
ട്രാഫിക് പോലീസ് പിടിച്ചെടുത്തു വഴിയില്‍ തള്ളിയ വാഹനംപോലെ മൂന്നാഴ്ചയാണ് ലോകത്തിലേറ്റവും അത്യാധുനികമെന്ന് കരുതപ്പെടുന്ന എഫ് 35 ബി പോര്‍വിമാനം തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടാര്‍മാക്കില്‍ കിടന്നത്. കഴിഞ്ഞ ദിവസം അത് വിമാനങ്ങളുടെ ആറ്റകുറ്റപ്പണി നടത്തുന്ന ഹാംഗറിലേക്ക് വലിച്ചുനീക്കി. തുടക്കത്തില്‍ തന്നെ ഹാംഗറിലേക്ക് മാറ്റാനുള്ള സൗകര്യം കൊടുക്കാമെന്ന് ഇന്ത്യന്‍ വ്യോമസേന ബ്രിട്ടീഷ് സൈനിക അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഓഫര്‍ സ്വീകരിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. അത്യാധുനിക പോര്‍വിമാനത്തിന്റെ അതിരഹസ്യ സാങ്കേതികവിദ്യകള്‍ ചോര്‍ന്നാലോ, ഇന്ത്യ ചോര്‍ത്തിയെടുത്താലോ എന്ന ഭയമായിരുന്നു കാരണം. പക്ഷേ, മൂന്നാഴ്ചയായിട്ടും തകരാറുകള്‍ പരിഹരിച്ച് വിമാനം കൊണ്ടുപോകാന്‍ അവര്‍ക്കായിട്ടില്ല. പറത്തിക്കൊണ്ടുപോകുന്നത് പോയിട്ട്, അഴിച്ചുപെറുക്കി പൊതിഞ്ഞുകെട്ടി ചരക്കുവിമാനത്തില്‍ കയറ്റി കൊണ്ടുപോകാനും സാധിച്ചില്ല.
ഇന്ത്യയുമൊത്തുള്ള സംയുക്ത സൈനികാഭ്യാസത്തിന് വന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ ഭാഗമായിരുന്നു ഈ പോര്‍വിമാനം. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് മോശം കാലാവസ്ഥ കാരണം പലതവണ ശ്രമിച്ചിട്ടും തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല. അങ്ങനെ ഇന്ധനവും കുറഞ്ഞതോടെയാണ് തൊട്ടടുത്തുള്ള വിമാനത്താവളമായ തിരുവനന്തപുരത്തിറങ്ങിയത് എന്നായിരുന്നു ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞത്. പക്ഷേ, ഈ ആഖ്യാനം ഓരോദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ അവിശ്വസനീയമായി തോന്നി. പല പുതിയ നിഗമനങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിച്ചു, സാമൂഹികമാധ്യമങ്ങളില്‍ പരിഹാസമീമുകളും ട്രോളുകളും നിറഞ്ഞു. ഒരു വിരുതന്‍ ഈ വിമാനത്തെ ഒ.എല്‍.എക്സില്‍ വില്‍ക്കാന്‍ വെച്ചു. ഒരിക്കല്‍ കേരളത്തിലെത്തിയാല്‍ തിരിച്ചു പോകാന്‍ തോന്നില്ലെന്ന് ഈ വിമാനത്തിന്റെ ചിത്രം വച്ച് കേരളത്തിന്റെ ടൂറിസം വകുപ്പ് പരസ്യം തയ്യാറാക്കി. ഒടുവില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പോലും ഈ പാവം വിമാനത്തെക്കുറിച്ച് ചര്‍ച്ചവന്നു. ഇക്കാലമത്രയും മഴയും വെയിലും സഹിച്ച് ആ പോരാളി തുറന്ന ആകാശത്തിനു കീഴെ നിസ്സഹായനായി നിശബ്ദനായി നിന്നു.
ബ്രിട്ടീഷ് വിശദീകരണം അവിശ്വസനീയമോ?
ലോകത്തിലേക്കും മികച്ച സാങ്കേതികവിദ്യകളും പ്രഹരശേഷിയുമുള്ള അഞ്ചാം തലമുറ സ്റ്റെല്‍ഥ് ('അദൃശ്യ'മായിരിക്കും, റഡാറില്‍ തെളിയില്ല) യുദ്ധവിമാനമാണ് എഫ് 35. പക്ഷേ, ഇന്ത്യന്‍ വ്യോമസേന പറഞ്ഞത് ഈ വിമാനത്തെ ഇന്ത്യയുടെ ഐ.എ.സി.സി.എസ് (ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം) കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തു എന്നായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നേടിയ വലിയ വിജയത്തില്‍ ഈ സംവിധാനം വലിയ പങ്കു വഹിച്ചിരുന്നു. ചില പാശ്ചാത്യ നിരീക്ഷകര്‍ സംയുക്ത സൈനികാഭ്യാസമായതിനാല്‍ വിമാനത്തിന്റെ അദൃശ്യത നീക്കിയാണ് പറന്നിരുന്നത് എന്ന് അവകാശപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കണ്ടതെന്നും. എന്തായാലും നമ്മുടെ വ്യോമസേനയുടെ പത്രക്കുറിപ്പില്‍ 'ഡിറ്റക്ടഡ് ആന്‍ഡ് ഐഡന്റിഫൈഡ്'എന്നു പറയുന്നുണ്ട്.
ഐ.എ.സി.സി.എസിന്റെ ശേഷി പരിശോധിക്കാനായിരുന്നു എഫ് 35 നമ്മുടെ വ്യോമാതിര്‍ത്തിക്കുള്ളിലേക്കു വന്നതെന്ന് ഒരു വിഭാഗം വിദഗ്ധര്‍ പറയുന്നു. ഒരുതരം 'പാസീവ്' ചാരപ്പണി. ബ്രിട്ടീഷ് വിമാനം ഒരു നിശ്ചിത പരിധി കടന്ന് അകത്തേക്കു വന്നപ്പോള്‍ നമ്മുടെ വ്യോമസുരക്ഷാ സംവിധാനം അതിന്റെ കോര്‍ഡിനേറ്റുകളെ പ്രവര്‍ത്തന രഹിതമാക്കി, ഇലക്ട്രോണിക് സംവിധാനങ്ങളെ ''ജാമാക്കി'. അതായത്, വിമാനത്തിന്റെ ജിപിഎസില്‍ ഇടപെടുകയോ, ബ്ലോക്കു ചെയ്യുകയോ ചെയ്ത് സ്വന്തം യാത്രാപഥം മനസ്സിലാക്കാനോ, റിയല്‍ടൈം വിവരങ്ങള്‍ നിയന്ത്രണകേന്ദ്രത്തിലേക്ക് അയക്കാനോ കഴിയാത്ത സാഹചര്യമുണ്ടാക്കി, വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനങ്ങളെ തകരാറിലാക്കി എന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ആകെ സ്ഥലജലഭ്രമത്തിലായ എഫ് 35 ആദ്യം കണ്ട വിമാനത്താവളത്തിലിറങ്ങുകയായിരുന്നു. അല്ലെങ്കില്‍ വിമാനവാഹിനിക്കപ്പലിനൊപ്പമുണ്ടായിരുന്ന ഏതെങ്കിലും യാനത്തിന്റെ- ഫ്രിഗേറ്റ്, ഡിസ്ട്രോയര്‍- സഹായമാവശ്യപ്പെടാനും സുരക്ഷിതമായി ഇറങ്ങാനും കഴിയുമായിരുന്നു. മറ്റു നിവൃത്തിയില്ലാതെയാണ് നേറ്റോയിലംഗമോ, സഖ്യകക്ഷിയോ അല്ലാത്ത ഒരു രാജ്യത്തില്‍ ഇറങ്ങേണ്ടി വന്നത് എന്നാണ് അവരുടെ വാദം. വിവിധ പരിശോധനകള്‍ക്ക് ശേഷം ബ്രിട്ടീഷുകാര്‍ പറഞ്ഞു, അതിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍ കാരണമാണ് വിമാനത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് എന്ന്. ആദ്യം ബ്രിട്ടീഷ് റോയില്‍ നേവിയിലെ സാങ്കേതിക വിദഗ്ധര്‍ നന്നാക്കാന്‍ ശ്രമിച്ചു. പിന്നീട് അവര്‍ ബ്രിട്ടനില്‍ നിന്നും ആളെ കൊണ്ടുവന്നു നോക്കി. ഏറ്റവും ഒടുവില്‍ വിമാനത്തിന്റെ നിര്‍മാതാക്കളായ അമേരിക്കയിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയിലെ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു. എന്നിട്ടും വിമാനം ശരിയാക്കാന്‍ സാധിച്ചില്ല, അത് ഹാംഗറിലേക്ക് മാറ്റേണ്ടിയും വന്നു.
ഇത്രയൊക്കെ ശ്രമിച്ചിട്ടും എന്തുകൊണ്ടാണ് വിമാനം നന്നാക്കാന്‍ സാധിക്കാത്തത്? ഇതിനെ വിശ്വസിച്ച് യുദ്ധത്തിനു പോയാല്‍ വെള്ളാനകളുടെ നാട്ടിലെ റോഡ് റോളര്‍ നന്നാക്കുന്ന സാഹചര്യമുണ്ടാവില്ലേയെന്ന ട്രോളന്‍മാര്‍ ചോദിക്കുന്നു. ലോക്ക്ഹീഡ് മാര്‍ട്ടിനിലെ വിദഗ്ധരെ വിളിച്ചുവരുത്തിയതിന് ഒരൊറ്റ അര്‍ത്ഥമേ ഉള്ളൂ. വിമാനം വഴിയിലായതിന് കാരണം കാലാവസ്ഥാ പ്രശ്നവും ഇന്ധനം കുറഞ്ഞതും ഹൈഡ്രോളിക് പ്രശ്നവും നിസ്സാര സാങ്കേതിക തകരാറുകളും ഒന്നുമല്ല. ഒന്നുകില്‍ വിമാനം യഥാര്‍ത്ഥ നിര്‍മ്മാതാക്കള്‍ക്കു മാത്രം അഴിക്കാവുന്ന രീതിയില്‍ 'പൂട്ടി'യിരിക്കുകയാണ്. അല്ലെങ്കില്‍ അങ്ങേയറ്റം കമ്പനിയുടെ / അമേരിക്കയുടെ കര്‍ക്കശമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ കാരണമായിരിക്കാം. നിര്‍മിച്ചവര്‍ക്ക് മാത്രമേ അതിന്റെ വിശദാംശങ്ങള്‍ അറിയുകയുള്ളൂ എന്നര്‍ത്ഥം. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ ആള്‍ക്കാര്‍ വരുന്നതിനര്‍ത്ഥം അതിന്റെ നിര്‍ണായകമായ ഒരു ഏതോ സംവിധാനത്തിന് തകരാറുണ്ടായി, അല്ലെങ്കില്‍ ആരോ തകരാറു വരുത്തി എന്നത് സാമാന്യയുക്തി മാത്രമെന്ന് ചില ഏവിയേഷന്‍ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. പക്ഷേ, ഈ 'നിഗമന'ങ്ങള്‍ക്കൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. ശരിയാണെങ്കില്‍ പോലും അതിനു സാധ്യതയുമില്ല.
വേറെയുമുണ്ട് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍. യു.കെ പ്രശ്നമിങ്ങനെ വലിച്ചുനീട്ടുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അപമാനിക്കാനാണ് എന്നും നേറ്റോ അംഗരാജ്യങ്ങള്‍ പ്രതിരോധബജറ്റ് അഞ്ചു ശതമാനം വര്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിന് പ്രതികാരമാണിതെന്നും ഒരു കഥ. ഇന്ത്യന്‍ ശാസ്ത്രജ്ഞരെ എഫ് 35 പരിശോധിക്കാന്‍ ഇംഗ്ലണ്ട് അനുവദിച്ചുവെന്നും ഇന്ത്യ അതിന്റെ സാങ്കേതികവിദ്യ ചോര്‍ത്തിയെന്നും മറ്റൊന്ന്.
എഫ് 35, റഫാല്‍, ഓപ്പറേഷന്‍ സിന്ദൂര്‍
രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കപരിഹാരത്തിന് യുദ്ധത്തെ ആശ്രയിക്കുന്ന രീതിയിലേക്ക് അതിവേഗം മാറുന്ന കാഴ്ചയാണ് കാണുന്നത്. രണ്ടു വലിയ യുദ്ധങ്ങള്‍- റഷ്യ- യുക്രെയിന്‍, ഇസ്രയേല്‍- പലസ്തീന്‍- എങ്ങുമെത്താതെ നീളുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലും അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ച യുദ്ധവും ഭാഗ്യവശാല്‍ അതിവേഗം അവസാനിച്ചു. പക്ഷേ, ഈ യുദ്ധങ്ങള്‍ പോര്‍വിമാനങ്ങള്‍ മെല്ലെമെല്ലെ അപ്രസക്തമാവുമെന്ന തോന്നല്‍ ശക്തമാക്കിയിരിക്കുന്നു. ഡ്രോണുകളും ആളില്ലാ വിമാനങ്ങളും മുന്‍നിരയിലേക്കു വരികയാണ്. റഷ്യയുടെ നിരവധി പോര്‍വിമാനങ്ങളെ വിമാനത്താവളത്തില്‍ ചുട്ടുകരിച്ചത് യുക്രെയിനയച്ച ഒരു പറ്റം ഡ്രോണുകളാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയും കാമിക്കാസേ (ചാവേര്‍) ഡ്രോണുകളെ നന്നായി ഉപയോഗിച്ചു. ആ കാലത്താണ് ഏതാണ്ട് 900 കോടി രൂപ വില വരുന്ന അമേരിക്കന്‍ പോര്‍വിമാനം വാങ്ങാന്‍ അമേരിക്ക നിര്‍ബന്ധിക്കുന്നത്! ആലോചിച്ചു നോക്കൂ, ഉപേക്ഷിച്ചതല്ലാത്ത ഏതെങ്കിലും വാഹനം- പഴയ കാറോ, സ്‌കൂട്ടറോ, സൈക്കിളോ- നമ്മള്‍ മൂന്നാഴ്ച റോഡിലിട്ടിരിക്കുമോ? പുറമേയാണ് ഈ വിമാനങ്ങളുടെ പരിപാലന, റിപ്പയര്‍ ചെലവുകളും. വെറുതെയല്ല കുറച്ചുനാള്‍ മുമ്പ് ഇലോണ്‍ മസ്‌ക് പറഞ്ഞത്, പോര്‍വിമാനങ്ങളുടെ കാലം കഴിഞ്ഞെന്ന്!
നേറ്റോ അംഗങ്ങളായ കനഡ, ജര്‍മനി, ഡെന്‍മാര്‍ക്ക് തുടങ്ങിയ പല രാജ്യങ്ങളും വിലക്കൂടുതലും പരിപാലനച്ചെലവും വിമാനത്തിന്റെ മേല്‍ അമേരിക്കക്കുള്ള നിയന്ത്രണവും പോലുള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് എഫ് 35 വാങ്ങാന്‍ കൊടുത്ത ഓര്‍ഡറുകള്‍ പുനപ്പരിശോധിക്കുന്ന സമയമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ പോര്‍ത്തുഗല്‍ ഓര്‍ഡര്‍ റദ്ദാക്കിയിരുന്നു. പകരം ഫ്രാന്‍സിന്റെ റഫാലോ സ്വീഡന്റെ സാബ് ഗ്രിപ്പനോ വാങ്ങുന്ന കാര്യം അവര്‍ ആലോചിക്കുകയാണ്. കനഡ 2023-ല്‍ 88 എഫ് 35 എ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിരുന്നു. അമേരിക്കയുമായി നയതന്ത്രബന്ധം വഷളായ സാഹചര്യത്തില്‍ കിട്ടാന്‍ ബാക്കിയുള്ളവ വാങ്ങാന്‍ അവര്‍ മടിക്കുന്നു. മറ്റു രാജ്യങ്ങള്‍ വാങ്ങുന്ന എഫ് 35 വിമാനങ്ങളെ പ്രവര്‍ത്തന രഹിതമാക്കാന്‍ കഴിയുന്ന 'കില്‍സ്വിച്ച്' അമേരിക്കയുടെ കൈവശമുണ്ടെന്ന അഭ്യൂഹവും ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവുമാണ് ഡെന്‍മാര്‍ക്കിന്റെ പ്രശ്നം. ഈ വിമാനങ്ങള്‍ക്ക് കൊടുത്ത ഓര്‍ഡര്‍ പിന്‍വലിക്കാന്‍ ജര്‍മനി സര്‍ക്കാരിനു മേല്‍ പൊതുസമ്മര്‍ദ്ദമുണ്ട്. എന്തിന്, അമേരിക്കന്‍ സൈന്യം പോലും ഈ പോര്‍വിമാനത്തിന്റെ ശേഷിയില്‍ തൃപ്തരല്ല. അവരും ഓര്‍ഡറുകള്‍ കുറച്ചേക്കുമെന്നാണ് അറിയുന്നത്. യെമനിലെ ഹൂത്തികളും ഇറാനും എഫ് 35 വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തിയതായി അവകാശപ്പെട്ടിരുന്നു.
ഇതിനൊക്കെ മുകളിലാണ് തിരുവനന്തപുരത്ത് കുടുങ്ങിയ എഫ് 35 വന്നു വീണിരിക്കുന്നത്. ഇത് അമേരിക്കന്‍ പ്രതിരോധവ്യവസായത്തിനും ലോക്ക്ഹീഡ് മാര്‍ട്ടിനും വളരെ ബുദ്ധിമുട്ടുകളുണ്ടാക്കും. ലോകത്തിലേക്കും ചെലവേറിയ ആയുധസംവിധാനമായ എഫ് 35 മുതലാകണമെങ്കില്‍ കാര്യമായ കയറ്റുമതി ഓര്‍ഡറുകള്‍ വേണം. വിലക്കൂടുതലിനു പുറമേ മോശം പ്രകടമാണെന്ന ചീത്തപ്പേരും വന്നാല്‍ ആവശ്യക്കാര്‍ റഷ്യയുടെ സുഖോയ് 57, റഫാല്‍, ഗ്രിപ്പന്‍ തുടങ്ങിയവയിലേക്ക് മാറിക്കൂടായ്കയില്ല. ട്രംപിന്റെ തീരുവയുദ്ധങ്ങളും പ്രതിരോധവ്യവസായത്തിന് തിരിച്ചടിയാവുന്നുണ്ട്. ഇന്ത്യയുടെ മേല്‍ എഫ് 35 വാങ്ങാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായെങ്കിലും വഴങ്ങിയിരുന്നില്ല. പകരം സുഖോയ് 57 വാങ്ങുമെന്നായിരുന്നു കേട്ടിരുന്നത്. ഇപ്പോള്‍ അതും വേണ്ടെന്നും സ്വന്തമായി അഞ്ചാംതലമുറ വികസിപ്പിക്കാനുമുള്ള ആലോചനയിലാണ് രാജ്യമെന്നും സൂചനയുണ്ട്.
പോര്‍വിമാന രംഗത്ത് അന്താരാഷ്ട്രരംഗത്തെ മത്സരം എത്ര കടുപ്പമാണെന്നു വ്യക്തമാക്കുന്നതാണ് റഫാലിന്റെ കാര്യത്തില്‍ ഫ്രാന്‍സ് ചൈനയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ചൈനയുടെ പിഎല്‍ 15 മിസൈലുകള്‍ ഘടിപ്പിച്ച പാകിസ്താന്റെ ജെ 10 സി വിമാനങ്ങള്‍ ഇന്ത്യയുടെ ഒന്നിലധികം റഫാല്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ചൈന തങ്ങളുടെ വിദശേ എംബസികള്‍ വഴിയും സാമൂഹികമാധ്യമങ്ങള്‍ മുഖേനയും പ്രചരിപ്പിച്ചതായി ഫ്രാന്‍സ് പറയുന്നു. അപ്പോള്‍ തന്നെ ഇന്ത്യ ആരോപണം നിഷേധിച്ചിരുന്നു. പക്ഷേ, ആ 'വാര്‍ത്ത'ക്ക് അമേരിക്കന്‍ മാധ്യമങ്ങള്‍ വലിയ പ്രചാരം നല്‍കി. അത് എഫ് 35 ന്റെയും ചൈനീസ് വിമാനങ്ങളുടെയും സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള ആസൂത്രിത പരിപാടിയാണെന്ന സംശയം ഫ്രാന്‍സിനുണ്ട്. എതിരാളിയെ ഇടിച്ചു താഴ്ത്തി ബിസിനസു പിടിക്കാനുള്ള ചെളിവാരിയെറിയല്‍!
Content Highlights: British F-35 fighter jet`s 3-week grounding in Thiruvananthapuram sparks intrigue and conspiracy
Published: 07 Jul 2025, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented