
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വലിയ മഞ്ഞുരുകലിന്റെ കാലമാണ് പുറമേക്ക്. ഏറ്റവും പുതിയ കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നിഷ്ടപ്രകാരം മറ്റു രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന തീരുവയാണ്. ഇന്ത്യയ്ക്കും ബ്രസീലിനും മേലാണ് ഏറ്റുമധികം തീരുവഭാരം- 50 ശതമാനം വീതം. ചൈനയ്ക്ക് 30 ശതമാനമാണ്. ഇനിയും വര്‍ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. എന്തായാലും ഇരുരാജ്യങ്ങളും തമ്മില്‍ താല്‍ക്കാലികമായെങ്കിലും ഒരു സമാന തരംഗദൈര്‍ഘ്യം ഉണ്ടാക്കുന്നതില്‍ ട്രംപ് വിജയിച്ചു എന്നുവേണം കരുതാന്‍.
ചൈന ഇന്ത്യയുടെ കടുത്ത നിലപാടിനോട് യോജിക്കുക മാത്രമല്ല വിട്ടുകൊടുക്കരുത് എന്ന് പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷൂ ഫെയ്ഹോങ് 'തെമ്മാടി' അമേരിക്കയ്ക്ക് ഒരിഞ്ചുപോലും വഴങ്ങരുതെന്ന് അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ച നമ്മുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് ഗജ-വ്യാളി (യഥാക്രമം ഇന്ത്യയുടെയും ചൈനയുടെയും പ്രതീകങ്ങള്‍) നൃത്തം സാധ്യമാക്കാന്‍ പ്രവര്‍ത്തിക്കാമെന്ന് ചൈനയുടെ ഉപരാഷ്ട്രപതി ഹാങ് ഷെങ് പറഞ്ഞത് സത്യമാവുകയാണോ?
ട്രംപ് സൃഷ്ടിച്ച നിവൃത്തികേടുകള്‍ കാരണം ഒരുമിക്കാന്‍ നിര്‍ബന്ധിതരായാല്‍ കൂടി ഇന്ത്യയും ചൈനയും തമ്മിലുള്ള ആലിംഗനത്തില്‍ ആത്മാര്‍ത്ഥതയുണ്ടാവില്ല. അത് നാം ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടു. കഴിഞ്ഞയാഴ്ച തെക്കന്‍ ചൈനാ കടലില്‍ ഇന്ത്യയും ഫിലിപ്പീന്‍സും ഒരുമിച്ചു നടത്തിയ സംയുക്ത നാവിക പട്രോളില്‍ ചൈനയും അത് കണ്ടു. ശനിയാഴ്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ഫിലിപ്പീന്‍സിനെ കടന്നാക്രമിച്ചതിലും അതിന്റെ നിഴലുകള്‍ കാണാവുന്നതാണ്. ഫിലിപ്പീന്‍സ് പ്രസിഡണ്ട് ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ഡല്‍ഹി സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നതാണ് ഗ്ലോബൽ ടൈംസിന്റെ മുഖപ്രസംഗം.
ഇന്ത്യയും ഫിലിപ്പീന്‍സും ബ്രഹ്‌മോസും
തായ്വാൻ പ്രശ്നത്തില്‍ ഒരു സമ്പൂര്‍ണയുദ്ധം ഉണ്ടായാല്‍ ഫിലിപ്പീന്‍സിന് വിട്ടുനില്‍ക്കാന്‍ പറ്റില്ലെന്നും പങ്കെടുക്കാന്‍ നിര്‍ബന്ധിതരാവുമെന്നും പ്രസിഡണ്ട് മാര്‍ക്കോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ഭൗതികവും ഭൂമിശാസ്ത്രപരവുമായ സാമീപ്യവും തായ്വാനില് വലിയ തോതില്‍ ഫിലിപ്പിനോകള്‍ ജോലി ചെയ്യുന്നതുമാണ് കാരണം-അദ്ദേഹം സൂചിപ്പിക്കുന്നു. ഫിലിപ്പീന്‍സിന്റെ യഥാര്‍ത്ഥലക്ഷ്യം തായ്വാൻ പ്രശ്നത്തില്‍ സജീവമായി ഇടപെടുകയും അമേരിക്കയുടെ സേവപിടിക്കുകയുമാണെന്നും തങ്ങളുടെ രാഷ്ട്രീയമായ കണക്കുകൂട്ടലുകളെ മാനുഷിക പ്രശ്നത്തിന്റെ പേരില്‍ മറച്ചുപിടിക്കുകയുമാണെന്നും ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.
ചൈനാ- ഫിലിപ്പീന്‍സ് ബന്ധത്തിന്റെ രാഷ്ട്രീയ അടിത്തറയെ അട്ടിമറിക്കാനും തായ്വാൻ കടലിടുക്കില്‍ സംഘര്‍ഷം കുത്തിപ്പൊക്കാനുമുള്ള മനപ്പൂര്‍വമായ ശ്രമത്തിനുള്ള അപകടകരമായ സൂചനയാണ് മാര്‍ക്കോസ് ഇന്ത്യയില്‍ നടത്തിയ പരാമര്‍ശമെന്ന് ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗം പറയുന്നു. ചൈനയെ പ്രകോപിപ്പിക്കുന്നത് ഗുണത്തിനല്ല. യുദ്ധമുണ്ടായാല്‍ ഇടപെടാതിരിക്കാന്‍ നിവൃത്തിയില്ലെന്ന പരാമര്‍ശം സ്വയം സാക്ഷാത്കരിക്കുന്ന പ്രവചനമാവുമെന്നും പ്രദേശത്തെ അസ്ഥിരതയ്ക്ക് തിരികൊളുത്തുന്ന ഇടമാവുമെന്നും പത്രം ഭീഷണി മുഴക്കുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഇന്ത്യയും ഫിലിപ്പീൻസും തമ്മില്‍ ചരിത്രത്തില്‍ ആദ്യമായി തെക്കന്‍ ചൈന കടലില്‍ സംയുക്ത നാവിക പട്രോളിങ് നടത്തിയത്. ഫിലിപ്പീന്‍സ് പ്രത്യേക സാമ്പത്തിക മേഖലയില്‍ രണ്ടു ദിവസം നീണ്ടുനിന്ന അഭ്യാസത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് യാനങ്ങള്‍ പങ്കെടുത്തു. അഭ്യാസം വലിയ വിജയമാണെന്ന് ഫിലിപ്പീന്‍സിന്റെ സൈനികമേധാവി ജനറല്‍ റോമിയോ ബ്രോണര്‍ പറഞ്ഞു. ഓപ്പറേഷനെ ഏതാണ്ട് 25 നോട്ടിക്കല്‍ മൈലുകള്‍ക്ക് പിന്നിലായി ചൈനീസ് കപ്പലുകള്‍ പിന്തുടര്‍ന്നുവെന്നും മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രസിഡന്റ് മാര്‍ക്കോസിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് സമാന്തരമായിട്ടായിരുന്നു ഈ വലിയ നാവികാഭ്യാസം.
സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ പ്രധാനപ്പെട്ട പ്രതിരോധ സഹകരണക്കരാറുകളില്‍ ഒപ്പുവച്ചു. പ്രത്യേകിച്ച് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളുടെ കാര്യത്തില്‍. ഇരുരാജ്യങ്ങളും അന്താരാഷ്ട്ര മാരിടൈം നിയമത്തെ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു പറഞ്ഞു. അന്താരാഷ്ട്രചട്ടങ്ങള്‍ ലംഘിക്കുന്ന ചൈന തെക്കന്‍ ചൈനാ കടലിനു സമീപത്തെ ഫിലിപ്പീന്‍സ് അടക്കമുള്ള രാജ്യങ്ങളുടെ സ്വത്തുക്കളില്‍ അവകാശമുന്നയിക്കുകയും കൃത്രിമ ദ്വീപുകള്‍ നിര്‍മിക്കുകയും അവകാശത്തര്‍ക്കമുള്ള ചില പവിഴദ്വീപുകളില്‍ സൈന്യത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ കടലില്‍ ചൈന ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്ക് നിയമപരമായ അടിസ്ഥാനമില്ലെന്ന് 2016-ല്‍ വിധി വന്നിരുന്നു. തെക്കന്‍ ചൈനാ കടലിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇന്ത്യ അനുകൂലിക്കുന്നു. അതിന്റെ ഭാഗമായിരുന്നു സംയുക്ത പട്രോളിങ്. അത് ചൈനയ്ക്ക് രസിക്കില്ലെന്നത് വ്യക്തമാണ്.
പ്രശ്നവുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ വേണം അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ ഇടപെടേണ്ടത് എന്നാണ് ചൈനയുടെ വിദേശകാര്യമന്ത്രാലയം പറയുന്നത്. ഇന്ത്യയെയാണ് വിമര്‍ശിക്കുന്നതെന്ന് വ്യക്തം. ചൈനയുടെ സതേണ്‍ തിയേറ്റര്‍ കമാന്‍ഡ്, ഫിലിപ്പീന്‍സ് പുറത്തുനിന്നുള്ള ശക്തികളെ വിളിച്ചുകൊണ്ടുവന്ന് പ്രാദേശിക സ്ഥിരതയെ തുരങ്കം വയ്ക്കുകയാണെന്ന് ആരോപിച്ചു, പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ആരോപിക്കുകയും പ്രകോപനങ്ങള്‍ക്കെതിരെ ഉറച്ച നടപടികള്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കി. ഗ്ലോബല്‍ ടൈംസ് സംയുക്ത പട്രോളിങിനെയോ ഇന്ത്യയെയോ നേരിട്ട് പരാമര്‍ശിക്കുന്നില്ല. എങ്കിലും, ഇന്ത്യയുമായി ഫിലിപ്പീന്‍സ് കൂടുതല്‍ അടുക്കുന്നതിലെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതാണ് എഡിറ്റോറിയല്‍.
ഇന്ത്യയും ചൈനയും ഇണ പിരിയാത്ത ശത്രുക്കള്‍
നമുക്കറിയാവുന്നതുപോലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന് കടുത്ത സംഘര്‍ഷങ്ങളുടെ വലിയ ചരിത്രമുണ്ട്. 1962-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന യുദ്ധമാണ് ഇതില്‍ ഏറ്റവും വലുത്. ഏറ്റവും ഒടുവിലത്തെ സംഭവം 2020-ല്‍ ഗാല്‍വന്‍ താഴ്വരയില്‍ നടന്ന ഏറ്റുമുട്ടലും. ദീര്‍ഘനാളത്തെ സംഘര്‍ഷത്തിനു ശേഷം അതിര്‍ത്തികളില്‍നിന്ന് പഴയ സ്ഥാനങ്ങളിലേക്ക് തിരിച്ചുപോകാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചെങ്കിലും യഥാര്‍ത്ഥ നിയന്ത്രണരേഖ ഇപ്പോഴും സംഘര്‍ഷഭരിതമാണ്. അവിടെ ഇരുരാജ്യങ്ങളും ഗണ്യമായ തോതില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നു. ഇപ്പോഴും ചൈനയുടെ 'മുത്തുമാലതന്ത്രം' സജീവമാണ്. ഇന്ത്യയ്ക്ക് ചുറ്റുമുള്ള നിര്‍ണായക സ്ഥാനങ്ങളില്‍ ചൈനീസ് സ്വാധീനകേന്ദ്രങ്ങള്‍ ഉണ്ടാക്കി ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന തന്ത്രം. പുതിയ കാലത്ത് ഇന്ത്യയും ചില ബദല്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. മുമ്പാരോ പറഞ്ഞതു പോലെ, കഠാരി പിന്നിലൊളിപ്പിച്ചു കെട്ടിപ്പിടിക്കുന്ന ശീലം ചൈനയ്ക്കുണ്ടെന്ന് ഇന്ത്യയ്ക്ക് നന്നായറിയാം. ഓപ്പറേഷന്‍ സിന്ദൂരിലും നാമതു കണ്ടു..
സാമ്പത്തികമായി നോക്കിയാല്‍ 2024-ല്‍ ചൈനയും ആയിട്ടുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 85 ബില്യണ്‍ ഡോളറാണ്. ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി. അതേസമയം, നിര്‍ണായക മേഖലകളിലെ ചൈനീസ് നിക്ഷേപത്തിനും കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നതിനും എതിരായ നടപടികള്‍ കാണിക്കുന്നത് ചൈനയുടെ മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള ഇന്ത്യന്‍ ശ്രമങ്ങളെയാണ്. രാഷ്ട്രീയമായി നോക്കിയാല്‍, ഇന്ത്യയുടെ ക്വാഡ് അംഗത്വവും അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള പ്രതിരോധ പങ്കാളിത്തങ്ങളും ചൈനയെ ഉദ്ദേശിച്ചുള്ളതാണ്.
എസ്സിഒയും ബ്രിക്സും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് വേദിയൊരുക്കുന്നു. ഈ രണ്ടു കൂട്ടായ്മകളും വ്യത്യസ്തമായ മുന്‍ഗണനകള്‍ ഉള്ളവയാണ്. ഇതില്‍ ആദ്യത്തേതില്‍ ചൈനയ്ക്കു വലിയ മുന്‍തൂക്കമുണ്ട്. ബ്രിക്സില്‍ ഇന്ത്യയുടെ വാക്കുകള്‍ക്ക് കൂടുതല്‍ ബലമുണ്ട്, അവിടെയും ചൈന സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും. ബ്രിക്സിനു സ്വന്തം കറന്‍സി വേണമെന്ന് ചൈന നിര്‍ദേശിച്ചിരുന്നു. ഇന്ത്യയും റഷ്യയും വഴങ്ങിയില്ല. ഇന്ത്യ നോക്കുന്നത് തന്ത്രപരമായ സ്വാതന്ത്ര്യമാണ്. ഇപ്പോള്‍ ഇത്തിരി ഔട്ട് ഓഫ് ഫാഷനായ ചേരിചേരാനയം.
ഗജ-വ്യാളീ നൃത്തത്തിന്റെ സാധ്യതകള്‍ കെടുത്തുന്ന പ്രധാനപ്പെട്ട കാരണങ്ങള്‍ ഇവയാണ്:
1. വ്യത്യസ്തമായ ഭരണക്രമങ്ങളും രാഷ്ട്രീയലക്ഷ്യങ്ങളും. ഇന്ത്യയില്‍ ജനാധിപത്യമാണ്, ചൈനയില്‍ ഏകകക്ഷി ഭരണവും. ദീര്‍ഘകാലാടിസ്ഥാനത്തില്‍, കേന്ദ്രം ഏകോപിപ്പിക്കുന്ന വിദേശനയം ചൈനയ്ക്ക് സാധ്യമാണ്. ഇന്ത്യയില്‍ നയത്തിന്റെ കാര്യത്തില്‍ അസ്ഥിരതകളുണ്ടാകാറുണ്ടെങ്കിലും പരമാധികാരത്തിലും സ്വാതന്ത്ര്യത്തിലും വിട്ടുവീഴച ചെയ്യാറില്ല. ചൈന പലപ്പോഴും രാജ്യരക്ഷയെയും വ്യാപാരത്തെയും വെവ്വേറെ കാണാനിഷ്ടപ്പെടുന്നു. ഇന്ത്യ അങ്ങനെയല്ല. അതിര്‍ത്തിയില്‍ സൈനികര്‍ മുഖാമുഖം നില്‍ക്കുമ്പോള്‍ പതിവുപോലെ കച്ചവടം നടത്തുന്നത് ശരിയല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
2. ഭൂമിശാസ്ത്രപരം- ഇന്ത്യയും ചൈനയും തമ്മില്‍ അതിദീര്‍ഘമായ അതിര്‍ത്തിയുണ്ട്, അതില്‍ വലിയൊരു ശതമാനം തര്‍ക്കത്തിലുമാണ്. ഒരാളുടെ നേട്ടം മറ്റേയാളിന്റെ നഷ്ടമാവുന്ന സാഹചര്യം.
3. വ്യത്യസ്തമായ ഭൗമരാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍. ഇന്ത്യ ക്വാഡിലംഗമാണ്, ചൈന പാകിസ്താനൊപ്പമാണ്. ഫിലിപ്പീന്‍സിന് ബ്രഹ്‌മോസ് നല്‍കിയ ഇന്ത്യ വിയറ്റ്നാം, ഇന്‍ഡോനീഷ്യ, മലേഷ്യ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്നു.
ഇപ്പോഴത്തെ സമ്മര്‍ദ്ദങ്ങള്‍ക്ക് അയവുണ്ടായാല്‍, ഇന്ത്യയും ചൈനയും തമ്മിലുള്ള 'ഊഷ്മള' ബന്ധത്തിന് അവസാനമാവും. ഹിമാലയന്‍ അതിര്‍ത്തിയിലോ തെക്കന്‍ ചൈനാ കടലിലോ സംഘര്‍ഷമുണ്ടായാല്‍ കരുതലോടെയുള്ള സഹവര്‍ത്തിത്വത്തിന്റെ ഭൂതകാലം തിരിച്ചെത്തും! ആനയും വ്യാളിയും തമ്മില്‍ നൃത്തത്തിന് തയ്യാറാണെങ്കിലും സംഘര്‍ഷത്തിന്റെ സംഗീതം മുഴങ്ങുമ്പോള്‍ താളം പിഴച്ചേക്കും!
Content Highlights: Exploring the complex dynamics between India and China in the wake of US tariffs
Published: 09 Aug 2025, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented