ടെൽ അവീവ്: ദുബായിൽനിന്ന് ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയിൽ സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്ത ഫ്ലൈ ദുബായ് വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ കോക്പിറ്റിൽ തർക്കവും കൈയാങ്കളിയും നടന്നതായി റിപ്പോർട്ടുകൾ. ഇതിനിടെ പൈലറ്റിന് കുത്തേറ്റതായും റിപ്പോർട്ടുകളുണ്ട്. കോക്പിറ്റിൽനിന്ന് അലർച്ചയും ബഹളവും കേട്ടതായും അകത്ത് രക്തം കണ്ടതായും ഒരു യാത്രക്കാരി വെളിപ്പെടുത്തി.

To advertise here,

യു.എ.ഇയിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇസ്രയേലിലെ ബെൻ ഗുറിയൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിങ് 737 മാക്സ്-8 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഏകദേശം 180 ഇസ്രയേലി യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള സിവിലിയൻ-സൈനിക താവളത്തിലാണ് അടിയന്തര ലാൻഡിങ് നടത്തിയത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കോക്പിറ്റിനുള്ളിൽവെച്ച് പൈലറ്റുമാർ തമ്മിൽ പെട്ടെന്ന് കടുത്ത തർക്കവും വഴക്കും ആരംഭിക്കുകയായിരുന്നു. ഇതിനിടെ പൈലറ്റുമാരിൽ ഒരാൾ മടക്കുകത്തി ഉപയോഗിച്ച് സഹപൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നു. 

യാത്രയ്ക്കിടെ കോക്പിറ്റിൽനിന്ന് വലിയ അലർച്ചയും ബഹളവും കേട്ടിരുന്നതായി വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി 'ചാനൽ 15'-നോട് വെളിപ്പെടുത്തി. കോക്പിറ്റിന്റെ വാതിൽ തുറന്നപ്പോൾ അകത്ത് രക്തം കണ്ടതായും അവർ പറഞ്ഞു. തങ്ങൾ ജീവനോടെ തിരിച്ചെത്തില്ലെന്നാണ് കരുതിയതെന്നും അവർ കൂട്ടിച്ചേർത്തു. ബഹളംകേട്ട് ഉടൻതന്നെ യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും വിഷയത്തിൽ ഇടപെടുകയും ആക്രമണം നടത്തിയ ആളെ ബലമായി കീഴ്പ്പ്പെടുത്തി വഴക്ക് അവസാനിപ്പിക്കുകയുമായിരുന്നു. അക്രമിയെ തടയാൻ ചില ഇസ്രയേലി യാത്രക്കാരും ജീവനക്കാരെ സഹായിച്ചതായാണ് വിവരം.

കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ വഴക്കടിക്കുന്നതിനിടയിലാണ് വിമാനത്തിൽനിന്ന് അപായ സൂചന നൽകുന്ന കോഡുകൾ പുറപ്പെടുവിച്ചത്. പ്രാദേശിക സമയം പുലർച്ചെ 1.20-ഓടെ വിമാനം 34,000 അടി ഉയരത്തിൽനിന്ന് 16,600 അടിയോളം താഴേക്ക് കൂപ്പുകുത്തി. തുടർന്ന് പുലർച്ചെ 1.32-നാണ് വിമാനത്തിൽനിന്ന് ആദ്യ അടിയന്തര സന്ദേശം എത്തിയത്. പൊതുവായ അടിയന്തര സാഹചര്യങ്ങൾക്ക് ഉപയോഗിക്കുന്ന 'കോഡ് 7700' ആണ് ആദ്യം നൽകിയത്. വൈകാതെ വിമാനം ആരോ അനധികൃതമായി കൈയടക്കിയെന്നോ റാഞ്ചിയെന്നോ സൂചിപ്പിക്കുന്ന 'കോഡ് 7500' സന്ദേശം നൽകി.

പൈലറ്റുമാർ തമ്മിലുള്ള കയ്യാങ്കളിക്കിടെയാണ് ഈ ഹൈജാക്ക് കോഡ് സജീവമായതെന്ന് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തു. അതേസമയം, പൈലറ്റുമാരിൽ ഒരാൾ ആത്മഹത്യചെയ്യാനും വിമാനം ഇടിപ്പിച്ചു തകർക്കാനും ശ്രമിച്ചതാണെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, പൈലറ്റുമാർ തമ്മിൽ സംഘർഷമുണ്ടാകാനുള്ള യഥാർഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.