നൂറ്റാണ്ടിലേറെകാലം ഒരു സിദ്ധാന്തം ദീപ്തമായി നിലകൊള്ളുകയും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നത് അത്യപൂർവമാണ്. അത്തരത്തിലുള്ള അനന്യബഹുമതിക്ക് അർഹമായ "അഡ്മിനിസ്ട്രേറ്റീവ് തിയറിയുടെ" സൃഷ്ടമാവായ ഹെൻറി ഫയോളിന്റെ ചരമ ശതാബ്ധിയാണിന്ന്. ശ്രേഷ്ട മാനേജ്മെന്റ് സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാക്കളിൽ ഒരാളായ ഫയോളിനെ 'ആധുനിക മാനേജ്മെന്റിന്റെ പിതാവ് ' എന്ന ബഹുമതി നൽകിയാണ് ലോകം ആദരിക്കുന്നത്. മാനേജ്മെന്റ് എന്നാൽ ഫാക്ടറി ജോലികളുടെ മേൽനോട്ടം മാത്രമല്ല, അതൊരു പ്രത്യേക വിജ്ഞാനശാഖയാണ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഫയോളാണ്. അദ്ദേഹം രചിച്ച 'അഡ്മിനിസ്ട്രേഷൻ ഇന്ടസ്ട്രിയലി ഏറ്റ് ജനറലി' (Adminstration industrielle et generele ) എന്ന പുസ്തകമാണ് വാസ്തവത്തിൽ മാനേജ്മെന്റ് ചിന്തകളുടെ അടിസ്ഥാനശില. അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങൾ 'ഫയോലിസം' എന്ന പേരിലാണ് അറിയപ്പെടുന്നത്. മാനേജ്മെന്റ് രംഗത്തെ ദർശ്ശനികനായ ഫയോൾ വെട്ടിതെളിയിച്ച പാത നൂറ്റാണ്ടുളക്കുശേഷവും മായാത്ത മാർഗദർശ്ശികളാണ്.
'അഡ്മിനിസ്ട്രേഷൻ ഇന്ടസ്ട്രിയലി ഏറ്റ് ജനറലി' 1916-ൽ ഫ്രഞ്ച് ഭാഷയയിലാണ് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന്റെ ഉള്ളടക്കം നാല് ഭാഗങ്ങളായി പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ആമുഖത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാനേജ്മെന്റ് പഠിപ്പിക്കുന്നതിന്റെ ആവശ്യകതയും സാധ്യതകളും എന്ന ഒന്നാം ഭാഗത്തിൽ, ഒരു വ്യവസായ സ്ഥാപനത്തിലെ പ്രവൃത്തികളെ സാങ്കേതികം, വാണിജ്യം, സാമ്പത്തികം, സുരക്ഷ, അക്കൗണ്ടിംഗ്, മാനേജ്മെന്റ് എന്നീ ആറ് വർഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇതിൽ ആദ്യത്തെ അഞ്ച് പ്രവർത്തനങ്ങളും അതിനകം തന്നെ പ്രചാരത്തിലുള്ളവയായിരുന്നു. മാനേജ്മെന്റ് എന്നാൽ ഒരു പ്രതേക പ്രവർത്തന മണ്ഡലമാണെന്നും അത്തരം പ്രവർത്തനങ്ങളെ വേറിട്ട പഠനശാഖയായി പരിഗണിക്കണമെന്നുമുള്ള ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
രണ്ടാം ഭാഗമായ- മാനേജ്മെന്റ് തത്വങ്ങളും ഘടകങ്ങളും -മാനേജ്മെന്റ് പ്രവർത്തങ്ങളെ നിർവ്വചിക്കുകയും വിശദീകരിക്കുയും ചെയ്യുന്നു. വിശ്വ പ്രസിദ്ധമായ അഡ്മിനിസ്റ്റേറ്റിവ് തിയറി പ്രകാരം മാനേജ്മെന്റ് എന്നാൽ ആസൂത്രണം, സംഘാടനം, നിർദേശനം, ഏകോപനം നിയന്ത്രണം എന്നീ പ്രവർത്തനങ്ങളുടെ സങ്കലനമാണ്. അതോടൊപ്പം തന്നെ മാനേജ്മെന്റിൽ പാലിക്കപ്പെടേണ്ട 14 തത്വങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തി. പ്രവൃത്തി വിഭജനം നിർദ്ദേശ്ശങ്ങളിലെ ഐക്യം, അധികാരശൃംഖല, കേന്ദ്രീകരണം, സ്വപ്രേരിത പ്രവർത്തനം, ഉദ്യോഗസ്ഥിരത, ഐക്യമത്യം മഹാബലം തുടങ്ങിയവ ഈ തത്വങ്ങളിൽ പെടുന്നു. ദൗർഭാഗ്യവശാൽ അദ്ദേഹം വിഭാവനം ചെയ്തിരുന്ന വ്യക്തിപരമായ നിരീക്ഷണങ്ങളും, അനുഭവങ്ങളും എന്ന മൂന്നാം ഭാഗവും, യുദ്ധത്തിൽ നിന്നുള്ള പാഠങ്ങൾ എന്ന നാലാം ഭാഗവും പ്രസിദ്ധീകരിക്കാനായില്ല. സമകാലികനായിരുന്ന എഫ്. ഡബ്ലൂ. ടെയ്ലറിന്റെ സയന്റിഫിക് മാനേജ്മെന്റ് തൊഴിൽശാലകളിലെ ജോലികൾ മെച്ചപ്പെടുത്താനും ലഘൂകരിക്കാനുമുള്ള ശാസ്ത്രീയ മാർഗങ്ങൾ തേടിയപ്പോൾ, മേധാവിയുടെ (മാനേജരുടെ) പ്രവൃത്തി പഥത്തെപറ്റിയും അടിസ്ഥാന തത്വങ്ങളെപ്പറ്റിയുമാണ് അഡ്മിനിസ്ട്രേറ്റീവ് മാനേജ്മെന്റ് പ്രതിപാദിക്കുന്നത്.
ഫ്രഞ്ച് ഭാഷയിലെഴുതിയതിനാൽ ഫയോളിന്റെ ആശയങ്ങൾ യൂറോപ്പിന് പുറത്തു ശ്രദ്ധിക്കപ്പെട്ടിരുന്നുല്ല. മാത്രവുമല്ല സയന്റിഫിക് മാനേജ്മെന്റിന്റെ മറുവാദമാണ് അഡ്മിനിസ്ട്രേറ്റീവ് തിയറി എന്നാണ് പരക്കെ പ്രചരിപ്പിയ്ക്കപ്പെട്ടത്.1923-ൽ ബ്രസ്സൽസിൽ നടന്ന രണ്ടാമത് അന്താരാഷ്ട്ര അഡ്മിനിസ്ട്രേറ്റിവ് കോണ്ഫറൻസിൽ സാറാ ഗ്രീർ (Sarah Greer) ഫയോളിന്റെ ആശയങ്ങൾ ആദ്യമായി ഇംഗ്ലീഷിൽ തർജ്ജമചെയ്ത് 'ദി അദ്നിമിസ്ട്രെറ്റിവ് തിയറി ഓഫ് സ്റ്റേറ്റ് ' എന്ന പ്രബന്ധം അവതരിപ്പിച്ചതോടെയാണ് ഫയോളിനെ ലോകം ഗൗരവമായി കാണാൻതുടങ്ങിയത്. ഫ്രഞ്ച് പുസ്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷ 1929-ൽ ബ്രിട്ടനിൽ പ്രസിദ്ധീകരിച്ചുവെങ്കിലും വളരെക്കുറച്ചു കോപ്പികൾ മാത്രമേ അച്ചടിച്ചിരുന്നുള്ളു. ഇതിനിടയിൽ നടന്ന രണ്ടു ലോകമഹായുദ്ധങ്ങളും ഫയോളിന്റെ ആശയങ്ങൾക്ക് പ്രചാരം ലഭിക്കുന്നതിൽ വിഘാതമായി നിന്നു. പ്രമുഖ മാനേജ്മെന്റ് ചിന്തകരായ ലൂതർ ഗൂലിക്കും( Lither Gulick ) ലിൻഡൽ യൂർവിക്കും (Lyndell Urwick ) കൂടി എഡിറ്റു ചെയ്ത് 1937-ൽ കൊളംബിയ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച 'പേപ്പേഴ്സ് ഇൻ ദി സയൻസ് ഓഫ് അഡ്മിനിസ്ട്രേഷൻ' എന്ന പുസ്തകത്തിൽ സാറാ ഗ്രീറിന്റെ മേൽപ്പറഞ്ഞ ലേഖനം ഉൾപ്പെടുത്തിയതോടെ 'ഫയോലിസം' അമേരിക്കയിൽ മാത്രമല്ല, ലോകത്തിലൊട്ടാകെ അംഗീകരിക്കപ്പെട്ടു.
1841 ൽ ഫ്രഞ്ച് എഞ്ചിനീയറുടെ മകനായി കോൺസ്റ്റന്റിനെപ്പിളിലാണ് (ഇന്നത്തെ ഈസ്റ്റാംബുൽ) ഫയോൾ ജനിച്ചതെങ്കിലും അദ്ദേഹം വളർന്നതും പഠിച്ചതുമെല്ലാം സ്വദേശമായ ഫ്രാൻസിൽ ആയിരുന്നു. 1859-ൽ മൈനിങ് എഞ്ചിനീയറിംഗ് ബിരുദ നേടിയശേഷം 1860-ൽ കമന്ററി ഫോചെബോൾട് (Commentry – Forchambault ) എന്ന മൈനിങ് കമ്പനിയിൽ ചേർന്നു. 1872-ൽ കമ്പനി ഡയറക്ടർ ഉയർന്ന ഫയോൾ 1888-ൽ മാനേജിങ് ഡയറക്ടർ ആയി, 1918-ൽ വിരമിക്കുന്നതുവരെ അതെസ്ഥാനത്തു തുടർന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം, 1925 നവംബർ 19-നു ദിവംഗനാവുന്നതുവരെ മാനേജ്മന്റ് ആശയങ്ങളുടെ പ്രചാരണത്തിനായി ചെലവഴിച്ചു.
58 വർഷം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളാണ് ഫയോളിനെ ഒരു മാനേജ്മന്റ് ചിന്തകനാക്കി മാറ്റിയത്. 1872-ൽ ജനറൽ മാനേജർ സ്ഥാനം ഏറ്റെടുക്കുമ്പോൾ നഷ്ടത്തിൽ കൂപ്പുകുത്തി അടച്ചുപൂട്ടലിന്റെ വക്കത്തായിരുന്ന കമ്പനിയെ അദ്ദേഹം ലാഭത്തിലാക്കുക മാതമല്ല, മറ്റു കമ്പനികളെ ഏറ്റെടുത്തു വിപുലീകരിക്കുകകൂടി ചെയ്തു. മാനേജ്മന്റ് സിദ്ധാന്തങ്ങളെ അവതരിപ്പിക്കുക മാത്രമല്ല അവയെ പ്രയോഗത്തിൽ കൊണ്ടുവന്നു വിജയിപ്പിക്കുകകൂടി ചെയ്തു എന്നതാണ് ഫയോളിനെ മറ്റു മാഗേജിന്റ് ചിന്തകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഉന്നത വിദ്യാഭ്യാസം, സിവിൽ സർവീസ് പരിഷ്കാരങ്ങൾ, മിലിറ്ററി അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിവിധ മേഖലകളും അദ്ദേഹം പഠനവിധേയമാക്കിയിട്ടുണ്ട്. വിരമിച്ചശേഷം, ദേശീയ തപാൽ വകുപ്പിനെ പുനഃ സംഘടിപ്പിക്കാൻ ഫ്രഞ്ച് സർക്കാർ ഫയോലിനോട് അഭ്യർത്ഥിച്ചു. ഇതിലൂടെ തന്റെ മാനേജ്മന്റ് തത്വങ്ങൾ വാണിജ്യരംഗത്തുമാത്രമല്ല, സവ്വർത്തികമായി പ്രസക്തമാണെന്നുതെളിയിക്കാൻ കഴിഞ്ഞു.
1949-ൽ പിറ്റ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഇൻഡസ്ട്രിയൽ മാനേജ്മന്റ് എന്ന പുസ്തകത്തിനെഴുതിയ മുഖവുരയിൽ ലിൻഡൽ യൂർവിക്ക് ഫയോൾ എന്ന ബഹുമുഖ പ്രതിഭയെ പരിചയപ്പെടുത്തിക്കൊണ്ട് സാങ്കേതിക വിദഗ്ധൻ, ഭൂഗർഭ ശാസ്ത്രജ്ഞൻ, മാനേജ്മന്റ് വിദഗ്ധൻ എന്നീനിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ പ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഫയോളിന്റെ ചരമശതാബ്ദി ആചാര്യന്റെ ദർശ്ശനങ്ങളെ പുനഃസന്ദർശ്ശിക്കാനും ഇരുപതൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികൾക്കനുസരിച്ചു അവയെ രൂപാന്തരപ്പെടുത്താനും മാനേജ്മന്റ് രംഗത്തെ അദ്ദേഹത്തിന്റെ അനിഷേധ്യസാന്നിദ്യം അംഗീകരിക്കാനുമുള്ള അവരസരമാണ്. തലമുറകൾക്കു പ്രചോദനം നൽകിക്കൊണ്ട് മാനേജ്മന്റ് രംഗത്ത് ജ്വലിച്ചുനിൽക്കുന്ന ആചാര്യന് സാദര പ്രണാമം.
(കോഴിക്കോട് സർവകലാശാലയിൽ അതിഥി അധ്യാപകനാണ് ലേഖകൻ)
Content Highlights: Explore Henri Fayol`s enduring administrative theory. Learn about his 14 principles, the father of modern management, and his profound impact on business and organizational leadership. Celebrate his centenary.
Published: 20 Nov 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented