ലോകം കണ്ട ഏറ്റവും മികച്ചരാഷ്ട്രീയ നേതാക്കളിലൊരാളായ ഫിദൽ കാസ്‌ട്രോ ജനിച്ചിട്ട് ഇന്നേക്ക് 100 വർഷം പിന്നിടുന്നു. കഴിഞ്ഞ പത്തുവർഷമായി നമ്മോടൊപ്പമില്ലെങ്കിലും ഫിദലുയർത്തിയ രാഷ്ട്രീയ പരിപ്രേക്ഷ്യം ഒട്ടും മൂല്യം കുറയാതെ ഇന്നും ലോക രാഷ്ട്രീയ ചലനങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്നത് അവിതർക്കിതമാണ്. മാത്രമല്ല, ഫിദലും കൂട്ടരും സായുധ വിപ്ലവത്തിലൂടെ സ്വേച്ഛാധിപത്യത്തിൽനിന്നും മോചിപ്പിച്ചെടുത്ത ക്യൂബയെന്ന ചെറുരാജ്യം ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായ ഐക്യനാടുകളുടെ മൂക്കിനുതാഴെ ഇന്നും അവരുയർത്തിയ രാഷ്ട്രീയ മാർഗ്ഗത്തിൽനിന്നും ഒട്ടും വ്യതിചലിക്കാതെ അതിജീവനത്തിന്റെ പുതുപാതകളിലൂടെ മുന്നേറുന്നു എന്ന് കാണിക്കുന്നത് ഫിദൽ പണിതുയർത്തിയ ആ രാഷ്ട്രീയ പരിപ്രേഷ്യത്തിന്റെ കരുത്ത് തന്നെയാണ്.

To advertise here,

1926 ഓഗസ്റ്റ് 13-ാം തിയ്യതി ക്യൂബയുടെ തെക്കുകിഴക്കൻ തീരത്തിനടുത്ത് നിപേ മലനിരകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ബിരാൻ എന്ന കാർഷിക ഗ്രാമത്തിൽ ക്യൂബയിലെ ഏറ്റവും വലിയ ജന്മികളിലൊരാളായ അൻഹൽ കാസ്‌ട്രോയുടെ രണ്ടാം വിവാഹത്തിലെ ഏഴുമക്കളിൽ രണ്ടാമത്തവനായാണ് ഫിദൽ ജനിക്കുന്നത്. ചെറുപ്പത്തിൽ തന്റെ പിതാവിന്റെ 93 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ കൃഷിയിടമായിരുന്നു ഫിദലിന്റെ ലോകം. അവിടെ പാർത്തിരുന്ന കർഷകത്തൊഴിലാളികൾക്കും അവരുടെ മക്കൾക്കുമിടയിൽ കളിച്ചു ജീവിച്ചുവന്ന ഫിദലും സഹോദരങ്ങളും ഏറെ വൈകാതെ തന്നെ പഠനാർഥം ക്യൂബയുടെ തെക്കേ മുനമ്പിലുള്ള സാന്റിയാഗോ പട്ടണത്തിലെത്തി തന്റെ കുടുംബം ഭരമേല്പിച്ച അദ്ധ്യാപികയോടൊപ്പം ജീവിക്കാനാരംഭിച്ചു. എട്ടാം വയസ്സിൽ മാമോദീസ മുങ്ങിയതിനുശേഷം ലാ സയ്യെ കത്തോലിക്കാ ബോർഡിങ്ങ് സ്‌കൂളിൽ ചേർന്ന് ഔപചാരിക വിദ്യാഭ്യാസം തുടങ്ങുകയും ചെയ്തു. 2 വർഷത്തിനുശേഷം തന്റെ വിമതസ്വഭാവം കൊണ്ടുതന്നെ ലാ സയ്യെയില്‌നിന്നും

വിടുതൽവാങ്ങി കൂടുതൽ അച്ചടക്കം ആവശ്യമുള്ള ജെസ്യൂട്ട് പാതിരിമാർ നടത്തിവന്ന കോളേജിയോ ഡെ ഡൊളോറസിലേക്ക് അദ്ദേഹത്തിന്റെ പഠനം മാറ്റേണ്ടിവന്നു. 1942 ൽ അദ്ദേഹം അവിടെനിന്നും ജസ്യൂട്ട് പാതിരിമാരുടെ തന്നെ ഹവാനയിലുള്ള എൽ കോളേജിയോ ഡി ബെലെനിൽ പഠിക്കാനെത്തുകയും ഹാവനയുമായുള്ള ആത്മബന്ധത്തിന് തുടക്കമിടുകയും ചെയ്തു. ഇവിടെ പ്രത്യേകം പരാമര്ശിക്കേണ്ട ഒരു കാര്യം ബെലനിലെ വിദ്യാഭ്യാസകാലത്ത് ക്യൂബയിലെ ഏറ്റവും മികച്ച സ്‌കൂൾ കായികതാരമായ ഫിദൽ തെരെഞ്ഞെടുക്കപ്പെട്ടു എന്നതാണ്. ബാസ്‌കറ്റ്‌ബോളും ബേസ്‌ബോളും അത്‌ലറ്റിക്‌സുമുൾപ്പടെയുമുള്ള കായിക വിനോദങ്ങളിൽ മിടുക്കു തെളിയിക്കാൻ അദ്ദേഹത്തിനായി. ചെറുപ്പകാലത്തിലുടനീളം കത്തോലിക്കാ സമ്പ്രദായമനുസരിച്ചുള്ള വിദ്യാഭ്യാസമാണ് ഫിദലിന് ലഭിച്ചതെങ്കിലും അതിലെ അനുഷ്ഠാനങ്ങൾക്കുപരിയായി ജീസസ് ക്രൈസ്റ്റ് മുന്നോട്ടുവെച്ച ജീവിത വീക്ഷണമാണ് തന്നെ ഏറെ സ്വാധീനിച്ചതെന്ന് ഫിദൽ വിപ്ലവ വിജയത്തിന് ശേഷമുള്ള കാലയളവുകളിലെ തന്റെ അഭിമുഖങ്ങളിലും രചനകളിലും വ്യക്തമാക്കിയിട്ടുണ്ട്. അതിൽ തന്നെ കോളേജിയോ ഡെ ഡൊളോറസിലേയും എൽ കോളേജിയോ ഡി ബെലെനിലെയും ജെസ്യൂട്ട് പാതിരിമാരുടെ സ്വാധീനം തന്റെ സ്വഭാവത്തെയും ജീവിതത്തിലെ അച്ചടക്കത്തെയും ബൗദ്ധികതലത്തെയും താർക്കിക വീരത്തെയും ജീവിത വീക്ഷണത്തെയും ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്ന് ഫിദൽ തന്നെ പലപ്പോഴായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയമായി കത്തോലിക്കാ സഭയുമായി ഏറ്റുമുട്ടാനും സഭയെ നിഷേധിക്കാനും സഭയുടെ നയങ്ങളെ നിശിതമായി വിമർശിക്കാനും ഫിദൽ ഒരിക്കലും മടികാണിച്ചില്ല. ലാറ്റിനമേരിക്കയിലെ അന്നത്തെ രാഷ്ട്രീയാന്തരീക്ഷവും ഏകദേശം ഇത്തരമൊരു വ്യവസ്ഥിതിക്ക് അനുയോജ്യമായിരുന്നു. മേഖലയിലെ വൻശക്തികളായ ഐക്യനാടുകൾ തങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ ഇടപെടലിലൂടെ തങ്ങളുടെ അടുക്കളപ്പുറത്തിനു സമാനമായായിരുന്നു പല ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും കൈകാര്യം ചെയ്തിരുന്നത്. ഈ രാജ്യങ്ങളിൽ സാമ്പത്തികവും സൈനികവുമായ ഇടപെടൽ

നടത്താൻ ഐക്യനാടുകൾ എന്നും ഉത്സാഹം കാണിച്ചിട്ടുണ്ടെന്നുമാത്രമല്ല അത്തരം രാജ്യങ്ങളിലെ സ്രോതസുകളുപയോഗിച്ച് ഐക്യനാടുകളിലെ മുതലാളിമാരും അവരുടെ ശിങ്കിടികളും തങ്ങളുടെ പോക്കറ്റുകൾ വീർപ്പിക്കുകയും ചെയ്തിട്ടുണ്ട്. 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും തുടർന്ന് വിപ്ലവം വിജയിക്കുന്നതുവരെയും ക്യൂബയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. 1895 മുതൽ ശക്തമായ ക്യൂബയുടെ സ്വാതന്ത്ര്യസമരത്തെത്തുടർന്ന് നടന്ന സ്പാനിഷ്-അമേരിക്കൻ യുദ്ധമാണ് ഐക്യനാടുകളുടെ ക്യൂബയിലെ നേരിട്ടുള്ള ഇടപെടലിന് നിമിത്തമായത്. സ്വാതന്ത്ര സമരപോരാളികളും സ്പാനിഷ് പടയും തമ്മിലുള്ള സായുധപോരാട്ടത്തിൽനിന്നും ഐക്യനാട്ടുകാരെയും അവരുടെ വസ്തുവകകളെയും സംരക്ഷിക്കാനെന്ന പേരിൽ ഐക്യനാടുകളുടെ പടക്കപ്പൽ യുഎസ്എസ് മൈനേ ഹവാന തുറമുഖത്തെത്തുകയും 1898 ഫെബ്രുവരി 15 ആം തീയ്യതി ദുരൂഹ സാഹചര്യങ്ങളിൽ പൊട്ടിത്തെറിക്കുകയും കപ്പലിലെ 268 നാവികർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്നുണ്ടായ യുദ്ധത്തിന്റെ അവസാനം ക്യൂബക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഐക്യനാടുകളിലെ സെനറ്റ് പാസ്സാക്കിയ പ്ലാറ്റ് ഭേദഗതി ക്യൂബയുടെ ഭരണത്തിൽ നിർലോഭം ഇടപെടാനുള്ള അവസരം ഐക്യനാടുകൾക്കു നൽകി. ഇതാവട്ടെ കൊണ്ടുചെന്നെത്തിച്ചത് ഐക്യനാടുകളുടെ ചൊല്പടിക്കുന്ന നിൽക്കുന്ന അവരുടെ താല്പര്യങ്ങൾക്ക് വിളക്ക് പിടിക്കുന്ന ഒരു നിര ഭരണാധികാരികളുടെ സ്ഥാനാരോഹണങ്ങളിലേക്കും. അത്തരത്തിൽ ഐക്യനാടുകളുടെ സഹായത്തോടെ 1952 ലെ സൈനിക അട്ടിമറിയിലൂടെടെ ഭരണത്തിലേറി സ്വേച്ഛാധിപതിയായ ഫുലെൻഷ്യ ബാറ്റിസ്റ്റ എന്ന ഭരണാധികാരിയെക്കൊണ്ട് സാധാരണക്കാർ പൊറുതിമുട്ടിയ അവസരത്തിലാണ് ഫിദൽ കാസ്‌ട്രോ എന്ന യുവ അഭിഭാഷകൻ ഒരു പറ്റം യുവാക്കളുമായി ചേർന്ന് ബാറ്റിസ്റ്റയുടെ ഭരണത്തിനെതിരെ പോരാടാനിറങ്ങുന്നത്. സായുധ വിപ്ലവത്തിലൂടെ ബാറ്റിസ്റ്റയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള അവരുടെ ആദ്യ ശ്രമം നടന്നത് 1953 ജൂലൈ 26 നു സാന്റിയാഗോയിലെ പട്ടാളബാരക്കായ മൊങ്കാദ ബാരക്കിനു നേരെ നടത്തിയ ആക്രമണത്തിലൂടെയായിരുന്നു. ആ ആക്രമണം പരാജയപ്പെടുകയും ഫിദലും കൂട്ടുകാരും തടവറയിലാവുകയും

ചെയ്തു. ആ തടവറയിലേക്കുള്ള വിചാരണക്കിടയിലാണ് ഫിഡലെന്ന വിപ്ലവകാരിക്ക് ലോകം ആദ്യം ചെവികൊടുക്കുന്നത്. ലോകം ഉത്സാഹത്തോടെ ഫിദലിന്റെ ജീവിതാന്ത്യം വരെ ശ്രവിച്ച അദ്ദേഹത്തിന്റെ താർക്കിക മികവിന്റ ആദ്യാനുഭവത്തിനാണ് ആ വിചാരണ സാക്ഷ്യം വഹിച്ചത്. ആ വിചാരണക്കിടയിൽ ക്യൂബയിലെ സാധാരക്കാരന്റെ ജീവിതാവസ്ഥ തുറന്നുകാട്ടിയ ഫിദൽ അവർക്കു വേണ്ടി താൻ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്നതിനെക്കുറിച്ചും താനും തന്റെ കൂട്ടുകാരും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ലോകത്തോട് സംവദിച്ചു. കോടതിമുറിയാക്കി മാറ്റിയ സാന്തിയാഗോയിലെ സിവിൽ ആശുപത്രിയിലെ ആ കൊച്ചുമുറിയിലെ 'ചരിത്രമെന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കു'മെന്ന ഫിദലിന്റെ പ്രഖ്യാപനം ലോകം ഏറെ ആദരവോടെയാണ് കേട്ടത്. പിന്നീട് പൊതുജന പ്രക്ഷോഭത്തെത്തുടർന്ന് ബാറ്റിസ്റ്റക്ക് അവരെ വിട്ടയക്കേണ്ടി വരികയും ഫിദലും കൂട്ടുകാരും മെക്‌സിക്കോയിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. പിന്നീടുള്ളത് ലോക ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഫിദലിന്റെ നേതൃത്വമികവിന്റെ ദിനങ്ങളായിരുന്നു. മെക്‌സിക്കോയിൽ താമസിച്ച് ജൂലൈ 26 പ്രസ്ഥാനത്തിലൂടെ ക്യൂബയിലെ പ്രതിരോധപരിപാടികൾ മുന്നോട്ടുകൊണ്ടുപോകുകയും ഒപ്പം തന്നെ താൻ വിഭാവനം ചെയ്തരീതിയിലുള്ള ഒരു സായുധ വിപ്ലവത്തിനായുള്ള കോപ്പുകൂട്ടുകയും ചെയ്തു. ഫിദലിനൊപ്പം അർജന്റീനക്കാരനായ ചെ ഗുവേരയെന്ന വിപ്ലവകാരികൂടി ചേർന്നതോടെ ഫിദലിന്റെ സായുധ സമരത്തിന് ഇന്ധനമായി. ഗ്രാന്മയെന്ന കൊച്ചു ബോട്ടിൽ ക്യൂബയിലെത്തിയ അവർ തുടക്ക പരാജയങ്ങളെ അതിജീവിച്ച് സ്വേച്ഛാധിപതിക്കെതിരെ വിജയം നേടുകയും ചെയ്തു. ആ വിജയം പക്ഷേ, ഫിദൽ കാസ്‌ട്രോയെന്ന നേതാവിന്റെ തുടക്കം മാത്രമായിരുന്നു. താൻ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കികൊണ്ട് സാധാരക്കാരുടെ ജീവിതത്തെ സുഗമമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിജയം കണ്ടു. തങ്ങൾക്ക് അനഭിമതമായ കമ്മ്യൂണിസത്തെ തങ്ങളുടെ മൂക്കിന് താഴെ പ്രതിഷ്ഠിച്ച് ഫിദൽ ഐക്യനാടുകളുടെ കണ്ണിലെ

കരടായിത്തീരുകയും ചെയ്തു. ബേ ഓഫ് പിഗ്‌സ് ആക്രമണമുൾപ്പടെ ക്യൂബയിൽ അട്ടിമറിപ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടുള്ള ഓപ്പറേഷൻ മംഗുസും ഓപ്പറേഷൻ പീറ്റർ പാനും തങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലാനുള്ള നിരവധി വ്യാപാര ഉപരോധങ്ങളും ഐക്യനാടുകൾ പുറത്തെടുത്തപ്പോഴൊക്കെ ധീരമായി ചെറുത്തു നിന്ന് ക്യൂബയിലെ സാധാരണക്കാരെ കൈവിടാതെ ഭരണം മുന്നോട്ടുകൊണ്ടുപോകുവാൻ കാസ്‌ട്രോക്കായി. അതിനുമൊക്കെ പുറമെയായിരുന്നു കാസ്‌ട്രോയെ വകവരുത്താൻ ഐക്യനാടുകളിലെ ചാരസംഘടനയായ സിഐഎ നടത്തിയ പരാജയപ്പെട്ട എണ്ണിയാലൊടുങ്ങാത്ത ശ്രമങ്ങൾ. ക്യൂബയുടെ അതിജീവന സമരത്തിന് കൂട്ടായത് സോവിയറ്റ് ചേരിയിലെ രാജ്യങ്ങളായിരുന്നു. ഒരു വേള ഐക്യനാടുകളുടെ ഭീഷണി തങ്ങളുടെ നിലനില്പിനെ ബാധിക്കുമെന്ന കണക്കുകൂട്ടലിനൊടുവിൽ സോവിയറ്റ് യൂണിയനിൽനിന്നുള്ള ന്യൂക്ലിയർ മിസൈലുകൾ ക്യൂബയിൽ സ്ഥാപിക്കുകയും അത് 1962 ലെ ഒക്ടോബർ മാസത്തെ മുന്‌പെങ്ങുമില്ലാത്ത വിധം ആഗോളതലത്തിൽ കലുഷിതമാക്കുകയും ചെയ്തു. 13 ദിവസങ്ങൾക്കു ശേഷം ക്യൂബയെ ഒരിക്കലും ആക്രമിക്കുകയില്ലെന്ന കരാറിൽ ഐക്യനാടുകൾക്ക് ഒപ്പിടേണ്ടിവന്നത് ഫിദൽ കാസ്‌ട്രോയെന്ന രാജ്യതന്ത്രജ്ഞന്റെ ഏറ്റവും വലിയ വിജയമായിരുന്നു. എന്നാൽ ഒരു നേതാവെന്ന രീതിയിൽ ഫിദൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സോവിയറ്റ് യൂണിയന്റെ തകർച്ചയായിരുന്നു. പഞ്ചസാരക്കുപകരമായി തങ്ങൾക്കു ലഭിച്ചിരുന്ന ഭക്ഷ്യസാധനങ്ങളും പെട്രോളും ആയുധങ്ങളും മരുന്നും മറ്റും കിട്ടാതായതോടെ ക്യൂബ മുൻപെങ്ങും അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ആ സാഹചര്യം ഫിദലെന്ന ഭരണകർത്താവും ക്യൂബയും നേരിട്ട രീതി ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. പ്രതിവർഷം ലഭിച്ചിരുന്ന 14 ദശലക്ഷം ബാരൽ എണ്ണ 4 ദശലക്ഷമായി കുറയുകയും കയറ്റുമതിയും ഇറക്കുമതിയും നിലക്കുകയും ചെയ്ത ഘട്ടത്തിൽ ക്യൂബക്ക് ജൈവ കൃഷിയിലേക്ക് തിരിയേണ്ടിവന്നു. ദിവസം ഒരു കഷ്ണം റൊട്ടിമാത്രം കഴിച്ച് മുണ്ടുമുറുക്കിയുടുക്കേണ്ടിവന്നതിനെക്കുറിച്ച്

ഈയുള്ളവന്റെ ക്യൂബയിലെ സുഹൃത്തുക്കൾ പറഞ്ഞറിയാം. അവിടെനിന്നങ്ങോട്ട് ഭക്ഷ്യകാര്യത്തിൽ സ്വയം പര്യാപ്തത നേടാനുള്ള പ്രയത്‌നങ്ങളായിരുന്നു. പോരാട്ടമല്ലെങ്കിൽ മരണമെന്ന ആ സാഹചര്യത്തിലും ക്യൂബയിലെ ജനങ്ങൾ ഫിഡലെന്ന നേതാവിൽ ഉറച്ചു വിശ്വസിക്കുകയും അദ്ദേഹം അവരെ ആ പ്രതിസന്ധി ഘട്ടത്തിലൂടെ മുന്നോട്ടു നയിക്കുകയും ചെയ്തു. വലിയ ഫാമുകൾ ഒഴിവാക്കി ചെറിയകൃഷിയിടങ്ങൾ സഹകരണ സംഘങ്ങൾക്ക് ലീസിനുകൊടുത്തുകൊണ്ട് ജൈവകൃഷിയുടെ വലിയ ഒരു ശൃംഖല കെട്ടിപ്പടുക്കാൻ ക്രമേണ ക്യൂബക്ക് കഴിയുകയും ഭക്ഷ്യ സ്വയം പര്യാപ്തത നേടിയെടുക്കുകയും ചെയ്തു. ലോക രാഷ്ട്രീയത്തിൽ മുന്പില്ലാത്ത രീതിയിലുള്ള ഇടപെടലുകൾ നടത്തിയ നേതാവാണ് ഫിദൽ കാസ്‌ട്രോ. ക്യൂബയെ മാനവികയുടെ പ്രതീകമായി മാറ്റിക്കൊണ്ട് അവരുടെ വൈദ്യ സംഘത്തെ ലോകത്തെവിടെയുമുള്ള ദുരന്തമുഖത്തെത്തിക്കാൻ കാസ്‌ട്രോ നേതൃത്വം കൊടുത്തു. 2005ൽ പാകിസ്താനിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ക്യൂബയുടെ അന്താരാഷ്ട്ര വൈദ്യ സംഘമായ ഹെന്റി റീവ് ഇന്റർനാഷണൽ കണ്ടിൻജന്റ് ഒരു ദശലക്ഷം ദുരന്തബാധിതരെയാണ് ഫീൽഡ് ആശുപത്രികളിൽ ചികിൽസിച്ചു ഭേദമാക്കിയത്. പതിനായിരത്തിനു മുകളിൽ ശസ്ത്രക്രിയകളാണ് അവർ നടത്തിയത്. ലോകം കോവിഡിന്റെ ആദ്യ നാളുകളിൽ വിറങ്ങലിച്ച് നിന്നപ്പോൾ ഇറ്റലിലെയും മറ്റിടങ്ങളിലെയും രോഗബാധിതരെ സഹായിക്കാൻ ക്യൂബയിൽനിന്നുള്ള വൈദ്യ സംഘമെത്തി. മാത്രമോ ലാറ്റിനമേരിക്കയിലുടനീളം അന്ധർക്ക് കാഴ്ച നൽകാനായി നടത്തിയ ഓപ്പറേസ്യോൻ മിലാഗ്രോ (ഓപ്പറേഷൻ മിറാക്കിൾ) ഏറെ പ്രസിദ്ധമാണ്. ആ പരിപാടിയിലൂടെ കാഴ്ച കിട്ടിയവരിൽ ഒരാൾ ചെ ഗുവേരയുടെ ഘാതകനായ മാറിയോ ടെറൻ എന്ന സൈനികനാണെന്നത് ഈ പരിപാടി എത്രത്തോളം മാനവികത നിറഞ്ഞതാണെന്ന് വിളിച്ചറിയിക്കുന്നു. അന്താരാഷ്ട്ര രംഗത്തെ ഫിദലിന്റെ ഏറ്റവും വലിയ ഇടപെടലുകളിലൊന്ന് സാധ്യമായത് ചേരിചേരാ പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന രണ്ട് കാലഘട്ടങ്ങളിലാണ് 1978 മുതൽ 1982 വരെയും 2006 മുതൽ 2008 വരെയും. ചേരി ചേരി പ്രസ്ഥാനത്തിന്റെ നയ രൂപീകരണത്തിലും അതിനെ സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രതിരോധനിരയായി

വികസിപ്പിച്ചെടുക്കുന്നതിലും കാസ്‌ട്രോ വിജയിച്ചു. 1966 ൽ ഹവാനയിൽ നടന്ന ട്രൈ കോണ്ടിനെന്റൽ കോൺഫറൻസിന്റെ വിജയവും കാസ്‌ട്രോയുടെ നേതൃപാടവത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. 1975 മുതൽ 1991 വരെ വർണ്ണ വിവേചനത്തിലധിഷ്ഠിതമായ സൗത്ത് ആഫ്രിക്കയുടെ ഇടപെടലിലൂടെ നടന്ന അംഗോളയിലെ ആഭ്യന്തര യുദ്ധത്തിലും 1977ലെ എത്യോപ്യയും സോമാലിയയുമായി ഒഗാഡൻ യുദ്ധത്തിലും ക്യൂബൻ സൈനികരെ അണിനിരത്താൻ കാസ്‌ട്രോക്കു മടിയുണ്ടായില്ല. ക്യൂബൻ വിപ്ലവം ലാറ്റിനമേരിക്കയിലെ രാഷ്ട്രീയ ഭൂപടത്തിൽ കൊണ്ട് വന്ന മാറ്റവും വിസ്മരിക്കാനാവില്ല. അത്തരം മാറ്റങ്ങൾക്ക് ഫിദൽ നൽകിയ പിന്തുണ അതിരുകളില്ലാത്തതായിരുന്നു. വെനിസ്വേലയിൽ ഷാവേസും ബൊളീവിയയിൽ ഇവോ മൊറയലെസും നിക്കരാഗോയിലെ അഗസ്റ്റോ സീസർ സാന്റിനോയുമെക്കെ പ്രതിരോധത്തിന്റെ രാഷ്ട്രീയം തീർത്തെടുത്തത് ഫിദലിൽനിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു. ഫിദൽ ഇഹലോകവാസം വെടിഞ്ഞതിനുശേഷവും ലാറ്റിനമേരിക്ക തീർക്കുന്ന സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രതിരോധം അദ്ദേഹം ജീവിതകാലം മുഴുവൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ കാഴ്ചപ്പാടിനും മൂല്യങ്ങൾക്കും ജീവിത വീക്ഷണത്തിനുമുള്ള ആദരമായി തന്നെ കാണണം. അദ്ദേഹം ജനിച്ച് 100 വര്ഷം തികയുന്ന ഈ വേളയിലും അദ്ദേഹം ഉയർത്തിപ്പിടിച്ച ആദർശങ്ങളും മൂല്യങ്ങളും ലോകമെമ്പാടും ചർച്ചയാവുന്നു എന്നത് കാണിക്കുന്നത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ മഹാനായ നേതാക്കളിൽ എന്തുകൊണ്ടും അഗ്രഗണ്യനായിരുന്നു അദ്ദേഹം എന്ന് തന്നെയാണ്