രയ്ക്കുമുകളില്‍ വസ്ത്രം ധരിക്കാന്‍ അവകാശമില്ലാത്ത കാലത്ത് ജാതിവെറികളെ നേര്‍ക്ക് നേര്‍ വെല്ലുവിളിച്ച് അപമാനിച്ചവരെ, കളിയാക്കിയവരെ സ്വന്തം പ്രയത്‌നം കൊണ്ട് നേരിട്ട് ചരിത്രം തിരുത്തിയ വനിത. വിദ്യാഭ്യാസമാണ് ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ സ്വത്തെന്ന് ജീവിതം കൊണ്ട് ലോകത്തിന് കാട്ടിക്കൊടുത്ത മുളവുകാട്ടുകാരി. കേരളത്തിന്റെ നവോത്ഥാന കാലത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പുതു തലമുറ ഒരിക്കല്‍ പോലും മറക്കാന്‍ പാടില്ലാത്ത പേര്, അതാണ് ദാക്ഷായണി വേലായുധന്‍. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ബിരുദധാരി. അവര്‍ പഠിച്ചുയര്‍ന്ന് ഭരണഘടനയില്‍ പോലും തന്റെ പ്രാധിനിത്യം ചാര്‍ത്തിയപ്പോള്‍ അതുവരെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയവര്‍ അന്ന് നാണിച്ച് തോറ്റോടി. കഴിഞ്ഞ ദിവസമായിരുന്നു സ്വാതന്ത്രദിന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെ പേരും അവരുടെ സംഭാവനയെയും കുറിച്ച് പരാമര്‍ശിച്ചത്. കൊച്ചി രാജ്യത്ത് അയിത്തം കൊടികുത്തി വാണിരുന്ന കാലത്ത് അന്ന് പഠിച്ചുമുന്നേറുകയെന്നത് പ്രത്യേകിച്ച് ഒരു സ്ത്രീയെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു.

To advertise here,

മുളവുകാട് മുതല്‍ ഭരണഘടന വരെ

1912 ജൂലായ് നാലിന് എറണാകുളത്തെ ദ്വീപായ മുളവുകാടായിരുന്നു ദാക്ഷായണിയുടെ ജനനം. കൊച്ചി രാജ്യത്തിലെ അയിത്ത ജാതിക്കാരില്‍ നിന്ന് ഇ.എസ്.എല്‍.എസി പരീക്ഷ പാസാകുന്ന ആദ്യ വനിത. ഇന്ത്യയില്‍ തന്നെ അയിത്ത ജാതിക്കാരില്‍ നിന്ന് ബിരുദം നേടിയ വനിത. 389 അംഗങ്ങളുണ്ടായിരുന്ന ഇന്ത്യന്‍ ഭരണഘടന നിര്‍മാണ സഭയിലെ അയിത്ത ജാതിക്കാരിയായ ഏക വനിത. അന്ന് ദാക്ഷായണി എന്ന പോരൊന്നും ഒരു താഴ്ന്ന ജാതിയിലെ പെണ്‍കുട്ടിക്ക് നല്‍കുക എന്നത് തന്നെ വലിയ വിപ്ലവമായിരുന്നു. അവിടെയാണ് പിതാവ് കുഞ്ഞനും മാതാവ് മാണിയും മകള്‍ക്ക് ദാക്ഷായണിയെന്ന പേര് നല്‍കിയത്. അങ്ങനെ അഴകി, ചക്കി, കാളി, കുറുമ്പ എന്ന പതിവ് പുലയ പേരുകളെയൊക്കെ മാറ്റി നിര്‍ത്തി ആ രക്ഷിതാക്കള്‍ വിപ്ലവത്തിന് തുടക്കം കുറിച്ചു. സ്‌കൂളില്‍ പോകാന്‍ പ്രായമാകാത്ത കാലത്ത് വാശിപിടിച്ച് മുതിര്‍ന്നവര്‍ക്കൊപ്പം സ്‌കൂളില്‍ പോവുമ്പോള്‍ കുഞ്ഞുദാക്ഷായണിയെ മറ്റുള്ളവര്‍ കളിയാക്കല്‍ കൊണ്ട് നേരിട്ടപ്പോള്‍ പഠനം മാത്രമാണ് പ്രതിരോധം തീര്‍ക്കാനുള്ള ഏക വഴിയെന്ന ആദ്യ പാഠം പഠിപ്പിക്കുകയായിരുന്നു ആ രക്ഷിതാക്കള്‍.

കടത്തുവഞ്ചിയില്‍ കയറിയിറങ്ങി മണിക്കൂറുകള്‍ യാത്രചെയ്ത് മുളവുകാട് സെന്റ് മേരീസ് എല്‍.പി സ്‌കൂളിലും പച്ചാളത്തെ ചാത്ത്യോത്ത് എല്‍.എം.സി ഗേള്‍സ് സ്‌കൂളിലും പഠനവുമായി മുന്നോട്ട് പോയി. അങ്ങനെ കൊച്ചിയില്‍ ആദ്യമായി മെട്രിക്കുലേഷന്‍ പാസായ പട്ടിക ജാതി പെണ്‍കുട്ടിയായി ദാക്ഷായണി മാറുകയും ചെയ്തു. അപ്പോഴും കളിയാക്കലും അകറ്റി നിര്‍ത്തലുകളും കൂടെത്തന്നെയുണ്ടായിരുന്നു. എന്നിട്ടും തളര്‍ന്നില്ല. എറണാകുളം മഹാരാജാസ് കോളേജില്‍ ശാസ്ത്ര ബിരുദത്തിന് ചേര്‍ന്നു. മഹാരാജാസ് കോളേജിലെ രസതന്ത്രം ക്ലാസിലെ ഏക പെണ്‍കുട്ടിയായിരുന്നു ദാക്ഷായണി. ആദ്യമായി കോളേജില്‍ സാരിയുടുത്ത് മാറുമറിച്ചെത്തിയ ദലിത് പെണ്‍കുട്ടിയെ കണ്ട് ചുറ്റുമുള്ളവര്‍  നെറ്റി ചുളിച്ചു. രസതന്ത്ര പരീക്ഷണശാലകളില്‍ പോലും വിവേചനം നേരിട്ടു. അധ്യാപകന്റെ മുന്നില്‍ നിന്ന് ദൂരോട്ട് മാറി നിന്ന് കണ്ടുപഠിക്കാനായിരുന്നു ശാസന. ഉപകരണങ്ങള്‍ തൊടുന്നതിലും അയിത്തമായിരുന്നു. അതുകൊണ്ടൊന്നും ദാക്ഷായണി പതറിയില്ല. ചോദ്യങ്ങള്‍ ചോദിച്ച് എതിരെ നില്‍ക്കുന്നവരെ നിഷ്പ്രഭരാക്കി. പഠനം കഴിഞ്ഞ് അധ്യാപകജോലിയില്‍ കയറിയിട്ടും കളിയാക്കലുകള്‍ക്കും അകറ്റി നിര്‍ത്തലുകള്‍ക്കും ഒരു മാറ്റവുമുണ്ടായില്ലെന്നതാണ് സത്യം. എന്നിട്ടും ദാക്ഷായണി തളരാന്‍ തയ്യാറായിരുന്നില്ല. 

രണ്ടാം ക്ലാസ് ബിരുദം, അപ്പോഴും കിട്ടി പുലയ ടീച്ചറെന്ന വിളി 

   
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് രണ്ടാംക്ലാസ് ബിരുദത്തോടെയാണ് ദാക്ഷായണി പുറത്തിറങ്ങിയത്. മദ്രാസില്‍ നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി 1935 ല്‍ തൃശൂര്‍ പെരുങ്ങോട്ടുകര ഗവ.സ്‌കൂളില്‍ അധ്യാപികയായി പ്രവേശിക്കുകയും ചെയ്തു. പക്ഷെ അപ്പോഴും പുലയ ടീച്ചറെന്ന വിളിയായിരുന്നു ബാക്കിയായത്. പ്രവേശന ഉത്തരവുമായി ഓഫീസിലെത്തിയ ദാക്ഷായണിയോട് പ്രധാനാധ്യാപകരന്‍ ഇരിക്കാന്‍ പോലും പറഞ്ഞിരുന്നില്ലെന്ന് ദാക്ഷായണിയുടെ മകള്‍ ഡോ.മീര വേലായുധന്‍ പലപ്പോഴും പറഞ്ഞത് കേള്‍ക്കാം. താമസിക്കാന്‍ വാടക വീട് പോലും കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്നു. അടുത്തുള്ള കുളത്തില്‍ നിന്ന് വെള്ളമെടുക്കാന്‍ പോലും മേല്‍ജാതിക്കാര്‍ അനുവദിച്ചില്ല. ഒരിക്കല്‍ സ്‌കൂളിലേക്ക് നടന്നുവരുമ്പോള്‍ മേല്‍ജാതിക്കാരിയായ ഒരു സ്ത്രീ എതിരേ വന്നു. അക്കാലത്ത് മേല്‍ജാതിക്കാരെ കണ്ടാല്‍ മറ്റുള്ളവര്‍ മാറി നടക്കണം. പക്ഷെ ദാക്ഷായണി മാറി നടന്നില്ല. ഇതോടെ മറ്റേ സ്ത്രീ വഴിമാറി നടന്നു. എന്തിന് വിദ്യാര്‍ഥികള്‍ പോലും പുലയ ടീച്ചറെന്ന് വിളിച്ചു കളിയാക്കി. പക്ഷെ അവിടെയൊന്നും തളരാന്‍ തയ്യാറായിരുന്നില്ല ദാക്ഷായണി. ഇങ്ങനെ പതിവ് ജാതി വിവേചനത്തെ അപ്പാടെ അട്ടിമറിച്ചായിരുന്നു ദാക്ഷായണിയുടെ മുന്നേറ്റം. അവരുടെ തന്റേടത്തിന് മുന്നില്‍ പലര്‍ക്കും തോറ്റമടങ്ങേണ്ടിയും വന്നു. 

കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലും ഭരണഘടനാ അസംബ്ലിയും

രാജ്യത്തിന് സ്വാതന്ത്യം ലഭിക്കന്നതിന് രണ്ട് വര്‍ഷം മുമ്പ് 1945 -ല്‍ കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും തൊട്ടടുത്ത വര്‍ഷം ഭരണഘടനാ അസംബ്ലിയിലേക്കും ദാക്ഷായണി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. അന്ന് 34 വയസ്സായിരുന്നു. അങ്ങനെ ഭരണഘടനാ നിര്‍മാണസഭയിലെ 15 അംഗ വനിതകളിലെ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വനിതയായും ദാക്ഷായണി മാറി. തന്റെ ഓരോ പ്രഭാഷണത്തിലും അവര്‍ വാദിച്ചത് പിന്നാക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ ആവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടിയായിരുന്നു. ഭരണഘാടനാ ചര്‍ച്ചകളിലും സജീവമായി ഇടപെട്ടു. പൊതുതിരഞ്ഞെടുപ്പിലൂടെ ഭരണഘടനയ്ക്ക് ജനങ്ങളുടെ അംഗീകാരം നേടണമെന്ന വിപ്ലവകരമായ ആശയം മുന്നോട്ടുവെച്ചതും ദാക്ഷായണി തന്നെയായിരുന്നു. വെറും ഭരണഘടന നിര്‍മിക്കുക മാത്രമല്ല, അത് ജനങ്ങളുടെ ജീവിതത്തിന്റെ ഒരു ഫ്രെയിംവർക്ക് ആവണമെന്നായിരുന്നു ഇവരുടെ വാദം. ഭരണഘടന തയ്യാറാക്കി കഴിഞ്ഞ ശേഷവും ഡല്‍ഹിയില്‍ തന്നെയായിരുന്നു താമസം. അവിടെ എല്‍.ഐ.സി ഉദ്യോഗസ്ഥയായി. കക്ഷി രാഷ്രീയത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നതിന് പകരം നഗരത്തിലെ തൂപ്പുജോലിക്കാരുടെ ഇടയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ ദളിത് സ്ത്രീകളുടെ ദേശീയ സമ്മേളനം വിളിച്ചുകൂട്ടി മഹിളാ ജാഗ്രതാ പരിഷത്ത് എന്ന സംഘടനയും രൂപവത്കരിച്ചു. അങ്ങനെ ഓരോ ചുവടുവെപ്പിലും നിശബ്ദരാക്കപ്പെട്ട തന്റെ സമുദായത്തിന് വേണ്ടി ശബ്ദിക്കുകയായിരുന്നു ദാക്ഷായണി.

പരിഷ്‌കാരത്തിന്റെ ശബ്ദം

നിയമം നടപ്പിലാക്കുന്നതിലല്ല, ജനം സ്വയം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭരണഘടനയുടെ പ്രവര്‍ത്തനം. അതുകൊണ്ട് കാലക്രമത്തില്‍ അയിത്ത ജാതിക്കാര്‍ എന്നൊരു സമുദായം ഉണ്ടാവില്ലെന്നാണ് എന്റെ പ്രത്യാശ. ദാക്ഷായണി വേലായുധന്റെ ശക്തമായ വാക്കുകള്‍ക്ക് ഇന്നും പ്രാധാന്യമുണ്ട്. അയിത്തത്തിനെതിരേ വ്യക്തമായ വ്യവസ്ഥയുള്ളതാവണം ഭരണഘടനയെന്നും അധസ്ഥിതര്‍ക്ക് യഥാര്‍ഥ സംരക്ഷണം ഉറപ്പാക്കണമെന്നും അവര്‍ സഭയില്‍ വാദിച്ചിരുന്നു. ഇവരുടെ പേരിൽ 2019 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിനായി സംഭാവന ചെയ്യുന്ന സ്ത്രീകള്‍ക്ക് ദാക്ഷായണി വേലായുധന്‍ അവര്‍ഡും നല്‍കിപ്പോരുന്നുണ്ട്.

1945-ലാണ് ദാക്ഷായണി വേലായുധന്റെ കഴിവുകള്‍ക്കുള്ള ആദ്യ അംഗീകാരമെന്നോണം അവരെ കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഭരണഘടന നിര്‍മാണ സഭയിലും അംഗമായത്.  ഡോ.ബി.ആര്‍ അബേദ്കര്‍ ഭരണഘടന കരട് ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചപ്പോള്‍ ദാക്ഷായണി വേലായുധന്‍ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ.അബേദ്കറെ അഭിനന്ദിച്ച ശേഷം തന്റെ ചില നിര്‍ദേശങ്ങള്‍ അവര്‍ സമര്‍പ്പിക്കുകയും ചെയ്തു. പട്ടികജാതി നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന ആര്‍.വേലായുധനെയാണ് വിവാഹം ചെയ്തത്. അഞ്ചുമക്കളാണ് വേലായുധന്‍-ദാക്ഷായണി ദമ്പതിമാര്‍ക്ക്. മൂത്ത മകന്‍ ഡോ.രഘു അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഡോക്ടറായിരുന്നു. 1978 ജൂലായ് 20 ന 66 -ാം വയസ്സില്‍ ഡല്‍ഹിയില്‍ അന്തരിക്കുകയും ചെയ്തു.