സുഡാനിലെ കര്‍തൂം അതിര്‍ത്തിയില്‍ തുടക്കവും ഒടുക്കവും കാണാത്ത നീണ്ടുനീണ്ടു പോവുന്ന മനുഷ്യവരികള്‍ക്കിടയില്‍ സമീറ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മൂന്നു വയസ്സുകാരന്‍ മകന്‍ ഒന്നുമറിയാതെ തോളത്തുറങ്ങുന്നുണ്ട്. തന്റെ പൊടിപിടിച്ച മുഖമുയര്‍ത്തി സമീറ വരികള്‍ക്ക് മുന്നിലേക്ക് നോക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ നോട്ടം എവിടെയുമെത്തുന്നില്ല. എപ്പോഴാണ് തങ്ങള്‍ക്ക് മുന്നിലെ അതിര്‍ത്തിവേലികള്‍ തുറക്കുക എന്നതിനപ്പുറം വിശപ്പിനേയും ദാഹത്തേയും മറന്നുപോയ ദിവസങ്ങള്‍. ഇത് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നും പിഴുതെറിയപ്പെട്ട സമീറയുടെ മാത്രം കാഴ്ചയാണ്. യുദ്ധം ബാക്കിവെച്ചവരുടെ പ്രതീകം. സുഡാന് അപ്പുറം ഗാസ, യുക്രൈന്‍, യെമെന്‍ ഇവിടങ്ങളിലെല്ലാം കഴിഞ്ഞ കുറേക്കാലമായി തുടര്‍ന്ന് വരുന്ന യുദ്ധങ്ങള്‍ പിഴുതെറിഞ്ഞ മനുഷ്യരെക്കുറിച്ച് കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. ഇത് ചൂണ്ടിക്കാട്ടുന്നത് രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഈ നാലിടങ്ങളിലും ഉണ്ടായിരിക്കുന്നത് എന്നാണ്. ഇത് ഏതെങ്കിലുമൊരു രാജ്യത്തിന്റെ അവസ്ഥയല്ല. യുദ്ധം ഈ ഭൂമിയെ മാറ്റിവരച്ചതിന്റെ നേര്‍ക്കാഴ്ചയാണ്.

