​ഗാസയിലേക്കുള്ള എന്റെ മൂന്നാമത്തെ ദൗത്യമാണിത്. ഇസ്രയേലിന്റെ ആക്രമണം തുടങ്ങി അധികം വൈകും മുൻപ്, 2023 നവംബറിൽ യുക്രൈൻ യുദ്ധമുഖത്തുനിന്നായിരുന്നു ഇവിടേക്കുള്ള ആദ്യയാത്ര. ഏതൊരു യുദ്ധമുഖത്തെക്കാളും വളരെയധികം ഭീതിയും ദുരിതവും നിറഞ്ഞപ്രദേശമായിരുന്നു പലസ്തീൻ. അന്ന് പ്രധാനപ്രശ്നം കുടിവെള്ളമായിരുന്നു. കുടിവെള്ളം കിട്ടാതിരിക്കുകയും കിട്ടുന്നവെള്ളം കുടിച്ച് ആളുകൾക്ക് വയറിളക്കം പിടിക്കുകയും മലവിസർജനം ചെയ്യാനിടമില്ലാതെ തോന്നുന്നിടത്ത് വിസർജിക്കുകയും വീണ്ടും വെള്ളം മലിനമാകുകയുമൊക്കെയായിരുന്നു അന്ന്. മൂന്നിലൊന്ന് ആളുകൾക്കും വയറിളക്കം പിടിക്കുകയും അങ്ങനെ രോഗം ബാധിക്കുന്നവരിൽ നല്ലൊരു പങ്കും മരിക്കുകയുംചെയ്യുന്ന സ്ഥിതിയായിരുന്നു റാഫ പട്ടണത്തിലും ചുറ്റിനും.

To advertise here,

2025 ജൂലായിലെ അവസാനത്തെ തിങ്കളാഴ്ച. അതിരാവിലെത്തന്നെ അമ്മാനിൽനിന്ന് ഞങ്ങൾ യാത്രതിരിച്ചു. ആദ്യയാത്ര ഈജിപ്ത്‌ വഴിയായിരുന്നെങ്കിൽ ഇത്തവണ ജോർദാൻ വഴിയാണ്. ഈജിപ്തിൽ നിന്നുള്ള യാത്രയിൽനിന്നു വ്യത്യസ്തമായി ഒറ്റ ബസായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. ഗാസയിലേക്കുപോകുന്ന ഏകദേശം അൻപത് പേരടങ്ങുന്ന മാനുഷിക പ്രവർത്തകരാണ് വാഹനത്തിലുള്ളത്. ജോർദാൻ അതിർത്തിയായ കിങ്‌ ഹുസൈൻ പാലത്തിനു മുൻപായി വാഹനം നിർത്തി. അവിടെനിന്ന് ജോർദാൻ അധികൃതർ പാസ്പോർട്ട് പരിശോധിച്ച് ക്ലിയറൻസ് നൽകി. അതിർത്തി കടന്നാലുടൻ ഇസ്രയേലിന്റെ വലിയൊരു ചെക്പോയിന്റാണിത്‌. വിമാനത്താവളങ്ങളിലേതുംമറ്റും പോലെ രണ്ട് എക്സ്റേ പരിശോധനയുണ്ട്‌. അവർക്ക് താത്‌പര്യമില്ലാത്ത സാധനങ്ങളൊക്കെ ബാഗുകൾപോലും തുറന്ന്‌ എടുത്തുമാറ്റും. അക്കൂട്ടത്തിൽ രോഗികൾക്കുള്ള മരുന്നുകളും അസ്ഥി പൊട്ടിയവരുടെ ചികിത്സയ്ക്കായുള്ള ഫിക്സുകളും ഭക്ഷണവുമൊക്കെയുണ്ടാകും. ഒന്നും തിരികെത്തരില്ല. അൻപതുപേരുടെ സംഘത്തെ പരിശോധിച്ചു കഴിയാൻ മണിക്കൂറുകളെടുത്തു. പത്തുമണിക്ക് ഇസ്രയേലിന്റെ ചെക് പോയൻറിൽ എത്തിയതാണ്. ഉച്ചകഴിഞ്ഞു, പരിശോധന കഴിഞ്ഞപ്പോൾ.

ഈ പരിശോധനകളുടെ ഇടയ്ക്ക് ഇസ്രയേൽ ആർമിയുടെ ചോദ്യശരങ്ങളെയും നേരിടേണ്ടതുണ്ട്. എന്തിനാണ് ഗാസയിലേക്കു പോകുന്നതെന്നതാണ് പ്രധാന ചോദ്യം. ‘‘നിങ്ങളുടെ നാട്ടിലിരുന്നാൽ പോരേ, മരിക്കേണ്ടതുണ്ടോ’’ -എന്ന് തുറന്നുചോദിക്കാൻ അവർക്ക് മടിയില്ല. ഒരുതരം ഭീഷണിപ്പെടുത്തൽകൂടിയാണത്. ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയേണ്ടതുണ്ട്, മുന്നോട്ടുപോകാൻ.

ഇനി പുതിയൊരു ബസിലാണ് യാത്ര. പൂർണമായും ഇസ്രയേലിലൂടെ. ഒരിടത്തും വാഹനം നിർത്തില്ല. ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ഡെയർ അൽ ബലേയുടെ തൊട്ടുമുൻപുള്ള അതിർത്തി പോയിന്റിലെത്തി. ശരിക്കുമൊരു നോമാൻസ് ലാൻഡ്. വിശാലമായ മൈതാനം. ഞങ്ങളുടെ സാധനങ്ങളെല്ലാം ബസിൽ നിന്നിറക്കി; ഞങ്ങളെയും. തരിശുഭൂമിയാണ്, കൊടുംവെയിലാണ്. അവിടെ മറ്റൊരു രണ്ടുമണിക്കൂർ നീണ്ട കാത്തിരിപ്പ്.

യുണൈറ്റഡ് നേഷൻസിന്റെ കോൺവോയ് എത്തിയപ്പോൾ നേരം ഇരുണ്ടുതുടങ്ങിയിരുന്നു. പതിനൊന്നു വാഹനങ്ങളടങ്ങുന്ന കോൺവോയ് ആണ്. അതിൽ പത്താമത്തെ വാഹനത്തിലായിരുന്നു എനിക്ക് സീറ്റ്. നാലഞ്ചുപേർക്കുമാത്രം കയറാനാകുന്ന വാനെന്നോ ജീപ്പെന്നോ ഒക്കെ പറയാവുന്ന ഒരു വാഹനം.

നോമാൻസ് ലാൻഡ് കഴിഞ്ഞപ്പോൾ കനത്ത പൊടിപടലം വാഹനത്തെ മൂടാൻതുടങ്ങി. മുന്നിലെ വാഹനങ്ങൾ പറത്തിവിടുന്ന പൊടി പിന്നിലെ വാഹനത്തിലേക്ക് അടിച്ചുകയറും. സുരക്ഷിതമായി അടച്ചിട്ട വാഹനത്തിന്റെ പുറത്ത് ചാരനിറത്തിൽ പൊടിയുടെ കമ്പളം മൂടി. പൊടിയൊന്നടങ്ങിയാൽ കാണുന്നത് ചുറ്റിനും ഓടിയടുക്കുന്ന മനുഷ്യരെയാണ്. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനുമനുഷ്യരെ. ഓടാനുള്ള ആരോഗ്യമില്ലെങ്കിലും സർവശക്തിയുമെടുത്തവർ വാഹനത്തിനുപിന്നാലെയും ഒപ്പവും കുതിക്കുന്നു. ദിവസങ്ങളായി മാറാത്ത വസ്ത്രത്തിൽ പൊടിയുടെ കനത്തപാളികൾ. രക്തംകലർന്ന് ഇരുണ്ട പാടുകൾ.

ആ മനുഷ്യക്കൂട്ടത്തെ വകഞ്ഞുമാറ്റി വാഹനം മുൻപോട്ടുപോകുകയെന്നത് ഏറെ ദുഷ്കരമായ പ്രവൃത്തിയാണ്. വണ്ടി ചെറുതായൊന്നു വേഗം കുറയ്ക്കുമ്പോൾ ആളുകൾ പാഞ്ഞെത്തി വാഹനത്തിലിടിക്കുന്നു. ചിലർ എങ്ങനെയൊക്കെയോ മുകളിലേക്ക് ചാടിക്കയറുന്നു. ഉറക്കെ അസഭ്യം പറയുന്നു. കല്ലെറിയുന്നു. ആ കല്ലുകൾ പതിച്ച് അവരിൽ ചിലർ വീഴുന്നു. അവരെച്ചവിട്ടിമെതിച്ച് പിന്നെയും ആളുകളോടുന്നു. അവർ ഉറക്കെച്ചോദിക്കുന്നത് ഭക്ഷണവും സാധനങ്ങളുമാണ്. വിശപ്പിന്റെ രോദനമാണ് ചുറ്റിനും മുഴങ്ങുന്നതെന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല. ഭക്ഷണത്തിനായാണ് അവരുടെ വരവ്. അവസരം കിട്ടിയാൽ കൊള്ളയടിക്കും. ഒന്നും കിട്ടാതെ വരുന്നതോടെ അവർ അക്രമാസക്തരാകും.

ആ ബഹളത്തിൽനിന്ന് രക്ഷപ്പെടാൻ ഡ്രൈവർ വാഹനത്തിന്റെ വേഗം കൂട്ടി. അതിനിടയിലും എവിടെനിന്നൊക്കെയോ ആളുകൾ വാഹനത്തിനുചുറ്റിലേക്ക് ചിതറി വീഴുന്നുണ്ടായിരുന്നു. ഡ്രൈവർ എങ്ങനെയൊക്കെയോ അതിനിടയിലൂടെ വാഹനം കൊണ്ടുപോകുകയാണ്. പൊടിപടലങ്ങൾക്കിടയിലൂടെ മുന്നിൽപ്പോകുന്ന വാഹനം കാണാനാകുന്നില്ല. ആളുകളെ വളരെ അടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ സാധിക്കുന്നത്.

പെട്ടെന്നാണ് ഞങ്ങളുടെ കാറിന്റെ ബോണറ്റിലേക്ക് ശക്തിയിൽ എന്തോ പതിച്ചത്. ബോണറ്റിലും മുൻവശത്തെ ചില്ലിലും ചോര ചിതറിത്തെറിച്ചു. ഗ്ലാസിൽ പാടമൂടിക്കിടന്ന പൊടിയിലൂടെ അത് ചാലുകീറി ഒഴുകി. മുന്നിൽപ്പോയിരുന്ന മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിച്ച ആളാണ് ഞങ്ങളുടെ വാഹനത്തിന്റെ ബോണറ്റിൽ പതിച്ചതെന്നു മനസ്സിലാകാൻ അല്പസമയമെടുത്തു. വാഹനം നിർത്താനോ അയാൾക്കെന്തു സംഭവിച്ചുവെന്നു പരിശോധിക്കാനോ മാർഗമില്ല. നിർത്തി പുറത്തിറങ്ങിയാൽ ആൾക്കൂട്ട വിശപ്പിന്റെ മൂർച്ച ഞങ്ങളുടെ വാഹനം തകർക്കും. ഒരുപക്ഷേ, ഞങ്ങൾക്ക് ജീവനോടെ മുന്നോട്ടുപോകാനായെന്നുപോലും വരില്ല. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.

യുദ്ധഭൂമിയിലെ ഇത്രയുംകാലത്തെ മാനുഷിക പ്രവർത്തനജീവിതത്തിനിടയിൽ ഇത്തരം ഒരനുഭവവും കാഴ്ചയും എനിക്കുമുന്നിലാദ്യമായിട്ടായിരുന്നു! ഒരിക്കൽകൂടി പലസ്തീനിലേക്കു പ്രവേശിക്കുമ്പോൾ, നേരത്തേ കണ്ട പലസ്തീൻ അല്ല അതെന്നതിന്റെ കൃത്യമായ സൂചനയായിരുന്നു അത്, മുന്നിൽ കാത്തിരിക്കുന്ന കാഴ്ചകളും.

ആ യാത്ര പതിനഞ്ചുമിനിറ്റോളം തുടർന്നു. വാഹനംവലിയൊരു റോഡിലേക്കു പ്രവേശിച്ചു. തിരിഞ്ഞുനോക്കുമ്പോൾ പിന്നെയും ആളുകൾ ഞങ്ങളുടെ വാഹനവ്യൂഹത്തിനുപിന്നാലെ ഇരച്ചോടി വരുകയാണ്. വാഹനത്തിനുമുകളിൽ എപ്പോഴോ കയറിയിരുന്ന ഒരാൾ, വാഹനത്തിന്റെ വേഗം കുറഞ്ഞ ഏതോ സമയത്ത് കുറെ ബഹളംവെച്ച് ചാടിപ്പോയി.

ഒടുവിൽ, ആ യാത്ര ഐക്യരാഷ്ട്ര സംഘടന സജ്ജമാക്കിയ ഞങ്ങളുടെ താവളത്തിലവസാനിച്ചു. വാഹനങ്ങളിൽനിന്നിറങ്ങിയ ആർക്കും ഒന്നും സംസാരിക്കാനില്ലായിരുന്നു. ആദ്യ ഞെട്ടലിൽനിന്നു മോചിതരായി പരസ്പരം ആശയവിനിമയം നടത്തിയപ്പോഴാണ് അത് ഇവിടെ സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞുവെന്ന് മനസ്സിലാകുന്നത്. വരുംദിവസങ്ങളിൽ കൺമുന്നിൽ കാണാനിരിക്കുന്നതും അറിയാനിരിക്കുന്നതും ഇതിലും ഭീകരമായ കാഴ്ചകളും ജീവിതവുമാണെന്ന് അപ്പോൾ അറിഞ്ഞുതുടങ്ങിയിരുന്നില്ല.

അൽമവാസി എന്ന സ്ഥലത്താണ് ഞങ്ങൾക്ക് ജോലിചെയ്യേണ്ട ആശുപത്രി സജ്ജമാക്കിയിട്ടുള്ളത്. കടൽത്തീരത്തിനു സമാന്തരമായി പോകുന്ന റഷീദ് റോഡിലൂടെയായിരുന്നു അവിടേക്കുള്ള യാത്ര. കഴിഞ്ഞതവണ ഞാനിവിടെയെത്തുമ്പോൾ തെക്കേയറ്റത്തുള്ള റാഫ വഴിയാണ് വന്നത്. ഇത്തവണ എതിർദിശയിൽനിന്നാണ് യാത്ര. അന്ന് ഞങ്ങൾ താമസിച്ചിരുന്ന വീടുൾപ്പെടെ ഈ റോഡിന്റെ അരികിലായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ഇപ്പോൾ തകർന്ന കുറച്ച് കെട്ടിടാവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും കാണുന്നില്ല. വാഹനത്തിന്റെ ഡ്രൈവറോടു ചോദിച്ചപ്പോഴാണ് അറിഞ്ഞത്, ആ സ്ഥലങ്ങളൊക്കെ നിരപ്പായിക്കഴിഞ്ഞുവെന്ന്. ഈജിപ്ത്‌ അതിർത്തിയിൽനിന്നുള്ള അഞ്ചു കിലോമീറ്ററോളം ചുവപ്പുമേഖലയായി പ്രഖ്യാപിച്ച് ആളുകളെ ഒഴിപ്പിച്ചു. ഇപ്പോഴവിടം കെട്ടിടാവശിഷ്ടങ്ങളായി തരിശായിക്കിടക്കുകയാണ്. അങ്ങോട്ടിപ്പോൾ അധികമാരും പോകാറില്ല. അവിടെയൊരിടത്താണ് ‘ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്)’ എന്ന അമേരിക്കൻ സ്വകാര്യസംഘടന ഭക്ഷണവിതരണം നടത്തുന്നത്.

യാത്ര കുറച്ചുകൂടി മുന്നോട്ടുപോയി. താമസസ്ഥലത്തുനിന്ന് ഈ വഴിയിലൂടെയാണ് കഴിഞ്ഞതവണ അൽഅക്സ ആശുപത്രിയിലേക്കുപോയിരുന്നത്. അന്നൊന്നും റോഡരികിൽ കടലിനരികിലൊന്നും ആരും താമസമില്ലായിരുന്നു. നല്ലൊരു ഭാഗവും കൃഷിയും പനകളും പച്ചപ്പുമൊക്കെയുള്ള സ്ഥലമായിരുന്നു. ഇപ്പോൾ അവിടെ സൂചി കുത്താൻപോലും ഇടമില്ല. ഡെയർ അൽബലമുതൽ അൽമവാസിവരെ റോഡിനിരുവശത്തും കടലിന്റെ അരികുവരെ ടെന്റുകളുടെ നീണ്ടനിര. കണ്ണെത്താദൂരത്തോളം അത് വ്യാപിച്ചുകിടക്കുന്നു. ടെന്റുകൾ തമ്മിൽപ്പോലും അകലമില്ല. കൊടിയ ചൂടുകൂടിയായതിനാൽ ഉള്ളിൽ അതിദുരിതമായിരിക്കുമെന്നുറപ്പാണ്. ഓരോ ടെന്റിലും പത്തുമുതൽ ഇരുപതുവരെ ആളുകളുണ്ടാകും. റാഫയിൽനിന്നും ഖാൻ യൂനിസിന്റെ പടിഞ്ഞാറുഭാഗത്തുനിന്നും പകുതിയോളം പേരെയും ഒഴിപ്പിച്ചുകഴിഞ്ഞു. ഗാസ സിറ്റിക്കും ഡെയർ അൽബലയ്ക്കും ഇടയിലെ ഇരുപതു കിലോമീറ്ററും ഒഴിപ്പിച്ചു. ഗാസ സിറ്റിയിൽ എട്ടുലക്ഷം ആളുകളാണുള്ളത്. ബാക്കി പതിനഞ്ചുലക്ഷം ആളുകൾ നേരത്തേ പറഞ്ഞ ചെറിയ മേഖലയിലേക്ക് ഒതുക്കപ്പെട്ടുകഴിഞ്ഞു.

ഇപ്പോൾ കുടിവെള്ള പ്രശ്നം കുറെയൊക്കെ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്. പല സന്നദ്ധ സംഘടനകളും ഐക്യരാഷ്ട്ര സംഘടനയും മറ്റും കടൽവെള്ളം ശുദ്ധീകരിച്ച് ടാങ്കറിലാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇന്ധനത്തിന്റെ ലഭ്യത പ്രശ്നമാണെങ്കിലും ആളുകൾക്ക് നടന്നുപോയി വെള്ളം ശേഖരിക്കാൻ സാധിക്കും. ആശുപത്രിയിൽനിന്നുള്ള ട്രോളികളും വീൽച്ചെയറുകളും മറ്റും വെള്ളമെടുക്കാനായി ആളുകൾ ഉപയോഗിക്കുന്നു. ഇന്ധനമില്ലാത്തതിനാൽ റോഡുകൾ നിറയെ കുതിരവണ്ടികളും കഴുതവണ്ടികളുമാണ്. കഴുതകൾ കെട്ടിവലിക്കുന്ന ചെറുവാഹനങ്ങൾക്ക് ‘ടുക് ടുക്’ എന്നാണ് അവർ പറയുന്നത്.

എക്സ്‌ചേഞ്ചുകൾപോലുള്ള ചില സ്ഥാപനങ്ങളാണുള്ളത്. ബാങ്കുകളും എടിഎമ്മും ഒന്നും പലസ്തീനിലില്ല. പകരം പ്രാദേശിക പണമാണ്‌. ജോലിചെയ്ത് അക്കൗണ്ടിലെത്തുന്ന പണം ഈ സ്ഥാപനങ്ങൾ വഴിവേണം തദ്ദേശീയർക്ക് പിൻവലിക്കാൻ. അങ്ങനെ പിൻവലിക്കുമ്പോൾ കാശായി എടുക്കുന്നതിന്റെ പകുതിമാത്രമാണ് നൽകുക. ബാക്കി അവർ കമ്മിഷനായി ഈടാക്കും. വളരെ കുറച്ചാളുകൾക്കുമാത്രമേ അവിടെ നിലവിൽ വരുമാനമുള്ള ജോലിയുള്ളൂ. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം ആളുകൾക്കും ഈ ചെലവുകൾ താങ്ങാനാകുന്നതല്ല.

ഇപ്പോഴത്തെ പ്രധാനപ്രശ്നം ഭക്ഷണമില്ലായ്മയാണ്. അന്ന് ഞങ്ങളെത്തുമ്പോൾ അത്യാവശ്യം അരിയും ഗോതമ്പുമാവും പയറുവർഗങ്ങളും തദ്ദേശീയമായി ഉത്‌പാദിപ്പിക്കുന്ന തക്കാളിയും കത്രിക്കയും ബീൻസുംപോലുള്ള പച്ചക്കറികളും മറ്റും ഉണ്ടായിരുന്നു. ഇപ്പോൾ ഒരുകിലോ പഞ്ചസാരയ്ക്ക് 100 ഡോളർ (എണ്ണായിരം രൂപയോളം) നൽകണം. ആട്ടമാവിന് ഏകദേശം 40 ഡോളർ (3200 രൂപ) കൊടുക്കേണ്ടിവരുന്നു. പച്ചക്കറികൾക്കും ഇതാണ് സ്ഥിതി.

ഭക്ഷണവും മനുഷ്യസ്വഭാവവും

ഭക്ഷണം എങ്ങനെയാണ് മനുഷ്യന്റെ സ്വഭാവത്തെ മാറ്റുന്നതെന്നും സമൂഹത്തെ കുറ്റവാളികളാക്കുന്നതെന്നും അറിയാനുള്ള ഏറ്റവും നല്ല ഉദാഹരണമായി ഗാസ മാറിക്കഴിഞ്ഞു. നമുക്കാലോചിക്കാനാകാത്ത രീതിയിലാണ് അതിന്റെ വഴികളും ഉൾപ്പിരിവുകളുമൊക്കെ പോകുന്നത്. നേരത്തേ യു.എൻ. സംഘങ്ങളായിരുന്നു ഭക്ഷണം നൽകിയിരുന്നത്. അതിർത്തി കടക്കാൻ അയ്യായിരം ലോറികളെങ്കിലും റാഫയുടെ അപ്പുറത്തായി കാത്തുകിടപ്പുണ്ട്. പക്ഷേ, ഒരു ദിവസം പത്തോ പതിനഞ്ചോ ട്രക്കുകൾ മാത്രമാണ് കടത്തിവിടുന്നത്. മരുന്നുകളും നിത്യോപയോഗ സാധനങ്ങളും ആശുപത്രികളിലേക്കുള്ള സാധനങ്ങളുമൊക്കെ കിട്ടാതായിട്ട് ഇപ്പോൾ ആറുമാസത്തിൽ കൂടുതലായി.

പട്ടിണിയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ ഉടനടി ഉണ്ടാകുന്ന വൈദ്യശാസ്ത്രപരമായ പ്രത്യാഘാതങ്ങളെക്കാൾ ദൂരവ്യാപകവും വിനാശകരവുമാണ്. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. 2023 നവംബറിൽ ഞാൻ ഇവിടെ എത്തിയപ്പോൾ സഹായസാമഗ്രികളുടെ കൊള്ളയടിക്കലുകൾ ഉണ്ടായിരുന്നില്ല. അന്ന് ഭക്ഷ്യസാധനങ്ങളുൾപ്പെടെയുള്ളവയുടെ വിതരണത്തിന് കൃത്യമായ ക്രമീകരണങ്ങളുണ്ടായിരുന്നു. 2024 മാർച്ചിൽ രണ്ടാംതവണ വന്നപ്പോൾ, ഇടയ്ക്കിടെ ചില കൊള്ളയടിക്കലുകളുണ്ടാകുകയും കുഴപ്പങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നതായി മനസ്സിലാക്കിയിരുന്നു. പിന്നീടത് ഗുണ്ടാസംഘങ്ങളും കൊള്ളക്കാരും മാഫിയകളുമായി വളരാൻ തുടങ്ങിയെന്ന് മനസ്സിലായി. അത്തരം കൊള്ള നിയന്ത്രിക്കുന്നതിൽ സമൂഹത്തിന്റെ നേതൃത്വം പരാജയപ്പെടാൻ തുടങ്ങി. കൊള്ള ഒരു സാധാരണ സംഭവമാകാൻ തുടങ്ങി. വിശപ്പും പട്ടിണിയും ആയിരുന്നു അതിന്റെയൊക്കെ മൂലകാരണം. സഹായത്തിനായി കൊണ്ടുവരുന്ന സാധനങ്ങൾ കൊള്ളയടിച്ചെടുത്ത് വിൽക്കുന്ന വിപണി തഴച്ചുവളരാൻ തുടങ്ങി. ദൈനംദിന ജീവിതച്ചെലവ് കുതിച്ചുയർന്നു.

ഇപ്പോൾ പലസ്തീനിലെ വിപണിയിൽ കൊള്ളയടിക്കപ്പെട്ട വസ്തുക്കൾ മാത്രമേ കാണുന്നുള്ളൂ. സാധനങ്ങൾ സംരക്ഷിക്കാൻ വ്യാപാരികൾക്ക് സ്വകാര്യസൈന്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. അതിർത്തികടക്കുന്ന ട്രക്കുകളുടെ എണ്ണം പിന്നെയും കുറഞ്ഞു. ഇപ്പോൾ ട്രക്കുകൾ കൊള്ളയടിക്കപ്പെടുമ്പോൾ വിപണിയിലേക്ക് ധാരാളമായി സാധനങ്ങൾ എത്തും. അപ്പോൾ അവയുടെ വില കുറയും. ഇത്തരമൊരു അവസ്ഥയിലേക്ക് സഹായത്തിനുള്ള സാധനസാമഗ്രികൾ എത്തിക്കാൻ ആരും ആഗ്രഹിക്കുന്നില്ല.

ഈ സാഹചര്യത്തിൽ ജിഎച്ച്എഫിനെപ്പറ്റിക്കൂടി പറയേണ്ടതുണ്ട്. ജീവകാരുണ്യപ്രവർത്തനമാണ് നടത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും അത് ചില വിദേശരാജ്യങ്ങളിൽനിന്നുള്ള പട്ടാളക്കാരുടെ സംഘടനയാണ്. പേരിൽമാത്രമാണ് അവരുടെ മനുഷ്യത്വം. 2025 ഫെബ്രുവരിയിലാണ് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) പലസ്തീനിൽ ഭക്ഷ്യവിതരണകേന്ദ്രം തുടങ്ങിയത്. ആദ്യമൊക്കെ ഇവിടേക്കുവരുന്ന ഭക്ഷണം മുഴുവൻ ആളുകൾ വഴിയിൽവെച്ച് മോഷ്ടിക്കുമായിരുന്നു. ഇതു തുടർന്നുകൊണ്ടിരിക്കേ ട്രക്കിന് തോക്കുധാരികളെ കാവൽനിർത്തേണ്ടിവന്നു. വഴിയിൽവെച്ച് വണ്ടിയിലേക്കു കയറുന്നവരെ വെടിവെച്ചിടുകയും ട്രക്കിനുമുകളിൽ കയറിപ്പറ്റുന്ന ചിലർ തോക്കു കൈക്കലാക്കി തിരിച്ചുവെടിവെക്കുകയുമൊക്കെ ചെയ്യുന്നു. സഹായസാധനങ്ങൾ കൊണ്ടുപോകുമ്പോഴും വിതരണത്തിനിടയിലും അക്ഷരാർഥത്തിൽ കൂട്ടക്കൊലയാണ് നടക്കുന്നത്. ട്രക്കുകളിൽ ഇടിച്ചുവീഴുന്ന ആളുകളുടെ എണ്ണവും പെരുകി. ഇരുവശത്തും കൊള്ളയടിക്കാൻ വരുന്ന ആയിരക്കണക്കിന് ആളുകൾക്കു നടുവിലൂടെ പൊടിയുംചെളിയുംമൂടി കാഴ്ചമങ്ങിയ നിരത്തുകളിലൂടെ പായുന്ന ട്രക്കുകൾ യുദ്ധടാങ്കുകളെക്കാൾ ഭയപ്പെടുത്തുന്ന കാഴ്ചയാണ്.

റെഡ്സോണിന്റെ ഉള്ളിൽ മൂന്നും നാലും ജിഎച്ച്എഫ് സെന്ററുകളുണ്ടാക്കി അവിടേക്ക് വേറേ വഴിയുണ്ടാക്കി സാധനങ്ങളെത്തിക്കുകയാണ്. ജനവാസമില്ലാത്തിടത്തുകൂടി ചെറിയ വഴികളുണ്ടാക്കുകയും അങ്ങനെയുള്ള വഴികളുടെ അറ്റത്ത് ചെറിയ വാതിലുകൾ സ്ഥാപിച്ചുംമറ്റുമാണ് ജനങ്ങളുടെ കവർച്ചശ്രമത്തെ തടുക്കുന്നത്. ആളുകളെ നിയന്ത്രിക്കുന്നതിനും വരിനിർത്തുന്നതിനുമായി മൂർച്ചയേറിയതും നേർത്തതുമായ റേസർ വയറുകൾ സ്ഥാപിച്ച ബാരിക്കേഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഭക്ഷണത്തിനായും ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായും നിലവിട്ട് ആളുകൾ തിരക്കിയോടുമ്പോൾ ഈ റേസറുകളിൽ ശരീരം വരഞ്ഞ് കീറി ചോരചിന്തും. എന്നിട്ടും ജനങ്ങൾ ക്യൂ ലംഘിച്ചതോടെ അവിടെയും വെടി​വെപ്പുണ്ടായി. മാർച്ച്, ഏപ്രിൽ മാസത്തോടെ പ്രശ്നം രൂക്ഷമാകുകയും പതിനായിരക്കണക്കിനാളുകൾ ഭക്ഷണവിതരണ കേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറുകയും ചെയ്തു.

മഹമൂദ്‌, നീയിനിയെങ്ങനെ ഇഴഞ്ഞിഴഞ്ഞ് ഭക്ഷണം തേടിപ്പോകും?

ഗാസയിലെത്തിയതിന്റെ പിറ്റേന്ന്, ജൂലായ്‌ 29. രാവിലത്തെ റൗണ്ട്‌സ് കഴിഞ്ഞ് സർജറി ലിസ്റ്റ് പോസ്റ്റുചെയ്ത് ഞാൻ ബ്രീഫിങ്‌ നടത്തുമ്പോൾ പുറത്ത് ഭയങ്കര ബഹളം. കെട്ടിടത്തിനു മുകളിൽക്കയറി നോക്കുമ്പോൾ ഒരു ട്രക്ക് മണ്ണിൽ പൂഴ്ന്നു കിടക്കുന്നു. മറ്റൊരു വാഹനത്തിനു സൈഡ് കൊടുത്തതാണ്. ട്രക്ക് നിറയെ ഭക്ഷണസാധനങ്ങളായിരുന്നു. അതവിടെ നിന്നതോടെ ആളുകൾ വാഹനത്തിനു മുകളിൽ വലിഞ്ഞു കയറി. ഡ്രൈവർ ഇറങ്ങിയോടി. നിമിഷനേരംകൊണ്ട് ട്രക്ക് കാണാനാകാത്ത വിധം ആളുകളെക്കൊണ്ടു മൂടി. അവർ കിട്ടുന്ന സാധനങ്ങളെടുത്ത് എറിയുന്നു, തട്ടിപ്പറിക്കുന്നു. സ്ത്രീകളും കുട്ടികളും പിന്നാലെയോടുന്നു. ചിലർ കുട്ടികളെയെടുത്ത് എറിയുന്നു. ചിലർ കത്തിയുമായിച്ചെന്ന് ആളുകളെ ആക്രമിക്കുന്നു. പത്തു മിനിറ്റുകൊണ്ട് ട്രക്കിലെ സാധനങ്ങൾ പൂർണമായും മോഷ്ടിക്കപ്പെട്ടു. അതിന്റെ ഭാഗമായി കത്തിക്കുത്തേറ്റ് ഇരുപതോളം പേർ ആശുപത്രിയിലെത്തി. തോക്കുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഭക്ഷണത്തിനായുള്ള വെടിെവപ്പുവരെ അവിടെ നടക്കുമായിരുന്നു. യുദ്ധത്തിൽ കത്തിക്കുത്തേറ്റവരെ ചികിത്സിക്കുന്നതായിരുന്നു അന്നത്തെ ജോലി . അതൊക്കെ കഴിഞ്ഞപ്പോഴേക്കും അർധരാത്രി കഴിഞ്ഞു. കാഷ്വാലിറ്റി ഭക്ഷണത്തിനായുള്ള രാവിലെ പത്തുമുതൽ പന്ത്രണ്ടുവരെയുള്ള സമയത്ത് ആശുപത്രിയിലെത്തുന്നതിലേറെയും ഭക്ഷണകേന്ദ്രത്തിലെ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റവരും മരിച്ചവരുമൊക്കെയായിരുന്നു. അവിടത്തെ യഥാർഥചിത്രം കിട്ടിയത് മഹമൂദിൽനിന്നാണ്.

ഗാസയിലെത്തിയതിന്റെ രണ്ടാംദിവസം, മുപ്പതാം തീയതിയാണ് ഞാൻ മഹമൂദിനെ കാണുന്നത്. ആശുപത്രിയുടെ ഒപിയിലേക്ക് നെഞ്ചുവേദനയും ചുമയും ബാധിച്ച് രക്തം തുപ്പുന്നുവെന്ന പരാതിയുമായാണ് മഹമൂദ് എത്തിയത്. മഹമൂദ് ഭക്ഷണവിതരണ കേന്ദ്രത്തിലേക്ക് എട്ടുതവണ പോയിവന്നയാളാണ്. വെറുതേ പറഞ്ഞാൽ, കേട്ടാൽ അതിൽ ഒരു അദ്‌ഭുതവുമില്ല. പക്ഷേ, മഹമൂദിൽനിന്ന് ആ കേന്ദ്രത്തെപ്പറ്റി കേട്ടുകഴിഞ്ഞപ്പോൾ എട്ടുതവണ അവിടെപ്പോയിട്ടും മരിക്കാതെ ജീവനോടെ അവശേഷിച്ച അദ്‌ഭുതമനുഷ്യനായി അയാൾ എനിക്കുമുന്നിൽ നിൽക്കുകയായിരുന്നു.

മഹമൂദിന്റെ ടെന്റിൽ ആകെ പതിമ്മൂന്നു പേരുണ്ട്. ഇതിൽ പ്രായമായവരും കുട്ടികളുമുണ്ട്. രണ്ട് സഹോദരങ്ങളുണ്ടായിരുന്നു മഹമൂദിന്. ട്രക്കിൽനിന്ന് സാധനങ്ങൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ ഒരാൾ വെടിയേറ്റും മറ്റേയാൾ വാഹനം കയറി ചതഞ്ഞരഞ്ഞും മരിച്ചു. അവരുടെ രണ്ട് വിധവകളും കുഞ്ഞുങ്ങളും ആ ചെറിയ ടെന്റിൽ കഴിയുന്നു. മഹമൂദ്മാത്രമാണ് എന്തെങ്കിലും ഭക്ഷണം എത്തിക്കാൻ കെല്പുള്ളയാളായി അവിടെയുള്ളത്. രണ്ടുമാസംമുൻപ് ഭക്ഷണം ശേഖരിച്ചുവരവേ മറ്റൊരുകൂട്ടം ആളുകളുമായി അടിയുണ്ടാകുകയും ഇട​ത്തേ​​െെകയിലെ എല്ല് പൊട്ടുകയും ചെയ്തതാണ്. എന്നിട്ടും മഹമൂദിന് ജിഎച്ച്എഫ് സെന്ററിൽ പോകാതിരിക്കാനാകുമായിരുന്നില്ല.

ജിഎച്ച്എഫ് സെന്ററുകൾ രാവിലെ ഒൻപത്-പത്തുമണിയോടെയാണ് ഭക്ഷണവിതരണത്തിനായി തുറക്കുക. വരിയുടെ മുന്നിൽ നിൽക്കാനായാൽ കൂടുതൽ സാധനങ്ങൾ കിട്ടും. അരിയും പഞ്ചസാരയും എണ്ണയും പയർവർഗങ്ങളുമൊക്കെയുണ്ടാകും. പതിയെപ്പതിയെ സാധനങ്ങൾ തീർന്നുതുടങ്ങും. പിന്നാലെയെത്തുന്നവർക്ക് അരിയും ആട്ടമാവുമൊക്കെ കിട്ടിയാലായി.

വരിയിൽ മുന്നിൽ നിൽക്കണമെങ്കിൽ പുലർച്ചെ രണ്ടുമണിക്കുതന്നെ പോകണം. വെറുതേപോയി അങ്ങ് നിൽക്കാനാകില്ല. കടമ്പകളേറെക്കടക്കണം ജീവനോടെ ഭക്ഷണവിതരണകേന്ദ്രത്തിലെത്താൻ. ആയിരക്കണക്കിനാളുകളാണ് മണൽക്കൂനകളുടെ മറപറ്റി അർധരാത്രിക്കുശേഷം ഭക്ഷണവിതരണകേന്ദ്രങ്ങളിലേക്കു നീങ്ങുന്നത്. നൈറ്റ് വിഷൻ ക്യാമറകളുള്ള തോക്കുപയോഗിച്ച് രാത്രിസഞ്ചാരികളെ ഇസ്രയേൽ ആർമി വെടിെവക്കും. ഡ്രോണുകളും തിരച്ചിലിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആ വെടിയുണ്ടകൾ ഏൽക്കാതെവേണം മുന്നോട്ടുപോകാൻ. തിരിഞ്ഞോ മറിേഞ്ഞാ കിടക്കാൻപോലും പറ്റില്ല. തലയ്ക്കുമുകളിലൂടെ ചീറിപ്പായുന്ന വെടിയുണ്ടകളുടെ ശീൽക്കാരം കേൾക്കാം. അടുത്തുകിടക്കുന്നയാളിന് വെടിയേറ്റാൽ മണ്ണിൽ തലപൂഴ്ത്തി കിടക്കുകയല്ലാതെ തിരിഞ്ഞുനോക്കാൻപോലും പറ്റില്ല. നോക്കാനായി എഴുന്നേറ്റാൽ അവർക്കും വെടിയേൽക്കും. വെറുതേ തലയുയർത്തിനോക്കിയാൽപ്പോലും ചിലപ്പോൾ വെടിയേൽക്കും. വെടിയേറ്റവരുടെ രക്തം ഒഴുകിപ്പരന്നുകിടക്കുന്ന മണലിൽ ഓരോതവണയും മഹമൂദിന് കിടക്കേണ്ടിവന്നു. ചോരയും മണ്ണും ദുർഗന്ധവും നിറഞ്ഞ അന്തരീക്ഷത്തിലൂടെ ഇഴഞ്ഞ് മുന്നോട്ടുനീങ്ങേണ്ടിവന്നു. നേരംവെളുക്കുമ്പോഴേക്കും ഒട്ടേറെപ്പേർ അവിടെ മരിച്ചുകിടപ്പുണ്ടാകും.

ഒൻപതുമണിയാകുന്നതോടെ ഈ ആളുകളെ മറ്റൊരു മൈതാനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. അവിടെ പരിശോധന നടത്തി അവരുടെ കൈവശം ആയുധങ്ങളില്ലെന്ന്‌ ഉറപ്പാക്കും. അതിനുശേഷമാണ്‌ ഭക്ഷണശാലയുടെ കവാടത്തിലെത്തിക്കുക. പിന്നെയൊരു ഓട്ടമാണ്. മൂർച്ചയേറിയ റേസർ വയറുകൾക്കു നടുവിലൂടെ ഓടുമ്പോൾ മിക്കവരുടെയും ശരീരത്തിൽ മാരകമായി മുറിവേൽക്കും. പക്ഷേ, അവർക്കുമുന്നിൽ വിശപ്പുമാത്രമേ അപ്പോഴുണ്ടാകൂ. ആ വിശപ്പിൽ വേദനയും ചോരയും ഇറ്റുവീണില്ലാതാകും.

എങ്ങനെയെങ്കിലും മുന്നിലെത്തി ഭക്ഷണം കിട്ടിയാൽ തിരികെപ്പോകുന്നതാണ് അതിലും പ്രയാസം. പുറത്തേക്കിറങ്ങുന്ന വഴിയിൽ തസ്കരസംഘങ്ങൾ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് കത്തിയുമായി നിലയുറപ്പിച്ചിട്ടുണ്ടാകും. ഇവരെ നിയന്ത്രിക്കാൻ ഇസ്രയേൽ സൈന്യം കാര്യമായി ഒന്നുംചെയ്യുന്നില്ല. ഭക്ഷണം വാങ്ങിവരുന്നവരിൽനിന്ന് അക്രമികൾ അത് അപഹരിക്കാൻ ശ്രമിക്കും. പരിശോധനയുള്ളതിനാൽ നിരായുധരായിപ്പോയി ഭക്ഷണം വാങ്ങിവരുന്നവർക്ക് സ്വയരക്ഷയ്ക്കുപോലും ആയുധമുണ്ടാകില്ല. ജീവന്റെ വിലകൊടുത്ത് ശേഖരിക്കുന്ന ഭക്ഷണം തസ്കരസംഘം ആക്രമിച്ച് അപഹരിക്കാൻ ശ്രമിക്കുന്നു. ഇത് കലാപത്തിലേക്കു നീങ്ങുന്നു. കത്തിക്കുത്താണ് പ്രധാനം. അത് മറികടന്നുവേണം പുറത്തുകടക്കാൻ. അതിനിടയിൽ ചിലപ്പോൾ കിട്ടിയ ഭക്ഷണം കൈവിട്ടുപോകും.

അത്തരമൊരു ആക്രമണത്തിൽ മഹമൂദും വീണുപോകുകയും അയാൾക്കുമുകളിലൂടെ ആളുകൾ ചവിട്ടിമെതിച്ച് കടന്നുപോയപ്പോൾ മൂന്ന് വാരിയെല്ലുകൾ പൊട്ടുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ശ്വാസംമുട്ടലും ചുമയ്ക്കുമ്പോൾ രക്തം വരുന്നതുമൊക്കെയെന്ന് പരിശോധനയിൽ മനസ്സിലായി. വിശ്രമിക്കുകയാണ് ഏകമാർഗം. അവർക്കുള്ള മരുന്നുകൊടുത്ത് വിശ്രമിക്കാൻ നിർദേശിച്ച് വിട്ടു. ഇനി ആ കുടുംബം ഭക്ഷണത്തിന് ആരെ ആശ്രയിക്കുമെന്നറിയില്ല. വിശ്രമമെന്ന ചികിത്സാവിധി സ്വീകരിക്കാനാകാതെ മഹമൂദ് വീണ്ടും ഭക്ഷണംതേടിയിറങ്ങുമോയെന്നും അറിയില്ല.

മറ്റൊരുദിവസം ട്രക്ക് കൊള്ളയടിക്കുന്നതിനിടയിൽ വെടിവെപ്പുണ്ടായി. പരിക്കേറ്റവരെ പതിവുപോലെ ആശുപത്രിയിലെത്തിച്ചു. വരാന്തയിൽ നിരത്തിയിട്ട മനുഷ്യശരീരങ്ങൾക്കുചുറ്റം ചിതറിക്കിടക്കുന്ന തലച്ചോറും രക്തവും ഛർദിയും മലവും. ഒരാളെയെങ്കിൽ ഒരാളെ, രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ. അതിനിടയിൽ മാരകമായി പരിക്കേറ്റ ഒരു ചെറുപ്പക്കാരൻ മരിച്ചു. അപ്പോൾ അയാളുടെ അമ്മ ന്യൂറോ സർജനുനേരേ തിരിഞ്ഞു. കൊള്ളയോ വെടിവെപ്പോ ഒന്നുമല്ല, ഡോക്ടറാണ് തന്റെ മകനെ കൊന്നതെന്നു പറഞ്ഞ് അവർ അടിയന്തര ചികിത്സയ്ക്കിടയിൽ വഴക്കിട്ടു. ഡോക്ടർമാർ ആക്രമിക്കപ്പെടുമെന്ന സ്ഥിതിയായി. ഒടുവിൽ ആ ബഹളത്തിനിടയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ചികിത്സ ഉപേക്ഷിക്കേണ്ടിവന്നു. ഞങ്ങൾക്ക് അവിടെനിന്ന് മടങ്ങേണ്ടിവന്നു. ഞാൻ ആകെ തകർന്നുപോയി. ആളുകളെ മരിക്കാൻ അനുവദിക്കുകയാണ്, ഒരു കാരണവുമില്ലാതെ.

പട്ടിണി അനുഭവിക്കുന്ന ജനവിഭാഗത്തെ ഭക്ഷണം നൽകാനായി വിളിച്ചുകൊണ്ടുപോകുകയും അവിടെ വെടിെവച്ച് വീഴ്ത്തുകയും പരിക്കേൽക്കുന്നവർക്ക് ചികിത്സ ലഭ്യമല്ലാതാകുകയും ചെയ്യുന്ന ദാരുണാവസ്ഥ. ഭക്ഷണത്തിനുള്ള കലാപത്തിനു കോപ്പുകൂട്ടുന്നവരെ നിയന്ത്രിക്കാതെ അഴിച്ചുവിട്ട് പരസ്പരം തല്ലിച്ചാകുന്നതുകണ്ട് ചിരിക്കുന്ന ഭീകരത.

ഇനി ഈ യുദ്ധം അവസാനിച്ചാലും പലസ്തീനിലെ ജനത പഴയ അവസ്ഥയിലേക്ക് തിരികെയെത്തുമോ എന്നകാര്യം സംശയമാണ്. പലസ്തീനിലെ ജനത ആകെയും കുറ്റവാളികളായി മാറിക്കഴിഞ്ഞു. ട്രക്കുകൾ വരുന്ന പാതകളിലേക്കും ഭക്ഷണവിതരണകേന്ദ്രങ്ങളിലും പോകുന്നവർക്ക് തിരിച്ചുവരുമെന്ന ഒരു പ്രതീക്ഷയുമില്ല. അതിജീവനത്തിനുള്ള ഏകമാർഗമായി കവർച്ചയും കൊള്ളയും മാറിക്കഴിഞ്ഞിരിക്കുന്നു. പട്ടിണിയും സ്കൂൾ വിദ്യാഭ്യാസത്തിന്റെയും മറ്റ് സാമൂഹികവത്‌കരണ സൗകര്യങ്ങളുടെയും അഭാവവും സാമൂഹികജീവിതത്തെ തകർക്കുകയാണ്. ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള എല്ലാ മേഖലകളും തകർന്നടിഞ്ഞുകഴിഞ്ഞു. വെടിയുണ്ടകളും മിസൈലുകളുമുപയോഗിക്കാതെത്തന്നെ നന്നായി ആസൂത്രണം ചെയ്തെടുത്ത നവയുഗ വംശഹത്യയാണ് പലസ്തീനിൽ അരങ്ങേറുന്നത്. സമൂഹത്തെ, ജനതയെ കുറ്റവാളികളും കൊള്ളക്കാരുമാക്കി ഭക്ഷണത്തിനായി തമ്മിലടിപ്പിച്ച് ഇല്ലാതാക്കുന്ന നവയുഗ യുദ്ധതന്ത്രം.