മാവേലിക്കര: അൻപതുകളിലെയും അറുപതുകളിലെയും എഴുപതുകളിലെയും ഓണാട്ടുകരയിലെ സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ സാമൂഹികപ്രശ്നങ്ങളും പച്ചയായി വരച്ചുകാട്ടിയ കഥാകാരനായിരുന്നു പാറപ്പുറത്ത്. മാവേലിക്കര കുന്നം പാറപ്പുറത്ത് കെ.ഇ. മത്തായിയാണ് പാറപ്പുറത്ത് എന്ന തൂലികാനാമത്തിലൂടെ പ്രശസ്തനായത്. പാറപ്പുറത്തിന്റെ ജന്മശതാബ്ദി മാവേലിക്കരയിൽ വ്യാഴാഴ്ച ആഘോഷിക്കും.

To advertise here,

ജന്മനാടായ കുന്നവും സമീപപ്രദേശങ്ങളായ പൈനുംമൂട്, കൊല്ലകടവ്, മാവേലിക്കര നാട്ടിലൂടെയൊഴുകുന്ന അച്ചൻകോവിലാറ് എന്നിവയും അദ്ദേഹം നോവലുകൾക്കു പശ്ചാത്തലമൊരുക്കി. അച്ചായൻ, അയ്യം, കൊച്ചാട്ടൻ, ഇച്ചേയി, കൊണതോഴം, കയ്യാല, ചായ്പ്, മൂപ്പില്, നേരിയത്, പോലത്തേക്ക് തുടങ്ങി മധ്യതിരുവിതാംകൂറിന്റെ തനതായ വാക്കുകളാലും ശൈലികളാലും സമ്പന്നമായിരുന്നു പാറപ്പുറത്തിന്റെ രചനകൾ. ചുറ്റിലും കണ്ട ജീവിതത്തെപ്പറ്റി അതിശയോക്തിയില്ലാതെ എഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. മധ്യതിരുവിതാംകൂറിന്റെ ക്രിസ്ത്യൻ പശ്ചാത്തലം മിക്ക കൃതികളിലും അന്തർലീനമായി.

നിണമണിഞ്ഞ കാല്പാടുകളിൽ (1955) തുടങ്ങി കാണാപ്പൊന്ന് (1980) വരെ 20 നോവലുകളും പ്രകാശധാര (1952) മുതൽ വഴിയറിയാതെ (1980) വരെയുള്ള 14 കഥാസമാഹാരങ്ങളും വെളിച്ചംകുറഞ്ഞ വഴികൾ (1980) എന്ന നാടകവും മരിക്കാത്ത ഓർമ്മകൾ (1982) എന്ന സ്മരണയും പാറപ്പുറത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ ഏഴു നോവലുകൾ ചലച്ചിത്രങ്ങളായി. അവസാന നോവലായ കാണാപ്പൊന്നിന്റെ അവസാന അധ്യായം മരണത്തിനു തലേദിവസം പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു. പിന്നീട് കെ. സുരേന്ദ്രനാണ് അതു പൂർത്തീകരിച്ചത്. നിണമണിഞ്ഞ കാല്പാടുകൾ എന്ന ആദ്യ നോവലിനു പ്രചോദനമായത് സൈനികസേവനകാലത്തെ സ്വന്തം ജീവിതാനുഭവങ്ങളാണ്.

വടക്കേയിന്ത്യൻ പട്ടാള ക്യാമ്പുകളും ഓണാട്ടുകരയിലെ ഗ്രാമീണജീവിതവും പാറപ്പുറത്തിന്റെ നോവലുകളുടെ ഊടും പാവുമാണ്. അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന നോവൽ സിനിമയായപ്പോൾ കുന്നത്തെ പാറപ്പുറത്ത് വീടും സമീപപ്രദേശങ്ങളുമായിരുന്നു പ്രധാന ലൊക്കേഷൻ.

സത്യനും തിക്കുറിശ്ശിയുമടക്കമുള്ള പ്രമുഖ ചലച്ചിത്രതാരങ്ങൾ അന്നു ചിത്രീകരണത്തിനായി കുന്നത്തെത്തിയിരുന്നു. തന്റെ തന്നെ രചനയിലുള്ള അന്വേഷിച്ചു കണ്ടെത്തിയില്ല, അരനാഴികനേരം എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനെ വെള്ളിത്തിരയിൽ അനശ്വരനാക്കിയത് കൊട്ടാരക്കര ശ്രീധരൻനായരാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’യാണ് എഴുത്തുകാരനാകാനുള്ള പ്രചോദനം നൽകിയതെന്ന് പാറപ്പുറത്ത് സ്മരണകളിൽ പറഞ്ഞിട്ടുണ്ട്. സൈനികസേവനവുമായി ബന്ധപ്പെട്ട് മീററ്റിലെ താമസത്തിനിടയിലാണ് പട്ടാളകഥാകാരൻ കോവിലനുമായി അടുപ്പത്തിലാകുന്നത്. കേവലം പട്ടാളക്കഥകൾക്കുപരി പട്ടാളക്കാരനെ കേന്ദ്രബിന്ദുവാക്കി കുടുംബബന്ധങ്ങളുടെ ജയപരാജയങ്ങളുടെ ചിത്രീകരണമാണ് പാറപ്പുറത്തിന്റെ നോവലുകളിലുണ്ടായിരുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്കാരം രണ്ടുതവണ പാറപ്പുറത്തിനെ തേടിയെത്തി. 1981 ഡിസംബർ 30-നായിരുന്നു അന്ത്യം.