25 മുതല്‍ 30 വരെ മുതിര്‍ന്ന ജീവനക്കാര്‍ ഉള്‍പ്പെട്ട ഒരു ചെറുസംഘത്തിന് മാത്രമാണ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതെന്ന് മെറ്റ സഹസ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഐറിഷ് ശതകോടീശ്വരനും സ്‌ട്രൈപ്പ് പ്രസിഡന്റുമായ ജോണ്‍ കോളിസനുമായുള്ള സംഭാഷണത്തിനിടെയാണ് സക്കര്‍ബര്‍ഗ് തന്റെ വ്യത്യസ്തമായ നേതൃത്വരീതികള്‍ വിശദീകരിച്ചത്.
25 മുതല്‍ 30 വരെ വ്യക്തികളടങ്ങുന്ന 'കോര്‍ ടീമിനെയാണ് സുപ്രധാന ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം ഏല്‍പ്പിച്ചിരിക്കുന്നത്. ഈ പ്രധാന വ്യക്തികള്‍ സക്കര്‍ബര്‍ഗില്‍നിന്ന് നിരന്തരമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി കാത്തുനില്‍ക്കുന്നില്ല. പകരം സ്വയം തീരുമാനങ്ങളെടുക്കുകയാണ് ചെയ്യുന്നത്. ആവര്‍ത്തന സ്വഭാവമുള്ള വ്യക്തിഗത മീറ്റിങ്ങുകള്‍ക്ക് പകരം ആവശ്യമുള്ളപ്പോഴെല്ലാം തുറന്ന ആശയവിനിമയമാണ് സക്കര്‍ബര്‍ഗ് തിരഞ്ഞെടുക്കുന്നത്. പ്രത്യേക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അദ്ദേഹം ആരുമായും ചര്‍ച്ച നടത്താന്‍ ലഭ്യമായിരിക്കും. എങ്കിലും ഷെഡ്യൂള്‍ ചെയ്ത മീറ്റിംഗുകള്‍ പരമാവധി ഒഴിവാക്കുകയാണ് ചെയ്യുന്നത്.
മെറ്റയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ ധാരണയുള്ള ചെറുസംഘമാണ് സക്കര്‍ബര്‍ഗിന്റെ കോര്‍ ടീം. വിശ്വസ്തരായ എക്‌സിക്യൂട്ടീവുകളുടെ ഈ ഗ്രൂപ്പ് നിലവിലുള്ള പ്രോജക്റ്റുകളെയും കമ്പനി നയങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവര്‍ ഉള്‍പ്പെട്ടതാണ്. ആഴ്ചതോറും സക്കര്‍ബര്‍ഗ് ഈ ഗ്രൂപ്പുമായി രണ്ട് മീറ്റിങ്ങുകളാണ് നടത്താറുള്ളത്. കോര്‍ ടീം സ്ഥാപനത്തിന്റെ വിഭവ സമാഹരണത്തിനും കാര്യനിര്‍വഹണത്തിനും കഴിയുന്ന ഒരു യോജിപ്പുള്ള യൂണിറ്റ് പോലെ പ്രവര്‍ത്തിക്കുന്നു. വേഗത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഗ്രൂപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പരമ്പരാഗത കോര്‍പ്പറേറ്റ് ശൈലിയില്‍നിന്ന് വ്യത്യസ്തമായ ആശയവിനിമയ ശൈലിയാണ് മെറ്റയിലുള്ളത്. ഈ രീതി കാര്യക്ഷമതയും സ്വയംഭരണവും വളര്‍ത്തുമെന്നും തന്റെ പ്രധാന സഹായികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഒന്നിലധികം തലത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനം അടിച്ചേല്‍പ്പിക്കുന്നതിനു പകരം, സക്കര്‍ബര്‍ഗ് 25 മുതല്‍ 30 വരെ വ്യക്തികളടങ്ങുന്ന 'കോര്‍ ടീമിനെ കാര്യമായ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നു. പതിനഞ്ചോളം വിഭാഗങ്ങളായി തിരിച്ചിരിക്കുന്നുതാണ് മെറ്റയുടെ ഘടന. ഓരോന്നും മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളാണ് നേതൃത്വം നല്‍കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്രധാന ആപ്ലിക്കേഷനുകള്‍, പരസ്യ ബിസിനസ്, ഓഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള വളര്‍ന്നുവരുന്ന മേഖലകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഈ വിഭാഗങ്ങളെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
2023 മാര്‍ച്ചില്‍ മെറ്റയില്‍ 'കാര്യക്ഷമതാ വര്‍ഷം' പ്രഖ്യാപിച്ച അദ്ദേഹം മിഡില്‍ മാനേജ്മെന്റിലുള്ള ഏകദേശം 10,000 തസ്തികകള്‍ ഇല്ലാതാക്കിയിരുന്നു. ഉദ്യോഗസ്ഥ മേധാവിത്വം കുറയ്ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. മാനേജര്‍മാരുടെ അമിതമായ മേല്‍നോട്ടത്തില്‍ കുടുങ്ങിക്കിടക്കുന്നതിനു പകരം, ജോലിയിലുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുംവിധം ജീവനക്കാരെ ശാക്തീകരിക്കാനും അദ്ദേഹം ലക്ഷ്യമിട്ടിരുന്നു. ഈ പുനഃസംഘടന കമ്പനിയുടെ വേഗവും കാര്യക്ഷമതയും വര്‍ധിപ്പിച്ചുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
Content Highlights: zuckerberg manages meta through a core team
Published: 10 May 2025, 08:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented