ഡസൻകണക്കിന് ഭരണകൂടങ്ങളെ അട്ടിമറിച്ച അനുഭവസമ്പത്തുള്ള അമേരിക്കയ്ക്ക് നല്ല തിട്ടമാണ്, എപ്പോഴാണ് ഇടപെടേണ്ടതെന്ന്. അനുകൂലസാഹചര്യം വളർത്തിയെടുക്കാനും അവർക്കറിയാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം ചെറുക്കാനുള്ള അമേരിക്കൻ നയത്തിന്റെ പ്രധാനസ്തംഭങ്ങൾ ഇവയാണ്: എൽബ്രിജ് കോൾബിയുടെ ചട്ടക്കൂട്, 2025-ലെ ദേശീയ സുരക്ഷാതന്ത്രം (NSS), ഹെറിറ്റേജ് ഫൗണ്ടേഷന്റെ റിപ്പോർട്ട്. നിലവിൽ അമേരിക്കയുടെ പ്രതിരോധനയത്തിന്റെ അമരക്കാരിൽ ഒരാളായ കോൾബി അമേരിക്കയ്ക്ക് ലോകത്തെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നു. വിദേശനയത്തിൽ കഴിവിനപ്പുറമുള്ള കടപ്പാടുകളാണ് അമേരിക്കയ്ക്കുള്ളത്. അതിനാൽ ആദ്യദ്വീപ് ശൃംഖലയ്ക്കാണ് (തായ്‌വാൻ, ജപ്പാൻ, ഫിലിപ്പൈൻസ്) യുഎസ് മുൻതൂക്കം നൽകേണ്ടത്. ദക്ഷിണേഷ്യ സന്തുലിതമാക്കി നിലനിർത്താനുള്ള ഉത്തരവാദിത്തം ഇന്ത്യയെ ഏൽപ്പിക്കണമെന്ന് കോൾബി കരുതുന്നു. ഇന്ത്യയുടെ പ്രതിരോധബജറ്റ് ജിഡിപിയുടെ 3.5 ശതമാനമെങ്കിലും ആയിരിക്കണമെന്നും.
ചൈനയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് അമേരിക്ക ഇന്ത്യയ്ക്ക് അത്യാധുനിക സാങ്കേതികവിദ്യകളും രഹസ്യവിവരങ്ങളും നൽകണം. അമേരിക്ക ദക്ഷിണേഷ്യയിൽ നേരിട്ട് പോരിന് ഇറങ്ങില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയ്ക്ക് സ്വൈരവിഹാരം നടത്താനാവാത്ത സാഹചര്യം ഇന്ത്യ ഉണ്ടാക്കണം. കോൾബിയുടെ കണ്ണിൽ പാകിസ്താൻ ചൈനയുടെ 'നന്നാവാൻ' സാധ്യതയില്ലാത്ത ബിനാമിയാണ് (പാക് സൈനികമേധാവി വൈറ്റ് ഹൗസിലെ പതിവുകാരനാവുമെന്ന് ദീർഘദർശനം ചെയ്യാൻ കോൾബിക്കായില്ല!) എൻഎസ്എസ് റിപ്പോർട്ടും പാകിസ്താനെ നിയന്ത്രിച്ചു നിർത്തേണ്ടതിന്റെ ആവശ്യകത പറയുന്നുണ്ട്. ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും തുറമുഖങ്ങളിൽ ചൈനീസ് നാവികസേന വരുന്നത് തടയണമെന്നും കോൾബിയുടെ നിഷേധിക്കൽ തന്ത്രം സൂചിപ്പിക്കുന്നു. ഹിമാലയത്തിലെ കടന്നുകയറ്റങ്ങൾ ചെറുക്കാൻ നേപ്പാളിനെയും ഭൂട്ടാനെയും ചൈനയ്‌ക്കെതിരെയുള്ള 'ഉയർന്ന പ്രതിരോധ മതിൽ' ആയി മാറ്റാൻ അമേരിക്ക ഇന്ത്യയെ സഹായിക്കണമെന്നും അതിൽ പറയുന്നു.
അയൽപക്കത്തെ ഭരണകൂട അട്ടിമറികൾ
പാകിസ്താൻ (2022), ബംഗ്ലാദേശ് (2024), നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ ഭരണമാറ്റങ്ങളെ ചൈനയുടെ ബെൽറ്റ്, റോഡ് സംരംഭത്തിനെതിരായ (ബി.ആർ.ഐ.) അമേരിക്കൻ ശ്രമങ്ങളുമായി വിദേശകാര്യ നിരീക്ഷകർ ബന്ധപ്പെടുത്താറുണ്ട്. ബംഗ്ലാദേശിൽ ഷേക്ക് ഹസീനയെ 2024-ൽ പുറത്താക്കിയത് അമേരിക്കയുടെ ചില ഡിമാൻഡുകൾക്ക് വഴങ്ങാൻ തയ്യാറാവാത്തതിനാലാണെന്ന് അവർ ആരോപിച്ചിരുന്നു. മാസങ്ങൾക്കുമുമ്പ് നേപ്പാളിൽ നടന്ന ജെൻസീ കലാപത്തിലും അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസികൾക്കു പങ്കുണ്ടായിരുന്നതായി ആരോപണം ശക്തമാണ്. ഹസീനയെ പുറത്താക്കിയത് ട്രംപ് അധികാരത്തിൽ തിരിച്ചെത്തും മുമ്പാണ്, നേപ്പാൾ കലാപം അതിനുശേഷവും. അധികാരത്തിലെത്തിയാൽ ഡീപ് സ്റ്റേറ്റിന്റെ ചതുപ്പു വറ്റിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ട്രംപും അവരുടെ ഇംഗിതമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് വേണം കരുതാൻ.
വിദേശകാര്യ നിരീക്ഷകരിൽ ഒരു വിഭാഗം ഈ ഭരണകൂട അട്ടിമറികൾക്കെല്ലാം കാരണം അതതു രാജ്യങ്ങളിലെ ആഭ്യന്തരസാഹചര്യങ്ങളാണ്, ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും അതു കാരണമുണ്ടായ ജനങ്ങളുടെ അസംതൃപ്തിയുമാണ് എന്നു വാദിക്കുന്നു. പുറത്തുനിന്നും ആരെങ്കിലും ചരടുവലിച്ചുണ്ടാക്കുന്ന കലാപങ്ങളായിരുന്നില്ല അവയെന്ന് അവർ ശ്രീലങ്കയെ ഉദാഹരിച്ച് സാക്ഷ്യപ്പെടുത്തുന്നു. ലോകബാങ്കിന്റെ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയ ശ്രീലങ്കയ്ക്ക് ചൈനീസ് കടക്കെണിയുടെ പ്രശ്‌നവുമുണ്ടായിരുന്നു. അമേരിക്ക പുറത്തുനിന്ന് സ്വാധീനിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ- അവർ പറയുന്നു. ബിആർഐ പദ്ധതികളിലൂടെ അയൽരാജ്യങ്ങളെ ചൈന കടക്കെണിയിലാക്കിയതും അവിടങ്ങളിൽ അസ്വസ്ഥതകൾ പെരുകിയതും അമേരിക്കൻ ഇടപെടലിന് സൗകര്യം വർധിപ്പിച്ചു കാണണം.
ഡസൻകണക്കിന് ഭരണകൂടങ്ങളെ അട്ടിമറിച്ച അനുഭവസമ്പത്തുള്ള അമേരിക്കയ്ക്ക് നല്ല തിട്ടമാണ്, എപ്പോഴാണ് ഇടപെടേണ്ടതെന്ന്. അനുകൂലസാഹചര്യം വളർത്തിയെടുക്കാനും അവർക്കറിയാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബംഗ്ലാദേശിലെ ഭരണകൂട അട്ടിമറിയിൽ സിഐഎയുടെ വിരലടയാളങ്ങൾ സുവ്യക്തമാണെന്ന് വിദഗ്ധർ പറയുന്നു. അട്ടിമറിക്കു ശേഷം അവിടെ സിഐഎയുടെ പ്രവർത്തനം ശക്തിപ്പെട്ടതും അവർ ഐഎസ്‌ഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതും തെളിവാണ്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാ സർക്കാർ അമേരിക്കയുമായി വളരെ അടുപ്പം പുലർത്തുന്നു. ചൈനയുടെ ബിആർഐ നിക്ഷേപങ്ങളെക്കാൾ അദ്ദേഹത്തിനു താൽപ്പര്യം പാശ്ചാത്യ നിക്ഷേപങ്ങളാണ്, ലോകബാങ്ക്, ഐഎംഎഫ് വായ്പകളാണ്. ആ രാജ്യത്ത് ചൈനീസ് സ്വാധീനം കുറയാൻ ഭരണകൂടമാറ്റം വഴിവെച്ചു എന്നതിൽ തർക്കമില്ല.
അമേരിക്കൻ റഡാറിൽ ഇറാൻ
ഇറാനെ അട്ടിമറിക്കാൻ ട്രംപൻ അമേരിക്കക്ക് താൽപ്പര്യമുണ്ട്. പക്ഷേ, നേരിട്ടിടപെടാൻ ധൈര്യക്കുറവുണ്ടെന്നത് വ്യക്തമാണ്. കഴിഞ്ഞവർഷം ഖത്തറിലെ അമേരിക്കൻ സൈനികത്താവളത്തിൽ ഇറാൻ മിസൈൽ പതിച്ചതോടെ ഇറാനിൽ നടത്തിക്കൊണ്ടിരുന്ന ബോംബാക്രമണം ട്രംപ് ഉടനടി അവസാനിപ്പിച്ചത് ഓർമിക്കുമല്ലോ. ഇറാനെ ആക്രമിക്കാൻ നേരിട്ടിറങ്ങിയാൽ കൈപൊളളുമെന്ന് അമേരിക്ക ഭയക്കുന്നു. മലനിരകളും മരുഭൂമികളും നിറഞ്ഞ ഭൂപ്രകൃതി, ചൈനയുടെയും റഷ്യയുടെയും പിന്തുണ, യുദ്ധമുണ്ടായാൽ ഹോർമുസ് കടലിടുക്കു വഴിയുള്ള എണ്ണനീക്കം തടസ്സപ്പെടാനും എണ്ണവില കുതിച്ചുയരാനുമുള്ള സാധ്യത, യുദ്ധസാഹചര്യത്തിൽ തങ്ങളെ ഇറാൻ ആക്രമിക്കുമെന്ന ഗൾഫ് രാജ്യങ്ങളുടെ ഭയം എന്നിങ്ങനെ അറച്ചുനിൽക്കാൻ നിരവധി കാരണങ്ങളുണ്ട്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇറാനെ ആക്രമിക്കേണ്ടെന്ന് ട്രംപിനെ ഉപദേശിച്ചതായി അഭ്യൂഹമുണ്ട്. വെനസ്വേലയിലെപ്പോലെ പരിമിതമായ ഇടപെടൽ പോര ഇറാനെ കീഴ്‌പ്പെടുത്താൻ. പ്രക്ഷോഭത്തിനിറങ്ങിയ ആയിരക്കണക്കിന് ജനങ്ങൾ കൊല്ലപ്പെട്ടിട്ടും അമേരിക്ക മടിച്ചു നിൽക്കുന്നത് അതുകൊണ്ടാണ്. ഡിജിറ്റൽ ഇരുമ്പുമറയാണ് പ്രതിഷേധങ്ങൾക്കെതിരായ ഇറാന്റെ പ്രധാനായുധം. അന്താരാഷ്ട്ര ഇന്റർനെറ്റ് വിച്ഛേദിച്ച് പ്രതിഷേധക്കാർ പരസ്പരം ബന്ധപ്പെടുന്നത് തടയുന്ന സർക്കാർ 'നാഷണൽ ഇൻഫർമേഷൻ നെറ്റ്‌വർക്ക്' വഴി വാർത്താവിനിമയം നിയന്ത്രിക്കുന്നു. സുരക്ഷാസേനയിലോ ഭരണതലത്തിലോ ഇതുവരെ ഭിന്നതയില്ല. അമേരിക്കയുടെ ഇടപെടലിനെ വിദേശ അധിനിവേശമായി ചിത്രീകരിക്കുന്നത് ഒരുവിഭാഗം ജനങ്ങളെ സർക്കാരിന് പിന്നിൽ അണിനിരത്താൻ സഹായിക്കുന്നു.
എന്തായാലും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിൽ അമേരിക്ക ഇറാനുമായി പിൻവാതിൽചർച്ചകൾ നടത്തി തുടങ്ങി. ബോംബാക്രമണം നടത്തില്ലെന്ന അമേരിക്കൻ ഉറപ്പിനു പകരമായാണ് 800 പ്രതിഷേധക്കാരെ വധശിക്ഷയ്ക്കിരയാക്കാനുള്ള നീക്കം ഇറാൻ നിർത്തിവെച്ചതത്രെ. ഇന്റർനെറ്റ് വിച്ഛേദനം മറികടക്കാൻ ഇലോൺ മസ്‌കിന്റെ 'സ്റ്റാർലിങ്ക്' സംവിധാനം വ്യാപകമായി എത്തിക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധികനികുതി ഏർപ്പെടുത്തിയത് അവരുടെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും അടയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഈ നീക്കം ചൈനയെ മാത്രമല്ല, ഇന്ത്യയെയും ബാധിക്കുന്നതാണ്.
ട്രംപിന്റെ 'കിറുക്കി'നു പിന്നിൽ ചൈനീസ് വ്യാളിയെ കൂട്ടിലടയ്ക്കാനുള്ള ഡീപ് സ്റ്റേറ്റ് പദ്ധതി? Read more
വെനസ്വേലയുടെ കാര്യത്തിലെന്ന പോലെ, കടുത്ത ഉപരോധം നേരിടുന്ന ഇറാനിയൻ സമ്പദ്‌വ്യവസ്ഥയുടെയും ജീവൻ നിലനിർത്തുന്നത് ചൈനയാണ്. 2025-ൽ ദിവസം ഏതാണ്ട് ഒന്നര മില്യൺ ബാരൽ ക്രൂഡോയിൽ ചൈന ഇറാനിൽ നിന്നും വാങ്ങിയതായി കണക്കാക്കുന്നു. ഇറാന്റെ 90 ശതമാനം എണ്ണയും വാങ്ങുന്നത് ചൈന തന്നെ. അവരുടെ എണ്ണ ഇറക്കുമതിയുടെ ഏതാണ്ട് 14 ശതമാനം വരും ഇത്. അമേരിക്കൻ ഉപരോധം കാരണം ട്രാൻസ്‌പോണ്ടറുകളില്ലാത്ത നിഴൽ കപ്പൽവ്യൂഹങ്ങളുപയോഗിച്ചായിരുന്നു ഇറക്കുമതി, എണ്ണകൈമാറ്റം നടക്കുന്നത് നടുക്കടലിൽ കപ്പലിൽ നിന്നും കപ്പലിലേക്കും. വെനസ്വേലയുടെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ചൈനയിലേക്കായിരുന്നു. ഉപരോധങ്ങൾ കാരണം വളരെ വിലകുറച്ചാണ് അവർ ചൈനയ്ക്ക് എണ്ണ വിറ്റിരുന്നത്. ഇറാൻ കൂടി വീണാൽ അവരുടെ എണ്ണ ഇറക്കുമതി ബിൽ വളരെ വലുതാകും!
ഒരുപക്ഷേ, സിറിയയിൽ നടപ്പാക്കിയ തന്ത്രമാവും ടെഹ്‌റാനിൽ അമേരിക്ക പയറ്റുക. പെട്ടെന്നൊരു ദിവസം വിമതസൈനികർ ഡമാസ്‌കസ് പിടിക്കുന്നു, അവരുടെ നേതാവായ മുൻ അൽ ഖ്വയ്ദ നേതാവ് അൽ ഷാര എന്ന പുതിയ പേരിൽ പ്രസിഡന്റാവുന്നു, പാശ്ചാത്യ അനുകൂലസമീപനം സ്വീകരിക്കുന്നു. പുറത്തായ പ്രസിഡന്റ് ബാഷർ അൽ അസദ് ഇറാന്റെ മതഭരണകൂടത്തിന് പ്രിയങ്കരനായിരുന്നുവെങ്കിൽ അൽ ഷാര സിറിയയിൽ നിന്നും ഇറാൻ അനുകൂല സായുധസംഘങ്ങളെ പുറത്താക്കുന്നു, കോട്ടും സ്യൂട്ടുമിട്ട് വൈറ്റ് ഹൗസ് സന്ദർശിക്കുന്നു, വിവിധ കരാറുകളിൽ ഒപ്പിടുന്നു. രാജ്യത്തിന്റെ പുനർനിർമാണത്തിൽ ചൈനയ്ക്ക് അവസരം നിഷേധിക്കുന്നു. സിറിയയിലെ ഭരണമാറ്റം ചൈനയുടെ ബെൽറ്റ്, റോഡ് സംരംഭത്തിന് ബ്രേക്കിടുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. എങ്കിലും അമേരിക്കയെ ഒട്ടും വിശ്വാസമില്ലാത്ത ജനങ്ങൾ എന്തെങ്കിലും പിഴവു സംഭവിച്ചാൽ തെരുവിലിറങ്ങും.
ക്രമാനുഗതമായി ശത്രുക്കളെ വീഴ്ത്താനുള്ള ചൈനയുടെ തന്ത്രത്തെ (സീക്വെൻഷ്യൽ സ്ട്രാറ്റജി) തടയുന്ന ഈ നീക്കങ്ങളെ ചൈനയെ വലയം ചെയ്യലായി ഡീപ് സ്റ്റേറ്റ് കണക്കാക്കുന്നു. വെനസ്വേല പിടിച്ച് ചൈനയ്ക്ക് എണ്ണ നിഷേധിക്കുക, ആർട്ടിക് മേഖലയുടെ സംരക്ഷണത്തിന് ഗ്രീൻലൻഡ് പദ്ധതി, വിതരണശൃംഖലകൾ തടസ്സപ്പെടുത്താൻ തീരുവകൾ, ബെൽറ്റ്, റോഡ് സംരംഭത്തെ തടസ്സപ്പെടുത്താൻ ഭരണകൂട അട്ടിമറികൾ... ഒറ്റനോട്ടത്തിൽ പദ്ധതി ഭംഗിയായി മുന്നോട്ടുപോവുകയാണ്. പക്ഷേ, സുഹൃദ്‌രാജ്യങ്ങളെയും സഖ്യകക്ഷികളെയും പിണക്കുന്ന ട്രംപിന്റെ സ്വാർത്ഥതയിലൂന്നിയ നടപടികൾ ഗുണത്തെക്കാളേറെ ദോഷം ചെയ്താൽ അത്ഭുതപ്പെടാനില്ല. സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടാത്തതിനാൽ സമാധാനത്തെക്കുറിച്ചു ചിന്തിക്കാൻ തനിക്ക് ബാധ്യതയില്ലെന്ന് പരസ്യമായി പറയുന്ന ട്രംപിന്റെ മസ്തിഷ്‌കത്തിന്റെ പ്രായമെത്രയാവും എന്ന് ഊഹിക്കുക എളുപ്പമല്ല.
ഖത്തറിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തത് മധ്യപൂർവേഷ്യയിലാകെ സുരക്ഷാ ഉൽക്കണ്ഠകൾ വർധിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യ പാകിസ്താനുമായി സൈനികസഖ്യമുണ്ടാക്കിയതു ഈ ഉൽക്കണ്ഠയുടെ തെളിവാണ്. കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിനു പിന്നിലുമുണ്ട് ഇത്തരം ആശങ്കകൾ. പുതിയ സാഹചര്യത്തിലെ യുഎസ് ബന്ധങ്ങൾ പല രാജ്യങ്ങളും മാറി ചിന്തിക്കുകയാണ്. ബ്രിക്‌സ് കൂട്ടായ്മ ശക്തിപ്പെടുന്നു, ഡീഡോളറൈസേഷന് വേഗമേറുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം പിഴത്തീരുവയിട്ട ട്രംപ് അത് 500 ശതമാനമാക്കി ഉയർത്തിയിട്ടും ഇന്ത്യ അനങ്ങിയിട്ടില്ല, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുലുങ്ങിയിട്ടുമില്ല. ചൈനയെ തളച്ചാൽ അമേരിക്കയുടെ അടുത്ത ലക്ഷ്യം ഇന്ത്യയാണോ? അടുത്ത ഭാഗത്തിൽ.
Published: 20 Jan 2026, 08:08 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented