
പൊതുസമൂഹത്തിന്റെ മുറവിളി മാനിച്ച് അമേരിക്കയിലെ നീതിന്യായ വകുപ്പ് കഴിഞ്ഞയാഴ്ച ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട മുപ്പത് ലക്ഷത്തിലധികം ഫയലുകൾ പുറത്തുവിട്ടത് ലോകം ഏറെ സംശയിച്ചിരുന്ന ചില പേരുകൾ സ്ഥിരീകരിക്കുക മാത്രമല്ല, ആരും പ്രതീക്ഷിക്കാത്ത ചില പേരുകളെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്തു. ഇപ്പോൾ പുറത്തുവന്ന പേരുകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റ് അൽ ഗോറും എക്സ് ഉടമ ഇലോൺ മസ്‌കും മെറ്റ മേധാവി മാർക്ക് സുക്കർബർഗും വിർജിൻ ഗ്രൂപ്പിന്റെ റിച്ചഡ് ബ്രാൻസണും മുൻ ഇസ്രയേൽ പ്രസിഡന്റ് യഹൂദ് ബാരക്കും യോർക്കിലെ മുൻ പ്രഭ്വി സാറാ ഫെർഗൂസനും യുഎസ് കോമേഴ്സ് സെക്രട്ടറി ഹൊവാഡ് ലൂട്ട്നിക്കും ഫുട്ബോളർ ഫ്രാങ്ക് റിബെറിയും മൈക്കേൽ ജാക്സണും മൈക്ക് ജാഗറും വുഡി അലനും ചിന്തകൻ നോം ചോംസ്‌കിയും മാത്രമല്ല, ആത്മീയ നേതാവ് ദലൈലാമയുമുണ്ട്! പ്രത്യേകം ശ്രദ്ധിക്കുക, രേഖകളിൽ പേരുള്ളത് അവർ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തുവെന്നതിന് തെളിവല്ല, എന്നുവെച്ച് എല്ലാവരും നിഷ്‌കളങ്കരുമല്ല.
കോടിക്കണക്കിനു കോപ്പികൾ വിറ്റ പുസ്തകങ്ങളുടെ കർത്താവും ലോകപ്രശസ്തനായ പ്രചോദനവേലക്കാരനുമായ ദീപക് ചോപ്രയെ പോലുള്ള സെലിബ്രിറ്റികളുമുണ്ട് കൂട്ടത്തിൽ. നിരപരാധിത്വം പ്രഘോഷിക്കുന്ന തിരക്കിലാണ് ഇവരിൽ ഒരു വിഭാഗം. കുറ്റം ഏറ്റുപറഞ്ഞ് മാപ്പുചോദിക്കുന്നവരും കണ്ണീരൊഴുക്കുന്നവരും കുറവല്ല. മുൻപ്രസിഡന്റ് ബിൽ ക്ലിന്റണും വ്യവസായി ബിൽ ഗേറ്റ്സും ആൻഡ്രൂ രാജകുമാരനുമൊക്കെ എപ്സ്റ്റീന്റെ ഇടപാടുകാരുടെ പട്ടികയിൽ പ്രമുഖരാണെന്ന് നേരത്തേ തന്നെ കരുതപ്പെട്ടിരുന്നവരാണ്. പുതിയ ഫയലുകൾ പഴയ മുറിവുകൾ വീണ്ടും തുറക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള വരേണ്യവർഗത്തിന്റെ 'ഞങ്ങളെ ആർക്കും തൊടാനാവില്ല' മനോഭാവത്തെ അപ്രസക്തമാക്കുന്ന രീതിയിലുള്ള സംവിധാനത്തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. ഇതിനകം നിരവധി പ്രമുഖർക്ക് സ്ഥാനങ്ങൾ നഷ്ടമായി, എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടായിരുന്നു യുകെയുടെ കാര്യം നോക്കുക. എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്നറിഞ്ഞിട്ടും പീറ്റർ മാൻഡൽസൺ പ്രഭുവിനെ അമേരിക്കൻ അംബാസഡറായി നിയമിച്ചത് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. (മാൻഡൽസണെ വിവാദത്തെ തുടർന്ന് പുറത്താക്കി.) എപ്സ്റ്റീൻ ബന്ധം വ്യക്തമായിട്ടും മാൻഡൽസണെ അംബാസഡറായി നിയമിക്കാൻ ശുപാർശ ചെയ്തത് താനാണെന്ന് സമ്മതിച്ച് സ്റ്റാർമറുടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മോർഗൻ മക്സ്വീനി രാജിവെച്ചെങ്കിലും സ്റ്റാർമറുടെ കസേരയുടെ ഇളക്കം അവസാനിച്ചിട്ടില്ല!
ഉരുണ്ട തലകൾ ഏറെയുണ്ട്, ഉരുളുമെന്ന് ഭയക്കുന്ന തലകൾ അതിലേറെയും. കഴിഞ്ഞ ദിവസം കലിഫോർണിയയിലെ സാന്റാക്ലാരയിൽ അമേരിക്കൻ ഫുട്ബോൾ സൺഡേ സൂപ്പർബോൾ മത്സരത്തിനിടെ പ്രദർശിപ്പിച്ച പരസ്യം അറ്റോർണി ജനറൽ പാം ബോണ്ടിയോട് ശേഷിച്ച മുപ്പതുലക്ഷം ഫയലുകൾ കൂടി പുറത്തുവിടാൻ ആവശ്യപ്പെടുന്നു, ഇനി ബാക്കിയില്ല എന്നാണ് സർക്കാർ വാദമെങ്കിലും. നൂറുകണക്കിനും അതിജീവിതരുടെ പേരുകളും നഗ്‌നചിത്രങ്ങളും രഹസ്യമായി സംരക്ഷിക്കാൻ കഴിയാതിരുന്ന (ഇതു സംബന്ധിച്ച് കേസ് നടക്കുന്നുണ്ട്) നീതിന്യായവകുപ്പ് ഉന്നത രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നേരിട്ടുള്ള തെളിവുകളടങ്ങിയ 16 ഫയലുകൾ പരസ്യമാക്കാൻ വിസമ്മതിക്കുന്നതായി ആരോപണമുണ്ട്. അതുപോലെ, പൊതുജനാഭിപ്രായത്തിനു വിരുദ്ധമായി കേസുമായി ബന്ധപ്പെട്ട് ജെപി മോർഗൻ, ഡോയിഷ് ബാങ്കുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
പുറത്തുവന്ന വിവരങ്ങൾ തന്നെ സാധാരണ മനുഷ്യന് ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാൾ ഭയാനകമാണ്. എപ്സ്റ്റൈൻ വെറുമൊരു ലൈംഗിക കുറ്റവാളിയല്ല, അന്താരാഷ്ട്ര കുട്ടിക്കടത്ത് ശൃംഖലയുടെ നേതാവുമായിരുന്നെന്ന് രേഖകൾ സൂചിപ്പിക്കുന്നു. അയാളുടെ ന്യൂ മെക്സിക്കോയിലെ സൊറോ റാഞ്ച് കേന്ദ്രീകരിച്ച് 'ബേബി റാഞ്ചുകൾ' (ശിശു ഉൽപ്പാദനകേന്ദ്രങ്ങൾ) സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നത്രെ. അവിടെ സ്വന്തം ഡി.എൻ.എ ഉപയോഗിച്ച് ഒരു 'മികച്ച' പുതിയ വംശത്തെ സൃഷ്ടിക്കാനായിരുന്നത്രെ ഉദ്ദേശം. പക്ഷേ, പദ്ധതി നടപ്പായതായി സൂചനയില്ല. അദ്ദേഹത്തിന് കുട്ടികളുണ്ടോ എന്നതിലും വ്യക്തതയില്ല.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികക്കടത്ത് നടത്തിയെന്ന കുറ്റത്തിന് വിചാരണ നേരിടാനിരിക്കെ 2019 ആഗസ്ത് 10-ന് ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള മെട്രോപൊളിറ്റൻ കറക്ഷണൽ സെന്റർ എന്ന ഫെഡറൽ ജയിലിൽ അയാളെ മരിച്ച നിലയിൽ കണ്ടെത്തി. മരണം ആത്മഹത്യ ആണെന്ന് മെഡിക്കൽ എക്സാമിനർ പറഞ്ഞു. പക്ഷേ, ആ സമയത്ത് സെല്ലിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു എന്നതും കാവൽ നിന്നിരുന്ന ഉദ്യോഗസ്ഥർ ഉറങ്ങിപ്പോയി എന്നതും രഹസ്യങ്ങൾ പുറത്താകാതിരിക്കാൻ ഉന്നതർ അയാളെ കൊന്നതാണ് എന്ന തരത്തിലെ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. മരിക്കുമ്പോൾ 66 വയസ്സായിരുന്നു എപ്സ്റ്റീന്.
ഉന്നതരുടെ രഹസ്യങ്ങളുടെ അധിപൻ
എപ്സ്റ്റീന്റെ സ്വകാര്യദ്വീപായ ലിറ്റിൽ ജെയിംസിലെ അവിഹിതവും അന്യായവും കുറ്റകരവുമായ സുഖങ്ങൾ തേടി അയാളുടെ പ്രത്യേകവിമാനത്തിൽ ('ലോലിതാ എക്സ്പ്രസ്') യാത്ര ചെയ്തവരുടെ കൂട്ടത്തിൽ അക്കാലത്ത് ലോകം നിയന്ത്രിച്ചിരുന്ന ചില പ്രമുഖരും ഉൾപ്പെട്ടിരുന്നു. അവരിൽ നല്ലൊരു ശതമാനം എപ്സ്റ്റീൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2008-ൽ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ശേഷവും അയാളുമായുള്ള ബന്ധം തുടരുകയായിരുന്നു. (അധികാരികളുടെ വഴിവിട്ട സഹായം കാരണം വെറും 13 മാസം മാതം മാത്രമേ അയാൾക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നുള്ളൂ. ആഴ്ചയിൽ ആറു ദിവസവും പുറത്തുപോയി ജോലി ചെയ്യാനും അനുവാദമുണ്ടായിരുന്നു (വർക്ക് റിലീസ് പെർമിറ്റ്.)
അതിനു കാരണം അയാളുടെ കൈയിലെ രഹസ്യങ്ങളുടെ ശേഖരമായിരുന്നു. അതീവരഹസ്യമായി നടത്തിയിരുന്ന ദ്വീപിൽ നടക്കുന്നതെല്ലാം റെക്കോഡ് ചെയ്തിരുന്നു. അതിനാൽ ഒരിക്കൽ അവിടെ ആതിഥ്യം സ്വീകരിച്ചവർക്ക് എപ്സ്റ്റീൻ പറയുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. വന്നു കയറുന്നവരെ മാത്രമല്ല അയാൾ സ്വീകരിച്ചത്, തന്റെ വിവിധങ്ങളായ ലക്ഷ്യങ്ങൾ നേടാൻ വേണ്ടവരെയൊക്കെ വലവീശിപ്പിടിച്ചു. കൂട്ടിന് എന്തിനും തയ്യാറായി ഗിസ്ലെയിൻ മാക്സ്വെല്ലും. കൊച്ചുപെൺകുട്ടികളെ ഐസ്‌ക്രീമും ചോക്കലറ്റും വസ്ത്രങ്ങളും സൗജന്യ വിമാനയാത്രയുമൊക്കെ തരാതരം നൽകി ദ്വീപിലേക്ക് ആകർഷിക്കാനും അവർക്ക് മിടുക്കുണ്ടായിരുന്നു. കാമുകിയായിരുന്നുവെങ്കിലും എപ്സ്റ്റീന്റെ രതിവൈകൃതങ്ങളിലും അവർ ഒപ്പംകൂടി.
അവിടെ ചെന്നു കെണിഞ്ഞവരിൽ എണ്ണമറ്റ വമ്പൻമാരുണ്ട്. ഫ്രാൻസിലെ മുൻ സാംസ്‌കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് 'അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട്' തലവൻ എന്ന പദവിയിൽ നിന്നും ഫെബ്രുവരി 8-ന് രാജിവെച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് ആരോപണങ്ങളിൽ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണിത്. മുൻ യുഎസ് ട്രഷറി സെക്രട്ടറിയും ഹാർവാഡ് പ്രസിഡന്റുമായ ലാറി സമേഴ്സ് ഓപ്പൺ എഐ ബോർഡിൽ നിന്നും മറ്റു പൊതുപദവികളിൽ നിന്നും രാജിവെച്ചു. എപ്സ്റ്റൈനുമായി അടുത്ത ബന്ധം പുലർത്തിയതിൽ അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിച്ചു.
നോർവേയുടെ ജോർദാൻ അംബാസഡറായിരുന്ന മോണ ജൂൾ ഫെബ്രുവരി 8ന് രാജിവെച്ചു. നോർവീജിയൻ വിദേശകാര്യ മന്ത്രാലയം ഇവരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു രാജി. സ്ലൊവാക്യയുടെ നാഷണൽ സെക്യൂരിറ്റി അഡൈ്വസറായിരുന്ന മിറോസ്ലാവ് ലയ്ചാക്ക് എപ്സ്റ്റീനുമായി നടത്തിയ സുദീർഘമായ ഇമെയിൽ സംഭാഷണങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ജനുവരി 31ന് രാജിവെച്ചു. ഇന്ത്യക്കാരനെയും പാമ്പിനെയും ഒരേസമയം കണ്ടാൽ ആദ്യം കൊല്ലേണ്ടത് ഇന്ത്യക്കാരനെയാണ് എന്നു പറഞ്ഞ വംശീയവാദിയായ നോർവേ നയതന്ത്രജ്ഞൻ ടെർയെ റോഡ് ലാർസനെപ്പോലുള്ളവരുടെ തനിനിറം മെയിലുകളിൽ വ്യക്തമായി.
ദൈവം നിർമിതിയും കുട്ടികൾ യാഥാർത്ഥ്യവുമാകുമ്പോൾ
എപ്സ്റ്റീന് അയച്ച ഒരു മെയിലിൽ ദീപക് ചോപ്ര പറയുന്നത് കേൾക്കുക: God is a construct, cute kids are real. (ദൈവം ഒരു സങ്കൽപ്പമാണ്, ചന്തമുള്ള കുട്ടികൾ യഥാർത്ഥവും!) ചോപ്രയുടെ പ്രസ്താവനയിലുണ്ട് എപ്സ്റ്റീൻ സംഘത്തിന്റെ മനുഷ്യ, ഈശ്വരവിരുദ്ധ ചിന്താഗതിയുടെ പ്രതിഫലനം. അധികാരത്തിന്റെ ഹുങ്കും തങ്ങളെ പൂട്ടാൻ കഴിവുള്ള ദൈവമോ നിയമമോ ഇല്ലെന്ന ബോധ്യവുമാവണം ഇത്തരമൊരു കുറ്റകൃത്യ ശൃംഖല കെട്ടിപ്പടുക്കാൻ അവരെ സഹായിച്ചത്. വാർത്തയായപ്പോൾ തനിക്കു എപ്സ്റ്റീനെ പരിചയമുണ്ടായിരുന്നെങ്കിലും കുറ്റകൃത്യങ്ങളിൽ പങ്കില്ലെന്നു അവകാശപ്പെട്ടു.
ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നവരിൽ പ്രമുഖനാണ് ഗേറ്റ്സ്. 'എപ്സ്റ്റീനുമായുള്ള ബന്ധം ഗുരുതരമായ തെറ്റായിരുന്നു' എന്നും 'അതിനായി ചെലവഴിച്ച ഓരോ മിനിറ്റിനും ഞാൻ ഖേദിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എപ്സ്റ്റീന്റെ ലൈംഗികപീഡനം, കുട്ടിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഗേറ്റ്സിനെതിരെ നേരിട്ടുള്ള തെളിവൊന്നും ഇല്ലെങ്കിലും പുതിയ ഫയലുകളിലെ പരാമർശങ്ങൾ അദ്ദേഹത്തിനെതിരായ പഴയ ഗൂഢാലോചന സിദ്ധാന്തങ്ങളെ വീണ്ടും ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നു. പ്രത്യേകിച്ച് ഡീ പോപ്പുലേഷൻ തിയറിക്കായി (ലോക ജനസംഖ്യ കുറച്ച് വിഭവങ്ങൾ എല്ലാവർക്കും ലഭ്യമാക്കണമെന്ന സിദ്ധാന്തം) വാക്സിനുകളെയും ആഗോള ആരോഗ്യപദ്ധതികളെയും ഉപയോഗിക്കുന്നുവെന്നുമുള്ള ഗൂഢാലോചന ആരോപണങ്ങൾ ഗേറ്റ്സിനെതിരെ വീണ്ടും ഉയരുന്നു.
ജീവകാരുണ്യ പ്രവർത്തനത്തിനപ്പുറം, ആഗോള ആരോഗ്യനയങ്ങളെ സ്വാധീനിക്കാൻ എപ്സ്റ്റീൻ ഗേറ്റ്സിനെ ഉപയോഗിച്ചിരുന്നോ? പുറത്തുവന്ന 2013-ലെ മെയിലുകൾ ലോകത്തെ ജനസംഖ്യാവളർച്ചയെ നിയന്ത്രിക്കുന്നതു സംബന്ധിച്ച് ഇവർക്കിടയിൽ രഹസ്യ ധാരണകൾ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ഗേറ്റ്സിന്റെ വാക്സിൻ നയങ്ങളും എപ്സ്റ്റീന്റെ ജനിതക പരീക്ഷണങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണോ നീങ്ങിയത്?. എപ്സ്റ്റീൻ തന്റെ പക്കലുള്ള രഹസ്യവിവരങ്ങൾ ഉപയോഗിച്ച് ഗേറ്റ്സിനെ ബ്ലാക്ക്മെയിൽ ചെയ്ത് ബയോമെഡിക്കൽ ഫണ്ടുകൾ രൂപീകരിച്ചിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് വിമർശകർ പറയുന്നു.
മസ്‌കിന്റെ പേര് രേഖകളിലുണ്ടെങ്കിലും എപ്സ്റ്റീന്റെ സ്വകാര്യദ്വീപ് ഒരിക്കലും സന്ദർശിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ദ്വീപിലെ വന്യമായ ആഘോഷങ്ങളെക്കുറിച്ച് ആരായുന്ന മെയിലുകളാണ് പുറത്തായത്. ട്രംപിന്റെ പേര് ആയിരക്കണക്കിന് പ്രാവശ്യം പ്രത്യക്ഷമാവുന്നുണ്ട്. അവയിൽ അദ്ദേഹത്തിനെതിരെ പോലീസിനെ വിളിച്ചറിയിച്ച പരാതികളും പെടും. ബഹുഭൂരിപക്ഷവും അടിസ്ഥാനരഹിതമായിരുന്നുവത്രെ. എപ്സ്റ്റീനുമായുള്ള ബന്ധം വർഷങ്ങൾക്കു മുമ്പേ അവസാനിപ്പിച്ചിരുന്നു എന്നാണ് അദ്ദേഹം തുടക്കം മുതൽ പറയുന്നത്. കോമേഴ്സ് സെക്രട്ടറി ലൂട്ട്നിക് കുടുംബത്തിന്റെ സാന്നിദ്ധ്യത്തിലാണ് എപ്സ്റ്റീനുമായി സംസാരിച്ചതെന്ന് അവകാശപ്പെട്ടു. ദലൈ ലാമയുടെ ഓഫീസ് ലാമ അയാളെ ഒരിക്കലും കാണുകയോ, സംസാരിക്കാൻ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകതയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തുടരും...
Content Highlights: Leaked Epstein files reveal shocking names linked to sex trafficking, raising questions about global elites. Justice sought for victims. Click to uncover the truth.
Published: 09 Feb 2026, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented