ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കടുത്ത് നവംബര്‍ പത്തിന് വൈകിട്ടുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ പ്രകമ്പനങ്ങള്‍ വളരെ ദൂരം അനുഭവപ്പെട്ടിരുന്നു. എട്ടുപേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ- ചാവേര്‍ സ്‌ഫോടനമാണെന്ന് ആദ്യനിഗമനങ്ങള്‍- അലകള്‍ രാജ്യമെമ്പാടും ദീര്‍ഘകാലം അനുഭവപ്പെടുമെന്നതില്‍ സംശയം വേണ്ട. പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജ്യതലസ്ഥാനത്ത് ഇത്തരമൊരു ഭീകരാക്രമണമുണ്ടാവുന്നത്.

To advertise here,

ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ട് ആറു മാസമായി. പാക്കധീന കശ്മീരിലും പാകിസ്താനിലുമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളെ ഇന്ത്യന്‍ കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ തകര്‍ത്തത് കഴിഞ്ഞ മേയ് ഏഴാം തീയതി പുലര്‍ച്ചെ ആയിരുന്നു. 25 മിനിറ്റ് നീണ്ടുനിന്ന മിസൈല്‍ ആക്രമണങ്ങളില്‍ ഒന്‍പത് ഭീകരതാവളങ്ങള്‍ തകര്‍ക്കപ്പെട്ടു, ബഹവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനവും മുറിദ്‌കെയിലെ ലഷ്‌കര്‍ കേന്ദ്രവും ഉള്‍പ്പെടെ. ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ ഉറ്റ ബന്ധുക്കളടക്കം നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. അതോടെ ഭീകരരും അവരെ സഹായിക്കുന്ന പാകിസ്താനും കുറച്ചുകാലത്തേക്ക് അടങ്ങിയിരിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഭീകരരെ ഉപയോഗിച്ച് ഇന്ത്യയോട് നിഴല്‍യുദ്ധം നടത്തുന്ന രീതിയില്‍ മാറ്റം വരുത്താന്‍ പാകിസ്താന്‍ തയ്യാറല്ലെന്നാണ് സമീപ കാലത്ത് പാക് അതിര്‍ത്തി കടന്നുവരുന്ന ഭീകരവാദ സംഭവങ്ങളുടെ വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ദിവസം ഫരീദാബാദില്‍ ജമ്മു കശ്മീര്‍, ഹരിയാണ പോലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ എട്ടംഗ ഭീകരസംഘത്തെ പിടികൂടി, അവരില്‍ നിന്നും വലിയ തോതില്‍ സ്‌ഫോടകവസ്തുക്കളും തോക്കുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. അതില്‍ പരിഭ്രാന്തരായ മറ്റു സംഘാംഗങ്ങളാണ് ഡല്‍ഹിയിലെ സ്‌ഫോടനത്തിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നു. സ്‌ഫോടനത്തില്‍ മരിച്ച ഡോ ഉമര്‍ അഹമ്മദായിരുന്നു കാര്‍ ഉടമ. വളരെ പതുക്കെ നീങ്ങിയ ഒരു ഐ 20 കാര്‍ ചുവന്ന ട്രാഫിക് ലൈറ്റിനു മുന്നില്‍ നിർത്തി, അവിടെ വച്ചാണ് പൊട്ടിത്തെറി നടന്നതെന്ന് പോലീസ്.

ഇന്ത്യന്‍ സൈന്യം രാജ്യാതിര്‍ത്തികളില്‍ മുമ്പെങ്ങുമില്ലാത്ത വിധം വിപുലമായ സൈനികാഭ്യാസങ്ങള്‍ നടത്തുന്ന സമയമാണിത്. ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് ഗുജറാത്തിലും രാജസ്ഥാനിലും അറബിക്കടലിലുമായി നടക്കുന്ന, 20,000 സൈനികര്‍ പങ്കെടുക്കുന്ന ത്രിശൂല്‍ സൈനികാഭ്യാസം തിങ്കളാഴ്ച സമാപിക്കും. കര, നാവിക, വ്യോമസേനകളുടെ ഏകോപിതമായ അഭ്യാസത്തില്‍ രാജ്യത്തിന്റെ ഏറ്റവും പുതിയ ആയുധങ്ങളും സജ്ജീകരണങ്ങളും പരീക്ഷിക്കുകയും യുദ്ധസാഹചര്യത്തില്‍ അവയുടെ പ്രകടനം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ കിഴക്കുഭാഗത്ത് പൂര്‍വീ പ്രചണ്ഡ് പ്രഹാര്‍ എന്നു പേരായ സൈനികാഭ്യാസത്തിന് അരുണാചല്‍ പ്രദേശിലെ മെചുക മലനിരകളില്‍ തിങ്കളാഴ്ച തുടക്കമായി. കഴിഞ്ഞ ദിവസം അസമിലെ ഗുവാഹാട്ടിയില്‍ നടന്ന എയര്‍ഷോയില്‍ റഫാലും സുഖോയിയും അടക്കമുള്ള 75 സൈനികവിമാനങ്ങള്‍ പങ്കെടുത്തു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഇത്തരമൊരു പ്രകടനം ഇതാദ്യമാണ്. ഇന്ത്യയെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള നിശബ്ദമായ മുന്നറിയിപ്പു കൂടിയാണ് ഇത്തരം അഭ്യാസങ്ങള്‍.

തോക്കെടുത്ത ഡോക്ടര്‍മാരും മാറുന്ന പാക് ഭീകരതന്ത്രങ്ങളും

അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള രഹസ്യ സന്ദേശങ്ങള്‍ സെപ്തംബറിന് ശേഷം 30 ശതമാനം വര്‍ദ്ധിച്ചെന്ന് രാജ്യത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണക്കാക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ക്വാ, ബലൂചിസ്താന്‍ എന്നീ പ്രവിശ്യകളിലെ ദുഷ്‌കരമായ ഉള്‍മേഖലകളിലേക്ക് താവളങ്ങള്‍ മാറ്റിയിരുന്നു. തല്‍ക്കാലത്തേക്ക് പതുങ്ങിയിരിക്കാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുക എന്നതായിരുന്നു ഭീകരസംഘടനകള്‍ സ്വീകരിച്ച തന്ത്രം.

ഡല്‍ഹിക്കടുത്ത്, ഹരിയാണയിലെ ഫരീദാബാദിനടുത്ത ഗ്രാമത്തില്‍ നിന്നും ജമ്മു കശ്മീര്‍ പോലീസ് 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും സ്‌ഫോടകവസ്തുക്കളുണ്ടാക്കാന്‍ വേണ്ട 2,900 കിലോ സാമഗ്രികളും എകെ 47 തോക്കും വെടിക്കോപ്പുകളുമടക്കമുള്ള വന്‍ശേഖരം പിടികൂടിയത് സ്‌ഫോടനത്തിന്റെ തലേന്നാണ്. അറസ്റ്റിലായ ഏഴുപേരില്‍ രണ്ടുപേര്‍ കശ്മീരില്‍ നിന്നുള്ള എംബിബിഎസ് ഡോക്ടര്‍മാരാണ്. പുല്‍വാമക്കാരന്‍ മുസമ്മില്‍ ഷക്കീലും അനന്ത്‌നാഗ് സ്വദേശി ആദില്‍ റാത്തറും. യുപിക്കാരി ഡോ ഷഹീനും അറസ്റ്റു ചെയ്യപ്പെട്ടു. ജമ്മു കശ്മീര്‍ പോലീസ് 26 ദിവസം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടാനായത്. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍ പ്രാക്ടീസ് നടത്തി വന്ന ഡോക്ടര്‍ ആദില്‍ റാത്തറിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഈ സംഘത്തെ പിടികൂടുന്നതില്‍ എത്തിച്ചത്. രണ്ടാഴ്ച മുമ്പ് ശ്രീനഗറില്‍ ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതു സംബന്ധിച്ച അന്വേഷണമാണ് ഡോ റാത്തറിലും തുടര്‍ന്ന് ഫരീദാബാദിലും എത്തിയത്. പാക് ഹാന്‍ഡ്‌ലര്‍മാരുമായി റാത്തറിന് ബന്ധമുണ്ടായിരുന്നു.

അഹമ്മദാബാദില്‍ നിന്നും ഗുജറാത്ത് പോലീസ് പിടികൂടിയ മൂന്നംഗ സംഘം ഇന്ത്യയിലെമ്പാടും ഭീകരാക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി കരുതുന്നു. ഏതാണ്ട് ഒരു വര്‍ഷത്തെ തുടര്‍ച്ചയായ നിരീക്ഷണത്തിനു ശേഷമാണ് അവരെ വലയിലാക്കിയതെന്ന് പോലീസ് പറഞ്ഞു. ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ അഹമ്മദ് സയ്യദിനെയാണ് ആദ്യം പിടികൂടിയത്. പിന്നാലെ ഇരുപതും ഇരുപത്തിമൂന്നും വയസ്സുള്ള രണ്ടു യുപിക്കാരെയും. ഡോക്ടറില്‍ നിന്നും മാരകവിഷമായ റിസിന്‍ നിര്‍മിക്കാനുള്ള നാലു കിലോ ആവണക്കിന്റെ ചണ്ടിയും (എണ്ണ ഉണ്ടാക്കിയ ശേഷം ബാക്കി വരുന്നത്) തോക്കുകളും പിടിച്ചെടുത്തു. സയ്യദിന് അഫ്ഗാനിസ്താനിലെ ഐഎസ് നേതാവ് അബു ഖദീജയുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വിഷം കൊടുത്തുള്ള കൂട്ടക്കൊലയായിരുന്നിരിക്കാം സംഘത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ഒരുമാസത്തിനിടെ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ നിരവധി ഭീകര മോഡ്യൂളുകൾ തകര്‍ത്തിരുന്നു. അവരില്‍ ഐസിസ്, അല്‍ ഖ്വായ്ദ, തെഹ്‌രീക്കെ താലിബാന്‍, ബബ്ബര്‍ ഖല്‍സ തീവ്രവാദികളും പെടും. ഡല്‍ഹി ഭീകരാക്രമണം നടത്തിയ സംഘത്തെയും മിക്കവാറും വലയിലാക്കിയതാണ്. പക്ഷേ, ഒരൊറ്റ പിഴവ് മതിയല്ലോ. ഒക്ടോബര്‍ ഒടുവില്‍ പട്‌നയിലെ ഗാന്ധിമൈതാനത്ത് ഛാത്ത്പൂജ സമയത്ത് ബോംബ് സ്ഥാപിക്കാനുള്ള ജെയ്‌ഷേ മുഹമ്മദ് പദ്ധതി ബിഹാറിലെ ഭീകരവിരുദ്ധസേന തകര്‍ത്തിരുന്നു. ഇതിനുപുറമേയാണ് രാജ്യത്തിന്റെ ഊര്‍ജവിതരണം തടസപ്പെടുത്താനും ഔദ്യോഗിക ശൃംഖലകളില്‍ നുഴഞ്ഞുകയറാനും തകര്‍ക്കാനുമുള്ള സൈബറാക്രമണങ്ങള്‍.

കഴിഞ്ഞയാഴ്ച (നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ) ഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നൂറുകണക്കിന് വിമാനങ്ങള്‍ വൈകി. സാങ്കേതികത്തകരാറാണ് കാരണമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ജിപിഎസ് സ്പൂഫിംഗ് ആയിരുന്നു പ്രശ്‌നമെന്ന് സംശയിക്കപ്പെടുന്നു. വ്യാജ ഉപഗ്രഹസിഗ്നലുകള്‍ നല്‍കി പൈലറ്റുമാരെ തെറ്റിദ്ധരിപ്പിക്കുകയോ, ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്യുന്ന പരിപാടിയാണ് ജിപിഎസ് സ്പൂഫിംഗ്. സാധാരണ സംഘര്‍ഷമേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും മാത്രമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറ്. പക്ഷേ, ഡല്‍ഹിയില്‍ ഇത്രയും വ്യാപകമായ രീതിയില്‍ സ്പൂഫിങ് ഉണ്ടായത് സുരക്ഷാ ഏജന്‍സികളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്, കാരണം അതിന് വലിയ തോതിലെ തയ്യാറെടുപ്പും ആസൂത്രണവും ആവശ്യമാണ്.

വെള്ളക്കോളര്‍ ഭീകരതയും മാറുന്ന തന്ത്രങ്ങളും

സെപ്തംബറിനു ശേഷം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടുണ്ട്. നിരവധി ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് യൂണിറ്റുകള്‍ നിയന്ത്രണരേഖ കടന്ന് കശ്മീരിലെത്തിയിട്ടുണ്ട്. അവര്‍ക്ക് പാകിസ്താന്റെ സ്‌പെഷല്‍ സര്‍വീസസ് ഗ്രൂപ്പിന്റെയും ഐഎസ്‌ഐയുടെയും സഹായം ലഭിക്കുന്നു. പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമുകള്‍ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരമുണ്ട്. ഈയിടെ മുസഫറാബാദില്‍ ചേര്‍ന്ന ജമാ അത്തെ ഇസ്ലാമി, ഹിസ്ബുള്‍ മുജാഹിദീന്‍, ഐഎസ്‌ഐ നേതാക്കളുടെ യോഗം സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാനും ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരം ചെയ്യാന്‍ ഭീകരസംഘങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുക്കാനും തീരുമാനിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത, തീവ്രവാദികളെ ഇന്ത്യയിലേക്കു കടത്തിവിടുന്ന 15 താവളങ്ങള്‍ പാകിസ്താന്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. മൂന്ന് ദശകത്തിലധികമായി ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റി അയയ്ക്കുന്ന എസ് വണ്‍ എന്നു പേരായ ഐഎസ്‌ഐ യൂണിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഈയിടെയാണ് പുറത്തുവന്നത്.

മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഐഎസ്‌ഐയും ഭീകരസംഘങ്ങളും തന്ത്രങ്ങള്‍ മാറ്റിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസമുള്ള, കുറ്റകൃത്യങ്ങളില്‍ മുമ്പ് പങ്കില്ലാത്ത പ്രൊഫഷണലുകളെയാണ് അവര്‍ ദൗത്യമേല്‍പ്പിക്കുന്നത്. ഇന്റര്‍നെറ്റ് മുഖാന്തിരമാണ് അവരില്‍ തീവ്രവാദം കുത്തിവെക്കുന്നത്. പിന്നീട് അവരെ ചെയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകരശൃംഖലകളും പാകിസ്താനിലെ ഹാന്‍ഡ്‌ലര്‍മാരുമായി ബന്ധിപ്പിക്കുന്നു. നിയമാനുസൃതമാര്‍ഗങ്ങളിലൂടെ - ബിസിനസുകൾ, ലബോറട്ടറികള്‍, ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍- അവര്‍ ഭീകരതയ്ക്കാവശ്യമായ സ്‌ഫോടകവസ്തുക്കളും രാസവസ്തുക്കളുമൊക്കെ സംഘടിപ്പിക്കും, ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍. ഇത്തരക്കാരെ വൈറ്റ് കോളര്‍ ഭീകരര്‍ എന്നാണ് വിളിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിലെ കനത്തനാശം കാരണം പാകിസ്താന്‍ കിഴക്കോട്ടേക്ക് നോക്കുകയാണ്. ഹാഫിസ് സയീദിന്റെ വലംകൈയായ സൈഫുള്ളാ സൈഫ് തന്റെ നേതാവ് 'വെറുതെ ഇരിക്കുകയല്ല, ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ്' എന്ന് പ്രസംഗിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു. ലഷ്‌കര്‍ ഭീകരര്‍ 'കിഴക്കന്‍ പാകിസ്താനില്‍' സജീവമാണെന്നും ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി കൊടുക്കാന്‍ അവര്‍ തയ്യാറാണെന്നും സൈഫ് പറഞ്ഞു. ഹാഫിസിന്റെ അനുയായി ഇലാഹി നസീര്‍ ഒക്ടോബറില്‍ ബംഗ്ലാദേശില്‍ എത്തുകയും ഇന്ത്യയുടെ അതിര്‍ത്തി ജില്ലകളില്‍ നടന്ന വിവിധയോഗങ്ങളില്‍ ഇന്ത്യാവിരുദ്ധ വികാരം ഇളക്കിവിടുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.

ഒരുപക്ഷേ, ഓപ്പറേഷന്‍ സിന്ദൂറിനെക്കാള്‍ പാകിസ്താനിലെ ഭീകരരെ അലട്ടുന്നത് അവിടെ സ്വൈര്യവിഹാരം നടത്തുന്ന 'അജ്ഞാതരെ'ക്കുറിച്ചുള്ള ഭയമാവണം. 2024-നു ശേഷം ഈ അജ്ഞാതര്‍ വകവരുത്തിയത് രണ്ടുഡസനിലധികം ഭീകരപ്രമുഖരെയാണ്. അവരില്‍ ഹാഫിസ് സയീദിന്റെ വലംകൈ ഖത്തല്‍ സിന്ധി എന്ന സിയാവുര്‍ റഹ്മാനും കാണ്ഡഹാര്‍ വിമാനറാഞ്ചലിനു നേതൃത്വം കൊടുത്തയാളും 2016-ലെ പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനും ലാഹോര്‍ ജയിലില്‍ ഇന്ത്യന്‍ തടവുകാരന്‍ സരബ്ജീത് സിങ്ങിനെ വകവരുത്തിയ ലഷ്‌കര്‍ ഭീകരനുമൊക്കെ പെടും. ഈ വര്‍ഷം ഇതിനകം എട്ട് കൊലപാതകങ്ങള്‍ നടന്നു കഴിഞ്ഞു. ലോകത്തിന്റെ പേടിസ്വപ്നമായ ഭീകരനേതാക്കള്‍ക്ക് മുട്ടിടിക്കുന്ന കാലം. ഈ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്താനും ഭീകരരും ആരോപിക്കുന്നു. അടിസ്ഥാനരഹിതമെന്ന് ഇന്ത്യയും.

മുനീറും ഒരു രാജ്യത്തിന്റെ നിവൃത്തികേടും

 

പാകിസ്താനിലെ സാഹചര്യങ്ങള്‍ മാറിമറിയുകയാണ്. സാധാരണ യുദ്ധത്തില്‍ തോറ്റാല്‍ തൊപ്പിതെറിക്കുകയാണ് പതിവെങ്കില്‍ പാകിസ്താനില്‍ ഫെയില്‍ഡ് (തോറ്റ) സൈനികമേധാവി അസിം മുനീര്‍ ഫീല്‍ഡ് മാര്‍ഷലായി അവരോധിക്കപ്പെടുകയായിരുന്നു. ഷഹബാസ് ഷെരീഫാണ് പ്രധാനമന്ത്രിയെങ്കിലും ശരിക്കുള്ള അധികാരം മുനീറിലെത്തിയിട്ട് മാസങ്ങളായി. ഇപ്പോഴിതാ ഭരണഘടനയില്‍ ഭേദഗതി വരുത്തി മുനീറിനെ രാജ്യത്തിന്റെ സംയുക്ത സേനാമേധാവിയാക്കാന്‍  പോവുകയാണ്. അഫ്ഗാനിസ്താനുമായും (തുര്‍ക്കിയിലെ സന്ധിസംഭാഷണങ്ങള്‍ എങ്ങുമെത്തിയിട്ടില്ല) തെഹ്‌രീക്കെ താലിബാനുമായും (ടിടിപി) ബലൂച് ലിബറേഷന്‍ ആര്‍മിയുമായും (ബിഎല്‍എ) പൊരുതിനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന പാകിസ്താന്‍ പട്ടാളം ശ്രമിക്കുന്നത് ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങളില്‍ കൂടി ജനശ്രദ്ധ തിരിക്കുകയും ചെറിയതോതിലെങ്കിലും ജനപ്രീതി പിടിച്ചു പറ്റാനുമാവാം.

ആയിരം മുറിവുകളുണ്ടാക്കി ഇന്ത്യയുടെ ശക്തി ചോര്‍ത്തുക എന്ന പാക് തന്ത്രത്തിന് രൂപം കൊടുത്തത് മുന്‍ പ്രസിഡന്റ് സിയാ ഉള്‍ ഹഖ് ആയിരുന്നു. പഞ്ചാബിലും കശ്മീരിലും ഒരുകാലത്ത് ഈ തന്ത്രം വിജയകരമായി പരീക്ഷിക്കപ്പെട്ടു. നേരിട്ടുള്ള യുദ്ധത്തില്‍ ജയിക്കാന്‍ ഒരു സാധ്യതയും ഇല്ലെന്ന് നന്നായറിയുന്ന പാകിസ്താന് ഈ നിഴല്‍ യുദ്ധമാണ് സാമ്പത്തികമായി ലാഭകരവും. രണ്ടാംവരവില്‍ താലിബാന്‍ അനിസ്ലാമികമായി പ്രഖ്യാപിച്ചതോടെ അഫ്ഗാനിസ്താനില്‍ കറുപ്പുകൃഷി നിലച്ചു. പാക് പട്ടാളം അത് ബലൂചിസ്താനിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്താനില്‍ ഉണ്ടാക്കിയിരുന്നതിന്റെ പലമടങ്ങാണ് ബലൂചിസ്താനിലെ കറുപ്പ് ഉല്‍പ്പാദനമെന്നും അതുകാരണം അന്താരാഷ്ട്ര കമ്പോളത്തില്‍ കറുപ്പിന്റെയും ഹെറോയിന്റെയും വിലയിടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍നിന്നുള്ള ലാഭത്തിന്റെ വിഹിതമാണ് ഭീകരകൃഷിക്ക് പാക് പട്ടാളം ചെലവാക്കുന്നതത്രെ.

ഈ കൈവിട്ട കളിയോട് ഇന്ത്യ എങ്ങനെയാണ് പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഇന്ത്യന്‍ സൈനികമേധാവികളും പലതവണ വ്യക്തമാക്കിക്കഴിഞ്ഞു, ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളെ യുദ്ധമായി കണക്കാക്കി തിരിച്ചടിക്കുമെന്ന്. പഹല്‍ഗാമില്‍ നാമതു കാണുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍ 2.0 ഉടനെയുണ്ടാവുമോ, അതെത്രനാള്‍ നീണ്ടുനില്‍ക്കും? മാറിയ സാഹചര്യത്തില്‍, ഇന്ത്യ ആക്രമിച്ചാല്‍ പാകിസ്താനെ അമേരിക്ക തുണയ്ക്കുമോ? നമുക്ക് കാത്തിരുന്നു കാണാം!.