
ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി കയറ്റുമതി നടത്താന്‍ ബംഗ്ലാദേശിനു നല്‍കിയിരുന്ന ട്രാന്‍സ്ഷിപ്‌മെന്റ് അനുമതി പിന്‍വലിച്ചത് കഴിഞ്ഞ ദിവസമാണ്. ഉടനടി പ്രാബല്യത്തില്‍ വന്ന ഈ നടപടി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളായതിന്റെ സൂചനയാണ്. വസ്ത്രക്കയറ്റുമതി പ്രധാനവരുമാന മാര്‍ഗ്ഗമായിട്ടുള്ള ബംഗ്ലാദേശിന് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാന്‍ വേണ്ടത്ര ശേഷിയും സജ്ജീകരണങ്ങളുമില്ലാത്ത ആഭ്യന്തര തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരും.
ഇന്ത്യയുടെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ബംഗ്ലാദേശി ചരക്കുനീക്കം ഉണ്ടാക്കുന്ന ഗണ്യമായ തിരക്കാണ് അനുമതി റദ്ദാക്കുന്നതിനു കാരണമായി വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടിയത്. തിരക്ക് ഇന്ത്യന്‍ കയറ്റുമതി വൈകിക്കുകയും ചെലവുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്ന് വിദേശമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ബംഗ്ലാദേശ് കയറ്റുമതിക്ക് തടസ്സമുണ്ടാവുകയില്ല. ലോകവ്യാപാര സംഘടനയുടെ നിബന്ധന പ്രകാരം സമുദ്രാതിര്‍ത്തി ഇല്ലാത്ത രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതി തടസ്സപ്പെടുത്താന്‍ പാടില്ലല്ലോ.
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ പ്രൊഫ. മുഹമ്മദ് യൂനുസ് സമീപകാലത്ത് നടത്തിയ പ്രകോപനങ്ങളുടെ പരമ്പരയാണ് ഇന്ത്യയില്‍ നിന്നും ഈ തിരിച്ചടി വിളിച്ചുവരുത്തിയത് എന്നത് വ്യക്തമാണ്. ബംഗ്ലാദേശിനെ സൃഷ്ടിച്ച ഇന്ത്യ തന്നെയാണ് മറ്റാര്‍ക്കും നല്‍കാത്ത സൗജന്യങ്ങള്‍ മുഖാന്തിരം ദക്ഷിണേഷ്യയിലെ ശ്രദ്ധേയമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായി വളരാന്‍ അവരെ സഹായിച്ചതും. മദ്യവും പുകയിലയും ഒഴികെയുള്ള മിക്കവാറും ബംഗ്ലാദേശി ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവയില്ല, ഇപ്പോഴും! പക്ഷേ, എല്ലാത്തിനും പരിധി ഉണ്ടാവുമല്ലോ. അതില്‍ ഒരിക്കലും ലംഘിക്കാന്‍ പാടില്ലാത്തവയുണ്ട്. വടിയെടുക്കാന്‍ യൂനുസ് ഇന്ത്യയെ നിര്‍ബന്ധിതമാക്കുകയായിരുന്നു. ഇന്ത്യയുടെ ക്ഷമയെ പരീക്ഷിച്ചാല്‍ കൂടുതല്‍ സൗജന്യങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. എങ്കിലും ഇന്ത്യ നയതന്ത്രത്തിന്റെ വഴി അടച്ചിട്ടില്ല.
യൂനുസിന്റെ കൈവിട്ട കളിയും കോഴിക്കഴുത്തും
കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാങ്കോക്കില്‍ ബിംസ്റ്റെക്ക് ഉച്ചകോടിയില്‍ വച്ച് യൂനുസുമായി കൂടിക്കാഴ്ച നടത്തിയത്. അധികാരമേറ്റ ശേഷം യൂനുസ് പലതവണ കൂടിക്കാഴ്ചയ്ക്കായി ശ്രമിച്ചിരുന്നെങ്കിലും ഇന്ത്യ വഴങ്ങിയിരുന്നില്ല. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ മോദി ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു; ഇന്ത്യയില്‍ കഴിയുന്ന മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു കിട്ടണമെന്ന് യൂനുസ് ആവശ്യപ്പെട്ടു. ചര്‍ച്ച വിജയമായിരുന്നു എന്നാണ് ബംഗ്ലാദേശ് പറഞ്ഞത്. പക്ഷേ ശക്തമായ ഭാഷയിലാണ് മോദി യൂനുസിനോട് സംസാരിച്ചുവെന്ന് വേണം അനുമാനിക്കാന്‍, പരിധികള്‍ ലംഘിക്കരുത് എന്ന് മുന്നറിയിപ്പു നല്‍കിയെന്നും സൂചനയുണ്ട്.
ശക്തമായ ഈ പ്രതികരണത്തിന് കാരണമായത് മാര്‍ച്ച് അവസാനം ചൈനാസന്ദര്‍ശനത്തിനിടെ യൂനുസ് നടത്തിയ ചില പ്രയോഗങ്ങളാണ്. ആദ്യത്തെ പ്രസ്താവന നമുക്കറിയുന്നതാണ്- ഇന്ത്യയുടെ ഏഴു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്- സപ്തസഹോദരിമാര്‍- കടല്‍ത്തീരമില്ല, ബംഗാള്‍ ഉള്‍ക്കടലിന്റെ ഏക കാവലാള്‍ തങ്ങളാണ്, സമ്പദ്‌വ്യവസ്ഥയെ ബംഗ്ലാദേശിലേക്ക് വ്യാപിപ്പിക്കാന്‍ ചൈനയ്ക്ക് സ്വാഗതം! അതായത്, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ബംഗ്ലാദേശിലേക്ക് എത്താന്‍ ചൈനയ്ക്ക് ക്ഷണം. അത് അന്നു തന്നെ ഇന്ത്യയില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായിരുന്നു.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തീസ്ത നദീജലത്തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. സിക്കിമില്‍ നിന്ന് ഉത്ഭവിച്ച് പശ്ചിമബംഗാളിലൂടെ ബംഗ്ലാദേശിലെ ലാല്‍മൊനീര്‍ഹാട്ട് ജില്ലയിലേക്ക് ഒഴുകുന്നതാണ് നദി. ഇന്ത്യയുടെ ജലവിനിയോഗ രീതികളാണ് ബംഗ്ലാദേശില്‍ വലിയതോതില്‍ വെള്ളപ്പൊക്കവും വരള്‍ച്ചയും ഉണ്ടാക്കുന്നത് എന്ന് ബംഗ്ലാദേശ് ആരോപിക്കുന്നു. യൂനുസ് തീസ്താ നദീജലത്തിന്റെ സമഗ്രമായ മാനേജ്‌മെന്റിനും വീണ്ടെടുപ്പിനുമുള്ള പദ്ധതിയുടെ നടത്തിപ്പിന് ചൈനീസ് കമ്പനികളെ ക്ഷണിച്ചു. തൊട്ടു പിന്നാലെ, മാര്‍ച്ച് 30-ന്, യൂനുസ് ചൈനീസ് ഉദ്യോഗസ്ഥരെ തീസ്താതീരത്തെ ബംഗ്ലാദേശ് പട്ടണമായ രംഗ്പുരിലേക്ക് ക്ഷണിച്ചു. പരിപാടിയില്‍ സംബന്ധിച്ച നൂറുകണക്കിന് നാട്ടുകാര്‍ ചൈനയെ പദ്ധതിയില്‍ പങ്കാളിയാക്കണമെന്ന് മുദ്രാവാക്യം വിളിച്ചു. ഇന്ത്യയെ വടക്കുകിഴക്കുമായി ബന്ധിപ്പിക്കുന്ന കഷ്ടിച്ച് 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള സിലിഗുരി ഇടനാഴിയില്‍-കോഴിക്കഴുത്തില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രം അകലെ ചൈനീസ് സഹകരണമുള്ള പദ്ധതിക്കുള്ള ബംഗ്ലാദേശ് നീക്കം ഇന്ത്യയെ ഞെട്ടിച്ചു. കോഴിക്കഴുത്തിനടുത്തേക്ക് ചൈനയെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ അതിനെ കാണാനാവൂ.
വടക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശിലെ ലാല്‍മൊനീര്‍ഹാട്ട് വിമാനത്താവളം ചൈനീസ് സഹകരണത്തോടെ പുനരുജീവിപ്പിക്കാന്‍ ബംഗ്ലാദേശ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പത്തു കിലോമീറ്റര്‍ മാത്രം അകലെ, ചിക്കന്‍നെക്കില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. പദ്ധതിക്ക് ഒരു പാകിസ്ഥാനി കമ്പനിയെ സബ് കോണ്‍ട്രാക്ടറായി വച്ചതായും റിപ്പോര്‍ട്ടുണ്ട്. അതായത് ഇന്ത്യാവിരുദ്ധമായ ചൈന-പാകിസ്താൻ-ബംഗ്ലാദേശ് ത്രികക്ഷി സഖ്യം ഇന്ത്യയുടെ അതിര്‍ത്തിയോടു ചേര്‍ന്ന്, നിര്‍ണായകമായ ചിക്കന്‍നെക്കിനു തൊട്ടടുത്ത് വിമാനത്താവളം സജ്ജമാക്കുകയാണ്. ഇന്ത്യയ്ക്ക് യുദ്ധതന്ത്രപരമായ വലിയ ഭീഷണിയും ബാധ്യതയുമാണിത്. ചൈനയുടെ ജെ-20 പോലുള്ള പോര്‍വിമാനങ്ങളും നിരീക്ഷണ ഡ്രോണുകളും മറ്റും എത്തിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ക്കൊക്കെ താവളം ഭീഷണിയാവും.
രാജ്യത്ത് നടക്കുന്ന ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധങ്ങളെയും പ്രകടനങ്ങളെയും യൂനുസ് പിന്തുണയ്ക്കുന്നതായുള്ള ആരോപണവും കാര്യങ്ങള്‍ വഷളാക്കുന്നു. ഇടക്കാലസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജമാഅത്തെ ഇസ്ലാമി, ഹിഫാസത്തെ ഇസ്ലാം തുടങ്ങിയ മതസംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ പതിവാണ്. 2025 ഫെബ്രുവരിയിലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഹിന്ദുക്കള്‍ക്കെതിരെ വ്യാപകമായ അക്രമം നടത്തുന്നതായി പറയുന്നു. ആദ്യമൊക്കെ യൂനുസ് ന്യൂനപക്ഷപീഡന റിപ്പോര്‍ട്ടുകളെ അതിശയോക്തിപരമെന്നു പറഞ്ഞു നിഷേധിച്ചിരുന്നുവെങ്കിലും യു.എന്‍ റിപ്പോര്‍ട്ട് അതു പോളിച്ചു.
കഴിഞ്ഞയാഴ്ച ധാക്കയില്‍ ഗാസയ്ക്കും ഹമാസിനും അനുകൂലമായി വമ്പന്‍ റാലികള്‍ നടന്നു ഏപ്രില്‍ ഏഴാം തീയതി അമേരിക്കന്‍ എംബസി നൂറുകണക്കിന് ആള്‍ക്കാര്‍ വളഞ്ഞു. കെന്‍ടക്കി ഫ്രൈഡ് ചിക്കന്‍ പോലുള്ള അമേരിക്കയുമായി ബന്ധപ്പെട്ട ബിസിനസുകളെ അവര്‍ ആക്രമിച്ചു. ചില പ്രതിഷേധക്കാര്‍ നാസി കൊടികള്‍ വീശി, പലസ്തീന്‍, ഹമാസ് കൊടികള്‍ പേറിയ അവരില്‍ ചിലര്‍ നാസി മാതൃകയില്‍ അഭിവാദ്യം ചെയ്തു. ഇടയില്‍ ചില ഐസിസ് കൊടികളും കാണപ്പെട്ടതായി എക്‌സിലെ ചില പോസ്റ്റുകളില്‍ കാണുന്നു.

കരുതലോടെ ഇന്ത്യ
ഇന്ത്യ കഴിഞ്ഞ ആഗസ്തിലാണ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടത്. അന്നുതൊട്ടിന്നോളം നിരവധി പ്രകോപനങ്ങളുണ്ടായെങ്കിലും ഇന്ത്യ സംയമനം പാലിക്കുകയായിരുന്നു. അതേസമയം, പ്രകോപനങ്ങള്‍ പിടിവിട്ടു പോയാല്‍ ഉണ്ടാകാവുന്ന അടിയന്തിര സാഹചര്യങ്ങള്‍ക്ക് മുന്നൊരുക്കവും നടത്തിയിട്ടുണ്ട് ഇന്ത്യ. ഈ വര്‍ഷമാദ്യം തന്നെ ചിക്കന്‍നെക്കിന് സമീപം റഷ്യന്‍ നിര്‍മ്മിത എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങളും റഫാല്‍ പോര്‍വിമാനങ്ങളും അണിനിരത്തി. ഈ സജ്ജീകരണങ്ങള്‍ക്ക് ബംഗ്ലാദേശില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നു ഉണ്ടാകാനിടയുള്ള ആക്രമണങ്ങളില്‍ നിന്നും സിലിഗുരി ഇടനാഴിയെ രക്ഷിക്കാനാകും.
അതുപോലെ പ്രധാനപ്പെട്ടതാണ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് പാസാക്കിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് നിയമം, 2025. ഇന്ത്യയിലെത്തുന്ന എല്ലാ വിദേശികളുടെയും വിശദവിവരങ്ങള്‍ ശേഖരിക്കാനും അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ദേശീയസുരക്ഷയെ ശക്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള നിയമം അനധികൃത കുടിയേറ്റത്തിന് കടുത്ത ശിക്ഷ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം ദശലക്ഷങ്ങളാണ്. ഇന്ത്യ ധര്‍മശാലയല്ല എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം ഒരു സൂചനയാണ്. കഴിഞ്ഞ മൂന്നുമാസമായി രാജ്യമെമ്പാടും അനധികൃത കുടിയേറ്റക്കാരെയും രോഹിംഗ്യകളെയും കണ്ടെത്താന്‍ തിരച്ചില്‍ നടക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ക്ക് സഹായം നല്‍കുന്ന നിരവധി റാക്കറ്റുകളെയും പോലീസ് അഴികള്‍ക്കുള്ളിലാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ ജന്മനാടുകളിലേക്ക് ഇന്ത്യ തിരിച്ചയച്ചാല്‍ ബംഗ്ലാദേശ് വലയും. ഇക്കാര്യം മനസ്സിലുള്ളതു കൊണ്ടാണ് അമേരിക്ക ഇന്ത്യക്കാരെ നാടുകടത്തിയപ്പോള്‍ ഇന്ത്യ മൗനം പാലിച്ചത് എന്നു ശ്രുതിയുണ്ട്.
ദശകങ്ങളായി തുടരുന്ന സാമ്പത്തികസഹകരണം കാരണം ബംഗ്ലാദേശി ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഏറെക്കുറെ സൗജന്യപ്രവേശനമാണ്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ചണം, മീന്‍ തുടങ്ങിയവയുടെ കയറ്റുമതി ഉദാഹരണം. ബംഗ്ലാദേശ് പരുത്തിക്ക് ഇന്ത്യ തീരുവ വര്‍ദ്ധിപ്പിച്ചതായി ഊഹാപോഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ട്രംപ് പറയുന്നതു പോലത്തെ ഒരു മര്യാദകേട് ബംഗ്ലാദേശ് ഇന്ത്യയോടു കാട്ടുന്നുണ്ട്- ഇന്ത്യന്‍ പരുത്തിക്ക് 25 ശതമാനം ഇറക്കുമതിത്തീരുവ അവര്‍ ചുമത്തുന്നു. ഇന്ത്യ പകരച്ചുങ്കം ചുമത്തിയാല്‍ ബംഗ്ലാദേശ് പെടും.
ട്രാന്‍സ്ഷിപ്പ്‌മെന്റ് അനുമതി നിഷേധിച്ചത് ബംഗ്ലാദേശ് വഴി ഇന്ത്യയെ വലയം ചെയ്യാമെന്ന ചൈനീസ് മോഹത്തിനു തിരിച്ചടിയാണ്. വളരുന്ന ബംഗ്ലാ-ചൈന ബന്ധത്തെ ദുര്‍ബലമാക്കുന്ന നടപടിയിലൂടെ മേഖലയിലെ നിയന്ത്രണം കൈമാറാന്‍ ഉദ്ദേശ്യമില്ലെന്നു ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നു. എങ്കിലും യൂനുസ് മുന്നോട്ടുവെച്ചിട്ടുള്ള പദ്ധതികള്‍- തീസ്ത, ലാല്‍മൊനീര്‍ഘാട്ട് വിമാനത്താവളം, 90 കോടി ഡോളറിന്റെ പദ്ധതികള്‍- ചൈനയുടെ മോഹിപ്പിക്കുന്നതാണ്. ഇന്ത്യയിലെ മികച്ച തുറമുഖങ്ങളും വിമാനത്താവളങ്ങളും വഴിയാണ് ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങള്‍ മധ്യപൂര്‍വേഷ്യ, യൂറോപ്പ് തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരുന്നത്.
ട്രംപ് ഇന്ത്യയ്ക്ക് പ്രഖ്യാപിച്ച പകരത്തീരുവയെക്കാള്‍ (26%) കൂടുതലാണ് ബംഗ്ലാദേശിന് അടിച്ചു കൊടുത്തിട്ടുള്ളത് (37%). ഭരണമാറ്റത്തെ തുടര്‍ന്ന് നിരവധി ഫാക്ടറികള്‍ അടച്ചുപൂട്ടിയതും ആഗോളമാന്ദ്യം കാരണം ഓര്‍ഡറുകള്‍ കുറഞ്ഞതും കാരണം ഇപ്പോള്‍ തന്നെ രാജ്യത്തെ വസ്ത്രവ്യാപാര രംഗം പ്രതിസന്ധിയിലാണ്. ചൈനയാണെങ്കില്‍ ട്രംപിന്റെ 125 ശതമാനം പകരത്തീരുവയുടെ മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. അമേരിക്കന്‍ വിപണി അടഞ്ഞാല്‍ ഇന്ത്യയുടെ അതിവേഗം വളരുന്ന ആഭ്യന്തര വിപണി തുറന്നു കിട്ടിയില്ലെങ്കില്‍ വ്യാളി നടുവൊടിഞ്ഞ് കിടപ്പാവും. അതു മുന്നില്‍ കണ്ട് കുറച്ചുകാലമായി ഇന്ത്യയെ വശത്താക്കാന്‍ നോക്കുന്നുണ്ട് ചൈന. ഗ്ലോബല്‍ സൗത്തിലെ വികസ്വരരാജ്യങ്ങളായ ഇന്ത്യയും ചൈനയും അമേരിക്കന്‍ പകരച്ചുങ്കത്തിനെതിരെ ഒരുമിച്ചു നില്‍ക്കണമെന്നു പോലും അവര്‍ പറയുന്നു! ഇന്ത്യയുമായുള്ള വ്യാപാരമിച്ചം സന്തുലിതമാക്കാമെന്ന ഓഫറും അവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
പിന്‍തൊഴി: ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഡീപ് സ്റ്റേറ്റിന്റെ സ്വന്തം ആളായിരുന്നു യൂനുസ്. ട്രംപ് വന്നപ്പോള്‍ യു.എസ് എയ്ഡിന്റെ കടപൂട്ടി, പണത്തിന്റെ വഴിയടച്ചു. ദാരിദ്ര്യം, പണപ്പെരുപ്പം, ന്യൂനപക്ഷപീഡനം, പ്രക്ഷോഭങ്ങള്‍. രാജ്യം അസ്ഥിരമായിരിക്കുന്നു, പട്ടാളം അസ്വസ്ഥവും. വായ്പ തിരിച്ചടക്കാന്‍ പോലും പണമില്ല. പിച്ചച്ചട്ടിയുമായി ലോകതലസ്ഥാനങ്ങള്‍ കയറിയിറങ്ങുന്ന 82-കാരന്‍ യൂനുസിന് എത്രയുംവേഗം തിരഞ്ഞെടുപ്പു നടത്തി സ്ഥാനമൊഴിയണമെന്നുമില്ല. അധികാരം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് അദ്ദേഹം രാജ്യത്തെ ചൈനയ്ക്കു സമര്‍പ്പിക്കാന്‍ നീക്കം നടത്തുന്നത്. അമേരിക്കന്‍ അനുഭവത്തില്‍ നിന്ന് യൂനുസ് പഠിച്ചിരുന്നെങ്കില്‍, വന്‍കിടരാജ്യങ്ങള്‍ക്ക് സ്വന്തം താല്‍പ്പര്യങ്ങളാണ് ഏറ്റവും പ്രധാനമെന്നും പകരച്ചുങ്ക വെല്ലുവിളിയെ നേരിടാന്‍ വേണ്ടിവന്നാല്‍ അവര്‍ ബംഗ്ലാദേശിനെ ഇന്ത്യയ്ക്കു വില്‍ക്കുമെന്നും മനസ്സിലാകുമായിരുന്നു!
Content Highlights: India Revokes Bangladesh Transit Permit
Published: 10 Apr 2025, 07:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented