2026 ലോകകപ്പിലെ അർജന്റീന-ഈജിപ്ത് പ്രീ-ക്വാർട്ടർ പോരാട്ടം കഴിഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങളാണ്. മത്സരത്തിന്റെ 78-ാം മിനിറ്റ് വരെ 2-0 ന് മുന്നിലായിരുന്ന ഈജിപ്തിനെതിരെ 3-2 ന്റെ വിജയം അർജന്റീന കൈവരിച്ചത് റഫറിയുടെയും വാറിന്റെയും( VAR) വഴിവിട്ട ഇടപെടൽ കൊണ്ടാണെന്നാണ് ആരോപണം. ഇത് കൂടാതെ അർജൻറീനയ്ക്ക് ഫിഫ ഒത്താശചെയ്യുന്നുണ്ടെന്ന വിമർശനവും കായികലോകത്ത് ശക്തമായിരിക്കുകയാണ്. ഈ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അർജന്റീന- ഈജിപ്ത് മത്സരത്തിനിടെ ഈജിപ്ത് 2-0 ന് മുന്നിലെത്തിയപ്പോൾ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നിരാശനായി കാണപ്പെട്ടു എന്ന തരത്തിലാണ് പ്രചാരണം. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

 

അന്വേഷണം

അർജന്റീനയ്‌ക്കെതിരെ ഈജിപ്ത് രണ്ടാമത്തെ ഗോൾ നേടിയപ്പോൾ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നിരാശനായി കാണപ്പെട്ടു എന്ന വാദത്തോടെയാണ് 'TSH Egypt' എന്ന ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചത്. അർജന്റീനയോടുള്ള പക്ഷപാതിത്തം കാരണമാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ആരോപണം. പ്രചരിക്കുന്ന വീഡിയോയിൽ നിന്നും കീഫ്രേമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചപ്പോൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമടക്കം നിരവധി പേർ ഈ വീഡിയോ പങ്കുവച്ചതായി കണ്ടു.

തുടരന്വേഷണത്തിൽ അന്താരാഷ്ട്ര മാധ്യമമായ അൽജസീറ ഇതേ ദൃശ്യങ്ങൾ ജൂൺ 2 ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി (അർജന്റീന- ഈജിപ്ത് മത്സരം നടന്നത് ജൂലൈ 7-ന്) ജൂൺ 30-ന് മൊറോക്കോയും നെതർലൻഡ്‌സും തമ്മിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. മൊറോക്കോ നെതർലൻഡ്‌സിനെ പുറത്താക്കിയപ്പോഴായിരുന്നു ഇൻഫാന്റിനോയുടെ ഈ പ്രതികരണം.

യഥാർത്ഥ വീഡിയോയിൽ ഇൻഫാന്റിനോ തന്റെ സീറ്റിലിരുന്ന് ചെറുതായി കൈയടിക്കുന്നത് മാത്രമേ കാണാൻ സാധിക്കൂ. മൊറോക്കോയുടെ വിജയത്തിൽ ചുറ്റുമുള്ളവർ ആഘോഷിക്കുമ്പോൾ അദ്ദേഹം ശാന്തനായി ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന് നിരാശയോ സങ്കടമോ ഉള്ളതായി വീഡിയോയിൽ തെളിവുകളില്ല.

 

വാസ്തവം

ഫിഫ പ്രസിഡൻ്റിനെ അർജന്റീനയുമായി ബന്ധപ്പെടുത്തിയുള്ള ഈ പ്രചാരണം തെറ്റാണ്. ജൂൺ 30ന് നടന്ന മൊറോക്കോ- നെതർലൻഡ്‌സ് ർറൗണ്ട് ഓഫ് 32 മത്സരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.