ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ അവസാനിക്കുന്നതിന് മുമ്പ് ഹിന്ദി ഹൃദയഭൂമിയിൽ മറ്റൊരു തിരഞ്ഞെടുപ്പ് കളംകൂടെ ചൂടുപിടിച്ചിരിക്കുകയാണ്. ഹരിയാണയിൽ മൂന്നാം അവസരംനേടി സ്വപ്നസാക്ഷാത്ക്കാരത്തിന് ഒരുങ്ങുകയാണ് ബി.ജെ.പി. പോയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കങ്ങൾ കോൺ​ഗ്രസ് അണിയറയിലും തകൃതിയായി നടക്കുന്നുണ്ട്. ഏത് വിധേനയും അധികാരത്തിൽ സ്ഥാനമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് ജെ.ജെ.പിയും. വലിയ പ്രതീക്ഷകൾ ഇല്ലെങ്കിലും ഒരു കൈ നോക്കാമെന്ന മട്ടിൽ കെജ്‌രിവാൾ കി ഗാരന്റിയുമായി ആം ആദ്മി പാർട്ടിയുമുണ്ട് അങ്കത്തട്ടിൽ. പിന്നോട്ടില്ലാത്ത കർഷകപോരാട്ടത്തിന് സാക്ഷിയായ മണ്ണിൽ ഒക്ടോബർ ഒന്നിന് ജനം വിധിയെഴുതും. തങ്ങളെ ആര് നയിക്കണമെന്ന അവരുടെ തീരുമാനം നാലിനറിയാം...

To advertise here,

അമിതവിശ്വാസത്തിൽ അടിപതറിയ ബി.ജെ.പി.

2014-ലെ മോദിതരം​ഗത്തിൽ അന്നോളമുണ്ടായിരുന്ന എല്ലാ ചരിത്രവും തിരുത്തിക്കുറിച്ചാണ് ഹരിയാണയിൽ ബി.ജെ.പി അധികാരത്തിലേറുന്നത്. 2009-ൽ വെറും ഒമ്പത് ശതമാനം വോട്ടുവിഹിതവും നാല് സീറ്റുകളുമുണ്ടായിരുന്ന ബി.ജെ.പിയുടെ വലിയ കുതിച്ചുചാട്ടത്തിനാണ് 2014 സാക്ഷിയായി. 33.3 ശതമാനം വോട്ടുകൾ അന്ന് ബി.ജെ.പിയുടെ ബാലറ്റിൽ വീണു. 47 സീറ്റിന്റെ ബലത്തിൽ മുഖ്യമന്ത്രിപദത്തിലേക്ക് മനോഹർലാൽ ഖട്ടർ.

ഇതേ മോദി പ്രഭാവവും ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ അമിത ആത്മവിശ്വാസവുമായാണ് 2019-ൽ ബി.ജെ.പി  തിരഞ്ഞെടുപ്പ് ​ഗോദയിലേക്കിറങ്ങിയത്. തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ കോൺ​ഗ്രസും. എന്നാൽ, ഇരുപാർട്ടികൾക്കും അന്ന് കേവലഭൂരിപക്ഷം നേടാനായില്ല.  90 അംഗ നിയമസഭയുള്ള ഹരിയാണയിൽ ഭരണകക്ഷിയായ ബി.ജെ.പി അന്ന് 40 സീറ്റുകളിൽ ഒതുങ്ങി. കോൺ​ഗ്രസാകട്ടെ 31 സീറ്റ് നേടി അവരുടെ നില മെച്ചപ്പെടുത്തിയെങ്കിലും സർക്കാരുണ്ടാക്കാൻ അത് മതിയാകാതെ വന്നു. തുടർന്നാണ്, പത്ത് സീറ്റുകളിൽ വിജയിച്ച ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനത പാർട്ടിയുടെ സംസ്ഥാനത്ത് നിർണായക ശക്തിയായി മാറുന്നത്. 

placeholder
അമിത് ഷാ, മനോഹർലാൽ ഖട്ടർ, സെയ്നി എന്നിവർ | Photo:ANI

മൊത്തത്തിൽ ബി.ജെ.പിക്ക് അനുകൂലമാകുന്ന ഒരു ജനവിധിയായിരിക്കും ഹരിയാണയിലേത് എന്നായിരുന്നു പൊതുവെയുണ്ടായിരുന്ന വിലയിരുത്തൽ. 2019-ൽ ബി.ജെ.പി. നേടിയ മിന്നുന്ന വിജയത്തിന്റെ പിൻബലത്തിൽ അബ്കി ബാർ പച്ചത്തർ പാർ (ഇത്തവണ 75 കടക്കും) എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി കളത്തിലേക്കിറങ്ങിയത്. കൂടാതെ, ജമ്മു കശ്മീരും പൗരത്വവും ദേശീയതയും തുടങ്ങിയ വിഷയങ്ങൾ മുതൽ നരേന്ദ്രമോദിയുടെ പ്രതിച്ഛായവരെ ബാലറ്റിനെ ശക്തിപ്പെടുത്തുമെന്ന് പാർട്ടി നേതൃത്വം കരുതി. എന്നാൽ, അതുണ്ടായില്ലെന്ന് മാത്രമല്ല കേവലഭൂരിപക്ഷം നേടുന്നതിന് മുമ്പേ ബി.ജെ.പി വീണു. 

അതേസമയം, കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതല്ലായിരുന്നു സ്ഥിതി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റമ്പി നിൽക്കുന്ന കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് ഹരിയാണ അന്ന് നൽകിയത് തിരിച്ചുവരവിന്റെ പ്രതീക്ഷകളായിരുന്നു. 2014-ൽ നേടിയ 15 സീറ്റുകളിൽ നിന്നും കോൺ​ഗ്രസ് തങ്ങളുടെ സീറ്റുകളുടെ എണ്ണം ഇരട്ടിപ്പിച്ചു. ബി.ജെ.പിയുടെ പ്രചാരണങ്ങൾക്ക് മുന്നിൽ ഒന്നുമല്ലായിരുന്നു കോൺ​ഗ്രസ്. രാഹുൽ ഹരിയാണയെ തിരിഞ്ഞുനോക്കിയില്ലെന്നുവരെ ആക്ഷേപമുണ്ടായി. ജനവികാരം ബി.ജെ.പിക്കെതിരാകുന്നത് കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നതിലും അന്ന് കോൺ​ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. 

അപ്രതീക്ഷിതമായതൊന്നും ഹരിയാണയിൽ പിന്നീട് സംഭവിച്ചില്ല. പ്രതീക്ഷിച്ച രാഷ്ട്രീയ കോളിളക്കവുമുണ്ടായില്ല. പത്ത് സീറ്റുകൾ സ്വന്തമായിരുന്ന ജനനായക് ജനശക്തി പാര്‍ട്ടി (ജെ.ജെ.പി) ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. പത്തുസീറ്റിന്റെ ബലത്തിൽ ജെ.ജെ.പിയുടെ ദുഷ്യന്ത് കിങ് മേക്കർ ആകുമെന്ന് കരുതിയിരുന്നെങ്കിലും ഏഴ് സ്വതന്ത്രർ ബി.ജെ.പിക്കൊപ്പം നിന്നത് അദ്ദേഹത്തിന്റെ വിലപേശൽശേഷിയെ ബാധിച്ചു. ബി.ജെ.പി നേതാവ് മനോഹർലാൽ ഖട്ടർ തന്നെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. ഉപമുഖ്യമന്ത്രിസ്ഥാനത്ത് ദുഷ്യന്തും.

ലോക്സഭ പടിവാതിൽക്കൽ നിൽക്കെ 'ഹരിയാണ പ്രതിസന്ധി'

2019-ൽ ഒപ്പമെത്തിയ സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് അപ്രതീക്ഷിതമായി പിളരുന്നത്. സീറ്റ് പങ്കിടലിനെത്തുടർന്നുണ്ടായ കലഹംമൂലം അന്നോളം ബി.ജെ.പിക്കൊപ്പം നിന്ന ചൗട്ടാലയും സംഘവും തെറ്റിപ്പിരിഞ്ഞു. അസ്ഥിരമായ രാഷ്ട്രീയ സാഹചര്യത്തിനിടെ മനോഹർലാൽ ഖട്ടർ രാജിവെച്ച് ഡൽഹിയിലേക്ക് കയറാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. തുടർന്ന്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും ഒ.ബി.സി. നേതാവുമായിരുന്ന നയാബ് സിങ് സെയ്നി ഹരിയാണ ലോക്ഹിത് പാർട്ടി എം.എൽ.എയുടേത് ഉൾപ്പെടെ 47 പേരുടെ പിന്തുണയോടെ അധികാരമേൽക്കുകയും ചെയ്തു. 

സഖ്യം രൂപീകരിച്ച കാലംമുതലുള്ള ശീതസമരമാണ് സീറ്റ് ചർച്ചയിൽ തട്ടി മൂർച്ഛിച്ചത്. 2019-ൽ ജെ.ജെ.പി.യിൽ തുടങ്ങിയ അട്ടിമറിശ്രമങ്ങൾ മുതൽ നൂഹിലെ സർക്കാരിന്റെ ബുൾഡോസർ നയവും കർഷകസമരത്തിലുംവരെ പുകഞ്ഞുതന്നെ നിന്നു. നൂഹ് സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി ഖട്ടർക്കും ഉപമുഖ്യമന്ത്രി ചൗട്ടാലയ്ക്കും രണ്ട് അഭിപ്രായമായിരുന്നു. സ്ഥിരതയുള്ള സർക്കാർ നിലനിന്നോട്ടെ എന്ന് കരുതിയാണ് ഒപ്പം നിൽക്കുന്നതെന്ന് 'നിങ്ങളില്ലെങ്കിലും ഞങ്ങൾക്കാകും' എന്നൊരു മട്ടിൽ ചൗട്ടാല സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിന് അന്നേ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. വെറുതയങ്ങ് നിൽക്കുന്നതല്ല, മന്ത്രിസ്ഥാനം നൽകിയിട്ടുണ്ടെന്ന് ഹരിയാണയുടെ ചുമതലുണ്ടായിരുന്ന ബി.ജെ.പി. നേതാവ് ബിപ്ലക് കുമാർ ദേബ് തിരിച്ചടിച്ചു.

placeholder
ദുഷ്യന്ത് ചൗട്ടാല മനോഹർലാൽ ഖട്ടർക്കൊപ്പം | Photo:PTI 

തുടക്കകാലംമുതലേ എം.എൽ.എമാർക്ക് ബിജെപിയുമായുള്ള ബന്ധത്തിൽ ചൗട്ടാലയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി.ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് രം​ഗത്തെത്തിയ ചൗട്ടാല പെട്ടെന്നുണ്ടായ ചില സാഹചര്യങ്ങളിൽ ബി.ജെ.പിക്കൊപ്പം ചേക്കേറുമ്പോളുണ്ടാകുന്ന സാധാരണവിഷയങ്ങളായിരുന്നു ഇതെങ്കിൽ പിന്നീട് പ്രശ്നങ്ങൾ ഓരോന്നായി ചൂടുപിടിച്ചു. ഏറ്റവുമൊടുവിൽ, ലോക്സഭയിലേക്ക് രണ്ടു സീറ്റായിരുന്നു ജെ.ജെ.പിയുടെ ആവശ്യം. എന്നാൽ, മുഴുവൻ സീറ്റിലും തങ്ങൾ നേരിട്ടിറങ്ങുമെന്ന് ബി.ജെ.പി നിലപാടെടുത്തു.

മാറിമറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പിക്ക് പഴയതുപോലുള്ള ആത്മവിശ്വാസമില്ല. ഇത്തവണയെങ്കിലും തിരിച്ചുവരവ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്. ഈ കോൺ​ഗ്രസിനൊപ്പം തങ്ങളുണ്ടാകുമെന്ന് പറയാതെ പറയുന്നുണ്ട് ജെ.ജെ.പി. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഇതിനോടകം ചൗട്ടാല വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ചന്ദ്രശേഖര്‍ ആസാദിന്റെ അസാദ് സമാജ് പാര്‍ട്ടി (കന്‍ഷി റാം)യുമായി സഖ്യംകൂടെ പ്രഖ്യാപിച്ചതോടെ ഇനി ബി.ജെ.പിയുമായി യാതൊരു രീതിയിലുള്ള സഹകരണത്തിനും ജെ.ജെ.പി.യ്ക്കുണ്ടാവാൻ സാധ്യതയില്ല. എന്നാൽ, അധികാരകേന്ദ്രം ലക്ഷ്യമായുള്ള രാഷട്രീയനീക്കങ്ങളിൽ തങ്ങളെക്കൊണ്ട് ഒറ്റയ്ക്കാവില്ലെന്ന് പൂർണബോധ്യമുണ്ട് ചൗട്ടാലയ്ക്കുണ്ട്. അധികാരത്തിൽ ഒരു കൈ വേണമെങ്കിൽ ആരുടെയെങ്കിലും ഒപ്പംചേരാതെ രക്ഷയില്ലെന്നതും വാസ്തവമാണ്. 

കോൺ​ഗ്രസ് ഒരടി മുന്നിൽ

കടുത്ത മത്സരമായിരിക്കും വരാനിരിക്കുന്നത് എന്നതിൽ ആർക്കും സംശയമില്ല. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിലേത് പോലെയൊരു ട്രെന്റ് ഇത്തവണയും ആവർത്തിച്ചാൽ കാര്യങ്ങൾ ഒരുപക്ഷേ കോൺ​ഗ്രസിന്  അനുകൂലമായേക്കാം. 2019-ലെ പൂജ്യത്തിൽ നിന്നും അഞ്ച് ലോക്സഭാ സീറ്റുകളിൽ ഇത്തവണ കോൺ​ഗ്രസ് വിജയിച്ചുകയറി. 15 ശതമാനത്തിലധികം വോട്ടും ഇക്കുറി പാർട്ടിബാലറ്റിൽ അധികമായെത്തി. ബി.ജെ.പി.യുടെ കാര്യത്തിലാണെങ്കിലോ, 10 ശതമാനത്തിലധികം ശതമാനം വോട്ടുകൾ അവർക്ക് നഷ്ടമായി. പത്തിൽ പത്തും ജയിച്ചിടത്ത് നിന്നും അഞ്ചിലേക്ക് അപ്രതീക്ഷിതമായി ബി.ജെ.പി. കൂപ്പുകുത്തി. 

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 90 നിയമസഭാ സീറ്റുകളിൽ 44 ഇടങ്ങളിലും ബി.ജെ.പി തന്നെയാണ് മുന്നിൽ. തൊട്ടുപിന്നിലായി 42 ഇടങ്ങളിൽ കോൺ​ഗ്രസും നാലിടങ്ങളിൽ ആം ആദ്മി പാർട്ടിയും ലീഡ് നേടിയതായാണ് ബൂത്ത് കണക്കുകൾ വ്യക്തമാക്കുന്നത്. സംഘർഷബാധിത പ്രദേശമായ നൂഹിൽ വലിയ കുതിച്ചുചാട്ടം കോൺ​ഗ്രസ് നടത്തിയതായാണ് കണക്കുകൾ. പുനഹാനയിലും ഇതുതന്നെ സ്ഥിതി. ആംബാല സിറ്റി മണ്ഡലവും ബി.ജെ.പി.യിൽ നിന്നും തെന്നിമാറി. അതേസമയം, ബാദ്ഷാപുരും കൽക്കയും ഇത്തവണ കൈവിട്ട് ബി.ജെ.പി.ക്കൊപ്പംനിന്നു. ന​ഗരപ്രദേശങ്ങളാണ് ബി.ജെ.പിയുടെ ശക്തിക്കേന്ദ്രങ്ങൾ. ​ഗ്രാമങ്ങളിൽ നല്ല സ്വാധീനം ജെ.ജെ.പി.ക്കുമുണ്ട്. മാറിയും മറഞ്ഞുംപോകുന്ന മത്സരക്കണക്കുകൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് എത്രത്തോളം പ്രവചനാതീതമാണെന്നതിന്റെ സൂചനകളാകുന്നു.

ഇത്തവണ പഠിക്കുമോ

​ഗ്രൂപ്പുവഴക്കുകൊണ്ട് അലങ്കോലപ്പെട്ട് താളംതെറ്റിയ നിലയിലായിരുന്നു കോൺ​ഗ്രസ് 2019-ൽ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. പി.സി.സി. പ്രസിഡന്റ് അശോക് തൻവറിനെ മാറ്റി ഭൂമുൻമുഖ്യമന്ത്രിയും പ്രമുഖ ജാട്ടുനേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയെ പ്രതിപക്ഷ നേതാവാക്കുന്നത് തിരഞ്ഞെടപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു. പിന്നീട്, ലഭിച്ച വളരെക്കുറവ് ദിവസങ്ങളിൽത്തന്നെ പ്രകടമായ മാറ്റം പാർട്ടിയിലും ഫലത്തിലുമുണ്ടായി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റമ്പിയതോടെ നിഷ്ക്രിയമായെന്ന് ആരോപണം നേരിട്ടിരുന്ന പാർട്ടി അന്ന് അധികാരത്തോട് കൈയ്യകലം വരെയെത്തി.

രാഹുലിന്റെ വിശ്വസ്തനായ തൻവറിന് വേണ്ടിയായിരുന്നു ഹൂഡയെപ്പോലൊരു തന്ത്രജ്ഞനെ കോൺ​ഗ്രസ് അവഗണിച്ചിരുന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ തൻവറാകട്ടെ ഇപ്പോൾ ബി.ജെ.പിക്കൊപ്പവും. വലിയ തോൽവിയിലേക്ക് പോയേക്കാവുന്ന ഒരു തിരഞ്ഞെടുപ്പിൽ നിന്നും സത്യത്തിൽ കോൺ​ഗ്രസിനെ രക്ഷിക്കുകയായിരുന്നു ഹൂഡ. പുതിയ പാർട്ടിയുമായി മുന്നോട്ട് പോകുമെന്നുവരെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അന്ന് ഹൂഡയ്ക്ക് ഹൈക്കമാൻഡ് കൈകൊടുത്തത്. 

placeholder
അശോക് തൻവർ ജെ.പി. നഡ്ഡയ്ക്കൊപ്പം | Photo:ANI

ഇത്രവണ അത്ര രൂക്ഷമല്ല കാര്യങ്ങൾ. ഹൂഡ തന്നെയാണ് തിരഞ്ഞെടുപ്പിന്റെ നേതൃത്വം വഹിക്കുന്നതെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പല പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. ഹൂഡയെക്കൂടാതെ, കുമാരി ഷെൽജയുടെ പേരാണ് ഏറ്റവും ഉച്ചത്തിൽ കേൾക്കുന്നത്. എം.പിയായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ബി.ജെ.പിയുടെ തുടർഭരണം അവസാനിപ്പിക്കുന്നതിന് സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കൾ നേതൃനിരയിലേക്ക് വരേണ്ടതുണ്ടെന്നായിരുന്നു ഷെൽജയുടെ മറുപടി. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് കോൺ​ഗ്രസ് പ്രതിപക്ഷത്തായിരിക്കെ ആരേയും മുഖ്യമന്ത്രിപദത്തിലേക്ക് ഉയർത്തികാണിക്കുന്ന രീതിയില്ലെന്നും അവർ വ്യക്തമാക്കി.

ജാട്ട് വിഭാ​ഗക്കാർ തീരുമാനിക്കുമോ?

2019-ലേതിന് സമാനമായി മിന്നുന്ന ലോക്സഭാ വിജയമോ മോദി ഫാക്ടറോ ഇത്തവണ ബി.ജെ.പി.ക്കില്ല. അതിനാൽ തന്നെ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കുന്നതിന് അരയും തലയും മുറുക്കിയാണ് അവർ ഇക്കുറി കളത്തിലിറങ്ങുന്നത്. സംവരണവും സമുദായസമവാക്യങ്ങളും ചർച്ചയാകാത്ത ഏത് തിരഞ്ഞെടുപ്പാണ് ഈ രാജ്യത്തുണ്ടായിട്ടുള്ളത്. ഇക്കുറി ബി.ജെ.പി കണ്ണ് വെച്ചിരിക്കുന്നത് സംസ്ഥാനത്തെ 40 ശതമാനത്തിലധികം വരുന്ന ഒ.ബി.സി സമുദായങ്ങളെയാണ്. ക്രീമി ലെയറിന് കൂടുതൽ പരി​ഗണനയും സർക്കാർ ജോലിയിൽ സംവരണവുമടക്കം നിരവധി വാ​ഗ്ദാനങ്ങളും ചർച്ചയിലുണ്ട്. 

നയാബ് സിങ് സെയ്നിയെ തന്നെ മുഖ്യമന്ത്രിമുഖമായി ബി.ജെ.പി മുന്നിൽ വയ്ക്കുന്നതും മറ്റൊന്നും ലക്ഷ്യംവച്ചല്ല. എന്ത് വിലകൊടുത്തും ഒ.ബി.സി വോട്ടുകൾ അവർക്ക് സ്വന്തം ബാലറ്റിൽ എത്തിച്ചേ മതിയാകൂ. എട്ട് ശതമാനത്തോളം സെയ്നി വിഭാ​ഗക്കാരുണ്ട് ഹരിയാണയിൽ. പല ജില്ലകളിലും നിർണായക സ്വാധീനശക്തിയാണ് ഇവർ. നഷ്ടപ്പെട്ടുപോയ പ്രതാപം  നയാബ് സിങ് സെയ്നിയുടെ നേതൃത്വത്തിൽ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ഹരിയാണയുടെ രാഷ്ട്രീയഭൂമികയിലെ മറ്റൊരു പ്രബലരാണ് ജാട്ട് സമുദായത്തിൽപ്പെട്ടവർ. 27 ശതമാനം വോട്ടുള്ള സമുദായവും ബി.ജെ.പിയും തമ്മിൽ കാര്യമായ അസ്വസ്ഥതകൾ തുടരുന്നുണ്ട്. സംവരണത്തിനായുള്ള ആവശ്യം മുതൽ കർഷകപ്രക്ഷോഭം വരെ ഇവിടെ അതൃപ്തി ഉടലെടുക്കുന്ന വിഷയങ്ങളാണ്. പകുതിയോളം നിയമസഭാ സീറ്റുകളിൽ നിർണായക സ്വാധീനമുള്ള ജാട്ട് സമുദായം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. 2019-ലും സമാനഭീഷണി ബി.ജെ.പിയെ അലട്ടിയിരുന്നു. ജാട്ട് ഇതരവിഭാഗക്കാരനായ മുഖ്യമന്ത്രി തങ്ങളെ വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന തോന്നലിൽ അന്ന് ജാട്ട് സമുദായവും രൂക്ഷമായ തൊഴിലില്ലായ്മയിൽ മനംമടുത്ത യുവാക്കളുമാണ് അന്ന് ബി.ജെ.പിക്ക് വിലങ്ങുതടിയായത്.

ദളിത് വോട്ടുകളും ഇത്തവണ തിരഞ്ഞെടുപ്പ് ഫലത്തിൽ വലിയ സ്വാധീനമാകും. ചന്ദ്രശേഖര്‍ ആസാദുമായി ചൗട്ടാല കൈകോർത്തതോടെ ഈ വോട്ടുകൾ വിഘടിച്ചുപോകാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 0.87% വോട്ടുമാത്രമാണ് ദുഷ്യന്തിന്റെ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതാവില്ല സ്ഥിതി. ജാട്ട് സമുദായവും ദളിത് വോട്ടുകളും തങ്ങൾക്കൊപ്പം നിർത്താൻ ഈ പ്രദേശിക സഖ്യത്തിന് കഴിഞ്ഞാൽ, ഹരിയാണയിൽ അപ്രതീക്ഷിതമായ പലതും സംഭവിച്ചേക്കാം. 

കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം അവർ കഴിഞ്ഞ തവണ അവസാനനിമിഷം ഒരു നിർണായകതീരുമാനമെടുത്തു. തിരഞ്ഞെടുപ്പിന് ഒരുമാസംമാത്രം ബാക്കിനിൽക്കെ പ്രസിഡന്റ് അശോക് തൻവറിനെ മാറ്റി മുൻമുഖ്യമന്ത്രിയും പ്രമുഖ ജാട്ടുനേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെത്തി. ഷെൽജ പുതിയ പി.സി.സി. പ്രസിഡന്റായി. തൻവറിന് പകരം ദളിത് വിഭാഗത്തിൽനിന്നൊരു അധ്യക്ഷയും ജാട്ടുനേതാവായൊരു പ്രതിപക്ഷനേതാവും നേതൃനിരയിലേക്കെത്തിയത് കോൺ​ഗ്രസിന് ​ഗുണംചെയ്തുവെന്ന് പിന്നീട് വന്ന ഫലങ്ങളിൽ തെളിഞ്ഞു. ഗ്രൂപ്പുവഴക്കുകൊണ്ട് അലങ്കോലപ്പെട്ട ഹരിയാണയിൽ കൃത്യമായ പദ്ധതിയോടെ കോൺ​ഗ്രസ് മുന്നോട്ട് പോയിരുന്നെങ്കിൽ ഫലം തന്നെ വ്യത്യസ്തമാകുമായിരുന്നു എന്ന് അഭിപ്രായങ്ങളുയർന്നു.

നയിക്കാൻ സെയ്നിയോ ഹൂഡയോ?

ബി.ജെ.പിയെക്കാളേറെ സെയ്നിയെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പോരാട്ടമായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്. മനോഹർ ലാൽ ഖട്ടർ ഒഴിഞ്ഞ അധികാരക്കസേരയിലേക്കാണ് മാസങ്ങൾക്ക് മുമ്പ് സെയിനിയെത്തുന്നത്. ഒമ്പതര വർഷം നീണ്ടുനിന്ന ഖട്ടർക്കെതിരായ ഭരണവിരുദ്ധവികാരം മറികടക്കാനുള്ള ശ്രമകരമായ ദൗത്യമാണ് ഇന്ന് അദ്ദേഹത്തിന് മുന്നിലുള്ളത്. 

2009-ൽ ആദ്യമായി ഹരിയാണ നിയമസഭയിലേക്ക് ജനവിധി തേടിയ സെയ്നി തോറ്റുകൊണ്ടാണ് ആരംഭിക്കുന്നത്. നാരായിൻഗഡിൽനിന്നും അന്ന് 8082 വോട്ടുകൾക്ക് പരാജിതനായെങ്കിലും, അഞ്ച് വർഷങ്ങൾക്കപ്പുറം അതേ മണ്ഡലത്തിൽ നിന്നും 24,000-ത്തിലേറെ വോട്ടിന് ജയിച്ച് എം.എൽ.എയും മന്ത്രിയുമായി. പിന്നീട്, 2019-ൽ കുരുക്ഷേത്രയിൽനിന്ന് മത്സരിച്ച് എം.പിയായിരിക്കെയാണ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് സെയ്നിയെ പാർട്ടി നിയോ​ഗിക്കുന്നത്. അതിനുശേഷമാണ് ചെറിയ കാലയളവിലേക്കെങ്കിലും മുഖ്യമന്ത്രിപദത്തിലേക്ക് ബി.ജെ.പി സെയ്നിയെ പരി​ഗണിക്കുന്നത്. 

placeholder
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നയാബ് സിങ് സെയ്നി | Photo:ANI

മാർച്ച് 12 മുതൽ ഓ​ഗസ്റ്റ് വരെയുള്ള ഈ കാലംകൊണ്ട് സെയ്നിയെ വിലയിരുത്താനാകില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾക്കിടെ ഫലത്തിൽ രണ്ട് രണ്ടര മാസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഈ ചുരുങ്ങിയ കാലയളവിൽത്തന്നെ വോട്ടർമാരെ ആകർഷിക്കുന്നതിനായുള്ള പ്രഖ്യാപനങ്ങൾ സെയ്നി നടത്തി. തൊഴിലില്ലായ്മ രൂക്ഷമായിരുന്ന ഹരിയാണയിൽ കൂടുതൽ ജോലി അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാ​ഗത്ത് നിന്നുമുണ്ടായി. ദ്രുത​ഗതിയിൽ ക്യാബിനറ്റ് ചേർന്ന് തീരുമാനങ്ങളെടുത്തു. 

ജാട്ടിതര മുഖ്യമന്ത്രിയായ ഖട്ടർക്കെതിരേ അഭിപ്രായങ്ങളുയർന്നെങ്കിൽ ഇതേ ആരോപണം മറ്റൊരു രൂപത്തിൽ സെയ്നിയുടെ കാര്യത്തിലുമുണ്ടായി. പിന്നാക്ക വിഭാ​ഗത്തിനുവേണ്ടി പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിൽ സെയ്നി പ്രത്യേകമായി ശ്രദ്ധിക്കുന്നുവെന്നായിരുന്നു ആക്ഷേപം. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജാട്ടിതര വോട്ടുകളാണ് പാർട്ടി ഇതുവഴി ലക്ഷ്യംവയ്ക്കുന്നതെന്നും വിമർശനമുണ്ടായി. 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഖട്ടർ തന്നെയാണ് ഹരിയാണയിലെ ബി.ജെ.പിയുടെ മുഖമെന്നും അധികാരത്തിന്റെ കടിഞ്ഞാൺ അദ്ദേഹത്തിന് ഇപ്പോഴുമുണ്ടെന്നുമൊരു അഭിപ്രായവും നിലനിൽക്കുന്നുണ്ട്. അധികാരത്തിലേറിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലേതുൾപ്പെടെ പല മുതിർന്ന ഉദ്യോ​ഗസ്ഥരേയും മാറ്റിനിയമിക്കുന്നതിന് സെയിനിക്കായിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനെ തൊട്ടുമുമ്പ് ചില സ്വതന്ത്രർ ബി.ജെ.പി.ക്കുനൽകിയ പിന്തുണ പിൻവലിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. ഖട്ടർ സ്ഥാനമൊഴിഞ്ഞതായിരുന്നു കൂറുമാറ്റത്തിന് അന്ന് അവർ പറഞ്ഞ പല കാര്യങ്ങളിൽ ഒന്ന്. 

പ്രധാനമന്ത്രിയായി മോദി അധികാരത്തിലേറിയതിന് പിന്നാലെയാണ് ഹരിയാണയിൽ ഖട്ടർക്ക് ജനവിധി അനുകൂലമാകുന്നത്. 47 സീറ്റുകളിൽ അന്ന് ബി.ജെ.പി വിജയിച്ചു. രാം ബിലാസ് ശർമ ഉൾപ്പെടെയുള്ള പല പ്രമുഖരേയും മറികടന്ന് ബി.ജെ.പി നേതൃത്വം മോദിയുടെ വിശ്വസ്തന് വഴിയൊരുക്കി. 2019-ലും ഖട്ടർ തന്നെ ബി.ജെ.പി. മുഖമായി. പ്രതീക്ഷിച്ച ഫലം അന്നുണ്ടായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായാകാൻ സാധിച്ച ബി.ജെ.പി ഖട്ടർക്കൊപ്പം തന്നെ നിന്നു. എന്നാൽ, തുടർച്ചയായി രണ്ടാംതവണയും അധികാരത്തിലേറിയ ഖട്ടർക്ക്, കാലാവധി പൂർത്തിയാക്കാൻ മാത്രം സാധിച്ചില്ല.

placeholder
മനോഹർ ലാൽ ഖട്ടർ | Photo:PTI

ഇവരെ കൂടാതെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാനി ജനനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയാണ്. കഴിഞ്ഞ തവണത്തേതിന് സമാനമായി ഇത്തവണയും കേവലഭൂരിപക്ഷത്തിനരികെ ദേശീയതലത്തിലെ വമ്പന്മാർ വീണാൽ പന്ത് വീണ്ടും ചൗട്ടാലയുടെ കോർട്ടിലായിരിക്കും. നിലവിലെ, രാഷ്ട്രീയ സാഹചര്യത്തിൽ കോൺ​ഗ്രസിനോടുക്കാനാണ് ജെ.ജെ.പി.ക്ക് താത്പര്യമെങ്കിലും അധികാരമരികെ നിൽക്കുമ്പോൾ രാഷ്ട്രീയത്തിൽ ഏത് ആന്റി ക്ലൈമാക്സും സാക്ഷ്യംവഹിക്കാൻ ജനങ്ങൾ തയ്യാറായിരിക്കേണ്ടതുണ്ട്. 

ഹരിയാണയിലെ പ്രമുഖ 'ലാല്‍' പരമ്പര രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ കണ്ണികൂടിയാണ് ദുഷ്യന്ത്. മുൻ ഉപപ്രധാനമന്ത്രിയും ഹരിയാണ ലോക്ദള്‍ പാര്‍ട്ടിയുടെ സ്ഥാപകനുമായിരുന്ന ചൗധരി ദേവിലാലിന്റെ ചെറുമകനുമാണ് ഇദ്ദേഹം. ഇതേ ഹരിയാണ ലോക്ദള്‍ പാര്‍ട്ടിയാണ് പിന്നീട് ഇന്ത്യന്‍ നാഷണല്‍ ലോക്ദളായും പരിണമിച്ചത്. എന്നാൽ, പാരമ്പര്യംകാത്ത് കുടുംബപാർട്ടിയോടൊപ്പം നിൽക്കാൻ അധികകാലം ദുഷ്യന്തിനായിരുന്നില്ല. 2018-ല്‍ മുത്തശ്ശന്‍ ഓം പ്രകാശ് ചൗട്ടാലയും അമ്മാവന്‍ അഭയ് സിങ് ചൗട്ടാലയുമായും ഉടലെടുത്ത ഭിന്നാഭിപ്രായങ്ങളിൽ തെറ്റിയ ദുഷ്യന്ത് പിതാവ് അജയ് സിങ് ചൗട്ടാലയുമൊത്ത് ജനനായക് ജനശക്തി പാര്‍ട്ടി രൂപീകരിച്ചു. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിങ്പിൻ സ്ഥാനത്തേക്ക് ഈ ചെറുപ്പക്കാരൻ എത്തിയതോടെയാണ് പാർട്ടിയുടെ രാശി മാറുന്നത്. അതേസമയം, ദുഷ്യന്തുമായി പിരിഞ്ഞവർ ഇന്ന് ചിത്രത്തിൽപ്പോലുമില്ല.

ജാട്ട് സമുദായത്തിനിടയിൽ പ്രമുഖനാണ് ദുഷ്യന്ത്. ജാട്ട് സ്വാധീനം കാര്യമായുള്ള രാജസ്ഥാനോട് ചേർന്ന് നിൽക്കുന്ന ഹരിയാണയിലെ പ്രദേശങ്ങളിലെ നിർണായകശക്തിയായിക്കൂടെ ദുഷ്യന്തിനെ കാണാനാകും. എന്നാൽ, പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ തലവേദന. 2019-ൽ ജയിച്ച പത്ത് ജെ.ജെ.പി സ്ഥാനാർഥികളിൽ വെറും നാല് പേർ മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളത്. ബി.ജെ.പി.യുമായി സഖ്യം പുനഃസ്ഥാപിക്കാൻ ഒരു സാധ്യതയും ഇപ്പോഴില്ല. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാനായിരിക്കും കോൺ​ഗ്രസിന്റേയും തീരുമാനം. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുത്തൻ തന്ത്രങ്ങളുമായി രം​ഗത്തിറങ്ങിയില്ലെങ്കിലും അധികാരകേന്ദ്രങ്ങളിൽനിന്നും പാർട്ടി പുറത്തുപോകും.

placeholder
ദുഷ്യന്ത് ചൗട്ടാല | Photo:ANI

ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ സംസ്ഥാനം ഒപ്പംനിൽക്കുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്. 2019-ൽ നാമാവിശേഷമായിടത്ത് നിന്നും 2024-ൽ നടത്തിയ തിരിച്ചുവരവ് പാർട്ടിക്കുനൽകുന്ന പ്രതീക്ഷ ചില്ലറയൊന്നുമല്ല. തൊഴിലില്ലായ്മയും കാർഷികരം​ഗത്തെ പ്രതിസന്ധിയുമാണ് കോൺ​ഗ്രസ് മുന്നോട്ട് വയ്ക്കുന്ന പ്രധാനപ്രശ്നം. മുഖ്യമന്ത്രിമുഖമായി ആരെത്തുമെന്നതിൽ ഇപ്പോഴും സംശയമുണ്ട്. പല പേരുകളും ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ‌ കോൺ​ഗ്രസ് തയ്യാറായിട്ടില്ല. 

പ്രതിസന്ധിഘട്ടങ്ങളിൽ ഹൂഡയുടെ നേതൃപാടവത്തിൽ ഹൈക്കമാൻഡിന് പോലും പ്രതീക്ഷയുണ്ട്. ഹിമാചൽ അടക്കമുള്ളിടത്തെ വിമതഭീഷണി പരിഹരിക്കുന്നതിന് പാർട്ടി രം​ഗത്തിറക്കിയതും ഹൂഡയെ തന്നെയായിരുന്നു. ഹരിയാണ പ്രതിസന്ധിക്കുപിന്നിലും ഹൂഡയാണെന്ന് പല റിപ്പോർട്ടുകളുമുണ്ടായിരുന്നു. ബി.ജെ.പിയോട് ഇടഞ്ഞ് നിൽക്കുന്ന ജെ.ജെ.പി., നിർണായകസ്വാധീനമായി മാറിയേക്കാകുന്ന സ്വതന്ത്രർ എന്നുതുടങ്ങി തിരഞ്ഞെടുപ്പ് വേദി ചൂടൂപിടിക്കുന്ന സാഹചര്യത്തിൽ 76-കാരനായ ഹൂഡ രക്ഷയ്ക്കെത്തുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്.

placeholder
ഭൂപീന്ദർ സിങ് ഹൂഡ | Photo:ANI

രാഷ്ട്രീയ ഗോദയിലേക്ക് വിനേഷ്

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ വിനേഷ് ഫോ​ഗട്ട് ഹരിയാണയിലെ ബാലറ്റിനെ സ്വാധീനിക്കുമോ എന്നുകൂടെ കണ്ടറിയേണ്ടതുണ്ട്. പാരീസ് ഒളിമ്പിക്സിന് ശേഷം തിരിച്ചെത്തിയ വിനേഷിന് ​ഗംഭീര വരവേൽപ്പാണ് കോൺ​ഗ്രസ് ഒരുക്കിയത്. വിനേഷിന് സ്വീകരണം ഒരുക്കുന്നതിന് ബി.ജെ.പി.യും ഒരുങ്ങിയെങ്കിലും വിഷയത്തിൽ ലഭിക്കാവുന്ന മൈലേജെല്ലാം കോൺ​ഗ്രസ് സ്വന്തമാക്കി. വിനേഷ് ഭൂപിന്ദർ സിങ് ഹൂഡയുടെ ഡൽഹിയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയെന്നതാണ് ഈ നിമിഷം വിഷയവുമായി ബന്ധപ്പെട്ട് അവസാനം വരുന്ന റിപ്പോർട്ട്. താരം കോൺ​ഗ്രസിനൊപ്പം ചേർന്നേക്കുമെന്നും ഇല്ലെന്നും അഭ്യൂഹങ്ങൾ നിലനിൽക്കെ വലിയ വാർത്താപ്രാധാന്യം കൂടിക്കാഴ്ചയ്ക്കുണ്ട്. 

മതിയായ അംഗ സംഖ്യ ഉണ്ടായിരുന്നെങ്കിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് വിനേഷിനെ നാമനിർദേശം ചെയ്യുമെന്ന് പ്രഖ്യാപിക്കാൻ കോൺ​ഗ്രസ് നേതാവ് ഭൂപിന്ദർ സിങ് ഹൂഡയ്ക്ക് രണ്ടാമതൊന്നും ചിന്തിക്കേണ്ടി വന്നില്ല. സ്വീകരിക്കാനോ നിരസിക്കാനോ ആകാത്ത ഈ വാ​ഗ്ദാനത്തോടുകൂടി വിനേഷ് തങ്ങളുടെയൊപ്പമാണെന്നൊരു പ്രതീതി സൃഷ്ടിക്കുന്നതിൽ  കോൺ​ഗ്രസ് വിജയിച്ചു. ഇതോടെ, വിനേഷ് രാഷ്ട്രീയത്തിലേക്കുറങ്ങുമോ എന്നതിൽ നിന്നും ചോദ്യം വിനേഷ് കോൺ​ഗ്രസിനൊപ്പമിറങ്ങുമോ എന്നതിലേക്ക് ചുരുങ്ങി. രാഷ്ട്രീയത്തിലേക്കില്ലെന്ന് തന്നെയാണ് ഏറ്റവും അവസാനം താരത്തിൽ നിന്നും പൊതുജനംകേട്ട നിലപാട്. 2032 വരെ ​ഗുസ്തി കരിയർ തുടരുമെന്നും വിനേഷ് പറഞ്ഞു. അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകളും ഇതുതന്നെയാണ്. എന്നിരുന്നാലും, അവസാനനിമിഷം മനസ്സുമാറി വിനേഷ് തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് ഇറങ്ങിയാൽ ഹരിയാണയിലെ ജനവിധിയിൽ അത് നിർണായകമാകും.

placeholder

അന്നം തരുന്നവരോട് നേർക്കുനേർ

ഭരണവിരുദ്ധവികാരവും സമുദായങ്ങളുടെ എതിർപ്പുമെല്ലാം മറികടക്കാനായാലും കർഷകരോഷം ബി.ജെ.പിക്കുമുന്നിൽ വെല്ലുവിളിയായിത്തന്നെ തുടരുകയാണ്. കർഷകസമരത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ യുവകർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ വലിയ പ്രക്ഷോഭത്തിന് സംസ്ഥാനം സാക്ഷിയായിരുന്നു. താങ്ങുവില നിയമപരമാക്കൽ, വായ്പായിളവ്, വിള ഇൻഷുറൻസ്, കർഷക പെൻഷൻ തുടങ്ങിയ ആവശ്യങ്ങളുമായി കർഷകസംഘടനകൾ പ്രഖ്യാപിച്ച ‘ഡൽഹി ചലോ’ മാർച്ചിനെ അന്ന് ഉരുക്കുമുഷ്ടികൊണ്ടുതന്നെയായിരുന്നു അധികാരികൾ നേരിട്ടത്. അതിർത്തികളിൽ കോൺക്രീറ്റ് വേലികൾ ഉപയോ​ഗിച്ച് ബന്ദിച്ചു. കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളുംവരെ കർഷകർക്കുനേരെ പ്രയോ​ഗിച്ചു. പിന്നീട് താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകുന്നതുസംബന്ധിച്ച് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇതോടെ, സമരം ഒന്നടങ്ങിയെങ്കിലും തൃപ്തരല്ലെന്നുതന്നെയാണ് ഇപ്പോഴും കർഷകരുടെ നിലപാട്. വാഗ്‌ദാനം പാലിക്കാതെ സർക്കാർ കർഷകരെ വഞ്ചിച്ചെന്നാണ് 2024 ജൂലായിൽ സംയുക്ത കിസാൻമോർച്ച (എസ്.കെ.എം.) സമരമുഖത്തേക്കിറങ്ങുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. 

അ​ഗ്നിപഥ് പദ്ധതിയാണ് സർക്കാരിന് തലവേദന സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന വിഷയം. വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ഉയർന്നതോടെ അ​ഗ്നിവീർ സൈനികർക്ക് തൊഴിൽസംവരണവും സംരംഭകത്വ അവസരങ്ങളും നൽകാമെന്ന് സെയ്നി പ്രഖ്യാപിച്ചിട്ടുണ്ട്. സായുധസേനയിൽ സേവനം പൂർത്തിയാക്കിയ അ​ഗ്നിവീർ സൈനികർക്ക് കോൺസ്റ്റബിൾ, മാനിങ്, ഫോറസ്റ്റ്, ജയിൽ വാർഡൻ, സ്‌പെഷ്യൽ പോലീസ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക്  സംവരണം നൽകാനാണ് തീരുമാനം. കൂടാതെ, സ്വയംതൊഴിൽ, സംരംഭകത്വം എന്നിവയ്ക്കായി പ്രതിവർഷം സബ്സിഡി ഇനത്തിൽ പണം നൽകാനും തീരുമാനമായിട്ടുണ്ട്.

placeholder
ഡൽഹി ചലോ മാർച്ചിൽ നിന്ന് | Photo:PTI

കഴിഞ്ഞ പത്ത് വർഷമായി കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബി.ജെ.പിയാണ്. സ്വാഭാവികമായും ഈ ഭരണവിരുദ്ധവികാരം മറികടക്കുന്നതിന് ചില്ലറപ്പണിയൊന്നും എടുത്താൽ മതിയാവില്ല. ഈ വെല്ലുവിളിയെ മറികടക്കുന്നത് ലക്ഷ്യംവെച്ചുതന്നെ ദിവസങ്ങൾക്കുമുമ്പോ സെയ്നി നിർണായകതീരുമാനം പ്രഖ്യാപിച്ചു. സർക്കാർ ജോലികളിൽ പട്ടികജാതി വിഭാ​ഗങ്ങൾക്ക് 20 ശതമാനം നൽകാമെന്ന് തീരുമാനമെടുത്തതായി അദ്ദേഹം അറിയിച്ചു. പട്ടികജാതി കമ്മിഷൻ ശുപാർശ ചെയ്ത 20 ശതമാനം സംവരണത്തിൽ 10 ശതമാനം പാർശ്വവത്ക്കരിക്കപ്പെട്ട പട്ടികജാതി വിഭാ​ഗങ്ങൾക്ക് നൽകാനുമാണ് തീരുമാനം. 

സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗക്കാർക്കായി ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിൽ നിലവിലുള്ള 15 ശതമാനം സംവരണം ഒറ്റയടിക്ക് 27 ശതമാനമാക്കി ഉയർത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു പുതിയ തീരുമാനം പുറത്തുവന്നത്. സംവരണ ആനുകൂല്യത്തിനുള്ള വരുമാനപരിധി ആറ് ലക്ഷത്തിൽ നിന്നും എട്ട് ലക്ഷമാക്കി ഉയർത്തുകകൂടി ചെയ്തതോടെ സംസ്ഥാനത്തെ പ്രബലമായ ഒ.ബി.സി വിഭാ​ഗങ്ങൾ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. സംവരണപ്രഖ്യാപനങ്ങൾ ഒഴിച്ചാൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലാണ് ബി.ജെ.പി. പ്രതീക്ഷ. ഇതുവഴി, കേന്ദ്രസർക്കാർ ജീവനക്കാരുടെ വോട്ട് പൂർണമായും തങ്ങളിലേക്കെത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ട് പാർട്ടി.  

ജാട്ടുകളും ജാട്ട് ഇതര വിഭാ​ഗങ്ങളും തമ്മിലുണ്ടായിരുന്ന വേർതിരിവിനെ വോട്ടാക്കുന്നതിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പകളിലും ബി.ജെ.പി. വിജയിച്ചിരുന്നു. എന്നാൽ, ഇത്തവണ സമുദായ സമവാക്യങ്ങൾ കൂട്ടിയും കിഴിച്ചും നോക്കിയാൽ അറിയാനാകുന്നതായിരിക്കില്ല ഹരിയാണ തിരഞ്ഞെടുപ്പ്. കാർഷികരം​ഗത്തുണ്ടായ പ്രതിസന്ധികളും തൊഴിലില്ലായ്മയും അക്രമങ്ങളുമെല്ലാം ബി.ജെ.പിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് സൂചിപ്പിക്കുന്നത്. നിയമസഭയിലെ പാർട്ടിയുടെ ഭൂരിപക്ഷവും ഏറെ പ്രതിസന്ധിയിലാണ്. ഇതേ, കാര്യങ്ങളിൽ മുതലെടുത്ത് തിരിച്ചുവരവിനുള്ള ശ്രമമാണ് കോൺ​ഗ്രസ് സംസ്ഥാനത്ത് നടത്തുന്നത്. ഹൂഡയുടെ നേതൃത്വത്തിൽ അവരുടെ പ്രവർത്തകരും പ്രതീക്ഷയിലാണ്. എന്നാൽ, കോൺ​ഗ്രസ് നേതാക്കൾ അവസാനംവരെ ഒറ്റക്കെട്ടായി നിലനിൽക്കണമെന്നത് അനിവാര്യതയാണ്.