ഏഴുവര്‍ഷത്തോളം നീണ്ട ഒളിജീവിതം, അഞ്ച് വര്‍ഷത്തെ ജയില്‍വാസം, 14 വര്‍ഷം നീണ്ട നിയമയുദ്ധം... സംഭവബഹുലമായ കാലഘട്ടം പിന്നിട്ട് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് ഇനി സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക്. യു.എസിനെ ഭയന്ന് ഒളിജീവിതവും പിന്നീട്  ബ്രിട്ടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷാ ജയിലിലെ കുടുസുമുറിയിലെ 1901 ദിവസത്തെ ഏകാന്തവാസവും അവസാനിപ്പിച്ച് ജൂലിയന്‍ അസാഞ്ജ് ഒടുവില്‍ പുറത്തിറങ്ങി. യു.എസുമായുണ്ടാക്കിയ കുറ്റസമ്മതക്കരാറിന്റെ അടിസ്ഥാനത്തിലാണ് അന്‍പത്തിരണ്ടുകാരനായ ജൂലിയന്‍ അസാഞ്ജ് ജയില്‍മോചിതനായത്. ചാരവൃത്തി നടത്തിയെന്ന യു.എസിന്റെ കേസില്‍ അഞ്ചുവര്‍ഷവും രണ്ടുമാസവുമായി ബ്രിട്ടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷാ ജയിലിലായിരുന്നു അദ്ദേഹം. യു.എസിന്റെ ഭൂപ്രദേശമായ നോര്‍ത്തേണ്‍ മരിയാന ദ്വീപുകളിലെ സായ്പാന്‍ ദ്വീപിലെ കോടതിയിലെത്തി തനിക്ക് മേല്‍ ചുമത്തിയ കുറ്റമേറ്റു. പിന്നാലെ അസാഞ്ജിന്റെ കുറ്റസമ്മതം ഔദ്യോഗികമായി അംഗീകരിച്ച യു.എസ്. ജഡ്ജി അദ്ദേഹത്തെ ജന്മനാടായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ അനുവദിച്ചു. 

To advertise here,

യു.എസിലേക്കുപോകാന്‍ അസാഞ്ജ് വിസമ്മതമറിയിച്ചതിനാലാണ് മരിയാന ദ്വീപുകളിലെ കോടതിയിലെത്തി കുറ്റസമ്മതം നടത്താന്‍ അനുവദിച്ചത്. യു.എസിന്റെ ഭൂപ്രദേശമാണ് നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍. ഓസ്‌ട്രേലിയക്ക് അടുത്താണ് ഈ ദ്വീപുകള്‍ എന്നതും ഇതിനുകാരണമാണ്. അസാഞ്ജിനെ കോടതിനടപടികളില്‍ സഹായിക്കാന്‍ ഓസ്‌ട്രേലിയന്‍ നയതന്ത്രപ്രതിനിധിയും ഒപ്പമുണ്ടായിരുന്നു. നേരത്തെ അസാഞ്ജിന്റെ പേരിലുള്ള കുറ്റങ്ങള്‍ പിന്‍വലിച്ച് മോചിപ്പിക്കണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് യു.എസ്. പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. അസാഞ്ജിനെ മോചിപ്പിച്ചതിനെ ഐക്യരാഷ്ട്രസഭ സ്വാഗതംചെയ്തു. എന്നാല്‍, നടപടി യു.എസ്. സായുധസേനാംഗങ്ങളുടെ സേവനത്തെയും ത്യാഗത്തെയും അനാദരിക്കലാണെന്നാണ് യു.എസ്. മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞത്. വിക്കിലീക്‌സ് സ്ഥാപകന്‍ എന്നതിനപ്പുറം ആരായിരുന്നു ജൂലിയന്‍ അസാഞ്ജ്? അദ്ദേഗത്തിന്റെ പ്രവര്‍ത്തികള്‍ എങ്ങനെയാണ് അമേരിക്കയെ അസ്വസ്ഥമാക്കിയത്. നീണ്ട നിയമപോരാട്ടിനൊടുവില്‍ ജയില്‍ മോചിതനാകുമ്പോള്‍ എന്താണ് അസാഞ്ജിന്റേയും വിക്കീലീക്‌സിന്റേയും ഭാവി?

16-ാം വയസില്‍ പേരെടുത്ത ഹാക്കര്‍

അരക്ഷിതമായിരുന്നു ജൂലിയന്‍ അസാഞ്ജിന്റെ ബാല്യം. അന്നവന്‍ ജൂലിയന്‍ പോള്‍ ഹൗക്വിന്‍സായിരുന്നു. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയില്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ക്രിസ്റ്റീന അന്ന ഹൗക്വിന്‍സിന്റെയും യുദ്ധവിരുദ്ധ പ്രവര്‍ത്തകനും ബില്‍ഡറുമായ ജോണ്‍ ഷിപ്ടണിന്റെയും മകന്‍. 1971 ജൂലായ് മൂന്നിന് ജൂലിയന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിരുന്നു. ജൂലിയന് ഒരു വയസുള്ളപ്പോള്‍ മാതാവ് ക്രിസ്റ്റീന, ബ്രെറ്റ് അസാഞ്ജിനെ വിവാഹം കഴിച്ചു. ക്രിസ്റ്റീനയുടെ ചെറിയ നാടകകമ്പനിയില്‍ നടനായിരുന്നു ബ്രെറ്റ് അസാഞ്ജ്. അതോടെ ജൂലിയന്‍ പോള്‍ ഹൗക്വിന്‍സ് ജൂലിയന്‍ അസാഞ്ജായി മാറി. പക്ഷേ പില്‍ക്കാലത്ത് ജൂലിയന്‍ തന്റെ യഥാര്‍ത്ഥ പിതാവിനെ കണ്ടുമുട്ടി. തന്റെ വിമതരക്തം അച്ഛനില്‍ നിന്ന് പകര്‍ന്നുകിട്ടിയതാണെന്ന് അദ്ദേഹം വിശ്വസിച്ചു. ബ്രെറ്റ് അസാഞ്ജിനെ ക്രിസ്റ്റീന വിവാഹം കഴിച്ചെങ്കിലും ആ വിവാഹബന്ധവും താളംതെറ്റി. ഇതിനിടെ കുടുംബം ഒരു നഗരത്തില്‍നിന്ന് മറ്റൊന്നിലേക്ക് പറിച്ചുനട്ടുകൊണ്ടിരുന്നു. മുപ്പതിലധികം ഓസ്‌ട്രേലിയന്‍ നഗരങ്ങളിലാണ് ജൂലിയന്‍ ബാല്യകാലം ചെലവഴിച്ചത്. അതോടെ അവന്റെ വിദ്യാഭ്യാസവും താളംതെറ്റി. സ്‌കൂളുകളില്‍ പോയുള്ള പഠനത്തിന് പുറമേ ഹോംസ്‌കൂളിങ്ങും കറസ്പോണ്ടന്‍സ് കോഴ്സുകളും സംയോജിപ്പിച്ചാണ് അവന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 

കൗമാരകാലഘട്ടത്തില്‍ കമ്പ്യൂട്ടറുകളോടുള്ള അസാധാരണമായ അഭിരുചി ജൂലിയന്‍ കാണിച്ചിരുന്നു. വിവരസാങ്കേതികവിദ്യയുടെ രഹസ്യങ്ങളിലേക്ക് അവന്‍ ഊളിയിട്ടു. 16-ാം വയസില്‍തന്നെ ജൂലിയന്‍ അസാഞ്ജ് ഒരു വിദഗ്ധനായ ഹാക്കറായി പേരെടുത്തു. 'മെന്‍ഡാക്‌സ്' എന്ന ഹാക്കിംഗ് വിളിപ്പേര് ഉപയോഗിച്ച് അവന്‍ നാസയിലും പെന്റഗണിലുമുള്ളത് ഉള്‍പ്പെടെ നിരവധി സുരക്ഷിത സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറി. ഹാക്കിങ്ങില്‍ ഭ്രമംകേറിയ കാലത്ത് മറ്റ് രണ്ട് സുഹൃത്തുക്കളെ ഒപ്പംകൂട്ടി ഒരു കമ്പനി ജൂലിയന്‍ തുടങ്ങി. പക്ഷേ ഹാക്കിങ് പിടിക്കപ്പെട്ടു. പോലീസ് അദ്ദേഹത്തിന്റെ അമ്മയുടെ വീട് റെയ്ഡ് ചെയ്യുകയും ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൗമാരം അവസാനിക്കുന്നഘട്ടത്തിലാണ് ജൂലിയന്‍ അസാഞ്ജ് പ്രണയത്തില്‍ വീണുപോകുന്നത്. രണ്ട് വയസ് ഇളപ്പമുള്ള തെരേസ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായി അസാഞ്ജ് അവള്‍ക്കൊപ്പം താമസമാക്കി. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും 1989-ല്‍ ദമ്പതികള്‍ക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. പിന്നീട് ഈ ബന്ധം വേര്‍പിരിഞ്ഞെങ്കിലും കുട്ടിയുടെ അവകാശത്തിന് വേണ്ടി അസാഞ്ജ് ഏറെക്കാലം പോരാട്ടം നടത്തിയിരുന്നു. 

ഇതിനിടെ 1991-ല്‍ ഓസ്ട്രേലിയന്‍ അധികാരികള്‍ അദ്ദേഹത്തിനെതിരെ വിവിധ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചുമത്തി. പലതിലും അദ്ദേഹം കുറ്റം സമ്മതിച്ചതിനാല്‍ ചെറിയ പിഴ മാത്രമേ ലഭിച്ചുള്ളൂ. ജൂലിയന്റെ പ്രവര്‍ത്തനങ്ങള്‍ യുവാക്കളുടെ അന്വേഷണാത്മകതയുടെ ഫലമാണെന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അദ്ദേഹം ഓസ്‌ട്രേലിയയിലെ ഏറ്റവും സമര്‍ദ്ധനായ ഹാക്കറായി പേരെടുത്തു. പക്ഷേ, ഹാക്ക് ചെയ്യുന്ന സിസ്റ്റം അദ്ദേഹം ഒരിക്കലും തകര്‍ത്തിരുന്നില്ല, മാത്രമല്ല ലഭിക്കുന്ന വിവരങ്ങള്‍ അദ്ദേഹം പൊതുജനങ്ങള്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. തന്റെ ഔദ്യോഗിക ജീവചരിത്രത്തില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രസിദ്ധനായ എത്തിക്കല്‍ ഹാക്കര്‍ എന്നാണ് അസാഞ്ജിനെ വിശേഷിപ്പിക്കുന്നത്. 1994-ല്‍ സെന്‍ട്രല്‍ ക്വീന്‍സ്​ലൻഡ് യൂണിവേഴ്സിറ്റിയിലും പിന്നീട് 2003-ല്‍ മെല്‍ബണ്‍ യൂണിവേഴ്​സിറ്റിയിലും പ്രോഗ്രാമിങ്, ഗണിതം, ഭൗതികശാസ്ത്രം എന്നിവ പഠിച്ചിരുന്നെങ്കിലും ബിരുദം പൂര്‍ത്തിയാക്കിയില്ല. 

placeholder
പാകിസ്താനിലെ കറാച്ചിയില്‍ ഒരു ഇലക്ട്രോണിക് സ്‌ക്രീനില്‍ വിക്കീലീക്‌സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ (ഫയല്‍ ചിത്രം) | Photo: Fareed Khan/ AP 

അസാഞ്ജ് വിക്കിലീക്‌സ് സ്ഥാപിക്കുന്നു

രഹസ്യരേഖകള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഒരിടം എന്ന നലയിലാണ് ജൂലിയന്‍ അസാഞ്ജ് വിക്കിലീക്‌സ് സ്ഥാപിക്കുന്നത്. 2006-ല്‍ തുടക്കം കുറിച്ച വിക്കീലീക്‌സ് പിന്നാലെ ലീക്ക്ഡ് രേഖകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ വധിക്കാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സോമാലിയന്‍ വിമതനേതാവിന്റെ സന്ദേശമായിരുന്നു വിക്കിലീക്സ് വെബ്സൈറ്റില്‍ ആദ്യമായി പോസ്റ്റ് ചെയ്തത്. പക്ഷേ, രേഖകളുടെ ആധികാരികത സ്ഥിരീകരിച്ചിരുന്നില്ല. പിന്നാലെ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് സൈന്യത്തിന്റെ തടങ്കല്‍ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടിയുടെ രഹസ്യ അംഗത്വപട്ടിക, എന്നിവ ഉള്‍പ്പെടെ രേഖകള്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചു. പക്ഷേ 2010 വരെ വിക്കീലീക്‌സ് അധികമാരും ശ്രദ്ധിച്ചില്ല. 2010-ല്‍ അമേരിക്കന്‍ സൈന്യത്തിന്റെ ചില രഹസ്യ രേഖകളും വീഡിയോകളും പുറത്ത് വിട്ടതോടെയാണ് അസാഞ്ജ് ലോകശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങുന്നത്. ഇറാഖ് യുദ്ധസമയത്ത് യു.എസ്. സൈന്യം രണ്ട് മാധ്യമപ്രവര്‍ത്തകരടക്കം 11 പേരെ വെടിവെച്ചുവീഴ്ത്തുന്ന വീഡിയോ പുറത്തുവിട്ടുകൊണ്ട് അസാഞ്ജ് അമേരിക്കയെ ഞെട്ടിച്ചു. 

ആവര്‍ഷം വിക്കിലീക്സ് യു.എസ്. ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റ് ബ്രാഡ്ലി മാനിങ് (ചെല്‍സി മാനിങ്) നിന്ന് ലഭിച്ച അരലക്ഷത്തോളം രേഖകള്‍ പുറത്തുവിട്ടു. പ്രധാനമായും ഇറാഖിലെയും അഫ്ഗാനിസ്താനിലെയും യുഎസ് യുദ്ധങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു രേഖകള്‍. അഫ്ഗാന്‍ അധിനിവേശവുമായി ബന്ധപ്പെട്ട ലക്ഷക്കണത്തിന് അമേരിക്കന്‍ രഹസ്യ രേഖകളും അസാഞ്ജ് പുറത്ത് വിട്ടിരുന്നു. പല വിവരങ്ങളും അതിനകം പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നുവെങ്കിലും ചോര്‍ച്ച യു.എസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബരാക് ഒബാമയുടെ ഭരണകൂടം വിമര്‍ശിച്ചു. ആ വര്‍ഷം നവംബറില്‍, വിക്കിലീക്‌സ് ഏകദേശം 2.5 ലക്ഷത്തോളം രഹസ്യ യു.എസ്. നയതന്ത്ര രേഖകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. 2007 മുതല്‍ 2010 വരെയുള്ളതായിരുന്നു ഈ രേഖകള്‍. സുഹൃദ് രാജ്യങ്ങളുടെ രഹസ്യം ചോര്‍ത്താന്‍ അമേരിക്ക ശ്രമം നടത്തിയെന്ന വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയത്. ഇന്ത്യയെ അടക്കം ബാധിക്കുന്ന രേഖകള്‍ വിക്കീലീക്‌സ് പുറത്തുവിട്ടതിലുണ്ടായിരുന്നു. ഇതോടെ അമേരിക്കയും സുഹൃദ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളൽ വീണു. 14 വര്‍ഷം നീണ്ട നിയമയുദ്ധങ്ങളിലേക്കാണ് ഈ വെളിപ്പെടുത്തലുകള്‍ നയിച്ചത്. 

placeholder
ജൂലിയന്‍ അസാഞ്ജ് 2010-ല്‍ ഒരു പത്രസമ്മേളനത്തിനിടെ | Photo: EPA/UNI

വിക്കിലീക്‌സിന്റെ പ്രധാന വെളിപ്പെടുത്തലുകള്‍ 

  • ഗ്വാണ്ടനാമോ ഫയലുകള്‍: ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യു.എസ് തടങ്കല്‍പ്പാളയത്തില്‍ 800 തടവുകാരെ പീഡിപ്പിക്കുന്നതിനേക്കുറിച്ചുള്ള വിശദാംശങ്ങള്‍ 
  • യു.എസ്. യുദ്ധരേഖകള്‍: 66,000-ത്തോളം പൗരന്മാരുടെ മരണങ്ങള്‍, പീഡനം, ബലാത്സംഗം എന്നിങ്ങനെയുള്ള യുദ്ധക്കുറ്റങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഇറാഖ് യുദ്ധത്തിന്റെ രഹസ്യരേഖകള്‍ 
  • കൊളാറ്ററല്‍ മര്‍ഡര്‍ വീഡിയോ: 2007-ല്‍ ഇറാഖ് യുദ്ധസമയത്ത് ബാഗ്ദാദ് നഗരത്തില്‍ രണ്ട് റോയിട്ടേഴ്സ് പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ.
  • അഫ്ഗാന്‍ യുദ്ധഡയറി: അഫ്ഗാനിസ്താന്‍ യുദ്ധവും യു.എസ്. യുദ്ധക്കുറ്റങ്ങളും ഉള്‍ക്കൊള്ളുന്ന 91,000 യുഎസ് സൈനികരേഖകളുടെ റിപ്പോര്‍ട്ടുകള്‍. സിവിലിയന്‍ മരണങ്ങള്‍ വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അഫ്ഗാനിസ്താനിലെ പുരുഷ ബാലവേശ്യകളെ എങ്ങനെയാണ് യുഎസ് കോണ്‍ട്രാക്ടര്‍മാര്‍ ഉപയോഗിച്ചതെന്നുമടക്കമുള്ള വിവരങ്ങള്‍ അത് തുറന്നുകാട്ടി. 
  • വോള്‍ട്ട് 7: അമേരിക്കന്‍ ചാരസംഘടന സിഐഎയുടെ ഹാക്കിങ് ടൂളുകളും ടെക്‌നിക്കുകളും വെളിപ്പെടുത്തിക്കൊണ്ട് സിഐഎയില്‍ നിന്നുള്ള വിവരങ്ങളുടെ ഒരു പരമ്പര. ആപ്പിള്‍ ഐഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എന്നിവയുള്‍പ്പെടെയുള്ള യുഎസ്- യൂറോപ്യന്‍ ഉത്പന്നങ്ങള്‍ ആയുധമാക്കാന്‍ സിഐഎയ്ക്ക് കഴിയുമെന്ന് ഇവ വെളിപ്പെടുത്തി. 
  • നയതന്ത്രരേഖകള്‍: വിദേശസര്‍ക്കാരുകളിലും ലോകസംഘടനകളിലും യു.എസ്. ഇടപെടലിന്റെ ഒരുപരിധിവരെ വിക്കിലീക്‌സ് തുറന്നുകാട്ടി. യു.എന്‍. തീരുമാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കാനുള്ള ശ്രമമെന്ന നിലയില്‍ യുഎന്‍ ഉദ്യോഗസ്ഥരുടെ മേലുള്ള ചാരപ്പണി. ടുണീഷ്യ, ഈജിപ്ത്, യെമന്‍, സൗദി എന്നിവിടങ്ങളിലെ സ്വേച്ഛാധിപത്യത്തിനുള്ള പിന്തുണ അടക്കമുള്ള വിവരങ്ങളായിരുന്നു ഇതില്‍. 
  • സിറിയ ഫയല്‍സ്: സിറിയയിലെ രാഷ്ട്രീയക്കാരുടെ 20 ലക്ഷത്തോളം ഈ മെയിലുകള്‍. സിറിയന്‍ സര്‍ക്കാരിന്റെ ആഭ്യന്തര പ്രവരത്തനങ്ങളും സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭത്തിനും ഐഎസിനുമുമെതിരായ പ്രതികരണവും തുറന്നുകാട്ടുന്നതായിരുന്നു ഇവ. 
  • ഗ്ലോബല്‍ ഇന്റലിജന്‍സ് ഫയലുകള്‍: സ്വകാര്യരഹസ്യാന്വേഷണ സ്ഥാപനമായ സ്ട്രാറ്റ്‌ഫോറില്‍ നിന്നുള്ള 50 ലക്ഷത്തിലധികം ഇമെയിലുകള്‍. യുഎസ് സര്‍ക്കാരും വന്‍കിട കോര്‍പറേറ്റുകളും ആക്ടിവിസ്റ്റുകളെയും പ്രതിഷേധക്കാരെയും ചാരന്മാരെയും എങ്ങനെ നിരീക്ഷിച്ചുവെന്നുള്ള വെളിപ്പെടുത്തലുകള്‍. 
  • എന്‍.എസ്.എ വേള്‍ഡ് ലീഡേഴ്സ് ടാര്‍ഗെറ്റ്: സ്വന്തം താത്പര്യങ്ങള്‍ക്കായി യു.എസ്. ദേശീയ സുരക്ഷാ ഏജന്‍സി, ലോകനേതാക്കളെ, പ്രത്യേകിച്ച് യൂറോപ്യന്മാരെ ലക്ഷ്യം വച്ചതായി വിക്കിലീക്‌സ് വെളിപ്പെടുത്തി.
  • ഹിലരി ക്ലിന്റന്റെ ഇമെയിലുകള്‍: ഹിലരി ക്ലിന്റന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിന് ഹാനികരമായേക്കാവുന്ന ഡി.എന്‍.സിയില്‍ നിന്നുള്ള ഇമെയിലുകള്‍. ഈ വെളിപ്പെടുത്തലുകള്‍ യു.എസ് രാഷ്ട്രീയ പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചും ക്ലിന്റന്റെ പ്രചാരണത്തിന്റെ സുതാര്യതയെക്കുറിച്ചും കാര്യമായ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി.
placeholder
വിക്കീലീക്സ് പുറത്തുവിട്ട കൊളാറ്ററല്‍ മര്‍ഡര്‍ വീഡിയോയിൽ നിന്ന് | Photo: Screengrab from video posted on x.com/YoteOfStreet

ലൈംഗികാരോപണവും ഒളിവ് ജീവിതവും

വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ വിവാദമായകാലത്താണ് ജൂലിയന്‍ അസാഞ്ജിനെതിരേ ലൈംഗികാതിക്രമ ആരോപണം ഉയരുന്നത്. സ്വീഡനിലെ രണ്ട് ലൈംഗികാതിക്രമക്കേസുകളില്‍ അസാഞ്ജ് പ്രതിയായി. വിക്കിലീക്‌സിലെ തന്നെ വളണ്ടിയര്‍മാരായിരുന്ന രണ്ട് സ്ത്രീകളാണ് അസാന്‍ജിനെതിരെ ലൈംഗിക ആരോപണം ഉന്നിയിച്ചിരുന്നത്. ഇതോടെ സ്വീഡിഷ് പ്രോസിക്യൂട്ടര്‍ അസാഞ്ജിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആരോപണം അസാഞ്ജ് നിഷേധിച്ചു. കേസില്‍ അന്വേഷണം നടക്കുന്നതിനിടയില്‍, അറസ്റ്റ് വാറണ്ട് പിന്‍വലിച്ച ഘട്ടത്തില്‍ 2010 സെപ്റ്റംബറില്‍ അസാഞ്ജ് സ്വീഡനില്‍ നിന്ന് ബ്രിട്ടണിലേക്ക് കടന്നു. ആ വര്‍ഷം ഓക്ടോബറിലാണ് ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ലക്ഷക്കണക്കിന് രേഖകള്‍ വിക്കീലീക്‌സ് പുറത്തുവിടുന്നത്. പിന്നാലെ യു.എസ് നയതന്ത്രരേഖകളും പുറത്തുവന്നു. 2010 നവംബറില്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്യാന്‍ സ്വീഡനിലെ കോടതി ഉത്തരവിട്ടു. ബ്രിട്ടനില്‍ അസാഞ്ജ് അറസ്റ്റിലായെങ്കിലും പിന്നാലെ ജാമ്യം ലഭിച്ചു. പിറ്റേവര്‍ഷം ഫെബ്രുവരിയില്‍ സ്വീഡന് കൈമാറാന്‍ ബ്രിട്ടീഷ് കോടതി വിധിച്ചുവെങ്കിലും അദ്ദേഹം അപ്പീലുമായി മുന്നോട്ട് പോയി. 2012 ജൂണില്‍ അസാഞ്ജിന്റെ അന്തിമ അപ്പീല്‍ ബ്രിട്ടീഷ് കോടതി തള്ളി. യുകെ കോടതിവിധി പ്രതികൂലമായതോടെ അസാഞ്ജ് എക്വഡോര്‍ എംബസിയില്‍ അഭയം തേടി. കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടായിരുന്നു അഭയംതേടിയത്. ഓഗസ്റ്റില്‍ രാഷ്ട്രീയ അഭയം തേടിക്കൊണ്ടുള്ള അപേക്ഷ എക്വഡോര്‍ അംഗീകരിച്ചു. 

സ്വീഡനിലേക്കുള്ള നാടുകടത്തല്‍ ഒഴിവാക്കാന്‍ 2012-ല്‍ ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ അഭയംതേടിയ ജൂലിയന്‍ അസാഞ്ജ് ഏഴുവര്‍ഷമാണ്  ഇവിടെക്കഴിഞ്ഞിഞ്ഞത്. മധ്യലണ്ടനിലെ എക്വഡോര്‍ എംബസിയുടെ ഒരു ചെറിയ ഓഫീസ് മുറി അദ്ദേഹത്തിന് വേണ്ടി കിടപ്പുമുറിയാക്കി മാറ്റുകയായിരുന്നു. ഒരു കട്ടിലും കമ്പ്യൂട്ടറും അടക്കമുള്ള സൗകര്യങ്ങള്‍ ആ മുറിയിലുണ്ടായിരുന്നു. സ്വീഡന്‍ യു.എസിന് കൈമാറുമെന്ന ഭയത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹം അവിടെ തന്നെ തുടര്‍ന്നത്. എംബസി വിട്ടാല്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ 2015-ല്‍ അസാഞ്ജിനെതിരായ ആരോപണങ്ങളില്‍ ചിലത് സ്വീഡിഷ് പ്രസിക്യൂട്ടര്‍ ഒഴിവാക്കി. പക്ഷേ, ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം തുടര്‍ന്നു. ആ വര്‍ഷം ഒക്ടോബറില്‍ എംബസിക്ക് പുറത്തുള്ള കാവല്‍ ലണ്ടന്‍ പോലീസ് അവസാനിപ്പിച്ചു. അസാഞ്ജിനെ പിടികൂടാനായി മൂന്ന് വര്‍ഷം നീണ്ട ദൗത്യമാണ് പോലീസ് അവസാനിപ്പിച്ചത്. 2017 മേയ് മാസത്തില്‍ സ്വീഡില്‍ പ്രൊസിക്യുട്ടര്‍മാര്‍ അസാഞ്ജിനെതിരായ അന്വേഷണം ഉപേക്ഷിച്ചു. എക്വഡോര്‍ എംബസിയില്‍ തുടരവേ അന്വേഷണവുമായി മുന്നോട്ട് പോകാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തീരുമാനം. 2019-ല്‍ എക്വഡോര്‍ രാഷ്ട്രീയ അഭയം പിന്‍വലിക്കുകയും അദ്ദേഹത്തെ എംബസിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അസാഞ്ജുമായുള്ള ബന്ധം മോശമായതോടെയാണ് അഭയം നല്‍കല്‍ എക്വഡോര്‍ അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജാമ്യം ലംഘിച്ചതിന് ബ്രിട്ടീഷ് കോടതി അദ്ദേഹത്തെ 50 അഴ്ചത്തേക്ക് ശിക്ഷിച്ചു.

placeholder
അസാഞ്ജിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷാ ജയിലിന് പുറത്ത് നടന്ന പ്രതിഷേധത്തില്‍ സ്റ്റെല്ല മോറിസ് മകന്‍ മാക്‌സിനൊപ്പം | Photo :Dan Kitwood/Getty Images

ഇതിനിടയിലാണ് ജൂലിയന്‍ അസാഞ്ജിന്റെ ജീവിതത്തിലെ സംഭവബഹുലമായ ഒരു അധ്യായത്തിന് വഴിതുറക്കുന്നത്. പോലീസ് അറസ്റ്റ് ഭയന്ന് ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ കഴിയുന്ന വേളയില്‍ ജൂലിയന്‍ അസാഞ്ജ് അഭിഭാഷക സ്റ്റെല്ല മോറിസുമായി അടുത്തു. എംബസിയില്‍ അഭയം തേടി താമസിക്കവെ നിയമപരമായ വഴികള്‍ തേടുന്നതിനിടെയാണ് അസാഞ്ജും സ്റ്റെല്ലയും കണ്ടുമുട്ടുന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് കുട്ടികളും പിറന്നു. 2016-ലാണ് അസാഞ്ജിന് ആദ്യത്തെ കുട്ടി പിറന്നത്. രണ്ടുകുട്ടികളും അസാഞ്ജ് ജയിലില്‍ വെച്ച് കണ്ടിട്ടുമുണ്ട്. പക്ഷേ, ഈ വിവരങ്ങളെല്ലാം സ്റ്റെല്ല അതീവരഹസ്യമാക്കിവെച്ചു. മക്കളുടേയും അസാഞ്ജിന്റെയും സുരക്ഷയെ കരുതിയാണ് അവര്‍ ഇതെല്ലാം രഹസ്യമാക്കിയത്. പക്ഷേ പിന്നീട് ഇരുവരും തമ്മിലുള്ള രഹസ്യബന്ധം അവര്‍ തന്നെയാണ് വ്യക്തമാക്കിയത്. പിന്നാലെ 2022 മാര്‍ച്ചില്‍ പിന്നാലെ അസാഞ്ജ് സ്റ്റെല്ല മോറിസിനെ വിവാഹം കഴിച്ചു. അദ്ദേഹം തെക്കുകിഴക്കന്‍ ലണ്ടനിലെ അതീവ സുരക്ഷയുള്ള ജയിലില്‍ കഴിയവേ, സന്ദര്‍ശക സമയത്തായിരുന്നു വിവാഹം.

അമേരിക്കയുടെ വേട്ടയാടല്‍, ജയില്‍ ജീവിതം

ബ്രിട്ടീഷ് കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച കേസിലെ ശിക്ഷ പൂര്‍ത്തിയാക്കിയെങ്കിലും അദ്ദേഹത്തെ സ്വീഡന് കൈമാറുന്നത് സംബന്ധിച്ച തീരുമാനം നീണ്ടു. ഇതിനെ സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാര്‍ അവരുടെ അന്വേഷണം പുനഃരാരംഭിക്കുകയും അസാഞ്ജിനെ സ്വീഡന്  കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ തങ്ങളുടെ രഹസ്യരേഖകള്‍ പുറത്തുവിട്ട അസാഞ്ജിനെ ചാരവൃത്തിക്കേസുമായാണ് അമേരിക്കന്‍ ഭരണകൂടം എതിരിട്ടത്. 2019 ജൂണില്‍ യുഎസ് ഗവണ്‍മെന്റ് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും ചാരവൃത്തി നിയമം ലംഘിച്ചുവെന്നുമുള്ള ആരോപണങ്ങളില്‍ അസാഞ്ജിനെ യുഎസിലേക്ക് കൈമാറാന്‍ യുഎസ് നീതിന്യായ വകുപ്പ് ഔദ്യോഗികമായി യുകെയോട് ആവശ്യപ്പെട്ടു. ആ വര്‍ഷം നവംബറില്‍ സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാര്‍ ലൈംഗികാതിക്രമക്കേസിലെ അന്വേഷണം അവസാനിപ്പിച്ചു. തെളുവുകള്‍ ശക്തമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേസ് ഒഴിവാക്കിയത്. അസാഞ്ജിനെ യു.എസിന് കൈമാറാന്‍ 2022 ജൂണില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരേ അദ്ദേഹം ലണ്ടനിലെ കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ അപ്പീലില്‍ വിധിവരാന്‍ രണ്ടാഴ്ചയുള്ളപ്പോഴാണ് മോചനം. 

placeholder
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് കാൻബറ വിമാനത്താവളത്തിന് പുറത്തേക്ക് വരുന്നു | Photo : WILLIAM WEST / AFP

അമേരിക്കയുടെ ലക്ഷക്കണക്കിന് അതിസുരക്ഷാരേഖകള്‍ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചെന്നതാണ് അസാഞ്ജ് നേരിടുന്ന കേസ്. ഇതിനായി സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും ചാരവൃത്തി നിയമം ലംഘിച്ചുവെന്നുമാണ് ആരോപണം. അസാഞ്ജിന്റെ പ്രവൃത്തികള്‍ രാജ്യസുരക്ഷ അപകടത്തിലാക്കുന്നതാണെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇതിനേത്തുടര്‍ന്ന് 1917-ലെ ചാരവൃത്തിനിയമപ്രകാരമാണ് യു.എസ്. ഫെഡറല്‍ കോടതി 2019-ല്‍ അസാഞ്ജിനുമേല്‍ കുറ്റങ്ങള്‍ ചുമത്തുന്നത്. പ്രാഥമികമായി 18 കുറ്റങ്ങളാണ് അസാഞ്ജിനെതിരേ ചുമത്തിയത്. 175 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്നവയായിരുന്നു ഈ കുറ്റങ്ങള്‍. ഇവയില്‍ സൈനിക രേഖകള്‍ കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റം മാത്രമാണ് യു.എസുമായുള്ള ധാരണപ്രകാരം അസാഞ്ജ് ഏറ്റുപറഞ്ഞിരിക്കുന്നത്. യു.എസ്. സൈന്യത്തില്‍ ജോലിചെയ്തിരുന്ന ചെല്‍സി മാനിങ്ങാണ് അസാഞ്ജിന് രേഖകള്‍ ചോര്‍ത്തിക്കൊടുത്തത്. ഈ കേസില്‍ തടവിലായ ചെല്‍സിയെ 2017-ല്‍ ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ വെറുതെവിട്ടിരുന്നു. ഒരു കുറ്റം സമ്മതിക്കുന്നതിനുപകരമാണ് അസാഞ്ജിനെ മോചിപ്പിച്ചത്. 62 മാസത്തെ തടവുശിക്ഷയാണ് ഇതിന് ലഭിക്കാനിടയുള്ള ശിക്ഷ. അത്രയുംകാലം ബ്രിട്ടീഷ് ജയിലില്‍ കഴിഞ്ഞതിനാലാണ് അദ്ദേഹത്തിന് ശിക്ഷ ഇളവ് നല്‍കുന്നത്. 

പുറത്തിറങ്ങുന്ന അസാഞ്ജ് ഇനി നിശബ്ദനാകുമോ എന്നതാണ് ഏറ്റവു വലിയ ചോദ്യം. യു.എസ്. ഫെഡറല്‍ കോടതി 2019-ല്‍ അസാഞ്ജിനുമേല്‍ ചുമത്തിയ 18 കുറ്റങ്ങളിൽ ഒരു കുറ്റം മാത്രമാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. സൈപനിലുള്ള ജില്ലാ കോടതിയിലെത്തി അദ്ദേഹം കുറ്റസമ്മതക്കരാറിൽ ഒപ്പിട്ടു. കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞതോടെ കോടതി അദ്ദേഹത്തെ സ്വതന്ത്രനാക്കി. “നിങ്ങൾക്ക് സ്വതന്ത്രനായി കോടതിയിൽനിന്നു പോകാ”മെന്ന് ജഡ്ജി പറഞ്ഞു. പിന്നാലെ അദ്ദേഹം ചാർട്ടർ ചെയ്ത വിമാനത്തിൽ സ്വദേശമായ ഓസ്ട്രേലിയയിലെത്തി. ഭാര്യ സ്റ്റെല്ല മോറിസും മക്കളും അദ്ദേഹത്തിന് മുമ്പ് തന്നെ ഓസ്‌ട്രേലിയയിലെത്തിയിരുന്നു. തലസ്ഥാനമായ കാൻബെറയിൽ ഇറങ്ങിയ അദ്ദേഹത്തെ ഭാര്യ സ്റ്റെല്ലയും പിതാവ് ജോൺ ഷിപ്പോണും സ്വീകരിച്ചു. ഇതെല്ലാമാണെങ്കിലും അസാഞ്ജിന്റെ ഭാവി പരിപാടികള്‍ എന്താണെന്ന് വ്യക്തമല്ല. വിക്കീലീക്‌സിന്റെ പ്രവര്‍ത്തനം തുടരുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബാരി പൊള്ളാക്ക് പറഞ്ഞത്. അഭിപ്രായസ്വാതന്ത്ര്യത്തിനും സര്‍ക്കാരുകളുടെ സുതാര്യതയ്ക്കും വേണ്ടിയുള്ള തുടര്‍പ്രവര്‍ത്തനമുണ്ടാകുമെന്നതില്‍ തനിക്ക് സംശയമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അമേരിക്കയുമായി ഒരു ധാരണയിലെത്തിയശേഷം പുറത്തിറങ്ങിയതിനാല്‍ അസാഞ്ജ് എന്തുചെയ്യുമെന്ന് കണ്ടുതന്നെ അറിയണം.