To advertise here,

സുഡാനെ മനപ്പൂര്‍വം കണ്ടില്ലെന്ന് നടിക്കുന്ന ലോകരാജ്യങ്ങള്‍

ഒരുകാലത്ത് വാര്‍ത്തകളില്‍ വലിയ രീതിയില്‍ സ്ഥാനം പിടിച്ചിരുന്ന സുഡാന്‍ പതിയെ ലോകത്തിന്റെ വിസ്മൃതിയിലേക്ക് മാഞ്ഞുപോയി എന്നാണ് യുദ്ധനിരീക്ഷകരും വിലയിരുത്തുന്നത്. പക്ഷേ, സുഡാന്‍ സൈന്യത്തിന്റേയും ആര്‍എസ്എഫ് എന്ന വിമത സൈന്യത്തിന്റേയും മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും ഇന്നും അവസാനമില്ലാതെ തുടരുകയാണിവിടെ. ലോകത്തെ ആശങ്കയിലാക്കിക്കൊണ്ടാണ് ഇവിടെ നിന്നുള്ള അഭയാര്‍ഥി പ്രവാഹങ്ങള്‍. പണ്ടേ ദാരിദ്ര്യത്തിലും പട്ടിണിയിലുമായ ഒരു രാജ്യത്തെ ആഭ്യന്തരയുദ്ധം കൂടി ചുറ്റിവരിഞ്ഞതോടെ പട്ടിണിയുടെ അങ്ങേയറ്റത്തെ അവസ്ഥയെ അനുഭവിക്കുകയാണ് ജനങ്ങളെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സുരക്ഷിതയിടം തേടി എങ്ങോട്ടെന്നില്ലാതെ ജനിച്ച നാട്ടില്‍ നിന്നും ഓടിയൊളിക്കുമ്പോള്‍ അവര്‍ വിശപ്പിനെ മറക്കുകയാണ്. കുട്ടികളുടെ വിശപ്പടക്കാന്‍ കാലിത്തീറ്റപോലും ഭക്ഷണമാക്കുന്ന അവസ്ഥയിലേക്ക് ഒരു രാജ്യത്തെ ഈ യുദ്ധം തള്ളിയിട്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ഭൂമിയിലെ തന്നെ ഏറ്റവും ഭയനാകമായ കുടിയിറക്കത്തിനാണ് സുഡാന്‍ ഇന്ന് സാക്ഷിയാകുന്നത് എന്നാണ് സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. എല്‍ഫഷര്‍, എല്‍ ജെനൈന, ഒംദുര്‍മാന്‍, കര്‍ത്തൂം പോലുള്ള നഗരങ്ങളെല്ലാം ആള്‍പ്പാര്‍പ്പില്ലാതെ പ്രേതനഗരം പോലെയായി. പതിനായിരക്കണക്കിന് ആളുകളാണ് ചാഡ്, ഈജിപ്ത്  എന്നിവിടങ്ങളിലേക്ക് ഒളിച്ചോടുന്നത്. കയ്യില്‍ ഒരു കാന്‍ കുടിവെള്ളം മാത്രം കരുതി അവര്‍ രാത്രിയില്‍ ഒളിച്ചോടുന്നത് ഒറ്റ ലക്ഷ്യം മാത്രം വെച്ചാണ്. സുരക്ഷിതമായി ഒരു സാരിവിരിച്ച് ടെന്റ് കെട്ടാനെങ്കിലുമുള്ള ഒരു സ്ഥലം കണ്ടെത്തണം. പലരും ക്യാമ്പുകളിലേക്ക് മാറി. ആ ക്യാമ്പിന്റെ ചുമരുകളില്‍ കുട്ടികള്‍ തങ്ങള്‍ക്ക് ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത അവരുടെ വീടിന്റെ ചിത്രങ്ങള്‍ സങ്കടത്തോടെ വരച്ചിടുകയാണ്.

മണിക്കൂറുകളുടെ ഇടവേളയില്‍ പുതിയ താവളം തേടുന്ന ഗാസക്കാര്‍

 

ഗാസയിലും ഒരിക്കലും അവസാനമില്ലാത്ത ശ്രേണിയായി കുടിയിറക്കം മാറിയിരിക്കുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രക്ഷ തേടി മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ സ്ഥലം തേടി ഗാസക്കാര്‍ എങ്ങോട്ടെന്നില്ലാതെ ഓടുകയാണ്. സ്‌കൂളുകളും ആശുപത്രികളും ക്യാമ്പുകളുമെല്ലാം അടുത്ത നിമിഷം ആക്രമിക്കപ്പെടാമെന്ന ബോധം ഇവിടെയുള്ള ജനങ്ങളെ എവിടേയും അഭയമില്ലാത്തവരായി മാറ്റിയിരിക്കുന്നു. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ കെട്ടി ഉയര്‍ത്തിയ ടെന്റുകളിലാണ് ഓരോ കുടുംബങ്ങളുടേയും താമസം. പൊടിമൂടിയ അന്തരീക്ഷം മാത്രമാണ് എപ്പോഴുമിവര്‍ക്ക് കൂട്ടിനുള്ളത്. ശുദ്ധജലം കിട്ടാക്കനിയായി. വൈദ്യുതി ഓര്‍മ മാത്രമായി.

 

ഹാമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമത്തിന് പിന്നാലെ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആരംഭിച്ച സൈനിക നടപടിയില്‍ ഇതുവരെ 69000-ല്‍ അധികം പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം പറയുന്നത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. അമേരിക്കയുടെ ഇടനിലയില്‍ ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചിരുന്നുവെങ്കിലും അതും പലപ്പോഴും ലംഘിക്കപ്പെടുകയുമാണ്.

ഗാസയില്‍ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍കൂടി തുടങ്ങിയതോടെ കുട്ടികള്‍ക്കുള്ള അടിയന്തര വാക്‌സിനേഷന്‍ നടപടിക്ക് ലോകാരോഗ്യ സംഘടനയും ഒരുങ്ങുന്നുണ്ട്. നിലവിലെ വെടിനിര്‍ത്തല്‍ സൗകര്യം ഉപയോഗപ്പെടുത്തി 40,000 കുട്ടികൾക്കെങ്കിലും വാക്‌സിനേഷന്‍ നടത്താമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം ഡബ്ലുഎച്ച്ഒയും ഇതുമായി ബന്ധപ്പെട്ട് മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന് മൂന്നു വയസ്സിന് താഴെയുള്ള 10,000 കുട്ടികള്‍ക്ക് മരുന്ന് നല്‍കിയിരുന്നു. ഇത് തുടരാനാവുമെന്നാണ് കരുതുന്നതെന്നാണും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രൈസസ് ചൂണ്ടിക്കാട്ടുന്നു.

യുദ്ധം തുടങ്ങിയ ശേഷം ഏകദേശം ഇരുപത് ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്നും കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇത് ഗാസയിലെ മൊത്തം ജനസംഖ്യയുടെ 90 ശതമാനത്തോളം വരും. ഒഴിഞ്ഞുപോകല്‍ നിര്‍ദേശത്തെ തുടര്‍ന്ന് പത്ത് തവണയെങ്കിലും പലയിടങ്ങളിലേക്കായി കുടിയിറക്കപ്പെട്ടവരുണ്ടെന്നാണ് യുഎന്‍ പറയുന്നത്. പട്ടിണിയും രോഗവും ശുദ്ധജലത്തിന്റെ അഭാവവും മൂലം ദുരിതത്തിലായതോടെ പലര്‍ക്കും തങ്ങളും മനുഷ്യരാണെന്ന ചിന്തപോലും ഇല്ലാതായിപ്പോയി.

റഷ്യ-യുക്രൈന്‍ യുദ്ധം; രണ്ടാംലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹം

2022-ല്‍ റഷ്യ യുക്രൈനില്‍ നടത്തിയ ആദ്യ മിസൈലാക്രമണത്തിന് ശേഷം ദിവസങ്ങള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് സ്വന്തം നാട്ടില്‍ നിന്നും കുടിയൊഴിഞ്ഞുപോയത്. ഇതില്‍ ഭൂരിഭാഗം പേരും ഇപ്പോഴും തിരിച്ചുവന്നിട്ടില്ല. പലരും പോളണ്ടിലും മറ്റുമുള്ള താല്‍ക്കാലിക കേന്ദ്രങ്ങളിലാണ് താമസം. ബെര്‍ലിനില്‍ താല്‍ക്കാലിക സ്‌കൂളുകളില്‍ കുട്ടികള്‍ പഠനം നടത്തുന്നു. യു.എസ് ഇടപെടലില്‍ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണിപ്പോള്‍. പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഹായത്താല്‍ പ്രതിരോധിക്കാന്‍ യുക്രൈന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും റഷ്യ ശക്തമായി തിരിച്ചടിക്കുകയുമാണ്.

ഇക്കാലത്തിനിടെ 50,000 ത്തോളം യുക്രൈന്‍ പട്ടാളക്കാര്‍ മരിച്ചെന്നും നാല് ലക്ഷത്തോളം പട്ടാളക്കാര്‍ക്ക് പരിക്കേറ്റുവെന്നുമാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറയുന്നത്. 13000-ത്തോളം സാധാരണക്കാര്‍ മരിച്ചെന്നും 30,000 പേര്‍ക്ക് പരിക്കേറ്റെന്നും 70,000-ത്തോളം ആളുകളെ കാണാതായെന്നുമാണ് യു.എന്‍ വ്യക്തമാക്കുന്നത്. എട്ട് ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. 2022 സെപ്റ്റംബറിനുശേഷം റഷ്യ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. അന്ന് 6000 പട്ടാളക്കാര്‍ മരിച്ചുവെന്നായിരുന്നു റഷ്യ പറഞ്ഞത്. ഇതുവരെ യുക്രൈനിന്റെ 20 ശതമാനത്തോളം പ്രദേശം റഷ്യ കൈക്കലാക്കിയിട്ടുമുണ്ട്. ഏകദേശം 4.1 കോടി ജനങ്ങളുള്ള രാജ്യത്ത് നിന്ന് 80 ലക്ഷത്തോളം ആളുകള്‍ പ്രാഥമികമായി കുടിയൊഴിപ്പിക്കപ്പെടുകയും 82 ലക്ഷത്തോളം ആളുകള്‍ രാജ്യംവിട്ട് പോവുകയും ചെയ്തുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ രണ്ടാംലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹം യുക്രൈനില്‍ നിന്നായി മാറുകയും ചെയ്തു.

രണ്ടാം ദശകത്തിലേക്ക് കടക്കുന്ന യെമന്‍ യുദ്ധം

യെമന്‍ തലസ്ഥാനമായ സനയുടെ നിയന്ത്രണം ഹൂതി വിമതരുടെ കയ്യിലായതോടെയാണ് 2014 അവസാനത്തോടെ യെമെന്‍ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് പോവുന്നത്. തുടര്‍ന്ന് സര്‍ക്കാരിനെ ഹൂത്തികള്‍ ഏറ്റെടുത്തു. 2015 മാര്‍ച്ച് 21 ന്, ഹൂത്തികളുടെ നേതൃത്വത്തിലുള്ള സുപ്രീം റെവല്യൂഷണറി കമ്മിറ്റി അന്നത്തെ പ്രസിഡന്റ് അബ്ദ്രബ്ബു മന്‍സൂര്‍ ഹാദിയെ അട്ടിമറിക്കുകയും തെക്കന്‍ പ്രവിശ്യകളിലേക്ക് അതിക്രമിച്ചു കയറി തങ്ങളുടെ നിയന്ത്രണം വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

മുന്‍ യെമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനോട് വിശ്വസ്തരായ സൈനികസേനയുമായി സഖ്യമുണ്ടാക്കിയ ഹൂത്തി ആക്രമണം അടുത്ത ദിവസം ലാഹിജ് ഗവര്‍ണറേറ്റില്‍ യുദ്ധം ആരംഭിച്ചു. മാര്‍ച്ച് 25 ആയപ്പോഴേക്കും, ലാഹിജ് ഹൂത്തികള്‍ക്ക് കീഴടങ്ങി. അവര്‍ ഹാദി സര്‍ക്കാരിന്റെ അധികാര കേന്ദ്രമായ ഏദന്റെ പ്രാന്തപ്രദേശങ്ങളിലെത്തി. ഹാദി അതേ ദിവസം തന്നെ രാജ്യം വിട്ടു. അതോടൊപ്പം, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒരു സഖ്യം വ്യോമാക്രമണങ്ങള്‍ നടത്തി സൈനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും മുന്‍ യെമന്‍ സര്‍ക്കാരിനെ പുനഃസ്ഥാപിക്കുകയും ചെയ്തു.

ഇക്കാലത്തിനിടെ 1.8 കോടി ജനങ്ങളാണ് പട്ടിണിയിലും ദുരിതത്തിലേക്കും പോയത്. ഇവരില്‍ അഞ്ചുവയസ്സിന് താഴെയുള്ള പത്തു ലക്ഷത്തോളം കുട്ടികള്‍ പോഷകാഹാര കുറവുമൂലം ജീവന്‍ തന്നെ അപകടത്തിലാകുന്ന അവസ്ഥയിലേക്ക് മാറി. അടുത്ത വര്‍ഷം ആവുമ്പോഴേക്കും ഇത്തരം കുട്ടികളുടെ എണ്ണം പത്തര ലക്ഷത്തോളം വരുമെന്നാണ് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതുവരെ സൈന്യത്തിലും സാധാരണ ജനങ്ങളിലും പെട്ട 150,000 ആളുകള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നും കണക്കാക്കുന്നുണ്ട്. കൂടാതെ യുദ്ധം മൂലമുണ്ടായ ക്ഷാമത്തിന്റെയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ അഭാവത്തിന്റെയും ഫലമായി 227,000-ത്തിലധികം പേര്‍ മരിച്ചതായും കണക്കാക്കുന്നു .

ഭൂരിഭാഗം ജനങ്ങള്‍ക്കും വീടും സ്വത്തും നഷ്ടപ്പെട്ടു. സ്‌കൂളുകളും ആശുപത്രികളും ശുദ്ധജല വിതരണ സംവിധാനങ്ങളുമടക്കം ഭൂരിഭാഗം അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കപ്പെട്ടു. ഹൂതികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നുവെന്ന ആരോപണം വന്നതോടെ യെമന്‍ യുദ്ധം അക്ഷാര്‍ഥത്തില്‍ ഇറാന്‍-സൗദി അറേബ്യ യുദ്ധമായും മാറി. തലസ്ഥാനമായ സനായും കിഴക്കന്‍ മാരിബ് ഗവര്‍ണറേറ്റ് ഒഴികെയുള്ള മുന്‍ വടക്കന്‍ യെമന്റെ മുഴുവന്‍ ഭാഗങ്ങളും നിലവില്‍ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലാണ്.

യെമന്‍, സുഡാന്‍, സൗത്ത് സുഡാന്‍, പാലസ്തീന്‍, മലി, ഹെയ്തി എന്നീ രാജ്യങ്ങളാണ് പട്ടിണി മൂലം ഏറ്റവും പ്രതിസന്ധിയിലായിരിക്കുന്ന രാജ്യങ്ങളുടെ കണക്കില്‍ യു.എന്നിന്റെ ഏറ്റവും പുതിയ ഹങ്കര്‍ ഹോട്‌സ്‌പോട്ട് വിശകലം ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുദ്ധം, സാമ്പത്തിക തകര്‍ച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവെയെല്ലാം മൂലം ഈ രാജ്യങ്ങള്‍ ഭക്ഷ്യ സുരക്ഷയുടെ ഏറ്റവും അപകടമായ അവസ്ഥയിലാണെന്നും യു.എന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതില്‍ ഏറ്റവും രൂക്ഷതയാണ് യെമന്‍ അനുഭവിക്കുന്നത്. അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ ഇതില്‍ ഭൂരിഭാഗവും പട്ടിണിയിലേക്കോ പട്ടിണിയുടെ തൊട്ടടുത്ത അവസ്ഥയിലേക്കോ എത്തുമെന്നും യു.എന്‍ വ്യക്തമാക്കുന്നു.

ഞങ്ങള്‍ വെറും ഇരകളല്ല. ഞങ്ങള്‍ സംരക്ഷകരായിരുന്നു, അധ്യാപകരും കെട്ടിട നിര്‍മാതാക്കളും രക്ഷിതാക്കളുമായിരുന്നു. ഞങ്ങളുടെ കുട്ടികള്‍ക്കും ആഗ്രഹങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു. പക്ഷേ, യുദ്ധം പതിനൊന്ന് വര്‍ഷത്തേക്ക് അടുക്കുമ്പോള്‍ നിരാശയുടെ പടുകുഴിയിലേക്കാണ് ഞങ്ങള്‍ വീണത്. ലോകം ആദ്യം ഞങ്ങളെ ശ്രദ്ധിച്ചു. ഇന്ന് പക്ഷേ, യെമന്‍ അവരുടെ ഓര്‍മകളില്‍ പോലുമില്ല. നഷ്ടം ഞങ്ങള്‍ക്ക് മാത്രമായി. യെമനില്‍ നിന്നും കുടിയൊഴിക്കപ്പെട്ട നൂര്‍ മുഹമ്മദ് എന്ന യുവാവ് വാര്‍ത്താ ഏജന്‍സിയായ എ.പിയോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.