ഈജിപ്തിലെ ഗിസയിലുള്ള പിരമിഡുകള്‍ക്ക് കീഴെ രണ്ടു കിലോമീറ്റര്‍ ആഴത്തില്‍ 'മഹാനഗരം' കണ്ടെത്തിയെന്ന അവകാശവാദം ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇറ്റലിയിലെ പിസ സര്‍വ്വകലാശാലയിലെ കൊറാഡ മലാംഗ, സ്‌കോട്ട്‌ലന്‍ഡിലെ സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാലയിലെ ഫിലിപ്പോ ബിയോണ്ടി എന്നീ ഗവേഷകര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 15-നാണ് തങ്ങളുടെ ഗവേഷണഫലം ലോകത്തെ അറിയിച്ചത്. ഗിസയിലെ പിരമിഡുകളെക്കാള്‍ പത്തിരട്ടി വലിപ്പത്തിലാണ് നഗരമെന്നും സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (എസ്.എ.ആര്‍) ടോമോഗ്രഫി എന്ന ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതു കണ്ടെത്തിയതെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. പക്ഷേ, ഈ ഗവേഷണഫലം നിഷ്പക്ഷ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചതല്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ഭൂരിഭാഗം വിദഗ്ധരും കരുതുന്നു.

To advertise here,

പിരമിഡിന് ചുവട്ടിലേക്ക് റഡാര്‍ മിടിപ്പുകള്‍ അയക്കുമ്പോള്‍ തിരിച്ചുവരുന്ന സിഗ്നലുകള്‍ പഠിച്ച് ഭൂമിക്കടിയിലെ നിര്‍മ്മിതികളുടെ ത്രിമാനമാതൃക തയ്യാറാക്കിയാണ് ഈ നിഗമനത്തില്‍ എത്തിയത്, ശരിക്കും കുഴിച്ചു നോക്കിയിട്ടല്ല. എന്തായാലും ഈ നിഗമനങ്ങള്‍ സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍- അതെ, സ്ഥിരീകരിക്കപ്പെട്ടാല്‍ മാത്രം- ഈജിപ്‌റ്റോളജിയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുങ്ങും. പിരമിഡുകള്‍ ഈജിപ്തിലെ രാജകീയ ശവക്കല്ലറകളാണെന്നും അവ നിര്‍മിക്കപ്പെട്ടത് തൊഴിലാളികളുടെ കഠിനാധ്വാനം കൊണ്ടാണെന്നുമുള്ള പൊതുബോധം മാറ്റിയെഴുതാന്‍ പിന്നെ അധികസമയം വേണ്ട. വരുന്ന മാര്‍ച്ച് 25-ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നാണ് മലാംഗയും ബിയോന്‍ഡിയും അറിയിച്ചിട്ടുള്ളത്.  

placeholder
ഫോട്ടോ: എ.എഫ്.പി
ഫോട്ടോ: എ.എഫ്.പി

'കണ്ടെത്തിയ' വഴി!

യൂഫോകളെ (അന്യഗ്രഹവാഹനങ്ങളെ) പഠിക്കുന്ന ആളാണ് മലാംഗ. അന്യഗ്രഹജീവികളെ കുറിച്ചുള്ള നിരവധി യൂട്യൂബ് ഷോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിയോണ്ടി, റഡാര്‍ സാങ്കേതികവിദ്യയില്‍ വിദഗ്ധയാണ്.  2022 ഒക്ടോബറില്‍ ഇരുവരും ചേര്‍ന്ന് കാേ്രഫ പിരമിഡില്‍ നടത്തിയ ഗവേഷണം സംബന്ധിച്ച പ്രബന്ധം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. പിരമിഡിനുള്ളില്‍ രഹസ്യ അറകളും ചരിവുപാതകളും (റാമ്പ്) കണ്ടെത്തിയതായിരുന്നു പ്രതിപാദ്യം. പിരമിഡിന്റെ ചുവട്ടിലെ താപവ്യതിയാനം കണ്ടെത്തിയതിനുള്ള തെളിവും അന്ന് അവര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.

പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്​സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പുതിയ പഠനത്തിലും ഇതേ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഭൂമിയെ ചുറ്റുന്ന ഒരു കൃത്രിമ ഉപഗ്രഹത്തിന്റെ സഹായവും ഉപയോഗപ്പെടുത്തി. ഉപഗ്രഹത്തില്‍ നിന്നുള്ള റഡാര്‍ ഡേറ്റയെ സ്വാഭാവികമായി സംഭവിക്കുന്ന നേരിയ ഭൗമപ്രകമ്പനങ്ങളുമായി ബന്ധിപ്പിച്ചാണ് പുതിയ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. അവ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിനു കീഴിലുള്ള നിര്‍മിതികളുടെ ത്രിമാനചിത്രങ്ങള്‍ സൃഷ്ടിക്കുന്നു. ഈ പദ്ധതിയുടെ വക്താവായ നിക്കോള്‍ ചിക്കോളോ ഇതിന്റെ പൂര്‍ണമായ വീഡിയോ മാര്‍ച്ച് 25ന് പരസ്യപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കണ്ടെത്തലുകള്‍ പുരാതന ഈജിപ്തിന്റെ ഭൂസ്ഥല രൂപശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ പുനര്‍നിര്‍വചിക്കുകയും ഇതുവരെ അജ്ഞാതമായിരുന്നതും അന്വേഷിക്കാതിരുന്നതുമായ ഭൂഗര്‍ഭ നിര്‍മ്മിതികളെ കുറിച്ച് പുതിയ വിവരങ്ങള്‍ സമ്മാനിക്കുമെന്നും നിക്കോള്‍ അവകാശപ്പെട്ടിട്ടുണ്ട്.

placeholder
അത്ഭുതലോകം പിരമിഡുകള്‍ക്ക് കീഴെ.
പിരിമിഡിന് കീഴിലുള്ള കാഴ്ച. എ.ഐ ഭാവന.

അത്ഭുതലോകം പിരമിഡുകള്‍ക്ക് കീഴെ

നൈല്‍ നദിയുടെ പടിഞ്ഞാറന്‍തീരത്തുള്ള പാറ നിറഞ്ഞ ഗിസ പീഠഭൂമിയിലാണ് പിരമിഡ് സമുച്ചയം നില്‍ക്കുന്നത്. ഇവിടെ മൂന്ന് പിരമിഡുകള്‍ ഉണ്ട്- ഖുഫു, ഖാേരഫ, മെന്‍കോറെ എന്നിവ. ഓരോന്നും ഓരോ ഫറവോയുടെ പേരിലാണ്. ഏറ്റവും വടക്കുഭാഗത്തുള്ളതും ഏറ്റവും പഴക്കമുള്ളതുമായ ഖുഫുവിന്റെ പിരമിഡിന് 480 അടി ഉയരവും അടിത്തട്ടില്‍ 750 അടി വീതിയുമുണ്ട്. മധ്യഭാഗത്തെ ഖാേരഫ പിരമിഡിനെയാണ് പഠനവിധേയമാക്കിയത്. ഈ  ഭീമന്‍ പിരമിഡുകള്‍ ഈജിപ്തിലെ നാലാം രാജവംശത്തിന്റെ കാലത്ത്, ഏതാണ്ട് 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിക്കപ്പെട്ടതാണ് എന്നു കരുതപ്പെടുന്നു.
 
പിരമിഡുകളുടെ ചുവട്ടില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്. പിരമിഡിന്റെ അടിഭാഗത്ത് ഒരു രഹസ്യ അറയുണ്ട്, അവയ്ക്കുള്ളില്‍ സമാനമായ അഞ്ച് നിര്‍മ്മിതികള്‍. ചരിഞ്ഞ മേല്‍ക്കൂരകള്‍ ഉള്ള അഞ്ചു കെട്ടിടങ്ങള്‍ അടുത്തടുത്തിരിക്കുന്ന പോലെ. കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒന്നിനുമേല്‍ ഒന്നായി പല നിലകളുണ്ട്. ഇവയെല്ലാം പരസ്പരം ഇടനാഴികളാല്‍ ബന്ധിക്കപ്പെട്ടവയുമാണ്.

അറകള്‍ക്ക് തൊട്ടു താഴെ കുഴല്‍രൂപത്തിലുള്ള എട്ടു ലംബഗോപുരങ്ങളാണ്. രണ്ടു വരികളായി, നാലെണ്ണം വീതം. ഓരോന്നും വളരെ ആഴത്തിലാണ് നില്‍ക്കുന്നത് ഏതാണ്ട് 648 മീറ്റര്‍, അല്ലെങ്കില്‍ 2,000 അടിയില്‍ കൂടുതല്‍ ഉയരമുണ്ട് ഇവയ്‌ക്കോരോന്നിനും (ലോകത്തെ മിക്കവാറുമുള്ള അംബരചുംബികളെക്കാളും ഉയരം). ഇവയുടെ പുറത്ത് പിരിയന്‍ പാതകള്‍ ഉണ്ട്, ഗോവണി പോലെ താഴേക്കു നയിക്കുന്ന പാതകള്‍. മനുഷ്യരെയോ വെള്ളം പോലുള്ള സാമഗ്രികളെയോ കൊണ്ടുപോകുന്നതിന് ഉദ്ദേശിച്ചു നിര്‍മിച്ചവയായാവാം അവയെന്ന് ഗവേഷകര്‍ കരുതുന്നു. ഈ ഗോപുരങ്ങളുടെ ചുവട്ടില്‍ ക്യൂബ് രൂപത്തിലുള്ള രണ്ട് ഭീമന്‍ അറകള്‍. 80 മീറ്റര്‍ ആണ് ഇവയിലെ ഒരു വശത്തിന്റെ നീളം, ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിനെക്കാളും വലിപ്പമുണ്ട് ഈ ക്യൂബിന്. ഗോപുരങ്ങളില്‍ രണ്ടെണ്ണം ഇവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ഭൂഗര്‍ഭ സംവിധാനത്തിന്റെ ഹൃദയം ഈ ക്യൂബുകള്‍ തന്നെയാവണം.

ഈ നിര്‍മിതികളെ നഗരം എന്ന് വിളിക്കാന്‍ കാരണം ഭീമാകാരമായ സംഘടിതമായ ഈ ഭൂഗര്‍ഭ സംവിധാനത്തിന്റെ വലിപ്പവും വ്യാപ്തിയുമാണ്. അല്ലാതെ വീടുകളും തെരുവുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഉള്ളതു കൊണ്ടല്ല.

placeholder
പിരമിഡിന് കീഴിലെ കാഴ്ച. എ.ഐ ഭാവന
പിരമിഡിന് കീഴിലെ കാഴ്ച. എ.ഐ ഭാവന

അത്യാധുനിക സാങ്കേതികവിദ്യയും അന്യഗ്രഹസിദ്ധാന്തവും

ഈജിപ്തിലെ ലഭ്യമായ അറിവുകള്‍ക്കപ്പുറം പോകുന്നത്ര സങ്കീര്‍ണമായ എന്‍ജിനീയറിങ് മികവാണ് ഭൂമിക്കടിയില്‍ കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. പിരമിഡുകള്‍ നിര്‍മിച്ചത് ചരിവുപാതകളും സാധാരണ ഉപകരണങ്ങളുമൊക്കെ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത് എന്ന പൊതവിശ്വാസത്തെ അവര്‍ ചോദ്യം ചെയ്യുന്നു. ഭൂമിക്കടിയിലെ ഭീമാകാരമായ നിര്‍മാണശൃംഖല അത്യാധുനികമായ സാങ്കേതികവിദ്യയും ആസൂത്രണവും ആവശ്യപ്പെടുന്നതാണ്. അതിന് സ്ട്രക്ച്ചറല്‍ മെക്കാനിക്‌സ്, ഹൈഡ്രോളജി, ഭൂഗര്‍ഭ നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതികവിദ്യകള്‍ എന്നിങ്ങനെ നിരവധി മേഖലകളിലെ പരിജ്ഞാനം ആവശ്യമാണ്. അതൊന്നും പുരാരേഖകളില്‍ രേഖപ്പെടുത്തിയതായി കാണുന്നില്ല.

പിരമിഡുകള്‍ ശവകുടീരങ്ങള്‍ അല്ല, ഊര്‍ജ്ജ കേന്ദ്രങ്ങളാണ് എന്നരീതിയിലുള്ള സിദ്ധാന്തങ്ങള്‍ ദീര്‍ഘകാലമായി നിലവിലുണ്ട്. ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങളെയും മിത്തുകളെയുമൊക്കെ ശക്തിപ്പെടുത്തുന്നതാണ് ഈ കണ്ടെത്തല്‍. ഡാന്‍ ബ്രൗണിന്റെ ഡാവിന്‍ചി കോഡ് പുറത്തുവന്ന ശേഷം ഇല്യൂമിനാറ്റിക്കഥകള്‍ ശക്തിയാര്‍ജിച്ച പോലെ നട്ടാല്‍ കുരുക്കാത്ത കെട്ടുകഥകളും ഭാവനകളുമൊക്കെ ശാസ്ത്രത്തിന്റെ നീലംമുക്കി പുറത്തിറക്കാന്‍ അധികം താമസമില്ല. നമ്മുടെ പൂര്‍വികര്‍ക്ക് നമ്മേക്കാള്‍ മികച്ച സാങ്കേതികവിദ്യകള്‍ വശമായിരുന്നുവെന്നും പിരമിഡുകള്‍ പോലെ മഹത്തായ നിര്‍മിതികള്‍ ഉണ്ടാക്കിയത് അന്യഗ്രഹജീവികളാണെന്നും ദീര്‍ഘകാലമായി പറഞ്ഞിരുന്നവര്‍ തുള്ളിച്ചാടുകയാണ്!

ശാസ്ത്രമോ കെട്ടുകഥയോ?

മലാംഗയും ബിയോണ്ടിയും വെളിപ്പെടുത്തിയ വിവരങ്ങള്‍ വിദഗ്ധര്‍ അംഗീകരിച്ചിട്ടില്ല, അംഗീകൃത ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുമില്ല. ദശകങ്ങളായി നടക്കുന്ന പഠനങ്ങളിലൊന്നിലും ഗിസയ്ക്കു താഴെ ഭീമാകാരമായ നിര്‍മിതികള്‍/ ഘടനകള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ചെറിയ ചില അറകളും പ്രകൃതി നിര്‍മിതമായ ചിലതും മാത്രമേ കണ്ടിട്ടുള്ളൂ. ഗവേഷകര്‍ ഉപയോഗിച്ച എസ്.എ.ആര്‍ സാങ്കേതികവിദ്യയ്ക്ക് രണ്ടു കിലോമീറ്റര്‍ താഴെ നിന്നുള്ള ഇമേജിങ് സാധ്യമല്ലെന്ന് അവര്‍ കട്ടായം പറയുന്നു. ഭൂമിക്കടിയിലെന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കുഴിച്ചുനോക്കുകയേ നിര്‍വാഹമുള്ളൂ. അതിന് ഈജിപ്ത് സര്‍ക്കാര്‍ അനുമതി നല്‍കാനുള്ള സാധ്യത വളരെ കുറവും.

ഡെന്‍വര്‍ സര്‍വകലാശാലയിലെ റഡാര്‍ വിദഗ്ധനും പുരാവസ്തുശാസ്ത്രത്തില്‍ തല്‍പ്പരനുമായ പ്രൊഫസര്‍ ലോറന്‍സ് പറയുന്നത് ഭൂഗര്‍ഭനഗരം എന്ന വാദം വളരെ അതിശയോക്തിപരമാണെന്നാണ്. ഒരുപക്ഷേ, ആ ഭൂമിക്കടിയില്‍ പിരമിഡിനു മുമ്പു നിര്‍മിച്ച ചെറിയ അറകളും നിര്‍മിതികളും മറ്റും കണ്ടേയ്ക്കാം. ഗവേഷകർ ഉപയോഗിച്ച അടിസ്ഥാന പഠനരീതികള്‍ ശരിയാണെങ്കില്‍ അവരുടെ വ്യാഖ്യാനങ്ങള്‍ പഠിക്കേണ്ടതുണ്ട്. കണ്ടെത്തലുകള്‍ ശരിയാണോ എന്നറിയാന്‍ ഭൂഖനനം നടത്തണം- അദ്ദേഹം ഡെയ്‌ലിമെയില്‍ പത്രത്തിനോടു പറഞ്ഞു.

കണ്ടെത്തിയ നഗരത്തിന് അമെന്റിയുടെ മണ്ഡപങ്ങളുമായി അത്ഭുതകരമായ സാദൃശ്യമുള്ളതായി ഗവേഷകരുടെ വക്താവ് നിക്കോള്‍ അവകാശപ്പെട്ടിരുന്നു. ഗിസാ പീഠഭൂമിക്കു താഴെ പുരാതന വിജ്ഞാനവും അറിവും സാങ്കേതികവിദ്യയും ആത്മീയ രഹസ്യങ്ങളും സംരക്ഷിക്കുന്ന ഭൂഗര്‍ഭ സമുച്ചയമാണത്രെ അമെന്റിയുടെ മണ്ഡപം. പക്ഷേ, ആധുനികകാലത്താണ് ഇതേക്കുറിച്ച് എഴുതപ്പെടുന്നത്, പുരാതന ഈജിപ്തിലല്ല.

പിരമിഡിന്റെ നിര്‍മാണകാലത്തെ പുരാരേഖകളിലൊന്നും ഗിസയ്ക്കടിയിലെ ഭൂഗര്‍ഭനഗരത്തെക്കുറിച്ചുള്ള പരാമര്‍ശമില്ല. ഭൂമിക്കടിയിലേക്ക് പോവുന്നതല്ല, സ്വര്‍ഗാരോഹണമാണ് അവയിലുള്ളത്. പക്ഷേ, പില്‍ക്കാലത്ത്, ബി..സി 1500-നു ശേഷം ഈജിപ്ഷ്യന്‍ പുരാണങ്ങളില്‍ ദുവാത് എന്ന മരണാനന്തരലോകത്തെക്കുറിച്ച് പറയുന്നുണ്ട്. അറകളും തുരങ്കപാതകളുമൊക്കയുള്ള സങ്കീര്‍ണമായ മേഖല. ചിലര്‍ ഇതിനെ ഗിസയുമായി കൂട്ടിക്കെട്ടുന്നു, അധോലോകത്തേയ്ക്കുള്ള കവാടമാണ് പിരമിഡുകള്‍ എന്ന് ചിലര്‍ വാദിക്കുന്നു. ചിലര്‍ ഹെറോഡോട്ടസും പ്ലേറ്റോയും അല്‍ മസൂദിയും പോലുള്ള പഴയ എഴുത്തുകാരുടെ രചനകളില്‍ നിന്നും അവരുടെ വാദത്തിനു ചേരുന്ന ഭാഗങ്ങള്‍ കണ്ടെടുത്ത് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു.

പിരമിഡിനടിയില്‍ ഭൂഗര്‍ഭനഗരം കണ്ടെത്തിയെന്ന അവകാശവാദം തെളിയിക്കാന്‍ ആയില്ലെങ്കില്‍ പോലും അത് ശരിയാണെന്നു വിശ്വസിക്കാനായിരിക്കും ഭൂരിഭാഗം മനുഷ്യര്‍ക്കും താല്‍പ്പര്യം. പൗരാണികത, നിഗൂഢത, രഹസ്യവിജ്ഞാനീയം, ഭൂഗര്‍ഭത്തിലെ അത്ഭുതക്കാഴ്ചകള്‍- എത്ര അജയ്യമായ ചേരുവ! നമ്മുടെ നിത്യജീവിത വൈരസ്യങ്ങളില്‍ കാല്‍പ്പനികതയുടെ വിസ്മയവര്‍ണങ്ങള്‍ നിറയ്ക്കാന്‍ ഇതിലും മികച്ചതായി മറ്റൊന്നുമുണ്ടാവില്ല.