ് അയ്‌നി സ്ഥിതി ചെയ്യുന്നത്. താജിക്കിസ്താൻ-അഫ്ഗാന് അതിര്ത്തിക്ക് സമീപത്താണ് ഇതിന്റെ സ്ഥാനം

താജിക്കിസ്താനിലെ അയ്നി വ്യോമതാവളവുമായി രണ്ടര പതിറ്റാണ്ട് നീണ്ട സൈനികബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ വിദേശ വ്യോമതാവളമായിരുന്നു അയ്നി. മധ്യേഷ്യൻ മേഖലയിലെ ഇന്ത്യയുടെ ദേശീയ സുരക്ഷ, നയതന്ത്രം, സൈനിക വ്യാപ്തി എന്നിവയ്ക്ക് നിർണായകമായിരുന്നു ഈ വ്യോമതാവളം. താജിക്കിസ്താനുമായുള്ള ഉഭയകക്ഷി കരാർ അവസാനിച്ചതിനെ തുടർന്നാണ് അയ്നിയിലെ പ്രവർത്തനങ്ങൾ ഇന്ത്യ അവസാനിപ്പിക്കുന്നത്. 2022 മുതൽ അയ്നിയിൽ നിന്ന് ഇന്ത്യ സൈനികരെ പിൻവലിക്കുകയും സൈനിക ഉപകരണങ്ങൾ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, സാന്നിധ്യം പൂർണമായും അവസാനിപ്പിച്ച കാര്യം ഈയടുത്താണ് പുറത്തുവന്നത്. ഇന്ത്യയുടെ നയപരമായ തീരുമാനത്തിനെതിരേ പ്രതിപക്ഷ പാർട്ടികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യോമതാവളം കൈയൊഴിഞ്ഞത് രാജ്യത്തിന്റെ തന്ത്രപരമായ താത്പര്യങ്ങൾക്ക് ദോഷകരമാകുമെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തിയത്. എത്രത്തോളം നിർണായകമായിരുന്നു ഇന്ത്യയ്ക്ക് അയ്‌നി എയർബേസ്? പ്രവർത്തനം അവസാനിപ്പിക്കുന്നത് രാജ്യത്തെ ബാധിക്കുമോ?
അയ്നി സൈനിക താവളം; തന്ത്രപ്രധാനം, നിർണായകം
ഗിസ്സാർ എയർ ബേസ് എന്നും അയ്നി എയർ ബേസ് അറിയപ്പെടുന്നുണ്ട്. താജിക്കിസ്താനിൽ സ്ഥിതി ചെയ്തിരുന്ന ഇന്ത്യയുടെ പൂർണ വിദേശ സൈനിക വ്യോമതാവളമായിരുന്നു. തലസ്ഥാനമായ ദുഷാൻബെയിൽ നിന്ന് ഏകദേശം 10-20 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണിത്. അഫ്ഗാനിസ്താന്റെ വഖാൻ ഇടനാഴിക്ക് സമീപത്താണ് അയ്‌നി എയർബേസ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയുടെആദ്യത്തെ വിദേശ സൈനിക വ്യോമതാവളം അയ്നി ആയിരുന്നില്ല, ഫർഖോർ ആയിരുന്നു ആദ്യത്തേതെങ്കിലും അയ്നി പൂർണസജ്ജമാവുന്നതിന് മുൻപേ തന്നെ ഇവിടെയുള്ള പ്രവർത്തനങ്ങൾ ചുരുക്കിയിരുന്നു. ലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ച് ഇന്ത്യ ഇവിടെ വികസനപ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും 2008ഓടെ പ്രവർത്തനങ്ങൾ നാമമാത്രമാക്കി. അയ്നിയിലേക്കായി പിന്നീടുള്ള ശ്രദ്ധ.
1930-കളിലാണ് സോവിയറ്റ് യൂണിയൻ സൈന്യം അയ്‌നി വ്യോമതാവളം നിർമിച്ചത് . സെൻട്രൽ ഏഷ്യൻ മിലിട്ടറി ജില്ലയുടെ (Central Asian Military District) പ്രധാന വ്യോമകേന്ദ്രമായിരുന്നു അയ്‌നി. 1979-1989 കാലഘട്ടത്തിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് ആക്രമണത്തിന്റെ ലോജിസ്റ്റിക് ഹബ്ബായി ഈ താവളം പ്രവർത്തിച്ചു. സോവിയറ്റ് വ്യോമസേനയുടെ പ്രധാന അടിത്തറയായിരുന്നെങ്കിലും അഫ്ഗാൻ യുദ്ധത്തിനുശേഷം അയ്‌നി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞു.
സോവിയറ്റ് യൂണിയൻ സൈന്യം പിൻവാങ്ങിയപ്പോൾ താജിക്കിസ്താൻ ഈ വ്യോമതാവളം ഏറ്റെടുത്തു. പക്ഷേ ഈ താവളത്തെ നല്ലരീതിയിൽ പ്രവർത്തിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയും 1992-1997ലെ ആഭ്യന്തരയുദ്ധവും മൂലം അയ്‌നി താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും നശിച്ചു. റൺവേകൾ, ഹാങ്ങറുകൾ എന്നിവ ഉപയോഗ്യമല്ലാതായി. ഒരു ഹെലികോപ്റ്റർ സ്‌ക്വാഡ്രൺ മാത്രം നിലനിർത്തിയിരുന്നെങ്കിലും പരിമിതമായ പ്രവർത്തനങ്ങൾ മാത്രമാണ് നടത്തിയിരുന്നത്.
1999ലെ കാർഗിൽ യുദ്ധത്തിനുശേഷം ഇന്ത്യ തങ്ങളുടെ മധ്യേഷ്യൻ മേഖലയിലെ സ്വാധീനം ശക്തിപ്പെടുത്താൻ തീരുമാനിച്ച കാലം കൂടിയായിരുന്നു അത്. 2001-ൽ താലിബാൻ അഫ്ഗാനിസ്ഥാനിലെ ഭരണം ഏറ്റെടുത്തപ്പോൾ അഫ്ഗാനിലെ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനായാണ് അയ്‌നി വ്യോമതാവളം ഇന്ത്യ ആദ്യമായി ഉപയോഗിക്കുന്നത്. 2002ൽ ഇന്ത്യ-താജിക്കിസ്താൻ-റഷ്യ ത്രിരാഷ്ട്ര പ്രതിരോധ ഉടമ്പടിയുടെ ഭാഗമായി അയ്‌നി വ്യോമതാവളം പുനർനിർമിക്കാനും സംയുക്തമായി പ്രവർത്തിപ്പിക്കാനുമുള്ള അനുമതി ഇന്ത്യയ്ക്ക് ലഭിച്ചു.
2002 മുതൽ ഇവിടെ ഇന്ത്യയുടെ നേതൃത്വത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) സഹായത്തോടെ റൺവേ 3,200 മീറ്ററായി വികസിപ്പിച്ചു, ഹാങ്ങറുകൾ, ഫ്യൂവൽ ഡിപ്പോകൾ, എയർ ട്രാഫിക് കൺട്രോൾ ടവർ, നാവിഗേഷൻ സാങ്കേതികവിദ്യകൾ എന്നിവ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇന്ത്യ ആദ്യഘട്ടത്തിൽ നടത്തിയത്. ഏകദേശം 70-100 മില്യൺ ഡോളറാണ് ഇന്ത്യ ഇതിനായി ചെലവഴിച്ചത്. 2010ൽ ഔദ്യോഗിക ഉദ്ഘാടനം നടന്നു.
താജിക്കിസ്താൻ സ്വാധീനം നിലനിർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് സംയുക്ത ഉപയോഗാവകാശമുള്ളതായിരുന്നു കരാർ. എയർബേസിന്റെ പ്രവർത്തനങ്ങൾ ഏറ്റവും സജീവമായിരുന്ന കാലത്ത് ഇന്ത്യ ഏകദേശം 200 സൈനികരെയും സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളെയും ഇവിടെ വിന്യസിച്ചിരുന്നു. Mi17 ഹെലികോപ്റ്ററുകൾ, Su-30 പോലുള്ള യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ ശേഷിയുണ്ട്. 2011 മുതൽ റഷ്യയും അയ്‌നി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
അയ്‌നി വ്യോമതാവളത്തിന്റെ പ്രാധാന്യമെന്ത്?
മധ്യേഷ്യയുടെ ഹൃദയഭാഗത്താണ് അയ്‌നി സ്ഥിതി ചെയ്യുന്നത്. ചൈന, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവയോട് അതിർത്തി പങ്കിടുന്ന താജിക്കിസ്താൻ-അഫ്ഗാൻ അതിർത്തിക്ക് സമീപത്താണ് ഇതിന്റെ സ്ഥാനം. മധ്യേഷ്യയിൽ ഇന്ത്യയ്ക്ക് ഒരു സൈനിക സ്വാധീനം നൽകിയിരുന്ന കേന്ദ്രമായിരുന്നു അയ്‌നി എയർബേസ്. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, അടിയന്തര സാഹചര്യങ്ങളെ നേരിടൽ, സൈനിക ശക്തിപ്രകടനം എന്നിവയ്ക്ക് അയ്‌നി ഇന്ധനവും വേഗതയും നൽകിയിരുന്നു. ചൈനയുടെ സിൻജിയാങ് പ്രവിശ്യ, പാക് അധീന കശ്മീർ മേഖല എന്നിവയോടും അയ്നി സാമീപ്യം പുലർത്തി. അതിനാൽ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് മേൽ സുരക്ഷാനിരീക്ഷണവും പ്രതിരോധവും ഉറപ്പിക്കാൻ അയ്‌നി ഇന്ത്യയ്ക്ക് കഴിവ് നൽകി.
അഫ്ഗാനിസ്താനിലേക്കുള്ള ഇന്ത്യയുടെ പ്രവേശന കവാടം കൂടിയായിരുന്നു ഇത്. താലിബാൻ ഭരണത്തിനു മുമ്പ് (2001-2021) ഇന്ത്യ ഇവിടെ നിന്ന് അഫ്ഗാനിലേക്ക് സൈനിക സഹായം, ചരക്കുനീക്കം, വൈദ്യസഹായം എന്നിവ നൽകിയിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (BRI) കീഴിലുള്ള ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഒരു ഭാഗം ഈ മേഖലയിലൂടെ കടന്നുപോകുന്നുണ്ട്.
താജിക്കിസ്താനുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള മാർഗം കൂടിയായിരുന്നു അയ്‌നി വ്യോമതാവളം. ഇത് നവീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമൊപ്പം താജിക്കിസ്താന്റെ വികസനത്തിനും ഇന്ത്യ കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. താജിക്കിസ്താന്റെ സൈനിക ആശുപത്രി പുതുക്കി നിർമിച്ചതും സൈനിക ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചതുമടക്കം താജിക്കിസ്താനുമായി ഇന്ത്യ സൈനിക-സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തി. ഷാങ്ഹായ് കോ-ഓപ്പറേഷനിലടക്കം ഇന്ത്യയ്ക്ക് സ്വാധീനം വർധിപ്പിക്കാൻ അംഗരാജ്യമായ താജിക്കിസ്താനുമായുള്ള സഹകരണം സഹായിച്ചിട്ടുണ്ട്.
ചൈനയുടെ സിൻജിയാങ് പ്രവിശ്യയിൽ നിന്ന് 300 കിലോമീറ്ററിൽ താഴെ മാത്രമാണ് അയ്‌നിയിലേക്കുള്ള ദൂരം. ഗിൽഗിത്- ബാൾട്ടിസ്താൻ മേഖലയോട് സാമീപ്യമുള്ള ഈ മേഖല ഇന്ത്യയുടെ നോർത്ത്-വെസ്റ്റ് ഫ്രോണ്ടിയർ സുരക്ഷയ്ക്ക് നേരിട്ട് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള മേഖലയാണ്. ഇന്ത്യയ്ക്ക് ഇത് നിരീക്ഷിക്കാനുള്ള കേന്ദ്രമായി കൂടി അയ്‌നി പ്രവർത്തിച്ചിരുന്നു.

ഇന്ത്യയ്ക്ക് തന്ത്രപരമായ നഷ്ടങ്ങളുണ്ടോ?
2022-ൽ താജിക്കിസ്താനുമായുള്ള ഉഭയകക്ഷി കരാർ അവസാനിച്ചതിനാലാണ് ഇന്ത്യ അയ്നി വ്യോമതാവളത്തിൽ നിന്ന് തങ്ങളുടെ സൈനികരെയും സൈനിക സാമഗ്രികളും പതിയെ മാറ്റിത്തുടങ്ങിയത്. ഇന്ത്യ പൂർണമായും പിൻവാങ്ങുന്നതോടെ അയ്‌നിയിലൂടെ ലഭിച്ച തന്ത്രപരമായ സ്വാധീനവും ഇന്ത്യയ്ക്ക് നഷ്ടപ്പെടുകയാണ്. അസ്ഥിരമായ ഈ പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അയ്‌നി ഇന്ത്യയ്ക്ക് തന്ത്രപരമായ ഒരു മേൽക്കൈ നൽകിയിരുന്നു. എന്നാൽ പിൻവാങ്ങുന്നതിലൂടെ ഈ മേഖലയ്ക്ക് സമീപത്ത് രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനുമുള്ള ഇന്ത്യയുടെ കഴിവ് പരിമിതപ്പെടും. ചൈന, പാകിസ്താൻ, അഫ്ഗാനിസ്താനിലെ തീവ്രവാദ ഗ്രൂപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവര ശേഖരണവും പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനോ ഇന്ത്യയ്ക്ക് കൂടുതൽ പ്രവർത്തിക്കേണ്ടി വരും.
നിർണായക ഘട്ടങ്ങളിൽ സഖ്യകക്ഷികളെ അതിവേഗം പിന്തുണയ്ക്കാനുള്ള കഴിവും പരിമിതപ്പെടുത്തുകയാണ്. അയ്‌നിയുടെ സ്ഥാനം ഇന്ത്യയ്ക്ക് മധ്യേഷ്യൻ സഖ്യകക്ഷികൾക്ക് സഹായം എത്തിക്കാൻ വേഗത നൽകിയിരുന്നു. അഫ്ഗാനിസ്താനിൽ താലിബാനെതിരെ നിലകൊണ്ടിരുന്ന നോർത്തേൺ അലയൻസിനെ പിന്തുണയ്ക്കാൻ അയ്‌നി എയർബേസ് ഉപയോഗിച്ചിരുന്നു. കൂടാതെ, 2021-ൽ താലിബാൻ അഫ്ഗാന്റെ നിയന്ത്രണം തിരിച്ചുപിടിച്ചപ്പോൾ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനും ഇത് പ്രധാന പങ്ക് വഹിച്ചു.
അയ്‌നിയിൽ നിന്നുള്ള പിൻവാങ്ങലിനെ ഈ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ചൈനയും റഷ്യയുമായുള്ള മത്സരത്തിൽ ഇന്ത്യയുടെ സ്വാധീനം കുറയ്ക്കുന്നതായി വിലയിരുത്തലുകളുണ്ട്. ഈ മേഖലയിൽ വിദേശ സൈനിക താവളങ്ങൾ നിലനിർത്തുന്ന അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ വൻശക്തികളുമായുള്ള ബലാബലം അയ്‌നിയിൽ നിന്നുള്ള പിൻവാങ്ങലോടെ ഇല്ലാതാകും. മാത്രമല്ല, ഇന്ത്യയുടെ പിന്മാറ്റം മധ്യേഷ്യയിൽ ചൈനയുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക സ്വാധീനം വർധിപ്പിക്കുന്നതിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നു.
അയ്നിയിലെ ഇന്ത്യയുടെ സൈനിക സാന്നിധ്യം ചൈനയ്ക്ക് തന്ത്രപരമായ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുറമുഖ ശൃംഖലയായ സ്ട്രിങ് ഓഫ് പേൾസിലൂടെ ഇന്ത്യൻ മഹാസമുദ്രമേഖലയിൽ സ്വാധീനം വർധിപ്പിക്കുകയാണ് ചൈന. ഇതിനുള്ള മറുപടിയായി മധ്യേഷ്യയിൽ ഇന്ത്യ വർധിപ്പിച്ച സ്വാധീനമായി അയ്‌നി എയർബേസിനെ കണക്കാക്കിയിരുന്നു. ഈ പിന്മാറ്റത്തിലൂടെ ഇന്ത്യയ്ക്ക് നിർണായകമായ ഒരു ആയുധം കൂടിയാണ് നഷ്ടമാവുന്നത്. താജിക്കിസ്താനിൽ ചൈനയ്ക്ക് സൈനിക താവളങ്ങൾ ഉണ്ട്. അയ്‌നിയിൽ നിന്ന് ഇന്ത്യ പോകുമ്പോൾ ചൈനയ്ക്ക് ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കാം. ഒപ്പം കസാഖിസ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ സ്വാധീനവും ദുർബലമാകും.
എന്തിനാണ് അയ്‌നിയിൽ നിന്ന് ഇന്ത്യ പിൻവാങ്ങുന്നത്?
2022 മുതലാണ് അയ്‌നിയിൽ നിന്ന് ഇന്ത്യ പിന്മാറിത്തുടങ്ങിയത്. താജിക്കിസ്താനുമായുള്ള കരാർ കഴിഞ്ഞതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. 2022ന് ശേഷം കരാർ പുതുക്കില്ലെന്ന് നേരത്തെ തന്നെ താജിക്കിസ്താൻ ഇന്ത്യയെ അറിയിച്ചിരുന്നു. 2022 ഓഗസ്റ്റ് മാസത്തോടെ ഇന്ത്യ പിന്മാറ്റവും ആരംഭിച്ചു. 2023ൽ റഷ്യൻ സൈന്യം അയ്‌നി വ്യോമതാവളത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്തു. അയ്‌നിയിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയിട്ട് മൂന്ന് വർഷം പിന്നിടുമ്പോൾ, 2025 ഒക്ടോബറിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
റഷ്യ, ചൈന തുടങ്ങിയ പ്രധാന പ്രാദേശിക ശക്തികളിൽ നിന്ന് താജിക് സർക്കാരിന് മേലുണ്ടായ സമ്മർദ്ദമാണ് ഈ പിൻവാങ്ങലിന് കാരണമായതെന്ന് പറയപ്പെടുന്നു. അയ്‌നിയിലെ ഇന്ത്യയുടെ സാന്നിധ്യത്തെ ഈ സഖ്യം എതിർത്തിരുന്നു. മധ്യേഷ്യയെ തന്ത്രപരമായ സ്വാധീന മേഖലയായി കാണുന്ന രാജ്യമാണ് റഷ്യ. ഇന്ത്യ പോലൊരു ശക്തി ഈ മേഖലയിൽ സ്വതന്ത്ര സൈനിക താവളം സ്ഥാപിക്കുന്നതിൽ റഷ്യയ്ക്ക് ആശങ്കകളുണ്ടായിരുന്നു. ഇന്ത്യ, അമേരിക്കയുമായും മറ്റ് പാശ്ചാത്യരാജ്യങ്ങളുമായും അടുപ്പം വർധിപ്പിക്കുന്നത് റഷ്യയുടെ ആശങ്കകൾ വർധിപ്പിച്ചു.
താജിക്കിസ്താനുമായി അതിർത്തി പങ്കിടുന്ന ചൈനയ്ക്കും ഇന്ത്യയ്ക്ക് മേൽ ഇതേ ആശങ്കകളുണ്ട്. അസ്ഥിരത നിലനിൽക്കുന്ന ചൈനീസ് മേഖലയായ സിൻജിയാങ് പ്രവിശ്യയോട് അടുത്തായിരുന്നു ഇന്ത്യ അയ്‌നി വ്യോമതാവളം പ്രവർത്തിപ്പിച്ചിരുന്നത്. ഇത് ചൈനയ്ക്ക് അസ്വസ്ഥതയുണ്ടാക്കി. പ്രത്യേകിച്ച് ഭൗമരാഷ്ട്രീയ തർക്കങ്ങളും വിലപേശലുകളും രൂക്ഷമായ ഈ സാഹചര്യത്തിൽ. ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിലൂടെ താജിക്കിസ്താനിലും ചൈന നിക്ഷേപിച്ചിട്ടുണ്ട്. ഇത് ചൈനയ്ക്ക് താജിക്കിസ്താനിൽ സ്വാധീനം നൽകിയിരുന്നു. ഇന്ത്യയുമായുള്ള കരാർ പുതുക്കാതിരിക്കാൻ താജിക്കിസ്താനെ സമ്മർദത്തിലാക്കാൻ ഇതിലൂടെ റഷ്യയ്ക്കും ചൈനയ്ക്കും സാധിച്ചു.
റഷ്യൻ സുരക്ഷാ ഉറപ്പുകളെയും ചൈനീസ് നിക്ഷേപങ്ങളെയും ആശ്രയിക്കുന്ന താജിക്കിസ്താന് ഈ രണ്ട് ശക്തികളുടെ സംയുക്ത സമ്മർദ്ദത്തെ ചെറുക്കാൻ കഴിവില്ലായിരുന്നു. താജിക്കിസ്താൻ ചൈനയിൽ നിന്ന് മൂന്ന് ബില്യൺ ഡോളർ കടം വാങ്ങിയിട്ടുണ്ട്. ഇതിന് പുറമേ റഷ്യയെയും ഇവർ സാമ്പത്തികമായി ആശ്രയിക്കുന്നുണ്ട്. ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള സമ്മർദം തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യയ്ക്കൊപ്പം നിൽക്കാൻ നിലവിൽ താജിക്കിസ്താന് സാധിക്കില്ല. തത്ഫലമായി ഇന്ത്യയ്ക്ക് തങ്ങളുടെ ഏക വിദേശ സൈനിക താവളം നഷ്ടമായി. ഇത് മധ്യേഷ്യയിൽ സൈനിക സ്വാധീനം ചെലുത്താനുള്ള ഇന്ത്യയുടെ കഴിവിലും കാര്യമായ മാറ്റം വരുത്തുകയാണ്.
Content Highlights: India ends its 2-decade military ties with Tajikistan`s Ayni airbase. A major setback for India`s security & influence in Central Asia. Explore the implications.
Published: 12 Nov 2025, 12:02 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented