
രാജ്യം, 'ഐ.സി 814: ദി കാണ്ഡഹാർ ഹൈജാക്ക്' എന്ന നെറ്റഫ്ളിക്സ് പരമ്പര ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പരമ്പരയില്‍ ചിത്രീകരിക്കുന്ന ചില കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയാണ് എന്നാണ് ഒരു വിമര്‍ശനം. വിമാനം തട്ടിയെടുത്തവരുടെ യഥാര്‍ഥ പേരുകള്‍ പറയുന്നതിന് പകരം അവര്‍ വിമാനറാഞ്ചലിനിടെ ഉപയോഗിച്ച ഭോല, ശങ്കര്‍, ഡോക്ടര്‍, ചീഫ്, ബര്‍ഗര്‍ തുടങ്ങിയ കള്ളപ്പേരുകള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്, അത് യഥാര്‍ഥ തീവ്രവാദികളെ വെള്ളപൂശാന്‍ വേണ്ടിയാണ് എന്നതാണ് ഒരു വിമര്‍ശനം. മറ്റു വളച്ചൊടിക്കലുകളും ആരോപിക്കുന്നുണ്ട്. ചിത്രത്തിന്റെ പിന്നണിക്കാര്‍ ആരോപണം തള്ളിക്കളയുന്നു. സര്‍ഗാത്മകമായ ചില മാറ്റങ്ങളേയുള്ളൂ, സത്യത്തോട് അടുത്തു നില്‍ക്കുന്നതാണ് ആഖ്യാനമെന്ന് അവര്‍ പറയുന്നു.
എന്തായാലും വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ളിക്സ് അധികൃതരെ വിളിച്ചുവരുത്തി സംസാരിക്കുകയും രാജ്യത്തെ പൊതുവികാരം വ്രണപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പരമ്പരയില്‍ പ്രദര്‍ശിപ്പിക്കുന്ന ഡിസ്ക്ലെയ്മറില് തീവ്രവാദികളുടെ യഥാര്‍ഥ പേരുകള്‍ ഉള്‍പ്പെടുത്തി. പക്ഷേ, ഇന്ത്യയില്‍ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളൂവെന്നാണ് ഇപ്പോഴത്തെ വിമര്‍ശനം. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത പരമ്പരയിലെ പല ഭാഗങ്ങളും തീവ്രവാദികളെയും പാകിസ്താനെയും നല്ല രീതിയിലാണ് ചിത്രീകരിക്കുന്നത് എന്നും ഒരു യാത്രക്കാരനെ കൊല്ലുകയും നിരവധി പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നിഷ്ഠൂരരായ തീവ്രവാദികളെ മനുഷ്യപ്പറ്റും സഹൃദയത്വവും ഉള്ളവരായി അവതരിപ്പിക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
ആരോപണങ്ങളും മറുപടികളുമൊക്കെ ഇനിയുമുണ്ടാവും. 25 വര്‍ഷം മുമ്പായിരുന്നു അത്. ക്രിസ്മസ് തണുപ്പില്‍ ഭയാശങ്കകള്‍ നീറിപ്പുകഞ്ഞ, 1999 ഡിസംബര്‍ 24-ന് ആരംഭിച്ച് പുതുവര്‍ഷത്തലേന്ന് സമാപിച്ച, ഏഴു ദിവസം നീണ്ട ആ വിമാനറാഞ്ചല്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി. അതിന്റെ അന്ത്യം രാജ്യത്തിന് ഒരിക്കലും മറക്കാത്ത ചില വ്രണങ്ങള്‍ സമ്മാനിച്ചു. അതിന്റെ വിശദാംശങ്ങളിലേയ്ക്ക്.

വിമാനറാഞ്ചല്‍
ഡിസംബര്‍ 24-ന് ഉച്ചയ്ക്ക് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കാന്‍ ഒരുങ്ങുകയായിരുന്നു ഐ.സി 814 എന്ന എയര്‍ബസ് 300 വിമാനം. 11 ജീവനക്കാര്‍ ഉള്‍പ്പെടെ 179 പേരായിരുന്നു വിമാനത്തിനുള്ളില്‍. നാലുമണിയായപ്പോള്‍ എല്ലാവരും ഇരുന്നുകഴിഞ്ഞു.
ഏതാണ്ട് 4.39 ആയപ്പോള്‍ വിമാനത്തിന്റെ കോക്പിറ്റിലേക്ക് മുഖംമൂടി ധരിച്ച ഒരാള്‍ ഇടിച്ചുകയറി. പൈലറ്റ് ദേവീശരണിനൊപ്പം ഉണ്ടായിരുന്ന ഫ്ളൈറ്റ് എന്‍ജിനീയര്‍ അനില്‍ കെ ജഗ്ഗിയ പറയുന്നത് ഇങ്ങനെ: എന്തോ കുഴപ്പമുണ്ടെന്ന് തോന്നി, കാരണം അയാള്‍ മുഖം മറച്ചിരുന്നു. ധരിച്ചിരുന്ന മങ്കി ക്യാപ്പിനകത്തെ കണ്ണുകള്‍ പോലും ഫോട്ടോക്രോമാറ്റിക് ലെന്‍സുകള്‍ കൊണ്ട് മറച്ചിരുന്നു. അയാളുടെ ഇടംകയ്യില്‍ ഗ്രനേഡും വലംകയ്യില്‍ തോക്കും ഉണ്ടായിരുന്നു. 'ആരും അനങ്ങരുത്, വിളവെടുക്കരുത്' എന്ന് അയാള്‍ മുന്നറിയിപ്പ് നല്കി. അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം റാഞ്ചിയതായി പ്രഖ്യാപിച്ചു.
വൈകിട്ട് 4.56-ന് വിമാനം റാഞ്ചിയതായി ഡല്‍ഹിയിലെ എയര്‍ ട്രാഫിക് കണ്ട്രോളിന് (എ.ടി.സി) വിവരം കിട്ടി. ക്യാപ്റ്റന്‍ ശരണ്‍ റാഞ്ചികള്‍ കാണാതെ രഹസ്യസന്ദേശം അയക്കുകയായിരുന്നു. ലാഹോറിലേക്ക് വിമാനം കൊണ്ടുപോകണം എന്നതായിരുന്നു റാഞ്ചികളുടെ ആവശ്യം. പക്ഷേ, ലാഹോറില്‍ ഇറങ്ങാന്‍ അവിടത്തെ എ.ടി.സി അനുവാദം നിഷേധിച്ചതോടെ വിമാനം രാത്രി ഏഴ് മണിയോടെ അമൃത്സറില് ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കണമെന്ന് റാഞ്ചികള്‍ ആവശ്യപ്പെട്ടു. കഴിയുന്നത്ര നേരം വിമാനം അവിടെ പിടിച്ചുനിര്‍ത്തണമെന്ന് ഇന്റലിജന്‍സ് അധികൃതര്‍ വിമാനത്താവളത്തിലെ ചുമതലക്കാരോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ആകെ പരിഭ്രാന്തരായിരുന്നു. 45 മിനിറ്റ് നേരത്തോളം വിമാനം അമൃത്സറില് ഉണ്ടായിരുന്നെങ്കിലും ആ സമയം മുതലെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
വിമര്‍ശകര്‍ രാഷ്ട്രീയനേതൃത്വത്തിന്റെ പിടിപ്പുകേടാണ് റാഞ്ചികള്‍ രക്ഷപ്പെട്ടതിന് കാരണമായി പറയുന്നത്. ഒരുപക്ഷേ റാഞ്ചികളുടെ കൈയിലുള്ള ആയുധങ്ങളെക്കുറിച്ചും മറ്റുമുള്ള ഇന്റലിജന്‍സിന്റെ അഭാവവും വേണ്ടത്ര തയ്യാറെടുപ്പ് ഇല്ലായിരുന്നതും ബന്ദികളുടെ ജീവന് എന്തെങ്കിലും പറ്റാതിരിക്കാനുള്ള കരുതലുമാവാം അമൃത്സറില് വെച്ച് ഒരു കമാന്‍ഡോ ഓപ്പറേഷന് ഇന്ത്യ തയ്യാറാവാതിരുന്നത്.
എന്തൊക്കെയോ ആസൂത്രണം നടക്കുന്നതായി സംശയിച്ച വിമാനറാഞ്ചികള്‍ അമൃത്സറില് നിന്നും പറന്നുയര്‍ന്നു. വിമാനത്തില്‍ ഇന്ധനം വളരെ കുറവായിരുന്നതിനാല്‍ ലാഹോറില്‍ ഇറങ്ങാന്‍ വീണ്ടും അനുമതി ചോദിച്ചെങ്കിലും കൊടുത്തില്ല. പക്ഷേ, രാത്രി 8:00ന് പൈലറ്റ് ദേവീ ശരണിന്റെ മനോധൈര്യം ഒന്നുകൊണ്ട് മാത്രം അവിടെ ഇറങ്ങാന്‍ സാധിച്ചു. 'ഒരു നിവൃത്തിയുമില്ല, വിമാനം ഇടിച്ചിറക്കേണ്ടി വരും' എന്ന് അദ്ദേഹം എ.ടി.സിയോട് പറഞ്ഞു. ഒടുവില്‍ അവര്‍ വഴങ്ങി. ഇന്ധനം നിറച്ചശേഷം രാത്രി 10.32ന് വിമാനം അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് പറന്നു.
കാണ്ഡഹാർ കാണ്ഡം
അഫ്ഗാനിസ്ഥാനില്‍ എല്ലാം താറുമാറായിരുന്ന കാലമാണ്. താലിബാനായിരുന്നു അധികാരത്തില്‍.. വിമാനത്താവളത്തില്‍ യാതൊരുവിധ സൗകര്യങ്ങളും ഇല്ല, രാത്രി ലാന്‍ഡ് ചെയ്യാനും സൗകര്യമില്ലായിരുന്നു. എങ്കിലും ഡിസംബര്‍ 25-ന് ക്രിസ്മസ് പുലര്‍ച്ചെ 01.32-ന് അവിടെ വിമാനം ഇറങ്ങി. പിന്നീട് യു.എ.ഇ അധികൃതരും റാഞ്ചികളുമായുള്ള ചര്‍ച്ചയ്ക്കുശേഷം 27 യാത്രക്കാരെ മോചിപ്പിച്ചു. ഇതിനിടെ റാഞ്ചികള്‍ ഒരു യാത്രികന്റെ ശവശരീരം പുറത്തേക്കിട്ടു. 25-കാരനായ റൂപിന്‍ കാത്യാല് ഭാര്യ രചനയ്ക്കൊപ്പം നേപ്പാളില്‍ മധുവിധു ആഘോഷിച്ച ശേഷം തിരിച്ചുവരികയായിരുന്നു. വിമാനം റാഞ്ചിയ ദിവസം തന്നെയാണ് അദ്ദേഹത്തെ കുത്തിക്കൊന്നത്. ഡോക്ടര്‍ എന്ന കോഡ് നെയിം ഉണ്ടായിരുന്ന ഷക്കീര്‍ ആയിരുന്നു കൂട്ടത്തിലെ ഏറ്റവും ക്രൂരന്. അയാള്‍ ആയിരുന്നത്രെ റൂപിന്റെ കഴുത്തറുത്തത്. ഡിസംബര്‍ 31-ന് ബന്ദികളെ മോചിപ്പിക്കുംവരെ രചന തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ട കാര്യം അറിഞ്ഞിരുന്നില്ല! അതുവരെ മറ്റു ബന്ദികള്ക്കൊപ്പമായിരുന്നു അവര്‍.
റൂപിനെയും രചനയെയും കൂടാതെ വേറെയും 26 ജോടി നവദമ്പതിമാര്‍ ഉണ്ടായിരുന്നു വിമാനത്തില്‍. അവരും മധുവിധു കഴിഞ്ഞു മടങ്ങുന്നവരായിരുന്നു. രസകരമായ ഒരു കാര്യം ഒരു ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും (RAW) വിമാനത്തിലുണ്ടായിരുന്നു എന്ന വാര്‍ത്തയാണ്. ഇങ്ങനെ ഒരു റാഞ്ചലിന് സാധ്യത മുന്‍കൂട്ടി കാണാന്‍ കഴിയാത്തതായിരുന്നു ശരിക്കും വിസ്മയിപ്പിച്ചത്.

തീരാത്ത ചര്‍ച്ചകള്‍, നയതന്ത്ര പരാജയം
ഡിസംബര്‍ 27 മുതല്‍ 31 വരെ ഇന്ത്യന്‍ അധികൃതരും വിമാനറാഞ്ചികളും തമ്മില്‍ ചര്‍ച്ച നടന്നു. ഇന്ത്യയില്‍ തടവിലുള്ള 36 തീവ്രവാദികളെ വിട്ടയക്കണം എന്നുള്ളതായിരുന്നു അതില്‍ ഏറ്റവും പ്രധാനം. ഹര്‍ക്കത്തുള്‍ അന്‍സാര്‍ നേതാവ് മസൂദ് അസറായിരുന്നു തീവ്രവാദികള്‍ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടവരിലെ വമ്പന്‍. 200 മില്യണ്‍ ഡോളര്‍ മോചനദ്രവ്യമായി വേണം, ഇന്ത്യയില്‍ നിന്നും ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഭീകരവാദി നേതാവ് സജ്ജാദ് അഫ്ഗാനിയുടെ ശവപ്പെട്ടി വേണം എന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ഒടുവില്‍ ഇന്ത്യ ബന്ദികള്‍ക്കു പകരമായി മൂന്നു തീവ്രവാദികളെ വിട്ടയയ്ക്കാം എന്ന നിലപാടിലെത്തി. ഡിസംബര്‍ 31-ന് മസൂദ് അസര്‍, മുഷ്താഖ് സര്‍ഗര്‍, ഒമര്‍ ഷേക്ക് എന്നീ തീവ്രവാദികളെ കാണ്ഡഹാറില്‍ എത്തിച്ചു കൊടുത്തു. വിമാന റാഞ്ചികളെയും മോചിപ്പിക്കപ്പെട്ട തീവ്രവാദികളെയും കുറ്റവാളികളായി കണക്കാക്കണമെന്ന് ഇന്ത്യ അഭ്യര്‍ഥിച്ചിട്ടും 10 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ താലിബാന് അവരെ അഫ്ഗാന് വിട്ടുപോകാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ റാഞ്ചികള്‍ അഞ്ചുപേരും പാകിസ്താനികള്‍ ആയിരുന്നു എന്നും വിമാനറാഞ്ചലിന്റെ ആസൂത്രകര്‍ ഐഎസ്ഐ ആയിരുന്നു എന്നും വിമാന റാഞ്ചികളൊക്കെ പാകിസ്താനിലേക്കാണ് പോയത് എന്നും വ്യക്തമായി.
കാണ്ഡഹാറില്‍ ഭീകരരുമായി ചര്‍ച്ച നടത്തിയ നാലംഗ ഇന്ത്യന്‍ സംഘത്തെ നയിച്ചത് ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജീത് ഡോവലായിരുന്നു. ഭീകരരെ വിട്ടുകൊടുക്കേണ്ടി വന്നത് ഇന്ത്യയുടെ നയതന്ത്ര പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഈ പ്രശ്നത്തില്‍ നന്നായി ഇടപെടാന്‍ കഴിയുന്ന അമേരിക്കയെയും യു.കെയെയും പോലുള്ള രാഷ്ട്രങ്ങളെ ബന്ധപ്പെടാനും സ്വാധീനിക്കാനും ഇന്ത്യയ്ക്കായില്ല. അമേരിക്കയ്ക്ക് യു.എ.ഇയുമായുള്ള അടുത്ത ബന്ധം മുതലെടുക്കാന്‍ കഴിഞ്ഞില്ല. അമേരിക്കന്‍ അംബാസഡര്‍ അബുദാബി വിമാനത്താവളത്തില്‍ റാഞ്ചികളുമായി സംസാരിച്ചപ്പോള്‍ നമുക്ക് അകത്തുകടക്കാനായില്ല-ഡോവല്‍ ചൂണ്ടിക്കാട്ടി. കാര്യമായ സ്വാധീനമുള്ള, തീവ്രവാദവിരുദ്ധ നിലപാടുള്ള ലോകനേതാക്കളെ ആരെയും ജസ്വന്ത് സിങ് വിളിച്ചില്ലെന്നും 2009-ല്‍ ഡോവല്‍ ആരോപിച്ചു.
മധ്യസ്ഥരായ താലിബാന് സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിച്ചെന്നു പറയുന്നു, വിദഗ്ധര്‍. മോചനദ്രവ്യം ചോദിക്കുന്നതും ശവപ്പെട്ടി ആവശ്യപ്പെടുന്നതുമൊക്കെ അനിസ്ലാമികമാണെന്നും അവ ഉപേക്ഷിക്കണമെന്നും താലിബാന് പറഞ്ഞത് റാഞ്ചികള്‍ സമ്മതിച്ചു. ദിവസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കും വിലപേശലുകള്‍ക്കും ശേഷം 36 തീവ്രവാദികളെ വിട്ടയയക്കണം എന്ന ഡിമാന്‍ഡ് മൂന്നിലേക്ക് ചുരുക്കാനും അവര്‍ സഹായിച്ചു. ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ ജനുവരി ഒന്നിനു മുമ്പ് തീരുമാനം ഉണ്ടായില്ലെങ്കില്‍ യാത്രക്കാരെ ഓരോരുത്തരെയായി കൊല്ലുകയോ വിമാനത്തിന് ബോംബുവെച്ച് എല്ലാവരും മരിക്കുന്ന സാഹചര്യം ഉണ്ടാക്കുകയോ ചെയ്യുമെന്ന് റാഞ്ചികള്‍ ഭീഷണി മുഴക്കി. അതുപോലെ ജനുവരി ഒന്നിന് മുമ്പ് അഫ്ഗാന് വിടണം എന്നു താലിബാനും ആവശ്യപ്പെട്ടു.
താലിബാന് ഭരണകൂടത്തെ ഇന്ത്യ അംഗീകരിച്ചിട്ടില്ലായിരുന്നെങ്കിലും പുറമേയ്ക്കെങ്കിലും നിഷ്പക്ഷമായ ഇടപെടലുകള്‍ക്ക് താലിബാന് തയ്യാറായി. അതേസമയം, വിമാനം റാഞ്ചിയ തീവ്രവാദികള്‍ക്ക് കൂടുതല്‍ ആയുധം എത്തിച്ചു കൊടുത്തത് താലിബാന് ആണെന്നും കരുതപ്പെടുന്നു. കാണ്ഡഹാറില്‍ എത്തിയതിനുശേഷം റാഞ്ചികളുടെ കയ്യില്‍ കൂടുതല്‍ ആയുധങ്ങള്‍ കാണപ്പെട്ടു എന്ന് യാത്രക്കാര്‍ പിന്നീട് പറയുകയുണ്ടായി.
ഭീകരരെ വിട്ടയച്ചതും അപമാനബോധവും

ഒരാളായ സയ്യിദ് ഒമർ ഷെയ്ഖ്.
മൂന്നു കൊടുംകുറ്റവാളികളെ വിട്ടയക്കാന്‍ ഇന്ത്യ സമ്മതിച്ചത് പിന്നീട് വളരെയധികം വിമര്‍ശനത്തിന് കാരണമായി. ഇന്ത്യ ലോലഹൃദയയായ, തീവ്രവാദികള്‍ക്കു മുന്നില്‍ മുട്ടിടിക്കുന്ന രാഷ്ട്രമാണെന്ന തോന്നലിന് ഈ സംഭവം അടിവരയിട്ടു. 1989 ഡിസംബറില്‍ അന്നത്തെ ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകള്‍ റുബയ്യയെ മോചിപ്പിക്കാന്‍ ഭീകരര്‍ ആവശ്യപ്പെട്ടത് അഞ്ചു കശ്മീരി തീവ്രവാദികളുടെ മോചനമായിരുന്നു. അത് അനുവദിക്കപ്പെട്ടു. പിന്നീട്, 1993-ല്‍ ശ്രീനഗറിലെ ഹസ്രത്ത്ബാല്‍ പള്ളിയില്‍ നാട്ടുകാരെ ബന്ധികളാക്കി വെച്ച 40 തീവ്രവാദികളെ സുരക്ഷിതമായി പോകാന്‍ അനുവദിച്ചു. എങ്കിലും കാണ്ഡഹാറില്‍ വിട്ടയച്ച തീവ്രവാദികള്‍ പിന്നീട് ഏര്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ വ്യാപ്തി വാജ്പേയി സര്‍ക്കാരിന് ക്ഷീണമായി. അധികം വൈകാതെ, 2001-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചതിലും 2002-ല്‍ അമേരിക്കന്‍ പത്രപ്രവര്ത്തകന് ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടുപോയി വധിച്ചതിലും മസൂദിന്റെ പങ്ക് പൊന്തി വന്നു. 2019 ഫെബ്രുവരി 14-ന് കശ്മീരിലെ പുല്‍വാമയില്‍ 40 ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന്റെയും സൂത്രധാരന്‍ മറ്റാരുമായിരുന്നില്ല.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് കാര്‍ഗില്‍ യുദ്ധവിജയത്തില്‍ മതിമറന്ന രാജ്യത്തിന് വിമാനറാഞ്ചല്‍ കടുത്ത മാനസികാഘാതമായി. വൈകാതെ, എത്ര തീവ്രവാദികളെ പകരം കൊടുത്താലും വേണ്ടില്ല, യാത്രക്കാരെ ജീവനോടെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരങ്ങളും ധര്‍ണകളും നിത്യേന നടന്നു. ഒരുപക്ഷേ, പ്രശ്നം നീണ്ടുപോയത് ജനങ്ങളുടെ ഉല്‍ക്കണ്ഠ വര്‍ധിപ്പിച്ചു കാണണം. ഒരുതരത്തിലും തീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തില്ലെന്നും അവര്‍ക്ക് ബിരിയാണി വെച്ച് കൊടുക്കില്ല എന്നും പറഞ്ഞിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ പക്ഷേ, സമ്മര്‍ദത്തിന് അടിപ്പെട്ടു. മൂന്നു തീവ്രവാദികളെയും കാണ്ഡഹാറിലേക്ക് വിദേശമന്ത്രി ജസ്വന്ത് സിംഗ് എസ്കോര്‍ട്ടു ചെയ്ത ചിത്രം ബി.ജെ.പിയെ എക്കാലവും വേട്ടയാടും.
വിട്ടയച്ച ലത്തീഫും പഠാന്‍കോട്ട് ആക്രമണവും

ഇനി ഷാഹിദ് ലത്തീഫിലേയ്ക്ക് വരാം. ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനില്‍ അംഗമായിരുന്നു ഈ പാകിസ്താനി. 1994-ല്‍ കശ്മീരില്‍ വെച്ച് നാല് പാശ്ചാത്യ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായി. ഐ.സി 814 വിമാനം റാഞ്ചിയ ഭീകരര്‍ ലത്തീഫിനെയും മോചിപ്പിക്കണമെന്ന് വളരെ ശക്തമായി ആവശ്യപ്പെട്ടെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. പിന്നീട് ലത്തീഫിനെ വിചാരണ ചെയ്യുകയും കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തു. 2010 വരെ അദ്ദേഹം ജയിലിലായിരുന്നു. ആ വര്‍ഷം പാകിസ്താനോടുള്ള സന്മനോഭാവം കാട്ടുന്നതിന്റെ ഭാഗമായ ലത്തീഫ് അടക്കമുള്ള 25 ഭീകരരെ ഇന്ത്യ മോചിപ്പിച്ചു. അവരില്‍ ലഷ്കര്‍-ഇ-തോയ്ബ, ജയ്ഷെ മുഹമ്മദ്, ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ അംഗങ്ങുമുണ്ടായിരുന്നു.
പാകിസ്താനിലേക്ക് പോയ അദ്ദേഹത്തിന് വീരോചിത വരവേല്‍പ്പാണ് ലഭിച്ചത്. അദ്ദേഹം പിന്നീടും ഇന്തായവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 2016-ല്‍ പഠാന്‍കോട്ടിലെ ഇന്ത്യയുടെ വ്യോമസേനാ താവളം ആക്രമിച്ചതിന്റെ ബുദ്ധികേന്ദ്രം ലത്തീഫ് ആയിരുന്നുവെന്ന് കരുതപ്പെടുന്നു. അയാളെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാകിസ്താനിലെ സിയാല്‍കോട്ടില്‍ വെച്ച് അജ്ഞാതര്‍ വെടിവെച്ചുകൊന്നു.
സജ്ജാദ് അഫ്ഗാനിയുടെ ശവപ്പെട്ടി
എന്തുകൊണ്ടായിരുന്നു വിമാന റാഞ്ചികള്‍ സജ്ജാദ് അഫ്ഗാനിയുടെ ശവപ്പെട്ടി ആവശ്യപ്പെട്ടത്? ഹര്‍ക്കത്തുല്‍ അന്‍സാര്‍ എന്ന തീവ്രവാദ സംഘടനയുടെ ജമ്മു കശ്മീരിലെ മേധാവിയായിരുന്നു സജ്ജാദ് അഫ്ഗാനി. അദ്ദേഹം 1994-ലാണ് ഇന്ത്യയില്‍ പിടിയിലാകുന്നത്. പിന്നീട്. 1999 ജൂലായില്‍ തന്റെ ജയില്‍മുറിക്കുള്ളില്‍ 23 അടി നീളമുള്ള ഒരു തുരങ്കം കുഴിച്ചു. അല്‍പ്പം കൂടി പോയിരുന്നെങ്കില്‍ അദ്ദേഹത്തിനും മറ്റ് തീവ്രവാദികള്‍ക്കും തീര്‍ച്ചയായും രക്ഷപ്പെടാമായിരുന്നു. പക്ഷേ, ഭാഗ്യവശാല്‍ കാവല്ക്കാര് അതു കണ്ടെത്തി. അഫ്ഗാനി ഉള്‍പ്പെടെയുള്ള 11 തടവുകാരും കൊല്ലപ്പെട്ടു. ആ സംഭവത്തിന് അഞ്ചുമാസത്തിന് ശേഷമായിരുന്നു ഐ.സി. 814 റാഞ്ചിയത്.
വിമാന റാഞ്ചികള്‍ക്ക് സംഭവിച്ചത്
വിമാന റാഞ്ചലില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ക്ക് പിന്നീട് എന്താണ് സംഭവിച്ചത്? ഈ അഞ്ചു തീവ്രവാദികളില്‍ വിമാന റാഞ്ചലില്‍ പങ്കെടുത്ത അഞ്ചു തീവ്രവാദികളില്‍ ഒരാള്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നാണ് കരുതുന്നത്. അത് ഇബ്രാഹിം അത്തറാണ്. ഈ കൂട്ടത്തില്‍ ഏറ്റവും ക്രൂരന് എന്ന് കരുതപ്പെടുന്ന മിസ്ട്രി സഹൂര്‍ ഇബ്രാഹിം പിന്നീട് പാകിസ്താനില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മസൂദ് അസര്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട തീവ്രവാദികള്‍ ഒന്നും രണ്ടും വധശ്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ജീവനും കൈയില്‍ പിടിച്ചു ജീവിക്കുന്ന കാലമാണിത്. മസൂദ് കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടതായി വാര്‍ത്ത പരന്നതാണ്. പക്ഷേ അയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായി ശ്രുതിയുണ്ട്. സമീപകാലത്ത് ജമ്മുവില്‍ വര്‍ധിച്ച തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ അയാളുണ്ട് എന്ന് കരുതപ്പെടുന്നു.
Key Points:
- The IC 814 hijacking was a major event in Indian history, where terrorists hijacked an Indian Airlines flight and held passengers hostage for seven days.
- The hijackers demanded the release of three terrorists, Masood Azhar, Mushtaq Ahmed Zargar, and Omar Sheikh, in exchange for the release of the hostages.
- India eventually agreed to release the terrorists, a decision that was widely criticized.
- The hijacking exposed several loopholes in India`s security measures and highlighted the complex geopolitical dynamics in the region.
- The hijacking had a lasting impact on India`s foreign policy, and the incident continues to be a subject of debate and controversy.
- The hijacking was also featured in a recent Netflix series, "IC 814: The Kandahar Hijack", which has sparked further discussion and debate about the event.
Content Highlights: IC 814, Kandahar hijacking, Indian Airlines, terrorism, hijack, hostage, terrorists, Afghanistan
Published: 06 Sept 2024, 12:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented